വീണ്ടെടുക്കാം ആ ഭാവനകൾ...
text_fieldsലോകത്തെ വിറപ്പിച്ച മഹാമാരിയുടെ കാലത്ത് അധികമൊന്നും പരിക്കേൽക്കാതെ കുട്ടികൾ അവരുടെ സ്വതന്ത്ര ലോകത്തേക്കു വരുകയാണ്. സർക്കാറും സമൂഹവും സ്കൂൾ തുറക്കുന്നതിെൻറ തിരക്കിലാണ്. വിദൂരപഠനത്തിെൻറ വിരസതയും മടുപ്പുളവാക്കുന്ന വീട്ടന്തരീക്ഷത്തിലെ പഠനവും വിടാനുള്ള ഒരുക്കത്തിലാണ് കുട്ടികൾ. സുഹൃത്തുക്കളോടൊപ്പം ചേരാൻ, നേരിട്ടൊന്നു മിണ്ടാൻ കൊതിക്കുന്നുണ്ട് ഒാരോ കുട്ടിയും. നവംബർ ഒന്ന് അവർക്ക് സ്വാതന്ത്ര്യദിനംകൂടിയായിരിക്കും. സാമൂഹികവും വൈകാരികവുമായ വികാസം സാധ്യമാകുന്നത് പരസ്പരമുള്ള ഇടപെടലുകളിലൂടെയാണ്. സമപ്രായക്കാരിൽനിന്നും അധ്യാപകരിൽനിന്നും മറ്റു സൗഹൃദവലയങ്ങളിൽനിന്നും സംഭവിക്കുന്ന പാരസ്പര്യം വ്യക്തിത്വവികസനത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.
വേണം വൈകാരിക സാക്ഷരത
ഓൺലൈൻ ഗെയിമിങ്ങും സോഷ്യൽ മീഡിയയുടെ അമിതോപയോഗവും കുട്ടിമനസ്സുകളിൽ വൈകാരിക വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ടാവാം. ഒറ്റ കുട്ടികളുള്ള രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതായിവരും. രണ്ടു വർഷക്കാലയളവിൽ കുട്ടികളിൽ പ്രത്യക്ഷമായ വൈകാരിക മാറ്റങ്ങൾ അധ്യാപകരും സ്കൂൾതല കൗൺസലർമാരും പ്രത്യേകം നിരീക്ഷിക്കണം. സാമൂഹികവും വൈകാരികവുമായ വികസനം കുട്ടികളുടെ വ്യക്തിത്വത്തിൽ നിർണായകമാണ്.
ഭാവനയുടെ വീണ്ടെടുപ്പ്
ഭാവനയുടെ ലോകം സജീവമാകേണ്ടിയിരിക്കുന്നു. രണ്ടു വർഷമായി ഏറെ പേരും ഡിജിറ്റൽ ലോകത്തിെൻറ ഉപഭോക്താക്കളാണ്. ഗൗരവമായ ആലോചനയോ ചിന്തയോ ആവശ്യമില്ലാത്ത വെർച്വൽ ലോകത്ത് ഒഴുകിനടക്കുകയായിരുന്ന കുഞ്ഞുങ്ങളുടെ ഭാവനാവികാസത്തെ ഉണർത്തേണ്ടതുണ്ട്. പ്രശ്നപരിഹാരശേഷി ആർജിക്കുന്നതിൽ ഭാവനയുടെ പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയ വലിഞ്ഞുമുറുക്കിയ കുട്ടിത്തലച്ചോറുകളെ 'സ്കൂളുകൾ' രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും പൊതുസമൂഹവും. ഇൻറർനെറ്റിൽ കൂടുതൽ സമയം ചെലവഴിച്ചിരുന്ന കുട്ടികൾ സുഹൃത്തുക്കളുമായും സമപ്രായക്കാരുമായും ഇടപെടാൻ പോകുന്നു എന്നതാണ് പോസിറ്റിവായ കാര്യം.
പിന്നാക്കക്കാർക്ക് പിന്തുണ നൽകാം
പഠനത്തിൽ പിന്നാക്കംനിൽക്കുന്നവർക്ക് ഏറെ വിരസമായിരുന്നു വിദൂരപഠനം. അധ്യാപകരുടെ പ്രത്യേകമായ തലോടലുകൾ അത്യാവശ്യമുള്ള ഇത്തരക്കാർക്ക് സ്കൂൾ തുറക്കുന്നത് എന്തുകൊണ്ടും ഗുണംചെയ്യും. പ്രത്യേകിച്ച് ഓൺലൈൻ കാലത്ത് ഔദ്യോഗിക വിദ്യാഭ്യാസത്തിൽനിന്ന് ബഹിഷ്കൃതമായ ആദിവാസി മേഖലകളിലെ കുട്ടികളുടെ കാര്യത്തിൽ. പഠനത്തിൽ മടികാണിക്കുന്ന മിടുക്കർക്കും ഫിസിക്കൽ അപ്രോച്ചാണ് ഉത്തമം.
കൊതിപ്പിക്കുന്ന ഇടവേളകൾ
സ്കൂൾജീവിതത്തിൽ മോഹിപ്പിക്കുന്ന ഓർമകൾ സമ്മാനിക്കുന്നത് ഇൻറർവെല്ലുകളാണ്. മിഠായിക്കടയിലേക്കുള്ള കുതിച്ചോട്ടം, കളിസ്ഥലത്തെ സാഹസികവിദ്യകൾ... ചിരിച്ചും കഥപറഞ്ഞും ഇങ്ങനെ എന്തെല്ലാം കുരുത്തക്കേടുകളാണ് തലച്ചോറിന് മധുരമേറ്റുന്നത്. മാനസികവികാസത്തിന് ഇൻറർവെല്ലുകൾ നൽകുന്ന സംഭാവന ഒട്ടും ചെറുതല്ല.
വേരുറപ്പുള്ള ആത്മവിശ്വാസം
അകെലയാണെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സുഹൃത്തുക്കളിൽനിന്ന് പകുത്തെടുത്ത രാസവിദ്യകൾ. രക്ഷിതാക്കളുമായുള്ള ഇഴയടുപ്പം നൽകിയ ആത്മബലം. ആരോഗ്യകരമായ കളി കളിലൂടെ നേടിയെടുത്ത കായികക്ഷമത. തങ്ങളുടെ വിയർപ്പേറ്റു വിരിഞ്ഞ പൂക്കളുടെ പുഞ്ചിരി... സ്വന്തമായി ഭക്ഷണം പാചകം ചെയ്തതിെൻറ ഗരിമ... എല്ലാം ആത്മവിശ്വാസത്തിെൻറ വീര്യങ്ങളാണ്.
മാറിയ ശീലങ്ങൾ
വൈകിയുറങ്ങിയും ഏറെ കഴിഞ്ഞുണർന്നും ചിലപ്പോൾ ശീലപ്പെട്ടുപോയിരിക്കാം. നമ്മുടെ പ്രഭാതം ഇനി തിരിച്ചുപിടിക്കാം. വ്യായാമത്തിലൂടെ തലച്ചോറിനെ ശക്തിപ്പെടുത്താം. അമിത ഭക്ഷണംകൊണ്ടുണ്ടായ കൊഴുപ്പുകൾ കത്തിച്ചുകളയാം. അത്താഴം നേരേത്തയാവാം, ദഹനശേഷം ഗാഢമായ ഉറക്കം വേണം. ഡെൽറ്റ സ്ലീപ്പിങ്ങിലാണ് ഓർമക്ക് ശക്തി കൂടുന്നത്; ശരീരം കേടുപാടുകൾ തീർക്കുന്നത്.
''ഉയിരുള്ളോരുറങ്ങും
ഉശിരുള്ളോരുണരും'' എന്ന കുഞ്ഞുണ്ണി മാഷുടെ വരികളോർത്തെടുക്കാം. പുതുശീലങ്ങൾക്കായി പരിശീലിക്കാം.
(തയാറാക്കിയത്: ഷാജൽ ബാലുശ്ശേരി, കൗൺസലർ, അക്കാദമിക് സ്കിൽ പ്രമോട്ടർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.