വെറും ശങ്കരനല്ല, ഇനി 'വൈറൽ ശങ്കരൻ'
text_fieldsമൂന്നാം ക്ലാസ് പരീക്ഷയെഴുതി വീട്ടിലെത്തിയത് വെറും ശങ്കരനായിരുന്നെങ്കിൽ ഇനി സ്കൂളിലേക്കു പോകാനൊരുങ്ങുന്നത് 'വൈറൽ ശങ്കരനാ'ണ്. നിക്കറ് കഴുകുന്നത് നിഷ്കളങ്കമായി അവതരിപ്പിച്ചും തേങ്ങചിരകിയും ഗ്രില്ലിൽ ഉണക്കമീൻ ചുട്ടുമെല്ലാം സമൂഹമാധ്യമങ്ങളിലെ കിടിലൻ വിഡിയോകളിലൂടെ മലയാളിമനസ്സുകളിൽ ഇടംനേടുകയായിരുന്നു ശങ്കരൻ. പ്രഫഷനൽ വ്ലോഗർമാരുടെ അതേ ശരീരഭാഷയിലും പ്രയോഗങ്ങളിലും കുഞ്ഞുകുഞ്ഞുവിഷയങ്ങൾ കുരുന്ന് തന്മയത്വത്തോടെയും കുസൃതിയോടെയും അവതരിപ്പിച്ചതാണ് ശങ്കരനെ വ്യത്യസ്തമാക്കിയത്.
കൂട്ടുകാരൊക്കെ കളിയാക്കുമോ എന്ന പേടിയുണ്ടായിരുന്നു ആദ്യം. എന്നാൽ, നിക്കർ കഴുകൽ വൈറലായേതാടെ കാര്യങ്ങൾ അപ്പാടെ മാറി. എല്ലായിടത്തുനിന്നും അഭിനന്ദനങ്ങളുടെ പെരുമഴ... സമ്മാനങ്ങൾ, പ്രോത്സാഹനങ്ങൾ. യൂട്യൂബിലാകെട്ട കാഴ്ചക്കാരും സബ്സ്ക്രൈബേഴ്സും കുതിച്ചുകയറി. കൂട്ടുകാർക്കും നല്ല അഭിപ്രായം. ടീച്ചർ വിളിച്ചിട്ട് 'ഡാ മോനെ കൊള്ളാം, നീ ഇനിയും ഇതുപോലെയൊക്കെ ചെയ്യണം' എന്ന പ്രോത്സാഹനംകൂടിയായതോടെ ശങ്കരൻ ഫുൾ കോൺഫിഡൻസ്. എന്തായാലും 'വി.െഎ.പി'യായി സ്കൂളിലേക്കു പോകാനൊരുങ്ങുന്നതിെൻറ ആഹ്ലാദത്തിലാണ് കുഞ്ഞുവ്ലോഗർ. എല്ലാവരെയുംപോലെ ഒാൺലൈൻ ക്ലാസിനെക്കാൾ സ്കൂളിൽ പോകാനാണ് ശങ്കരനും ഇഷ്ടം. ''കൂട്ടുകാരെയെല്ലാം കാണാമല്ലോ. ഒാൺലൈൻക്ലാസും നല്ലതാണ്. പക്ഷേ, കണ്ണടിച്ചു പോകും''. പറഞ്ഞുതീർന്നപ്പോൾ പൊട്ടിച്ചിരി. തിരുവനന്തപുരം വഴുതക്കാട് ശശിവിഹാർ യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശങ്കരൻ.
'ശങ്കരൻ', അപ്പൂപ്പന്മാരുടെ പേര്...
ശങ്കരൻ എന്നത് വീട്ടിൽ വിളിക്കുന്ന പേരാണ്. ശരിക്കുള്ളതും സ്കൂളിലേതും 'നിധിൻ' എന്നാണ്. അമ്മൂമ്മയാണ് ശങ്കരൻ എന്ന പേരിട്ടത്. അപ്പൂപ്പന്മാരുടെ പേരായതിനാൽ ആദ്യമൊെക്ക വിഷയം തോന്നിയിരുന്നുവെന്ന് ശങ്കരൻ പറയുന്നു. വ്ലോഗ് വൈറലായതോടെ വിഷമം മാറി. വൈറലായപ്പോഴാണ് പേരിെൻറ വില അറിയുന്നതെന്നാണ് ഇപ്പോഴത്തെ അഭിമാനവും. ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതേ ഇരുന്നപ്പോഴാണ് യൂട്യൂബ് ചാനലൊക്കെ കാണുന്നത്.
സിനിമയൊക്കെ കണ്ട് മടുത്തപ്പോഴാണ് യൂട്യൂബിലേക്ക് കടന്നത്. അധികം വൈകുംമുേമ്പ ചാനൽ തുടങ്ങണമെന്ന ആഗ്രഹവുമായി. അങ്ങനെ ബന്ധുക്കളായ ചേട്ടന്മാരുടെ സഹായത്തോടെ ചാനലും റെഡിയാക്കി. എന്നാൽ, എന്ത് വിഡിയോ ചെയ്യണമെന്നതിൽ അപ്പോഴും 'െഎഡിയ' ഉണ്ടായിരുന്നില്ല. കുറെ ദിവസം ആലോചിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ലെന്ന് ശങ്കരൻ പറയുന്നു. ഒടുവിലാണ് നിക്കറ് കഴുകലിലേക്കെത്തിയത്. ''യൂട്യൂബിലിടാൻ നിക്കറ് കഴുകുന്ന വിഡിയോ എടുത്തുതരാൻ കസിനായ അനന്ദുചേട്ടനോട് കുറെ പ്രാവശ്യം പറഞ്ഞു. ചേട്ടൻ പക്ഷേ വഴക്കുപറഞ്ഞ് ഒാടിച്ചുവിട്ടു. 'അത് അഴുക്കയാ വേണ്ട' എെന്നാക്കെയാണ് പറഞ്ഞത്. ഞാൻ വിചാരിച്ചില്ല, യൂട്യൂബിലെടുത്തിട്ടാ ഇത്രയും ഫേമസ് ആവുമെന്ന്, വെറുതെയെടുത്തിട്ടതാ, സംഭവം കയറിയങ്ങ് ഫേമസായി...'' ശങ്കരെൻറ വാക്കുകൾ ഇങ്ങനെ.
അമ്മയാണ് സാധാരണ ഉടുപ്പൊക്കെ കഴുകുന്നത്. അധികം പഴക്കമില്ലാത്ത അഴുക്കില്ലാത്ത നിക്കറായിരുന്നു അന്ന് കഴുകിയത്. വിഡിയോ എടുക്കാൻ വേണ്ടിയാണോ അന്ന് കഴുകിയത് എന്ന് ചോദിച്ചപ്പോ 'അതേ' എന്ന് കള്ളച്ചിരിയുടെ അകമ്പടിയിൽ ആ രഹസ്യവും ശങ്കരൻ വെളിപ്പെടുത്തി. ''ചുമ്മ അങ്ങ് കഴുകിയതായിരുന്നു. ഫസറ്റ് തന്നെ റെഡിയായി. ആവർത്തിച്ച് എടുക്കേണ്ടിവന്നില്ല. ഒരുപാട് പേര് വിളിച്ചു. ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഒരു സബ്സ്ക്രൈബർപോലും ഉണ്ടാവുമെന്നു കരുതിയില്ല. പക്ഷേ, ഒറ്റയടിക്ക് ഏഴു ലക്ഷം സബ്സ്ക്രൈബേഴ്സ്...''
ഹെലോ ഗയ്സ്... സ്കൂൾ തുറന്നാലും വിഡിയോ കുറയില്ല
''ഹലോ ഗയ്സ്'' വിളിച്ചാണ് ശങ്കരനും വിഡിയോ തുടങ്ങുന്നത്. അതേ ഹാവഭാവങ്ങളോടെ. സിമ്പിളായ വിഷയങ്ങളാണ് ശങ്കരൻ തിരഞ്ഞെടുക്കുന്നത്. ഇതുവരേക്കും ആരും ചെയ്തിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. സ്വന്തമായാണ് വിഷയങ്ങൾ തിരഞ്ഞെടുന്നതും. എല്ലാവരും ചിക്കനാണ് ഗ്രിൽ ചെയ്യുന്നത്. ശങ്കരൻ ഉണക്കമീൻ ഗ്രിൽ ചെയ്തത് അങ്ങനെയാണ്. അമ്മ സാധനം വാങ്ങാൻ കടയിൽ വിട്ടപ്പോൾ ഷൂസും ഗ്ലാസും വാച്ചും തൊപ്പിയുമെല്ലാംവെച്ച് അതങ്ങ് 'ട്രാവൽ വ്ലോഗാക്കി' ആഘോഷമാക്കി. എത്ര ചെറിയ വിഷയങ്ങൾക്കും അതിേൻറതായ വിലയുണ്ടെന്നുകൂടിയാണ് ഇൗ വൈറൽ വിഡിയോകൾ അടിവരയിടുന്നത്. കസിൻ ചേട്ടന്മാരായ അനന്തു, നന്ദു നിർമൽ എന്നിവരാണ് വിഡിയോ എടുക്കാനായി സഹായിക്കുന്നതെന്ന് ശങ്കരൻ പറയുന്നു.
ഇപ്പോൾ മൊബൈലും കാമറയിലുമെല്ലാം വിഡിേയാ ചെയ്യാറുണ്ട്. ഇതുവരെ 37 വിഡിയോകൾ ചെയ്തു. മിക്കവാറും വിഡിയോകൾക്ക് ഒരു മില്യൺ കാഴ്ചക്കാരുണ്ട്. നിരവധി ഷോർട്ട്ഫിലിമുകളിലും സിനിമകളിലും അഭിനയിക്കാനും ശങ്കരന് അവസരം കിട്ടിക്കഴിഞ്ഞു. ചാനൽഷോകളിൽ മാത്രമല്ല, ഇപ്പോൾ ഷൂട്ടിങ് തിരക്ക് കൂടിയുണ്ട്. സിനിമാനടൻ ആകണമെന്നതാണ് ശങ്കരെൻറ ആഗ്രഹം. ഇതിനിടെ മുഖ്യമന്ത്രിയുമായി സംസാരിക്കാനും അവസരം കിട്ടിയെന്നതും നല്ല അനുഭവമായിരുന്നുവെന്ന് ശങ്കരൻ പറയന്നു. സ്കൂൾ തുറന്നാൽ വിഡിയോ കുറയോ എന്ന് ചോദിച്ചപ്പോൾ ''സ്കൂൾ ഉച്ചവരെയേ ഉള്ളൂ. അതും ഒന്നിടവിട്ട ദിവസങ്ങളിലും. അപ്പോ ഇഷ്ടംപോലെ സമയം കിട്ടും...'' എന്നായിരുന്നു മറുപടി.
ഇപ്പോൾ എവിടെ േപായാലും ആളുകൾ തിരിച്ചറിയുന്നുണ്ടെന്നതാണ് മറ്റൊരു സന്തോഷം. ശങ്കരനല്ലേ എന്ന് ചോദിച്ചുവരുന്നവർ സെൽഫിയെടുത്തിട്ടാണ് പോകുന്നത്. ട്രെയിൻയാത്രക്കിടയിലാണ് ഇത് കൂടുതൽ. ഒരുപാട് സമ്മാനങ്ങളും കിട്ടാറുണ്ട്. സഹോദരി കല്യാണിയുമായി ചേർന്നും നിരവധി വിഡിയോകൾ ചെയ്തിട്ടുണ്ട്. കല്യാണി ഇനി മൂന്നാം ക്ലാസിലേക്കാണ്. അച്ഛൻ വിജയൻ. അമ്മ ബിന്ദു.
തയാറാക്കിയത്: എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.