മണ്ണിലാണ് ജീവൻ
text_fieldsഭൂമിയുടെ നിലനിൽപിെൻറ അടിസ്ഥാനം മണ്ണാണ്, ജീവന്റെ നിലനിൽപിന്റെയും. ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ ഭക്ഷണത്തിന്റെ 95 ശതമാനവും നൽകുന്നത് മണ്ണാണ്. സസ്യങ്ങളുടെ നിലനിൽപിനാവശ്യമായ പോഷക ഘടകങ്ങൾ നൽകുന്നതും മണ്ണുതന്നെ. കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ പ്രവർത്തനങ്ങളുംമൂലം നമ്മുടെ മണ്ണ് നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണൊലിപ്പ് സ്വാഭാവികമായ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണത്തിലെ വിറ്റമിനുകളുടെയും പോഷകങ്ങളുടെയും അളവ് കുറയുന്നു. ജീവന്റെ നിലനിൽപിന് തന്നെ അപകടമാകുന്നു. ഈ സാഹചര്യത്തിൽ മണ്ണിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ട്. മണ്ണിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി എല്ലാവർഷവും ഡിസംബർ അഞ്ച് മണ്ണുദിനമായി ആചരിക്കുന്നു. മണ്ണുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാം.
മണ്ണിന്റെ വിവരമറിയണം
Caring for Soils: Measure, Monitor, Manage എന്ന പ്രമേയത്തിന് കീഴിലാണ് ഈ വർഷത്തെ മണ്ണുദിനാചരണം. മണ്ണിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ അതിന്റെ പരിപാലനവും സാധ്യമാകൂ. മണ്ണിന്റെ കൃത്യമായ വിവരങ്ങളും സ്വഭാവവും മനസ്സിലാക്കി അതിനനുസരിച്ച് പരിപാലിക്കുക എന്നതിലൂടെ ഫലഭൂവിഷ്ഠത ഉറപ്പുവരുത്താനും മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. മണ്ണിനെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾക്ക് തുടക്കമിടുക എന്നതുകൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കാർഷികം, ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, കാലാവസ്ഥ തുടങ്ങിയവയിൽ മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ഈ ദിനം ആചരിക്കുന്നു.
നിങ്ങൾക്കറിയാമോ?
- നമ്മുടെ ഭക്ഷണത്തിന്റെ 95 ശതമാനവും മണ്ണിൽനിന്നാണ്
- 33 ശതമാനം മണ്ണ് നശിച്ചുകഴിഞ്ഞു
- വെറും 2-3 സെന്റിമീറ്റർ മണ്ണ് രൂപപ്പെടാൻ 1000 വർഷംവരെ വേണ്ടിവരും
- സസ്യങ്ങൾക്ക് ആവശ്യമായ 18 പ്രകൃതിദത്ത രാസമൂലകങ്ങളിൽ 15ഉം മണ്ണ് നൽകുന്നു
- ഒരു ടേബ്ൾ സ്പൂൺ മണ്ണിൽ ഭൂമിയിലെ മനുഷ്യരെക്കാൾ കൂടുതൽ ജീവജാലങ്ങളുണ്ടാകും
- കഴിഞ്ഞ 70 വർഷമായ ഭക്ഷണത്തിലെ വിറ്റമിനുകളുടെയും പോഷകങ്ങളുടെയും അളവിൽ ഗണ്യമായ കുറവ് സംഭവിച്ചുകഴിഞ്ഞു
- ലോകമെമ്പാടുമുള്ള 2 ബില്യൺ ആളുകൾ മൈക്രോ ന്യൂട്രിയന്റുകളുടെ അഭാവം അനുഭവിക്കുന്നു. ഇതിനെ ഹിഡൻ ഹംഗർ എന്നുവിളിക്കുന്നു
- 2050ലെ ആഗോള ഭക്ഷ്യ ആവശ്യം നിറവേറ്റാൻ ഭൂമിയിലെ കാർഷിക ഉൽപാദനം 60 ശതമാനം വർധിപ്പിക്കണം
- സുസ്ഥിര മണ്ണ് ഉൽപാദനത്തിലൂടെ 58 ശതമാനം വരെ കൂടുതൽ ഭക്ഷണം ഉൽപാദിപ്പിക്കാൻ കഴിയും
- നമ്മുടെ വീട്ടിലെ ജൈവമാലിന്യം മണ്ണിനെ പരിപോഷിപ്പിക്കാനുള്ള വളമാക്കി മാറ്റാനാകും
ലോക മണ്ണുദിനത്തിൽ എങ്ങനെ പങ്കാളിയാകാം?
1. വിദ്യാഭ്യാസവും അവബോധവും
മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വയം അറിയുകയും മറ്റുള്ളവരെ ബോധവത്കരിക്കുകയും ചെയ്യുക. മണ്ണ് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് എങ്ങനെയെന്നും ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, കാലാവസ്ഥ വ്യതിയാനം എന്നിവയിൽ മണ്ണ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അറിയുകയും ചെയ്യുക.
2. പരിപാടികൾ സംഘടിപ്പിക്കുക
മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചും സുസ്ഥിരി കാർഷിക രീതികളെക്കുറിച്ചും വർക് ഷോപ്പുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ തുടങ്ങിയവ സംഘടിപ്പിക്കുക. മണ്ണ് സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുക.
3. മണ്ണിനെ പരിപാലിക്കുക
മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, മണ്ണൊലിപ്പ് തടയൽ തുടങ്ങിയവക്കായി പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. മണ്ണിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അവ ശേഖരിച്ച് കൃത്യമായി സംസ്കരിക്കുകയോ പുനരുപയോഗിക്കുകയോ ചെയ്യുകയും മണ്ണൊലിപ്പ് തടയുന്നതിനായി മരങ്ങൾ നടുകയും ചെയ്യാം.
4. ജൈവകൃഷി
മണ്ണിനെ നശിപ്പിക്കുന്നതരത്തിലുള്ള കൃഷി രീതികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ജൈവ കൃഷിയെ ആശ്രയിക്കുക. മണ്ണിന്റെ ഗുണമേന്മ ഇല്ലാതാക്കുന്ന രാസവളങ്ങളുടെ ഉപയോഗം കുറക്കുക. കൂടാതെ അതത് പ്രദേശത്തിനു ചേർന്ന കൃഷിരീതികളെയും വിളകളെയും ആശ്രയിക്കുക.
5. പൂന്തോട്ടപരിപാലനം
മണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ജൈവ പൂന്തോട്ടപരിപാലന രീതികൾ പിന്തുടരുക. പൂന്തോട്ട പരിപാലനം മാനസിക ഉല്ലാസം നൽകുന്നതിനൊപ്പം അനേകം ജീവജാലങ്ങളുടെ വാസസ്ഥലം കൂടിയാണെന്ന് മനസ്സിലാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.