ചിങ്ങപ്പുലരിയിൽ
text_fieldsകൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയകാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. മലയാളം കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്കനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.
ഓണംവന്നോണം വന്നേ...
വറുതിയുടേയും ദാരിദ്ര്യത്തിന്റേയും മാസമായാണ് പണ്ടുമുതലേ കർക്കടകത്തെ കണക്കാക്കുക. തിമിർത്തുപെയ്യുന്ന മഴക്കാലത്ത് ആളുകൾ വീടുകളിൽ തൊഴിലിനു പോകാതെയിരുന്ന കാലം.
കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസമാണ് ചിങ്ങം ഒന്ന്. ഒപ്പം, കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമപ്പെടുത്തലിന്റേതും.
മലയാളിക്ക് ചിങ്ങമാസം പൊന്നോണ മാസമാണ്. വർണങ്ങളുടെ ദിനങ്ങൾ. തുമ്പയും മുക്കുറ്റിയും തുടങ്ങി പൂ കായ്ക്കുന്ന ചെടികളെല്ലാം മാവേലിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതിരുകൾ പച്ച പ്പാടങ്ങൾക്ക് ശോഭപകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം വിളിച്ചോതുന്ന മാസം...
ചിങ്ങപ്പിറവി മലയാളത്തിന്റെ കർഷകദിനം
ചിങ്ങമാസം ഒന്നാം തീയതി കേരളത്തിന്റെ കർഷകദിനം കൂടിയാണ്. വർഷം മുഴുവനും മറ്റുള്ളവർക്കുവേണ്ടി അധ്വാനിക്കുന്ന ഒരു വിഭാഗത്തിനുവേണ്ടി നീക്കിവെച്ച ദിവസം. അതുകൊണ്ടുതന്നെ നാടാകെ ഇന്നത്തെ ദിനത്തിൽ കർഷകരെ ആദരിക്കുകയും അവരോടുള്ള നാടിന്റെ കടപ്പാട് അറിയിക്കുകയും ചെയ്യുന്നു. പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്.
ദേശീയ കർഷകദിനം ഡിസംബർ 23
ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മവാർഷികത്തിന്റെ സ്മരണക്കായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻ ദിനം (Kisan Diwas) അല്ലെങ്കിൽ ദേശീയ കർഷകദിനം (National Farmers’ Day) ആഘോഷിക്കുന്നത്. 1979നും 1980നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത്. കാർഷിക മേഖലയിൽ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച ഭരണകർത്താവായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുണ്ട് കർഷക ദിനങ്ങൾ
ഡിസംബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ചില രാജ്യങ്ങളിൽ കർഷകദിനം. അമേരിക്കയിൽ ഒക്ടോബർ 12 ആണ് ഔദ്യോഗിക കർഷകദിനം. ലോകത്തങ്ങോളമിങ്ങോളം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ കർഷകദിനാചരണങ്ങൾ നടത്തിവരുന്നുണ്ട്. ഐക്യരാഷ്ട്ര സഭക്ക് കീഴിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ പ്രവർത്തിച്ചു വരുന്നുണ്ട്. ലോക ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാൽ കർഷകരുടെ എണ്ണം നാമമാത്രമാണ്. എന്നാൽ, ഇവരുടെ അധ്വാനഫലമായാണ് മിക്കവാറും രാജ്യങ്ങളിൽ പട്ടിണി ഇല്ലാതാവുന്നതെന്നതാണ് യാഥാർഥ്യം.
കൊല്ലവർഷം
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന 12 മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. തുടക്കകാലത്ത് മേടമാസത്തിലായിരുന്നു വർഷാരംഭം. ഇന്നത് ചിങ്ങമാസത്തിലാണ്. ഗ്രിഗോറിയൻ കാലഗണനാരീതിയാണ് പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഏറെപ്പേർ സുപ്രധാനകാര്യങ്ങൾക്കായി കൊല്ലവർഷത്തെ ആശ്രയിക്കുന്നവരാണ്.
ചിങ്ങമാസ പഴഞ്ചൊല്ലുകൾ
- ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല
- ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും
- ചിങ്ങം ഞാറ്റിൽ ചിനുങ്ങി ചിനുങ്ങി
- ചിങ്ങമാസത്തിൽ തിരുവോണം നാൾ പൂച്ചക്ക് വയറുവേദന
- ചിങ്ങംകെട്ട മലയാളിയെപ്പോലെ
- ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന്
- ചിങ്ങത്തിൽ ചേമ്പ് ചെന്നിറയാം
- ചിങ്ങം പഴുത്താലും പല്ലൻ ചിരിച്ചാലും അറിയില്ല
- ചിങ്ങമഴ ചീഞ്ഞ മഴ
മലയാളത്തിന്റെ നവോത്ഥാന മാസം
ചിങ്ങം മലയാളികളുടെ നവോത്ഥാന മാസമാണെന്ന് വിശേഷിപ്പിക്കുന്നവർ നിരവധിയാണ്. കേരളത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ബ്രഹ്മാനന്ദ ശിവയോഗി, സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ എന്നിവരുടെ ജന്മദിനങ്ങൾ ചിങ്ങമാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.