രാമൻ, ഒരാൾ മാത്രം!
text_fieldsഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം
ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഒരേയൊരു ഇന്ത്യക്കാരനാണ് സി.വി. രാമൻ. അപ്പോൾ, ഡോ. എസ്. ചന്ദ്രശേഖർ, ഹർഗോവിന്ദ് ഖുരാന, വെങ്കിട്ട രാമൻ രാമകൃഷ്ണൻ തുടങ്ങിയ ശാസ്ത്ര നൊബേൽ ജേതാക്കളൊന്നും ഇന്ത്യക്കാരല്ലേ എന്ന് ചോദിച്ചേക്കാം. ശരിയാണ്, അവർ ഇന്ത്യയിൽ ജനിച്ചുവളർന്നവർതന്നെയായിരുന്നു. പക്ഷേ, നൊബേൽ ലഭിക്കുന്ന കാലത്ത് ഇവരെല്ലാം മറ്റു രാജ്യങ്ങളിലെ പൗരന്മാരായി മാറിയിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മറ്റു രാജ്യങ്ങളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ ഗവേഷണങ്ങൾക്കാണ് ചന്ദ്രശേഖറിനും ഖുറാനക്കും വെങ്കിട്ടരാമനുമെല്ലാം അവാർഡ് ലഭിച്ചത്. പക്ഷേ, സി.വി. രാമൻ ഇവിടെ വ്യത്യസ്തനാകുന്നു. നമ്മുടെ സ്വന്തം രാജ്യത്തെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ മഹത്തായ ശാസ്ത്രാന്വേഷണങ്ങളാണ് അദ്ദേഹത്തെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്. അതിനാൽ, സി.വി. രാമെൻറ നേട്ടം സവിശേഷ പ്രാധാന്യമർഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ആ നേട്ടം ഇന്ത്യക്കാർ എക്കാലത്തും കൊണ്ടാടുന്നു. ആ ആേഘാഷമാണ് നാം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്.
ലോകതലത്തിൽ 'ശാസ്ത്രദിന'മായി ആചരിക്കാറുള്ളത് നവംബർ 10നാണ്. ഇന്ത്യയിൽ ഇതിനുപുറമെ, എല്ലാ വർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാഘോഷമായി ആചരിക്കുന്നു. സി.വി. രാമെൻറ ഏറ്റവും വലിയ ശാസ്ത്ര സംഭാവനയായ 'രാമൻ പ്രഭാവം' കണ്ടെത്തിയത് 1928 ഫെബ്രുവരി 28നായിരുന്നു. ആ ദിവസത്തിെൻറ ഒാർമക്കായാണ് ഇൗ ദിവസംതന്നെ ശാസ്ത്രദിനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാവബോധം വളർത്തുകയെന്നതാണ് ഇൗ ദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്. ശാസ്ത്ര പ്രചാരണം മൗലിക ബാധ്യതയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഭരണഘടനയാണ് നമ്മുടെതെന്ന് എത്രപേർക്കറിയാം? രാജ്യ പുരോഗതിയിൽ ശാസ്ത്ര സാേങ്കതിക വിദ്യയുടെ വികസനത്തിന് കാര്യമായ പങ്കുണ്ടെന്നതിനാലാണ് ഇതുപോലുള്ള ദിവസങ്ങൾ കൊണ്ടാടുന്നത്. ഒാേരാ വർഷവും പ്രത്യേക പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രദിനം ആചരിക്കുക. ഇൗ വർഷം അത് 'ശാസ്ത്ര^സാേങ്കതിക വിദ്യ സുസ്ഥിര വികസനത്തിന്' എന്നാണ്.
ആരായിരുന്നു സി.വി. രാമൻ?
ചന്ദ്രശേഖര വെങ്കിട്ട രാമൻ എന്നാണ് സി.വി. രാമെൻറ പൂർണനാമധേയം. 1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുവാണൈകോവിൽ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം, വിശാഖപട്ടണത്തെ സെൻറ് അലോഷ്യസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലാണ് തുടർ പഠനം നടത്തിയത്. ഇന്നത്തെ പ്ലസ് ടുവിന് തുല്യമായ കോഴ്സ് പൂർത്തിയാക്കിയത് അദ്ദേഹം കേവലം 13ാം വയസ്സിലാണ്; അതും സ്കോളർഷിപ്പോടെ. 14ാം വയസ്സിൽ മദ്രാസ് പ്രസിഡൻസി കോളജിൽ അദ്ദേഹം ബിരുദ പഠനത്തിനായി ചേർന്നു. അദ്ദേഹത്തിെൻറ പിതാവ് അവിടെ അധ്യാപകനായിരുന്നു. 1904ൽ ഗോൾഡ് മെഡലോടെ ബിരുദം പാസായി. രണ്ടു വർഷത്തിനു ശേഷം മാസ്റ്റർ ബിരുദവും എടുത്തു. അപ്പോൾ സി.വി. രാമന് പ്രായം 19.
1917ൽ കൊൽക്കത്ത സർവകലാശാലയിൽ ഫിസിക്സ് പ്രഫസറായി വരുന്നതോടെയാണ് രാമെൻറ ജീവിതം മാറിമറിയുന്നത്. ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഒാഫ് സയൻസസ് (െഎ.സി.എ.എസ്) എന്നൊരു ഗവേഷണ സ്ഥാപനം അക്കാലത്ത് കൽക്കത്തയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവിടെയാണ് രാമനും തെൻറ ഗവേഷണങ്ങൾക്ക് തുടക്കംകുറിച്ചത്. ആ സ്ഥാപനത്തിെൻറ സെക്രട്ടറികൂടിയായിരുന്നു അദ്ദേഹം. ഇവിടെ വെച്ചാണ് അദ്ദേഹം, പ്രകാശത്തിെൻറ വിസരണവുമായി ബന്ധപ്പെട്ട 'രാമൻ പ്രഭാവം' എന്ന സിദ്ധാന്തത്തിന് രൂപം നൽകുന്നതും അതുസംബന്ധിച്ച പരീക്ഷണം നടത്തുന്നതും. പദാർഥങ്ങളുടെ ഘടന മനസ്സിലാക്കുന്നതിന് സഹായകമായ ഇൗ സിദ്ധാന്തം അദ്ദേഹം പല ശാസ്ത്രവേദികളിലും അവതരിപ്പിച്ച് കൈയടി നേടി. 1929ലെ നൊബേൽ തനിക്ക് കിട്ടുമെന്ന് രാമൻ ഉറപ്പിച്ചതാണ്. പക്ഷേ, ആ വർഷം ഭാഗ്യം തുണച്ചില്ല. എന്നാൽ, ആത്മവിശ്വാസം കൈവിടാതിരുന്ന രാമൻ 1930 തെൻറ വർഷമാണെന്ന് ഉറച്ചുവിശ്വസിച്ചു. നവംബറിലെ നൊബേൽ ചടങ്ങിന് ജൂലൈയിൽതന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. ആ വർഷം നൊബേൽ അദ്ദേഹത്തിനുതന്നെ ലഭിക്കുകയും ചെയ്തു.
സാധാരണ ഒരു കണ്ടുപിടിത്തം നടത്തി വർഷങ്ങൾ കാത്തിരിക്കണം നൊബേൽ ലഭിക്കാൻ. 1905ൽ ഫോേട്ടാ ഇലക്ട്രിക് പ്രഭാവവുമായി ബന്ധപ്പെട്ട സിദ്ധാന്തം അവതരിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചത് 1921ലാണ്. ഒരു കണ്ടുപിടിത്തം നടത്തി 40ഉം 50ഉം വർഷം വരെ കാത്തിരുന്നിട്ടുണ്ട് പലരും നൊബേൽ ലഭിക്കാൻ. സി.വി. രാമന് പക്ഷേ, കാത്തിരിക്കേണ്ടിവന്നത് കേവലം രണ്ട് വർഷം മാത്രം. ഇതൊരു റെക്കോഡാണ്. ശാസ്ത്ര െനാബേൽ ലഭിക്കുന്ന വെള്ളക്കാരനല്ലാത്ത ആദ്യത്തെ ആളാണ് രാമൻ. ഏഷ്യയിൽനിന്നുള്ള ആദ്യ ശാസ്ത്ര നൊബേൽ ജേതാവും മറ്റാരുമല്ല.
19ാം വയസ്സിലായിരുന്നു രാമെൻറ വിവാഹം. ലോകസുന്ദരി അമ്മാൾ ആയിരുന്നു വധു. ഇവർക്ക് രണ്ട് മക്കൾ: ചന്ദ്രശേഖറും രാധാകൃഷ്ണനും. രാധാകൃഷ്ണൻ അറിയപ്പെടുന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ്.
1970 നവംബർ 21ന് ബാംഗ്ലൂരിൽ വെച്ചാണ് രാമൻ മരിച്ചത്. അതും അദ്ദേഹംതന്നെ സ്ഥാപിച്ച രാമൻ റിസർച് ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച്. ഒരു ദിവസം, തെൻറ ലബോറട്ടറിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കവെ, ഹൃദയാഘാതത്തെ തുടർന്ന് വീണ രാമനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു ദിവസത്തിൽ കൂടുതൽ രാമൻ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ, അദ്ദേഹം ആരോഗ്യം ഭാഗികമായി വീണ്ടെടുത്തു. ഇനി ആശുപത്രിയിൽ തുടരാനില്ലെന്നും തെൻറ അന്ത്യം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാകണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച്, അദ്ദേഹത്തെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. മരിക്കുന്നതിെൻറ തലേദിവസം ശിഷ്യൻമാരെ വിളിച്ചുവരുത്തി അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു: ''ഇവിടെയുള്ള ജേണലുകളൊന്നും നശിപ്പിക്കരുത്. നമ്മുടെ രാജ്യത്തെ ശാസ്ത്ര പുരോഗതിയുടെ അടയാളമാണത്''. അതിനുശേഷം, ഇൻസ്റ്റിറ്റ്യൂട്ടിെൻറ മറ്റു ഭാരവാഹികളെ വിളിച്ചുവരുത്തി, സ്ഥാപനത്തിെൻറ ഭാവി കാര്യങ്ങൾകൂടി തീരുമാനിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ സി.വി. രാമെൻറ ചേതനയറ്റ ശരീരമാണ് ശിഷ്യഗണങ്ങൾ കണ്ടത്.
നൊബേൽ മാത്രമല്ല, മറ്റനേകം അന്താരാഷ്്ട്ര പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്്. ഫ്രാങ്ക്ലിൻ മെഡൽ, ലെനിൽ പീസ് മെഡലുമെല്ലാം അതിൽ ചിലതുമാത്രം. 1954ൽ ഭാരത് രത്ന നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
രാമനും സംഗീതവും
ശാസ്ത്രത്തിൽ മാത്രമല്ല, സംഗീതത്തിലൂം അതീവ തൽപരനായിരുന്നു സി.വി. രാമൻ. കേവല സംഗീതം എന്നു പറഞ്ഞുകൂടാ. വാദ്യോപകരണങ്ങളുടെ പ്രവർത്തനങ്ങളിലെ ശാസ്ത്രീയത അന്വേഷിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് കൗതുകം. തബലയും മൃദംഗവും വയലിനുമെല്ലാം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. വിഷയത്തിൽ ഏതാനും ഗേവഷണ പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
രാമനും ചന്ദ്രശേഖറും
ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ എസ്. ചന്ദ്രശേഖറിെൻറ അമ്മാവനായിരുന്നു സി.വി. രാമൻ. ഒരു കുടുംബത്തിൽനിന്ന് രണ്ട് നൊബേൽ ജേതാക്കൾ. പക്ഷേ, ചന്ദ്രശേഖർ നൊബേൽ ലഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട് ഇരുവരെയും കുറിച്ച് പല കഥകളുമുണ്ട്. 1930ൽ സി.വി. രാമന് നൊബേൽ കിട്ടിയെന്ന് പറഞ്ഞല്ലോ. അതിനുശേഷം, മരണം വരെ അദ്ദേഹം ഫിസിക്സ് നൊബേൽ നാമനിർദേശ സമിതിയിൽ അംഗമായിരുന്നു. ഒാരോ വർഷവും അദ്ദേഹത്തിന് ഒരാളെ നാമനിർദേശം ചെയ്യാം. ഒാർക്കുക, 1930ലാണ് ചന്ദ്രശേഖർ തെൻറ വിഖ്യാതമായ കണ്ടുപിടിത്തം നടത്തുന്നത്. എന്നിട്ടും രാമൻ അദ്ദേഹത്തെ ആദ്യകാലത്ത് നാമനിർദേശം ചെയ്തില്ല. 1965 വരെ അദ്ദേഹം നാമനിർദേശം ചെയ്തത് കേവലം അഞ്ചുപേരെ മാത്രമാണ്. 1957ൽ അദ്ദേഹം ചന്ദ്രശേഖറെ നാമനിർദേശം ചെയ്തിരുന്നുവെങ്കിലും കിട്ടിയില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. അതേസമയം, ചന്ദ്രശേഖറിെൻറ കണ്ടുപിടിത്തത്തെ ന്യൂട്ടനോടും െഎൻസ്റ്റൈനോടുമൊക്കെയാണ് അദ്ദേഹം താരതമ്യം ചെയ്തിട്ടുള്ളത്. ഏതായാലും ചന്ദ്രശേഖറിന് നൊബേൽ കിട്ടാൻ പിന്നെ 1983 വരെ കാത്തിരിക്കേണ്ടിവന്നു.
''തിളക്കമേറിയ സോപ്പുകുമിളകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
എന്തുകൊണ്ടാണ് കടലിന് നീല നിറം?
വജ്രം ഇത്രമേൽ തിളങ്ങുന്നതിെൻറ കാരണമെന്താണ്?
ഇങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കുക.
അപ്പോൾ, പ്രകൃതി അതിെൻറ രഹസ്യം
വെളിപ്പെടുത്തിക്കൊണ്ടിരിക്കും.''
-സി.വി. രാമൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.