Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
December 10 Human Rights Day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightമനുഷ്യന്റെ അവകാശം

മനുഷ്യന്റെ അവകാശം

text_fields
bookmark_border

രോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് ലോക മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടുംവരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്രതലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വവിഖ്യാതമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ നടത്തിയത്. 1950 ഡിസംബർ നാലിന് എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതുസമ്മേളനത്തിൽ വിളിച്ചുകൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.

ഇന്ത്യയിൽ ഇത്തരം മാനുഷികാവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപംനൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമീഷൻ. 1993 സെപ്റ്റംബർ 28ന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമീഷന്റെ ചുമതല.

ചരിത്രമിങ്ങിനെ

രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൗരവമായി ചർച്ചചെയ്തു തുടങ്ങിയത്. നാസിസത്തിന്റെയും ഫാഷിസത്തിന്റെയും കാലത്ത് ഭരണകൂടം പൗരന്റെ അവകാശങ്ങൾ കവർന്നെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. അസ്തിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ 1946 യു.എൻ ഒരു കമീഷന് രൂപംനൽകി. കമീഷന്‍ അന്താരാഷ്ട്രതലത്തിൽ ബാധകമായ ഒരു അവകാശപത്രികയും തയാറാക്കി. തുടർന്നാണ് 1948 ഡിസംബർ 10ന് യു.എൻ ജനറൽ അസംബ്ലിയിൽ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.

നിലവിലെ അവസ്ഥയെന്ത്?

യു.എൻ വിളംബരത്തിന് 74 വയസ്സ് തികയുന്ന 2022ലും കോടിക്കണക്കിനാളുകൾ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് നരകതുല്യ ജീവിതം നയിക്കുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്ന് അഭയാർഥികളായി പലായനം ചെയ്യേണ്ടിവരുന്നവർ, അധിനിവേശ സൈന്യത്തിന്റെ ക്രൂരതയിൽ ജീവൻ നഷ്ടമാകുന്ന പൗരന്മാർ, ഭരണകൂടത്തിന്റെ തടവറകളിൽ പീഡനത്തിനിരയാവുന്നവർ, പട്ടിണിമൂലം മരിക്കുന്നവർ... അങ്ങനെ നീളുന്നു ആ നിര. ഇവരുടെയൊക്കെ ജീവിതങ്ങളിലേക്കിടപെടാനും അവർക്കും മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും മനുഷ്യാവകാശത്തെക്കുറിച്ച അവബോധം ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാനും അത് ലഭിക്കാത്തവർക്ക് പ്രതീക്ഷകൾ നൽകാനും ഈ ദിനത്തിന്റെ സന്ദേശത്തിന് കഴിയേണ്ടതുണ്ട്.

അടിസ്ഥാന മനുഷ്യാവകാശങ്ങൾ

1. ജീവിക്കാനുള്ള അവകാശം

2. പീഡനത്തിൽനിന്ന് മോചനം നേടാനുള്ള അവകാശം

3. തുല്യ പരിഗണനക്കുള്ള അവകാശം

4. സ്വകാര്യതക്കുള്ള അവകാശം

5.അഭയം നൽകാനുള്ള അവകാശം

6. വിവാഹം കഴിക്കാനുള്ള അവകാശം

7. അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള അവകാശം

8. ജോലി ചെയ്യാനുള്ള അവകാശം

9. വിദ്യാഭ്യാസത്തിനുള്ള അവകാശം

10. സാമൂഹിക സേവനങ്ങൾക്കുള്ള അവകാശം

എല്ലാ വർഷവും മനുഷ്യാവകാശ ദിനം ഒരു പ്രത്യേക സന്ദേശം ഉപയോഗിച്ച് ആഘോഷിക്കുന്നു. മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം ജനങ്ങളുടെ മനസ്സിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനുമാണ് ഇത് ചെയ്യുന്നത്.

2022 ലെ മനുഷ്യാവകാശ സന്ദേശം: എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി

മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75ാം വാർഷികം പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഒരുവർഷം നീളുന്ന കാമ്പയിനിനാണ് ഈ വർഷം തുടക്കംകുറിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75ാം വാർഷികം 2023 ഡിസംബർ 10ന് ആഘോഷിക്കും.

കഴിഞ്ഞ അഞ്ചുവർഷത്തെ മനുഷ്യാവകാശ തീമുകൾ

2021: അസമത്വങ്ങൾ കുറക്കുക, മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുക

2020: മികച്ചത് വീണ്ടെടുക്കുക - മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുക

2019: മനുഷ്യാവകാശങ്ങൾക്കായി യുവാക്കൾ

2018 - മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുക

2017 - സമത്വത്തിനും നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി നമുക്ക് നിലകൊള്ളാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Day
News Summary - December 10 Human Rights Day
Next Story