വനം, ജലം, കാലാവസ്ഥ... മാർച്ച് വിശേഷങ്ങളറിയാം
text_fieldsമാർച്ച്
8 വനിതാ ദിനം
21 ലോക വനദിനം
22 ലോക ജലദിനം
23 ലോക കാലാവസ്ഥാദിനം
27 ലോക നാടക ദിനം
മാർച്ച് 8 വനിതാദിനം
സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വനിതകളുടെ ആഹ്വാനമാണ് വനിത ദിനാചരണം. സ്ത്രീകളോടുള്ള വിവേചനവും അവഗണനയും അപവാദപ്രചാരണവും അവജ്ഞയുമെല്ലാം ലോകത്തിൽ എല്ലായിടത്തുമുണ്ട്. രാജ്യങ്ങളുടെ വ്യത്യാസമനുസരിച്ച് സ്ത്രീകളോടുള്ള സമീപനത്തിലും ചില വ്യത്യാസങ്ങളുണ്ടാകും എന്നുമാത്രം. മതം, സാമുദായികം, രാഷ്ട്രീയം, ഭരണം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ എല്ലാ രംഗങ്ങളിലും പുരുഷാധിപത്യം പ്രകടമാണ്. എന്നാൽ, പുരുഷാധിപത്യത്തിനെതിരെ പോരാടി ഉന്നതങ്ങളിൽ എത്തിയ പ്രഗല്ഭ വനിതകൾ ലോകത്തിെൻറ നാനാഭാഗത്തുമുണ്ടായിരുന്നു. സ്ത്രീവിമോചനപ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ എല്ലാ മേഖലയിലും അതിെൻറ സ്വാധീനം വർധിച്ചു.
ഫെമിനിസം -കുടുംബമെന്ന സ്ഥാപനം രൂപപ്പെട്ടതോടെയാണ് പ്രവൃത്തിമേഖല രണ്ടു വിഭാഗമായത്. വീടിനുപുറത്തുള്ള ജോലികൾ പുരുഷേൻറതും അകത്തെ ജോലികൾ സ്ത്രീയുടേതുമായി വിഭജിക്കപ്പെട്ടു. നിത്യജീവിതത്തിനുവേണ്ടിയുള്ള ജോലികൾ പുരുഷനും വീട്ടുജോലി, കുഞ്ഞുങ്ങളെ പരിപാലിക്കൽ എന്നിവ സ്ത്രീയും നടത്തിപ്പോരുക എന്ന വ്യവസ്ഥിതിയായിരുന്നു. എന്നാൽ, വീട്ടിനകത്ത് തളച്ചിടുകയും പുറംലോകത്തേക്ക് വികസിക്കാനുള്ള സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നതിനെതിരെയുള്ള സ്ത്രീകളുടെ ചെറുത്തുനിൽപുകളാണ് ഫെമിനിസമെന്ന പ്രസ്ഥാനമായി വികസിച്ചത്.
വിമൻസ് ഇന്ത്യൻ അസോസിയേഷൻ -1917ലാണ് സ്ത്രീവിമോചന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വനിത സംഘടന ഇന്ത്യയിലുണ്ടായത്. ഡോ. ആനി ബസൻറും മാഗരറ്റ് കസിൻസുമാണ് അതിന് നേതൃത്വം നൽകിയത്. ഇന്ത്യയിൽ വരുത്തേണ്ട രാഷ്ട്രീയ പരിഷ്കാരങ്ങളെ സംബന്ധിച്ച് ആവശ്യങ്ങളുന്നയിച്ച് 1919ൽ സ്ത്രീകളുടെ ഒരു പ്രതിനിധി സംഘത്തെ നയിച്ചത് ഇന്ത്യയുടെ വാനമ്പാടി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രശസ്ത കവയിത്രി സരോജിനി നായിഡുവാണ്. 1929ൽ അഖിലേന്ത്യ വനിത സമ്മേളനം നടത്തിയതും അതിനെ ഒരു പ്രസ്ഥാനമാക്കി വളർത്തിയതും വിമൻസ് ഇന്ത്യൻ അസോസിയേഷനാണ്. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് തുടക്കത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത് സ്ത്രീകളുടെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ പ്രശ്നത്തിലുമാണ്. എന്നാൽ, രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യത്തിനും വോട്ടവകാശത്തിനും സ്ത്രീശബ്ദം കേൾപ്പിക്കാനുള്ള ഒരു സംഘടനയായി ക്രമേണ അത് രൂപപ്പെട്ടുവന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സ്ത്രീസാന്നിധ്യം -മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചപ്പോഴാണ് വൻതോതിൽ സ്ത്രീകൾ പോരാട്ടരംഗത്തെത്തിയത്. സ്ത്രീകൾ വീട്ടിനകത്ത് ചടഞ്ഞുകൂടാതെ സമരരംഗത്തിറങ്ങണമെന്ന് ഗാന്ധിജി ആഹ്വാനംചെയ്തത് മാനിച്ചായിരുന്നു അത്. അഹിംസയിലധിഷ്ഠിതമായ സത്യഗ്രഹസമരമായതിനാൽ സ്ത്രീകൾക്ക് ആ മാർഗം സ്വീകാര്യമായിരുന്നു. 1930 ഏപ്രിൽ ആറിന് ആരംഭിച്ച ഉപ്പുസത്യഗ്രഹത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും മദ്യഷാപ്പുകൾ പിക്കറ്റ് ചെയ്യാനും ക്വിറ്റ് ഇന്ത്യ സമരത്തിലുമെല്ലാം സ്ത്രീകൾ ധാരാളമായി പങ്കെടുത്തിരുന്നു.
1931ൽ കറാച്ചിയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിലാണ് സ്ത്രീകൾക്കായുള്ള സേവാദൾ ആരംഭിച്ചത്. ഒരു വനിത സന്നദ്ധസേനയായി അതിനെ വളർത്തുകയായിരുന്നു ലക്ഷ്യം. സരോജിനി നായിഡു, ഡോ. ആനിബസൻറ്, കമലാദേവി ചതോപാധ്യായ, അവന്തികബായി ഗോഖലെ, ശ്രീമതി കംദാർ, ശാന്താബായി വെംഗസകർ, ദുർഗാബായി, കിസൻ ധൂമത്കർ, രാമേശ്വരമ്മ, വിദ്യാകില്ലെവാല, സ്വരൂപറാണി, കമല നെഹ്റു, അരുണ ആസഫലി, സുചേത കൃപലാനി, രാജകുമാരി അമൃത്കൗർ, ദുർഗാബായ് ദേശ്മുഖ്, ഡോ. മുത്തുലക്ഷ്മി റെഡ്ഡി, കമലാബായി ലക്ഷ്മൺറാവു, ഹൻസ മേത്ത, രുഗ്മിണി ലക്ഷ്മിപതി, വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിങ്, എ.വി. കുട്ടിമാളുവമ്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ അവിസ്മരണീയമാണ്. എന്നാൽ, അന്ന് 12 വയസ്സു മാത്രമുണ്ടായിരുന്ന ഇന്ദിര ഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരെ 6000 കുട്ടികളെ സംഘടിപ്പിച്ച് രൂപംനൽകിയ വാനരസേന എടുത്തുപറയേണ്ട ഒന്നാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ ആയിരക്കണക്കിന് സ്ത്രീകൾ ജയിൽവാസമനുഷ്ഠിക്കുകയുണ്ടായി. 1930ൽ വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളിൽ 17,000ത്തോളം തടവുകാർ സ്ത്രീകളായിരുന്നു!
ഇന്ത്യൻ ഭരണരംഗത്തെ പ്രമുഖ വനിതകൾ -ഭരണരംഗത്തെ വനിതകളിൽ പ്രമുഖവും പ്രഥമവുമായ സ്ഥാനം 16 വർഷം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്ക് സ്വന്തം. അനസൂയ, ബായി കാലെ, സിഫായി മലാനി, രുഗ്മിണി ലക്ഷ്മിപതി, ജ്യോതി വെങ്കിടചെല്ലം, വിജയലക്ഷ്മി പണ്ഡിറ്റ്, രേണുക റേ, രാധാബായി സുബ്ബരായൻ, അമ്മു സ്വാമിനാഥൻ, വയലറ്റ് ആൽവ, ഡോ. സീത പരമാനന്ദ്, രേണു ചക്രവർത്തി, ജയശ്രീരായ്ജി, ഉമ നെഹ്റു, ഇന്ദിര മായാദേവ്, താരകേശ്വരി സിൻഹ, സാവിത്രി നിഗം, ചന്ദ്രാവതി ലഖാൻപാൽ, ലീലാവതി മുൻഷി, ആനി മസ്ക്രീൻ, ലക്ഷ്മി മേനോൻ, നഫീസത്തുബീവി, പ്രതിഭ പാട്ടീൽ, ഭാരതി ഉദയഭാനു, മീരാകുമാർ, കെ.ആർ. ഗൗരി, ജയലളിത, മായാവതി, മമത ബാനർജി മുതലായവർ ഇന്ത്യയുടെ പ്രസിഡൻറ് പദവിയിലും കേന്ദ്ര മന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും അംഗങ്ങളായും മുഖ്യമന്ത്രിമാരായും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലും പ്രാഗല്ഭ്യം തെളിയിച്ചവരാണ്. ഉന്നതപദവികൾ അലങ്കരിച്ച വനിതകളുടെ പേരുകൾ ഇവിടെ അവസാനിക്കുന്നില്ല.
വനിതാവകാശ നിയമം -ആഗോളതലത്തിൽ വനിതകൾക്ക് പുരുഷന്മാർക്കൊപ്പം അവസരങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താൻ ഓരോ രാജ്യത്തെയും ഭരണകൂടത്തെ േപ്രരിപ്പിക്കാൻ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സാമ്പത്തിക സാമൂഹിക സമിതി 1946ലാണ് വനിതകളുടെ പദവി ഉയർത്തൽ കമീഷന് രൂപംനൽകിയത്. 1967 നവംബർ ഏഴിന് ഐക്യരാഷ്ട്ര സംഘടന ഐകകണ്ഠ്യേന യു.എൻ സ്ത്രീവിവേചന ഉന്മൂലനപ്രഖ്യാപനം അംഗീകരിക്കുകയുണ്ടായി. സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അവരുടെ പദവി ഉയർത്താൻ പ്രത്യേകമായ ഒരു നിയമം 1979 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. 1981 സെപ്റ്റംബർ മൂന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു.
സാമ്പത്തികം, സാംസ്കാരികം, സാമൂഹികം, രാഷ്ട്രീയം, ഭരണാധികാരം എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ സ്ത്രീ–പുരുഷ തുല്യതയുടെ അടിസ്ഥാനത്തിൽ വനിതകൾ അംഗീകരിക്കപ്പെടാതിരിക്കുകയോ മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യവും അനുഭവിക്കുകയോ ചെയ്യുന്നതിൽനിന്ന് ലിംഗഭേദം മൂലം നഷ്ടമോ കോട്ടമോ ഉളവാക്കുകയോ ചെയ്യുന്നതിനെയാണ് സ്ത്രീകൾക്കെതിരായ വിവേചനം എന്ന് നിർവചിച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധമായ സർവവിധ വിവേചനങ്ങളും അവസാനിപ്പിക്കുക, വനിതകൾക്ക് മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കുക, പൊതുതെരഞ്ഞെടുപ്പുകൾ, ഹിതപരിശോധനകൾ, നയരൂപവത്കരണം എന്നിവയിൽ പങ്കെടുക്കാനും ഭരണതലങ്ങളിൽ ഔദ്യോഗികസ്ഥാനം വഹിക്കാനും പൊതുജീവിതവുമായി ബന്ധമുള്ള എല്ലാ കർമമേഖലകളിലും പങ്കാളിത്തമനുഭവിക്കാനും സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുക, സ്ത്രീകളുടെ തൊഴിലവകാശം സംരക്ഷിക്കുക, വിവാഹം, കുടുംബബന്ധങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ വിവേചനം അവസാനിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച സ്ത്രീവിവേചന ഉന്മൂലന ഉടമ്പടിയാണ് വിവിധ രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ 1981 സെപ്റ്റംബർ മൂന്നിന് നിലവിൽവന്ന നിയമം.
മാർച്ച് 21 വനദിനം
സസ്യങ്ങളും ജന്തുക്കളും ചേർന്ന ആവാസ വ്യവസ്ഥയാണ് വനം. ഭൂമിയുടെ ശ്വാസകോശങ്ങളെന്നാണ് വനങ്ങൾ അറിയപ്പെടുക. ചെറുസസ്യങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളും പന്നൽച്ചെടികളും പുൽമേടുകളും തിങ്ങിനിറഞ്ഞതാണ് ഇവ. നിത്യഹരിതവനമായും ഇലപൊഴിയും കാടുകളായും മഴക്കാടുകളായും ഭൂമിക്ക് തണലൊരുക്കുന്ന ഇവ, ഭൂമിയിലെ ഒട്ടനേകം ജീവജാലങ്ങളുടെ വാസഗൃഹമാണ്. വനവും മനുഷ്യരും മറ്റു ജീവജാലങ്ങളും പരസ്പര പൂരകങ്ങളായി ജീവിക്കുമ്പോഴാണ് പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ സാധിക്കുക.
വനനശീകരണത്തിൽനിന്നും വനങ്ങളെ സംരക്ഷിക്കുകയെന്നതാണ് വനദിനത്തിന്റെ ലക്ഷ്യം. എല്ലാ വർഷവും മാർച്ച് 21 വനദിനമായി ആചരിച്ചുപോരുന്നു. ഉഷ്ണമേഖല മഴക്കാടുകൾ/നിത്യഹരിത വനങ്ങൾ, ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ/മൺസൂൺ വനങ്ങൾ, ഉഷ്ണമേഖല മുൾവനങ്ങൾ, കണ്ടൽക്കാടുകൾ എന്നിങ്ങനെ വനങ്ങളെ തരംതിരിച്ചിരിക്കുന്നു.
വനമെന്ന ഓക്സിജൻ -കാടായിരുന്നു മനുഷ്യന്റെ ആദ്യ തറവാടെന്നാണ് പൊതുവെ പറയുക. മനുഷ്യന്റെ നിലനിൽപിനെ പ്രത്യക്ഷമായും പരോക്ഷമായും വനങ്ങൾ സ്വാധീനിക്കുന്നു. നമ്മുടെ ജീവവായുവായ ഓക്സിജൻ നൽകുന്നതിൽ മരങ്ങൾ നൽകുന്ന പങ്ക് നമുക്കറിയാം. വനങ്ങളില്ലെങ്കിൽ മനുഷ്യന്റെ നിലനിൽപുതന്നെ അപകടത്തിലാകും.
വന്യജീവികളുടെയും വിവിധയിനം സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് വനങ്ങൾ. കൂടാതെ, മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപിനായി പോഷകങ്ങൾ, ഭക്ഷണം, ഇന്ധനം തുടങ്ങിയവ നൽകുന്നു. ആഗോളതാപനത്തിൽനിന്ന് ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നതിലും വനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കാലാവസ്ഥ വ്യതിയാനം ലോകത്തിനുതന്നെ ഭീഷണിയായി മാറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് വനനശീകരണം. മാറിമാറി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണം വനനശീകരണം തന്നെ.
വനനശീകരണം -ജൈവ വൈവിധ്യ സമ്പന്നമായ വനങ്ങൾ നാശത്തിന്റെ പാതയിലാണ്. ജീവജാലങ്ങൾ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലാണ് ഇതിന്റെ പ്രധാന കാരണം.
മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് കാത്തുസുക്ഷിക്കുന്നത് മണ്ണിൽ പടരുന്ന സസ്യവേരുകളാണ്. ഓരോ മരവും വെട്ടിമുറിക്കപ്പെടുമ്പോൾ, വനങ്ങൾ കൈയേറുമ്പോൾ ജീവന്റെ നിലനിൽപാണ് ഇല്ലാതാക്കുന്നെതന്ന് നാം ഓർക്കണം.
‘പൊൻമുട്ടയിടുന്ന താറാവിന്റെ’ കഥപോലെയാണ് വനനശീകരണവും വീണ്ടുവിചാമില്ലാതെ വനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ അവ മണലാരണ്യങ്ങളായി മാറാൻ അധിക സമയം വേണ്ട. ഇന്ന് നാം അനുഭവിക്കുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലും ജലപ്രളയവും വരൾച്ചയും തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെയെല്ലാം പ്രധാന കാരണം വനനശീകരണമാണ്. നിരന്തര വേട്ടയാടലും ആവാസവ്യവസ്ഥയിൻമേലുള്ള മനുഷ്യന്റെ കടന്നുകയറ്റവും അനേകം ജീവജാലങ്ങൾക്കും ഭീഷണിയാകുന്നു.
സസ്യജന്തുജാലങ്ങളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനങ്ങൾ, വന്യമൃഗസങ്കേതങ്ങൾ, ബയോസ്ഫിയർ റിസർവുകൾ തുടങ്ങി അനേകം വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്. ഇവയെ നശിപ്പിക്കാതെ സൂക്ഷിക്കണം.
മാർച്ച് 22 ജലദിനം
ജലത്തെ ജീവന്റെ അമൃതം (ELIXIR OF LIFE) എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിയിൽ ജീവൻ ഉണ്ടായതിനും ജീവൻ നിലനിൽക്കുന്നതിനും പിന്നിൽ ജലമാണ്. ജലംകൊണ്ട് സമൃദ്ധമായിരുന്നു പണ്ട് നമ്മുടെ നാടെങ്കിൽ ഇന്ന് നമ്മൾ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് ജലവും ജലത്തിന്റെ ലഭ്യതയിലെ കുറവും ജലമലിനീകരണവും. എല്ലാവർഷവും മാർച്ച് 22 നാണ് ജലദിനം ആചരിക്കുക.
ഭൂമിയിലെ ജലത്തിൽ 97 ശതമാനവും സമുദ്രജലമാണ്. രണ്ടു ശതമാനത്തോളം ജലം ഹിമാനികളിൽ പെട്ടിരിക്കുന്നു. ബാക്കിവരുന്ന ഒരുശതമാനം മാത്രമാണ് ശുദ്ധജലം. ഈ ശുദ്ധജലത്തിന്റെ കൂട്ടത്തിൽ പ്രധാനമാണ് ഭൂമിയുടെ ഉപരിതലത്തിന്റെ അടിയിലായി കാണപ്പെടുന്ന ഭൂഗർഭജലം എന്ന് പറയപ്പെടുന്ന ഭാഗം. പ്രകടമല്ലാത്ത, അദൃശ്യമായ സമ്പത്താണ് ഭൂഗർഭജലം. ലോകത്തെ കുടിവെള്ളത്തിന്റെ പകുതിയോളം വഹിക്കുന്നത് ഭൂഗർഭസ്രോതസ്സാണ്. കൂടാതെ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ 40 ശതമാനവും വ്യവസായശാലകൾക്കാവശ്യമായ മൂന്നിൽ ഒരു ഭാഗവും ഭൂഗർഭജലമാണ് സാധ്യമാക്കുന്നത്. ഒപ്പം ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, നദികളിലെ ഒഴുക്കിനെ സ്വാധീനിക്കുക എന്നിങ്ങനെ പലതരത്തിലുള്ള ധർമങ്ങൾ ഭൂഗർഭജലം നിർവഹിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഒരുപരിധിവരെ ഭൂഗർഭജലത്തെ ആശ്രയിച്ചിരിക്കുന്നു.
ജലം മനുഷ്യശരീരത്തിലും -മനുഷ്യശരീരത്തിന്റെ 60 ശതമാനം ജലമാണ്. അത് വെള്ളമായും രക്തമായും മറ്റു പല രൂപത്തിലും ശരീരത്തിൽ അടങ്ങിയിരിക്കുന്നു. ആഹാരമില്ലാതെ രണ്ടോ മൂന്നോ ആഴ്ചകൾ നമുക്ക് ജീവിക്കാമെങ്കിൽ വെള്ളമില്ലാതെ മൂന്നോ നാലോ ദിവസത്തിനപ്പുറം മനുഷ്യന് ജീവൻ നിലനിർത്താനാവില്ല. ജീവാമൃതമാണ് ജലമെങ്കിലും ശുദ്ധമല്ലാത്ത ജലം മൂലം ലോകത്ത് ഓരോ മണിക്കൂറിലും ഇരുനൂറോളം കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളും കുട്ടികളും ഒരുദിവസം ജലം ശേഖരിക്കുന്നതിനായി നടക്കുന്ന ദൂരം കണക്കാക്കിയാൽ പതിനാറുതവണ ചന്ദ്രനിൽ പോയിവരുന്ന ദൂരത്തിന് സമാനമാണെന്ന് കണക്കുകൾ പറയുന്നു. ലോകത്തെ ജലത്തെ മുഴുവൻ ഒരു നാലു ലിറ്റർ ജഗ്ഗിൽ നിറച്ചെടുത്താൽ അതിൽ വെറും ഒരു സ്പൂൺ വെള്ളത്തിന്റെയത്ര മാത്രമാണ് ശുദ്ധജലത്തിന്റെ അളവ് ഉണ്ടാവുക.
ജലദിനം തുടക്കം -1992ൽ ആണ് ജലദിനത്തിന്റെ തുടക്കം. ആ വർഷം നടന്ന റിയോ ഡി ജെനീറോ യു.എൻ പരിസ്ഥിതി വികസന കോൺഫറൻസിലാണ് ജലദിനത്തിന്റെ ആശയം മുന്നോട്ടുവെക്കുന്നത്. ആ വർഷം തന്നെ അത് ഐക്യരാഷ്ട്രസംഘടന ജനറൽ അസംബ്ലി അംഗീകരിക്കുകയും മാർച്ച് 22 ജലദിനമായി ആചരിക്കാൻ പ്രമേയം പാസാക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1993 മുതൽ മാർച്ച് 22 ജലദിനമായി ആചരിക്കുന്നു.
ഭൂഗർഭജലം: അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് -ഭൂഗർഭജലം അദൃശ്യമെങ്കിലും അതിന്റെ സ്വാധീനം എവിടെയും അനുഭവിക്കാനാവും. ഭൂഗർഭജലം കാഴ്ചയുടെ പരിധിയിൽ കാണാനാകില്ല. എന്നാൽ, ഭൂമിയിൽ അവയുടെ സ്വാധീനം എവിടെയും കാണാനാവും. അദൃശ്യമായ ഈ വലിയ ജലനിധിയിലേക്ക് വെളിച്ചം വീശുകയാണ് ‘ഭൂഗർഭജലം: അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക്’ എന്ന ഈ ജലദിനത്തിന്റെ ആപ്തവാക്യം. ഭൂഗർഭജലത്തെപ്പറ്റി അവബോധം ഉയർത്തിക്കൊണ്ടുവന്ന് അതിനെ സംരക്ഷിക്കാനും കണ്ടെത്തി ക്രിയാത്മകമായി ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് പ്രധാന ഉദ്ദേശ്യം.
ഒരുതുള്ളിയിൽ ഒരു ബില്യൺ ജീവനുകൾ -ഒരുതുള്ളി വെള്ളത്തിൽ ജീവൻ ഉണ്ടാകുമോ? ഒന്നും രണ്ടുമല്ല, ഒരു മില്യണിലധികം സൂക്ഷ്മജീവികൾക്ക് ജീവിക്കാൻ ഒരുതുള്ളി വെള്ളം തന്നെ ധാരാളം. ബാക്ടീരിയ, ആൽഗകൾ, വൈറസുകൾ, പ്രോട്ടോസോവകൾ എന്നിങ്ങനെ എല്ലാത്തരം സൂക്ഷ്മജീവികൾക്കും ആശ്രയമാണ് ജലം. ജലത്തെ സാർവത്രിക ലായനിയായാണ് കണക്കാക്കുന്നത്. മറ്റെല്ലാ ദ്രാവകരൂപത്തിലുള്ളവയെക്കാൾ കൂടുതൽ പദാർഥങ്ങളെ ലയിപ്പിക്കാൻ ജലത്തിന് കഴിയും.
ജലവും ഐസും തമ്മിൽ -ജലത്തിന്റെ ഖരാവസ്ഥയിലെ രൂപമാണ് ഐസ്. എല്ലാ ഖരവസ്തുക്കളും ജലത്തിൽ മുങ്ങിപ്പോകുമ്പോൾ ഐസ് മാത്രം പൊങ്ങിക്കിടക്കും. സാധാരണയായി ഒരു ഖരവസ്തുവിൽ അതിലെ ആറ്റങ്ങൾ അടുത്തടുത്തായി അടുക്കിവെച്ചിരിക്കുന്നതിനാൽ അതിന്റെ സാന്ദ്രത കൂടുതലായിരിക്കും. അതിനാൽ ഒട്ടുമിക്ക ഖരവസ്തുക്കളും ജലത്തിൽ മുങ്ങിപ്പോകുന്നു. എന്നാൽ, ഖരവസ്തു ആയിരുന്നിട്ടും ഐസ് മുങ്ങിപ്പോകാത്തതിന് കാരണം ജലത്തിന്റെ ഊഷ്മാവ് കുറയുമ്പോൾ തന്മാത്രകൾ വളയങ്ങൾ പോലെയുള്ള രൂപം ഉണ്ടാക്കുന്നു. ആ രൂപത്തിൽ അവയിൽ ധാരാളം പൊള്ളയായ മേഖലകൾ അടങ്ങിയിരിക്കുന്നു. അത്തരം പൊള്ളയായ സ്ഥലങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണ് വെള്ളത്തിലിട്ട ഐസ് പൊങ്ങിക്കിടക്കുന്നത്.
ഭൂഗുരുത്വബലത്തെ ധിക്കരിക്കുമ്പോൾ -ഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂഗുരുത്വബലത്തെ അനുസരിക്കുമ്പോൾ സസ്യങ്ങളിലെ ജലം ഭൂഗുരുത്വബലത്തെ ധിക്കരിക്കുന്നു. വേരുകൾ വലിച്ചെടുക്കുന്ന ജലം എങ്ങനെയാണ് ഏറ്റവും മുകളിലുള്ള ഇലകളിൽ വരെ എത്തുന്നത്? അതിനുപിന്നിലെ കാരണം ജലത്തിന്റെ തന്മാത്രകൾ തമ്മിലുള്ള പശിമയുടെ (STICKY) പ്രത്യേകത മൂലമാണ്. സസ്യങ്ങളിലെ സൈലം (XYLEM) എന്ന ചെറിയ കുഴലുകളിലൂടെ ഈ പശിമയുടെ സഹായത്തോടെയാണ് ജലത്തിന് മുകളിലേക്ക് സഞ്ചരിക്കാൻ കഴിയുന്നത്. കൂടാതെ ഇലകളിലെ ആസ്യരന്ധ്രങ്ങളിലൂടെ ജലം നഷ്ടപ്പെടുന്നതനുസരിച്ച് ആ ഭാഗത്തേക്ക് ജലം കൂടുതലായി എത്തുകയും അതിനനുസരിച്ച് ജലം മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ജലത്തുള്ളികൾ ഗോളാകൃതിയിൽ ഇരിക്കുന്നതും തന്മാത്രകളിലെ ഈ പശിമമൂലമാണ്. ജലത്തിന്റെ ഈ സ്വഭാവത്തിനെ പ്രതലബലം (SURFACE TENSION) എന്നാണ് പറയുന്നത്.
കാലാവസ്ഥാ ദിനം മാർച്ച് 23
മനുഷ്യന്റെ ഇടപെടൽ ഭൗമാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നു എന്നും പ്രകൃതിയെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാനാകുമെന്നും ഓർമിപ്പിക്കാനാണ് കാലാവസ്ഥാ ദിനം. ലോക കാലാവസ്ഥ സംഘടന (ഡബ്ല്യൂ.എം.ഒ) സ്ഥാപിച്ചതിന്റെ ഓർമക്കാണ് കാലാവസ്ഥദിനം ആചരിക്കുന്നത്. 1950 മാർച്ച് 23നാണ് ഡബ്ല്യൂ.എം.ഒ നിലവിൽ വന്നത്. 193 അംഗങ്ങളുള്ള സംഘടനയാണ് ഡബ്ല്യൂ.എം.ഒ. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ആസ്ഥാനം.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒരേ അർഥത്തിലാണ് പലപ്പോഴും ഉപയോഗിക്കുക. പക്ഷേ, ഇവ രണ്ടും രണ്ടാണെന്നതാണ് വാസ്തവം. ആഗോളതാപനം കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരുഘടകം മാത്രമാണ്.
മാറിവരുന്ന കാലാവസ്ഥയോടും ഏറിവരുന്ന ആഗോളതാപനത്തോടും ഭൂമി പൊരുതുകയാണ്. ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ഭൂമി കടന്നുപോകുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്കുതന്നെയും ദോഷകരമാകുന്നതാണ് ഈ വ്യതിയാനങ്ങൾ. ഹരിതഗൃഹ പ്രഭാവത്തിന്റെയും എൽ നിനോ പ്രതിഭാസത്തിന്റെയും ഫലമാണ് നിലവിലെ കാലാവസ്ഥാവ്യതിയാനത്തിന് പിന്നിലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പസഫിക് സമുദ്രത്തിലെ രണ്ട് പ്രതിഭാസങ്ങളാണ് എൽ നിനോയും, ലാ നിനായും. ലാ നിനാ പ്രകാരം അളവിലും കൂടുതൽ മഴയാകും ലഭിക്കുക. ഇതിന് നേർ വിപരീതമായ എൽ നിനോയിൽ മഴ ക്രമാതീതമായി കുറവായിരിക്കും. ഇവക്കു പുറമെ ഭൂഖണ്ഡങ്ങളുടെ വലിവ് (continental drift), അഗ്നിപർവതങ്ങൾ, ഭൂമിയുടെ ചെരിവ്, സമുദ്രത്തിലെ ജലപ്രവാഹങ്ങൾ എന്നിവയും കാലാവസ്ഥ വ്യതിയാനത്തിന് കാരണങ്ങളാണ്. ഹരിതഗൃഹപ്രഭാവം, കൽക്കരി - പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം, രാസവള ഉപയോഗം തുടങ്ങിയ മനുഷ്യ ഇടപെടലുകളും കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണമാകുന്നു.
ആഗോളതാപനം -ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്ന പ്രതിഭാസമാണ് ആഗോളതാപനം. ഓരോ വർഷം കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയർന്നുവരുന്നത് കാണാനാകും. ഈ രീതി വരുംവർഷങ്ങളിലും തുടരും. അതായത് താപനില വരുംവർഷങ്ങളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയാകുമെന്ന് സാരം. ഭൂമിയിൽ ജീവൻ ഉടലെടുത്തത് മുതൽ കാലാവസ്ഥയിൽ വ്യതിയാനങ്ങളുണ്ടായിട്ടുണ്ടെന്നും വ്യവസായികവിപ്ലവത്തിന് ശേഷം മനുഷ്യരുടെ ഇടപെടലുകൾ മൂലം കാലാവസ്ഥ വ്യതിയാനം രൂക്ഷമായെന്നും നമുക്കറിയാം.
ശരാശരി താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ അധികം കൂടിയാൽ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. തീരദേശങ്ങളിലുള്ളവരായിരിക്കും ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുക. നിരവധി രാജ്യങ്ങളിൽ തീവ്രമായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകുകയും മഴക്കാടുകൾ പൂർണമായും ഇല്ലാതാകുകയും ചെയ്യും. കടലുകളിലെ പവിഴപ്പുറ്റുകളും ചിപ്പികളും നശിക്കുകയും ഭക്ഷ്യശൃംഖല മുറിയുകയും ചെയ്യുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
27 ലോക നാടക ദിനം
ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്നാണ് നാടകം. സിനിമയുടെ വെള്ളിവെളിച്ചത്തിന് മുമ്പ് ഒരു നാടിനെയാകെ സ്വാധീനിച്ചിരുന്ന കലയാണ് നാടകങ്ങൾ. ഇന്നു കാണുന്നതരത്തിൽ സമൂഹത്തെ നവീകരിച്ചതിൽ നാടകങ്ങൾക്ക് വലിയ പങ്കുണ്ട്. ടെലിവിഷനുകളും യുട്യൂബുമൊക്കെ സജീവമാകും മുമ്പ് ഒരുതലമുറയെ ഹരംകൊള്ളിച്ചിരുന്നത് റേഡിയോയിലും ഉത്സവങ്ങളിലും കണ്ടും കേട്ടുമിരുന്ന നാടകങ്ങളായിരുന്നു. ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്നായാണ് നാടകം അറിയപ്പെടുന്നത്. ഒരുതരം അനുഷ്ഠാനമായി പ്രാചീനകാലത്തുതന്നെ രൂപംകൊണ്ട നാടകം ഇന്നീ കാണുന്നതരത്തിലേക്ക് മാറിയത് ഒരുപാട് സഞ്ചരിച്ചാണ്.
ആധുനിക യൂറോപ്യൻ സംസ്കാരത്തിന് അടിത്തറ പാകിയ പ്രാചീന ഗ്രീസാണ് നാടകകല ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതെന്ന് പഠനങ്ങൾ പറയുന്നു. പ്രാചീനഗ്രീസിലെ ജനങ്ങൾ ദേവതകൾക്ക് ബലി അർപ്പിക്കാൻ പാട്ടുപാടിയും ചുവടുവെച്ചും തുടങ്ങിയ ചടങ്ങ് കലാപരമായി വികസിച്ചപ്പോൾ നാടകമായി. നമ്മുടെ രാജ്യത്തിനും നാടകത്തിെൻറ ചരിത്രം പറയാനുണ്ട്. പ്രാചീന ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാർ സന്ധ്യാസമയത്ത് ഒത്തുകൂടി തീകൂട്ടി ഭക്ഷ്യവസ്തുക്കൾ വേവിച്ച് ഭക്ഷിച്ചതിനുശേഷം അഗ്നികുണ്ഠത്തെ വലംവെച്ച് പാടുകയും ആടുകയും ചെയ്തിരുന്നു. ക്രമേണയിത് കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയനാടകം ഉത്ഭവിച്ചതെന്നും ഗവേഷകർ പറയുന്നു. ചൈനയിലും ജപ്പാനിലും സമാനമായി പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളിൽനിന്നാണ് നാടകമുണ്ടായതെന്നും പറയുന്നു.
ബി.സി 1500നുമുമ്പുതന്നെ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ (Abydos Passion Play) എന്നറിയപ്പെടുന്ന ഒരുതരം നാടകം അവതരിപ്പിച്ചിരുന്നു. നടുക്ക് വേദിയും ചുറ്റും ഇരിപ്പിടങ്ങളും വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ നിർമിച്ച ആംഫി തിയറ്ററുകളെന്നറിയപ്പെടുന്ന പ്രദർശനശാലകളിലാണ് നാടകം വളർന്നത്. നാടകം കണ്ടുകൊണ്ടിരിക്കുന്ന സദസ്യരിലും വൈകാരിക പ്രതികരണങ്ങൾ ഉണർത്താൻ കോറസ് സംഘങ്ങളുണ്ടായി. ജനങ്ങൾക്കൊപ്പം അന്നത്തെ ഭരണാധികാരികൾ നാടകങ്ങൾക്ക് നൽകിയ പ്രേത്സാഹനമാണ് ഈ മേഖലയുടെ വളർച്ചക്ക് കാരണം. സമൂഹത്തിൽ നിലനിന്നിരുന്ന തിന്മകൾക്കെതിരെ ശബ്ദമുയർത്തിയതോടെ നാടകങ്ങൾ ഇന്നുകാണുന്ന തരത്തിലേക്ക് പടർന്നുപന്തലിച്ചു.
ക്രിസ്തുവിന് മുമ്പ് 534ൽ ഏഥൻസിൽ നടന്നിരുന്ന നാടക മത്സരങ്ങളിലെ വിജയിയായിരുന്ന തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വെച്ച് ആദ്യത്തെ നടനും നാടകകൃത്തുമായി അറിയപ്പെടുന്നത്. ദുരന്തനാടകം, ആക്ഷേപഹാസ്യ നാടകം, ശുഭാന്ത്യ നാടകം എന്നിങ്ങനെ ഗ്രീക്ക് നാടകങ്ങളെ വേർതിരിച്ചിരുന്നു.m പ്രാചീന ഗ്രീസിൽ ട്രാജഡികൾക്കും കോമഡികൾക്കും ഒരുപോലെ പ്രോത്സാഹനം ലഭിച്ചെങ്കിലും ട്രാജഡികളാണ് പിൽക്കാലത്ത് മഹത്തരമായത്.
വേദകാലം മുതൽതന്നെ ഇന്ത്യയിൽ നാടകങ്ങൾ ആരംഭിച്ചിരുന്നു. പുരോഹിതന്മാർ പ്രത്യേകവേഷങ്ങളണിഞ്ഞ് യജ്ഞം നടത്തുകയും കർമാനുഷ്ഠാനങ്ങൾ ആചാരപൂർവം നടത്തുകയും ചെയ്തതായി കരുതുന്നു. പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യെൻറ പ്രധാനമന്ത്രിയുമായിരുന്ന ചാണക്യെൻറ അർഥശാസ്ത്രത്തിൽ സംഗീതം, നാടകം എന്നിവയെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുണ്ട്. ഭരതമുനിയുടെ നാട്യശാസ്ത്രമാണ് ഭാരതീയ നാട്യകലയുടെ വേദപുസ്തകമായി അറിയപ്പെടുന്നത്.
ബുദ്ധമത പ്രചാരണത്തിനായി ആശ്വഘോഷൻ രചിച്ച നാടകങ്ങൾ ഭാരതീയ നാടകവേദിയുടെ പ്രാചീനസംഭാവനകളാണ്. ഭാസനും ശൂദ്രകനും കാളിദാസനും ചേർന്ന കാലഘട്ടത്തെ ഭാരതീയ നാടകവേദിയുടെ സുവർണകാലമെന്ന് വിശേഷിപ്പിക്കുന്നു. കാളിദാസെൻറ ശാകുന്തളം നാടകം ലോകപ്രശസ്തമാണ്.
തമിഴ് നാടകങ്ങളിലൂടെയാണ് മലയാള നാടകരംഗം വളർന്നത്. വള്ളിത്തിരുമണം, പവിഴക്കൊടി, ഗുലേബക്കാവലി തുടങ്ങിയ നാടകങ്ങളും കിട്ടപ്പ, ത്യാഗരാജഭാഗവതര്, സരസ്വതിഭായി- രത്നഭായി സഹോദരങ്ങളും മലയാളിപ്രേക്ഷകരെ സ്വാധീനിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിെൻറയും തമിഴ് സംഗീത നാടകസംസ്കാരത്തിെൻറയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങൾ. ഷേക്സ്പിയർ കൃതിയായ കോമഡി ഒാഫ് എറേഴ്സിെൻറ പരിഭാഷ 'ആൾമാറാട്ട'മാണ് മലയാളത്തിലെ ആദ്യനാടക കൃതി. കൊച്ചി ആംഗ്ലിക്കൻ സഭ സ്കൂൾ അധ്യാപകനും പത്തനംതിട്ട സ്വദേശിയുമായ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ആൾമാറാട്ടത്തിെൻറ കർത്താവ്.
ഷേക്സ്പിയർ -വില്യം ഷേക്സ്പിയറിനെ കുറിച്ച് പറയാതെ നാടകചരിത്രം പൂർത്തിയാവില്ല. ലോകചരിത്രത്തിലെ ഏറ്റവും മഹാനായ നാടകകൃത്തും എഴുത്തുകാരനുമാണ് അദ്ദേഹം. 38 നാടകങ്ങളും 154 ഗീതകങ്ങളും കാവ്യങ്ങളും അദ്ദേഹം ലോകത്തിനായി സമ്മാനിച്ചു. കിങ് ലിയർ, ഹാംലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ചനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കൃതികൾ ദുരന്തം, ചരിത്രം, ഹാസ്യം, പ്രണയം എന്നിവയായി തരം തിരിച്ചിരിക്കുന്നു. ദുരന്തനാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ കഴിവുകാട്ടിയ പ്രതിഭാശാലിയാണ് അദ്ദേഹം.
ഷേക്സ്പിയറുടെ ജീവിതകാലത്തുതന്നെ പ്രധാനപ്പെട്ട കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ലോകംമുഴുവൻ ഉയർന്നത്. ഏപ്രിൽ 1564ൽ സ്നിറ്റർഫീൽഡിലെ കൈയുറ നിർമാതാവ് ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായാണ് ജനനം. ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്ന സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി പള്ളി സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.
തെരുവുനാടകം -നഗരത്തിൽ വട്ടംകൂടിയിരിക്കുന്ന ആൾക്കൂട്ടത്തിന് നടുവിലായി നാടകം കളിക്കുന്നവരെ കണ്ടിട്ടില്ലേ, പരിസ്ഥിതി സംഘടനകളും രാഷ്ട്രീയപാർട്ടികളുമെല്ലാം തെരുവുനാടകങ്ങളുമായി എത്താറുണ്ട്. തെരുവിനെ അരങ്ങാക്കി അരങ്ങേറുന്ന നാടകങ്ങളാണ് തെരുവുനാടകങ്ങൾ. ജനകീയ പ്രസ്ഥാനങ്ങളെ പോഷിപ്പിക്കുന്നതാണ് ഇവ. സാധാരണ നാടകങ്ങളിൽനിന്ന് വ്യത്യസ്തമായി മുൻകൂട്ടി അറിയിച്ചും തീരുമാനിച്ചും എത്തുന്നവരാകില്ല ഇത്തരം നാടകത്തിെൻറ പ്രേഷകർ. വാചികം, ആംഗികം എന്നീ അഭിനയ രീതികൾക്കാണ് തെരുവുനാടകത്തിൽ പ്രാധാന്യം കൂടുതൽ. ചുറ്റും കൂടിനിൽക്കുന്ന സാധാരണക്കാരായ കാണികൾക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ രംഗഭാഷയാണ് ഉപയോഗിക്കുക. നാടകം, നടൻ, പ്രേക്ഷകൻ എന്നീ മൂന്ന് ഘടകങ്ങളും തെരുവുകളിൽ അതിർവരമ്പില്ലാതെ അടുത്തിരിക്കും. അതുകൊണ്ടുതന്നെ അഭിനേതാക്കൾക്ക് കഠിനമായ പരിശ്രമം വേണ്ടിവരുന്ന നാടകങ്ങളാണിവ. ചെണ്ടമുട്ടിയും പാട്ടുപാടിയും ഒക്കെയാണ് കാഴ്ചക്കാരെ കൂട്ടുക. വിപ്ലവശേഷമുള്ള റഷ്യൻ നാടക പ്രവർത്തകരാണ് അത്തരം നാടകങ്ങളുടെ ആദ്യ വക്താക്കളെന്ന് കരുതുന്നു.
ചവിട്ടുനാടകം- ചുവടുകൾക്ക് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. ബൈബിളിൽനിന്നോ ചരിത്രത്തിൽനിന്നോ ഉള്ള കഥകളാണ് ചവിട്ടുനാടകത്തിൽ പ്രധാനം. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തുചേരുന്നതാണ് പ്രകടനങ്ങൾ. ഇത്തരം കലാകാരൻമാർ കഥയേക്കാൾ മുമ്പേ ആയുധാഭ്യാസങ്ങളാണ് പഠിച്ചെടുക്കുക. ചെണ്ട, കൈമണി പ്രധാനമായും ഉപയോഗിക്കുന്നു. പോർചുഗീസുകാരുടെ വരവോടെയാണ് ഇവ കേരളത്തിൽ രൂപംകൊണ്ടത്. തട്ടുപൊളിപ്പൻ എന്നും ചവിട്ടുനാടകം അറിയപ്പെടുന്നു.
കാക്കാരിശ്ശി നാടകം -മധ്യതിരുവതാംകൂറിന് തെക്കോട്ടുള്ള പ്രദേശങ്ങളിൽ സജീവമായ ഒരു നാടൻ കലയാണിത്. നാടോടികളും അവഗണിക്കപ്പെട്ടവരുമായ കാക്കാല സമുദായത്തിെൻറ തനതു കലാരൂപമാണ്. കല്ലറ, വിതുര, പേരയം തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ മലവേട വിഭാഗത്തിൽപെട്ടവരും ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ കുറവരുമാണ് പ്രധാനമായും ഈ നാടോടി കലാരൂപം അവതരിപ്പിക്കുന്നത്. കറുപ്പുടുത്ത് കരിപൂശി മുഖത്ത് ചുണ്ണാമ്പ് പുള്ളി കുത്തി പ്രാകൃതരീതിയിലാണ് വേഷവിധാനം. കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിൽനിന്നും കാക്കാൻ പ്രവേശിക്കുന്നതോടെയാണ് നാടകത്തിന് തുടക്കം. തുടർന്ന് ശബ്ദത്തിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന തമ്പുരാനും കാക്കാനും തമ്മിലുള്ള സംഭാഷണങ്ങളാണ് ഇതിൽ അവതരിപ്പിക്കുക.
പൊറാട്ടുനാടകം -പുറത്തെ ആട്ടാണ് പൊറാട്ടായി മാറിയത്. പാലക്കാടിെൻറ തനതു കലാരൂപമാണിത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളാണ് വേദി. നിത്യജീവിതത്തിലെ സംഭവങ്ങളാണ് പ്രധാന വിഷയങ്ങൾ. മൃദംഗം, ചെണ്ട, ഇലത്താളം, ഹാർമോണിയം എന്നിവ പശ്ചാത്തലസംഗീതമൊരുക്കും. പാണൻ സമുദായത്തിലുള്ളവർ അവതരിപ്പിക്കുന്നതിനാൽ പാങ്കളി എന്നും അറിയപ്പെടുന്നു. പുരുഷന്മാരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. സ്ത്രീവേഷങ്ങളും പുരുഷൻമാർ തന്നെ കെട്ടിയാടും.
പാവനാടകം -അഭിനേതാക്കൾക്ക് പകരം പാവകൾ അരങ്ങിലെത്തും. ലോകമെങ്ങും പാവനാടകങ്ങൾ പ്രചാരത്തിലുണ്ട്. കേരളത്തിൽ തോൽപ്പാവക്കൂത്തും പാവക്കഥകളിയും പ്രസിദ്ധമാണ്. പാവ തിയറ്ററുകൾ പുരാതന ഈജിപ്തിലാണ് തുടങ്ങിയതെന്ന് കരുതുന്നു.
കേരള സംഗീതനാടക അക്കാദമി -കേരളത്തിന്റെ അതുല്യ കലകളെ നിലനിർത്താനും പരിപോഷിപ്പിക്കാനുമായി ഇ.എം.എസിന്റെ നേതൃത്വത്തിലാണ് തൃശൂരിൽ കേരള സംഗീതനാടക അക്കാദമി സ്ഥാപിച്ചത്. സംഗീതം, നൃത്തം, നാടകം, ക്ഷേത്രകലകൾ, വാദ്യകലകൾ, മാജിക് തുടങ്ങിയ കലകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനും ഇത് പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരിയാണ് അക്കാദമി സ്ഥാപിക്കാൻ മുൻകൈയെടുത്തത്.
മങ്കു തമ്പുരാനായിരുന്നു അക്കാദമിയുടെ ആദ്യ അധ്യക്ഷൻ. പ്രഫ. ജി.ശങ്കരപ്പിള്ള, കെ.ടി. മുഹമ്മദ്, ഡോ. കെ.ജെ. യേശുദാസ്, കാവാലം നാരായണപ്പണിക്കർ, തിക്കോടിയൻ, ഭരത് മുരളി, മുകേഷ്, കെ.പി.എ.സി ലളിത എന്നിവർ പദവി അലങ്കരിച്ചു.
കെ.പി.എ.സി -കേരളത്തിലെ ഒരു പ്രഫഷനൽ നാടകസംഘമാണ് കെ.പി.എ.സി. ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950കളിലാണ് സംഘം രൂപവത്കരിച്ചത്. കെ.പി.എ.സി ലളിത അടക്കമുള്ള നിരവധി പേരാണ് കെ.പി.എ.സിയിലൂടെ കലാരംഗത്തേക്ക് എത്തിയത്. കേരളത്തിൽ കമ്യൂണിസ്റ്റ് ചിന്തകൾ വളർത്തുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, ഒളിവിലെ ഓർമകൾ, എന്റെ മകനാണ് ശരി തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.