ഗാന്ധിയെ അറിയാം ഒപ്പം ഒക്ടോബറിലെ പ്രധാന ദിനങ്ങളും
text_fieldsഒക്ടോബർ
2 ഗാന്ധിജയന്തി, അന്താരാഷ്ട്ര അഹിംസാദിനം
9 ലോക തപാൽദിനം
16 ഭക്ഷ്യദിനം
15 World Maths Day
24 െഎക്യരാഷ്ട്രസഭാദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി, അന്താരാഷ്ട്ര അഹിംസാദിനം
ഗാന്ധി സമാധാനത്തിെൻറയും എളിമയുടെയും മൂർത്തരൂപം. സത്യഗ്രഹം സമരമാക്കിയും അഹിംസ ആയുധമാക്കിയും ക്ഷമ പ്രതിരോധമാക്കിയും ഇന്ത്യയിൽ ജീവിച്ചിരുന്ന പച്ചയായ മനുഷ്യൻ. ഗാന്ധി ലോകത്തിന് നൽകിയ സന്ദേശം തെൻറ ജീവിതമായിരുന്നു. ‘അർധനഗ്നനായ ഫക്കീർ’ ലോകത്തിനുതന്നെ അത്ഭുതമായിരുന്നു. ഒരുപക്ഷേ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ തേൻറതായ ശൈലിയിൽ ഗാന്ധി മുട്ടുമടക്കിപ്പിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽനിന്ന് മഹാത്മയിലേക്കും ഇന്ത്യൻ രാഷ്ട്രപിതാവിലേക്കുമുള്ള പാതകൾ ഇന്ത്യൻ ചരിത്രത്തിലെതന്നെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
നാണംകുണുങ്ങിയായിരുന്നു താനെന്ന് ഗാന്ധി തെൻറ ആത്മകഥയിൽ പറയുന്നുണ്ട്. കരംചന്ദ് ഗാന്ധി-പുത്ലിഭായ് ദമ്പതികളുടെ ഇളയ മകനായി 1869 ഒക്ടോബർ രണ്ടിന് മോഹൻദാസ് ജനിച്ചു. ഗാന്ധിക്ക് ഏഴു വയസ്സുള്ളപ്പോൾ കുടുംബം പോർബന്തറിൽനിന്ന് രാജ്കോട്ടിലേക്ക് പോയി. അങ്ങനെ മോഹൻദാസിെൻറ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായി. ഹൈസ്കൂളിൽ പഠിക്കുേമ്പാഴാണ് ഗാന്ധിയുടെ വിവാഹം നടന്നത്. വധു പോർബന്തറിലെ ഒരു വ്യാപാരിയുടെ മകളായ കസ്തൂർബ.
‘‘മൂന്നു പ്രാവശ്യം എെൻറ വിവാഹ നിശ്ചയം നടത്തിയിട്ടുണ്ടെന്നാണ് ഓർമ. എനിക്കുവേണ്ടി ആലോചിച്ച രണ്ടു പെൺ കുട്ടികൾ മരിച്ചുപോയെത്ര. മൂന്നാമത്തെ വിവാഹം എനിക്ക് ഏഴുവയസ്സുള്ളപ്പോഴാണെന്ന് തോന്നുന്നു’’ -ഗാന്ധി തെൻറ ആത്മകഥയായ ‘എെൻറ സത്യാന്വേഷണ പരീക്ഷണങ്ങളി’ൽ ഇങ്ങനെ പറയുന്നുണ്ട്.
ബാല്യവിവാഹം എന്ന അപകടം ഇന്നത്തെ കുട്ടികൾക്ക് ഉണ്ടാകാത്തതിൽ സന്തോഷിക്കുന്നു -ഗാന്ധി പിൽക്കാലത്ത് ശൈശവ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഗാന്ധിക്ക് വക്കീലാകുന്നതിനുവേണ്ടി ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് സ്വന്തം ജാതിക്കാരുടെ എതിർപ്പ് നേരിടേണ്ടി വന്നു. ജാതി ആചാരങ്ങൾ തെറ്റിച്ച് കടൽകടക്കുന്നത് ബന്നീയ ജാതിക്കാർ വിലക്കിയിരുന്നു. ഇംഗ്ലണ്ടിൽ പോയി വക്കീൽ പരീക്ഷ ജയിച്ച് മോഹൻദാസ് ഹൈകോടതിയിൽ ബാരിസ്റ്ററായി. ബാരിസ്റ്റർ ജോലിയോടൊപ്പം ലണ്ടൻ മെട്രിക്കുലേഷൻ പരീക്ഷക്കും മോഹൻദാസ് പഠിച്ചു. എ.കെ. ബാരിസ്റ്റർ അറ്റ് ലോ ആയി 1891 ജൂൺ 12ന് ഇന്ത്യയിലേക്ക് മടങ്ങി.
ഇന്ത്യയുടെ ഹൃദയം ഗ്രാമത്തിലാണ്. ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു. പറയുക മാത്രമല്ല, ഗാന്ധി പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു.
1893 ഏപ്രിലിൽ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് അഭിഭാഷകനായി യാത്ര തിരിച്ചു. ദക്ഷിണാഫ്രിക്കയിലെ സുപ്രീംകോടതി അഡ്വക്കറ്റാവുക എന്ന ലക്ഷ്യത്തോടെ ഗാന്ധി അപേക്ഷ സമർപ്പിച്ചു. പക്ഷേ, നിയമ സൊസൈറ്റി അതിനെ ശക്തമായി എതിർത്തു. എന്നാൽ, ചീഫ് ജസ്റ്റിസ് സഹായത്തിനെത്തി.
ഗാന്ധിജി സുപ്രീംകോടതി അഡ്വക്കറ്റായി സത്യപ്രതിജ്ഞ ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ഒന്നടങ്കം ഗാന്ധിയുടെ പിന്നിൽ അണിനിരന്നു. അദ്ദേഹം ഒരു സംഘടനക്ക് രൂപം നൽകി. നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (Natal Indian Congress). നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് ശക്തമായ പ്രവർത്തനം കാഴ്ചവെച്ചു.
സത്യഗ്രഹം എന്ന സമരമുറ പ്രായോഗികമാക്കിയ ആളാണ് മഹാത്മ ഗാന്ധി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയാണ്ഗാന്ധി ഈ സഹനസമരം ആദ്യമായി പരീക്ഷിച്ചു വിജയിച്ചത്. ഇന്ത്യയിലെത്തിയ ഗാന്ധിജി അനീതിക്കെതിരെ പ്രതികരിക്കാൻ സത്യഗ്രഹം ആയുധമാക്കി. ഇന്ത്യൻ സ്വാതന്ത്ര്യ സമരരംഗത്തും സത്യഗ്രഹം വിജയം കണ്ടു.
സത്കർമത്തിനുള്ള നിഷ്ഠ എന്ന അർഥം വരുന്ന സത്യഗ്രഹം എന്ന പദം ശ്രീ മഗൻലാലാണ് ഗാന്ധിക്ക് നിർദേശിച്ചുനൽകിയത്. 1917ൽ ചമ്പാരനിലെ നീലം കർഷകർക്ക് വേണ്ടിയായിരുന്നു ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹ സമരം. ഇന്ത്യക്കാർ അവെൻറ പെരുമാറ്റത്തിൽ ശുചിത്വം പാലിക്കാറില്ലെന്നും വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാറില്ലെന്നുമാണ് പരാതി. ശുചീകരണ പ്രവർത്തനങ്ങളിൽ ഗാന്ധി ഒരു മടിയുമില്ലാതെ മുന്നിട്ടിറങ്ങി. അതിനൊരുദാഹരണം ഇതാണ്: ബോംബെയിൽ പ്ലേഗ് രോഗം പടർന്നുപിടിച്ചുകൊണ്ടിരുന്ന സമയം. ആളുകൾ പരിഭ്രാന്തരായി. സന്നദ്ധ സേവനത്തിന് ഗാന്ധി മുന്നിട്ടറങ്ങി. ശുചീകരണ വകുപ്പിനെ സമീപിച്ച് തെൻറ സേവനം വാഗ്ദാനം ചെയ്തു. വകുപ്പിലെ ആളുകൾക്കൊപ്പം വീടുകളിലും ചേരികളിലും അദ്ദേഹം ശുചീകരണത്തിൽ മുഴുകി.
1920ൽ ഗാന്ധി ഇന്ത്യയിലെ യുവാക്കളോട് ഇങ്ങനെ ആഹ്വാനം ചെയ്യുകയുണ്ടായി. അടിമയുടെ ചങ്ങലകളും പേറി സാഹിത്യപരമായ വിദ്യാഭ്യാസം നേടുന്നതിനേക്കാൾ അഭികാമ്യം നിരക്ഷരരായി കഴിയുകയും സ്വാതന്ത്ര്യത്തിനുവേണ്ടി കല്ലുടയ്ക്കുന്ന പണിയിൽ ഏർപ്പെടുകയുമാണ് എന്നതാണ്. വിദ്യാഭ്യാസത്തിൽ കൈത്തൊഴിലുകൾക്ക് പ്രാധാന്യം നൽകണമെന്ന് ഗാന്ധി നിർദേശിച്ചു. കുട്ടികൾ തൊഴിലെടുത്തും വിദ്യാഭ്യാസത്തിനുള്ള വക സമ്പാദിക്കണം. വിദ്യാഭ്യാസം ഒരിക്കലും ആഡംബരമാകരുത്. ധാർമിക മൂല്യങ്ങൾക്ക് പാഠ്യപദ്ധതിയിൽ ഇടം ലഭിക്കണമെന്ന് ഗാന്ധി കരുതിയിരുന്നു. വാർധാ പദ്ധതിയാണ് ഗാന്ധി മുന്നോട്ടുവെച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര്.
അഞ്ചുതവണ കേരളത്തിലെത്തി. ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ അമരക്കാരനായ മൗലാനാ ഷൗക്കത്തലിയോടൊപ്പമായിരുന്നു ആദ്യത്തേത്. 1920 ആഗസ്റ്റ് 18നാണ് രാഷ്ട്രപിതാവ് ആദ്യമെത്തിയത്. 1925 മാർച്ച് എട്ടിനാണ് ഗാന്ധി രണ്ടാമതായി കേരളത്തിൽ വന്നത്. അത് കൊച്ചിയിലായിരുന്നു. 1927ലായിരുന്നു അടുത്ത സന്ദർശനം. 1934 ജനുവരി 10നായിരുന്നു ഗാന്ധി അവസാനമായി കേരളം സന്ദർശിച്ചിരുന്നത്.
ഗാന്ധിജിയുടെ ജീവിതം പ്രമേയമാക്കിയ പ്രശസ്ത സിനിമയാണ് ഗാന്ധി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1982ൽ പുറത്തുവന്ന ചിത്രത്തിന് എട്ട് ഓസ്കർ പുരസ്കാരങ്ങൾ ലഭിച്ചു. മറ്റൊരു സിനിമയാണ് ശ്യാം ബെനഗൽ സംവിധാനം ചെയ്ത Making of Mahathma. ഹേ റാം, ബാബാ സാഹേബ് അംബേദ്കർ തുടങ്ങി നിരവധി സിനിമകളിൽ ഗാന്ധിയെ കഥാപാത്രമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം മുസ്ലിം രാഷ്ട്രത്തിനായും ഹിന്ദു രാഷ്ട്രത്തിനായും മുറവിളി ഉയർന്നിരുന്നു. മുസ്ലിം രാഷ്ട്രത്തിനായി ജിന്നയുടെ നേതൃത്വത്തിലും ഹിന്ദു രാഷ്ട്രത്തിനായി വി.ഡി. സവർക്കറുടെ നേതൃത്വത്തിലുമാണ് വാദമുയർന്നത്. ഒന്നുകിൽ പാകിസ്താൻ അല്ലെങ്കിൽ സർവനാശം എന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. അങ്ങനെ ഇന്ത്യ വിഭജിക്കപ്പെട്ട് പാകിസ്താൻ എന്ന രാജ്യം പിറന്നു. തുടർന്നുണ്ടായ ഹിന്ദു-മുസ്ലിം സംഘർഷങ്ങളൽ പലയിടത്തും വ്യാപകമായ നരഹത്യ അരങ്ങേറി. രാജ്യ വ്യാപകമായി നടന്ന ലഹളകൾ അവസാനിപ്പിക്കാനായി ഗാന്ധിജി നിരാഹാര സത്യഗ്രഹം ആരംഭിച്ചു. നാലുദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ ശാന്തമായി. ബിഹാറിൽ 1947 ജനുവരി 13ന് തുടങ്ങി 18ന് അവസാനിപ്പിച്ച ഈ നിരാഹാര സത്യഗ്രഹമാണ് ഗാന്ധിജിയുടെ അവസാനത്തെ സത്യഗ്രഹം. ആദ്യത്തെ വ്യക്തി സത്യഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്തത് ആചാര്യ വിനോ ബാ ഭാവയെ ആയിരുന്നു.
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഖോഖലെയാണ്. ഉപ്പിൽ സർക്കാറിെൻറ കുത്തക ഇല്ലാതാക്കണമെന്ന് ഞാൻ കരുതുന്നു. ഉപ്പുനികുതി സർക്കാർ എടുത്തുകളയണം. സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ പടിയാണത്. 78 ആശ്രമ അന്തേവാസികളെയും കൂട്ടി ഗാന്ധിജി ദണ്ഡിയിലേക്ക് പുറപ്പെട്ടു. ഉപ്പുണ്ടാക്കി നിയമം ലംഘിക്കാനുള്ള യാത്രയായിരുന്നു അത്. 24 ദിവസത്തെ നടത്തത്തിനുശേഷം മഹാത്മജിയും അനുയായികളും ദണ്ഡി കടലിൽ കുളിച്ച് ഉപ്പ് വാരിയെടുത്ത് നിയമം ലംഘിച്ചു. കടൽവെള്ളം തിളപ്പിച്ച് അവർ ഉപ്പുണ്ടാക്കി. അതോടെ രാജ്യവ്യാപകമായി സിവിൽ നിയമലംഘനവും ആരംഭിച്ചു.
ഗാന്ധിക്ക് ഒന്നും പറയാനില്ലായിരുന്നു -ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ. 1947 ആഗസ്റ്റ് 14ന് അർധരാത്രി ഇന്ത്യ സ്വതന്ത്രമായി. പാകിസ്താനും രൂപംകൊണ്ടു. ഇരു രാജ്യങ്ങളും സ്വാതന്ത്ര്യം ആഘോഷിക്കുേമ്പാൾ മഹാത്മജി ശാന്തിസന്ദേശവുമായി കൽക്കട്ടയിലെ തെരുവുകളിൽ സഞ്ചരിക്കുകയായിരുന്നു. കൽക്കട്ടക്ക് ബോധമുണ്ടാകുംവരെ ഞാൻ ഉപവസിക്കും. അദ്ദേഹം പറയുക മാത്രമല്ല, ഉപവാസം തുടങ്ങുകയും ചെയ്തു.
1948 ജനുവരി 30ന് പ്രാർഥനയോഗത്തിലേക്ക് നടക്കവേ ഗാന്ധിജിയെ നാഥുറാം വിനായക് ഗോദ്സെ എന്ന മതഭ്രാന്തൻ വെടിവെച്ചു വീഴ്ത്തി. ഗാന്ധിയെ വണങ്ങുന്നതുപോലെ കുനിഞ്ഞ ഗോദ്സെ ആ നെഞ്ചിലേക്കു നിറയൊഴിച്ചു. ഹേ റാം എന്ന് മെല്ലെ ഉരുവിട്ട് ഗാന്ധിജി കണ്ണടച്ചു. ആ മഹത് ജീവിതത്തിന് യവനിക വീണു.
9 ലോക തപാൽദിനം
പ്രിയപ്പെട്ടവർക്ക്, പണ്ട് മൈലുകൾക്കപ്പുറം ജീവിതമാർഗം തേടിപ്പോയവരുടേയും കടൽ കടന്നുപോയവരുടേയും ഒരു കത്തിനായ് കണ്ണുംനട്ടിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. എനിക്ക് കത്തുണ്ടോ എന്ന ചോദ്യവുമായ് തപാൽ ഓഫിസിലും തപാൽക്കാരനെ കാത്ത് വഴിവക്കിലും നിന്ന കാലം. അന്ന് കത്ത് കൊണ്ടുവന്നു തരുന്ന തപാൽക്കാരന് ദേവദൂതെൻറ സ്ഥാനമായിരുന്നു. ആ കത്തുകളിലെ ഓരോ വാക്കിനും ജീവെൻറ വിലയുണ്ടായിരുന്നു. ഇന്ന് കാലം മാറി, സാങ്കേതിക വിദ്യ വളർന്നു. ദൂരം ആശയവിനിമയത്തിന് തടസ്സമല്ലാതായി. എന്നിരുന്നാലും ആ പഴയകാല സ്മരണകൾക്കും അനുഭൂതിക്കും ഇന്നും തേനിെൻറ മാധുര്യമാണ്. മറാത്തി ഭാഷയിലെ ഠപാൽ എന്ന പദത്തിൽനിന്നാണ് മലയാള പദമായ തപാൽ ഉണ്ടായത്. ലോകത്തിൽ ആദ്യമായി തപാൽ സംവിധാനം നിലവിൽ വന്നത് ഈജിപ്തിലാണെന്ന് പറയപ്പെടുന്നു. ഒക്ടോബർ ഒമ്പത് ലോക തപാൽ ദിനമായും ഒക്ടോബർ 10 ദേശീയ തപാൽ ദിനമായും ആചരിക്കുകയാണ് നമ്മൾ.
1,55,333 പോസ്റ്റ് ഓഫിസുകളുള്ള ലോകത്തിലെ ഏറ്റവും വലിയ തപാൽ സംവിധാനമാണ് ഇന്ത്യൻ പോസ്റ്റൽ സർവിസ്. ഇതിൽ 80 ശതമാനത്തിലേറെയും തപാൽ ഒാഫിസുകൾ ഗ്രാമപ്രദേശങ്ങളിലാണ്. 1764ൽ ലോർഡ് ക്ലൈവിെൻറ കാലത്താണ് ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വരുന്നത്. കേന്ദ്ര സർക്കാറിെൻറ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. തപാൽ സേവനം പൊതുസേവനം എന്നാണ് ഇന്ത്യൻ പോസ്റ്റൽ സർവിസിെൻറ ആപ്തവാക്യം. ഇതിൽ പേഴ്‌സനൽ, ഓപറേഷൻസ്, ടെക്‌നോളജി, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, മാനവ വിഭവശേഷി, പ്ലാനിങ് എന്നീ ആറ് വിഭാഗങ്ങളുണ്ട്. ഇന്ന് ഈ ഓഫിസുകൾ വഴി ലഘു സമ്പാദ്യ പദ്ധതികളും ഇൻഷുറൻസ് പദ്ധതികളും മാത്രമല്ല, മറ്റു ബാങ്കിങ് സേവനങ്ങളും ലഭ്യമാണ്.
അഞ്ചൽ എന്ന വാക്കിെൻറ ഉൽഭവം ദൈവദൂതൻ എന്നർഥമുള്ള ആഞ്ചെലസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ്. സ്വതന്ത്ര ഭാരതത്തിലെ ഔദ്യോഗിക പോസ്റ്റൽ സർവിസ് രൂപം കൊള്ളുന്നതിനുമുമ്പ്, അതായത് 1951ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായി, ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തപാൽ സാധനങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടിയെത്തിച്ചിരുന്നു. ഇതിനെയാണ് അഞ്ചലോട്ടം എന്നുപറയുന്നത്. ഇത്തരത്തിൽ തപാൽ എത്തിക്കുന്നവരെ അഞ്ചൽക്കാരൻ അഥവാ അഞ്ചലോട്ടക്കാരൻ എന്നാണ് വിളിച്ചിരുന്നത്. ലോകമെമ്പാടുമുള്ള തപാൽ സംവിധാനത്തിനുപുറമെ അംഗരാജ്യങ്ങൾക്കിടയിൽ തപാൽ നയങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെ ഒരു
പ്രത്യേക ഏജൻസിയാണ് 1874ൽ യൂനിവേഴ്‌സൽ പോസ്റ്റൽ യൂനിയൻ സ്ഥാപിച്ചത്. സ്വിറ്റ്സർലൻഡിലെ ബെർണിലാണ് ഇതിെൻറ ആസ്ഥാനം. റൈൻ കമീഷനും ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയനും ശേഷമുള്ള ഏറ്റവും പഴയ മൂന്നാമത്തെ അന്താരാഷ്ട്ര സംഘടനയാണിത്.
പൊതുവേ ചതുരത്തിലോ സമചതുരത്തിലോ രൂപകൽപന ചെയ്തിട്ടുള്ള ഈ മുദ്രകൾ തപാൽ സേവനത്തിനു മുൻകൂറായി പണം അടച്ചിട്ടുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. 1840 മേയ് ഒന്നിന് ബ്രിട്ടണിലാണ് ലോകത്തെ ആദ്യ തപാൽ മുദ്രയായ പെന്നി ബ്ലാക്ക് നിലവിൽ വന്നത്. റൗളണ്ട് ഹിൽ എന്ന വ്യക്തിയാണ് ഇതു രൂപകൽപന ചെയ്തത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ തപാൽ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1852ൽ സിന്ധിയിൽ ‘സിന്ധ് ഡാക്’ എന്ന പേരില്‍ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചിഹ്നം പതിപ്പിച്ചിരുന്ന ഈ സ്റ്റാമ്പ് ഏഷ്യയിലെതന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു. പിന്നീട് 1947 നവംബർ 21ന് ത്രിവർണ പതാകയെ പശ്ചാത്തലമാക്കി സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ് പുറത്തിറങ്ങി. വിമാനമാർഗം വസ്തുക്കൾ തപാൽ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന സ്റ്റാമ്പുകളെ എയർമെയിൽ സ്റ്റാമ്പുകളെന്നും ശേഖരണത്തിനായി ചില പ്രത്യേക അവസരങ്ങളിൽ പുറത്തിറക്കുന്നവയെ കമ്മൊറേറ്റിവ് സ്റ്റാമ്പുകളെന്നും ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ
ഉപയോഗിക്കുന്നവയെ ഡെഫിനിറ്റിവ് സ്റ്റാമ്പുകളെന്നും സൈനിക സംഘടന യുദ്ധസമയത്ത് അല്ലെങ്കിൽ സമാധാന പരിപാലന പ്രവർത്തനം ഉറപ്പാക്കുമ്പോൾ ഉപയോഗിക്കുന്ന തപാൽ സ്റ്റാമ്പുകളെ മിലിട്ടറി സ്റ്റാമ്പുകളെന്നും നാലായി തപാൽ മുദ്രകളെ തരംതിരിച്ചിരിക്കുന്നു. ഓരോ വീടുകളിലെയും കാത്തിരിപ്പിന് വിരാമമിട്ട തപാൽ സംവിധാനത്തെക്കുറിച്ച് നിങ്ങളുമായ് പങ്കുവെക്കാൻ കഴിഞ്ഞ സംതൃപ്തിയിൽ നിർത്തുന്നു.
16 ഭക്ഷ്യദിനം
ഭക്ഷണം, മനുഷ്യര്‍ ഉള്‍പ്പെടുന്ന എല്ലാ ജീവികളുടെയും പ്രാഥമിക ആവശ്യങ്ങളിലൊന്ന്. എന്തും പോരാ എന്നും പറഞ്ഞ് ആര്‍ത്തിയോടെ വാരിക്കൂട്ടുന്ന മനുഷ്യര്‍ ഒരു പരിധിക്കപ്പുറം മതി എന്നു പറയുന്ന ഒരേയൊരു വസ്തു. ഭക്ഷണത്തിന് വിശപ്പിന്റെ കഥ മാത്രമല്ല, ഒത്തിരി സംസ്‌കാരങ്ങളുടെ കഥകൂടി പറയാനുണ്ട്. അതെ, ഓരോ സംസ്‌കാരങ്ങള്‍ക്കും അവരുടേതായ ആഹാരരീതികളുണ്ട്. രാവും പകലും ഒന്നാക്കി നാം അധ്വാനിക്കുന്നതും ഒരുനേരത്തെ അന്നത്തിനുവേണ്ടിത്തന്നെ എന്നത് മറ്റൊരു സത്യം. അപ്പോള്‍ ഒരു ചോദ്യം- ഏറ്റവും രുചിയുള്ള ഭക്ഷണമേത്? അതിനൊരു ഉത്തരമേയുള്ളൂ, അതാണ് വിശപ്പ്. വിശന്നു വലയുന്നവര്‍ക്കു മുന്നിലേക്കുവെക്കുന്ന പഴങ്കഞ്ഞിക്കും ബിരിയാണിക്കും സ്വാദ് ഒന്നുതന്നെ.
1945 ഒക്ടോബര്‍ 16ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ‘എല്ലാവര്‍ക്കും ഭക്ഷണം’ എന്ന ആപ്തവാക്യത്തോടെ ഭക്ഷ്യ കാര്‍ഷിക സംഘടന സ്ഥാപിതമായി. അതിന്റെ സ്മരണക്കും, ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു. 150 രാജ്യങ്ങളിലെ കൂട്ടായ പ്രവര്‍ത്തനമാണിത്. പട്ടിണി അനുഭവിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതക്കായി നൂറുകണക്കിന് പരിപാടികളും പ്രചാരണ പ്രവര്‍ത്തനങ്ങളും ഈ ദിനം മുന്‍നിര്‍ത്തി നടന്നുവരുന്നു. മികച്ച ഉൽപാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം എന്ന ആപ്തവാക്യത്തോടെ ഇത്തവണത്തെ ലോക ഭക്ഷ്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO-Food and Agriculture Organization).
ഒരു മനുഷ്യന്‍ ശരാശരി മൂന്നുനേരം ഭക്ഷണം കഴിക്കുന്നു. എന്നാല്‍, ശരിയായ രീതിയിലാണോ കഴിക്കുന്നത് എന്നു ചോദിച്ചാല്‍ നമ്മളില്‍ ഭൂരിഭാഗം ആളുകളും ശരിയായ ഭക്ഷണക്രമം പിന്തുടരുന്നില്ല എന്നതാണ് സത്യം. ദൈനംദിന ഭക്ഷണത്തില്‍ കലോറി, പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റമിനുകള്‍, ഇതര പോഷകങ്ങള്‍ എന്നിവ പര്യാപ്തമായ അളവില്‍ ഉൾപ്പെടുത്തുക എന്നതാണ് ശരിയായ ഭക്ഷണക്രമം വ്യക്തമാക്കുന്നത്. ഇത് ശരീരം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. സമീകൃത പോഷകാഹാരമില്ലെങ്കിൽ അണുബാധ, ക്ഷീണം, ശരീരത്തിെൻറ മോശം പ്രകടനം എന്നിവ നേരിടേണ്ടിവരും. ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്ത കുട്ടികളില്‍ വളര്‍ച്ച പ്രശ്‌നങ്ങളും മോശം അക്കാദമിക പ്രകടനവും പതിവ് അണുബാധകളുമുണ്ടാവുന്നു. ഭക്ഷണക്രമത്തില്‍ രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ഒന്ന് ശരിയായ ഭക്ഷണരീതി, രണ്ട് കൃത്യസമയത്തുള്ള ഭക്ഷണം.
പോഷകാഹാരക്കുറവ് എന്നത് ഒരു വ്യക്തിക്ക് ഊർജം അല്ലെങ്കില്‍ ചില പോഷകങ്ങള്‍ വളരെ കുറച്ച് ലഭിക്കുന്ന അവസ്ഥയാണ്. വളര്‍ച്ചക്കുറവ്, നേത്ര പ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പോഷകാഹാരക്കുറവ് ബാധിക്കുന്നു. ലോകജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനത്തിലധികം ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്. പോഷകാഹാരക്കുറവ് എല്ലാ രാജ്യങ്ങളിലെയും ആളുകളെ ബാധിക്കുന്നു. ലോകമെമ്പാടുമുള്ള 1.9 ബില്യണ്‍ മുതിര്‍ന്നവര്‍ അമിതഭാരമുള്ളവരാണ്, അതേസമയം 462 ദശലക്ഷം പേര്‍ ഭാരക്കുറവുള്ളവരാണ്. പഴങ്ങൾ, പച്ചക്കറികൾ, പയര്‍വർഗങ്ങൾ, മാംസം, പാല്‍ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ എന്നിവയുടെ ചെലവ് പല കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നില്ല. അതേസമയം, കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടുതലുള്ള ഭക്ഷണപാനീയങ്ങളും വിലകുറഞ്ഞതും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ ചില വസ്തുക്കളും കുട്ടികളിലും മുതിര്‍ന്നവരിലും അമിതവണ്ണം, പോഷകാഹാരക്കുറവ് എന്നിവക്കും ഇടയാക്കുന്നുണ്ട്.
ശരീരഭാരം കുറക്കാന്‍ സഹായിക്കുമെന്ന് കരുതി ചിലര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍, ഓഫിസിലേക്കും സ്‌കൂളിലേക്കും പോവേണ്ട ധിറുതിയില്‍ മറ്റു ചിലര്‍ പ്രഭാതഭക്ഷണം മറക്കുന്നു. ഓർമശക്തി, ഏകാഗ്രത, മെറ്റബോളിസം വര്‍ധിപ്പിക്കൽ, ആരോഗ്യമുള്ള തലച്ചോറ് എന്നിവക്ക് പ്രഭാതഭക്ഷണം നിർബന്ധമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ താളം തെറ്റിക്കും. ഉണരുമ്പോള്‍ രക്തത്തിലെ പഞ്ചസാര കുറവായിരിക്കും, ഇത് നികത്താനും അതിലൂടെ പേശികളുടെയും തലച്ചോറിെൻറയും മികച്ച പ്രവര്‍ത്തനത്തിനും പ്രഭാതഭക്ഷണം നിർണായക പങ്കുവഹിക്കുന്നു.
15 ലോക ഗണിത ദിനം
ലോഗരിതം കണ്ടുപിടിച്ച ഗണിത ശാസ്ത്രജ്ഞനായ ജോൺ നേപ്പിയറിെൻറ കഥ ജോൺ നേപ്പിയർ 1550 ഫെബ്രുവരി ഒന്നിന് സ്കോട്ലൻഡിൽ ജനിച്ചു. സർ ആർച്ചിബാൾഡ് നേപ്പിയർ ആയിരുന്നു പിതാവ്. അമ്മ ജാനറ്റ് ബോഥ്വെൽ ഒരു ന്യായാധിപെൻറ മകളായിരുന്നു. നേപ്പിയറിെൻറ പ്രാഥമിക വിദ്യാഭ്യാസത്തെപ്പറ്റി നമുക്ക് കൂടുതലൊന്നും അറിയില്ല. മിക്കവാറും വീട്ടിൽതന്നെയിരുത്തി പഠിപ്പിച്ചിരിക്കാനാണ് സാധ്യത. പതിമൂന്നാം വയസ്സിൽ സെൻറ് സാൽവേറ്റേഴ്സ് കോളജിൽ ചേർന്നതിന് തെളിവുകളുണ്ട്. ക്രിസ്തീയ സഭകളിലെ ആഭ്യന്തര കലഹം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിലും ഇതിെൻറ പ്രതിഫലനങ്ങളുണ്ടായി.
ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ ലഘൂകരിക്കാനുള്ള ശ്രമം അന്ന് പല ഗണിതശാസ്ത്രജ്ഞരും നടത്തിക്കൊണ്ടിരുന്നു. ഉപരിപഠനം കഴിഞ്ഞുവന്ന നേപ്പിയറുടെ ചിന്തയും ആ വഴിക്കുതിരിഞ്ഞു. കൃത്യങ്ക രൂപത്തിലുള്ള സംഖ്യകൾ ഗുണിക്കുന്നതിന് കൃത്യങ്കങ്ങൾ കൂട്ടിയാൽ മതിയേല്ലാ. 103x102 = 105 ആണ്. അങ്ങനെയിരിക്കെ സുഹൃത്തായ ജോൺ ക്രെയ്ഗിൽ നിന്നും(John craig) നേപ്പിയർ ഒരു വിവരം അറിഞ്ഞു. ടൈക്കോ ബ്രാഹെ (Tycho Brahe) എന്ന ജ്യോതിശാസ്ത്രജ്ഞൻ ഗണിതക്രിയകൾ ലഘൂകരിക്കാൻ അതായത് ഗുണനത്തെ സങ്കലനമായും ഹരണത്തെ വ്യവകലനമായും മാറ്റാൻ ത്രികോണമിതി സമവാക്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഈ വാർത്ത നേപ്പിയറിെൻറ ഉത്സാഹം ഇരട്ടിപ്പിച്ചു.
1614ൽ ലോഗരിതം എന്ന ഒരു പുതിയ ആശയം ഗണിതശാസ്ത്ര ലോകത്ത് പിറന്നുവീണു. 1594ൽ തുടങ്ങിയ പരിശ്രമത്തിെൻറ ഫലമായിരുന്നു ഇത്. നീണ്ട ഇരുപതു വർഷത്തെ കഠിനാധ്വാനത്തിെൻറ ഫലമായി നേപ്പിയർ കണ്ടുപിടിച്ച ലോഗരിതം ഗണിതശാസ്ത്ര ചരിത്രം മാറ്റിമറിച്ച ഒരു സംഭവമായിരുന്നു. ഏകദേശം 350 വർഷം അതായത് ഇരുപതാം നൂറ്റാണ്ടിെൻറ പകുതിവരെ കണക്കുകൂട്ടലിന് ലോകം ആശ്രയിച്ചിരുന്നത് നേപ്പിയറിെൻറ ലോഗരിതത്തെയാണ്. കാൽക്കുലേറ്ററിെൻറ വരവോടെയാണ് ലോഗരിതത്തിെൻറ പ്രതാപം ക്ഷയിച്ചത്.
ഗണിതത്തിന് നേപ്പിയറുടെ സംഭാവനകൾ വേറെയുമുണ്ട്. ദശാംശം എന്ന ആശയം നിലവിലുണ്ടായിരുന്നെങ്കിലും ഇന്നത്തെ രീതിയിൽ ദശാംശ കുത്ത് ഉപയോഗിച്ചു തുടങ്ങിയതും അത് പ്രചരിപ്പിച്ചതും നേപ്പിയറാണ്. അതുപോലെ നേപ്പിയർ കണ്ടുപിടിച്ച നേപ്പിയേഴ്സ് ബോൺസ് (Napiers bones) എന്ന കണക്കുകൂട്ടൽ യന്ത്രവും പ്രസിദ്ധമാണ്.
നേപ്പിയറിന് ചില വിചിത്ര സ്വഭാവങ്ങളുണ്ടായിരുന്നു. കുട്ടിക്കാലം മുതൽേക്ക വെളിപാട് പുസ്തകത്തിൽ വലിയ താൽപര്യമായിരുന്നു. ജോത്സ്യത്തിലും പ്രേതപിശാചുകളിലും അദ്ദേഹം വിശ്വസിച്ചിരുന്നു. ദുർമന്ത്രത്തിൽ വിശ്വസിച്ചിരുന്ന നേപ്പിയർ യാത്രാവേളയിൽ ഒരു കറുത്ത ചിലന്തിെയ കുപ്പിയിലാക്കി കൊണ്ടുപോകുമായിരുന്നു. മാന്ത്രികാവശ്യങ്ങൾക്കായി ഒരു കറുത്ത പൂവൻകോഴിയെ വീട്ടിൽ വളർത്തിയിരുന്നുവത്രെ.
ദുർമന്ത്രമെന്ന് ആളുകൾ തെറ്റിദ്ധരിച്ച ചില സംഭവങ്ങളുമുണ്ട്. ഒരിക്കൽ വീട്ടിൽ ഒരു മോഷണം നടന്നപ്പോൾ ആരാണ് മോഷ്ടാവ് എന്ന് കണ്ടുപിടിക്കാൻ നേപ്പിയർ ഒരു വിദ്യ പ്രയോഗിച്ചു. കറുത്ത പൂവൻ കോഴിയെ ഇട്ടിരുന്ന മുറിയിലേക്ക് ജോലിക്കാർ ഓരോരുത്തരെയായി കടത്തിവിട്ടു. അവർ കോഴിയെ തടവണം. മോഷ്ടാവ് തടവുേമ്പാൾ കോഴി കൂവും.
വിദ്യ ഇതായിരുന്നു. കോഴിയുടെ പുറത്ത് കരി പുരട്ടിയിരുന്നു. യഥാർഥ മോഷ്ടാവ് പേടിച്ച് കോഴിയെ തടവുകയില്ല. അവസാനം കൈ പരിശോധിച്ച് കരിപുരളാത്തവനെ കണ്ടുപിടിക്കാം. അവനായിരിക്കും മോഷ്ടാവ്.
മറ്റൊരു സംഭവം ഇതാണ്. നേപ്പിയറുടെ തോട്ടത്തിൽ പ്രാവുശല്യം കൂടി. പ്രാവുകൾ കൂട്ടത്തോടെ വന്ന് ധാന്യമണികൾ കൊത്തിക്കൊണ്ടുപോയി. സഹികെട്ടപ്പോൾ അദ്ദേഹം തോട്ടം മുഴുവൻ ചാരായത്തിൽ മുക്കിയ ധാന്യങ്ങൾ വിതറി. അത് കൊത്തി വിഴുങ്ങിയ പ്രാവുകൾ പറക്കാനാവാതെ ചിറകുകുഴഞ്ഞുവീണു. ഇതും മറ്റുള്ളവരുടെ ദൃഷ്ടിയിൽ ദുർമന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു. സംഭവബഹുലമായ ഒരു ജീവിതത്തിനൊടുവിൽ 67ാം വയസ്സിൽ ലോഗരിതത്തിെൻറ ഉപജ്ഞാതാവ് ഈ ലോകത്തോട് വിടപറഞ്ഞു.
24 യു.എൻ ദിനം
വീട്ടിലുള്ളവരോടും കൂട്ടുകാരോടും നാം വഴക്കിടാറില്ലേ? ചില കശപിശകളെങ്കിലും ഇല്ലാതിരിരിക്കില്ല. അപ്പോൾ പ്രശ്നം തീർക്കാനായി മാതാപിതാക്കളും അധ്യാപകരും രംഗത്തെത്തും അല്ലേ. ചിലപ്പോൾ സുഹൃത്തുക്കൾ തന്നെയായിരിക്കും പ്രശ്നങ്ങൾ തണുപ്പിക്കുന്നത്. പിണക്കം മാറി നാം വീണ്ടും ഇണക്കത്തിലാകും... രാജ്യങ്ങൾ തമ്മിൽ പ്രശ്നമുണ്ടാകുേമ്പാൾ ആരാകും പറഞ്ഞുതീർക്കുക എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ലോകത്തിെൻറ രക്ഷിതാക്കളായി പ്രവർത്തിക്കുന്നത് െഎക്യരാഷ്ട്രസഭ (യുനൈറ്റഡ് നാഷൻസ് ഒാർഗനൈസേഷൻ)യാണ്. വാർത്തകളിലും മറ്റും ഇൗ പേര് കേട്ടിരിക്കുമല്ലേ. മക്കളായ രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകുേമ്പാൾ അവർക്കിടയിൽ പ്രശ്നപരിഹാരത്തിനായി യു.എൻ എത്തും. ലോകരാഷ്‌ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്രസംഘടനയാണ് ഐക്യരാഷ്‌ട്ര സംഘടന. രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘർഷങ്ങള്‍ നിയന്ത്രിക്കുന്ന മധ്യസ്ഥനായും അരികുവൽക്കപ്പെട്ട ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വികാസത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
സമാധാനത്തിനായി നിലകൊള്ളുന്ന െഎക്യരാഷ്ട്ര സഭ ജനിക്കുന്നത് യുദ്ധമുഖത്തിലാണ്. യുനൈറ്റഡ് നാഷൻസ് എന്ന വാക്ക് ഉപയോഗിച്ചത് അമേരിക്കൻ പ്രസിഡൻറ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെൽറ്റാണ്. 1942 ജനുവരി ഒന്നിന് 26 സഖ്യരാഷ്ട്രങ്ങള്‍ ചേർന്ന് നടത്തിയ യുദ്ധലക്ഷ്യങ്ങളുടെ വിശദീകരണത്തെ ഐക്യരാഷ്ട്രങ്ങളുടെ പ്രഖ്യാപനം എന്നാണ് വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഒത്തുചേർന്നുപോരാടിയ സഖ്യരാജ്യങ്ങളുടെ കൂട്ടായ്മയാണിത്. 1941 ആഗസ്റ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റണ്‍ ചർച്ചിലും അമേരിക്കന്‍ പ്രസിഡൻറ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെൽറ്റും ഒപ്പിട്ട അത്‌ലാന്തിക് ചാർട്ടറിൽ ആഗോള തർക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു പുതിയ സമിതി രൂപീകരിക്കും എന്ന സഖ്യരാഷ്ട്രങ്ങളുടെ തീരുമാനത്തെ തുടർന്നാണ് സംഘടനയുടെ പിറവി. 1945 ഒക്ടോബർ 24 ന് 50 രാജ്യങ്ങളുമായി െഎക്യരാഷ്ട്ര സഭ ഒൗദ്യോഗികമായി സാൻഫ്രാൻസിസ്കോയിൽ നിലവിൽ വന്നു. യു.എസ്.എ, യു.എസ്.എസ്.ആർ, യു.കെ എന്നീ രാജ്യങ്ങളാണ് െഎക്യരാഷ്ട്ര സഭയുടെ പിറവിയിൽ മുൻകൈയ്യെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും സ്ഥാപകാംഗമായി പോളണ്ടിനെ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. യു. എൻ ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താൽപര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം.
ആഗോളതലത്തിലുള്ള സംഘർഷങ്ങള്‍ നിയന്ത്രിക്കാനും വികസനത്തിനായി അന്താരാഷ്ട്ര സഹകരണം ലഭ്യമാക്കാനും ഒരു പൊതുഇടം വേണമെന്ന് വർഷങ്ങൾക്ക് മുേമ്പ ലോകരാജ്യങ്ങൾക്ക് തോന്നിയിരുന്നു. നിലക്കാത്ത യുദ്ധങ്ങളും കടന്നുകയറ്റങ്ങളും അരക്ഷിതാവസ്ഥയും ഇതിന് കാരണമായി. അത്തരത്തിൽ വർഷങ്ങൾ നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമായാണ് ഐക്യരാഷ്ട്രസഭ പിറക്കുന്നത്. 1865ൽ സ്ഥാപിതമായ ഇൻറർനാഷണൽ ടെലികമ്യൂണിക്കേഷന്‍ യൂനിയനാണ് ഇൗ ചിന്തകളുടെ ആദ്യ സംരംഭം. 1874ൽ സ്ഥാപിതമായ യൂനിവേർസൽ പോസ്റ്റൽ യൂനിയനും ഇൗ ബോധം ഉൗട്ടി ഉറപ്പിച്ചു.1899ൽ ഹേഗിൽ നടന്ന അന്തർദേശീയ സമാധാന സമ്മേളനത്തിൽ അന്താരാഷ്ട്ര തർക്കങ്ങള്‍ സൗമ്യമായും കാര്യക്ഷമമായും പരിഹരിക്കുന്നതിനുള്ള രീതികളും യുദ്ധനിയമങ്ങള്‍ സംബന്ധിച്ചും ചർച്ചയുണ്ടായി. അങ്ങനെയാണ് അന്തർദേശീയ തർക്കങ്ങള്‍ പരിഹരിക്കാന്‍ ഇൻറർനാഷണൽ കോർട്ട് ഒാഫ് ആർബിട്രഷന്‍ 1904ൽ സ്ഥാപിച്ചത്. എന്നാൽ ഒന്നാം ലോകയുദ്ധം നൽകിയ പാഠങ്ങൾ ഇൗ സംവിധാനങ്ങളുടെ പോരായ്മകളെ തുറന്നുകാണിച്ചു. കാര്യങ്ങൾ പറഞ്ഞുതീർക്കാനും വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാനും ഒരു ഇടം വേണമെന്ന ആവശ്യം ശക്തമായി. 1919ൽ രൂപം കൊണ്ട ലീഗ് ഒാഫ് നേഷന്‍സ് ഐക്യരാഷ്ട്രസഭയുടെ ആദ്യരൂപമായിരുന്നു. എന്നാൽ ഇതും പരാജയത്തിെൻറ രുചിയറിഞ്ഞു. രണ്ടാം ലോകയുദ്ധം ഒഴിവാക്കുന്നതിൽ ലീഗ് ഒാഫ് നേഷന്‍സ് തീർത്തും പരാജയപ്പെട്ടു. ഇതിെൻറയൊക്കെ ആകെ തുകയാണ് െഎക്യരാഷ്ട്രസഭയുടെ പിറവി.
െഎക്യരാഷ്ട്ര സഭയുടെ ഒൗദ്യോഗിക ഭാഷകളായി ആറെണ്ണത്തെയാണ് അംഗീകരിച്ചിട്ടുള്ളത്. ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക് എന്നിവയാണ് യു.എൻ ഭാഷകൾ. യുനെസ്കോയുടെ നേതൃത്വത്തിൽ 2010 മുതൽ എല്ലാവർഷവും ഭാഷാദിനമായും ആചരിക്കുന്നുണ്ട്. എപ്രിൽ 23- ഇംഗ്ലീഷ്, ജൂൺ ആറ്- റഷ്യൻ, എപ്രിൽ 20-ചൈനീസ്, ഡിസംബർ 18 -അറബി, മാർച്ച് 20-ഫ്രഞ്ച്, ഒക്ടോബർ 12-സ്പാനിഷ് എന്നിങ്ങനെയാണ് വിവിധ ഭാഷ ദിനങ്ങൾ.
ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ്സായ്. പത്തൊമ്പത് വയസിലാണ് മാലാലയെ ഇൗ നേട്ടം തേടിയെത്തിയത്. മാലാലയോടുള്ള ആദരവായി ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ‘ഞാനും മലാല’ എന്നായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നാണ് സമാധാനദൂത പദവി ഏറ്റെടുത്ത് മലാല പറഞ്ഞത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടതിെൻറ പേരിൽ ഭീകരരുടെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട തെൻറ ഇനിയുള്ള ജീവിതം വിദ്യാഭ്യാസപുരോഗതിക്കായി ഉപയോഗിക്കുമെന്ന് മലാല പറഞ്ഞത് ഇരുകൈയ്യും നീട്ടിയാണ് ലോകം സ്വീകരിച്ചത്.
1945 ജൂണ്‍ 25ന് ഐകകണ്‌ഠ്യേന അംഗീകരിച്ച് അംഗരാഷ്ട്ര പ്രതിനിധികള്‍ ഒപ്പുവെച്ച ചാർട്ടർ 1945 ഒാഗസ്റ്റ്24നാണ് നിലവിൽ വന്നത്. ഈ ദിവസമാണ് യു.എൻ ദിനമായി ആചരിക്കുന്നത്. 1948 മുതലാണ് ദിനാചരണം തുടങ്ങിയത്. 1971ൽ അംഗരാജ്യങ്ങൾ യു.എൻ ദിനം അവധിദിനമായി ആചരിക്കാൻ നിർദേശം നൽകി.
നിരവധി കാരുണ്യപ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയനായ ജോൺ ഡി. റോക്ഫെല്ലർ എന്ന മനുഷ്യസ്നേഹി സംഭാവന ചെയ്ത അമേരിക്കയിലെ ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം. ന്യുയോർക്കിലാണെങ്കിലും ഇൗ സ്ഥലം അന്താരാഷ്ട്ര ഭൂപ്രദേശമായാണ് കണക്കാക്കുന്നത്. ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി. മോർഗെൻറ മകൾ ആൻ മോർഗന് വേണ്ടി 1921ൽ നിർമിച്ച കെട്ടിടമാണ് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി. 1971ലാണ് ഈ കെട്ടിടം സംഭാവനയായി ലഭിച്ചത്.
ആദ്യമായി തുടർച്ചയായി എട്ട് മണിക്കൂർ യു.എന്നിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച് റെക്കോർഡിട്ടത് മലയാളിയായ വി.കെ. കൃഷ്ണമേനോനാണ്. 1957ൽ കാശ്മീർ വിഷയത്തിലാണ് മേനോൻ സംസാരിച്ചത്. ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ആണ്. 1977ൽ യു.എൻ ജനറൽ അസംബ്ലിയിലാണ് വാജ്പേയുടെ പ്രസംഗം. 1978ലും 1998ലും വാജ്പേയുടെ ശബ്ദം യു.എന്നിൽ മുഴങ്ങി. നമ്മുടെ മലയാളം ആദ്യമായി യു.എന്നിൽ എത്തിച്ചത് അമൃതാനന്ദമയിയാണ്. 2000ൽ മില്ലേനിയം വേൾഡ് പീസ് സമ്മിറ്റിലാണ് അമൃതാനന്ദമയി സംസാരിച്ചത്.
ഒലിവർ ലിങ്കൺ ലൻറ്ക്വിസ്റ്റ് എന്ന ഡിസൈനറുടെ നേതൃത്വത്തിലുള്ള സംഘമാണ് യു.എൻ പതാക തയ്യാറാക്കിയത്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു. 1946 ഡിസംബർ ഏഴിനാണ് പതാക അംഗീകരിക്കപ്പെട്ടത്.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിെൻറ പ്രധാനവേദിയാണ് ജനറൽ അസംബ്ലി. നയരൂപീകരണവും അന്തർദേശീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകളും കൂടിയാലോചനകളും നടക്കുന്നത് ഇവിടെയാണ്. അന്തർദേശീയ നിയമങ്ങള്‍ നിർമിക്കുന്നതിലും സുപ്രധാന പങ്ക് ഉണ്ട്. ഐക്യരാഷ്ട്ര സഭയുടെ ബഡ്ജറ്റിെൻറ ചുമതലയും സെക്യൂരിറ്റി കൗണ്‍സിലിലെ താത്‌കാലിക അംഗങ്ങളെ നിയമിക്കുന്നതും ജനറൽ അസംബ്ലിയാണ്. എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഘടകമാണിത്. സെപ്‌തംബർ മുതൽ ഡിസംബർ വരെ എല്ലാ വർഷവും ജനറൽ അസംബ്ലിയുടെ സ്ഥിരം സെഷന്‍ ചേരും. വോട്ടെടുപ്പിലൂടെയാണ്‌തീരുമാനങ്ങള്‍ എടുക്കുക. ജനറൽ അസംബ്ലിയുടെ പ്രവർത്തനത്തെ സഹായിക്കാനായി 30 കമ്മിറ്റികള്‍, ഏഴു കമീഷനുകള്‍, ആറ് ബോർഡുകള്‍, അഞ്ച് കൗണ്‍സിലുകളും പാനലുകളും എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങളുണ്ട്.
രാജ്യങ്ങൾക്കിടയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി, െഎക്യം ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന ഘടകമാണ് സെക്യൂരിറ്റി കൗണ്‍സിൽ അഥവാ രക്ഷാസമിതി. 15 അംഗങ്ങളാണ് സുരക്ഷാ സമിതിയിലുള്ളത്. ഐക്യരാഷ്ട്രസഭ ചാർട്ടർ പ്രകാരം സൈനിക നടപടികൾ തീരുമാനിക്കുന്നത് ഇൗ ഘടകമാണ്. സമാധാന സേനയെ നിയോഗിക്കുന്നതും ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതും അടക്കമുള്ള സുപ്രധാനമായ ഉത്തരവാദിത്തങ്ങള്‍ വേറെയുമുണ്ട്. സ്ഥിരമായ സമ്മേളന വേദിയില്ല. സുരക്ഷാസമിതി പ്രസിഡൻറ് അംഗങ്ങളുടെ അക്ഷരമാല ക്രമത്തിൽ മാസം തോറും മാറിക്കൊണ്ടിരിക്കും. 1950ൽ കൊറിയയിലും 1991ൽ ഇറാക്കിലും കുവൈറ്റിലും, 2011ൽ ലിബിയയിലും സെക്യൂരിറ്റി കൗണ്‍സിൽ ഇടപെട്ട് സൈനിക നടപടി നടത്തിയിട്ടുണ്ട്.
സാമ്പത്തിക, സാമൂഹിക കാര്യങ്ങൾ സംബന്ധിച്ചുള്ള ഘടകമാണിത്. പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിനും നയങ്ങൾ രൂപവത്കരിക്കുന്നതിനും നേതൃത്വം നൽകുന്നു. എക്കോസോക് എന്ന ചുരുക്കപ്പേരിലാണ്സാമ്പത്തിക സമൂഹിക സമിതി അറിയപ്പെടുന്നത്. 54 അംഗങ്ങളുള്ളത്. എല്ലാ വർഷവും ജൂലായ് മാസത്തിൽ മുഖ്യ സമ്മേളനം ചേരും. ഇൗ ഘടകത്തിെൻറ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസഭ സവിശേഷ സ്ഥാപനങ്ങളായ യുനെസ്‌കൊ, ലോകബാങ്ക്, ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറൽ ഓർഗനൈസേഷന്‍, അന്തർദേശീയ നാണ്യനിധി എന്നിവ ആധുനിക ലോകത്തിെൻറ വികാസത്തെ ഏറെ സ്വാധീനിച്ചവയാണ്.
ട്രസ്റ്റ് പ്രദേശങ്ങളുടെ ഭരണവും നിയമാനുസൃതമായ പരിപാലനവും ലക്ഷ്യമാക്കിയുള്ള നടപടികളാണ് 1945ൽ രൂപവത്കരിച്ച ട്രസ്റ്റിഷിപ്പ് കൗണ്‍സിലിെൻറ പരിധിയിലുള്ളത്. സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളോടൊപ്പം ട്രസ്റ്റ് പ്രദേശങ്ങള്‍ ഭരിക്കുന്ന അംഗങ്ങളും മറ്റ് അംഗങ്ങളും തുല്യ എണ്ണത്തിലും ഉള്ള ഒരു സമിതിയാണിത്. രണ്ടാം ലോകയുദ്ധത്തിൽ തോൽപിക്കപ്പെട്ട ചില രാഷ്ട്രങ്ങളിൽനിന്ന് ഏറ്റെടുത്ത പ്രദേശങ്ങളും ലീഗ് ഒാഫ് നേഷന്‍സിന് കീഴിലുണ്ടായിരുന്ന പ്രദേശങ്ങളും ട്രസ്റ്റ് ടെറിട്ടറികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം പ്രദേശങ്ങളിലുള്ളവരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലും അന്തർദേശീയ സുരക്ഷയും സമാധാനവും അനുസരിച്ചുമുള്ള ഭരണ നിർവഹണം നടക്കുന്നു എന്നുറപ്പുവരുത്തേണ്ടത് ട്രസ്റ്റിഷിപ്പ് കൗണ്‍സിലാണ്. ട്രസ്റ്റിഷിപ്പ് കൗണ്‍സിൽ നിലവിൽവന്നതിനെ തുടർന്ന് 11 പ്രദേശങ്ങളാണ് ട്രസ്റ്റ് ടെറിട്ടറികളായി പ്രഖ്യാപിക്കപ്പെട്ടത്. ഇവയിൽ ഏഴും ആഫ്രിക്കയിലായിരുന്നു. ഇത്തരം പ്രദേശങ്ങളൊന്നും ഇന്നു നിലവിലില്ല. ട്രസ്റ്റ് ടെറിട്ടറിയായ പലാവു 1994ൽ സ്വതന്ത്രരാജ്യമായതോടെ ട്രസ്റ്റിഷിപ്പ് കൗണ്‍സിൽ പ്രവർത്തനരഹിതമായി.
കോടതിയുെട ചുമതലയാണ് ഇൻറർനാഷണൽ കോർട്ട് ഒാഫ് ജസ്റ്റിസ് വഹിക്കുന്നത്. അംഗരാഷ്ട്രങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അന്തർദേശീയ നിയമവും ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യപ്രമാണങ്ങള്‍ക്കും അനുസരിച്ച് പരിശോധിച്ച് തീർപ്പുകൽപിക്കുന്ന സംവിധാനമാണ് ലോകനീതിന്യായ കോടതി അഥവ ഇൻറർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസ്. നെതർലന്‍ഡിലെ ഹേഗിലാണ് അന്താരാഷ്ട്ര കോടതിയുടെ ആസ്ഥാനം. ജനറൽ അസ്സംബ്ലിയോ മറ്റ് യു.എന്‍. ഏജന്‍സികളോ സമർപ്പിക്കുന്ന പ്രശ്‌നങ്ങളിൽ നിയമോപദേശം നൽകുന്നതും ലോകനീതിന്യായ കോടതിയാണ്. ഐക്യരാഷ്‌ട്ര സഭ ചാർട്ടർ പ്രകാരം 1945ലാണ് നിലവിൽ വന്നത്.
ഒമ്പതുവർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 15 ന്യായാധിപരാണ് അന്താരാഷ്ട്ര കോടതിയിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള ജസ്റ്റിസ് വി.എസ്. മളീമഠ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഭരണം നടത്തുന്നത് സെക്രട്ടേറിയറ്റാണ്. സെക്രട്ടറി ജനറലും വിവിധതലങ്ങളിലെ ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് ഇത്. ലോകത്താകെ പരന്നു കിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. സുരക്ഷാസമിതിയുടെ ശിപാർശയനുസരിച്ച് ജനറൽ അസംബ്ലിയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ മുഖ്യഭരണ നിർവഹണോദ്യോഗസ്ഥനായിട്ടാണ് സെക്രട്ടറി ജനറലിനെ സഭയുടെ ചാർട്ടർ വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തർക്കങ്ങളിലെ മുഖ്യ മധ്യസ്ഥനും ലോകത്തിെൻറ തന്നെ നയതന്ത്രപ്രതിനിധിയുമാണ് സെക്രട്ടറി ജനറൽ. ജനറൽ അസംബ്ലി, രക്ഷാസമിതി,എക്കോസോക്ക്, ട്രസ്റ്റിഷിപ്പ് കൗണ്‍സിൽ എന്നിങ്ങനെ എല്ലാ യോഗങ്ങളിലും അധ്യക്ഷത വഹിക്കുന്നതും സെക്രട്ടറി ജനറലാണ്. അഞ്ചു വർഷമാണ് കാലാവധി. കാലാവധി ഒരു ടേം കൂടി നീട്ടാവുന്നതാണ്. രക്ഷാസമിതിയിലെ സ്ഥിരാംഗരാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് സെക്രട്ടറി ജനറൽ ആവാനാകില്ല. നോർവെയുടെ ട്രിഗ്‌വേ ലീയാണ് ആദ്യ സെക്രട്ടറി ജനറൽ. പോർച്ചുഗൽകാരനായ അേൻറാണിയോ ഗട്ടറസാണ് നിലവിലെ സെക്രട്ടറി ജനറൽ. 2022 ഡിസംബർ 31വരെയാണ് ഇദ്ദേഹത്തിെൻറ കാലാവധി. ഡാഗ് ഹാമര്‍ ഷോള്‍ഡാണ് പദവിയിലിരിക്കെ മരിച്ച യു.എൻ സെക്രട്ടറി ജനറൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.