നൂറുമലയാളം
text_fields'ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല' -കുഞ്ഞുണ്ണിമാഷ്
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷതാൻ' -മാതൃഭാഷയെക്കാൾ മധുരം മറ്റൊന്നിനുമില്ല. മാതൃഭാഷക്കായി യുനെസ്കോ 1999 ഫെബ്രുവരി 21നെ ലോക മാതൃഭാഷ ദിനമായി പ്രഖ്യാപിച്ചു. മലയാളമാണ് നമ്മുടെ മാതൃഭാഷ. ഇന്ത്യയിൽ ശ്രേഷ്ഠഭാഷ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ. കേരളത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മലയാളം സംസാരിക്കുന്നു. ദ്രാവിഡഭാഷ കുടുംബത്തിൽപ്പെട്ട മലയാളത്തിന്റെ വിശേഷങ്ങളറിയാം.
മലനാട്ടിലെ മലയാളം
മല, ആളം എന്നീ വാക്കുകൾ ചേർന്നതാണ് മലയാളം. ആളം എന്നാൽ സമുദ്രം എന്നും അർഥം വരും. മലകളും സമുദ്രവും ചേർന്നാണ് മലയാളമുണ്ടായതെന്ന് ചരിത്രകാരന്മാർ പറയുന്നു. മലയാള ഭാഷ സംസ്കൃതത്തിൽനിന്ന് ഉത്ഭവിച്ചതാണെന്നും സംസ്കൃതവും തമിഴും കൂടിച്ചേർന്ന മിശ്രഭാഷയാണെന്നും പറയുന്നുണ്ട്. എന്നാൽ, ഇവയെ തള്ളി മലയാളം മലനാട്ട് തമിഴിൽനിന്ന് ഉത്ഭവിച്ചുവെന്നും മലയാളം തമിഴിനൊപ്പം ഉണ്ടായെന്നും പറയുന്നു.
തുഞ്ചത്തെഴുത്തച്ഛൻ
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്നതായി കരുതുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ തുഞ്ചൻപറമ്പാണ് ജന്മസ്ഥലം.
'പച്ച'മലയാളം
ഒരു വാക്കിന് ഒന്നോ രണ്ടോ അർഥമുണ്ടാകുന്നതിൽ അതിശയമില്ല. എന്നാൽ, പല അർഥങ്ങളുണ്ടെങ്കിലോ. അതും ഒരു വാക്കിനുതന്നെ. അതാണ് 'പച്ച'എന്ന വാക്ക്. കേൾക്കുമ്പോൾ ആദ്യം ഒരു നിറമായിരിക്കും ഓർമയിലെത്തുക. പിന്നീട് പാകമാകാത്തത്, പഴുക്കാത്തത് എന്നീ അർഥങ്ങളും ഓർമവരും. എന്നാൽ, പച്ചയെ മറ്റു വാക്കുകളോട് ചേർക്കുമ്പോഴോ? പച്ചവെള്ളം, പച്ചമീൻ, പച്ചരി, പച്ചയിറച്ചി, പച്ചനോട്ട്, പച്ചചോറ്, പച്ചപരിഷ്കാരി, പച്ചക്കുപറയുക- ഓരോ വാക്കിനും ഓരോ അർഥങ്ങൾ കണ്ടെത്താനാകും.
മലയാള ഭാഷയിലെ അന്യപദങ്ങൾ
മലയാള ഭാഷയിൽ പ്രയോഗത്തിലിരിക്കുന്ന പദങ്ങളിൽ നല്ലൊരു ഭാഗവും സംസ്കൃതത്തിൽനിന്ന് സ്വീകരിച്ചവയാണ്. കൂടാതെ, മറ്റു വിദേശ ഭാഷകളിൽനിന്നും തമിഴിൽനിന്നും ധാരാളം പദങ്ങൾ മലയാളത്തിൽ കടന്നുകൂടിയിട്ടുണ്ട്. കുട്ടി, തത്ത, പടി, മൂങ്ങ, കുല... തുടങ്ങിയവ തമിഴ് പദങ്ങളാണ്. ക്രിസ്തുമതം ഇവിടെ പ്രചരിച്ചതുമുതൽ സിറിയൻ ഭാഷ കേരളത്തിലെത്തി. പല സിറിയൻ പദങ്ങളും അങ്ങനെ മലയാളത്തിൽ കടന്നുകൂടി. 'നസ്രാണി' എന്ന വാക്ക് സിറിയൻ ആണ്. അതായത് സുറിയാനി.
പോർചുഗീസുകാരുടെ വരവോടെ ലാറ്റിൻ വാക്കുകളും മലയാളത്തിൽ കടന്നുകൂടി. പിന്നീട് അറബി ഭാഷയും മലയാളത്തിലെത്തി. ഹർജി, ഖജാൻജി, കത്ത്, കോടതിയിലെ ജോലിക്കാരനായ ആമീൻ, ദാനം എന്ന അർഥം വരുന്ന ഇനാം, ഉലുവ, ഓശാരം, കടലാസ്, കറി, കവാത്ത്, ദല്ലാൾ, ബദൽ, കീശ, ബാക്കി, പത്തിരി, കാലി, മിന്നാരം, കമ്മീസ് എന്നിവയെല്ലാം അറബി പദങ്ങളാണ്. ഇങ്ങനെ വിവിധ കാലഘട്ടങ്ങളിലായി മലയാളത്തിൽ മറ്റു ഭാഷകളിലെ ധാരാളം പദങ്ങൾ വന്നുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.