ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ജനാധിപത്യത്തിലേക്ക്
text_fieldsസാംസ്കാരിക വൈവിധ്യമാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ മുൻനിർത്തി മുന്നോട്ടുപോകുന്ന രാജ്യം. ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, ആചാരങ്ങൾ, കല, സംസ്കാരം തുടങ്ങിയ വൈവിധ്യവും സമ്പന്നവുമായ പാരമ്പര്യം രാജ്യം കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നു. നാട്ടുരാജ്യങ്ങളാൽ ഭിന്നിക്കപ്പെട്ടു കിടന്ന, പോർച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളോട് പോരാടിയാണ് നമ്മുടെ പൂർവികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടി. എന്നാൽ, ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യ പൂർണമായി ജനാധിപത്യത്തിലേക്ക് മാറിയത് റിപ്പബ്ലിക് ദിനത്തിലായിരുന്നു. എല്ലാ ‘വെളിച്ചം’ കൂട്ടുകാർക്കും റിപ്പബ്ലിക് ദിനാശംസകൾ...
റിപ്പബ്ലിക് ദിനം
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഭരണഘടന നിലവിൽ വന്നിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക് മാറിയതും ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ജനുവരി 26നായിരുന്നു. ഈ ദിനത്തിന്റെ ഓർമക്കായാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് 1929 ഡിസംബർ 31ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ലാഹോറിൽ ഒരു സമ്മേളനം ചേർന്ന് പൂർണ സ്വരാജ്യമാണ് നമുക്കു വേണ്ടതെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടത് 1930 ജനുവരി 26നായിരുന്നു. ഇതും ജനുവരി 26െൻറ പ്രത്യേകതയായി.
റിപ്പബ്ലിക്
ലാറ്റിൻ പദമായ ‘റെസ് പബ്ലിക്ക’യിൽ നിന്നാണ് റിപ്പബ്ലിക്ക് എന്ന പദമുണ്ടായത്. ജനക്ഷേമ രാഷ്ട്രം എന്നാണതിനർഥം. പിന്നീട് ആ അർഥം മാറി ജനങ്ങളാണ് റിപ്പബ്ലിക്കിലെ പരമാധികാരികൾ എന്നായി. ‘റെസ് പബ്ലിക’ എന്ന ലാറ്റിൻ വാക്കിൽനിന്നാണ് റിപ്പബ്ലിക് എന്ന വാക്കുണ്ടായത്. ‘പൊതുകാര്യം’ എന്നാണ് ഈ വാക്കിെൻറ അർഥം. രാഷ്ട്രത്തലവന്മാർ തെരഞ്ഞെടുക്കപ്പെടുകയും പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ് റിപ്പബ്ലിക്.
ഭരണഘടന അസംബ്ലി
1946 ജൂലൈയിൽ ‘ഭരണഘടന അസംബ്ലി’ എന്ന ആശയം നിലവിൽവന്നു. 1946 ഡിസംബർ ആറിനാണ് ഭരണഘടന അസംബ്ലി നിലവിൽവന്നത്. വിവിധ പ്രവിശ്യകളിൽ നിലവിലുണ്ടായിരുന്ന നിയമനിർമാണസഭകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരടക്കം 389 പേർ അടങ്ങുന്നതായിരുന്നു സഭ. ഡോ. സച്ചിദാനന്ദൻ സിൻഹയായിരുന്നു ആദ്യസഭയുടെ താൽക്കാലിക അധ്യക്ഷൻ. പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് സ്ഥിരം അധ്യക്ഷനായി. ജവഹർലാൽ നെഹ്റു, സർദാർ വല്ലഭഭായി പട്ടേൽ, മൗലാന അബുൽകലാം ആസാദ്, ഡോ. ശ്യാമപ്രസാദ് മുഖർജി, ഡോ. ബി.ആർ. അംബേദ്കർ, സരോജിനി നായിഡു, ഡോ. കെ.എം. മുൻഷി, ഡോ. എസ്. രാധാകൃഷ്ണൻ, വിജയലക്ഷ്മി പണ്ഡിറ്റ്, അല്ലാഡി കൃഷ്ണസ്വാമി എന്നിവർ അംഗങ്ങളിൽ പെടുന്നു. രണ്ടു വർഷവും 11 മാസവും 18 ദിവസവും നീണ്ട അധ്വാനത്തിനുശേഷമായിരുന്നു ഭരണഘടനയുടെ പിറവി. 165 ദിവസം സമ്മേളിച്ചാണ് സഭ ദൗത്യം പൂർത്തിയാക്കിയത്.
1947 ആഗസ്റ്റ് 29ന് ഭരണഘടന നിർമാണത്തിെൻറ അന്തിമഘട്ടത്തിലേക്ക് കടന്നു. ഇതിനായി ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഏഴംഗ ഡ്രാഫ്റ്റിങ് സമിതി നിലവിൽവന്നു. 1949 നവംബർ 26ന് ഇവർ തയാറാക്കിയ കരട് ഭരണഘടനക്ക് ഭരണഘടനാസമിതി അംഗീകാരം നൽകുകയും രണ്ടു മാസം കഴിഞ്ഞ്, 1950 ജനുവരി 26ന് നിലവിൽവരുകയും ചെയ്തു. 1950 ജനുവരി 24ന് ഭരണഘടന നിർമാണ സഭ അവസാനമായി സമ്മേളിച്ചു. ഡോ. രാജേന്ദ്രപ്രസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡൻറായും തെരഞ്ഞെടുത്തു.
ഭരണഘടന കടമെടുത്ത രാജ്യങ്ങൾ
-ബ്രിട്ടൻ: നിയമവാഴ്ച, ഏകപൗരത്വ വ്യവസ്ഥ, നിയമനിർമാണം, സ്പീക്കറുടെ നിയമനവും സ്പീക്കറുടെ ചുമതലകളും, സിവിൽ സർവിസ് -യു.എസ്.എ: ഭരണഘടനാ ആമുഖം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, മൗലികാവകാശങ്ങൾ, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരെ ഇംപീച്ച് ചെയ്യൽ, പ്രസിഡൻറ്, എക്സിക്യൂട്ടിവ് തലവൻ, ജുഡീഷ്യൽ റിവ്യൂ.
-അയർലൻഡ്: നിർദേശക തത്ത്വങ്ങൾ, പ്രസിഡൻറ് തെരഞ്ഞെടുപ്പ്
-ജർമനി: അടിയന്തരാവസ്ഥ
-ആസ്േട്രലിയ: കൺകറൻറ് ലിസ്റ്റ്
-ദക്ഷിണാഫ്രിക്ക: ഭരണഘടനാ ഭേദഗതി
-ഫ്രാൻസ്: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
-സോവിയറ്റ് യൂനിയൻ: ആസൂത്രണം, മൗലിക കർത്തവ്യങ്ങൾ
-കാനഡ: കേന്ദ്രത്തിെൻറയും സംസ്ഥാനത്തിെൻറയും അധികാരവിഭജനം
മൗലികാവകാശങ്ങൾ
1. അനുച്ഛേദം 14– 18
സമത്വത്തിനുള്ള അവകാശം.
2. അനുച്ഛേദം 19– 22
സ്വാതന്ത്ര്യത്തിനുള്ള അവകാശം.
3. അനുച്ഛേദം 23– 24
ചൂഷണത്തിനെതിരായ അവകാശം.
4. അനുച്ഛേദം 25–28
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം.
5. അനുച്ഛേദം 29– 30
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.
6. അനുച്ഛേദം 32– 35
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം.
അംബേദ്കർ
1891 ഏപ്രിൽ 14ന് ബോംബെ പ്രസിഡൻസിയിൽ പെട്ട ബറോഡയിലാണ് രാജ്യത്തെ ഏറ്റവും പുരോഗമനകാരിയായ ചിന്തകരിൽ ഒരാളായ ഡോ. ബി.ആർ. അംബേദ്കർ ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയും ഭരണഘടനയുടെ ശിൽപിയുമാണ് അദ്ദേഹം. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഒരേയൊരു ഇന്ത്യക്കാരനാണ് അംബേദ്കർ. 1956 ഡിസംബർ ആറിന് അന്തരിച്ചു.
പഠിക്കണം ബഹുമാനിക്കാൻ
ഭരണഘടനയുടെ 51എ അനുച്ഛേദത്തിൽ ഒരു പൗരെൻറ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭരണഘടനയെയും അതിെൻറ ആദർശങ്ങളെയും ദേശീയ പതാക, ദേശീയ ഗാനം എന്നിവയെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യാൻ അനുശാസിക്കുന്നുണ്ട്. Prevention of Insults to National Honour Act, 1971 പ്രകാരം പൊതു ഇടങ്ങളിലോ മറ്റേതെങ്കിലും സ്ഥലങ്ങളിലോ ഭരണഘടനയോ അതിെൻറ ഏതെങ്കിലും ഭാഗമോ നശിപ്പിക്കുകയോ കത്തിക്കുകയോ നിന്ദിക്കുകയോ ഭരണഘടനയെക്കുറിച്ച് മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്ന ഏതൊരാൾക്കും മൂന്നുവർഷത്തിൽ കുറയാത്ത തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ നൽകുന്നതാണ്.
പൗരത്വം ഭരണഘടനയിൽ
ഇന്ത്യയുടെ പൗരനായിരിക്കുന്ന ഏതൊരാളും ഇന്ത്യൻ പാർലമെൻറ് നിർമിക്കുന്ന വ്യവസ്ഥകൾക്ക് വിധേയനായി രാജ്യത്തിെൻറ പൗരനായി തുടരുമെന്ന് അനുച്ഛേദം 10ൽ പ്രതിപാദിക്കുന്നു. രാജ്യത്തെ സ്ഥിരതാമസം പൗരത്വത്തിെൻറ മാനദണ്ഡമായി ഭരണഘടന അനുശാസിക്കുന്നു. സംസ്ഥാനങ്ങൾക്ക് പ്രത്യേകമായുള്ള പൗരത്വവും ഭരണഘടന നിഷേധിക്കുന്നുണ്ട്. ഭരണഘടന രൂപവത്കരണത്തിനു മുമ്പ് മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ച ആൾക്ക് ഭരണഘടനയുടെ അനുച്ഛേദം 5, 6, 8 പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ല. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം ഒരു പൗരെൻറ മൗലിക അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.
റിപ്പബ്ലിക് ദിന അതിഥികൾ
ഓരോ റിപ്പബ്ലിക് ദിനത്തിലും വിവിധ രാഷ്ട്ര പ്രതിനിധികളെ നാം അതിഥികളായി ക്ഷണിക്കും. ആദ്യ അതിഥി ഇന്തോനേഷ്യയുടെ പ്രസിഡൻറ് അഹ്മദ് സുകാർനോ ആയിരുന്നു. 1954, 1984, 2005 വർഷങ്ങളിലായി മൂന്നു തവണ അദ്ദേഹം അതിഥിയായി എത്തി. നെൽസൺ മണ്ടേല, എലിസബത്ത് രാജ്ഞി, ബറാക് ഒബാമ തുടങ്ങിയ പ്രമുഖരും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കു ചേർന്നവരാണ്.
ആഘോഷങ്ങൾ
ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. 1950 മുതൽ 1954വരെ ഡൽഹിയിലെ വിവിധയിടങ്ങളിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നിരുന്നത്. ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയം, കിങ്‌സ്‌വെ, ചെങ്കോട്ട, രാമലീല മൈതാനി തുടങ്ങിയ ഇടങ്ങളെല്ലാം റിപ്പബ്ലിക് ദിന പരേഡിന് വേദിയായി. 1955 മുതലാണ് ആഘോഷ ചടങ്ങുകൾ രാജ്‌പഥിൽ നടത്താൻ തുടങ്ങിയത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടക്കും.
പുരസ്‌കാര സമർപ്പണം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിെൻറ വ്യത്യസ്ത മേഖലകളിലോ പ്രവർത്തനങ്ങളിലോ മികവ് തെളിയിക്കുന്ന ഭാരതീയരെ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിക്കാറുണ്ട്. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതു സേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകിവരുന്നതാണ് പത്മ പുരസ്കാരങ്ങൾ. പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ, ഭാരതരത്ന എന്നിവയെല്ലാം ഈ വിഭാഗത്തിൽപെടുന്നു. പരമവീരചക്രം, മഹാവീരചക്രം, വീരചക്രം, അശോകചക്ര, കീർത്തിചക്ര, ശൗര്യചക്ര എന്നീ സൈനിക ബഹുമതികളും സാഹസിക പ്രവൃത്തിയിലൂടെ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച കുട്ടികൾക്കുള്ള ധീരത പുരസ്കാരങ്ങളും അന്നേ ദിവസം നൽകും.
മൗലിക കർത്തവ്യങ്ങൾ
1. ഭരണഘടന അനുസരിക്കുകയും അതിെൻറ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക.
2. ദേശീയ സ്വാതന്ത്ര്യത്തിെൻറ ഉദയത്തിന് കാരണമായ ആദർശപരമായ ആശയങ്ങളെ പിന്തുടരുകയും പരിപോഷിപ്പിക്കുകയും ചെയ്യുക.
3. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
4. രാജ്യത്തെ കാത്തുസൂക്ഷിക്കുകയും ദേശീയ സേവനം അനുഷ്ഠിക്കാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക.
5. മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കതീതമായി എല്ലാ ജനങ്ങൾക്കുമിടയിൽ സൗഹാർദവും പൊതുവായ സാഹോദര്യ മനോഭാവവും പുലർത്തുക. സ്ത്രീകളുടെ അന്തസ്സിന് കുറവുവരുത്തുന്ന ആചാരങ്ങൾ ഒഴിവാക്കുക.
6. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിെൻറ അമൂല്യ സമ്പത്തുകളെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
7. വനം, നദി, തടാകം, വന്യജീവികൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയും സഹജീവികളോട് കരുണ കാണിക്കുകയും ചെയ്യുക.
8. ശാസ്ത്രവികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുക.
9. പൊതുസമ്പത്തിനെ സംരക്ഷിക്കുക, അക്രമത്തെയും ഹിംസയെയും എതിർക്കുക.
10. രാഷ്ട്രയത്നത്തിെൻറയും ലക്ഷ്യപ്രാപ്തിയുടെയും ഉന്നതതലങ്ങളിലേക്ക് നിരന്തരം ഉയരത്തക്കവണ്ണം വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിെൻറ എല്ലാ മണ്ഡലങ്ങളിലും ഉത്കൃഷ്ടതക്കുവേണ്ടി അധ്വാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.