ശാസ്ത്രലോകത്തിന്റെ കുതിച്ചുചാട്ടമായ ചാന്ദ്രദിനം -ജൂലൈ ദിവസങ്ങൾ
text_fieldsജൂലൈ
1 ഡോക്ടേഴ്സ് ദിനം
5 ബഷീർ ചരമദിനം
11 ലോക ജനസംഖ്യാദിനം
18 നെൽസൺമണ്ടേല ദിനം
21 ചാന്ദ്രദിനം
ജൂലൈ 1 ഡോക്ടേഴ്സ് ദിനം
ജീവിതത്തിൽ പല തവണ ഡോക്ടറുടെ സേവനം ആവശ്യമുള്ളവരാണ് നാമെല്ലാവരും. ഇൗ മഹാമാരിക്കാലത്ത് നമ്മൾ അത് ഏറെ മനസ്സിലാക്കിയതുമാണ്. രോഗിക്ക് മാനസികവും ശാരീരികവുമായ ആശ്വാസം പകരുന്നയാളാണ് യഥാർഥ ഡോക്ടർ.
ലണ്ടനിലെ പ്രശസ്തമായ സെൻറ് ബർത്തലോമിസ് ഹോസ്പിറ്റലിൽ മെഡിസിൻ പഠനത്തിന് അഡ്മിഷൻ ലഭിക്കാൻ 1909ൽ ഒരു ഇന്ത്യൻ യുവാവ് അലഞ്ഞുനടന്നു. ഓരോ തവണ അപേക്ഷ നൽകുമ്പോഴും നിർദാക്ഷിണ്യം അവെൻറ അപേക്ഷ നിരസിക്കപ്പെട്ടു, അപേക്ഷകൻ ഏഷ്യൻ വംശജനാണ് എന്നതുതന്നെയായിരുന്നു അഡ്മിഷൻ നൽകാതിരിക്കാനുള്ള ഏക കാരണം. എന്നാൽ, ഓരോ തവണ അപേക്ഷ ചവറ്റുകൊട്ടയിലേക്ക് ചുരുട്ടിയെറിയുമ്പോഴും പ്രതീക്ഷയിൽ പൊതിഞ്ഞ പുതിയൊരു അപേക്ഷ ബർത്തലോമിസ് ഹോസ്പിറ്റലിൽ എത്തിക്കൊണ്ടിരുന്നു. ഒടുവിൽ 30ാമത്തെ അപേക്ഷ അവർ സ്വീകരിച്ചു. രണ്ടര വർഷത്തെ പഠന കാലയളവിൽ അസാധാരണമായ ബുദ്ധിശക്തിയും പഠന മികവും കൈമുതലായുള്ള ആ ഇന്ത്യൻ യുവാവിനെ ഉയർന്ന അംഗീകാരങ്ങൾ നൽകിത്തന്നെ ബർത്തലോമിസ് ഹോസ്പിറ്റൽ അധികൃതർക്ക് അംഗീകരിക്കേണ്ടി വന്നു.
ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് എണ്ണമറ്റ സംഭാവനകൾ നൽകിയ ബി.സി. റോയ് എന്ന ബിദാൻ ചന്ദ്ര റോയിയെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. മികച്ച ഡോക്ടർ എന്നതിലുപരി ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകിയ ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവുമായ ജൂലൈ ഒന്നാണ് രാജ്യത്ത് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.
1882 ജൂലൈ ഒന്നിന് ബിഹാറിലെ പട്നയിലാണ് ബി.സി. റോയ് ജനിച്ചത്. 1962 ജൂലൈ ഒന്നിന് വലിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് അദ്ദേഹം ലോകത്തോട് വിടപറയുകയും ചെയ്തു. വൈദ്യശാസ്ത്ര രംഗത്ത് കാലുറപ്പിച്ചുകൊണ്ട് തന്റെ ചുറ്റുമുള്ള ജനങ്ങളെയും ജനജീവിതത്തെയും ഉയർച്ചയുടെ വഴികളിലേക്ക് നയിച്ച അസാധാരണ പ്രതിഭതന്നെയായിരുന്നു ബി.സി. റോയ്. ഡോക്ടർ, സ്വാതന്ത്ര്യസമര സേനാനി, 14 വർഷക്കാലം ബംഗാളിെൻറ മുഖ്യമന്ത്രി എന്നിങ്ങനെയെല്ലാം അദ്ദേഹം സേവനമനുഷ്ഠിച്ചു.
നിർധനർക്കും അശരണർക്കും വലിയ പരിഗണന നൽകി, സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരെ പ്രത്യേകമായി മുൻനിരയിലെത്തിക്കാൻ, അവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി പ്രവർത്തിച്ചു. ദിവസവും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനായി ഒരു മണിക്കൂർ മാറ്റിവെച്ചു. വിദ്യാഭ്യാസവും മാനസികവും ശാരീരികവുമായ ആരോഗ്യവും ഇല്ലാത്ത ജനതക്ക് ‘സ്വരാജ്’ എന്നും സ്വപ്നം മാത്രമാകും എന്നദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനതക്ക് ഇതെല്ലാം ലഭ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു.
1925ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും സ്വാതന്ത്ര്യത്തിനു ശേഷം ഗാന്ധിജിയുടെ നിർദേശപ്രകാരം ബംഗാൾ മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയും ചെയ്തു. ഭരണത്തിലും തേൻറതായ ശൈലി പിന്തുടർന്നത് ഫലം കണ്ടു. അദ്ദേഹത്തിന്റെ സമഗ്ര മേഖലകളിലുമുള്ള സംഭാവനകൾ പരിഗണിച്ച് 1961ൽ രാജ്യം ഭാരത് രത്ന നൽകി ആദരിക്കുകയും ചെയ്തു.
വിദേശ രാജ്യങ്ങളിൽനിന്നുപോലും ഡോക്ടർ റോയ് അംഗീകാരങ്ങൾക്ക് അർഹനായി. അന്നത്തെ സോവിയറ്റ് യൂനിയൻ അദ്ദേഹത്തിന് സ്വന്തമായി ഒരു പ്രൈവറ്റ് എയർ ക്രാഫ്റ്റ് സമ്മാനിച്ചു. എന്നാൽ, തനിക്ക് അത് ആവശ്യമില്ലെന്നും പകരം കൊൽക്കത്ത മെഡിക്കൽ കോളജിലേക്ക് ചികിത്സ ആവശ്യങ്ങൾക്കുള്ള ആധുനിക സംവിധാനങ്ങൾ നൽകിയാൽ മതി എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പാവപ്പെട്ട രോഗികൾക്ക് സമയവും സമ്പാദ്യവും തന്നെത്തന്നേയും മാറ്റിവെച്ച ബിദാൻ മരിക്കുമ്പോൾ വീടുൾപ്പെടെ എല്ലാ സ്വത്തുക്കളും നിർധനരായ ജനങ്ങളുടെ പുരോഗതിക്കായി വിട്ടുനൽകുകയും ചെയ്തു.
5 ബഷീർ ചരമദിനം
എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം.
നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ച് ആസ്വാദനത്തിെൻറ പുതിയ ലോകം തന്നെ വായനക്കാർക്ക് ബഷീർ സമ്മാനിച്ചു. ബഡുക്കൂസ്, ലൊഡുക്കൂസ്, ച്ചിരിപ്പിടിയോളം, ബുദ്ദൂസ്, ഉമ്മിണിശ്ശ, ഇമ്മിണി ബല്യ ഒന്ന് തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും ബഷീർ കൃതികളുടെ പ്രത്യേകതയാണ്. തീവ്രമായ ജീവിതാനുഭവങ്ങളാണ് ബഷീർ രചനകളുടെ ആണിക്കല്ല്.
1908 ജനുവരി 21ന് കായി അബ്ദുറഹിമാെൻറയും കുഞ്ഞാത്തുമ്മയുടെയും ആറു മക്കളിൽ മൂത്ത മകനായി കോട്ടയം വൈക്കത്തിനടുത്ത് തലയോലപറമ്പിലായിരുന്നു ബഷീറിന്റെ ജനനം (ബഷീറിെൻറ ജനന തീയതിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്, ബഷീർ തന്നെ പറഞ്ഞിരുന്നു അതേക്കുറിച്ച് തനിക്കുതന്നെ കൃത്യമായി അറിയില്ല എന്ന്). അബ്ദുൽഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ.
തലയോലപറമ്പ് മലയാളം പള്ളിക്കൂടത്തിലും ശേഷം വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു ബഷീറിന്റെ പഠനം. പഠന കാലത്ത് ഒരിക്കൽ ഗാന്ധിജിയെ കാണാനുള്ള അടക്കാനാകാത്ത ആഗ്രഹം മൂലം വീടു വിട്ടിറങ്ങിയ ബഷീർ കോഴിക്കോട്ടെത്തിയിരുന്നു. ‘‘ഉമ്മാ ഞാൻ ഗാന്ധിജിയെ തൊട്ടു’’ എന്ന് അഭിമാനപൂർവം ബഷീർ പറഞ്ഞിരുന്നു. പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാവുകയും സമരത്തിന്റെ തീച്ചൂളയിലേക്ക് അദ്ദേഹം എടുത്തുചാടുകയും ചെയ്തു. 1930 ൽ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിൽവാസമനുഷ്ഠിച്ച ബഷീർ ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂര മർദനവും ഏറ്റുവാങ്ങിയിരുന്നു. പിന്നീട് ഭഗത് സിങ്ങിന്റെ പ്രവർത്തനരീതിയിൽ ആകൃഷ്ടനായ ബഷീർ ഭഗത് സിങ് മാതൃകയിൽ സംഘടനക്ക് രൂപംകൊടുത്തു. സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തിലൂടെയാണ് ബഷീറിന്റെ എഴുത്തുകളിൽ ആദ്യമായി അച്ചടിമഷി പുരളുന്നത്. ‘പ്രഭ’ എന്ന അപരനാമത്തിലായിരുന്നു ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത്. സർ സി.പിയെ വിമർശിച്ച് ലേഖനമെഴുതിയതിനെ തുടർന്ന് ബഷീർ രണ്ടു വർഷത്തെ കഠിന തടവിന് ജയിലിലടക്കപ്പെട്ടു.
ജയിൽ ജീവിത കാലത്താണ് അദ്ദേഹം ‘മതിലുകൾ’ എന്ന കൃതിയുടെ രചന നിർവഹിച്ചത്. പത്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യിൽ പ്രസിദ്ധീകരിച്ച ‘തങ്കം’ ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. പാത്തുമ്മയുടെ ആട്, സ്ഥലത്തെ പ്രധാന ദിവ്യൻ, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പ്രേമലേഖനം, മതിലുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, പൂവൻപഴം, ബാല്യകാലസഖി, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം (നീലവെളിച്ചം എന്ന ചെറുകഥ തിരക്കഥയാക്കിയത്), കഥാബീജം (നാടകത്തിെൻറ തിരക്കഥ), ജന്മദിനം, ഓർമക്കുറിപ്പ്, അനർഘനിമിഷം, വിഡ്ഢികളുടെ സ്വർഗം, പാവപ്പെട്ടവരുടെ വേശ്യ, ജീവിത നിഴൽപ്പാടുകൾ, വിശപ്പ്, താരാസ്‌പെഷൽസ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓർമയുടെ അറകൾ (ഓർമക്കുറിപ്പുകൾ) ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടി മുങ്കൻ, ചെവിയോർക്കുക! അന്തിമകാഹളം..., സർപ്പയജ്ഞം (ബാലസാഹിത്യം), യാ ഇലാഹി (മരണശേഷം പ്രസിദ്ധീകരിച്ചത്) തുടങ്ങിയവ അദ്ദേഹത്തിന്റെ ചില ശ്രദ്ധേയമായ രചനകളാണ്.
താൻ ജീവിക്കുന്നതോ ജീവിച്ചിരുന്നതോ ആയ ചുറ്റുപാടുകളിൽനിന്നാണ് പലപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ രൂപംകൊള്ളാറുള്ളത്. മനുഷ്യർ മാത്രമല്ല, ആട്, പട്ടി, പൂച്ച, കാക്ക തുടങ്ങിയ ജീവികളും ബഷീറിന്റെ കഥാപാത്രങ്ങളായിരുന്നു.
എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പ, ഒറ്റക്കണ്ണൻ പോക്കറ്, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, തുരപ്പൻ അവറാൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ജീവസ്സുറ്റതായിരുന്നു. അവ വായനക്കാരന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
കഥകൾ പറഞ്ഞുപറഞ്ഞ് സ്വയം കഥയായ് മാറിയ ഇതിഹാസം എന്നായിരുന്നു ബഷീറിനെ ഗുരുവായി കാണുന്ന എം.ടി. വാസുദേവൻ നായർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1970), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1981), കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം (1987), സംസ്കാരദീപം അവാർഡ് (1987), പ്രേംനസീർ അവാർഡ് (1992) ലളിതാംബിക അന്തർജനം അവാർഡ് (1992), മുട്ടത്തുവർക്കി അവാർഡ് (1993), വള്ളത്തോൾ പുരസ്കാരം (1993) എന്നിവ അദ്ദേഹത്തെ തേടിയെത്തി. 1982 ൽ രാജ്യം വൈക്കം മുഹമ്മദ് ബഷീറിനെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
1957 ഡിസംബർ 18ന് തന്റെ 50ാം വയസ്സിലായിരുന്നു ബഷീറിന്റെ വിവാഹം. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായ ഫാത്തിമ ബീവിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഫാത്തിമയുടെ ‘ഫാ’യും ബീവിയുടെ ‘ബി’യും ചേർത്ത് ഫാബി ബഷീർ എന്ന പേരിലാണ് ഫാത്തിമ ബീവി പിന്നീട് അറിയപ്പെട്ടത്. കോഴിക്കോടിനടുത്ത് ബേപ്പൂർ എന്ന സ്ഥലത്ത് വയലാലിൽ എന്ന വീട്ടിലായിരുന്നു ബഷീർ ശിഷ്ടകാലം ജീവിച്ചത്. ബഷീറിനൊപ്പമുണ്ടായിരുന്ന ജീവിതത്തെ കുറിച്ച് ഫാബി എഴുതിയ ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
എഴുത്തുകാരൻ എന്നതിലുപരി ബഷീർ ഒരു സഞ്ചാരി കൂടിയായിരുന്നു. ഒമ്പതു വർഷക്കാലത്തോളം അദ്ദേഹം ഇന്ത്യക്കകത്തും പുറത്തുമായി അലഞ്ഞുനടന്നു.ഉത്തരേന്ത്യയിൽ സന്യാസികളുടെയും സൂഫിവര്യന്മാരുടെയുമെല്ലാം ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ആഫ്രിക്കയിലും അറേബ്യയിലുമെല്ലാം അദ്ദേഹം സന്ദർശനം നടത്തി. ഇക്കാലയളവിൽ ജീവിക്കാനായി ബഷീർ ചെയ്ത ജോലികൾ നിരവധിയായിരുന്നു. കൈനോട്ടക്കാരൻ, പാചകക്കാരൻ, മാജിക്കുകാരന്റെ സഹായി, ഇംഗ്ലീഷ് ട്യൂഷൻ ടീച്ചർ, ഗേറ്റ് കീപ്പർ, ഹോട്ടൽ ജീവനക്കാരൻ തുടങ്ങി നിരവധി വേഷങ്ങൾ അദ്ദേഹം ജീവിതത്തിൽ ആടിത്തീർത്തു. കറാച്ചിയിൽ ഹോട്ടൽ നടത്തിയിരുന്ന ബഷീർ ലാഹോറിലെ സിവിൽ മിലിറ്ററി ഗസറ്റ് പത്രത്തിൽ കോപ്പി ഹോൾഡറായും ജോലി ചെയ്തിരുന്നു. ഇതിനകം പല ഭാഷകളും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
എഴുത്തുകാരനായതിനെക്കുറിച്ച് ബഷീർ വിവരിക്കുന്നതിങ്ങനെയാണ്; ‘‘ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവമൊന്നുമല്ല. ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി, എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി.’’
എഴുത്തുകാരനായിരുന്നില്ലെങ്കിൽ താനൊരു സന്യാസിയായേനെയെന്ന് ഒരിക്കൽ തമാശ രൂപേണ ബഷീർ പറഞ്ഞിട്ടുണ്ട്. മുൻകൂട്ടി തീരുമാനിക്കാതെ നടത്തുന്ന അലക്ഷ്യമായ യാത്രകളായിരുന്നു പലപ്പോഴും ബഷീർ നടത്താറുണ്ടായിരുന്നത്. തന്റെ വ്യക്തിജീവിതത്തിൽ നിന്നും യാത്രകളിലൂടെയും ലഭിച്ച തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉരകല്ലിൽ തേച്ചുമിനുക്കിയ രചനകൾ അതുകൊണ്ടുതന്നെ ജീവിതഗന്ധിയായിരുന്നു. പലപ്പോഴും യാഥാർഥ്യവും സങ്കൽപനങ്ങളും വിഭ്രമങ്ങളും കൂടിക്കലർന്ന് മാനസികനില തെറ്റുന്ന അവസ്ഥകളിലേക്കുപോലും ബഷീർ എത്തിപ്പെട്ടു. പൂക്കളെയും പൂന്തോട്ട നിർമാണവും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ബഷീർ. മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴും ജയിലിലടക്കപ്പെട്ടപ്പോഴുമെല്ലാം അദ്ദേഹം തിരഞ്ഞത് പൂന്തോട്ടം നിർമിക്കാനുള്ള സ്ഥലവും സൗകര്യങ്ങളുമായിരുന്നു.
പൂക്കളെപോലെ തന്നെ സംഗീതത്തെയും ബഷീർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗസലുകളോടായിരുന്നു താൽപര്യം. സിന്ദഗി എന്ന ചിത്രത്തിൽ കുന്ദൻലാൽ ആലപിച്ച ‘സോ ജാ രാജകുമാരി’ എന്ന ഗാനം അദ്ദേഹം പല തവണ കേൾക്കാറുണ്ടായിരുന്നു. 1994 ജൂലൈ 5നാണ് ബഷീർ അന്തരിച്ചത്.
11 ലോക ജനസംഖ്യാദിനം
ജൂലൈ 11 ജനസംഖ്യാദിനമാണ്. ദിനേന കൂടിക്കൊണ്ടിരിക്കുന്ന ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട 21 രസകരമായ കാര്യങ്ങളാണ് പറയുന്നത്... ആദ്യത്തെ അനൗദ്യോഗിക ജനസംഖ്യാദിനം 1987 ജൂലൈ 11ന് നടന്നതായി അറിയാമോ? ലോകജനസംഖ്യ 500 കോടി (5 ബില്യൺ) ആളുകളിൽ എത്തിയ ഏകദേശ തീയതി ആയതിനാൽ അന്ന് ഇത് അഞ്ചു ബില്യൺ ദിനമെന്നും അറിയപ്പെട്ടിരുന്നു. ലോക ജനസംഖ്യയിൽ ഓരോ വർഷവും ഏകദേശം 85 ദശലക്ഷം ആളുകളാണ് വർധിക്കുന്നത്. ഇതുപോലെയാണെങ്കിൽ 2050ഓടെ ലോകത്താകമാനം ജനസംഖ്യ 1000 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകത്താകമാനം പിറക്കുന്ന കുഞ്ഞുങ്ങളെത്രയെന്ന കണക്കെടുപ്പിലാണ് ഒരു മിനിറ്റിൽ 250 പ്രസവങ്ങൾ നടക്കുന്നതായി യു.എൻ കണ്ടെത്തിയത്. 2018ലെ കണക്കു പ്രകാരം 262 കുഞ്ഞുങ്ങൾ. ജനസംഖ്യാ വലുപ്പത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചൈന, പിന്നെ ഇന്ത്യ, മൂന്നാം സ്ഥാനത്ത് അമേരിക്കൻ ഐക്യനാടുകളെന്നാണ്. 2030 ആകുമ്പോഴേക്ക് ഇത് ഒന്നാം സ്ഥാനത്ത് ഇന്ത്യ, അടുത്തത് ചൈന എന്നായി മാറും. മൂന്നാം സ്ഥാനത്തുനിന്ന് അമേരിക്കയെ പിന്തള്ളി ആഫ്രിക്കൻ രാജ്യമായ നൈജീരിയ കടന്നുവരും. ഇങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള 10 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് നൈജീരിയയുടേത്. പ്രതിവർഷ വളർച്ചനിരക്ക് 2.6 ശതമാനം. 2050 ആകുമ്പോഴേക്കും നൈജീരിയൻ ജനസംഖ്യ 195 ദശലക്ഷത്തിൽനിന്ന് 410 ദശലക്ഷമായി വർധിക്കും. 2100ൽ കൂടുതൽ ജനസംഖ്യ ഉണ്ടായേക്കാവുന്ന 10 രാജ്യങ്ങളെക്കുറിച്ച് വേൾഡ് ഇക്കണോമിക് ഫോറം നൽകുന്ന കണക്കുകൾ ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പട്ടണം ജപ്പാൻ തലസ്ഥാനം ടോക്യോ ആണ്. 37 ദശലക്ഷം. തൊട്ടടുത്തുതന്നെ നമ്മുടെ ഡൽഹി. 29 ദശലക്ഷം.
ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം വത്തിക്കാൻ. 121 ഏക്കർ മാത്രമുള്ള ഈ കുഞ്ഞൻ രാജ്യത്തെ ജനസംഖ്യ എത്രയെന്നറിയണ്ടേ? വെറും 1000. ഏറ്റവും കൂടുതൽ സ്ത്രീകളുള്ള രാജ്യം നമ്മുടെ അയൽക്കാരായ നേപ്പാളാണ്. നേപ്പാളിലെ ആകെ ജനസംഖ്യയുടെ 54.19 ശതമാനവും സ്ത്രീകളാണ്. തൊട്ടുപിറകെ ഹോങ്കോങ്ങുമുണ്ട്- 54.12. ന്യൂസിലൻഡിൽ ആളുകളേക്കാൾ കൂടുതൽ ആടുകളാണെന്നറിയുന്നതിലൊരു കൗതുകമില്ലേ? അവിടെ ഒരാൾക്ക് ശരാശരി ആറ് ആടുകളുണ്ട്. 1982ൽ ഇത് 22 ആയിരുന്നത്രെ.
ലോക ജനസംഖ്യയിൽ യുവാക്കളാണോ വയോധികരാണോ കൂടുതൽ? 2017നുശേഷം ജനസംഖ്യയിൽ വയോധികരുടെ എണ്ണം യുവാക്കളേക്കാൾ മുന്നിലാണ്. 2050ഓടെ ആറ് ആളുകളിൽ ഒരാൾ 65 വയസ്സുള്ളവരാകുമെന്നാണ് കണക്കു കൂട്ടൽ. ഇപ്പോഴത് 11ൽ ഒന്നാണ്. ആയുർദൈർഘ്യം കൂടുന്നതാണ് ഈ അസമത്വത്തിന് കാരണം.
ജനസംഖ്യ കുറയുന്ന വൻകരകളിൽ പ്രധാനി യൂറോപ്പാണ്. യൂറോപ്പിൽ ഇപ്പോഴുള്ളതിനേക്കാൾ കുറവ് ജനസംഖ്യയായിരിക്കും 2050ൽ. 2035നുശേഷം യൂറോപ്പിലെ ജനസംഖ്യ നന്നായി കുറയാൻ തുടങ്ങുമെന്ന് യു.എൻ. 1980ലാണ് ചൈനയിൽ ഒരു കുടുംബത്തിനൊരു കുട്ടിയെന്ന നിയമം പാസാക്കിയത്. അതിന് 36 വർഷങ്ങൾക്കുശേഷം 2016ലാണ് അവിടെ ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ വരെ ആകാമെന്ന സ്വാതന്ത്ര്യം കിട്ടിയത്. ഇക്കഴിഞ്ഞ മേയ് 31 മുതൽ ചൈനയിൽ മൂന്നു കുട്ടികളെയും അനുവദിച്ചിട്ടുണ്ട്.
മനുഷ്യെൻറ ശരാശരി ജീവിതകാലമാണ് ആയുർദൈർഘ്യം. 2010നും 2015നും ഇടയിൽ നാലു വർഷത്തിനിടെ ആയുർദൈർഘ്യം 67ൽനിന്ന് 71 ആയാണ് ഉയർന്നത്. ഇത് 2045നും 2050നും ഇടയിൽ 77 ആയും 2095നും 2100നും ഇടയിൽ 83 വർഷമായും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഫേസ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാകുമായിരുന്നു. 1.39 ബില്യൺ പൗരന്മാർ ഓരോ മാസവും ഈ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റിൽ പ്രവേശിച്ച് ജീവിതം ആഘോഷിക്കുന്നു. ഓരോ സ്ത്രീക്കും സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാണെങ്കിൽ ലോകത്ത് മൂന്നു ബില്യൺ ആളുകൾ കുറവായിരിക്കുമെന്ന് ജനസംഖ്യശാസ്ത്രജ്ഞർ പറയുന്നു.
ലോക ജനസംഖ്യയിലെ വളർച്ചയും സ്ത്രീവിദ്യാഭ്യാസവും തമ്മിൽ ശക്തമായ ബന്ധമുണ്ടത്രെ. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ സ്ഫോടനാത്മക ജനസംഖ്യ വളർച്ച തടയാൻ കഴിയും. കാരണം, ഇത് അവരെ കുടുംബാസൂത്രണത്തിന് സഹായിക്കുകയും ബാലവിവാഹവും ആദ്യകാല ശിശുഗർഭധാരണവും കുറക്കുകയും ചെയ്യുന്നു.
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ജനസംഖ്യാശാസ്‌ത്രം അഥവാ ഡമോഗ്രഫി. സ്ഥിതിവിവരക്കണക്ക് മാത്രമല്ല, അതിെൻറ ഘടനയുടെയും മാറ്റങ്ങളുടെയും കാരണങ്ങളും പ്രത്യാഘാതങ്ങളും ഇവിടെ പഠനവിധേയമാക്കുന്നു. ഗ്രീക് ഭാഷയായ ഡി മോസ് (ജനങ്ങൾ), ഗ്രഫി (വിവരണം) എന്നീ രണ്ടു വാക്കുകളാണ് ഡമോഗ്രഫി. ജനസംഖ്യ പ്രക്രിയകളെക്കുറിച്ച് അന്വേഷിക്കാൻ ജനസംഖ്യാ േഡറ്റ ആസൂത്രിതവും വിമർശനാത്മകവുമായി ഉപയോഗിച്ച ജോൺ ഗ്രാൻറ് ജനസംഖ്യാശാസ്ത്രത്തിെൻറ പിതാവായി അംഗീകരിക്കപ്പെട്ടു.
ആധുനിക ഇന്ത്യയിൽ ആദ്യമായി സെൻസസ് ആരംഭിച്ചത് 1872ൽ മേയോ പ്രഭുവിെൻറ കാലത്താണ്. എന്നാൽ, ഇന്നത്തെ രീതിയിൽ റിപ്പൺ പ്രഭുവാണ് 1881ൽ സെൻസസിന് നേതൃത്വം നൽകിയത്. അതുകൊണ്ടുതന്നെ അദ്ദേഹമാണ് ഇന്ത്യൻ സെൻസസിെൻറ പിതാവ്. ലോകത്തെ ഏറ്റവും സങ്കീർണമായ സെൻസസ് ഇന്ത്യയുടേതാണ്. അവസാനമായി നടന്ന 2011ലെ സെൻസസ് മുദ്രാവാക്യം ‘നമ്മുടെ സെൻസസ് നമ്മുടെ ഭാവി’ എന്നായിരുന്നു.
ബ്രിട്ടനിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ബി.ബി.സിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 125 ദശലക്ഷം ആളുകൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
1987 ജൂൈല 11ന് ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്റബിൽ പിറന്ന മതേജ് ഗാസ്പർ (Matej Gasper) 500 കോടി തികച്ച കുഞ്ഞായി കണക്കാക്കപ്പെടുന്നു. ബോസ്നിയയുടെ തലസ്ഥാനമായ സരയോവോയിൽ പിറന്ന കുട്ടിയാണ് 600 കോടി തികച്ച കുട്ടിയായി കണക്കാക്കപ്പെടുന്നത്. ആ കുട്ടിക്ക് ഇട്ട പേര് സിക്സ് ബില്യൺത് ബേബി എന്നാണ്. ലോകജനസംഖ്യ 700 കോടിയിലെത്തിച്ച കുഞ്ഞ് ലഖ്നോവിൽ പിറന്ന നർഗീസാണ്. എന്നാൽ, ഫിലിപ്പീൻസിൽ പിറന്ന സാനിയയും അവകാശവാദവുമായുണ്ട്.
തെക്കൻ സുഡാനിൽനിന്ന് പ്രശസ്ത ഫോേട്ടാഗ്രാഫർ കെവിൻ കാർട്ടർ പകർത്തിയ ഈ ദൃശ്യം ശ്രദ്ധിച്ചിട്ടുണ്ടോ? (ഫിഗർ B). പട്ടിണികിടന്ന് മരിക്കാറായ കുഞ്ഞിനെ കഴുകൻ റാഞ്ചാൻ നിൽക്കുന്ന ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വികസ്വരരാജ്യങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് പോഷകക്കുറവിെൻറയും പട്ടിണിയുടെയും ഭീകരത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ലോകജനസംഖ്യയുടെ ഏഴിലൊന്നുപേർ പട്ടിണിയുടെ നിഴലിലാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ജനപ്പെരുപ്പത്തിെൻറ ഫലമായി ലോകത്ത് ഓരോ വർഷവും പുതുതായി എട്ടുകോടി ജനങ്ങൾക്കാണ് ഭക്ഷണം നൽകേണ്ടിവരുന്നത്.
18 മണ്ടേല ദിനം
1990 ഫെബ്രുവരി 11, റോബൺ ജയിലിന്റെ വാതിൽ മലർക്കെ തുറന്നു. സമയം വൈകീട്ട് മൂന്നുമണി. കറുത്തവർഗക്കാരന്റെ അവകാശങ്ങൾ നേടിയെടുക്കാൻവേണ്ടി പോരാടിയ ഒരു മനുഷ്യൻ, ജയിലിൽനിന്ന് തന്റെ ഭാര്യയുടെ കൈപിടിച്ച് പുറത്തിറങ്ങി. നീണ്ട 27 വർഷത്തെ തടവിനുശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു. ആ രംഗം ചിത്രീകരിക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ദൃശ്യമാധ്യമപ്രവർത്തകർ തിക്കിത്തിരക്കി. ആ മനുഷ്യനെയും വഹിച്ചുള്ള കാർ കേപ്ടൗണിലെ സ്വീകരണസ്ഥലത്തേക്ക് കുതിച്ചു. ആരായിരുന്നു ആ മനുഷ്യനെന്നല്ലേ? ഗാന്ധിജിയുടെ ആത്മത്യാഗവും ചെഗുവേരയുടെ ഒളിപ്പോരാട്ടങ്ങളും നെഹ്‌റുവിന്റെ തന്ത്രജ്ഞതയും അബ്രഹാം ലിങ്കന്റെ സാമൂഹിക പ്രതിബന്ധതയും ഉൾച്ചേർന്നൊരു വ്യക്തി -നെൽസൺ മണ്ടേല. ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാലയായി കരുതിയ ദക്ഷിണാഫ്രിക്കയിലെ കേപ് പ്രോവിൻസിൽ ഉംതാത എന്ന സ്ഥലത്തിനടുത്ത്, വെസോ എന്ന ഗ്രാമത്തിൽ, ഗാഡ്‌ല ഹെൻഡ്രി മണ്ടേലയുടെയും നൊസെക്കേനി ഫാനിയുടെയും പുത്രനായി, 1918 ജൂലൈ 18ന് പിറന്ന റോലില്ലാലാ മണ്ടേല ലോകമറിയുന്ന ഇതിഹാസ പുരുഷനായി തീർന്നു. ഹൊസാ വിഭാഗത്തിലെ ഗോത്രാധികാരം വഹിച്ചിരുന്ന തെമ്പു ഗോത്രത്തിൽ പിറന്ന മണ്ടേലയുടെ കുടുംബപ്പേരാണ് 'മാഡിബ'. 'നെൽസൺ' എന്നത് സ്‌കൂൾ അധികാരികൾ നൽകിയ പേരും. ആദ്യമായി സ്‌കൂളിലെത്തുന്ന ആഫ്രിക്കക്കാരന് ഒരു ഇംഗ്ലീഷ് പേര് നൽകുന്ന രീതി അവിടെ നിലനിന്നിരുന്നു. അങ്ങനെ മണ്ടേലക്ക് മിഡിംഗാനെ എന്ന ക്ലാസ് ടീച്ചർ കൊടുത്ത പേരാണ് നെൽസൺ.
ക്ലാസ്ബറി സ്‌കൂൾ, ഫീൽഡ് ടൗൺ കോളജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം മണ്ടേല ഫോർട്ട് ഹാരേ സർവകലാശാലയിൽ ബിരുദപഠനത്തിനെത്തി. ജീവിതത്തിന്റെ കറുത്ത യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. മനുഷ്യനെ നിറത്തിന്റെ പേരിൽ വേർതിരിച്ചിരുന്ന അപ്പാർത്തീഡ് അഥവാ വർണവിവേചനം എന്ന തിന്മ സമൂഹത്തിൽ നിലവിലുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്ന അയിത്താചരണം പോലെ. മണ്ടേലയിൽ രാഷ്ട്രീയ താൽപര്യവും അപ്പാർത്തീഡിനെതിരെ പോരാടാനുള്ള ആർജവവും കിട്ടിയത് ഇക്കാലത്താണ്.
ഇടക്ക് പഠനം ഉപേക്ഷിച്ച് ജൊഹാനസ്ബർഗിലെത്തി ചെറിയ ജോലികൾ ചെയ്ത് ജീവിച്ചവേളയിൽ വാൾട്ടർ സിസുലുവിനെ പരിചയപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ബിരുദപഠനം പൂർത്തിയാക്കി, വിറ്റ്‌വാട്ടർസ്രാൻറ് സർവകലാശാലയിൽ നിയമപഠനവും പൂർത്തിയാക്കി. അലക്‌സാൻഡ്രാ ബസ് ബഹിഷ്‌കരണ സമരത്തോടെ (1943) രാഷ്ട്രീയരംഗത്തെത്തിയ മണ്ടേല ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് ലീഗിന്റെ നേതാവായി സമരങ്ങൾ ഏറ്റെടുത്തു. വർണവിവേചന നിയമങ്ങൾ പിൻവലിക്കാൻ നടത്തിയ സമരത്തെത്തുടർന്ന് മണ്ടേലയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി -മണ്ടേലയുടെ ആദ്യ ജയിൽ വാസം (1952). ജയിൽമോചിതനായ ശേഷം മണ്ടേലയും സുഹൃത്തായ ഒലിവർ ടാംബോയും ചേർന്ന് ചാൻസിലേഴ്‌സ് ഹൗസിൽ വക്കീൽപണിക്കായി മണ്ടേല ആൻഡ് ടാംബോ ലോ ഫേം ആരംഭിച്ചു.
ആദ്യകാലത്ത് ഗാന്ധിയൻ അഹിംസയിൽ വിശ്വസിച്ച് പ്രവർത്തിച്ചിരുന്ന മണ്ടേല ക്രമേണ സായുധ സമരങ്ങളെപ്പറ്റി ചിന്തിച്ചു (ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിലെ വിമോചനപ്പോരാട്ടങ്ങളുടെ ആദ്യ നായകൻ എന്നും മണ്ടേല വിളിച്ചിട്ടുണ്ട്). ലോകത്തെ വിവിധ രാജ്യങ്ങളിൽ നടന്ന വിപ്ലവപ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും ആഫ്രിക്കയിലെതന്നെ വിവിധ രാജ്യങ്ങളിലും ബ്രിട്ടനിലും നടത്തിയ രഹസ്യസന്ദർശനവും അദ്ദേഹത്തെ കൂടുതൽ വീര്യമുള്ള വിപ്ലവപ്പോരാളിയാക്കി. രാജ്യദ്രോഹകുറ്റം ചെയ്തു എന്ന പേരിൽ പീറ്റർ മാരിസ് ബെർഗിൽവെച്ച് മണ്ടേലയെ അറസ്റ്റ് ചെയ്ത് ആദ്യം പ്രിട്ടോറിയയിലും പിന്നീട് റോബൺ ദ്വീപിലെ ജയിലിലും പാർപ്പിച്ചു. മണ്ടേല ഒളിച്ചു താമസിച്ചിരുന്ന ലില്ലീസ് ലീഫ് ഫാമിൽ നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകൾ മണ്ടേലയെ വീണ്ടും കോടതി കയറ്റി. റിവോണിയ ഗൂഢാലോചന എന്ന പേരിൽ നടന്ന വിചാരണയിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച മണ്ടേല റോബൺ ദ്വീപിലെ ജയിലിൽ 466/64 (1964ലെ 466ാം നമ്പർ തടവുകാരൻ) എന്ന നമ്പറിൽ ജയിൽ ശിക്ഷ അനുഭവിച്ചു തുടങ്ങി. ജയിലിൽ ചുറ്റികകൊണ്ട് പാറകൾ പൊട്ടിച്ചും, ചുണ്ണാമ്പുകല്ല് ക്വാറിയിൽ ജോലിചെയ്തും അദ്ദേഹം കഴിഞ്ഞു.
അമ്മ മരിച്ചപ്പോഴും മകൻ കാറപകടത്തിൽ മരിച്ചപ്പോഴും തീവ്രദു$ഖത്തോടെ മണ്ടേല, ജയിലിൽ ഒരുജനതയുടെ മോചനത്തിനായി പ്രാർഥനയോടെ കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മണ്ടേലയെ വിട്ടയക്കാനുള്ള അഭ്യർഥന ചെവിക്കൊള്ളാൻ വെള്ളക്കാരന്റെ ഗവൺമെൻറ് തയാറായില്ല. ഈ വേളയിൽ ലോകമെമ്പാടും 'ഫ്രീ മണ്ടേല കാമ്പയിനുകൾ' തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് റോബൺ ജയിലിൽനിന്ന് കൂടുതൽ സൗകര്യങ്ങളുള്ള പോൾസ്മൂർ ജയിലിലേക്ക്. കോമൺവെൽത്ത് രാഷ്ട്രപ്രതിനിധികൾ ദക്ഷിണാഫ്രിക്കൻ സർക്കാറുമായി മണ്ടേലയുടെ മോചനത്തെക്കുറിച്ച് ചർച്ചചെയ്തത് വഴിത്തിരിവായി. ബി.ബി.സി എഴുപതാം പിറന്നാളിന് 'ഫ്രീഡം അറ്റ് സെവൻറി' എന്ന സംഗീത പരിപാടി നടത്തിയത് മണ്ടേലയെ സന്തോഷിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലുണ്ടായ അധികാരമാറ്റത്തെ തുടർന്ന് നാഷനൽ പാർട്ടിയുടെ പ്രസിഡൻറായിവന്ന എഫ്.ഡബ്ല്യു.ഡി ക്ലാർക്ക് മണ്ടേല ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാൻ തീരുമാനിച്ചു.
ജയിൽമോചിതനായ (1990 ഫെബ്രുവരി 11) മണ്ടേലക്ക് ലോകജനത വൻവരവേൽപ് നൽകി. 'ഭാരതരത്‌നം' എന്ന പരമോന്നത ബഹുമതി നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. ദക്ഷിണാഫ്രിക്കയിലെ കറുത്തവന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച മണ്ടേലയെത്തേടി സമാധാനത്തിനുള്ള നൊേബൽ സമ്മാനം (1993) എത്തി. സഖറോവ് പുരസ്‌കാരം, നെഹ്‌റു അവാർഡ്, ഓർഡർ ഓഫ് ലെനിൻ പുരസ്‌കാരം, അമേരിക്കൻ പ്രസിഡൻറിന്റെ ഫ്രീഡം മെഡൽ എന്നിവ അദ്ദേഹത്തെ തേടി എത്തിയിരുന്നു. തുടർന്ന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡൻറായി (1994-99). അധികാരം ഒഴിഞ്ഞ ശേഷവും ദക്ഷിണാഫ്രിക്കയിലെ സാമൂഹികപ്രവർത്തനങ്ങളിൽ മുഴുകിയ മണ്ടേല 95ാം വയസ്സിൽ (ഡിസംബർ 5, 2013) ലോകത്തോട് വിടപറഞ്ഞു. മനുഷ്യമോചനത്തിനായി പോരാടിയ ആ ഇതിഹാസത്തെ ഓർമിക്കാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, 'മണ്ടേല ദിന'മായി ആചരിച്ചുവരുന്നു.
21 ചാന്ദ്രദിനം
ആ മഹത്തായ കുതിച്ചുചാട്ടത്തിെൻറ ഓർമപുതുക്കുകയാണ് വീണ്ടും. 1969 ജൂലൈ 20നാണ് (ഇന്ത്യൻ സമയമനുസരിച്ച് ജൂലൈ 21) നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത്. ലോകം ചാന്ദ്രദിൻ എന്ന് വാഴ്ത്തുന്ന ഇൗ ദിവസത്തിന് ശാസ്ത്രലോകത്ത് വലിയ പ്രാധാന്യമുണ്ട്. നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സെർനാൻവരെ 12 മനുഷ്യരാണ് ഇതുവരെ ചന്ദ്രലോകത്ത് നടന്നത്. അവർെക്കാപ്പം മൊഡ്യൂളുകളിൽ ഉണ്ടായിരുന്നവർ വേറെയും. ഇന്നലെകൾ കഴിഞ്ഞുപോകുന്നു. നാളെയുടെ പുതിയ കാൽവെപ്പിനായുള്ള കാത്തിരിപ്പിലാണ് ഇന്ന് ലോകം.
അപ്പോളോ ദൗത്യങ്ങൾ:
Apollo 1
1967 ജനുവരി 27ന് പ്രയാണസജ്ജമായി. വെർജിൻ ഗ്രിസം, എഡ്വേർഡ് വൈറ്റ്, റോജർ ഷാഫി എന്നിവർ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിടയിൽ തീപിടിച്ചതുകൊണ്ടു ലക്ഷ്യം നേടാതെ മൂന്നുയാത്രികരും കൊല്ലപ്പെട്ടു.
Apollo 2,3,4
ഇൗ മൂന്ന് അപ്പോളോ ദൗത്യങ്ങളിലും മനുഷ്യർ കയറിയിരുന്നില്ല. അപ്പോളോ 4 (1967 നവംബർ^9) മാതൃപേടകം, എൻജിനുകളും സാറ്റേൺ 5 റോക്കറ്റും പരീക്ഷിക്കുന്നതിനായി പറന്നു.
Apollo 5
1968 ജനുവരി 22. ബഹിരാകാശത്ത് ചാന്ദ്രപേടകത്തിെൻറ ആരോഹണ അവരോഹണങ്ങൾ പരീക്ഷണവിധേയമാക്കി.
Apollo 6
1968 ഏപ്രിൽ 4. അപ്പോളോ വാഹനത്തിെൻറ പ്രവർത്തനം പൂർണമായി നിരീക്ഷണ വിധേയമാക്കി.
Apollo 7
1968 ഒക്ടോബർ 11ന് യാത്രതിരിച്ചു. യാത്രികർ: വാൾട്ടർ എം. ഷിറാ ജൂനിയർ, ഡോൺ എഫ്, ഐസൽ, റോണി വാൾട്ടർ കണ്ണിങ്ഹാം. ഒക്ടോബർ 22ന് അറ്റ്ലാൻറിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി.
Apollo 8
1968 ഡിസംബർ 21ന് യാത്രതിരിച്ചു. യാത്രികർ: ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്സ്. ഡിസംബർ 27ന് ഭൂമിയിൽ തിരിച്ചെത്തി.
Apollo 9
1969 മാർച്ച് മൂന്നിന് യാത്രതിരിച്ചു. യാത്രികർ: ജെയിംസ് എ. മക്ഡവിറ്റ്, ഡേവിഡ് സ്കോട്ട്, റസ്സൽ ഷൈക്കാർട്ട്. മാർച്ച് 13ന് അറ്റ്ലാൻറിക് സമുദ്രത്തിൽ ഇറങ്ങി.
Apollo 10
1969 മേയ് 18ന് യാത്രതിരിച്ചു. യാത്രികർ: തോമസ് പി. സ്റ്റാഫോർഡ്, യൂജിൻ സെർണാൻ, ജോൺ യങ്. മേയ് 26ന് പേടകം ഭൂമിയിൽ തിരിച്ചെത്തി.
Apollo 11
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യം. 1969 ജൂലൈ 16ന് േഫ്ലാറിഡയിൽനിന്ന് വിക്ഷേപിക്കപ്പെട്ടു. യാത്രികർ: നീൽ ആംസ്േട്രാങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്. ജൂലൈ 20ന് ആംസ്േട്രാങ്, ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂറും 31 മിനിറ്റും അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു. ഈ സമയമത്രയും കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണംെവച്ചുകൊണ്ടിരുന്നു. ജൂലൈ 24ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
Apollo 12
1969 നവംബർ 14ന് യാത്രതിരിച്ചു. യാത്രികർ: റിച്ചാർഡ് ഗോർഡൻ, അലൻ എം. ബീൻ, ചാൾസ് കോൺറാഡ് ജൂനിയർ. ചന്ദ്രനിലെ ‘കൊടുങ്കാറ്റുകളുടെ കടൽ’ എന്നു പേരിട്ട് സ്ഥലത്താണ് ചാന്ദ്ര പേടകം ഇറക്കിയത്. നവംബർ 24ന് ഭൂമിയിൽ തിരിച്ചെത്തി.
Apollo 13
1970 ഏപ്രിൽ 11ന് യാത്രതിരിച്ചു. യാത്രികർ: ജെയിംസ് എ. ലോവൽ, െഫ്രഡ് ഹോയ്സ്, ജോൺ എൽ. സിഗെർട്ട്. ഓക്സിജൻ ടാങ്കിൽ ഉണ്ടായ സ്ഫോടനം നിമിത്തം അപ്പോളോ 13 അപകടത്തിലായി. ദൗത്യം പരാജയപ്പെട്ടുവെങ്കിലും സഞ്ചാരികളെ ജീവനോടെ തിരിച്ചെത്തിക്കുവാൻ കഴിഞ്ഞു. പേടകം ഏപ്രിൽ 17ന് ശാന്തസമുദ്രത്തിൽ ഇറങ്ങി.
Apollo 14
1971 ജനുവരി 31ന് യാത്ര തിരിച്ചു. യാത്രികർ: അലൻ റഷപ്പേർഡ്, സ്റ്റുവർട്ട് റൂസാ, എഡഗാർ മിഷേൽ. ഫെബ്രുവരി അഞ്ചിന് പേടകം ചന്ദ്രനിലെ ഒരു കുന്നിൽ ഇറങ്ങി. ഫെബ്രുവരി ഒമ്പതിന് അപ്പോളോ^14 ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങി.
Apollo 15
1971 ജൂലൈ 26ന് യാത്രതിരിച്ചു. യാത്രികർ: ഡേവിഡ് സ്കോട്ട്, ജെയിംസ് ഇർവിൻ, ആൽഫ്രഡ് വോർഡൻ. ആദ്യമായി ചേന്ദ്രാപരിതലത്തിൽ മൂൺ റോവർ വാഹനം ഓടിക്കാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ പ്രധാന നേട്ടം. ആഗസ്റ്റ് ഏഴിന് ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങി.
Apollo 16
1971 ഏപ്രിൽ 16ന് യാത്രതിരിച്ചു. യാത്രികർ: ജോൺയംഗ്, തോമസ് മാറ്റിംഗ്ലി, ചാൾസ് എം.ഡ്യൂക്. ചാന്ദ്ര പർവത നിരകളിൽ ഒന്നായ ‘ദെക്കാർത്തെ’യിൽ ചാന്ദ്രപേടകം ഇറങ്ങി. ഏപ്രിൽ 27ന് ശാന്തസമുദ്രത്തിൽ സുരക്ഷിതമായി വന്നിറങ്ങി.
Apollo 17
1972 ഡിസംബർ ഏഴിന് യാത്രതിരിച്ചു. യാത്രികർ: യൂജിൻ സെർണാൻ, ഹാരിസൺ ഷ്മിറ്റ്, റൊണാൾഡ് ഇവാൻസ്. അവരോടൊപ്പം അഞ്ച് എലികളും യാത്രികരായുണ്ടായിരുന്നു. എലികൾ മാതൃപേടകത്തിൽ റൊണാൾഡ് ഇവാൻസിനൊപ്പം 90 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ വലംെവച്ചു. ആദ്യമായി ഒരു ശാസ്ത്രജ്ഞർ ചന്ദ്രനിൽ പോയത് അപ്പോളോ^17 ദൗത്യത്തിലായിരുന്നു. ഈ ദൗത്യത്തോടെ അപ്പോളോ പദ്ധതിക്ക് വിരാമമായി.
ചേന്ദ്രാപരിതലത്തിൽ െവച്ചെടുത്ത ചിത്രങ്ങളിലൊന്നും ആംസ്േട്രാങ് ഇല്ല. എല്ലാ ചിത്രങ്ങളും ആൽഡ്രിേൻറതാണ്. കാരണം കാമറ ആംസ്േട്രാങ്ങിെൻറ പക്കലായിരുന്നു. ആൽഡ്രിെൻറ ഹെൽമറ്റിെൻറ വൈസറിൽ കാണുന്ന പ്രതിബിംബം മാത്രമേ ആംസ്േട്രാങ്ങിെൻറ ചിത്രമായിട്ടുള്ളൂ.
വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാരോടുള്ള ആദരസൂചകമായി അവർ പറത്തിയ ആദ്യവിമാനത്തിെൻറ ഒരു ചെറിയ കഷണം ആംസ്േട്രാങ് ചന്ദ്രനിൽ എത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്തു.
അപ്പോളോ–11 ദൗത്യത്തിൽ ആംസ്േട്രാങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങിയപ്പോൾ മൂന്നാമത്തെ യാത്രികൻ മാതൃപേടകത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുകയായിരുന്നു. ലോകത്തേറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യൻ എന്നായിരുന്നു മൈക്കൽ കോളിൻസിെൻറ ആത്മകഥയിൽ സ്വയം വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.