വിയര്‍പ്പില്‍ കുതിര്‍ന്ന ബാല്യങ്ങൾ...
text_fieldsബാല്യം എന്നും ഒരു നിധിപോലെ കാത്തുസൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓർമകളുടെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും വർണച്ചെപ്പ്. ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവിതകാലം അത് അവരുടെ ബാല്യമാണ് എന്നാണ് പൊതുവെ പറയാറ്. പേക്ഷ, ദാരിദ്ര്യത്തിനു മുന്നില്‍ തങ്ങളുടെ ബാല്യം അടിയറവുവെച്ച് ഒരുനേരത്തെ അന്നത്തിനായി രാപ്പകല്‍ അധ്വാനിക്കുന്ന കുരുന്നുകളും നമുക്കിടയിലുണ്ട്. പൂമ്പാറ്റകളായി പാറിനടക്കേണ്ട സമയത്ത് തങ്ങളുടെയും സ്വന്തം കുടുംബത്തിെൻറയും പ്രാരബ്ധങ്ങള്‍ ഏറ്റുവാങ്ങുന്ന നിഷ്‌കളങ്ക ബാല്യത്തെ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയായ ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷെൻറ നേതൃത്വത്തില്‍ 2002 മുതല്‍ ജൂണ്‍ 12 ലോക ബാലവേലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ കഴിവുകൾക്കും അന്തസ്സിനും കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസത്തിനും ഹാനികരമാക്കുന്ന ഏതൊരു ജോലിയും അന്താരാഷ്ട്ര തൊഴിലാളി സംഘടന ബാലവേലയായി നിര്‍വചിക്കുന്നു.
ബാലവേല തുടച്ചുനീക്കാൻ 2021
2025ഓടെ എല്ലാതരം നിര്‍ബന്ധിത തൊഴില്‍ വ്യവസ്ഥയെയും ബാലവേലയെയും ഉന്മൂലനംചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് യു.എന്‍ പൊതുസഭ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുകയാണ്. 2019 ജൂലൈയില്‍ ഇത്തരത്തിലൊരു പ്രമേയം പൊതുസഭ ഏകകണ്ഠമായി അംഗീകരിച്ച് 2021 ബാലവേല ഇല്ലാതാക്കുന്നതിനുള്ള വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു.
പത്തിൽ ഒരാൾ
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഏറ്റവും പുതിയ ആഗോള കണക്കുകള്‍പ്രകാരം ആഗോളതലത്തില്‍ 152 മില്യൺ കുട്ടികള്‍ ബാലവേല ചെയ്യുന്നതായാണ് കണക്ക്. ഇത് ഏകദേശം ലോകമെമ്പാടുമുള്ള 10 കുട്ടികളില്‍ ഒരാൾ എന്ന കണക്കിൽവരും. ഈ കുട്ടികളില്‍ പകുതിയിലധികം പേരും ബാലവേലയുടെ ഏറ്റവും മോശം രൂപങ്ങളായ അപകടകരമായ ചുറ്റുപാടുകളിലെ ജോലിയിലും അടിമത്തത്തിലും മയക്കുമരുന്ന് കടത്തിലുമടക്കം അകപ്പെട്ടിരിക്കുകയാണ്. കണക്കുകളനുസരിച്ച് ഉപ-സഹാറന്‍ ആഫ്രിക്കയിലാണ് ലോകത്ത് ബാലവേല ഏറ്റവും കൂടുതലുള്ളത്. ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമസംവിധാനങ്ങളാലും നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്നും വന്‍തോതില്‍ ഇത് തുടരുന്നുണ്ട്.
ഇന്ത്യയും ബാലവേലയും
ഇന്ത്യയുടെ 2011ലെ ദേശീയ സെന്‍സസ് പ്രകാരം അഞ്ചു മുതൽ 14 വയസ്സ് പ്രായമുള്ള 259.64 ദശലക്ഷം കുട്ടികളില്‍ 10.1 ദശലക്ഷം കുട്ടികളും ബാലവേലയിലാണെന്നാണ് കണക്ക്. ഇത്തരത്തിൽ ഓരോ വര്‍ഷവും നിരവധി കേസുകളും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. ബാലവേല സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും വികസന പദ്ധതികളോടൊപ്പം ദാരിദ്ര്യം പോലുള്ളവ പരിഹരിക്കുന്നതിനും അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തിനുമായി 1987ല്‍ ഇന്ത്യ ബാലവേലയുമായി ബന്ധപ്പെട്ട് ഒരു ദേശീയ നയം രൂപവത്കരിച്ചു. ഈ ശ്രമങ്ങള്‍ക്കിടയിലും ബാലവേല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയായി തുടരുകയാണ്.
നിയമപരിരക്ഷ
ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം: 1986ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമപ്രകാരം 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഏതെല്ലാം ഇടത്ത് ജോലികള്‍ ചെയ്യാം, ഏതെല്ലാം ജോലികള്‍ ചെയ്യാന്‍ പാടില്ല എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു.
ഫാക്ടറീസ് ആക്ട് : 1948ല്‍ ജോലിസ്ഥലങ്ങളിലെ വ്യക്തികളുടെ സുരക്ഷ, ആരോഗ്യം, കാര്യക്ഷമത, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന ഈ നിയമം ഫാക്ടറിയില്‍ 14 വയസ്സിനു താഴെയുള്ള കുട്ടികളെ ജോലി ചെയ്യുന്നത് വിലക്കുന്നു.
മൈന്‍സ് ആക്ട്: കല്‍ക്കരി, മെറ്റാലിഫറസ്, എണ്ണ ഖനികളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായുള്ള വ്യവസ്ഥകള്‍ അനുശാസിക്കുന്ന 1952ല്‍ നിലവില്‍വന്ന ഈ നിയമത്തില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ ജോലി ചെയ്യുന്നത് വിലക്കുന്നു.
ജുവനൈല്‍ ജസ്റ്റിസ് നിയമം: 2015ല്‍ വന്ന ഈ നിയമത്തില്‍ തൊഴില്‍ ആവശ്യത്തിനായി ആരെങ്കിലും ഒരു കുട്ടിയെ അടിമത്തത്തില്‍ നിര്‍ത്തുക എന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് വ്യക്തമാക്കുന്നു.
സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം: ആറു മുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നിയമം അനുശാസിക്കുന്നു. ഓരോ സ്വകാര്യ സ്‌കൂളിലെയും 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഗ്രൂപ്പുകളില്‍നിന്നുള്ള കുട്ടികള്‍ക്കായി അനുവദിക്കണം എന്നും ഈ നിയമം അനുശാസിക്കുന്നു.
കുട്ടികളുടെ ഹെൽപ്ലൈന് നമ്പര്‍ 1098
കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളും സംഘടനകളും ഉണ്ടെങ്കിലും അവര്‍ക്കെതിരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ബാലവേലയും ഇന്നും തുടരുന്നു. കൈയില്‍ പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമായി കളിച്ചുനടക്കേണ്ട പ്രായത്തില്‍ കഠിനാധ്വാനംചെയ്യുന്ന കുരുന്നുകളെ സംരക്ഷിക്കാം. അവരുടെ ബാല്യം നഷ്ടമാകാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം ബാലവേലയുടെ ഉന്മൂലനത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.