കുട്ടികളാണേ!
text_fieldsവഴിയോരത്ത് ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ? പരിചരണവും വിദ്യാഭ്യാസവും ലഭിക്കാതെ ചെറുപ്പത്തിൽ തന്നെ തൊഴിലിടത്തിലേക്ക് കയറുന്നവരാണിവർ. 160 ദശലക്ഷത്തോളം കുട്ടികൾ ബാലവേല ചെയ്യുന്നുവെന്ന് യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യൂനിസെഫ് )അനുമാനിക്കുന്നു. ലോകത്ത് പത്തിലൊരു കുട്ടി ബാലവേല ചെയ്യാൻ നിർബന്ധിതനാവുന്നുണ്ട്. ബാലവേല ചെറുക്കാനും ബോധവത്കരിക്കാനും ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.
ബാലവേലയെന്ത്?
ജോലിചെയ്യാൻ വൃത്തിയുള്ള അന്തരീക്ഷമോ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും നൽകാതെ നിർബന്ധിത തൊഴിലിനും ലൈംഗികചൂഷണത്തിനും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. ഇൻറർ നാഷനൽ ലേബർ ഓർഗനൈസേഷൻ ബാലവേലയെ നിർവചിക്കുന്നത് 'മാനസികമായോ സാമൂഹികമായോ അപകടകരവും കുട്ടികൾക്ക് ഹാനികരവുമായ ജോലി' എന്നാണ്. പട്ടിണി, വിവേചനം, പലായനം തുടങ്ങിയവ ബാലവേല വർധിക്കാൻ കാരണമാകുന്നു. ഇൻറർ നാഷനൽ ലേബർ ഓർഗനൈസേഷന്റെയും യൂനിസെഫിന്റെയും 2020ലെ റിപ്പോർട്ടനുസരിച്ച് അഞ്ചിനും 11 നും ഇടക്ക് പ്രായമുള്ള കുട്ടികളാണ് തൊഴിലിടത്ത് അധികവും.
ബാലവേലയിൽ ഒന്നാമത് നിൽക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. കാർഷിക മേഖലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പണിയെടുക്കുന്നത്. ഇത് 70 ശതമാനംവരും. സിംബാബ്വേ, ഇന്തോനേഷ്യ, ഇന്ത്യ, അർജൻറീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പുകയില ഫാക്ടറികളിലാണ് കുട്ടികൾ കൂടുതലായി പണിയെടുക്കുന്നത്. മിക്ക ഏഷ്യൻ രാജ്യങ്ങളിലും വസ്ത്ര വ്യവസായ മേഖലകളിലും കുട്ടികളെ ഉപയോഗിച്ചുവരുന്നു. നൈജീരിയ, കോംഗോ, ലൈബീരിയ, സാംബിയ തുടങ്ങി നിരവധി രാജ്യങ്ങൾ ഖനികളിലും ക്വാറികളിലും കുട്ടികളെ ചൂഷണം ചെയ്യുന്നത് അവരിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ കൂട്ടുന്നതിന് ഇടയാക്കുന്നു.
എല്ലാം ബാലവേലയല്ല
കുട്ടികൾ ചെയ്യുന്ന എല്ലാ ജോലിയും ബാലവേലയായി പരിഗണിക്കാൻ കഴിയില്ല. വീട്ടിലും സ്കൂളിലും അധികസമയം ലഭിക്കുമ്പോൾ ചെയ്യുന്ന സഹായങ്ങളൊന്നും ബാലവേലയല്ല. ജോലിയുടെ ദൈർഘ്യം, ചെയ്യുന്ന സാഹചര്യം, പരിസരം എന്നിവ പരിഗണിച്ചാണ് ബാലവേല കണക്കാക്കുക. മാനസികമായോ ശാരീരികമായോ സാമൂഹികമായോ കുട്ടികൾക്ക് വെല്ലുവിളി ഉയർത്തുകയും അവരുടെ വിദ്യാഭ്യാസവും ബാല്യവും നഷ്ടപ്പെടുത്തുന്നതുമായ ജോലികളിൽ നിശ്ചിത പ്രായത്തിനുമുമ്പേ കുട്ടികൾ ഏർപ്പെടുന്നതിനെയാണ് ബാലവേലയായി കണക്കാക്കുന്നത്.
കോവിഡ് വരുത്തിയ ദുരിതങ്ങൾ
കോവിഡ് മഹാമാരി ലക്ഷക്കണക്കിന് കുട്ടികളെ തൊഴിലിടങ്ങളിലേക്കിറക്കാൻ നിർബന്ധിതരാക്കി. 20 വർഷത്തിനിടയിൽ ബാലവേല നിരക്ക് ഏറ്റവും ഉയർന്നതും കോവിഡ് കാലത്തുതന്നെ. ദാരിദ്യ്രമാണ് ബാലവേലയുടെ കാരണം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അവ രൂക്ഷമാക്കി.
എൻ.സി.പി.സി.ആർ
2005 ബാലാവകാശ നിയമപ്രകാരം സ്ഥാപിതമായ നിയമ സംവിധാനമാണ് ബാലാവകാശ സംരക്ഷണ ദേശീയ കമീഷൻ (നാഷനൽ കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്). 2007 മാർച്ച് അഞ്ചിനാണ് ഇത് നിലവിൽവന്നത്.
ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ
മനുഷ്യാവകാശങ്ങളും തൊഴിൽമേഖലയിലെ അവകാശങ്ങളും സാമൂഹികനീതിയും ഉറപ്പാക്കുകയെന്നതാണ് ഇൻറർ നാഷനൽ ലേബർ ഓർഗനൈസേഷന്റെ ദൗത്യം. ലീഗ് ഓഫ് നേഷൻസിനു കീഴിൽ 1919 ഒക്ടോബറിലാണ് ഇത് സ്ഥാപിതമാകുന്നത്.
യൂനിസെഫ്
ആഗോള തലത്തിൽ കുട്ടികളുടെ വികസനത്തിനും മാനുഷിക അവകാശങ്ങൾ നേടിക്കൊടുക്കാനും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് യൂനിസെഫ്. 190 രാജ്യങ്ങളിൽ യൂനിസെഫ് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.