ഒഴുകുന്ന ജീവൻ
text_fieldsരക്തദാനം ജീവൻ ദാനംചെയ്യുന്നതിന് തുല്യമാണ്. ഒരുതുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. അതിനാൽതന്നെ രക്തദാനം മഹാദാനമായി കണക്കാക്കാം. സ്വമേധയാ എല്ലാവരെയും രക്തദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും ജൂൺ 14ന് ലോകാരോഗ്യ സംഘടന ലോക രക്തദാന ദിനം ആചരിച്ചുവരുന്നു.
അപകടങ്ങൾ പറ്റിയവർക്കും മറ്റ് അസുഖബാധിതരായവർക്കും ദിവസേന രക്തം ആവശ്യമായി വരും. ആരോഗ്യവാനായ ഏത് വ്യക്തിക്ക് വേണമെങ്കിലും തന്റെ സഹജീവിക്ക് രക്തം നൽകാനാകും. ഒരു വ്യക്തിയുടെ ശരീരത്തിൽനിന്ന് രക്തം നഷ്ടമായാൽ മറ്റൊരു വ്യക്തിയിൽ നിന്ന് രക്തം സ്വീകരിക്കൽ മാത്രമാണ് ജീവൻ നിലനിർത്താനുള്ള വഴി.
രക്തദാന ദിനം
രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ ജീവശാസ്ത്രജ്ഞനായ കാൾ ലാൻഡ്സ്റ്റൈനറിന്റെ ജന്മദിനമാണ് ജൂൺ 14. 2005 മുതൽ ലോകാരോഗ്യ സംഘടന ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നു. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികൾ എന്നിവരുമായി സഹകരിച്ചാണ് ഇത്തരമൊരു ആശയത്തിലേക്ക് ഡബ്ല്യൂ.എച്ച്.ഒ എത്തുന്നത്. 2005 മേയിൽ ഡബ്ല്യൂ.എച്ച്.ഒ അതിന്റെ 192 അംഗരാജ്യങ്ങളുമായി 58ാമത് ലോകാരോഗ്യ അസംബ്ലിയിൽ രക്തദാതാക്കളുടെ ദിനം ഔദ്യോഗികമായി സ്ഥാപിച്ചു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി പിന്നീടങ്ങോട്ട് എല്ലാ വർഷവും ദിനം ആചരിച്ചുവരുന്നു.
രക്തദാനം
ഒരാൾ സ്വമേധയാ മറ്റൊരാൾക്ക് വേണ്ടിയോ സൂക്ഷിക്കുന്നതിനോ ശാസ്ത്രീയ മാർഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് രക്തദാനം. ഒരുതവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാനാകും. കൃത്യമായ പരിശോധനകൾക്ക് ശേഷമേ രക്തം നൽകാൻ സാധിക്കൂ. രക്തദാതാക്കൾക്കുണ്ടാകുന്ന അസുഖങ്ങളുടെ രോഗാണുക്കൾ രക്തം നൽകുന്നതിലൂടെ സ്വീകർത്താവിന്റെ ആരോഗ്യനിലയെ അപകടത്തിലാക്കിയേക്കും. ഇത് ഒഴിവാക്കുന്നതിനാണ് കർശന പരിശോധന.
ആർക്കൊക്കെ രക്തം ദാനം ചെയ്യാം
18നും 60നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ ഏതൊരു വ്യക്തിക്കും രക്തം ദാനം ചെയ്യാം. പുരുഷൻമാർക്ക് മൂന്നുമാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാലുമാസത്തിലൊരിക്കലും രക്തദാനമാകാം. ഇത്തരത്തിൽ രക്തം ദാനം ചെയ്യുന്നവർക്ക് കുറഞ്ഞത് 50 കിലോഗ്രാമെങ്കിലും ഭാരം വേണം. രക്തദാതാവിന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൃത്യമായിരിക്കണം.
രക്തം ദാനം ചെയ്യാൻ പാടില്ലാത്തവർ
ജീവിതശൈലീ രോഗമുള്ളവർക്കോ മറ്റ് അസുഖങ്ങൾ ഉള്ളവർക്കോ രക്തം ദാനം ചെയ്യാൻ സാധിക്കില്ല. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മദ്യം-മയക്കുമരുന്ന് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർ എന്നിവർക്കും രക്തം ദാനം ചെയ്യാൻ കഴിയില്ല.
ആരോഗ്യഗുണങ്ങൾ
രക്തദാനത്തിനുശേഷം അഞ്ചുമുതൽ 20 മിനിറ്റ് വരെ വിശ്രമിക്കണം. പഴച്ചാറോ മധുരപാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ സഹായിക്കും. നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യണം.
ഹൃദ്രോഗസാധ്യതകൾ കുറക്കുന്നു എന്നതാണ് രക്തദാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം. അതോടൊപ്പം തന്നെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.