Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_rightരക്തദാനം; ജീവൻ...

രക്തദാനം; ജീവൻ രക്ഷിക്കാൻ നൽകുന്ന വിലപിടിപ്പുള്ള സമ്മാനം

text_fields
bookmark_border
രക്തദാനം; ജീവൻ രക്ഷിക്കാൻ നൽകുന്ന വിലപിടിപ്പുള്ള സമ്മാനം
cancel

രക്തദാനം ഒരു മഹത്​ കർമമാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ നൽകുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. സാങ്കേതികവിദ്യകളുടെ സഹായത്താൽ രക്തം ഉൽപാദിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതിനാൽ രക്തം വേണ്ടിവരുന്ന സന്ദർഭങ്ങളിൽ രക്തദാനംവഴി മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ.

സുരക്ഷ

ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ സൂക്ഷിക്കുന്നതിനുവേണ്ടിയോ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ രക്തം ദാനംചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം (Voluntary Blood Donation). ഒരുതവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. കൃത്യമായ പരിശോധനകൾക്കുശേഷം മാത്രമേ ദാതാവിൽനിന്ന് രക്തം സ്വീകരിക്കുകയുള്ളൂ. രോഗാണുക്കൾ പകരാൻ ഏറ്റവും സാധ്യതയുള്ളത് രക്തത്തിൽകൂടിയാണ് എന്നതിനാലാണത്. അതുകൊണ്ടുതന്നെ കർശനമായ പരിശോധനകൾക്കുശേഷമേ ദാതാവിനെ നിശ്ചയിക്കാറുള്ളൂ. ഇത് കർശനമായി പാലിക്കുന്നതുവഴി സ്വീകർത്താവിനും ദാതാവിനും സുരക്ഷ പൂർണമാകുന്നു. ദാതാക്കൾക്കുണ്ടാകുന്ന അസുഖങ്ങൾ, കഴിക്കുന്ന ഔഷധങ്ങൾ എന്നിവ സ്വീകർത്താക്കളുടെ ആരോഗ്യനില അപകടത്തിലാക്കിയേക്കാം. എച്ച്.ഐ.വി, വൈറൽ പനികൾ, മഞ്ഞപ്പിത്തം എന്നിവയുള്ള ദാതാക്കൾ സ്വീകർത്താക്കളെ അപകടത്തിലാക്കും. അതിനാൽ ദാതാക്കളെ പൂർണപരിശോധനക്കു വിധേയരാക്കും.

രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

-ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം

-നന്നായി വെള്ളം കുടിക്കണം. പഴച്ചാറുമാകാം

-വെറും വയറ്റിൽ രക്തദാനം ചെയ്യുന്നത് ഒഴിവാക്കാം

-രക്തദാനത്തിന് മൂന്നു മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണം. മുട്ട, ബീഫ് തുടങ്ങിയ അധികം കൊഴുപ്പുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം

-മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ (കാപ്പി) എന്നിവ ഒഴിവാക്കണം

-ശസ്തക്രിയ കഴിഞ്ഞവർ അടുത്ത ആറു മാസത്തേക്ക് രക്തദാനം ഒഴിവാക്കുന്നതാകും നല്ലത്

ആർക്കൊക്കെ രക്തം ദാനം ചെയ്യാം?

1. രോഗാവസ്ഥയിൽ രക്തദാനം ചെയ്യാൻ പാടില്ല

2. 50 കിലോയും അതിൽ കൂടുതലും ഭാരമുള്ളവർക്ക് രക്തദാനം നടത്താം

3. രക്തസമ്മർദവും ഹീമോഗ്ലോബിെൻറ അളവും കൃത്യമായിരിക്കണം

4. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് രക്തം ദാനം ചെയ്യാം

5. പുരുഷന്മാർക്ക് മൂന്നു മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാലു മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാവുന്നതാണ്


ക്രോസ്​ മാച്ചിങ്

രക്തം നൽകുന്നതിനുമുമ്പ് ദാതാവിെൻറ രക്തവും സ്വീകർത്താവിെൻറ രക്തവും തമ്മിലുള്ള ചേർച്ച നോക്കുന്ന പ്രക്രിയയാണ് ക്രോസ് മാച്ചിങ്. രക്തം നൽകുമ്പോൾ ഒരേ ഗ്രൂപ്പിൽപെട്ട രക്തം (ABOയും Rh ഘടകവും) തന്നെ നൽകിയില്ലെങ്കിൽ രക്തം സ്വീകരിക്കുന്ന രോഗിയുടെ പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡിയുമായി സ്വീകരിക്കുന്ന രക്തം പ്രതിപ്രവർത്തിച്ച് സ്വീകരിക്കുന്ന ആളിന് മരണംവരെ സംഭവിക്കാൻ കാരണമാകും. അതൊഴിവാക്കാനാണ് ക്രോസ് മാച്ചിങ് ചെയ്യുന്നത്.

സ്വന്തമായി ആൻറിജനുകൾ ഇല്ലാത്ത 'O' നെഗറ്റിവ് ഗ്രൂപ്പിലുള്ള രക്തം, സ്വീകർത്താവിെൻറ രക്തവുമായി പ്രതിപ്രവർത്തിക്കാത്തതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ക്രോസ്മാച്ച് ചെയ്യാതെയും നൽകാറുണ്ട്. ആർക്കും കൊടുക്കാവുന്ന ഗ്രൂപ്പായതിനാൽ O NEGATIVE ഗ്രൂപ്പിനെ 'സാർവത്രിക ദാതാവ്' (UNIVERSAL DONOR) എന്നും വിളിക്കാറുണ്ട്. അതുപോലെ സ്വന്തമായി ആൻറിബോഡികൾ ഇല്ലാത്ത AB ഗ്രൂപ്പിന് ആരിൽനിന്നും രക്തം സ്വീകരിക്കാനും സാധിക്കും. അതുകൊണ്ട് AB ഗ്രൂപ്പിനെ 'സാർവത്രിക സ്വീകർത്താവ്' (UNIVERAL RECIPIENT) എന്നും വിളിക്കാറുണ്ട്.

രക്തദാനത്തിനുശേഷം:

-അഞ്ചു മുതൽ 20 മിനിറ്റ് വരെ വിശ്രമിക്കുക

-രക്തദാനം ചെയ്തയുടൻ ഡ്രൈവിങ് വേണ്ട

-പഴച്ചാറോ മധുരപാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും

-നന്നായി ഭക്ഷണം കഴിക്കുക, രക്തദാനത്തിനുശേഷം കോഴിയിറച്ചിയും ബീഫുമൊക്കെയാകാം

-എട്ടു മണിക്കൂറിനുമുമ്പ് മദ്യം കഴിക്കരുത്

രക്തദാനം രണ്ടു വിധത്തിൽ

1. അലോജനിക് രീതി

ഇവിടെ ദാനംചെയ്ത രക്തം രക്തബാങ്കിൽ സൂക്ഷിക്കുന്നു. ആവശ്യക്കാരനെ ദാതാവ് തിരിച്ചറിയുന്നില്ല. ആരോഗ്യമുള്ള ഒരു ദാതാവിൽനിന്ന് രക്തം സ്വീകരിക്കാനും വേണ്ടുന്ന പരിശോധനകൾ നടത്തി ഗുണമേന്മ ഉറപ്പുവരുത്താനും ഇങ്ങനെ ലഭിക്കുന്ന രക്തം സുരക്ഷിതമായി സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യാനുമുള്ള സംവിധാനമാണ് രക്തബാങ്കുകൾ (Blood Banks).

2. നേർരേഖരീതി

ഇവിടെ സ്വീകർത്താവിെൻറ ആവശ്യാർഥം രക്തം ദാനം ചെയ്യപ്പെടുകയാണ്.

ഇന്ന് ഏറ്റവും കൂടുതൽ നാം ചർച്ചചെയ്യുന്ന ഒന്നാണ്​ കോവിഡ് രോഗികൾക്കുള്ള പ്ലാസ്മ ദാനം. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പിനുള്ള നവീന ചികിത്സാരീതി 'കൺവലസെൻറ്​-പ്ലാസ്മ തെറപ്പി' എന്ന സാങ്കേതിക നാമത്തിലാണ് അറിയപ്പെടുന്നത്.

എന്താണ് പ്ലാസ്മ തെറപ്പി?

രക്തത്തിെൻറ 50 ശതമാനവും വരുന്ന ദ്രാവകഭാഗമാണ് രക്തപ്ലാസ്മ. വയ്​ക്കോലിെൻറ നേരിയ മഞ്ഞനിറമുള്ള ഈ ദ്രാവകം ശരീരഭാരത്തിെൻറ അഞ്ചു ശതമാനം വരെ വരുന്നു. 70 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യനിൽ ഏകദേശം 3500 എം.എൽ പ്ലാസ്മയുണ്ടാകും. സുപ്രധാന മാംസ്യങ്ങളായ ഫൈബ്രിനോജൻ, ആൽബുമിൻ എന്നിവ പ്ലാസ്മയിലാണുള്ളത്. യൂറിയ, യൂറിക്​ ആസിഡ്, ക്രിയാറ്റിനിൻ, ഗ്ലൂക്കോസ്, ഹോർമോൺ, ആൻറിബോഡി എന്നിങ്ങനെ രക്തത്തിലെ എല്ലാവിധ രാസരൂപങ്ങളും സംവഹനത്തിന് രക്തപ്ലാസ്മയെ ഉപയോഗിക്കുന്നു. രക്തം കട്ടപിടിപ്പിക്കുന്ന ഫൈബ്രിനോജനും മറ്റ് രക്തക്കട്ട രൂപവത്കരണത്തിന് സഹായിക്കുന്ന രക്തത്തിലെ പദാർഥങ്ങളും രക്തകോശങ്ങളും ഒഴിവാക്കിയാൽ ലഭിക്കുന്ന ദ്രാവകമാണ് സിറം.

കൊറോണ വൈറസ് പോലെയുള്ള ഒരു രോഗാണു പകരുമ്പോൾ നമ്മുടെ പ്രതിരോധസംവിധാനം ആൻറിബോഡികൾ ഉൽപാദിപ്പിക്കും. ഈ ആൻറിബോഡികൾ വൈറസിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കും. രോഗം ഭേദമായവരുടെ രക്തത്തിൽനിന്ന് ആൻറിബോഡി വൻതോതിൽ ശേഖരിക്കുകയും രോഗിയുടെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ആൻറിബോഡികളുടെ സഹായത്തോടെ പ്രതിരോധസംവിധാനത്തിന് വൈറസിനെ നേരിടാനുള്ള കരുത്ത് വർധിക്കുന്നു.

ചികിത്സ നൽകുന്നത് എങ്ങനെ?

കോവിഡ് പൂർണമായി ഭേദമായവരിൽനിന്നാണ് രക്തം ശേഖരിക്കുക. രോഗാണുക്കളെ നിർവീര്യമാക്കിയ ആൻറിബോഡിക്കുവേണ്ടി രക്തത്തിലെ സിറം വേർതിരിക്കുകയും ശേഷിനിർണയം നടത്തുകയും ചെയ്യുന്നു. പകർച്ചവ്യാധിമുക്തരിൽ, പ്രത്യേകിച്ചും ആൻറിബോഡി കൂടുതലുള്ളവരിൽ ഉണ്ടാകുന്ന സിറം കൺവലസെൻറ്-സിറം ആയിരിക്കും. കോവിഡ് രോഗിയിൽ അത് പ്രവർത്തനക്ഷമമാവുകയും പ്രതിരോധശേഷി നേടിയെടുക്കുകയും ചെയ്യുന്നു.

രക്തം ദാനം ചെയ്യുന്നതുകൊണ്ട് നമുക്കൊരു ദോഷവും വരുന്നില്ല. മാത്രമല്ല, ദാതാവിെൻറ ശരീരത്തിൽ പുതിയ രക്തകോശങ്ങളുണ്ടാകാൻ ​കാരണമാകുന്നു. ഇത് രക്തദാനത്തിനുശേഷം കൂടുതൽ ഉന്മേഷവും പ്രവർത്തനക്ഷമതയും ശരീരത്തിന് നൽകുന്നു. ആവശ്യമായ രക്തത്തിെൻറ 100 ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടിവരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bloodblood donationjune 14
News Summary - june 14 world blood donor day
Next Story