മാറുന്ന കാലാവസ്ഥയും മാറാത്ത മനുഷ്യനും
text_fieldsചുട്ടുപൊള്ളുന്ന വെയിലിന് തൊട്ടുപിന്നാലെ കനത്ത മഴ. രാത്രിയിൽ കൊടുംതണുപ്പ്. മാറുന്ന കാലാവസ്ഥയുടെ ഒട്ടനവധി ഉദാഹരണങ്ങൾ മുന്നിലുണ്ട്. പ്രളയവും കൊടുങ്കാറ്റും കൊടുവെയിലും നിരവധി മനുഷ്യൻ ഉൾപ്പെടെ നിരവധി സസ്യ -ജന്തുജാലങ്ങൾക്ക് ഭീഷണിയായി മാറുന്നു. അതിനിടെ മാറുന്ന കാലാവസ്ഥയുടെ ആശങ്കകൾ ഓർമിപ്പിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയും വീണ്ടുമൊരു കാലാവസ്ഥദിനം കടന്നുപോകുന്നു. മനുഷ്യന്റെ ഇടപെടൽ ഭൗമാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നു എന്നും പ്രകൃതിയെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാനാകുമെന്നും ഓർമിപ്പിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
ലോക കാലാവസ്ഥ സംഘടന
ലോക കാലാവസ്ഥ സംഘടന (ഡബ്ല്യൂ.എം.ഒ) സ്ഥാപിച്ചതിന്റെ ഓർമക്കാണ് കാലാവസ്ഥദിനം ആചരിക്കുന്നത്. 1950 മാർച്ച് 23നാണ് ഡബ്ല്യൂ.എം.ഒ നിലവിൽ വന്നത്. 193 അംഗങ്ങളുള്ള സംഘടനയാണ് ഡബ്ല്യൂ.എം.ഒ. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ആസ്ഥാനം.
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒരേ അർഥത്തിലാണ് പലപ്പോഴും ഉപയോഗിക്കുക. പക്ഷേ, ഇവ രണ്ടും രണ്ടാണെന്നതാണ് വാസ്തവം. ആഗോളതാപനം കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരുഘടകം മാത്രമാണ്.
കാലാവസ്ഥാവ്യതിയാനം
മാറിവരുന്ന കാലാവസ്ഥയോടും ഏറിവരുന്ന ആഗോളതാപനത്തോടും ഭൂമി പൊരുതുകയാണ്. ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ഭൂമി കടന്നുപോകുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്കുതന്നെയും ദോഷകരമാകുന്നതാണ് ഈ വ്യതിയാനങ്ങൾ. ഹരിതഗൃഹ പ്രഭാവത്തിന്റെയും എൽ നിനോ പ്രതിഭാസത്തിന്റെയും ഫലമാണ് നിലവിലെ കാലാവസ്ഥാവ്യതിയാനത്തിന് പിന്നിലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പസഫിക് സമുദ്രത്തിലെ രണ്ട് പ്രതിഭാസങ്ങളാണ് എൽ നിനോയും, ലാ നിനായും. ലാ നിനാ പ്രകാരം അളവിലും കൂടുതൽ മഴയാകും ലഭിക്കുക. ഇതിന് നേർ വിപരീതമായ എൽ നിനോയിൽ മഴ ക്രമാതീതമായി കുറവായിരിക്കും. ഇവക്കു പുറമെ ഭൂഖണ്ഡങ്ങളുടെ വലിവ് (continental drift), അഗ്നിപർവതങ്ങൾ, ഭൂമിയുടെ ചെരിവ്, സമുദ്രത്തിലെ ജലപ്രവാഹങ്ങൾ എന്നിവയും കാലാവസ്ഥ വ്യതിയാനത്തിന് കാരണങ്ങളാണ്. ഹരിതഗൃഹപ്രഭാവം, കൽക്കരി - പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം, രാസവള ഉപയോഗം തുടങ്ങിയ മനുഷ്യ ഇടപെടലുകളും കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണമാകുന്നു.
ആഗോളതാപനം
ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്ന പ്രതിഭാസമാണ് ആഗോളതാപനം. ഓരോ വർഷം കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയർന്നുവരുന്നത് കാണാനാകും. ഈ രീതി വരുംവർഷങ്ങളിലും തുടരും. അതായത് താപനില വരുംവർഷങ്ങളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയാകുമെന്ന് സാരം. ഭൂമിയിൽ ജീവൻ ഉടലെടുത്തത് മുതൽ കാലാവസ്ഥയിൽ വ്യതിയാനങ്ങളുണ്ടായിട്ടുണ്ടെന്നും വ്യവസായികവിപ്ലവത്തിന് ശേഷം മനുഷ്യരുടെ ഇടപെടലുകൾ മൂലം കാലാവസ്ഥ വ്യതിയാനം രൂക്ഷമായെന്നും നമുക്കറിയാം.
ശരാശരി താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ അധികം കൂടിയാൽ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. തീരദേശങ്ങളിലുള്ളവരായിരിക്കും ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുക. നിരവധി രാജ്യങ്ങളിൽ തീവ്രമായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകുകയും മഴക്കാടുകൾ പൂർണമായും ഇല്ലാതാകുകയും ചെയ്യും. കടലുകളിലെ പവിഴപ്പുറ്റുകളും ചിപ്പികളും നശിക്കുകയും ഭക്ഷ്യശൃംഖല മുറിയുകയും ചെയ്യുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.