തൊഴിലാളികളുടെ ദിനവും ജൈവവൈവിധ്യ ദിനവും - മേയിലെ പ്രധാന ദിവസങ്ങൾ
text_fieldsമേയ്
1 ലോക തൊഴിലാളി ദിനം
3 ലോക പത്ര സ്വാതന്ത്ര്യ ദിനം
22 ലോക ജൈവവൈവിധ്യ ദിനം
24 കോമൺവെൽത്ത് ദിനം
29 എവറസ്റ്റ് ദിനം
മേയ് 1 ലോക തൊഴിലാളി ദിനം
20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ വിശ്രമം. ഇതായിരുന്നു ഒരു നൂറ്റാണ്ടുമുമ്പുവരെ തൊഴിലാളികളുടെ ജീവിതം. രാവന്തിയോളം തൊഴിലാളികളെ പണിയെടുപ്പിച്ച് ഭരണാധികാരികൾ നേട്ടം െകായ്തപ്പോൾ തൊഴിലാളികളുടെ ആയുസ്സ് പകുതിയായി ചുരുങ്ങുകയായിരുന്നു. കിട്ടുന്നതാകെട്ട തുച്ഛമായ വേതനവും. അസംഘടിത തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെയുള്ള ആദ്യ പോരാട്ടങ്ങളുടെ തുടക്കം 1886ൽ അമേരിക്കയിലെ ഷികാേഗായിൽ നിന്നായിരുന്നു. അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ സംഘടിച്ച് പണിമുടക്കിനൊരുങ്ങി. എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം പഠനം എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു തൊഴിലാളികളുടെ സമരം.
1886 മേയ് ഒന്നു മുതൽ ഷികാഗോയിൽ തൊഴിലാളികൾ ശക്തമായി പ്രതിഷേധിച്ചുതുടങ്ങി. തൊഴിലാളികളുടെ പ്രതിഷേധം ഭരണാധികാരികളെ ചൊടിപ്പിച്ചു. തൊഴിലാളികളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ അക്രമമുൾെപ്പടെ പല മാർഗങ്ങളും ഭരണാധികാരികൾ സ്വീകരിച്ചു. പ്രതിഷേധത്തിന് കരുത്തേകി എട്ടുലക്ഷത്തോളം ആളുകൾ പണിമുടക്കിൽ പെങ്കടുത്തു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭരണാധികാരികൾ തയാറായില്ലെന്നുമാത്രമല്ല, വെടിയുതിർത്തും അക്രമം അഴിച്ചുവിട്ടും തൊഴിലാളിസമരെത്ത അടിച്ചമർത്താനും ശ്രമിച്ചുകൊണ്ടിരുന്നു. നാൾക്കുനാൾ കരുത്താർജിച്ചുവന്ന തൊഴിലാളിസമരത്തിെൻറ വഴിത്തിരിവായിരുന്നു ഷികാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊല. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് അജ്ഞാതൻ ബോംബെറിഞ്ഞു. തുടർന്ന് പൊലീസ് വെടിവെപ്പും നടന്നു. അവിടെ നടന്ന സംഘർഷത്തിൽ ഏഴു പൊലീസുകാരും നാലു തൊഴിലാളികളും മരിച്ചുവീണു. ഇതിനെ തുടർന്ന് നിരവധി തൊഴിലാളി നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. യോഗം സംഘടിപ്പിച്ച ആഗസ്റ്റ് സ്പൈസ്, ആല്‍ബര്‍ട്ട് പാന്‍സന്‍സ്, സാമുവല്‍ ഫീല്‍ഡന്‍ , അഡോള്‍ഫ് ഫിഷര്‍ , ജോര്‍ജ് എംഗല്‍ എന്നീ തൊഴിലാളി നേതാക്കളെയും അറസ്റ്റുചെയ്തു. ഇവർക്ക് ഭരണകൂടം വധശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് സാമുവൽ ഫീൽഡെൻറ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ആഗസ്റ്റ് സ്പൈസ്, ആല്‍ബര്‍ട്ട് പാന്‍സന്‍സ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ് എംഗല്‍ എന്നീ നാലുപേരെ നവംബർ 11ന് ഷികാഗോ ജയിൽ വളപ്പിൽ വെച്ച് തൂക്കിക്കൊന്നു. എന്നാൽ തൊഴിലാളി സമരം കൂടുതൽ ശക്തിയാർജിക്കുകയായിരുന്നു ചെയ്തത്. ഇതോടെ തൊഴിലാളികളുടെ എട്ടുമണിക്കൂർ ജോലി എന്ന ആവശ്യം ഭരണാധികാരികൾ അംഗീകരിക്കാൻ തയാറായി.
ലോക തൊഴിലാളി ജനതയുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുംവേണ്ടി പോരാടിയവരുടെ ത്യാഗത്തിെൻറ ഒാർമ പുതുക്കലായാണ് ലോക തൊഴിലാളിദിനം ആചരിക്കുന്നത്. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ലോക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും പ്രതീകമായി ഇന്നും േമയ്ദിനം ആചരിക്കുന്നു. 1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇൻറർനാഷനൽ സോഷ്യലിസ്റ്റ് കോൺഫറൻസിെൻറ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിെൻറ വാർഷികമായി േമയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
രക്തസാക്ഷിത്വംവരിച്ച ആൽബർട്ട് പാർസെൻറ വിധവയായ ലൂസി പാർസെൻറ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പയനിയർ എയിഡ് ആൻഡ് സപ്പോർട്ട് സെൻറർ എന്ന സംഘടന 1893ൽ രക്തസാക്ഷികളുടെ സെമിത്തേരിയിൽ അവരെ അടക്കംചെയ്തിടത്ത് സ്മാരകം നിർമിച്ചു. ആ സ്മാരകത്തിൽ രക്തസാക്ഷിത്വംവരിച്ചവരുടെ പേരുകളും വിധിന്യായത്തിെൻറ പകർപ്പും ആലേഖനം ചെയ്തിട്ടുണ്ട്. 2011 മേയ് ഒന്നിനാണ് ഇൗ സ്മാരകം ലോകമെമ്പാടുമുള്ള ജനങ്ങൾക്കായി സമർപ്പിച്ചത്.
േമയ്ദിനം പൊതു അവധിയായി ആഘോഷിക്കുന്നത് എൺപതോളം രാജ്യങ്ങളിലാണ്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ േമയ് ഒന്നിന് ജോലികൾ നിർത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കുകയും ചെയ്തു. സർവരാജ്യ തൊഴിലാളി ദിനമെന്നും േമയ്ദിനം അറിയപ്പെടുന്നു. േമയ് ദിനത്തിെൻറ ഭാഗമായി പ്രകടനങ്ങളും തെരുവുജാഥകളും സംഘടിപ്പിച്ചുപോരുന്നു.
ഇന്ത്യയിലെ മേയ്ദിനം -1923ലാണ് ഇന്ത്യയില്‍ ആദ്യമായി േമയ് ദിനം ആഘോഷിച്ചത്. ലേബർ കിസാൻ പാർട്ടി ഒാഫ് ഹിന്ദുസ്ഥാെൻറ നേതൃത്വത്തിലായിരുന്നു ഇത്. ഇൗ ദിനത്തിൽ തന്നെയാണ് ഇന്ത്യയിൽ ആദ്യമായി ചുവന്നകൊടി ഉയരുന്നതും. കിസാൻ പാർട്ടി ഒാഫ് ഹിന്ദുസ്ഥാൻ നേതാവ് സിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലായിരുന്നു േമയ്ദിന ആഘോഷം. മദ്രാസ് ഹൈകോടതിയുടെ മുമ്പിലും ട്രിപ്ലിക്കന്‍ ബീച്ചിെൻറ മുമ്പിലുമായി രണ്ടു സമ്മേളനങ്ങളാണ് നടന്നത്. ആ സമ്മേളനത്തില്‍ േമയ് ഒന്ന്- ‘േമയ് ദിനമായും’ ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം സമ്മേളനത്തില്‍ പാസാക്കുകയും സര്‍ക്കാറില്‍ അതിനുവേണ്ട സമ്മര്‍ദം െചലത്തുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെ, തൊഴിലാളിദിനം ആചരിക്കുന്നതിൽ ഇന്ത്യയും ഭാഗമായി. മുൻ പ്രധാനമന്ത്രി വി.പി. സിങ് ആണ് േമയ്ദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചത്.
ചൈനയുടെ വുയി ദിനം ചൈനയിലാണ് മേയ്ദിനം വിപുലമായി ആചരിക്കുന്നത്. ആദ്യം ഒരാഴ്ച നീണ്ട പൊതു അവധിയായിരുന്നു രാജ്യത്ത് മേയ് ദിനത്തോടനുബന്ധിച്ച്. പിന്നീട് അവധി ദിനങ്ങളുടെ എണ്ണം ചുരുക്കി. വുയി എന്നാണ് ചൈനയിലെ മേയ് ദിനം അറിയപ്പെടുന്നത്. മേയ് ഒന്നു മുതലാണ് ഇവിെട ആഘോഷം തുടങ്ങുക.
മേയ്ദിനമില്ലാത്ത രാജ്യങ്ങൾ -മേയ്ദിനം ആചരിക്കാത്ത രണ്ടു രാജ്യങ്ങളാണ് ലോകത്തുള്ളത്. ഒന്ന് തൊഴിലാളികളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുംവേണ്ടിയുളള പോരാട്ടത്തിന് തുടക്കംകുറിച്ച ഷികാഗോ ഉൾെപ്പടുന്ന അമേരിക്കയും രണ്ട് കാനഡയും. അമേരിക്കയിൽ മേയ് ഒന്ന് ‘ലാ ഡേയ്‘ ആയാണ് ആഘോഷിക്കുന്നത്.
3 ലോക പത്ര സ്വാതന്ത്ര്യ ദിനം
ഭരണഘടന നമുക്ക് എല്ലാവർക്കും അറിയാനുള്ള അവകാശം അനുവദിച്ചു നൽകിയിട്ടുണ്ട്. അതായത് ഭരണാധികാരികളെയും അവരുടെ ഭരണത്തെക്കുറിച്ചുപോലും അറിയാനുള്ള അവകാശം. സത്യം സത്യംപോലെ അറിയാനുള്ള അവകാശം. എന്നാൽ നാം എങ്ങനെയാണ് അത് അറിയുന്നത്? ജനാധിപത്യത്തിെൻറ നാലാം തൂൺ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ പ്രസക്തി അവിടെയാണ്. അപ്പോൾ ഇൗ മാധ്യമങ്ങൾക്ക് മൂക്കുകയറിട്ടാലുള്ള അവസ്ഥയോ!
മേയ് മൂന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമാണ്. ഈ കാലഘട്ടത്തിൽ ഏറ്റവുമധികം കൊണ്ടാടേണ്ട ദിനം. മാധ്യമപ്രവർത്തനം പുതിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യമാണിന്ന്. ഒാരോ വർഷവും മാധ്യമപ്രവർത്തകർ തൊഴിലിനിടെ കൊല്ലപ്പെടുന്നതും ജയിലിലടക്കപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നു. ഈ വർഷം േമയ് ഒന്നു മുതൽ മൂന്നുവരെ അഡിസ് അബാബയിലാണ് ലോക മാധ്യമസ്വാതന്ത്ര്യ ദിനാഘോഷം അരങ്ങേറുക. തെരഞ്ഞെടുപ്പിലും ‘ജനാധിപത്യത്തിലും മാധ്യമങ്ങൾക്കുള്ള പങ്ക്’ എന്നുള്ളതാണ് ഇത്തവണത്തെ മാധ്യമസ്വാതന്ത്ര്യ ദിനത്തിെൻറ വിഷയം.
ലോകവ്യാപകമായി മാധ്യമസ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നേടിയെടുക്കാൻ 1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരമാണ് േമയ് മൂന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. അധികാരികൾ മാധ്യമങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഒാർമിപ്പിച്ചും 1991ൽ ആഫ്രിക്കയിലെ മാധ്യമപ്രവർത്തകർ വിൻഡ്ബീകിൽ നടത്തിയ പ്രഖ്യാപനത്തിെൻറ വാർഷികമായുമാണ് ഇൗ ദിനാചരണം.
പത്രസ്വാതന്ത്ര്യ ദിനത്തില്‍ മാധ്യമരംഗത്ത് പോരാടിയ ലോകത്തിലെ മികച്ച മാധ്യമപ്രവര്‍ത്തകർക്ക് നല്‍കുന്ന പുരസ്കാരമാണ് ‘‘യുനസ്കോ ഗുയിലീര്‍മോ കാനോ ലോക പത്രസ്വാതന്ത്ര്യ പുരസ്കാരം’’. ഇത്തവണ മ്യാന്മറിൽ ഭരണകൂടം ഏഴു വർഷത്തേക്ക് ജയിലിലടച്ച വാ ലോൺ, ക്യോ സോ ഊ എന്നീ മാധ്യമ പ്രവർത്തകർക്കാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തിൽ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അവിടെ പട്ടാളം നടത്തുന്ന നരനായാട്ടിനെ കുറിച്ചും ലോകത്തോട് ഭയമേതുമില്ലാതെ ഇരുവരും വിളിച്ചു പറഞ്ഞു. അതായിരുന്നു ഭരണാധികാരികളെ പ്രകോപിപ്പിച്ചതും അവരുടെ അറസ്റ്റിലേക്ക് നയിച്ചതും. അഭിപ്രായസ്വാതന്ത്ര്യം ധൈര്യസമേതം പ്രകടിപ്പിച്ചതിനും വാർത്തകൾ കണ്ടെത്താൻ ജീവൻപോലും പണയപ്പെടുത്തി നടത്തിയ സാഹസത്തിനുമാണ് ഇരുവർക്കും പുരസ്കാരമെന്ന് യുനസ്കോ കുറിപ്പിൽ അറിയിച്ചു. േമയ് രണ്ടിനാണ് പുരസ്കാരം സമ്മാനിക്കുക.
22 ജൈവവൈവിധ്യ ദിനം
ഭൂമി, സര്‍വ ചരാചരങ്ങളും ഒത്തിണങ്ങി വസിക്കുന്ന കുടുംബം. ഇവിടെ ഏറ്റവും ചെറിയൊരു ജീവിക്കുപോലും അതിേൻറതായ മഹത്ത്വവും സ്ഥാനും ഈ ഭൂമിയിലുണ്ട്. സസ്യങ്ങള്‍, കീടങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍, പറവകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവജാലങ്ങളാല്‍ സമൃദ്ധമായ ഭൂമിയില്‍ സകല ജീവികള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണുള്ളത്. എന്നാല്‍, ഈ സത്യത്തെ തിരസ്‌കരിച്ച് മനുഷ്യനാണ് ഭൂമിക്കുമേല്‍ അവകാശം എന്ന മിഥ്യാധാരണയില്‍ അവകാശത്തിെൻറ അതിര്‍വരമ്പുകള്‍ തീര്‍ക്കുമ്പോള്‍ അവിടെ നാമാവശേഷമാകുന്നത് ജൈവവൈവിധ്യത്തിെൻറ സന്തുലനവും ജീവജാലങ്ങളുടെ ജീവനുമാണ്. അസ്ഥിരമായി തുടരുന്ന ജൈവവൈവിധ്യം പൂര്‍വാവസ്ഥയിലേക്ക് എത്തിക്കുക, വംശനാശഭീഷണി നേരിടുന്നവയെ തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മേയ് 22ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി ആഘോഷിക്കുന്നു. ‘ഞങ്ങള്‍ പരിഹാരത്തിൻറ ഭാഗമാണ്’ എന്ന മുദ്രാവാക്യത്തോടെയാണ് ഈ വര്‍ഷത്തെ ലോക ജൈവവൈവിധ്യ ദിനം അരങ്ങേറുന്നത്.
1948ല്‍ സ്ഥാപിതമായ ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിെൻറ നേതൃത്വത്തില്‍ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍, മൃഗങ്ങള്‍, ഫംഗസുകള്‍, ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ ഉള്ള ചില പ്രാദേശിക ജീവിവർഗങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനായി ഉണ്ടാക്കിയ രേഖയാണ് റെഡ് േഡറ്റ ബുക്ക്. വംശനാശത്തിെൻറ വക്കിലുള്ള ജീവികളെ കുറിച്ചുള്ള പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി വിശദമായ വിവരങ്ങള്‍ നല്‍കുന്ന റെഡ് േഡറ്റ ബുക്ക് ഒരു പരിധിവരെ ഇത്തരം ജീവികളെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഭൂമിയില്‍ ജീവന്‍ തുടങ്ങിയതു മുതല്‍ വലിയ അഞ്ച് വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തിെൻറ ശോഷണത്തിന് കാരണമായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഇന്ന് ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നു. അവയില്‍ ചിലത്:
ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന കഴുകനാണ് ഇന്ത്യൻ വൾച്ചർ. എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 2002 മുതല്‍ ഐ.യു.സി.എന്നിെൻറ റെഡ് ലിസ്റ്റില്‍ ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലുണ്ട്. പശുക്കളുടെ ശവശരീരത്തില്‍ കണ്ടുവരുന്ന ഡിക്ലോഫെനാക് വിഷംമൂലം വൃക്ക തകരാറിലായാണ് ഇത്തരം കഴുകന്മാര്‍ ചത്തൊടുങ്ങിയത്.
ഇന്ന് ജീവിച്ചിരിക്കുന്ന കാട്ടുപൂച്ചകളുടെ വിഭാഗത്തിൽപെട്ട ഏറ്റവും വലിയ ജീവിയും, ഇന്ത്യയുടെയും ബംഗ്ലാദേശിെൻറയും ദേശീയ മൃഗവുമായ ബംഗാള്‍ കടുവ വേട്ടയാടല്‍, കാലാവസ്ഥ വ്യതിയാനം, ആവാസവ്യവസ്ഥയുടെ വിഘടനം എന്നിവയാല്‍ വംശനാശത്തിെൻറ വക്കിലാണ്. ഏകദേശം 100 വര്‍ഷത്തിനുമുമ്പ് ഇന്ത്യയിലെ ബംഗാള്‍ക്കടുവകളുടെ എണ്ണം ഒരുലക്ഷത്തോളമെണ്ണമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് അത് വെറും രണ്ടായിരത്തോളം മാത്രമാണ്.
ഒരു മീറ്റര്‍ ഉയരവും 15 കിലോ വരെ തൂക്കവുമുള്ള ഈ അപൂർവയിനം ഇന്ത്യന്‍ പറവയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്. ലോകത്ത് ഇന്നുള്ള പറക്കാന്‍ കഴിയുന്നവയില്‍ ഏറ്റവും ഭാരംകൂടിയ പക്ഷികളിലൊന്നാണിത്. വോട്ടക്കാരാല്‍ വംശനാശം നേരിടുന്ന ഇവയില്‍ 250 പക്ഷികള്‍ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂവെന്നാണ് കണക്ക്.
വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ചീങ്കണ്ണി/മീന്‍മുതല (Gharial) ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പ്രധാനമായും കാണപ്പെടുന്നത്. അനിയന്ത്രിതമായ മത്സ്യബന്ധനവും നദീ മലിനീകരണവുംമൂലം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇവര്‍ ഇന്ന് 500ല്‍ താഴെ മാത്രമാണ് ഉള്ളത്.
നിലത്ത് കൂടുകൂട്ടുകയും നിശ്ശബ്ദരായിരിക്കുകയും ചെയ്യുന്ന, തിളങ്ങുന്ന പച്ച തൂവലുകളോടുകൂടിയ പച്ചമയില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ഒരിനം മയിലാണ്. ഇവയെ ജാവാ മയില്‍ എന്ന പേരിലും അറിയപ്പെടുന്നു. വേട്ടയാടല്‍മൂലം വംശനാശഭീഷണി നേരിടുന്ന ഇവ ഇന്ന് ഭൂമിയില്‍ വിരളമാണ്.
200 ടണ്‍ വരെ ഭാരമുള്ള ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ഇരുപതാം നൂറ്റാണ്ടിെൻറ ആരംഭത്തില്‍ മഹാസമുദ്രങ്ങളില്‍ ധാരാളമായുണ്ടായിരുന്ന ഇവയെ തിമിംഗലവേട്ടക്കാര്‍ വേട്ടയാടുകയും വംശനാശത്തിെൻറ വക്കില്‍ എത്തിക്കുകയും ചെയ്തു. സമുദ്ര താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും അവയെ പ്രതികൂലമായി ബാധിക്കുന്നു.
തമിഴ്നാടിെൻറ സംസ്ഥാന മൃഗമായ വരയാട് നീലഗിരി ജൈവമണ്ഡലത്തില്‍ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ്. അനിയന്ത്രിതമായ വേട്ടയാടലും വേനല്‍ക്കാലത്തെ കാട്ടുതീയും മൂലമാണ് വരയാടുകള്‍ വംശനാശം നേരിടാന്‍ ഇടയായത്. വംശനാശ ഭീഷണിയില്‍നിന്ന് ഇവയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുകയാണ് കേരളത്തിലെ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം.
കേരളം, കർണാടക, തമിഴ്‌നാട് പോലുള്ള പശ്ചിമഘട്ടത്തിെൻറ തെക്കന്‍പകുതിയില്‍ മാത്രം കാണുന്ന ജീവി വർഗമാണ് സിംഹവാലന്‍ കുരങ്ങ്. തേയില, കാപ്പി, തേക്ക് എന്നീ തോട്ടങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയുടെ നിർമാണത്താല്‍ ശിഥിലമായ ആവാസ വ്യവസ്ഥമൂലം വംശനാശം നേരിടുന്ന ഇവര്‍ ഇന്ന് ഭൂമിയില്‍ നാലായിരത്തോളം എണ്ണമേ അവശേഷിക്കുന്നുള്ളൂ.
പണ്ട് തുര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്ന ഏഷ്യന്‍ സിംഹത്തെ (Asiatic lion) ഏഷ്യാറ്റിക് സിംഹം, പേര്‍ഷ്യന്‍ സിംഹം, ഇന്ത്യന്‍ സിംഹം എന്നും വിളിക്കുന്നു. പകല്‍സമയത്ത് ഇരതേടുന്ന ഇവരുടെ രീതിയെ പ്രയോജനപ്പെടുത്തി വേട്ടക്കാര്‍ ഇവയെ കൊന്നൊടുക്കി. ഇപ്പോള്‍ ഗുജറാത്ത് വനത്തില്‍ കഴിയുന്ന ഏകദേശം 650 എണ്ണം സിംഹങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
കേരളത്തിെൻറ സമുദ്രങ്ങളില്‍ കാണുന്ന ആഴക്കടലില്‍ സഞ്ചരിക്കുന്ന വലിയതരം കടലാമകളാണ് ഒലിവ് റിഡ്‌ലി കടലാമ. കുറുക്കന്‍, കീരി, നായ്, പന്നി എന്നിവ കടലാമകളെ വേട്ടയാടുന്നുണ്ടെങ്കിലും ഇവരുടെ പ്രധാന ശത്രുക്കള്‍ മനുഷ്യര്‍തന്നെയാണ്. മുട്ടയിടാനെത്തുന്ന ആമകളെ കൊന്നും ട്രോളി ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനവും ഇവയുടെ നിലനിൽപിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു.
കിഴക്കന്‍ ഹിമാലയത്തിലും തെക്കുപടിഞ്ഞാറന്‍ ചൈനയിലും കണ്ടുവരുന്ന തവിട്ട് നിറമുള്ള രോമങ്ങളോടുകൂടിയ മാംസഭോജിയാ സസ്തനിയാണ് ചെമ്പന്‍ പാണ്ട. ആവാസവ്യവസ്ഥയുടെ നഷ്ടം, വിഘടനം, വേട്ടയാടല്‍ എന്നിവ കാരണം വംശനാശഭീഷണി നേരിടുന്നു.
ഏവര്‍ക്കും സുപരിചിതമാണ് ഏഷ്യന്‍ ആനകള്‍. എന്നാല്‍, നമ്മളില്‍ എത്രപേര്‍ക്കറിയാം ആവാസവ്യവസ്ഥയുടെ വിഘടനവും വനനശീകരണവും കൊമ്പിനും മറ്റുമായുള്ള കൊന്നൊടുക്കലുംമൂലം കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ അവയുടെ ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു എന്ന്. 1986 മുതല്‍ ഏഷ്യന്‍ ആനകളെ വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായി കണക്കാക്കുന്നു.
മഞ്ഞുനിറഞ്ഞ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഹിമപ്പുലികള്‍ പ്രധാനമായും മധ്യേഷ്യ, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. വേട്ടക്കാരും ഹിമപ്പുലിയുടെ കാട്ടിരകളുടെ ഗണ്യമായ കുറവും ഇവരുടെ വംശനാശത്തിന് ഹേതുവായി. ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളില്‍ കാണപ്പെടുന്ന ഇവരുടെ എണ്ണം 2500ല്‍ താഴെയാണ്.
ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളില്‍ കാണപ്പെടുന്ന ഗംഗാ സ്രാവ് (Ganges shark) അമിത മത്സ്യബന്ധനം, മലിനീകരണത്തില്‍നിന്നുള്ള ആവാസവ്യവസ്ഥയുടെ തകര്‍ച്ച, നദിയുടെ ചൂഷണം, ഡാമുകളുടെയും ബാരേജുകളുടെയും നിർമാണം തുടങ്ങിയവയാൽ വംശനാശഭീഷണി നേരിടുന്നു.
കരടിവർഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമായ ധ്രുവക്കരടി ആര്‍ട്ടിക് മേഖലയിലാണ് ജീവിക്കുന്നത്. വെള്ളക്കരടി എന്നും ഇവ അറിയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ നഷ്ടപ്പെടുന്നത് ധ്രുവക്കരടികള്‍ക്ക് ഗുരുതരമായ ഭീഷണിയാണ്.
നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും പൊതുവെ ഏകാകികളായുണ്ടാകുന്ന വൈറ്റ്-ബെല്ലീഡ് ഹെറോണ്‍ കിഴക്കന്‍ ഹിമാലയന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബര്‍മ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും മനുഷ്യരുടെ ചൂഷണംമൂലം ഉടലെടുത്ത അസ്വസ്ഥതയും ഇവയുടെ ആഗോള സംഖ്യ 300ല്‍ താഴെയാക്കി.
അതിരുകളില്ലാതെ തലക്കുമുകളില്‍ വിശാലമായി പരന്നുകിടക്കുന്ന ആകാശം, പാറക്കെട്ടുകളെയും ഭേദിച്ച് പോകുന്ന വഴിയെല്ലാം തേൻറതാക്കി മാറ്റുന്ന ജലം, ആരുടെയും കൈക്കുള്ളിലൊതുങ്ങാതെ സ്വാതന്ത്ര്യത്തിെൻറ പര്യായമായ കാറ്റ്, സർവതിനെയും ഒരുപിടി ചാരമാക്കാന്‍ കഴിവുള്ള അഗ്നി, ഇവയില്‍ ഒന്നിലും മനുഷ്യന് അവകാശത്തിെൻറ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കാന്‍ ആവില്ല. പിന്നെ ഭൂമിക്കുമേൽ മാത്രം എന്തിനാണീ അത്യാഗ്രഹം. ചിന്തിക്കുകയല്ല പ്രവര്‍ത്തിക്കാം, ഒറ്റക്കെട്ടായി ഭൂമിയുടെ അവകാശികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താം.
24 കോമൺവെൽത്ത് ദിനം
കോമൺവെൽത്ത്, കോമൺവെൽത്ത് ഗെയിംസ് എന്നൊക്കെ കേട്ടിട്ടില്ലേ? സംഭവം കോമൺ ആണെങ്കിലും കോമൺവെൽത്തിനുമുണ്ട് ചില പ്രത്യേകതകൾ. ബ്രിട്ടീഷ് കോളനിയായിരുന്നതും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ നിയന്ത്രണത്തിലായിരുന്നതുമായ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് ഓഫ് നാഷൻസ്. കോമൺവെൽത്ത് രൂപവത്കരണമെന്ന ആശയം 1926ൽ നടന്ന ഇംപീരിയൽ സമ്മേളനത്തിലാണ് അംഗീകരിച്ചത്. ഇന്ത്യ, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് അന്ന് സമ്മേളനത്തിൽ പങ്കെടുത്തത്. 54 സ്വതന്ത്ര രാജ്യങ്ങളാണ് നിലവിൽ സംഘടനയിൽ അംഗങ്ങളായുള്ളത്. 1947ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ, നമ്മുടെ രാജ്യവും ഈ സംഘടനയിൽ അംഗമാണ്. 54 അംഗരാജ്യങ്ങളിൽ 32 എണ്ണവും ജമൈക്കയും നമീബിയയും പോലെ 1.5 മില്യൺ ജനസംഖ്യയുള്ള ചെറുരാജ്യങ്ങളാണ്. രണ്ടുവർഷത്തിലൊരിക്കൽ കോമൺവെൽത്ത് രാജ്യങ്ങളിലെ നേതാക്കൾ യോഗം ചേർന്നാണ് നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കുന്നത്. കോമൺവെൽത്തിെൻറ ആസ്ഥാനം ലണ്ടനാണ്. ജനാധിപത്യവും വികസനവും സമാധാനവും നിലനിൽക്കുന്നതിനാണ് സംഘടന പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് (രണ്ട്) ആണ് കോമൺവെൽത്തിെൻറ മേധാവി. പണ്ട് ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന രാജ്യങ്ങളാണ് സംഘടനയിൽ അംഗങ്ങളെങ്കിലും ബ്രിട്ടീഷ് രാജ്ഞിക്ക് പ്രത്യേകം അധികാരങ്ങളൊന്നും കോമൺവെൽത്തിലില്ല. 1949ൽ അംഗരാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ആധുനിക കോമൺവെൽത്ത് നാഷൻസിെൻറ പിറവി. കിങ് ജോർജ് ആറാമനായിരുന്നു ആദ്യതലവൻ. അദ്ദേഹത്തിെൻറ മരണശേഷം എലിസബത്ത് (രണ്ട്) ആ സ്ഥാനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോമൺവെൽത്ത് രാജ്യങ്ങളാണ് അതിെൻറ തലവനെ തീരുമാനിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത രാജ്യങ്ങളായ റുവാണ്ടയും മൊസാംബീകുമാണ് അവസാനമായി കോമൺവെൽത്തിൽ അംഗങ്ങളായത്.
മൂന്നു പ്രധാന സംഘടനകളാണ് കോമൺവെൽത്തിെൻറ ഭാഗമായുള്ളത്. കോമൺവെൽത്ത് സെക്രേട്ടറിയറ്റ്, കോമൺവെൽത്ത് ഫൗണ്ടേഷൻ, കോമൺവെൽത്ത് ഓഫ് ലേണിങ് എന്നിവയാണവ. വികസനവും സമാധാനവും മുൻനിർത്തിയ കോമൺവെൽത്ത് ലക്ഷ്യങ്ങൾ നേടാനായി അംഗരാജ്യങ്ങളെ സഹായിക്കാനാണ് കോമൺവെൽത്ത് സെക്രേട്ടറിയറ്റ് നിലകൊള്ളുന്നത്. 1965ലാണ് സെക്രട്ടറിയേറ്റ് നിലവിൽവന്നത്. സെക്രേട്ടറിയറ്റിെൻറ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് സെക്രട്ടറി ജനറൽ. വികസനത്തിലും ജനാധിപത്യത്തിലും ജനങ്ങളുടെ പങ്കാളിത്തവും സഹായവും ഉറപ്പുവരുത്താനാണ് കോമൺവെൽത്ത് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസത്തിനാണ് കോമൺവെൽത്ത് ഓഫ് ലേണിങ് പ്രാധാന്യം നൽകുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് കോമണ്‍വെല്‍ത്ത് ഡിസ്റ്റന്‍സ് ലേണിങ് സ്‌കോളര്‍ഷിപ്പും കോമൺവെൽത്ത് ലോ ഇൻകം, മിഡിൽ ഇൻകം രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സർവകലാശാലകളിൽ മാസ്റ്റേഴ്സ് പ്രോഗ്രാം സ്കോളർഷിപ്പും അടക്കം വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സംഘടന സഹായം നൽകുന്നുണ്ട്.
കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം എഴുത്തുകാർക്കുള്ള പ്രോത്സാഹനമാണ്. ഝാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെക്കാണ് കഴിഞ്ഞതവണ പുരസ്കാരം ലഭിച്ചത്. ദ ഗ്രേറ്റ് ഇന്ത്യൻ ടീ ആൻഡ് സ്നാക്സ് എന്ന കൃതിക്കാണ് കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്.
1901ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി മരിച്ചതിനുശേഷം അവരുടെ ജന്മദിനമായ മേയ് 24 സാമ്രാജ്യ ദിനമായി ആചരിക്കപ്പെട്ടു. 1958 വരെ ഇതു തുടർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലൻ ഇതിനെ കോമൺവെൽത്ത് ദിനമെന്ന് പുനർനാമകരണം ചെയ്തു. പിന്നീട് റോയൽ കോമൺവെൽത്ത് സൊസൈറ്റിയുടെ തീരുമാനപ്രകാരം സാമ്രാജ്യത്വദിനത്തോടനുബന്ധിച്ച്
മേയ് 24ന് കോമൺവെൽത്ത് ദിനാഘോഷം തുടരുന്നതിനുപകരം എല്ലാ വർഷവും മാർച്ച് രണ്ടാം തിങ്കളാഴ്ച കോമൺവെൽത്ത് ദിനമായി ആചരിക്കുന്നു. എന്നാൽ, ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ ഇപ്പോഴും മേയ് 24നാണ് കോമൺവെൽത്ത് ദിനം.
ലോകത്തിലെ മൂന്നാമത്തെ വലിയ കായിക മേളയാണ് കോമൺവെൽത്ത് ഗെയിംസ്. കോമൺവെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങളാണ് ഈ മേളയിൽ മാറ്റുരക്കുക. ഓരോ നാലുവർഷം കൂടുമ്പോഴാണ് മേള നടത്തുന്നത്.
29 എവറസ്റ്റ് ദിനം
ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ഇഷ്ടമില്ലാത്തതായി ആരുമുണ്ടാവില്ല. എന്നാൽ ലോകത്ത് ഏറ്റവും ഉയരം താണ്ടുന്നവരാണ് പർവതാരോഹകർ. അതിൽ ഏതൊരു പർവതാരോഹകന്റെയും സ്വപ്നമാകട്ടേ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റും. എവറസ്റ്റ് കൊടുമുടി എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗയും കീഴടക്കിയതിന്റെ സ്മരണാർഥം മേയ് 29 അന്താരാഷ്ട്ര എവറസ്റ്റ് ദിനമായി ആചരിക്കുന്നു. കൂടുതൽ പർവത വിശേഷങ്ങളറിയാം.
ചൈന, നേപ്പാൾ അതിർത്തികളിലായി ഹിമാലയൻ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് എവറസ്റ്റ്. സമുദ്രനിരപ്പിൽ നിന്ന് 8,848.86 മീറ്ററാണ് ഇതിന്റെ ഉയരം. 1856 ലാണ് എവറസ്റ്റിന്റെ ഉയരം ഔദ്യോഗികമായി കണക്കാക്കുന്നത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള എവറസ്റ്റിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് ഒരു നൂറ്റാണ്ടാകുന്നതേയുള്ളൂ. 1953 മേയ് 29 പകൽ 11.30നായിരുന്നു ആ ചരിത്ര സംഭവം. ചരിത്രത്തിലാദ്യമായി മനുഷ്യൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി. ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലരിയും നേപ്പാളുകാരനായ ടെൻസിങ് നോർഗയുമാണ് ചരിത്രത്തിന്റെ ഭാഗമായവർ. 1953 ഏപ്രിൽ 13നാണ് കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തിൽ ഈ സംഘത്തിന്റെ എവറസ്റ്റ് ദൗത്യം ആരംഭിച്ചത്. എന്നാൽ ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങളെല്ലാം പാതിവഴിയിൽ ദൗത്യത്തിൽ നിന്നും പിന്മാറിയെങ്കിലും ടെൻസിങ്ങും ഹിലരിയും നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ട് നീങ്ങുകയായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ സർവേയർ ജനറലായിരുന്ന കേണൽ ആൻഡ്രൂ വാഗ് തന്റെ മുൻഗാമിയായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ പേര് ശിപാർശ ചെയ്തതിനെ തുടർന്ന് 1865 ൽ റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റി കൊടുമുടിക്ക് എവറസ്റ്റ് എന്ന പേര് നൽകുകയായിരുന്നു. എവറസ്റ്റ് കൊടുമുടി പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. നേപ്പാളുകാർ എവറസ്റ്റിനെ സാഗർമാതാ എന്നാണ് വിളിക്കുന്നത്. ചൈനയിൽ ചുമ് ലാങ്മ ഫെങ്,തിബത്തിൽ ചോമ ലുങ്മ, സംസ്കൃതത്തിൽ ദേവഗിരി എന്നും എവറസ്റ്റിനെ വിളിക്കും.
നേപ്പാൾ, തിബത്ത് എന്നിവ വഴിയാണ് എവറസ്റ്റിലേക്കുള്ള പാതകൾ. ആദ്യകാലങ്ങളിൽ തിബത്തിലൂടെയായിരുന്നു പർവതാരോഹകർ എവറസ്റ്റ് പര്യവേക്ഷണങ്ങൾ നടത്തിയത്. എന്നാൽ ടെൻസിങ്ങും ഹിലരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് നേപ്പാൾ പാതയിലൂടെ ആയിരുന്നു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ഓരോ പർവതാരോഹകനും എവറസ്റ്റ് കീഴടക്കാൻ ഇറങ്ങുന്നത്. തണുപ്പുകാലത്തിനും മഴക്കാലത്തിനും ഇടയിൽ മാർച്ച്- മേയ് മാസങ്ങളിലാണ് എവറസ്റ്റ് കയറുന്നതിന് അനുയോജ്യമായ സമയം. എങ്കിലും നിരവധി മരണക്കെണികൾ മറികടന്നുവേണം എവറസ്റ്റിന്റെ ഉയരത്തിലെത്താൻ. ഹിമപാതമാണ് ഇവിടെ പർവതാരോഹകർ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി.
ഉയരത്തിലേക്ക് പോകുന്തോറും ഓക്സിജന്റെ അളവ് കുറയുന്നതിനാൽ ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ന്യുമോണിയ, ഹൃദയാഘാതം, മസ്തിഷ്കത്തിൽ നീർവീക്കം, അതികഠിനമായ തലവേദന,ഛർദി എന്നിവയും പർവതാരോഹകർക്ക് നേരിടേണ്ടി വന്നേക്കാം.
നേപ്പാളിലെ കുന്നിൻ ചരിവുകളിൽ താമസിക്കുന്ന ജനവിഭാഗമാണ് ഷേർപകൾ. കൃഷിയാണ് ഇവരുടെ പ്രധാന ഉപജീവനമാർഗം. എവറസ്റ്റിലേക്ക് പോകുന്ന പർവതാരോഹകർക്ക് ഷേർപകളാണ് വഴികാട്ടികൾ. ഷേർപകളുടെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കുക എന്ന ദൗത്യം അത്ര എളുപ്പമല്ല. ബുദ്ധമത അനുയായികളായ ഷേർപകൾക്ക് എവറസ്റ്റ് സാഗർമാതയാണ്. ആദ്യമായി എവറസ്റ്റിന്റെ നെറുകയിലെത്തിയ രണ്ടുപേരിലൊരാളായ ടെൻസിങ് നോർഗെ ഷേർപയാണ്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ജാംലിങ് ടെൻസിങ് നോർഗെയും എവറസ്റ്റിലെത്തി. പസാങ് ലാമു ഷേർപയാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ നേപ്പാളി വനിത. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയെന്ന റെക്കോഡ് സ്വന്തമാക്കിയതും ഒരു ഷേർപ തന്നെ. കാമി റിത ഷേർപയാണ് 26 തവണ എവറസ്റ്റിന്റെ മുകളിലെത്തിയത്.
ശുദ്ധജലത്തിന്റെ സ്രോതസ്സുകളാണ് മഞ്ഞു വീഴ്ചയുള്ള പർവതങ്ങൾ. പർവതങ്ങളിലെ ഹിമാനികളും തടാകങ്ങളും ഭൂമിയിലെ ശുദ്ധജല സംഭരണികളാണ്. നിരവധി നദികളുടെ ഉത്ഭവസ്ഥാനം കൂടിയാണ് പർവതങ്ങൾ. പർവതപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലത്തിനായി ആശ്രയിക്കുന്നത് ഈ ജലസംഭരണികളാണ്. എന്നാൽ വർധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാനം പർവതങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുന്നത് ഹിമാനികളുടെ വലുപ്പത്തെയും രൂപത്തിലും മാറ്റം വരുത്തുകയും ജലത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനം എവറസ്റ്റിനെയും സാരമായി ബാധിച്ചിട്ടുണ്ട്. സഞ്ചാരികളുടെയും എവറസ്റ്റ് കയറാനെത്തുന്നവരുടെയും എണ്ണം വർധിച്ചതോടെ മാലിന്യക്കൂമ്പാരവും എവറസ്റ്റ് നേരിടുന്ന പ്രധാന പ്രശ്നമാണ്. ഒരേ വർഷവും ടൺ കണക്കിന് പാഴ് വസ്തുക്കളാണ് എവറസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നത്. 2009ൽ നേപ്പാളിന്റെ മന്ത്രി സഭായോഗം എവറസ്റ്റിൽ നടത്തിയിരുന്നു. ഹിമാലയ പർവതനിരകളിൽ ആഗോള താപനം ഉണ്ടാക്കുന്ന മാറ്റങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായിരുന്നു മന്ത്രിസഭ യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.