ജീവെൻറ കാവലാളുകൾക്കായി ജൂൈല ഒന്ന്
text_fieldsജീവിതത്തിൽ പല തവണ ഡോക്ടറുടെ സേവനം ആവശ്യമുള്ളവരാണ് നാമെല്ലാവരും. ഇൗ മഹാമാരിക്കാലത്ത് നമ്മൾ അത് ഏറെ മനസ്സിലാക്കിയതുമാണ്. രോഗിക്ക് മാനസികവും ശാരീരികവുമായ ആശ്വാസം പകരുന്നയാളാണ് യഥാർഥ ഡോക്ടർ. ഡോക്ടേഴ്സ് ഡേ ആശംസകൾ...
ലണ്ടനിലെ പ്രശസ്തമായ സെൻറ് ബർത്തലോമിസ് ഹോസ്പിറ്റലിൽ മെഡിസിൻ പഠനത്തിന് അഡ്മിഷൻ ലഭിക്കാൻ 1909ൽ ഒരു ഇന്ത്യൻ യുവാവ് അലഞ്ഞുനടന്നു. ഓരോ തവണ അപേക്ഷ നൽകുമ്പോഴും നിർദാക്ഷിണ്യം അവെൻറ അപേക്ഷ നിരസിക്കപ്പെട്ടു, അപേക്ഷകൻ ഏഷ്യൻ വംശജനാണ് എന്നതുതന്നെയായിരുന്നു അഡ്മിഷൻ നൽകാതിരിക്കാനുള്ള ഏക കാരണം. എന്നാൽ, ഓരോ തവണ അപേക്ഷ ചവറ്റുകൊട്ടയിലേക്ക് ചുരുട്ടിയെറിയുമ്പോഴും പ്രതീക്ഷയിൽ പൊതിഞ്ഞ പുതിയൊരു അപേക്ഷ ബർത്തലോമിസ് ഹോസ്പിറ്റലിൽ എത്തിക്കൊണ്ടിരുന്നു. ഒടുവിൽ 30ാമത്തെ അപേക്ഷ അവർ സ്വീകരിച്ചു. രണ്ടര വർഷത്തെ പഠന കാലയളവിൽ അസാധാരണമായ ബുദ്ധിശക്തിയും പഠന മികവും കൈമുതലായുള്ള ആ ഇന്ത്യൻ യുവാവിനെ ഉയർന്ന അംഗീകാരങ്ങൾ നൽകിത്തന്നെ ബർത്തലോമിസ് ഹോസ്പിറ്റൽ അധികൃതർക്ക് അംഗീകരിക്കേണ്ടി വന്നു.
ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് എണ്ണമറ്റ സംഭാവനകൾ നൽകിയ ബി.സി. റോയ് എന്ന ബിദാൻ ചന്ദ്ര റോയിയെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. മികച്ച ഡോക്ടർ എന്നതിലുപരി ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകിയ ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവുമായ ജൂലൈ ഒന്നാണ് രാജ്യത്ത് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.
1882 ജൂലൈ ഒന്നിന് ബിഹാറിലെ പട്നയിലാണ് ബി.സി. റോയ് ജനിച്ചത്. 1962 ജൂലൈ ഒന്നിന് വലിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് അദ്ദേഹം ലോകത്തോട് വിടപറയുകയും ചെയ്തു. വൈദ്യശാസ്ത്ര രംഗത്ത് കാലുറപ്പിച്ചുകൊണ്ട് തന്റെ ചുറ്റുമുള്ള ജനങ്ങളെയും ജനജീവിതത്തെയും ഉയർച്ചയുടെ വഴികളിലേക്ക് നയിച്ച അസാധാരണ പ്രതിഭതന്നെയായിരുന്നു ബി.സി. റോയ്. ഡോക്ടർ, സ്വാതന്ത്ര്യസമര സേനാനി, 14 വർഷക്കാലം ബംഗാളിെൻറ മുഖ്യമന്ത്രി എന്നിങ്ങനെയെല്ലാം അദ്ദേഹം സേവനമനുഷ്ഠിച്ചു.
ആശ്വാസത്തിെൻറ ഒരു മണിക്കൂർ
നിർധനർക്കും അശരണർക്കും വലിയ പരിഗണന നൽകി, സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരെ പ്രത്യേകമായി മുൻനിരയിലെത്തിക്കാൻ, അവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി പ്രവർത്തിച്ചു. ദിവസവും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനായി ഒരു മണിക്കൂർ മാറ്റിവെച്ചു. വിദ്യാഭ്യാസവും മാനസികവും ശാരീരികവുമായ ആരോഗ്യവും ഇല്ലാത്ത ജനതക്ക് 'സ്വരാജ്' എന്നും സ്വപ്നം മാത്രമാകും എന്നദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനതക്ക് ഇതെല്ലാം ലഭ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു.
1925ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും സ്വാതന്ത്ര്യത്തിനു ശേഷം ഗാന്ധിജിയുടെ നിർദേശപ്രകാരം ബംഗാൾ മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയും ചെയ്തു. ഭരണത്തിലും തേൻറതായ ശൈലി പിന്തുടർന്നത് ഫലം കണ്ടു. അദ്ദേഹത്തിന്റെ സമഗ്ര മേഖലകളിലുമുള്ള സംഭാവനകൾ പരിഗണിച്ച് 1961ൽ രാജ്യം ഭാരത് രത്ന നൽകി ആദരിക്കുകയും ചെയ്തു.
ജനങ്ങൾക്കായി ജീവിച്ചവൻ
വിദേശ രാജ്യങ്ങളിൽനിന്നുപോലും ഡോക്ടർ റോയ് അംഗീകാരങ്ങൾക്ക് അർഹനായി. അന്നത്തെ സോവിയറ്റ് യൂനിയൻ അദ്ദേഹത്തിന് സ്വന്തമായി ഒരു പ്രൈവറ്റ് എയർ ക്രാഫ്റ്റ് സമ്മാനിച്ചു. എന്നാൽ, തനിക്ക് അത് ആവശ്യമില്ലെന്നും പകരം കൊൽക്കത്ത മെഡിക്കൽ കോളജിലേക്ക് ചികിത്സ ആവശ്യങ്ങൾക്കുള്ള ആധുനിക സംവിധാനങ്ങൾ നൽകിയാൽ മതി എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പാവപ്പെട്ട രോഗികൾക്ക് സമയവും സമ്പാദ്യവും തന്നെത്തന്നേയും മാറ്റിവെച്ച ബിദാൻ മരിക്കുമ്പോൾ വീടുൾപ്പെടെ എല്ലാ സ്വത്തുക്കളും നിർധനരായ ജനങ്ങളുടെ പുരോഗതിക്കായി വിട്ടുനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.