നമ്മുടെ ചാച്ചാജി - കൂട്ടുകാർക്ക് ശിശുദിനാശംസകൾ
text_fields‘കുട്ടികൾ പൂന്തോട്ടത്തിലെ മൊട്ടുകളാണ്. വാത്സല്യത്തോടെയെും കരുതലോടെയും അവരെ വളർത്തണം. രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ് കുട്ടികൾ’
‘ഇന്നത്തെ കുട്ടികൾ നാളെയുടെ ഇന്ത്യയെ സൃഷ്ടിക്കും. നാം അവരെ വളർത്തിയെടുക്കുന്ന രീതി രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കും’
നീളൻ ജുബ്ബയും തൊപ്പിയുമണിഞ്ഞ്, കോട്ടിന്റെ പോക്കറ്റിൽ ഒരു റോസാപൂവ് കുത്തി നടക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. കുട്ടികളെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തിയ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു. മുതിർന്നവരോട് സംവദിക്കുന്നതിനേക്കാൾ കുട്ടികളോട് സംസാരിക്കാനായിരുന്നു നെഹ്റുവിന് അതീവ താൽപര്യം. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നമ്മുടെ പ്രഥമ പ്രധാനമന്ത്രി കൂടിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 രാജ്യത്ത് ശിശുദിനമായി ആചരിക്കുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയവക്കുറിച്ച് ബോധവത്കരിക്കുന്നതിനുമെല്ലാം ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും വാത്സല്യവും നൽകേണ്ടതിന്റെ പ്രധാന്യം ഊന്നിപറഞ്ഞുകൊണ്ടാണ് ഈ വർഷത്തെ ശിശുദിനാചരണം.
നമ്മുടെ ചാച്ചാജി
1889 നവംബർ 14നാണ് ജവഹർലാൽ നെഹ്റുവിന്റെ ജനനം. പിതാവ് മോത്തിലാൽ നെഹ്റു. മാതാവ് സ്വരൂപ് റാണി തുസ്സു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജവഹർലാൽ നെഹ്റു ഇംഗ്ലണ്ടിലെ ഹാരോ സ്കൂൾ, കാംബ്രിജ് -ട്രിനിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് സർവകലാശാല വിദ്യാഭ്യാസം നേടി. ട്രിനിറ്റി കോളജിൽനിന്ന് അദ്ദേഹം ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് ലണ്ടനിലെ ഇന്നർ ടെംപിളിൽനിന്ന് നിയമപഠനം പൂർത്തിയാക്കുകയും1912ൽ ബാരിസ്റ്റർ പരീക്ഷ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 1916ൽ കമലയെ വിവാഹം കഴിച്ചു. രണ്ടു വർഷത്തിന് ശേഷം അവർക്ക് ഒരു മകൾ പിറന്നു. ഇന്ദിരയെന്ന് പേരിട്ട അവൾ പിന്നീട് ‘ഇന്ത്യയുടെ ഉരുക്കുവനിത’ എന്ന് അറിയപ്പെട്ടു. അത് രാജ്യത്തിന്റെ ഒരേയൊരു വനിത പ്രധാനമന്ത്രിയായി മാറിയ ഇന്ദിര ഗാന്ധിയായിരുന്നു.
1947 ആഗസ്റ്റ് 15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഹ്റു 1964വരെ ഇന്ത്യയെ നയിച്ചു. 1955ൽ രാജ്യം ജവഹർലാൽ നെഹ്റുവിനെ ഭാരത് രത്ന പുരസ്കാരം നൽകി ആദരിച്ചു. 1964 മേയ് 27ന് കുട്ടികളുടെ പ്രിയ ചാച്ചാജി ഈ ലോകത്തോട് വിടപറഞ്ഞു.
കുട്ടികൾക്ക് വേണ്ടി
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി നിരന്തരം പോരാടിയിരുന്ന വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്നത് കുട്ടികളിലൂടെയാണെന്നും വിശ്വസിച്ചു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെഹ്റുവിന്റെ കാലത്ത് ഉന്നത പഠനത്തിനായി നിരവധി സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.ഐ.എം.എസ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) തുടങ്ങിയ സ്ഥാപനങ്ങൾ നെഹ്റുവിൻറെ കാലത്ത് പ്രവർത്തനം ആരംഭിച്ചവയായിരുന്നു. ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനൽകുന്നതിന് പഞ്ചവത്സര പദ്ധതികളിലൂടെ അദ്ദേഹം തുടക്കമിട്ടു. കുട്ടികളിൽ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടിക്ക് അദ്ദേഹത്തിന്റെ ഭരണകാലത്താണ് തുടക്കമിട്ടത്. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമിക്കുകയും പ്രാഥമികവിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കുകയും ചെയ്തതിലൂടെ വിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ ചുവടുവെപ്പുകൾ നടത്തി. 1955ൽ നെഹ്റുവിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഇന്ത്യ എന്ന സംഘടനയും രൂപവത്കരിച്ചു.
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
1928ൽ നെഹ്റു ജയിൽവാസം അനുഭവിച്ചിരുന്ന കാലത്ത് പത്തു വയസ്സുമാത്രമുണ്ടായിരുന്ന മകൾ ഇന്ദിരക്ക് അയച്ച മുപ്പത് കത്തുകളുടെ സമാഹാരമാണ് ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’. ഹിമാലയത്തിലെ മിസ്സൂറിയിൽ വേനൽക്കാലം ചിലവഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്ന് ഇന്ദിര. മകളോടുള്ള സുഖാനേഷ്വണങ്ങളേക്കാൾ വ്യത്യസ്ത വിഷയങ്ങളിലെ കാഴ്ചപാടുകളായിരുന്നു ആ കത്തുകളിൽ നിറയെ. പ്രകൃതി, മനുഷ്യന്റെ പരിണാമം, ഭൂമി, മനുഷ്യർ, ഭാഷകൾ, ചരിത്രം സംസ്കാരം, മതം തുടങ്ങിയവയെല്ലാം ആ കത്തുകളിൽ ഉൾക്കൊള്ളിച്ചിരുന്നു. കുട്ടികളിൽ വായന വളർത്തുന്നതിനും കൗതുകങ്ങൾ നിറക്കാനും ചിന്തകൾ രൂപപ്പെടുത്താനും അന്വേഷണങ്ങൾ തുടരാൻ പ്രചോദനമാകാനും ഈ പുസ്തകത്തിന് കഴിയും.
ശിശുദിനമാഘോഷിക്കാം
കുട്ടികളുടെ ദിനമാണ് ശിശുദിനം. രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് ശിശുദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാറ്. ചാച്ചാജിയുടെ വേഷമണിഞ്ഞ് ശിശുദിന റാലിയിൽ കൂട്ടുകാരും പങ്കെടുത്തിട്ടുണ്ടാകുമല്ലോ... ശിശുദിന റാലിക്ക് പുറമെ ടാബ്ലോ പ്രദർശനവും ക്വിസ് മത്സരവും പോസ്റ്റർ രചനയും ചിത്രരചനയും പ്രസംഗ മത്സരങ്ങളുമെല്ലാം സ്കൂളുകളിലും വായനശാലകളിലുമെല്ലാം അരങ്ങേറാറുണ്ട്. . ഈ വർഷത്തെ ശിശുദിന റാലിയിലും പ്രസംഗ മത്സരത്തിലുമെല്ലാം കൂട്ടുകാരും പങ്കെടുക്കണേ... കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമക്കായി ഈ ശിശുദിനത്തിൽ നിങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ഒരു പനിനീർ പുഷ്പം സമ്മാനിക്കുകയും ചെയ്യാം.
നെഹ്റുവിന്റെ പ്രധാന കൃതികൾ
ഇന്ത്യയെ കണ്ടെത്തൽ (The discovery of India)
ലോക ചരിത്രാവലോകം (Glimpses of World history)
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (Letters from a Father to his Daughter)
ഒരുകൂട്ടം പഴയ കത്തുകൾ (A bunch of old letters)
ഇന്ത്യയിൽ 18 മാസങ്ങൾ (Eighteen months in India)
ഇന്ത്യയും ലോകവും (India and world)
ഇന്ത്യയുടെ ഐക്യം (The unity of India)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.