എെൻറ കേരളം എത്ര സുന്ദരം; കേരളം അറിയേണ്ടതെല്ലാം
text_fieldsസഹ്യെൻറ മടിത്തട്ടിൽ തലതാഴ്ത്തി ഉറങ്ങുന്ന കേരളം. പടിഞ്ഞാറ് പരന്നൊഴുകുന്ന അറബിക്കടൽ. കിഴക്ക് പശ്ചിമഘട്ടം. വടക്കുകിഴക്ക് കർണാടകം, തെക്കുകിഴക്ക് തമിഴ്നാട്. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെ നിരവധി സംസ്കാരങ്ങളാൽ സമ്പന്നമായ നാട്.
കേരളത്തിെൻറ 14 ജില്ലകൾക്കുമുണ്ട് ഒാരോ കഥ പറയാൻ. മലയാളം മാത്രമല്ല, തമിഴ് കൊങ്കണി, തുളു തുടങ്ങിയ ഒട്ടുമിക്ക ഭാഷകളുടെയും സംസ്കാര സമ്പന്നത കേരളത്തിെൻറ അതിർത്തി ജില്ലകളെ തൊട്ടുപോകും. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്നിരുന്ന കേരളം ഭാഷ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിനാണ് രൂപം കൊണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം വേറിട്ടുനിൽക്കുന്നതിെൻറ പ്രധാനകാരണം ഇവിടത്തെ ജലസമൃദ്ധിയാണ്. നദികളും തടാകങ്ങളും കുളങ്ങളും കായലുകളും കാർഷിക രംഗത്തിനും ഉണർവേകുന്നു. സുഗന്ധവ്യജ്ഞനങ്ങളും കുരുമുളകും കേരളത്തിെൻറ പേര് കടൽ കടത്തി. ഉത്സവങ്ങൾ, ആഘോഷങ്ങൾ, കൃഷി, സാംസ്കാരിക പരിപാടികൾ, ജൈവസമൃദ്ധി എല്ലാം കേരളത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു.
കേരളം
കേരം തിങ്ങും കേരളനാട്. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന സ്ഥലം എന്ന അർഥം വരുന്ന വാക്കാണ് കേരളം എന്നാണ് പൊതുവെ ഉയർന്നുവരുന്ന അഭിപ്രായം. കേരം എന്ന പദവും സ്ഥലം എന്ന അർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം ഉണ്ടായതെന്നും പറയുന്നു. ദൈവത്തിെൻറ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. നദികളും വനങ്ങളും ഭൂപ്രകൃതിയും കാലാവസ്ഥയും തുടങ്ങിയവയാൽ സമൃദ്ധമായാതിനാലാണ് അത്.
കലകളിലും മുമ്പൻ
പ്രകൃതിഭംഗി മാത്രമല്ല കേരളത്തെ വേറിട്ടുനിർത്തുന്നതിെൻറ പ്രധാന കാരണം. കലാ കായിക സാംസ്കാരിക മേഖലകളിലും കേരളം നിറഞ്ഞുനിൽകുന്നു. കഥകളിയും ഒാട്ടൻ തുള്ളലും കേരളത്തിെൻറ അടയാളങ്ങളായി എന്നും ഉയർത്തികാട്ടുന്നു. കഥകളിക്കും കൂടിയാട്ടത്തിനും യുനെസ്കോ അംഗീകാരവും ലഭിച്ചു. വള്ളംകളിയും കളരിപ്പയറ്റും കേരളത്തിനുമാത്രം സ്വന്തം.
രൂപവത്കരണം 1956 നവംബർ ഒന്ന്
വിസ്തീർണം 38,863 ചതുരശ്രകിലോമീറ്റർ
തലസ്ഥാനം തിരുവനന്തപുരം
ജില്ലകൾ 14
ഏറ്റവും വലിയ ജില്ല പാലക്കാട്
ചെറിയ ജില്ല ആലപ്പുഴ
നിയമസഭ അംഗങ്ങൾ 141
ലോക്സഭ മണ്ഡലങ്ങൾ 20
ഭാഷ മലയാളം
ഒൗദ്യോഗിക പുഷ്പം കണിക്കൊന്ന
ഒൗദ്യോഗിക വൃക്ഷം തെങ്ങ്
പക്ഷി മലമുഴക്കി വേഴാമ്പൽ
മൃഗം ആന
മത്സ്യം കരിമീൻ
ഫലം ചക്ക
പാനീയം ഇളനീർ
പശ്ചിമഘട്ടം
സഹ്യാദ്രി, സഹ്യപർവതം എന്നിങ്ങനെ അറിയപ്പെടുന്ന പശ്ചിമഘട്ടം ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറെ അതിരിലൂടെ അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവത നിരയാണ്. ഗോവ, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 1,60,000 ചതുരശ്ര കിലോമീറ്റർ നീണ്ടുകിടക്കുന്നു പശ്ചിമഘട്ടം. ഇടതൂർന്ന നിത്യഹരിത വനങ്ങൾകൊണ്ട് പശ്ചിമഘട്ടം ആവരണം ചെയപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട മഴക്കാടുകളിലൊന്നായ സൈലൻറ് വാലി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവ സംരക്ഷണ കേന്ദ്രം എന്നിവയും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു. ഗിരിനിരകളാലും അമൂല്യമായ വനനിബിഡതയാലും സസ്യജന്തുമൃഗാദികളാലും സമ്പന്നമാണ് പശ്ചിമഘട്ടം. ഈ അമൂല്യ കലവറയുടെ പരിസ്ഥിതിപ്രാധാന്യം കണക്കിലെടുത്ത് പശ്ചിമഘട്ടത്തെ 2012 ജൂൺ ഒന്നിന് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പശ്ചിമഘട്ടത്തിെൻറ നല്ലൊരു ഭാഗവും അതിർത്തി പങ്കിടുന്ന കേരളം പ്രകൃതിസമ്പത്തിനാൽ അനുഗൃഹീതമാണ്. പൈതൃക പട്ടികയിലുൾപ്പെടുത്തിയിരിക്കുന്ന 39 കേന്ദ്രങ്ങളിൽ 19 കേന്ദ്രങ്ങൾ കേരളത്തിലുള്ളതാണ്.
കടലോരത്ത്
കേരളത്തെ പ്രാചീനകാലം മുതൽ അടയാളപ്പെടുത്തിയത് തുറമുഖ നഗരങ്ങളുടെ പേരിലായിരുന്നു. കൊച്ചിയും ആലപ്പുഴയും ബേപ്പൂരുമെല്ലാം കച്ചവട നഗരമാകുകയും പിന്നീട് ചരിത്രതിെൻറ ഭാഗമായി മാറുകയും ചെയ്തു. 580 കിലോമീറ്ററാണ് കേരളത്തിലെ കടൽത്തീരത്തിെൻറ ദൈർഘ്യം. വയനാട്, ഇടുക്കി, പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നിവയാണ് കടൽത്തീരമില്ലാത്ത ജില്ലകൾ. കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്. പ്രശസ്തമായ കോവളവും ഏറ്റവും ആഴം കൂടിയ തുറമുഖവുമായ വിഴിഞ്ഞവും കേരളത്തിലാണ്.
കാലാവസ്ഥ
വേനൽക്കാലം: മാർച്ച് മുതൽ മേയ് വരെ.
മഞ്ഞുകാലം: ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെ.
മഴക്കാലം: മേയ്, ജൂൺ, ജൂലൈ (കാലവർഷം– തെക്കുപടിഞ്ഞാറൻ കാലവർഷഹേതു).
ഒക്ടോബർ, നവംബർ (തുലാവർഷം–വടക്കുകിഴക്കൻ കാലവർഷഹേതു).
ഭൂവിഭജനം
കേരള ഭൂമിയെ പൊതുവെ മൂന്നു വിഭാഗങ്ങളായി തിരിക്കാം
1) മലനാട്
2) ഇടനാട്
3) സമതലം
മലനാട്: കിഴക്കേ അതിർത്തിയിൽ കിടക്കുന്ന സഹ്യപർവതനിരയാണ് മലനാട്. ഇവിടം പർവതവനനിരകളാൽ നിബിഡമാണ്.
സമതലം: പടിഞ്ഞാറ് കടൽത്തീരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് സമതലം. മണൽനിറഞ്ഞ പ്രദേശമാണിത്. നാളികേരം സമൃദ്ധമായി വളരുന്ന ഈ ഭാഗത്ത് വലിയതോതിൽ നെൽകൃഷിയുമുണ്ട്.
ഇടനാട്: സമതലത്തിനും മലനാടിനും ഇടക്കുള്ളതാണ് ഇടനാട്. മണ്ണിൽ ചെങ്കല്ലിെൻറ കലർപ്പാണ് ഈ മേഖലയിലുള്ളത്. മരച്ചീനി, സുഗന്ധദ്രവ്യങ്ങൾ, കശുവണ്ടി, തേയില–ഏലത്തോട്ടങ്ങൾ, കുരുമുളക്, റബർ, ഇഞ്ചി മുതലായവ വലിയതോതിൽ വിളയുന്നു.
മണ്ണിനങ്ങൾ
ലാറ്ററൈറ്റ്, ചെമ്മണ്ണ്, തീരദേശ അലൂവിയൽ മണ്ണ്, നദികളിലെ അലൂവിയൽ മണ്ണ്, കറുത്ത മണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങൾ. കേരളഭൂമിയുടെ 70 ശതമാനത്തോളം ഭാഗത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭാഗത്താണ് കറുത്തമണ്ണ് കാണപ്പെടുന്നത്.
നദികൾ
നദികളുടെ കാര്യത്തിൽ സമ്പന്നമാണ് കേരളം. 44 നദികളാണ് കേരളത്തിലുള്ളത്. അതിൽ 41ഉം പടിഞ്ഞാറോട്ടൊഴുകുന്നു. കിഴക്കോട്ടൊഴുകുന്ന മൂന്നെണ്ണമായ പാമ്പാർ, ഭവാനി, കബനി എന്നിവ പ്രധാന നദിയായ കാവേരിയുടെ പോഷകനദികളാണ്. ഈ 44 നദികളിൽ ഏറ്റവും വലുതും ജലസമൃദ്ധിയുള്ളതും നീളംകൂടിയതുമായ നദി പെരിയാറാണ്. ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവയാണ് വലുപ്പത്തിെൻറ സ്ഥാനത്ത് അടുത്തുനിൽക്കുന്ന നദികൾ. കേരളത്തിെൻറ ഏറ്റവും വടക്കേയറ്റത്തുള്ള നദി മഞ്ചേശ്വരം പുഴയാണ്. ഏറ്റവും തെക്കേയറ്റത്തുള്ള നദി നെയ്യാറാണ്. ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലട ജലസേചന പദ്ധതിയാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ടാണ് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്. മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ എന്നിവയാണ് കേരളത്തിലെ മറ്റു പ്രധാന ജലസേചന പദ്ധതികൾ.
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാർ. സഹ്യപർവതനിരയിലെ ശിവഗിരി മലയിൽനിന്ന് ഉദ്ഭവിക്കുന്ന ഇതിെൻറ നീളം 244 കിലോമീറ്ററാണ്. ഇടുക്കി ഡാം ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്.
മഞ്ചേശ്വരം പുഴ
കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് മഞ്ചേശ്വരം പുഴ. 16 കിലോമീറ്റർ മാത്രമാണ് ഇതിെൻറ നീളം. കേരളത്തിെൻറ ഏറ്റവും വടക്കേയറ്റത്തെ നദികൂടിയാണിത്. കേരളത്തിെൻറ ഏറ്റവും തെക്കേയറ്റത്തെ നദി നെയ്യാറാണ്.
പടിഞ്ഞാറോട്ട് ഒഴുകുന്നവ
നെയ്യാർ
കരമന
വാമനപുരം
ഇത്തിക്കര
കല്ലട
അച്ചൻകോവിൽ
പമ്പ
മണിമല
മീനച്ചിൽ
മൂവാറ്റുപുഴ
പെരിയാർ
ചാലക്കുടി
കരുവന്നൂർ
കേച്ചേരി
ഭാരതപ്പുഴ
തിരൂർ
പൂരപ്പറമ്പ്
കടലുണ്ടി
ചാലിയാർ
കല്ലായി
കോരപ്പുഴ
കുറ്റ്യാടി
മാഹി
തലശ്ശേരി
കുപ്പം
അഞ്ചരക്കണ്ടി
വളപട്ടണം
രാമപുരം പുഴ
പെരുമ്പ
കവ്വായി
കാരിയങ്കോട്
നീലേശ്വരം
ചിറ്റാർ
ബേക്കൽ
കൽനാട്
ചന്ദ്രഗിരി
മൊഗ്റാൾ
കുമ്പള
ഷിറിയ
ഉപ്പള
മഞ്ചേശ്വരം
കായലുകൾ
സമൃദ്ധമായ നദികളെ കൂടാതെ സമുദ്രതീരത്തിന് സമാന്തരമായി കിടക്കുന്ന കായലുകളാലും തോടുകളാലും സമ്പന്നമാണ് കേരളം. പുഴകളും അരുവികളും ഈ ജലാശയങ്ങളെ നിറക്കുന്നു. കേരളത്തിെൻറ ദക്ഷിണോത്തര ഭാഗങ്ങൾക്കിടയിലുള്ള ഗതാഗതത്തിന് പ്രധാനമായും ഇവയെ ആശ്രയിക്കുന്നു. വേമ്പനാട്, അഷ്ടമുടി, കഠിനംകുളം, വേളി, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട, കുമ്പള, കൽനാട്, കവ്വായി, ബേക്കൽ മുതലായവയാണ് കേരളത്തിലെ പ്രധാന കായലുകൾ. ആലപ്പുഴ തൊട്ട് കൊച്ചി വരെ 52 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായലാണ് കേരളത്തിലെ കായലുകളിൽ ഏറ്റവും വലുത്. അഷ്ടമുടിക്കായലും കായംകുളം കായലുമാണ് വലുപ്പത്തിെൻറ സ്ഥാനങ്ങളിൽ മറ്റു പ്രധാന കായലുകൾ.
ശുദ്ധജല തടാകം
പൂക്കോട്, വെള്ളായണി, ശാസ്താംകോട്ട കായൽ, മനക്കൊടി കായൽ, മൂരിയാട് തടാകം, കാട്ടകാമ്പാൽ തടാകം, ഏനാമാക്കൽ തടാകം എന്നിവയാണ് കേരളത്തിലെ പ്രധാന ശുദ്ധജല തടാകങ്ങൾ. ഏറ്റവും വലിയ ശുദ്ധജല തടാകമാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായൽ. 1.44 ചതുരശ്ര മൈൽ വിസ്തൃതിയാണ് ഈ ശുദ്ധജല തടാകത്തിനുള്ളത്. കായലുകൾ ചില ഭാഗങ്ങളിൽ അഴികൾ മുഖേന സമുദ്രവുമായി സന്ധിക്കുന്നു. നീണ്ടകര, കൊച്ചി, ചേറ്റുവ, കൊടുങ്ങല്ലൂർ, വളപട്ടണം (അഴീക്കൽ) എന്നിവയാണ് കേരളത്തിലെ അഴികൾ.
കേരളത്തിലെ തണ്ണീർത്തടങ്ങൾ
12,730.07 ഹെക്ടറാണ് കേരളത്തിലെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി. പ്രകൃതിസമ്പത്തിെൻറ അമൂല്യ കലവറയാണിവിടം. കോഴിക്കോട്ടെ കടലുണ്ടി, വേമ്പനാട്, കോൾ, അഷ്ടമുടി, കോട്ടൂളി, ശാസ്താംകോട്ട മുതലായവ ദേശീയ തണ്ണീർത്തട പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട തണ്ണീർത്തടങ്ങളാണ്.
വനപ്രദേശം
വർഷംചെല്ലുംതോറും ഭീകരമാംവിധത്തിൽ വനവിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് കേരള ഭൂഭാഗത്തിെൻറ ഏതാണ്ട് 28.9 ശതമാനം വനമാണ്. ദിവസങ്ങൾ ചെല്ലുംതോറും കുറഞ്ഞുവരുന്നുവെന്നതിനാൽ കൃത്യമായി ക്ലിപ്തപ്പെടുത്തുക സാധ്യമല്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത് ഇടുക്കി ജില്ലയിലാണ്. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. 16 വന്യജീവിസങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളുമുണ്ട്.
വന്യജീവി സങ്കേതങ്ങൾ
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം പെരിയാർ വന്യജീവി സങ്കേതമാണ്. 1934ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവാണ് ഇത് സ്ഥാപിക്കുന്നത്. പ്രശസ്തമായ കടുവാസംരക്ഷണ കേന്ദ്രംകൂടിയാണിത്.
വിസ്തൃതിയിൽ രണ്ടാമതും ആനകളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ടതുമായ വന്യമൃഗ സങ്കേതമാണ് മുത്തങ്ങ അല്ലെങ്കിൽ വയനാട് വന്യമൃഗസങ്കേതം.
വിവിധ വൃക്ഷ–സസ്യലതാദികളാലും മൃഗഷഡ്പദങ്ങളാലും വൈവിധ്യമേറിയ പക്ഷികളാലും മറ്റ് ഉരഗജീവികളാലും സമ്പന്നമാണ് കേരളത്തിലെ വനപ്രദേശങ്ങൾ.
ആന, കടുവ, പുലി, കരിമ്പുലി, കരടി, കഴുതപ്പുലി, കാട്ടുപോത്ത്, മുതലകൾ, വിവിധതരം മാനുകൾ, മറ്റു സസ്തനികൾ, വേഴാമ്പൽ, മറ്റു പക്ഷികൾ, വിവിധ ഉരഗജാതികൾ എന്നിവയെല്ലാം കേരളത്തിലെ വനപ്രദേശങ്ങളിൽ കാണപ്പെടുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്നത് ഇടുക്കി ജില്ലയിലെ ഇരവികുളം നാഷനൽ പാർക്കിലാണ്.
ഒരു മരത്തിെൻറ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതം. ചെന്തുരുണി മരങ്ങൾ ധാരാളം നിറഞ്ഞതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.
കേരളത്തിലെ അടുത്തകാലത്തായി (2010) പ്രഖ്യാപിച്ച വന്യജീവി സങ്കേതമാണ് മലബാർ വന്യജീവി സങ്കേതം. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ജൈവസമ്പത്തുള്ള നിത്യഹരിത വനപ്രദേശങ്ങളെയാണ് മലബാർ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. കക്കയം ഡാം പ്രദേശത്തെ പ്രധാന ആകർഷണകേന്ദ്രമാണ്. കേരളത്തിൽ ഉഷ്ണമേഖലാ മഴക്കാടുകൾ കാണപ്പെടുന്നത് പാലക്കാട്, ഇടുക്കി ജില്ലകളിലാണ്.
പക്ഷിസങ്കേതങ്ങൾ
പ്രശസ്തമായ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത് വയനാട്ടിലെ ബ്രഹ്മഗിരി മലനിരയിലാണ്. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണകേന്ദ്രമായ തട്ടേക്കാട് പക്ഷി സംരക്ഷകേന്ദ്രം എറണാകുളം ജില്ലയിലാണ്. ജില്ലയിലെത്തന്നെ മറ്റൊരു പ്രധാന പക്ഷിസങ്കേതമാണ് മംഗളവനം. ഒരു നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. കൊച്ചിയുടെ ശ്വാസകോശം എന്നാണ് മംഗളവനത്തെ വിളിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിലും പക്ഷിസംരക്ഷണ കേന്ദ്രമുണ്ട്. പാലക്കാട് ജില്ലയിലെ ആലത്തൂർ, തൃശൂരിലെ തലപ്പിള്ളി എന്നീ താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന ചൂളന്നൂർ മയിൽസങ്കേതം മയിലുകളുടെ സംരക്ഷണത്തിനുള്ളതാണ്.
ഗതാഗതം: ദേശീയപാതകൾ
ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് റോഡുകളെയാണ്. പഞ്ചായത്തു റോഡുകൾ, സംസ്ഥാന പാതകൾ, ദേശീയ പാതകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഗതാഗതത്തിനും ചരക്കുഗതാഗതത്തിനും കൂടുതലയായി ആശ്രയിക്കുന്നത് റോഡുകളെയാണ്.
റെയിൽവേ
ഇടുക്കി, വയനാട് ജില്ലകളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും റെയിൽവേ ശൃംഘല കടന്നുപോകുന്നു. 1861 മാർച്ചിൽ ബേപ്പൂരിൽനിന്ന് തിരൂർ വരെയായിരുന്നു കേരളത്തിലെ ആദ്യ റെയിൽപാത.
ജലഗതാഗതം
ഇരുപതാം നൂറ്റാണ്ടിെൻറ പകുതിവരെ കേരളത്തിലെ പ്രാധന ഗതാഗത മാർഗം ജലഗതാഗതമായിരുന്നു. അറബിക്കടലിെൻറ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നായി. ദേശീയ ജലമാർഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം -കോട്ടപ്പുറം ദേശീയജലപാത -3 കേരളത്തിലാണ്. കൊല്ലത്തുനിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂർ നഗരസഭ അതിർത്തിയിലെ കോട്ടപ്പുറം വരെയാണ് ഇൗ പാത.
വ്യോമഗതാഗതം
തിരുവനന്തപുരം വിമാനത്താവളമാണ് കേരളത്തിലെ ആദ്യ വിമാനത്താവളം. പിന്നീട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയും നിലവിൽവന്നു. കൊച്ചി വെല്ലിങ്ടൺ ഐലൻഡിലുള്ള വിമാനത്താവളം നാവിക സേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിച്ചുപോരുന്നു.
കൊച്ചി മെട്രോ
കൊച്ചി നഗരത്തിലെ അതിവേഗ റെയിൽ ഗതാഗതമാണ് കൊച്ചി മെട്രോ. 2019 ജൂൺ 19നാണ് കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ആലുവ മുതൽ പേട്ട വരെയാണ് നിലവിലെ മെട്രോ സർവിസ്.
മണ്ണിനങ്ങൾ
ലാറ്ററൈറ്റ്, ചെമ്മണ്ണ്, തീരദേശ അലൂവിയൽ മണ്ണ്, നദികളിലെ അലൂവിയൽ മണ്ണ്, കറുത്ത മണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങൾ.
കേരളഭൂമിയുടെ 70 ശതമാനത്തോളം ഭാഗത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭാഗത്താണ് കറുത്തമണ്ണ് കാണപ്പെടുന്നത്.
പ്രധാന പർവതങ്ങൾ
അഗസ്ത്യകൂടം, ശബരിമല, ആനമല, ഏലമല, പീരുമേട്, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, ബ്രഹ്മഗിരി, കോടശ്ശേരി, പാലപ്പിള്ളി, തെന്മല, അതിരപ്പിള്ളി.
മലനിരകൾ
ഇന്ത്യയിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയർന്നുകിടക്കുന്ന ഭാഗം ആനമുടിയാണ്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിലുള്ള ആനമുടിക്ക് 8841 അടി പൊക്കമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി.
സഹ്യപർവതത്തിലെ ഏറ്റവും തെക്കേയറ്റത്തെ കൊടുമുടിയായ അഗസ്ത്യകൂടത്തിന് 6132 അടിയാണുള്ളത്. പ്രകൃതിസമ്പത്തിെൻറ അമൂല്യ കലവറയാണിവിടം.
ബ്രഹ്മഗിരി (5276 അടി –വയനാട്), ശബരിഗിരി (3790 അടി), മലയാറ്റൂർ മല (1500 അടി) എന്നിവയാണ് മറ്റു പ്രധാന ഉയർന്ന മലനിരകൾ.
മുഖ്യമന്ത്രിമാർ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
പട്ടം എ. താണുപിള്ള
ആർ. ശങ്കർ
സി. അച്യുതമേനോൻ
കെ. കരുണാകരൻ
എ.കെ. ആൻറണി
പി.കെ. വാസുദേവൻ നായർ
സി.എച്ച്. മുഹമ്മദ് കോയ
ഇ.കെ. നായനാർ
ഉമ്മൻ ചാണ്ടി
വി.എസ്. അച്യുതാനന്ദൻ
പിണറായി വിജയൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.