ഏറ്റവും രുചിയുള്ള ഭക്ഷണം? ഒരു ഉത്തരമേയുള്ളൂ, വിശപ്പ്
text_fieldsഭക്ഷണം, മനുഷ്യര്‍ ഉള്‍പ്പെടുന്ന എല്ലാ ജീവികളുടെയും പ്രാഥമിക ആവശ്യങ്ങളിലൊന്ന്. എന്തും പോരാ എന്നും പറഞ്ഞ് ആര്‍ത്തിയോടെ വാരിക്കൂട്ടുന്ന മനുഷ്യര്‍ ഒരു പരിധിക്കപ്പുറം മതി എന്നു പറയുന്ന ഒരേയൊരു വസ്തു. ഭക്ഷണത്തിന് വിശപ്പിന്റെ കഥ മാത്രമല്ല, ഒത്തിരി സംസ്‌കാരങ്ങളുടെ കഥകൂടി പറയാനുണ്ട്. അതെ, ഓരോ സംസ്‌കാരങ്ങള്‍ക്കും അവരുടേതായ ആഹാരരീതികളുണ്ട്. രാവും പകലും ഒന്നാക്കി നാം അധ്വാനിക്കുന്നതും ഒരുനേരത്തെ അന്നത്തിനുവേണ്ടിത്തന്നെ എന്നത് മറ്റൊരു സത്യം. അപ്പോള്‍ ഒരു ചോദ്യം- ഏറ്റവും രുചിയുള്ള ഭക്ഷണമേത്? അതിനൊരു ഉത്തരമേയുള്ളൂ, അതാണ് വിശപ്പ്. വിശന്നു വലയുന്നവര്‍ക്കു മുന്നിലേക്കുവെക്കുന്ന പഴങ്കഞ്ഞിക്കും ബിരിയാണിക്കും സ്വാദ് ഒന്നുതന്നെ.
ലോക ഭക്ഷ്യദിനം
1945 ഒക്ടോബര്‍ 16ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 'എല്ലാവര്‍ക്കും ഭക്ഷണം' എന്ന ആപ്തവാക്യത്തോടെ ഭക്ഷ്യ കാര്‍ഷിക സംഘടന സ്ഥാപിതമായി. അതിന്റെ സ്മരണക്കും, ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു. 150 രാജ്യങ്ങളിലെ കൂട്ടായ പ്രവര്‍ത്തനമാണിത്. പട്ടിണി അനുഭവിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതക്കായി നൂറുകണക്കിന് പരിപാടികളും പ്രചാരണ പ്രവര്‍ത്തനങ്ങളും ഈ ദിനം മുന്‍നിര്‍ത്തി നടന്നുവരുന്നു. മികച്ച ഉൽപാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം എന്ന ആപ്തവാക്യത്തോടെ ഇത്തവണത്തെ ലോക ഭക്ഷ്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO-Food and Agriculture Organization).
നമ്മുടെ ഭക്ഷണം ശരിയോ തെേറ്റാ?
ഒരു മനുഷ്യന്‍ ശരാശരി മൂന്നുനേരം ഭക്ഷണം കഴിക്കുന്നു. എന്നാല്‍, ശരിയായ രീതിയിലാണോ കഴിക്കുന്നത് എന്നു ചോദിച്ചാല്‍ നമ്മളില്‍ ഭൂരിഭാഗം ആളുകളും ശരിയായ ഭക്ഷണക്രമം പിന്തുടരുന്നില്ല എന്നതാണ് സത്യം. ദൈനംദിന ഭക്ഷണത്തില്‍ കലോറി, പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റമിനുകള്‍, ഇതര പോഷകങ്ങള്‍ എന്നിവ പര്യാപ്തമായ അളവില്‍ ഉൾപ്പെടുത്തുക എന്നതാണ് ശരിയായ ഭക്ഷണക്രമം വ്യക്തമാക്കുന്നത്. ഇത് ശരീരം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. സമീകൃത പോഷകാഹാരമില്ലെങ്കിൽ അണുബാധ, ക്ഷീണം, ശരീരത്തിെൻറ മോശം പ്രകടനം എന്നിവ നേരിടേണ്ടിവരും. ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്ത കുട്ടികളില്‍ വളര്‍ച്ച പ്രശ്‌നങ്ങളും മോശം അക്കാദമിക പ്രകടനവും പതിവ് അണുബാധകളുമുണ്ടാവുന്നു. ഭക്ഷണക്രമത്തില്‍ രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ഒന്ന് ശരിയായ ഭക്ഷണരീതി, രണ്ട് കൃത്യസമയത്തുള്ള ഭക്ഷണം.
പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവ് എന്നത് ഒരു വ്യക്തിക്ക് ഊർജം അല്ലെങ്കില്‍ ചില പോഷകങ്ങള്‍ വളരെ കുറച്ച് ലഭിക്കുന്ന അവസ്ഥയാണ്. വളര്‍ച്ചക്കുറവ്, നേത്ര പ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പോഷകാഹാരക്കുറവ് ബാധിക്കുന്നു. ലോകജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനത്തിലധികം ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്. പോഷകാഹാരക്കുറവ് എല്ലാ രാജ്യങ്ങളിലെയും ആളുകളെ ബാധിക്കുന്നു. ലോകമെമ്പാടുമുള്ള 1.9 ബില്യണ്‍ മുതിര്‍ന്നവര്‍ അമിതഭാരമുള്ളവരാണ്, അതേസമയം 462 ദശലക്ഷം പേര്‍ ഭാരക്കുറവുള്ളവരാണ്. പഴങ്ങൾ, പച്ചക്കറികൾ, പയര്‍വർഗങ്ങൾ, മാംസം, പാല്‍ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ എന്നിവയുടെ ചെലവ് പല കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നില്ല. അതേസമയം, കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടുതലുള്ള ഭക്ഷണപാനീയങ്ങളും വിലകുറഞ്ഞതും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ ചില വസ്തുക്കളും കുട്ടികളിലും മുതിര്‍ന്നവരിലും അമിതവണ്ണം, പോഷകാഹാരക്കുറവ് എന്നിവക്കും ഇടയാക്കുന്നുണ്ട്.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്
ശരീരഭാരം കുറക്കാന്‍ സഹായിക്കുമെന്ന് കരുതി ചിലര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍, ഓഫിസിലേക്കും സ്‌കൂളിലേക്കും പോവേണ്ട ധിറുതിയില്‍ മറ്റു ചിലര്‍ പ്രഭാതഭക്ഷണം മറക്കുന്നു. ഓർമശക്തി, ഏകാഗ്രത, മെറ്റബോളിസം വര്‍ധിപ്പിക്കൽ, ആരോഗ്യമുള്ള തലച്ചോറ് എന്നിവക്ക് പ്രഭാതഭക്ഷണം നിർബന്ധമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ താളം തെറ്റിക്കും. ഉണരുമ്പോള്‍ രക്തത്തിലെ പഞ്ചസാര കുറവായിരിക്കും, ഇത് നികത്താനും അതിലൂടെ പേശികളുടെയും തലച്ചോറിെൻറയും മികച്ച പ്രവര്‍ത്തനത്തിനും പ്രഭാതഭക്ഷണം നിർണായക പങ്കുവഹിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണരീതി
- പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പില്ലാത്ത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാലും പാല്‍ ഉല്‍പന്നങ്ങളും നമ്മുടെ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തുക.
- സമുദ്രവിഭവങ്ങള്‍, മാംസം, മുട്ട, പയര്‍വർഗങ്ങള്‍, സോയ ഉല്‍പന്നങ്ങള്‍, പരിപ്പ്, വിത്തുകള്‍ തുടങ്ങി വിവിധ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
- കുറഞ്ഞ കലോറി ചേരുവകള്‍ ഉപയോഗിക്കുക.
- ഉയര്‍ന്ന ഫൈബര്‍ അന്നജമുള്ള കാര്‍ബോഹൈഡ്രേറ്റുകൾ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.
- ഉപ്പിന്റെ ഉപയോഗം കുറക്കുക: മുതിര്‍ന്നവര്‍ക്ക് പ്രതിദിനം ആറു ഗ്രാമില്‍ കവിയരുത്.
- നിർജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്ന ദ്രാവകത്തിന് പുറമെ എല്ലാ ദിവസവും ആറു മുതല്‍ എട്ടു ഗ്ലാസ് വരെ കുടിക്കണം.
നമ്മുടെ ഭാവി നമ്മുടെ കൈകളിലാണ്. ഊർജസ്വലതയുടെ നാളെക്കായി സുസ്ഥിരമായ കാര്‍ഷിക ഭക്ഷ്യ സമ്പ്രദായത്തിലൂടെ പോഷകഗുണമുള്ളതും സുരക്ഷിതവുമായ ഭക്ഷണങ്ങള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമായാൽ ആരും വിശന്നിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.