പേവിഷബാധയേൽക്കാതെ സൂക്ഷിക്കാം
text_fieldsസ്കൂളിൽനിന്ന് വരുന്ന വഴിയിലോ കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുേമ്പാഴോ തെരുവുനായുടെ മുന്നിൽ പെടാത്തവരുണ്ടാകില്ല. നമ്മളിൽ ചിലരെങ്കിലും നായെ പേടിച്ച് ഓടിയിട്ടുമുണ്ടാവും. തെരുവുനായ അക്രമവും നായുടെ കടിയേറ്റ് കുട്ടികൾക്ക് അടക്കം പരിക്കേൽക്കുന്നതും പേവിഷബാധയേറ്റ് മരിക്കുന്നതും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് പേവിഷബാധ അഥവാ റാബീസ്. 'ഭ്രാന്ത് 'എന്ന് അർഥം വരുന്ന റാബീസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഈ പേര് ലഭിച്ചത്. ലോകത്ത് പ്രതിവർഷം 55,000 ആളുകൾ പേവിഷബാധയേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചറാണ് ആൻറി റാബീസ് വാക്‌സിൻ കണ്ടുപിടിച്ചതെന്നറിയാമല്ലോ...അദ്ദേഹത്തിെൻറ ചരമദിനമായ സെപ്ബറ്റംർ 28നാണ് ലോക പേവിഷബാധ ദിനം ആയി ആചരിക്കുന്നത്. തെരുവുനായ ശല്യം രൂക്ഷമായ ഈ സാഹചര്യത്തിൽ പേവിഷ ബാധയെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചുമാണ് ഇത്തവണ 'വെളിച്ചം' കൂട്ടുകാരുമായി പങ്കുവെക്കുന്നത്.
ജീവനെടുക്കുന്ന അശ്രദ്ധ
ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം പേവിഷബാധ ഓരോ പത്തു മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്നുണ്ട്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പൂച്ച, കീരി, വവ്വാൽ തുടങ്ങിയവയെല്ലാം രോഗവാഹകരാണെങ്കിലും 99 ശതമാനം പേവിഷബാധകളും ഉണ്ടാകുന്നത് നായ്ക്കളിലൂടെയാണ്. എത്ര ബോധവത്കരണം നടത്തിയാലും നായപോലെയുള്ള മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാലും ചിലർ വൈദ്യസഹായം തേടാൻ തയാറാവുന്നില്ലെന്നത് വിഷമകരമാണ്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളാണെങ്കിൽപോലും പേവിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കടിയേറ്റാൽ ആദ്യം ആ ഭാഗം നന്നായി സോപ് ഉപയോഗിച്ച് 15 മിനിറ്റോളം കഴുകി വൃത്തിയാക്കണം. ചെറുതായി മാന്തിയതാണെങ്കിലും നഖംകൊണ്ട് പോറിയാലും ഇതുപോലെ ചെയ്യണം. മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് നന്നായി സോപ്പുപയോഗിച്ച് കഴുകുന്നത് ഒരുപരിധിവരെ അണുക്കളെ നശിപ്പിക്കാനാവും. ഉടൻ വൈദ്യസഹായം ലഭ്യമാക്കുകയെന്നതാണ് അടുത്തകാര്യം. പേവിഷം അകത്തുചെന്നാൽ സൂക്ഷ്മ നാഡികളിലൂടെ കേന്ദ്രനാഡീവ്യൂഹത്തിലെത്തി സുഷുമ്നയെയും തലച്ചോറിനേയും ബാധിക്കുന്നു. രോഗ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയാൽ ദിവസങ്ങൾക്കുള്ളിൽ രോഗി മരണത്തിന് കീഴടങ്ങും. നാം നിസാരമെന്ന് കരുതുന്ന നായും പൂച്ചയും പോലെയുള്ള മൃഗങ്ങളുടെ ചെറിയ നഖംപോറലാണെങ്കിൽ പോലും ഡോക്ടറുടെ സഹായം തേടണം. വാക്സിനേഷനല്ലാതെ പേവിഷബാധക്ക് മറ്റു മരുന്നുകളില്ല. പരിക്കിെൻറ തീവ്രതയനുസരിച്ച് വാക്‌സിനും ഇമ്യൂണോഗ്ലോബുലിനുമാണ് കുത്തിവെക്കുക. കടിയേറ്റ ദിവസവും തുടർന്ന് മൂന്ന്, ഏഴ്, 28 എന്നീ ദിവസങ്ങളിലും വാക്‌സിൻ എടുക്കണം. സർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്‌സിൻ ലഭിക്കും. ആശുപത്രിയിൽനിന്ന് നൽകുന്ന ചീട്ട് പ്രകാരം കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പാക്കണം.
പന്നി, പശു, കഴുത, കുതിര, കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. പശുക്കളിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിട്ടുണ്ടെങ്കിലും പാലിലൂടെ റാബീസ് പരന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാൽ ചൂടാക്കുന്നതോടെ വൈറസുകൾ നശിക്കും. ലോകത്ത് 150 രാജ്യങ്ങളിൽ പേവിഷബാധയുടെ ഭീഷണിയുണ്ട്. വികസിത രാജ്യങ്ങള്‍ പേവിഷബാധ നിർമാർജനം ചെയ്യുന്നതിൽ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം ആൻറി റാബീസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നു ലക്ഷത്തിലേറെയാണ്.
നായ്ക്കളെ ശ്രദ്ധിക്കണം
ഭൂരിഭാഗം പേവിഷബാധയും നായ്ക്കളിലൂടെയാണ് പടരുന്നത്. പേവിഷബാധയുള്ള നായ അക്രമകാരിയാവും. ഉമിനീർ ഒലിപ്പിച്ച് ചുവന്ന കണ്ണുകളുമായാണ് സഞ്ചാരം. ഉന്മേഷമില്ലായ്മ, തളര്‍ച്ച, ഇരുണ്ട മൂലകളില്‍ ഒളിച്ചിരിക്കല്‍ തുടങ്ങിയവയും പ്രധാന ലക്ഷണങ്ങളാണ്. ഓട്ടത്തിൽ കാണുന്നതിനെയെല്ലാം നായ്ക്കൾ കടിക്കും.
വളർത്തുനായ്ക്കൾക്ക് കൃത്യമായ ഇടവേളകളിൽ പ്രതിരോധ വാക്സിനുകൾ നൽകാത്തതും തെരുവുനായ്ക്കളുമായുള്ള സമ്പർക്കവും രോഗബാധ ക്ഷണിച്ചുവരുത്തും. നായ്ക്കളെ അപേക്ഷിച്ച് പൂച്ചകൾ അക്രമസ്വഭാവം കാണിക്കാൻ സമയമെടുക്കും. പശുക്കളിലും അക്രമസ്വഭാവം ഏറെയായിരിക്കും. വലിയ ശബ്ദമുണ്ടാക്കി കൺമുന്നിൽ കാണുന്നതെല്ലാം കുത്തിമറിച്ചിടും. വായയിൽനിന്ന് നുരയും പതയുംവരും. തലച്ചോറിനെ ബാധിച്ചശേഷം വൈറസുകൾ ഉമിനീരിലൂടെ അടുത്ത ജീവിയിലേക്കു കടക്കുകയാണ് പതിവ്. കടിക്കുകയോ മാന്തുകയോ ചെയ്യുന്ന മൃഗത്തിൽ വൈറസ് ബാധ ഉണ്ടെങ്കിൽ അടുത്ത പത്തു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ ചത്തുപോകുകയോ ചെയ്യും. അതിനാലാണ് കടിച്ച നായെയും പൂച്ചയെയും 10 ദിവസം നിരീക്ഷിക്കണമെന്ന് പറയുന്നത്.
പ്രായമായവരും കുട്ടികളും
തെരുവുനായ്ക്കൾ ആക്രമിക്കുന്നവരുടെ പട്ടികയിൽ കുട്ടികളുടെയും എണ്ണം കൂടുതലാണ്. പൊതുവെ ദുർബലരായതിനാലാണ് ഇവ കുട്ടികളെയും പ്രയമായവരെയും ലക്ഷ്യമിടുന്നത്. കൂട്ടമായി കാണുന്ന തെരുവുനായ്ക്കൾക്ക് ശൗര്യം കൂടും. നായ്ക്കളെ കാണുേമ്പാൾ പരിഭ്രമിച്ച് ഓടുന്നതും കല്ലെറിയുന്നതും അവയെ പ്രകോപിപ്പിക്കാനിടയാക്കും. സ്കൂളിലും മദ്റസയിലും ട്യൂഷൻ ക്ലാസുകളിലും പോകുേമ്പാൾ തീർച്ചയായും മുതിർന്നവരും ഒപ്പമുണ്ടാവണം. നമ്മുടെ കുഞ്ഞനിയന്മാരും അനിയത്തിമാരും വീടിന് പുറത്തുകളിക്കുകയാണെങ്കിൽ ശ്രദ്ധവേണം. മറ്റുള്ളവരെ അപേക്ഷിച്ച് നായ്ക്കളിൽനിന്ന് ഓടിരക്ഷപ്പെടാൻ കുഞ്ഞുങ്ങൾക്ക് കഴിയില്ല.
മാലിന്യം തള്ളരുത്
പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളുന്നത് തെരുവുനായ ശല്യം രൂക്ഷമാക്കും. മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കുന്നതിനാൽ നായ്ക്കൾ ഇത്തരം സ്ഥലങ്ങളിൽ തമ്പടിക്കും. അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം.
ഇത്തരം സ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് പെരുകാനാവശ്യമായ ആവാസവ്യവസ്ഥയൊരുക്കും. വയസ്സായ വളർത്തുനായ്ക്കളെയും പൂച്ചകളെയും തെരുവിൽ ഉപേക്ഷിക്കുന്നതും തെറ്റാണ്.
തെരുവുനായ നിയന്ത്രണം
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി പ്രകാരം നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നുണ്ട്. തെരുവുനായ ഭീഷണി വർധിച്ച സാഹചര്യത്തിൽ നായ്ക്കൾക്ക് വാക്‌സിൻ യജ്ഞവും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.