Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Teachers day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഅധ്യാപകദിനവും...

അധ്യാപകദിനവും സാക്ഷരതാദിനവും -സെപ്റ്റംബറിനെ അറിയാം

text_fields
bookmark_border

സെപ്​റ്റംബർ

5 ദേശീയ അധ്യാപകദിനം

8 സാക്ഷരതാദിനം

14: ഗ്രന്ഥശാല ദിനം

16 ഒാസോൺ ദിനം

21 അൽഷൈമേഴ്​സ്​ ദിനം -ലോക സമാധാന ദിനം

സെപ്​റ്റംബർ 5 ദേശീയ അധ്യാപകദിനം

ഡോക്ടർ എസ്. രാധാകൃഷ്ണ​െൻറ (സർവേപ്പള്ളി രാധാകൃഷ്​ണൻ) ജന്മദിനമാണ്​ നമ്മൾ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. 1962ൽ അദ്ദേഹം ഇന്ത്യയുടെ രാഷ്​ട്രപതിയായ സമയം. അദ്ദേഹത്തി​െൻറ പിറന്നാളിന് കുറച്ചു ദിവസം മുമ്പ് ഏതാനും വിദ്യാർഥികൾ അദ്ദേഹത്തി​െൻറ ഓഫിസിലെത്തി ചോദിച്ചു: ‘‘കളിയും പാട്ടും മത്സരങ്ങളുമായി ഞങ്ങൾ അങ്ങയുടെ പിറന്നാൾ ആഘോഷിക്കട്ടെ? ഞങ്ങൾക്കൊപ്പം അങ്ങും കൂടണം.’’ അദ്ദേഹം അവരോടായി പറഞ്ഞു: ‘‘കളിയും ചിരിയുമായി നമ്മൾ മാത്രം ആഘോഷിക്കുന്നതിനേക്കാൾ ഞാൻ ഇഷ്​ടപ്പെടുന്നത് ഈ ദിനം എന്നെപ്പോലുള്ള മുഴുവൻ അധ്യാപകർക്കുമുള്ള ദിവസമായി ആഘോഷിക്കാനാണ്.’’ അങ്ങനെയാണത്രേ ഇന്ത്യയിൽ അധ്യാപകർക്കുവേണ്ടി മാത്രമായി ഒരു ദിനം വ്യാപകമായി ആഘോഷിക്കാൻ തുടങ്ങിയത്.

‘തത്ത്വചിന്തകർക്കിടയിലെ രാജാവ്’ എന്നാണ് ബെർണാഡ് റസ്സൽ, എസ്. രാധാകൃഷ്ണനെ വിശേഷിപ്പിച്ചത്. ചിന്തകൻ, വാഗ്മി, തന്ത്രശാലിയായ സ്ഥാനപതി, അധ്യാപക പ്രതിഭ, ഭരണനിപുണൻ എന്നീ നിലയിലെല്ലാം അദ്ദേഹം ശോഭിച്ചു.

1885 സെപ്റ്റംബർ അഞ്ചിന് തമിഴ്നാട്ടിലെ തിരുത്തന്നി ഗ്രാമത്തിലാണ് ഡോ. രാധാകൃഷ്ണൻ ജനിച്ചത്. കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണം കൊണ്ടായിരുന്നു പഠനം. മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപക ജീവിതം ആരംഭിച്ചു. കൊൽക്കത്ത കോളജ്, മാഞ്ചസ്​റ്റർ കോളജ് എന്നിവിടങ്ങളിൽ അധ്യാപനം. ആന്ധ്ര, ബനാറസ് സർവകലാശാലകളുടെ വൈസ് ചാൻസലർ, സോവിയറ്റ് യൂനിയനിലെ ഇന്ത്യൻ സ്ഥാനപതി എന്നിങ്ങനെ 1952ൽ ഇന്ത്യയുടെ ആദ്യ ഉപരാഷ്​ട്രപതിയാകുന്നതിനു മുമ്പ് വഹിച്ചിരുന്ന സ്ഥാനങ്ങൾ ഒട്ടേറെ. 150 പുസ്​തകങ്ങളും അദ്ദേഹത്തി​േൻറതായുണ്ട്.

ഇന്ത്യൻ രാഷ്‌ട്രപതിയായപ്പോഴും ലാളിത്യവും എളിമയും അദ്ദേഹം കാത്തുസൂക്ഷിച്ചു. രാഷ്​ട്രപതി വേതനം 10,000 രൂപയിൽനിന്ന് 2000 രൂപയായി കുറച്ചതാണ് അദ്ദേഹത്തി​െൻറ ആദ്യ പദ്ധതികളിലൊന്ന്. ആഴ്ചയിൽ രണ്ടു ദിവസം മുൻകൂട്ടി അനുമതിയില്ലാതെതന്നെ ആർക്കും അദ്ദേഹത്തെ സന്ദർശിക്കാമായിരുന്നു.

അധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവികൾ ഉയർത്തുക, അവരുടെ കഴിവുകൾ വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുക, അതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്​ടിക്കുക എന്നിവയാണ് ദിനാചരണത്തി​െൻറ പ്രഥമ ലക്ഷ്യങ്ങൾ. രാജ്യത്തെ മികച്ച അധ്യാപകർക്ക് ദേശീയ, സംസ്ഥാന അവാർഡുകൾ സമ്മാനിക്കുന്നത് ഈ ദിവസത്തിലാണ്. അധ്യാപകർക്കായി വിവിധയിനം മത്സരപരിപാടികളും ഈ ദിവസത്തിൽ സംഘടിപ്പിക്കപ്പെടുന്നു. 1962ൽ ഏർപ്പെടുത്തിയ ദേശീയ അധ്യാപക നിധിയുടെ പ്രവർത്തനങ്ങളും ഈ ദിനത്തോട് ബന്ധപ്പെട്ടിരിക്കുന്നു.

മൈസൂർ സർവകലാശാലയിൽനിന്ന് സ്ഥലം മാറിപ്പോയ ഡോ. രാധാകൃഷ്ണന് അദ്ദേഹത്തി​െൻറ പ്രിയ ശിഷ്യർ നൽകിയ യാത്രയയപ്പ് പ്രസിദ്ധമാണ്. അദ്ദേഹം മൈസൂർ സർവകലാശാലയിൽ പ്രഫസറായിരുന്ന കാലം. അപ്രതീക്ഷിതമായി അദ്ദേഹത്തിന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചു. പ്രിയ ഗുരുവി​െൻറ സ്ഥലംമാറ്റത്തിൽ ദുഃഖിതരായ വിദ്യാർഥികൾ അദ്ദേഹത്തിന് ഒരു അവിസ്മരണീയ യാത്രയയപ്പുതന്നെ നൽകാൻ തീരുമാനിച്ചു. മറക്കാനാകാത്ത ഒരു ചടങ്ങായിരിക്കണം അതെന്ന് അവർ ഒന്നടങ്കം നിശ്ചയിച്ചു.

യാത്രയയപ്പുദിനമെത്തി. റെയിൽവേ സ്​റ്റേഷനിലേക്ക്​ പോകാൻ അദ്ദേഹം കുതിരവണ്ടിയിൽ കയറി. എന്നാൽ, വിദ്യാർഥികൾ കുതിരകളെ അഴിച്ചുമാറ്റി. അവർ ഒത്തുചേർന്ന് വണ്ടി വലിച്ചുതുടങ്ങി. സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും അവർക്കൊപ്പം നീങ്ങി. മൈസൂർ നഗരം അന്നുവരെ കാണാത്ത കാഴ്ചകൾ അവിടെ അരങ്ങേറി. വഴിത്താരകളിൽ റോസാദളങ്ങൾ വിതറിയിരുന്നു. വിദ്യാർഥികൾ റെയിൽവേ പ്ലാറ്റ്​ഫോം വരെ പൂമാലകൾ കൊണ്ടലങ്കരിച്ചിരുന്നു.

ശിഷ്യരിൽനിന്ന് ഈ ഗുരുവിന്​ കൈവന്ന ആ അസുലഭ മുഹൂർത്തങ്ങൾ ഏത്​ അധ്യാപകരാണ് കൊതിച്ചുപോകാത്തത്. ഓരോ വിദ്യാർഥികളുടേയും മനസ്സിൽ ഒരു സിംഹാസനമുണ്ട്. അത് അവരുടെ പ്രിയപ്പെട്ട ഗുരുവിനുള്ളതാണ്. പഠിപ്പിച്ച വിദ്യാർഥികളുടെയൊക്കെ മനസ്സി​െൻറ സിംഹാസനത്തിലെ ചക്രവർത്തിയായി വാഴാൻ അവസരം കിട്ടിയ ആ മഹാ പ്രതിഭയുടെ മുന്നിൽ നമുക്ക് ശിരസ്സുനമിക്കാം.

8 സാക്ഷരത ദിനം

1965ൽ നിരക്ഷരത നിർമാർജനത്തെക്കുറിച്ച് ആലോചിക്കാൻ വിവിധ രാഷ്​ട്രങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം ചേർന്നു. ഇറാനിലെ തെഹ്റാനിൽ ചേർന്ന ഈ സമ്മേളനം സെപ്റ്റംബർ എട്ടിനാണ് ആരംഭിച്ചത്. ഇതിെൻറ സ്​മരണ നിലനിർത്താനും ലോകവ്യാപകമായി സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായാണ്​ 1966 മുതൽ സെപ്റ്റംബർ എട്ട് ലോക സാക്ഷരത ദിനമായി ആചരിക്കുന്നത്​. 1967 മുതൽ, അന്തർദേശീയ തലത്തിൽ ആചരണം വ്യാപകമായി.

‘‘Literacy for a human-centred recovery: Narrowing the digital divide’’ 1991 ഏപ്രിൽ 18നാണ്​ ആ സ്വപ്നം യാഥാർഥ്യമായത്​. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ നടന്ന മഹാസമ്മേളനത്തിൽ ചേലക്കോടൻ ആയിശ എന്ന പഠിതാവ് കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്​ഥാനമായി പ്രഖ്യാപിച്ചു. കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്​ഥാനം എന്ന അപൂർവ നേട്ടത്തിലുമെത്തി.

1960കളുടെ അവസാനത്തോടെയാണ് ആസൂത്രിത സാക്ഷരതാപ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത്. സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലുള്ള സാക്ഷരതാപ്രവർത്തനം കേരളത്തിൽ ആരംഭിക്കുന്നത് 1968ലാണ്. ഇതാകട്ടെ ഇന്ത്യയിൽ ആരംഭിച്ച ഗ്രാമീണ സാക്ഷരത പദ്ധതിയുടെ ഭാഗമായിരുന്നു. പിന്നീട് 1978ൽ സംസ്​ഥാന സർക്കാർ വയോജന വിദ്യാഭ്യാസ വകുപ്പിനു നൽകുകയും പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. 1978ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ദേശീയ വയോജന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ഈ കാലഘട്ടത്തിൽ സാക്ഷരത പ്രവർത്തനങ്ങൾ സജീവമായത്. സമ്പൂർണ സാക്ഷരത പ്രഖ്യാപനകാലത്ത് സാക്ഷരത സമിതികൾ രൂപവത്കരിച്ച് വിപുലമായ സാക്ഷരത പ്രവർത്തനങ്ങളിലേക്ക് പോകുംവരെ വയോജന വിദ്യാഭ്യാസ വകുപ്പ് നിലനിന്നു. സർവകലാശാലകളുടെ വയോജന വിദ്യാഭ്യാസ വ്യാപന വിഭാഗങ്ങൾ, കാൻഫെഡ്, കേരള ഗ്രന്ഥശാല, കേരള ശാസ്​ത്ര സാഹിത്യ പരിഷത്ത്, മിത്രാനികേതൻ, കേരള ഗാന്ധി സ്​മാരക നിധി, ആകാശവാണി നിലയങ്ങൾ, കേരള സർവകലാശാലയുടെ ലിറ്ററസി ഫോറം, സ്​റ്റേറ്റ് റിസോഴ്സ്​ സെൻറർ തുടങ്ങിയ ഒട്ടേറെ സ്​ഥാപനങ്ങളും പ്രസ്​ഥാനങ്ങളും സാക്ഷരത യജ്ഞത്തെ ജനകീയമാക്കി മാറ്റുന്നതിനായി പ്രവർത്തിച്ചു.

1989ൽ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയിലെ നാഷനൽ സർവിസ്​ സ്​കീമിെൻറ സഹകരണത്തോടെ കോട്ടയം നഗരസഭയും ജില്ല ഭരണകൂടവും സംയുക്തമായി നടത്തിയ 100 ദിവസം നീണ്ട സാക്ഷരത പ്രവർത്തനത്തിലൂടെ അതേവർഷം മാർച്ച് നാലിന് കോട്ടയം ഇന്ത്യയിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണമായി മാറി. ‘വെളിച്ചമേ നയിച്ചാലും’ എന്ന പേരിൽ അറിയപ്പെട്ട സാക്ഷരത കാമ്പയിനിലൂടെ എറണാകുളം ജില്ല 1990 ഫെബ്രുവരി നാലിന് സമ്പൂർണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ഇതിെൻറ തുടർച്ചയായാണ് കേരളത്തെ സമ്പൂർണ സാക്ഷരത സംസ്​ഥാനമാക്കാനുള്ള യജ്ഞത്തിലേക്ക് വഴിനടത്തിയത്. സാക്ഷരത യജ്ഞത്തിലൂടെ 12.5 ലക്ഷം നിരക്ഷരരെയാണ് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചത്. കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്താണ് ആദ്യമായി സാക്ഷരത നേടിയ ഗ്രാമപഞ്ചായത്ത്. 1986ലാണ് ഇത്്.

നടന്നടുക്കുന്നു, സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് -അനൗപചാരിക വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ് സാക്ഷരത മിഷൻ വഴി നടപ്പാക്കുന്ന തുല്യത പരിപാടി. നാലാംതരം തുല്യത, ഏഴാംതരം തുല്യത, പത്താംതരം, ഹയർ സെക്കൻഡറി എന്നിങ്ങനെയുള്ള തുല്യത കോഴ്സുകളാണ് നടത്തിവരുന്നത്. സംസ്​ഥാനത്തെ അനൗപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു സാക്ഷരത മിഷൻ നടത്തിയ അതുല്യം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി. ഈ പദ്ധതിയിലൂടെ കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യ സംസ്​ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

14 ഗ്രന്ഥശാല ദിനം

സ്വാതി തിരുനാൾ മഹാരാജാവ് 1829ൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ചുകൊണ്ടാണ് കേരളത്തിലെ വായനകേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെതന്നെ ആദ്യത്തെ പൊതു ഗ്രന്ഥാലയത്തി​െൻറ സ്ഥാപകൻ സ്വാതി തിരുനാൾ മഹാരാജാവാണ്. 1869ൽ എറണാകുളം പബ്ലിക് ലൈബ്രറിയും 1873ൽ തൃശൂർ പബ്ലിക് ലൈബ്രറിയും 1912ൽ കൊടുങ്ങല്ലൂർ പബ്ലിക് ലൈബ്രറിയും 1914ൽ ചെറായി പബ്ലിക് ലൈബ്രറിയും 1915ൽ തൃശൂർ യോഗക്ഷേമ ലൈബ്രറിയും സ്ഥാപിക്കപ്പെട്ടു. കൊച്ചി ഗവൺമെൻറ്​ ആവിഷ്കരിച്ച വയോജന വിദ്യാഭ്യാസ പരിപാടിയുടെ വ്യാപനത്തിനുവേണ്ടി 1925 മുതൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഗ്രാമീണ ഗ്രന്ഥശാലകൾ സ്ഥാപിച്ചു.

സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ്​ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നതോടൊപ്പം നാട്ടിലുടനീളം വായനശാലകൾ സ്ഥാപിക്കുക എന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ കർമപരിപാടിയുടെ ഭാഗമായിരുന്നു. 1901ൽ സ്ഥാപിച്ച തലശ്ശേരി വിക്ടോറിയ സ്മാരക ലൈബ്രറി, 1929ൽ കോഴിക്കോട് സ്ഥാപിതമായ സന്മാർഗദർശിനി, 1937ൽ ഐക്യകേരള ഗ്രന്ഥശാല, 1934ൽ ദേശപോഷിണി തുടങ്ങിയവയൊക്കെ അത്തരം പ്രവർത്തനത്തി​െൻറ ഫലമായുണ്ടായതാണ്.

മലബാർ മേഖലയിൽ വായനശാലകളുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ 1931ൽ ഒരു കൊല്ലത്തോളം അമ്പാട്ട് ശിവരാമ മേനോനും ഡോ. എസ്.ആർ. രംഗനാഥനും മലബാറിലുടനീളം സന്ദർശനം നടത്തിയിരുന്നു. മലബാറിലെ വായനശാല പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം 1934ലെ ഗാന്ധിജിയുടെ കേരള സന്ദർശനമായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം 1948ൽ ഇന്ത്യയിൽ ആദ്യമായി പാസാക്കിയ മദ്രാസ് ലൈബ്രറി ആക്ട് പ്രകാരം രൂപവത്​കരിച്ച മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റി പഴയ ചില ലൈബ്രറികൾ ഏറ്റെടുക്കുകയും പുതുതായി ചിലത് സ്ഥാപിക്കുകയും ചെയ്തു.

1937 ജൂൺ 11ന് മലബാറി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് വായനശാല പ്രവർത്തകരെ സംഘടിപ്പിച്ച്​ ഒന്നാം മലബാർ വായനശാല സമ്മേളനം നടന്നു. മലബാർ വായനശാല സംഘത്തി​െൻറ പ്രവർത്തനഫലമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും താലൂക്കുകളിലും സമ്മേളനങ്ങളും ബോധവത്കരണ ക്ലാസുകളും നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അസ്തിവാരമിട്ട ചിന്താഗതിയുടെ നാന്ദികൂടിയായിരുന്നു അത്തരം സമ്മേളനങ്ങൾ.

1945 ​െസപ്​റ്റംബർ 14ന് അമ്പലപ്പുഴ സമ്മേളനത്തിൽ എടുത്ത തീരുമാനമനുസരിച്ചാണ് തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപംകൊള്ളുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തിരുവിതാംകൂർ ഗ്രന്ഥശാല സംഘം കേരളപ്പിറവിക്കു ശേഷം കേരള ഗ്രന്ഥശാല സംഘമായി മാറുകയാണുണ്ടായത്.

1948 ആഗസ്​റ്റ്​ മുതൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തി​െൻറ മുഖപത്രമായി ‘ഗ്രന്ഥാലോകം’ എന്ന പേരിൽ ദ്വൈമാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഒരു വർഷത്തിനകം അത് മാസികയായി ഇറങ്ങി. ‘ഗ്രന്ഥാലോകം’ എന്ന പേര് നിർദേശിച്ച ​പ്രഫ. എസ്. ഗുപ്തൻ നായർതന്നെയായിരുന്നു മാസികയുടെ ആദ്യ പത്രാധിപർ.

16 ഒാസോൺ ദിനം

മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന ഒരു വാതകമാണ് ഓസോൺ. മണം എന്നർഥമുള്ള ഒസീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓസോൺ എന്ന പേര് രൂപപ്പെട്ടത്. 1839 ൽ ജലത്തി​െൻറ വൈദ്യുതിവിശ്ലേഷണ പ്രവർത്തനത്തിൽ ഏർപ്പെട്ട ജർമൻ ശാസ്​ത്രജ്ഞനായ ക്രിസ്​റ്റ്യൻ െഫ്രഡറിക് സ്​കോൺബീൻ, ത​െൻറ പരീക്ഷണശാലയിൽ അസാധാരണമായ ഒരു ഗന്ധം പരക്കുന്നതായി ശ്രദ്ധിച്ചു. ഇതൊരു പുതിയ പദാർഥം ഉൽപാദിപ്പിക്കപ്പെട്ടതു കൊണ്ടാണെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹം അതിനെ ഓസോൺ എന്ന് വിളിച്ചു.

അന്തരീക്ഷവായുവി​െൻറ 0.00006 ശതമാനം മാത്രമേ ഓസോൺ വരുന്നുള്ളൂ. ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 35 വരെ കിലോമീറ്റർ ഉയരത്തിലുള്ള ഒരു പാളിയിലാണ് ഇതി​െൻറ 91 ശതമാനവും. സ്​ട്രാറ്റോസ്​ഫിയറി​െൻറ താഴ്ഭാഗത്തായി കാണുന്ന ഈ പാളി, ഒരു കുട മഴയിൽനിന്നും വെയിലിൽ നിന്നും നമുക്ക് സംരക്ഷണംനൽകുന്നതുപോലെ സൂര്യനിൽ നിന്നും വരുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളിൽനിന്നും നമുക്ക് സംരക്ഷണം നൽകുന്നു. അതിനാൽ, ഓസോൺ പാളിയെ ആലങ്കാരികമായി ഓസോൺ കുട എന്നും വിളിക്കുന്നു. ഓസോൺ പാളി എന്നു പേരുണ്ടെങ്കിലും ഈ മേഖലയിലെ ഓസോണിെൻറ അളവ് 10 ppm മാത്രമാണ് (മില്യനിൽ ഒരംശം എന്നതാണ് ppm കൊണ്ട് ഉദ്ദേശിക്കുന്നത്).

സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളുടെ 99 ശതമാനം വരെ ഓസോൺ പാളി ആഗിരണം ചെയ്യുന്നുണ്ട്. ഭൂമിയിലെത്തുന്ന അൾട്രാവയലറ്റ് രശ്മികളുടെ അളവ് അൽപം കൂടിയാൽ ജീവജാലങ്ങൾക്ക് പലവിധ രോഗങ്ങളുമുണ്ടാകും. മനുഷ്യന് ത്വക്ക്​ കാൻസർ, സൂര്യാഘാതം, അകാലനര, തിമിരം ജനിതക വൈകല്യങ്ങൾ എന്നിവ ബാധിക്കും. സസ്യങ്ങളുടെ ഹരിതകത്തെ ഇല്ലായ്മ ചെയ്യാൻ പോലും ഇവക്കാകും. ചുരുക്കിപ്പറഞ്ഞാൽ, ഓസോൺ പാളിയുടെ നാശം ആഗോള ആവാസവ്യവസ്​ഥയെത്തന്നെ തകിടം മറിക്കും.

സൂര്യനിൽനിന്നും വരുന്ന അൾട്രാവയലറ്റ് കിരണങ്ങൾ അന്തരീക്ഷത്തിലെ ഓക്സിജൻ തന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോൾ, അവ വിഘടിച്ച് ഓക്സിജൻ ആറ്റങ്ങളുണ്ടാകുന്നു. ഇവക്ക്​ സ്​ഥിരത കുറവാണ്. അതിനാൽ, ഇവ കൂട്ടത്തിൽ വിഘടിക്കാതെ കിടക്കുന്ന ഓക്സിജനുമായി കൂടിച്ചേർന്ന് ഓക്സിജ​െൻറ ത്രയാറ്റോമിക തന്മാത്രയായ ഓസോൺ ഉണ്ടാകുന്നു. അൾട്രാവയലറ്റ് രശ്മികൾ അവയിലും ഇടിക്കാമല്ലോ. അപ്പോൾ അവ വിഘടിച്ച് പഴയപോലെ ഒരു ഓക്സിജൻ തന്മാത്രയും ഒരു ഓക്സിജൻ ആറ്റവുമായി മാറുന്നു. ഈ ചാക്രിക പ്രക്രിയ തുടരുന്നതുവഴി അന്തരീക്ഷത്തിലെ ഓസോണി​െൻറ അളവ് മാറ്റമില്ലാതെ നിലനിൽക്കുന്നു.

ജീവിതസുഖത്തിനുവേണ്ടി മനുഷ്യൻ ചെയ്തു കൂട്ടുന്ന ചില പ്രവർത്തനങ്ങൾ കാരണം നമുക്ക് കുട ചൂടുന്ന ഓസോൺ പാളി നശിച്ചു തുടങ്ങിയിട്ടുണ്ട്. നൈട്രസ്​ ഓക്സൈഡ്, നൈട്രിക് ഓക്സൈഡ് എന്നീ വാതക തന്മാത്രകൾക്കും ക്ലോറിൻ, േബ്രാമിൻ എന്നീ വാതകങ്ങളുടെ ആറ്റങ്ങൾക്കും ഓസോണിനെ വിഘടിപ്പിക്കാൻ കഴിയും. എയർകണ്ടീഷനറുകളിലും റഫ്രിജറേറ്ററുകളിലും ശീതീകരണത്തിനായി ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോകാർബണുകൾ (CFC) ലീക്ക് ചെയ്യുമ്പോൾ സ്​ട്രാറ്റോസ്​ഫിയറിൽ എത്തി വിഘടിച്ച് ക്ലോറിൻ ഉണ്ടാകുന്നു. ഇത് ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുന്നു. ഒരു ക്ലോറിൻ ആറ്റത്തിന് ഒരുലക്ഷം ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ കഴിയും. 1970നുശേഷം ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ ഓസോണിെൻറ അളവ് ശരാശരി നാല്​ കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഓസോൺ ഒട്ടും തന്നെ ഇല്ലാത്ത ഒരു പ്രദേശമല്ല ഓസോൺ ദ്വാരം. ഒരു പ്രദേശത്തിനു മുകളിൽ 220 ഡോബ്സൺ യൂനിറ്റ് വരെയോ അതിൽ കുറവോ ഓസോൺ കുറയുന്ന അവസ്​ഥയെയാണ് ഓസോൺ ദ്വാരം എന്നു പറയുന്നത്. (ഒരു പ്രദേശത്തിനു മുകളിൽ ഉള്ള ലംബമായ വായു കോളത്തിൽ അടങ്ങിയ ഓസോണിെൻറ അളവിനെ സൂചിപ്പിക്കുന്ന യൂനിറ്റാണ് ഡോബ്സൺ യൂനിറ്റ്). അൻറാർട്ടിക്കിന് മുകളിൽ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട വലിയ ഓസോൺ ശോഷണമാണ് ഓസോൺ

ദ്വാരം എന്ന പേരിൽ അറിയപ്പെടുന്നത്. ജോ ഫർമാൻ, ബ്രിയൻ ഗാർഡിനർ, ജൊനാതൻ ഷാൻക്ലിൻ എന്നിവർ 1985ൽ പുറത്തുവിട്ട പഠന റിപ്പോർട്ടിലൂടെയാണ് ലോകത്തി​െൻറ ശ്രദ്ധയിൽപ്പെടുന്നത്. നാസയുടെ ഓറാ ഉപഗ്രഹത്തിലെ ഓസോൺ മോണിറ്ററിങ്​​ ഇൻസ്​ട്രുമെൻറ്​ ശേഖരിച്ച വിവരങ്ങളെ അടിസ്​ഥാനമാക്കി 2004 ഒക്ടോബർ നാലിലെ ഓസോൺ ദ്വാരത്തി​െൻറ വലുപ്പം കാണിക്കുന്ന കമ്പ്യൂട്ടർ രൂപപ്പെടുത്തിയ ചിത്രമാണിത്.

ആർട്ടിക് പ്രദേശം കരയാൽ ചുറ്റപ്പെട്ട കടലാണ്. അൻറാർട്ടിക് ആവട്ടെ, കടലാൽ ചുറ്റപ്പെട്ട കരയും. ഒപ്പം ഇവിടെ ചെറിയ പർവത സാന്നിധ്യവുമുണ്ട്. അതിനാൽ അൻറാർട്ടിക്കിൽ ആർട്ടിക്കിനെക്കാളും താപനില കുറവാണ്. ഇതുമൂലം ശൈത്യകാലത്ത് അൻറാർട്ടിക്കിനു മുകളിൽ ധ്രുവീയ സ്​ട്രാറ്റോസ്​ഫറിക് മേഘങ്ങൾ (പോളാർ ട്രാറ്റോസ്​ഫറിക് ക്ലൗഡ്സ്​) രൂപപ്പെടുന്നു. ഇത് ക്ലോറിൻ സംയുക്തങ്ങൾ വിഘടിച്ച് ക്ലോറിൻ ആറ്റങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നു. ഇത് ഓസോണിനെ ക്രമാതീതമായി വിഘടിപ്പിക്കുമ്പോഴാണ് ഓസോൺദ്വാരമുണ്ടാകുന്നത്. ധ്രുവീയ സ്​ട്രാറ്റോസ്​ഫെറിക് മേഘങ്ങൾ രൂപപ്പെടാൻ മാത്രം ഉത്തരധ്രുവത്തിനു മുകളിലെ അന്തരീക്ഷത്തി​െൻറ താപനിലകുറയുന്നില്ല.

1987 ലെ മോൺട്രിയൽ േപ്രാട്ടോകോൾ അനുസരിച്ച് വികസിത രാജ്യങ്ങൾ CFC കളുടെ ഉൽപാദനവും വിതരണവും നിരോധിച്ചുകഴിഞ്ഞു. അതി​െൻറ കൂടി ഫലമായി അൻറാർട്ടിക്കിലെ ഓസോൺ ദ്വാരം ഇപ്പോൾ അടഞ്ഞുതുടങ്ങിയിട്ടുണ്ട്. 1998 ൽ ചേർന്ന UNEP മീറ്റിങ്​ മോൺട്രിയൽ േപ്രാട്ടോകോൾ വളരെ ഫലപ്രദമായിരുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്.

21 അൽഷൈമേഴ്​സ്​ ദിനം -ലോക സമാധാന ദിനം

ഏറ്റവും വികാസം പ്രാപിച്ച നാഡീവ്യവസ്ഥയുള്ളത് മനുഷ്യനാണ്. മനുഷ്യ​െൻറ നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല രോഗങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അൽ​ൈഷമേഴ്സ്​. സെപ്റ്റംബർ 21ന് ലോക അൽ​ൈഷമേഴ്സ് ദിനം എത്തുമ്പോൾ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ രോഗത്തെ പരിചയപ്പെടാം.

തലച്ചോറിലെ നാഡീകലകളിൽ അലയമായ പ്രോട്ടീൻ (പ്ലേക്) അടിഞ്ഞുകൂടുമ്പോൾ ന്യൂറോണുകൾ നശിക്കുന്നതാണ് അൽ​ൈഷമേഴ്‌സ് ലക്ഷണങ്ങൾ: ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിയാതെവരുക, കേവല ഓർമകൾ പോലും ഇല്ലാതാവുക, ദിനചര്യകൾ തെറ്റുക, പേര്, സ്ഥലനാമം, തീയതി, ദിവസം എന്നിവ ഓർത്തെടുക്കാൻ കഴിയാതെവരുക ത​െൻറ പഴയ ജീവിതത്തെക്കുറിച്ച് ഓർമകൾ ഇല്ലാതെ ജീവിക്കുന്നവരാണ് അൽ​ൈഷമേഴ്സ് രോഗികൾ. ഇവർക്ക്​ പ്രിയപ്പെട്ടവരെപോലും തിരിച്ചറിയാൻ സാധിക്കാതെവരുന്നു. മൂന്നു ഘട്ടങ്ങളാണ് അൽ​ൈഷമേഴ്സ് രോഗത്തിനുള്ളത്. ഓരോ ദിവസവും വഷളായിവരുന്ന രോഗമാണ് അൽ​ൈഷമേഴ്സ്. രോഗം തിരിച്ചറിഞ്ഞാലും വർഷങ്ങ​േളാളം രോഗി ജീവിക്കും. രോഗിക്ക് തലച്ചോറിലാണ് ആദ്യം മാറ്റങ്ങൾ ഉണ്ടാവുക.

ഒരാൾക്ക് അൽ​ൈഷമേഴ്സാണോ എന്ന് ഉറപ്പിക്കുന്നതിന് പ്രകടമായ ചില മാറ്റങ്ങൾ അയാൾ കാണിച്ചിരിക്കും. സ്വന്തം പേര് പറയാൻ ബുദ്ധിമുട്ട്, ആൾക്കാരുടെ പേരുകൾ ഓർത്തുവെക്കാനുള്ള ബുദ്ധിമുട്ട്, ജോലികൾ ചെയ്തുതീർക്കാൻ കഴിയാതെ വരുക, വിലപ്പെട്ട വസ്തുക്കൾ കൃത്യമായി കൈകാര്യം ചെയ്യാതിരിക്കുക എന്നിവയാണവ. തുടർന്ന് മുൻകാല കാര്യങ്ങൾ മറക്കുക, നിരാശ തോന്നുക, സ്വന്തം മേൽവിലാസമോ ഫോൺ നമ്പറോ മറന്നുപോവുക, പഠിച്ച സ്ഥാപനം ഓർത്തെടുക്കാൻ കഴിയാതെവരുക, മലമൂത്ര വിസർജനം നിയന്ത്രിക്കാൻ കഴിയാതെവരുക, പകൽ സമയങ്ങളിൽ കൂടുതൽ ഉറങ്ങുക എന്നീ ലക്ഷണങ്ങളും കാണിക്കും.

ഒന്നും മിണ്ടാതെ, സ്വന്തം ചലനം നിയന്ത്രിക്കാനാവാതെ, നടക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടി മറ്റുള്ളവരെ ആശ്രയിച്ച് മാത്രം കഴിയേണ്ട അവസ്ഥയാണിത്. പാർക്കിൻസൺസ്, അപസ്മാരം ,കുഷ്ഠം, പോളിയോ എന്നിവയും നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന രോഗങ്ങളാണ്. ഇൗ രോഗം കണ്ടെത്തിയ ഡോ. അലോയ്​സ്​ അൽ​െഷെ​മർ എന്നയാളുടെ പേരിലാണ്​ അൽ​ൈഷമേഴ്​സ്​ അറിയ​െപ്പടുന്നത്​.

21 ലോക സമാധാന ദിനം

സർവലോക രാജ്യങ്ങളുടെ എന്നത്തെയും സ്വപ്നമാണ് ലോക സമാധാനം. സമാധാനം എന്ന മുഖ്യ ലക്ഷ്യം പൂവണിയാതെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതികൾ അസാധ്യമാണെന്ന യാഥാർഥ്യത്തി​െൻറ തിരിച്ചറിവിൽനിന്നാണ് ഈയൊരു ചിന്ത ലോകരാഷ്​ട്രങ്ങൾക്ക് കൈവന്നത്. അത്യാധുനിക ആയുധ വികസനം കാരണം ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ രക്തരൂഷിതവും മനുഷ്യ നിലനിൽപിനുതന്നെ ഭീഷണിയും ആയപ്പോഴാണ് ലോകം സമാധാനത്തി​െൻറ പ്രാധാന്യത്തെയും അതു വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളെയും കുറിച്ച് ചിന്തിക്കുന്നത്. അതി​െൻറ പരിണിതഫലമായി ലോകരാഷ്​ട്ര നേതാക്കൾ ഒരുമിച്ച് കൂടി. രണ്ടാം ലോക യുദ്ധത്തിനുശേഷം ഐക്യരാഷ്​ട്ര സഭ രൂപംകൊണ്ടു. സമാധാനം എന്ന സ്വപ്നമായിരുന്നു അതി​െൻറ പരമലക്ഷ്യം. ആ സ്വപ്നം പൂവണിയാൻ ഐക്യരാഷ്​ട്ര സഭ പല പദ്ധതികളും ലോകമൊട്ടാകെ നടപ്പാക്കി. പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആ സമാധാന സംഘടന ഇന്നും ലോകത്തിനു ശാന്തിയുടെ വിളക്ക് തെളിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് സമാധാനം നിലനിൽക്കുന്നതിൽ മറ്റെന്തിനേക്കാളും നാം കടപ്പെട്ടിരിക്കുന്നതും ഐക്യരാഷ്​ട്ര സഭയുടെ സമാധാന പദ്ധതികളോടാണ്. സമാധാനം നിലനിർത്താൻ യു.എൻ രൂപം നൽകിയ ചില പ്രധാന പദ്ധതികൾ പരിചയപ്പെടാം.

ഭിന്നാഭിപ്രായങ്ങൾ കാരണം യുദ്ധത്തി​െൻറ വക്കിലെത്തിനിൽക്കുന്ന രാജ്യങ്ങൾക്കിടയിൽ ഐക്യ രാഷ്​്ട്ര സഭ സ്വയം മധ്യസ്ഥത വഹിക്കുകയോ മറ്റൊരു രാജ്യത്തെകൊണ്ട് മധ്യസ്ഥത വഹിപ്പിക്കുകയോ ചെയ്യാറുണ്ട്. അതിൽ ചിലത് പൂർണ വിജയം വരിച്ചു. ചിലത് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു.

1962ലെ യു.എസ്-സോവിയറ്റ് യൂനിയൻ ഭിന്നത യുദ്ധത്തി​െൻറ വക്കിൽനിന്നും ആയുധ ഉപയോഗമില്ലാതെ അവസാനിപ്പിച്ചതിലും ഇസ്രായേൽ-ഫലസ്തീൻ അതിർത്തിക്കിടയിൽ യുദ്ധ സാധ്യതകൾ അവസാനിപ്പിച്ചതിലും യു.എൻ മധ്യസ്ഥത പരിപൂർണ വിജയം നേടി. 1950ലെ കശ്‍മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്​താൻ ഭിന്നത ലഘൂകരിക്കുന്നതിൽ മധ്യസ്ഥത പരാജയപ്പെടുന്നതിനും യു.എൻ സാക്ഷിയായി.

സമാധാനം നഷ്​ടപ്പെടുത്തുന്ന രാജ്യങ്ങളെ സമാധാനപരമായിതന്നെ നേരിടുകയാണ് യു.എൻ ആദ്യം ചെയ്യുക. അതിനെ മറികടന്ന് ഭീഷണി തുടരുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്ന ദൗത്യവും യു.എൻ സ്വീകരിക്കാറുണ്ട്. സമാധാന ഉടമ്പടി ലംഘിക്കുന്ന രാഷ്​ട്രവും മറ്റു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുക, ആയുധ വിൽപനയും ഉപയോഗവും നിരോധിക്കുക, കയറ്റുമതി ഇറക്കുമതി നിർത്തലാക്കുക, സാമ്പത്തിക ഉപരോധം ചുമത്തുക എന്നിവയാണ് ധിക്കാര രാജ്യങ്ങൾക്കുള്ള ഉപരോധ മുറകളായി യു.എൻ സ്വീകരിക്കുന്നത്.

ഐക്യരാഷ്​ട്ര സഭയുടെ സമാധാന പ്രക്രിയകൾ മറികടന്ന് യുദ്ധ ചിന്തയുമായി മുന്നോട്ടുപോകുന്ന രാഷ്​ട്രങ്ങൾക്കെതിരെ സൈനികമായും നേരിടാൻ യു.എന്നിന് അധികാരമുണ്ട്. ഇതിനായി ശക്തരായ രാജ്യങ്ങളുടെ സഹായത്തോടെയുള്ള ഒരു സ്ഥിരം സൈനികസംഘം തന്നെ യു.എന്നിന് നിലവിലുണ്ട്.

ആധുനിക ലോകത്തി​െൻറ ഏറ്റവും വലിയ വിപത്ത് ആയുധ ഉപയോഗത്തി​െൻറ വർധനയാണെന്ന തിരിച്ചറിവാണ് ഐക്യരാഷ്​ട്ര സഭയെ ലോകമെമ്പാടും നിരായുധീകരണം പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിനായുള്ള യു.എന്നി​െൻറ ശ്രമഫലമായി നിരവധി രാജ്യങ്ങൾ തങ്ങളുടെ ആണവ പരീക്ഷണ സ്വപ്‌നങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.

‘നമുക്കൊരുമിച്ച്​ സമാധാനം ഉണ്ടാക്കാം’ എന്നാണ് ഈ വർഷത്തെ സമാധാനദിന മുദ്രാവാക്യമായി യു.എൻ ഉയർത്തിക്കാണിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളെയും ഒരുപോലെ നാശത്തിലേക്ക് തള്ളിയിട്ട കോവിഡ് മഹാമാരിയെന്ന ശത്രുവിനെതിരെയുള്ള യുദ്ധത്തിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നാണ് യു.എൻ ഇതിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മാരക ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ അല്ല പരസ്പര സ്നേഹവും സഹകരണവുമാണ് ലോക സമാധാനത്തിന്​ ആവശ്യം എന്ന് ഈ മഹാമാരി നമ്മെ ഓർമിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeptemberTeachers Day
News Summary - September Important days
Next Story