സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം
text_fieldsജീവൻ നിലനിർത്താൻ ഭക്ഷണം എത്രമാത്രം മുഖ്യമാണെന്ന് നമുക്കറിയാം. എന്നാൽ, ആ ഭക്ഷണം തന്നെ ജീവനെടുത്താലോ. പോഷകസമൃദ്ധമായ ഭക്ഷണം ഒരു വ്യക്തിയെ ആരോഗ്യവാനായി നിലനിർത്തുന്നു. എന്നാൽ, ഇക്കാലത്ത് നമുക്ക് ലഭിക്കുന്ന ഓരോ ഭക്ഷ്യവസ്തുക്കളും ഭക്ഷ്യസുരക്ഷയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ? ഖേദകരമായ വസ്തുത എന്തെന്നാൽ ഭക്ഷ്യ വസ്തുക്കളിലാണ് ഏറ്റവുമധികം മായംചേർക്കൽ എന്നതാണ്. അമിത ലാഭമോഹം മായംചേർക്കലിന്റെ രൂപത്തിൽ പുറത്തുവരുമ്പോൾ നവജാതശിശുവിന്റെ പാൽപൊടി മുതൽ നമ്മൾ കഴിക്കുന്ന എന്തും വിഷമയമായി മാറും.
ലോക ഭക്ഷ്യസുരക്ഷ ദിനം
ഭക്ഷ്യജന്യമായ അപകടസാധ്യതകൾ തടയുന്നതിനും അതുകണ്ടെത്തുന്നതിനും നിയന്ത്രിക്കാനും മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ ആകർഷിക്കുന്നതിനും, പ്രവർത്തനസജ്ജമാക്കുന്നതിനുമായി എല്ലാ വർഷവും ജൂണ് ഏഴ് ലോക ഭക്ഷ്യസുരക്ഷ ദിനമായി ആചരിക്കുന്നു. 2022ലെ ലോക ഭക്ഷ്യ സുരക്ഷാദിന പ്രമേയം മനുഷ്യന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം വഹിക്കുന്ന പങ്ക് എടുത്തുകാണിക്കുന്നു. 'സുരക്ഷിതമായ ഭക്ഷണം മെച്ചപ്പെട്ട ആരോഗ്യം' എന്നതാണ് ഈ വർഷത്തെ ഭക്ഷ്യ സുരക്ഷാദിന സന്ദേശം.
ഭക്ഷ്യജന്യ രോഗങ്ങൾ
നല്ല ആരോഗ്യത്തിന് ഏറ്റവും നിർണായകമായ ഒന്നാണ് സുരക്ഷിത ഭക്ഷണം. മതിയായ അളവിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ജീവൻ നിലനിർത്തുന്നതിനും നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാനമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ പല രോഗങ്ങൾക്കും കാരണമാകുന്നു. ഭക്ഷ്യജന്യ രോഗങ്ങൾ സാധാരണയായി സാംക്രമികമോ വിഷമുള്ളതോ ആണ്. മലിനമായ ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ, വൈറസുകൾ, പരാന്നഭോജികൾ അല്ലെങ്കിൽ രാസവസ്തുക്കൾ എന്നിവയാണ് ഇതിന് പ്രധാന കാരണം. ഇത് രോഗത്തിന്റെയും പോഷകാഹാരക്കുറവിന്റെയും ഒരു ചക്രം സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും രോഗികളെയും ഇത് ബാധിക്കുന്നു. ഇവ വയറിളക്കം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നതോടൊപ്പം മരണത്തിലേക്കും നയിച്ചേക്കാം. കണക്കുകൾ പ്രകാരം ആഗോളതലത്തിൽ പ്രതിവർഷം പത്തിൽ ഒരാൾക്ക് ഭക്ഷ്യജന്യ രോഗങ്ങൾ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും പകരുന്ന വയറിളക്ക രോഗങ്ങൾമൂലം പ്രതിവർഷം നിരവധി കുട്ടികൾക്കുൾപ്പെടെയാണ് ജീവൻ നഷ്ടമാകുന്നത്.
ഭക്ഷ്യസുരക്ഷ
ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഭക്ഷ്യജന്യ രോഗങ്ങളെ തടയുന്ന രീതിയിലുള്ള ഭക്ഷണത്തിന്റെ കൈകാര്യം, തയാറാക്കൽ, സംഭരണം എന്നിവയെ വ്യക്തമാക്കുന്നു. ഇത് ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യതയിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നു. എന്നാൽ, ഭക്ഷ്യ വ്യാപാരത്തിന്റെ ആഗോളവത്കരണം, വർധിച്ചുവരുന്ന ലോക ജനസംഖ്യ, കാലാവസ്ഥ വ്യതിയാനം, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ സമ്പ്രദായങ്ങൾ എന്നിവ ഭക്ഷണത്തിന്റെ സുരക്ഷയെ ബാധിക്കുന്നു. നമ്മുടെ ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില ഭക്ഷ്യസുരക്ഷ മാർഗനിർദേശങ്ങൾ ഇതാ.
- ഭക്ഷണം പാകംചെയ്യുന്ന പ്രതലങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ ശരിയായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.
- ഉയർന്ന തലത്തിലുള്ള വ്യക്തി ശുചിത്വം, പ്രത്യേകിച്ച് കൈകഴുകൽ. താപനില, പരിസ്ഥിതി, ഉപകരണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഭക്ഷണം ശരിയായി സംഭരിക്കുകയും തണുപ്പിക്കുകയും ചൂടാക്കുകയും ചെയ്യുക.
- ഫലപ്രദമായ കീടനിയന്ത്രണം നടപ്പാക്കുക.
- ഭക്ഷ്യ അലർജി, ഭക്ഷ്യവിഷബാധ, ഭക്ഷ്യ അസഹിഷ്ണുത എന്നിവ മനസ്സിലാക്കി ശരിയായ ചികിത്സ നേടുക.
ഭക്ഷണ മലിനീകരണം
ഭക്ഷണം മറ്റൊരു പദാർഥം ഉപയോഗിച്ച് കേടാകുമ്പോഴാണ് ഭക്ഷ്യ മലിനീകരണം സംഭവിക്കുന്നത്. ഉൽപാദനം, ഗതാഗതം, പാക്കിങ്, സംഭരണം, വിൽപന, പാചകം എന്നീ പ്രക്രിയകളിലൂടെ ഇത് സംഭവിക്കാം.
ഭൗതിക മലിനീകരണം: ഒരു ബാഹ്യവസ്തു ഭക്ഷണത്തിൽ പ്രവേശിക്കുമ്പോൾ അതിനെ ഭൗതിക മലിനീകരണം എന്നു പറയുന്നു. മുടി, ഗ്ലാസ് അല്ലെങ്കിൽ ലോഹം, കീടങ്ങൾ, ആഭരണങ്ങൾ, അഴുക്ക്, നഖങ്ങൾ, ചെടിയുടെ തണ്ടുകൾ അല്ലെങ്കിൽ പ്ലാസ്റ്റിക് എന്നിവയാണ് ഭൗതിക മലിനീകരണത്തിന്റെ പൊതുവായ ഉറവിടങ്ങൾ. എന്നാൽ, ബാഹ്യ വസ്തുക്കൾ ബാക്ടീരിയകളാണെങ്കിൽ, ഭൗതികവും ജൈവപരവുമായ മലിനീകരണത്തിന് കാരണമാകുന്നു.
രാസ മലിനീകരണം: പ്രകൃതിദത്തമോ കൃത്രിമമോ ആയ രാസവസ്തുക്കൾ കൊണ്ട് ഭക്ഷണം മലിനമാകുന്ന അവസ്ഥയാണിത്. കീടനാശിനികൾ, കളനാശിനികൾ, വെറ്ററിനറി മരുന്നുകൾ, പാരിസ്ഥിതിക സ്രോതസ്സുകളിൽനിന്നുള്ള മലിനീകരണം, ഭക്ഷ്യ സംസ്കരണ സമയത്തെ മലിനീകരണം, ഭക്ഷ്യ പാക്കേജിങ് വസ്തുക്കളിൽനിന്നുള്ള മലിനീകരണം, പ്രകൃതിദത്ത വിഷവസ്തുക്കളുടെ സാന്നിധ്യം, ഭക്ഷ്യ അഡിറ്റീവുകൾ, മായം ചേർക്കുന്ന വസ്തുക്കൾ എന്നിവയാണ് രാസ മലിനീകരണത്തിന്റെ പൊതുവായ ഉറവിടങ്ങൾ.
ജൈവ മലിനീകരണം: മനുഷ്യർ, എലി, കീടങ്ങൾ അല്ലെങ്കിൽ സൂക്ഷ്മാണുക്കൾ എന്നിവ ഉൽപാദിപ്പിക്കുന്ന പദാർഥങ്ങളാൽ ഭക്ഷണം മലിനമാകുന്നതിനെ ജൈവ മലിനീകരണം എന്നുപറയുന്നു. ബാക്ടീരിയ മലിനീകരണം, വൈറൽ മലിനീകരണം അല്ലെങ്കിൽ പരാന്നഭോജികളുടെ മലിനീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണമായി കണക്കാക്കുന്നത് ബാക്ടീരിയ മലിനീകരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.