ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാം
text_fieldsപഠനത്തിന്റെ ഗൗരവസ്വഭാവം കുടഞ്ഞു കളഞ്ഞാൽ ആയാസരഹിതമായ പ്രകിയയാണ് പരീക്ഷകൾ. ഈ വർഷവും താരതമ്യേന എളുപ്പമുള്ള ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഏത് ഗ്രേഡ് ലഭിച്ചാലും അത് മികവുറ്റതാണ്. ആത്മവിശ്വാസത്തോടെ ആഗ്രഹിക്കുന്ന സ്കോറുകൾ കരസ്ഥമാക്കാൻ തീർച്ചയായും സാധിക്കും
നല്ലനിലയിൽ പഠിക്കുന്ന കുട്ടികളും പഠനത്തിൽ മടി കാണിക്കുന്ന മിടുക്കരും ഒരേപോലെ ജാഗ്രതപ്പെടുന്ന കാലം. പരീക്ഷയെന്ന് കേൾക്കുമ്പോൾ പേടിച്ചുവിറച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ഒരുവർഷം മുഴുനീളെ നടക്കുന്ന വായനയുടെയും എഴുത്തിന്റേയും സ്മൃതി സൃഷ്ടിമാത്രമാണ് പരീക്ഷകൾ. പഠനത്തിന്റെ ഗൗരവസ്വഭാവം കുടഞ്ഞുകളഞ്ഞാൽ ആയാസരഹിതമായ പ്രകിയയാണ് പരീക്ഷകൾ. ഈ വർഷവും താരതമ്യേന എളുപ്പമുള്ള ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഏത് ഗ്രേഡ് ലഭിച്ചാലും അത് മികവുറ്റതാണ്. ആത്മവിശ്വാസത്തോടെ ആഗ്രഹിക്കുന്ന സ്കോറുകൾ കരസ്ഥമാക്കാൻ തീർച്ചയായും നിങ്ങൾക്ക് സാധിക്കും.
ചോദിക്കണേ, മടി വേണ്ട ... പേടിയും
മോഡൽ പരീക്ഷകളെല്ലാം പൂർത്തിയായി. വരാൻ പോകുന്ന ചോദ്യങ്ങളുടെ സ്വഭാവം പിടികിട്ടിയല്ലോ? നിങ്ങളുടെ കൈവശമുള്ള ചോദ്യശേഖരങ്ങളെല്ലാം ഒന്നുകൂടി വായിച്ചുനോക്കുക. ഓരോ പാഠഭാഗങ്ങളും അതിൽനിന്നുള്ള ചോദ്യങ്ങളും പ്രത്യേകമായി ശ്രദ്ധിക്കുക. ഉത്തരത്തിൽ വ്യക്തതക്കുറവുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. പ്രിയപ്പെട്ട അധ്യാപകരോടോ കൂട്ടുകാരോടോ ചോദിക്കണേ ....
കൂൾ ഓഫ് ടൈം
പരീക്ഷാഹാളിലെത്തി രജിസ്റ്റർ നമ്പറും ഇരിപ്പിടവും കണ്ടെത്തി കഴിഞ്ഞാൽ ശരീരത്തിനും മനസ്സിനും ഒട്ടും ബലം കൊടുക്കാതെ സിമ്പിളായി ഇരിക്കണം. പേനയടങ്ങിയ ബോക്സും വാട്ടർ ബോട്ടിലും ഡെസ്കിൽ ഒതുക്കിവെക്കുക. ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള കടലാസും തരുമ്പോൾ എഴുന്നേറ്റ് നിന്ന് പുഞ്ചിരിയോടെ നന്ദി രേഖപ്പെടുത്തുക. ചോദ്യങ്ങളെല്ലാം രണ്ടാവർത്തി വായിച്ചതിനുശേഷം കണ്ണുകളടച്ച് കൈകൾ പരസ്പരം പതുക്കെ അൽപസമയം ഉരസുകയും ഉള്ളംകൈകളിലേക്ക് മാത്രം ശ്രദ്ധിക്കുകയും ചെയ്യുക. ശേഷം അൽപം വെള്ളം കുടിക്കുക. പതിനഞ്ച് മിനിറ്റ് സമയം കൊണ്ട് മികച്ചരീതിയിൽ ഒരുങ്ങാനാകും. വളരെ എളുപ്പം തോന്നുന്ന ചോദ്യങ്ങൾ അവയുടെ നമ്പറിട്ട് വൃത്തിയായി എഴുതിത്തുടങ്ങാം. പ്രയാസമുണ്ടെന്ന് തോന്നുന്ന ചോദ്യങ്ങളുണ്ടെങ്കിൽ അവ അവസാനം മാത്രം പരിഗണിക്കുക.
ഇടവേളകളിൽ മൂർച്ച കൂട്ടുക
പരീക്ഷകൾക്കിടയിലെ ഇടവേളകൾ ആശ്വാസകരമാണല്ലോ. പഠിച്ചുകഴിഞ്ഞ ഭാഗങ്ങളെല്ലാം ഒന്നുകൂടെ പുനരവലോകനം ചെയ്യാം. പഠന ഗ്രൂപ് അംങ്ങളോട് ആശയവിനിമയം നടത്താം. ശാന്തമായി വിശ്രമിക്കുകയും ചെയ്യാം.
ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയ
പലവിധ കാരണങ്ങളാൽ പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരുന്നതാണ് ഫോക്കസ് ഏരിയ. 70 ശതമാനം ചോദ്യങ്ങളും ഈ ഭാഗത്തുനിന്നാണ് വരുക. വൈകി പഠിച്ചുതുടങ്ങിയ വിദ്യാർഥികൾ ഫോക്കസ് ഏരിയ മാത്രം കേന്ദ്രീകരിച്ചാൽ മതിയാകും. ഇത്തരക്കാർ അൽപമൊന്ന് ശ്രദ്ധിച്ചാൽ ഭേദപ്പെട്ട ഗ്രേഡുകൾ വാങ്ങിയെടുക്കാം. ഫുൾ എ പ്ലസ് ആഗ്രഹിക്കുന്നവർ നോൺ ഫോക്കസ് ഏരിയ കൂടി കവർ ചെയ്യണം.
ഓർമയുടെ ഭക്ഷണം
തലച്ചോറിന് ശക്തിപകരുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റടങ്ങിയ ഭക്ഷണത്തോടൊപ്പം ധാരാളം ഇലക്കറികളും സീസൺ പഴങ്ങളും കഴിക്കുന്നത് നന്നാകും. പരീക്ഷ ദിവസം സ്കൂളിലെത്തേണ്ട സമയത്തിന് രണ്ട് മണിക്കൂർ മുമ്പായി പ്രഭാതഭക്ഷണം കഴിക്കുക. രാത്രി എഴു മണിക്കോ അതിനു മുമ്പോ അത്താഴം കഴിക്കുന്നതാണ് ഉത്തമം. കഴിച്ച ഭക്ഷണം ദഹിക്കാൻ കുറഞ്ഞത് ആറ് മണിക്കൂർ സമയം വേണം. ദഹനശേഷം ഡെൽറ്റാ സ്റ്റേജിൽ മൂന്ന് മണിക്കൂറെങ്കിലും ഉറങ്ങണം. അത്താഴം കഴിച്ച ഉടനെ വായിക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. വീട്ടുമുറ്റത്ത് അൽപം നടക്കുന്നത് നന്നാവും.
നന്നായി ഉറങ്ങണേ
പരീക്ഷയുടെ തലേ ദിവസം ഗാഢമായി ഉറങ്ങുന്നവർക്ക് ഉത്സാഹത്തോടെ ഉത്തരങ്ങളെഴുതാൻ സാധിക്കും. ശരീരത്തെയും മനസ്സിനേയും സന്തുലനപ്പെടുത്തുന്നതിൽ ഉറക്കത്തിന്റെ പങ്ക് വളരെ വലുതാണ്. കുംഭകർണന്റെ കഥ കേട്ടിട്ടില്ലേ. ആറുമാസത്തെ കരുത്തുറ്റ ഉണർവിന് അദ്ദേഹത്തെ സഹായിച്ചത് ആറുമാസത്തെ ഗാഢമായ ഉറക്കമാണ്. പകൽ മുഴുവൻ ഓർത്തെടുക്കാൻ സാധിക്കാത്ത ഒരു 'കാര്യം' ഒരാൾ അഗാധ നിദ്രയിൽനിന്നും ഉണരുമ്പോൾ തെളിഞ്ഞുവരുന്നത് കാണാം. മസ്തിഷകത്തിന്റെ ഡെൽറ്റാ ആന്ദോളനങ്ങൾ പ്രവർത്തിക്കുന്നത് ഗാഢനിദ്രയിലാണ്.
രാത്രി ഏറെനേരം ഉറക്കമിളച്ച് പഠിക്കുന്നവർ നിർബന്ധമായും ആവശ്യത്തിനുള്ള ഉറക്കം ഉറപ്പുവരുത്തണം. ഹ്രസ്വകാല ഓർമകൾ ദീർഘകാല ഓർമകളായി പരിണമിക്കപ്പെടുന്നത് നാം ഉറങ്ങുന്ന നേരത്താണ്. അതായത് നാം ഉണർന്നിരിക്കുന്ന സമയത്ത് ദീർഘകാല ഓർമകളായി സംഭരിക്കപ്പെടേണ്ട വിവരങ്ങൾ ആദ്യം മസ്തിഷ്കത്തിലെ താൽക്കാലിക കേന്ദ്രത്തിൽ സംഭരിക്കപ്പെടുകയും പിന്നീട് നാം ഉറങ്ങുന്ന നേരത്ത് അവ പ്രോസസ് ചെയ്ത് ദീർഘകാല ഓർമയുടെ സംഭരണിയിലേക്ക് മാറ്റുകയും ചെയ്യും. ഓർമക്ക് ബലംകൂട്ടാൻ നന്നായി ഉറങ്ങണേ.
വെള്ളം, വെള്ളം
മസ്തിഷ്കത്തിലെ 77ശതമാനം മുതൽ 78 ശതമാനം വരെ വെള്ളമാണ്. തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങളിൽ വെള്ളത്തിനുള്ള പങ്ക് നമുക്കറിയാമല്ലോ, ന്യൂറോണുകളുടെ പ്രവർത്തനത്തിനും അവയിൽ നിന്നുണ്ടാകുന്ന വിവിധ ആവേഗങ്ങൾ പ്രേഷണം ചെയ്യുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിനും വെള്ളം ആവശ്യമാണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിക്കും. ഏകാഗ്രതയും ഓർമയും കുറയും. ഗ്രഹണ ശേഷിയും അപഗ്രഥനപാടവവും നഷ്ടമാകും. മസ്തിഷ്കത്തിലെ ഗ്രേ മേറ്റർ നിർജലീകരണംമൂലം ചുരുങ്ങിപ്പോകുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . അഞ്ച് കിലോ ഭാരത്തിന് ഒരു ഗ്ലാസ് വെള്ളം എന്നതാണ് കണക്ക്. ഒരാളുടെ ശാരീരിക- മാനസികാധ്വാനം, കാലാവസ്ഥ എന്നീ ഘടകങ്ങൾ പരിഗണിച്ച് ആവശ്യമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പരീക്ഷാഹാളിൽ നിർബന്ധമായും വെള്ളം കൊണ്ടുപോകണം.
മൈൻഡ് അപ്പ്
തിരിക്കിട്ട പഠനപ്രവർത്തനങ്ങൾ കഴിഞ്ഞിരിക്കുന്നു. റിവിഷനും മോഡൽ പരീക്ഷകളും പൂർണമായി. ഇനി അൽപം വിശ്രമിച്ച് പഠിച്ച കാര്യങ്ങളൊക്കെ ഒന്നുകൂടെ പുനരവലോകനം ചെയ്യാം.
യോഗ, മെഡിറ്റേഷൻ, ഉൾപ്പെടെ ചിന്തകൾ അൽപ സമയത്തേക്ക് മാറ്റിവെക്കുന്ന വ്യായാമമുറകൾ ചെയ്യുന്നത് ഗുണപ്രദമാണ്. പഠിച്ചുറപ്പിച്ച കാര്യങ്ങൾ പരീക്ഷയുടെ തലേദിവസം മറന്നുപോകുന്ന അനുഭവം ചില കുട്ടികളിൽ കാണാറുണ്ട്. അത്തരക്കാർ നന്നായി വിശ്രമിക്കുക. ഏറ്റവും ഇഷ്ടമുള്ള അധ്യാപകരോടോ സൃഹൃത്തുക്കളോടോ അൽപനേരം സംസാരിക്കുക. ഇഷ്ടമുള്ള പാട്ടു കേൾക്കുകയോ അൽപസമയം ചെറിയ ശാരീരിക ജോലിയിലേർപ്പെടുകയോ ചെയ്യുക. അമിതമായ ഉൽകണ്ഠയോ ഭയമോ തോന്നുന്നുണ്ടെങ്കിൽ മാത്രം ഒരു ഡോക്ടറുടേയോ സൈക്കോളജിസ്റ്റിന്റേയോ സഹായം തേടുക.
(കൗൺസലർ ആൻഡ് അക്കാദമിക് സ്കിൽ പ്രമോട്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.