Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gandhi Jayanti
cancel
Homechevron_rightVelichamchevron_rightSpecial Storieschevron_rightഅഹിംസയെ കൂടെകൂട്ടിയ...

അഹിംസയെ കൂടെകൂട്ടിയ ഗാന്ധി

text_fields
bookmark_border

‘മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞാൽ വരുംതലമുറക്ക് അതു വിശ്വസിക്കാൻ പ്രയാസമാകും’ -മഹാത്മാഗാന്ധിയെക്കുറിച്ച് ആൽ​ബർട്ട് ഐൻസ്റ്റൈൻ പറഞ്ഞ വാക്കുകളാണിത്. മഹാത്മാ, ബാപ്പു, അര്‍ധനഗ്​നനായ ഫക്കീര്‍ വിശേഷണങ്ങൾ പലതാണ് ഗാന്ധിജിക്ക്.

‘എ​ന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പ്രചരിപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ രണ്ട്. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഈ ദിവസം നമ്മൾ ഗാന്ധി ജയന്തിയായി കൊണ്ടാടുന്നു. രാജ്യാന്തര അഹിംസദിനം കൂടിയാണ് ഒക്ടോബർ രണ്ട്. കൂട്ടുകാർക്ക്​ അറിയാത്ത ചില ഗാന്ധി വിശേഷങ്ങളാണ്​ ഇത്തവണ.


അര്‍ധനഗ്​നനായ ഫക്കീര്‍

1921 സെപ്റ്റംബർ 22ന് മദ്രാസിൽ നിന്നും മധുരയിലേക്ക് ഗാന്ധിജി തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. ഗുജറാത്തികളുടെ ദേശീയ വേഷമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ, തീവണ്ടിയിലുണ്ടായിരുന്ന മറ്റു യാത്രക്കാരാകട്ടെ അൽപം മാത്രം വസ്ത്രം ധരിച്ചിരുന്ന സാധു ജനങ്ങളായിരുന്നു. ഖാദി വസ്ത്രം ധരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഗാന്ധിജി അവരെ ബോധ്യപ്പെടുത്തി. ഒരു മുണ്ട് വാങ്ങാൻപോലും കാശില്ലാത്ത തങ്ങളെങ്ങനെ ഖാദി വാങ്ങും എന്നായിരുന്നു അവരുടെ മറുപടി. രാജ്യത്തെ ഭൂരിപക്ഷംപേരും അർധനഗ്​നരായിക്കഴിയുമ്പോൾ തനിക്കെങ്ങനെ ദേഹം മൂടിപ്പൊതിഞ്ഞ് നടക്കാൻ കഴിയും എന്ന് അദ്ദേഹം ഒരിക്കലെഴുതി. അതിനുശേഷം ത​ന്റെ മേൽവസ്ത്രം അദ്ദേഹം ഉപേക്ഷിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്​റ്റൺ ചര്‍ച്ചിലാണ് മഹാത്മാ ഗാന്ധിയെ ‘അര്‍ധനഗ്​നനായ ഫക്കീര്‍’ എന്ന് വിളിച്ചത്.

ഹിന്ദ് സ്വരാജ്

ഗാന്ധി എഴുതിയ ആദ്യ പുസ്തകമാണ് ‘ഹിന്ദ് സ്വരാജ്’. 1909 നവംബർ 13 മുതൽ 22 വരെയുള്ള തുടർച്ചയായ പത്ത് ദിവസങ്ങളാണ് ഈ പുസ്തകരചനക്കായി അദ്ദേഹം ഉപയോഗിച്ചത്. സംഭാഷണ ശൈലിയിലാണ് പുസ്തകത്തി​ന്റെ രചന. ‘സ്വരാജ്’ ആശയത്തെക്കുറിച്ചും വിദ്യാഭ്യാസം, യന്ത്രവൽക്കരണം എന്നീ ആശയങ്ങളും അതിൽ ചർച്ച ചെയ്യുന്നു. ആദ്യം ഈ പുസ്തകം ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു. അതിനുശേഷം 1910ലാണ് പുസ്‍തക പ്രസിദ്ധീകരണം നടന്നത്. 1910ൽ ബോംബെ ഗവൺമെൻറ്​ ഈ പുസ്തകം നിരോധിച്ചതിനെത്തുടർന്ന് ‘ഇന്ത്യൻ ഹോം റൂൾ’ എന്നപേരിൽ ഇതി​ന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചു.


കേട്ടെഴുത്ത് തെറ്റിച്ച ഗാന്ധി

സത്യത്തിലുള്ള വിശ്വാസം ജന്മസിദ്ധമായിരുന്നു ഗാന്ധിജിക്ക്. ബാല്യത്തിൽ കണ്ട ഹരിശ്ചന്ദ്ര നാടകങ്ങൾ ഗാന്ധിജിയെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഗാന്ധിജി ​ഹൈസ്കൂളിൽ ചേർന്ന് ആദ്യ വർഷം സ്കൂൾ ഇൻസ്​പെക്ടർ ഗൈൽസ് വിദ്യാർഥികളുടെയും സ്കൂളിന്റെയും നിലവാരം പരിശോധനക്കാനായി എത്തിയിരുന്നു. വിദ്യാർഥികൾക്ക് അഞ്ചുവാക്ക് കേട്ടെഴുതാനും ​നൽകി. അതിൽ കെറ്റിൽ (Kettle) എന്ന വാക്കുമുണ്ടായിരുന്നു. ഈ ഇംഗ്ലീഷ് വാക്കിന്റെ സ്​പെല്ലിങ് തെറ്റിച്ചായിരുന്നു ഗാന്ധിജി എഴുതിയിരുന്നത്. അതുകണ്ട അധ്യാപകൻ തൊട്ടടുത്ത കുട്ടിയുടെ ശരിയായ ഉത്തരം നോക്കി എഴുതാൻ ഗാന്ധിയോട് സൂചിപ്പിച്ചു. എന്നാൽ അധ്യാപകൻ പറഞ്ഞതുപോലെ ചെയ്യാൻ ഗാന്ധിജി കൂട്ടാക്കിയില്ല. ഗാന്ധി ഒഴികെ ക്ലാസിലെ മറ്റെല്ലാ കുട്ടികളും എല്ലാ വാക്കുകളും ശരിയാക്കി എഴുതിയിരുന്നു.

‘ഞാനൊഴിച്ച് മറ്റെല്ലാവരും എല്ലാ വാക്കുകളും ശരിയായി എഴുതി. ഞാൻ മാത്രം വിഡ്ഡിയായി. പിന്നീട് അധ്യാപകൻ ഈ വിഡ്ഡിത്തം എന്നെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല’ -ഈ സംഭവത്തെക്കുറിച്ച് ഗാന്ധി പിന്നീട് സൂചിപ്പിച്ചതിങ്ങനെ.

മൂന്ന് കുരങ്ങൻമാർ

ഉപദേശങ്ങൾക്കും മറ്റുമായി നിരവധിപേർ ഗാന്ധിജിയെ ദിവസവും സന്ദർശിക്കുമായിരുന്നു. അത്തരത്തിലൊരു സന്ദർശനത്തിൽ ഗാന്ധിജിക്ക് ലഭിച്ച ഒരു കുഞ്ഞു സമ്മാനമായിരുന്നു മൂന്ന് കുരങ്ങൻമാർ. കുട്ടികളുടെ കളിപ്പാട്ടത്തിന് സമാനമായിരുന്നു അവ. എന്നാൽ അവ പിന്നീട് പ്രശസ്തമാകുകയും ചെയ്തു. ഗാന്ധി എപ്പോഴും ഈ കുരങ്ങൻമാരുടെ പ്രതിമ കൂടെ കൊണ്ടുനടക്കുമായിരുന്നു. ഒരു കണ്ണുപൊത്തിയ കുരങ്ങനും ഒരു ചെവി ​പൊത്തിയ കുരങ്ങനും വായ് പൊത്തിയ കുരങ്ങനുമായിരുന്നു പ്രതിമയിൽ. തിന്മ കാണരുത്, കേൾക്കരുത്, പറയരുത് എന്നതാണ് ഈ പ്രതിമ നൽകുന്ന സന്ദേശം.



അഹിംസയെ കൂടെകൂട്ടിയ ഗാന്ധി

കുട്ടിക്കാലം മുതൽ അഹിംസയെ കൂടെകൂട്ടിയയാളാണ് ഗാന്ധിജി. ചെറുതായിരുന്നപ്പോൾ ഒരിക്കൽ ഗാന്ധിജിയെ ചേട്ടൻ തല്ലി. പരാതിയുമായി ഗാന്ധി അമ്മയുടെ സമീപമെത്തി. സ​ഹോദരങ്ങൾ തമ്മിൽ കലഹിക്കുമ്പോൾ അത് പരസ്പരം തീർക്കുകയാണ് ചെയ്യുകയെന്നും ചേട്ടൻ അടിച്ചാൽ തിരിച്ച് അടിക്കാമെന്നും പുത്‍ലിബായ് ഗാന്ധിജിയോട് പറഞ്ഞു. എന്നാൽ ചേട്ടൻ എന്നെ അടിച്ചോട്ടെ, ഞാൻ തിരിച്ചടിക്കില്ല എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി.

മോഷണം പോയ പേന

പലർക്കും എപ്പോഴും നഷ്ടമാകുന്ന ഒന്നാണ് പേന. ഗാന്ധിജിക്കും അത്തരത്തിലൊരു പേന നഷ്ടമായിരുന്നു. ഗാന്ധിജി ഉപയോഗിച്ചിരുന്ന ഫൗണ്ടൻ പേന മോഷണം പോകുകയായിരുന്നു. പേന മോഷണം പോയതിലുപരി, ഒരു മോഷണം നടന്നതിലായിരുന്നു ഗാന്ധിയുടെ വേദന. അതോടെ മോഷണത്തിന് പ്രേരിപ്പിക്കുന്ന ആകർഷകമായ വസ്തുക്കൾ ഇനി ഉപയോഗിക്കില്ലെന്ന് ഗാന്ധി തീരുമാനിച്ചു.

എഴുതാനായി ഒരു മരത്തിന്റെ പെൻ ഹോൾഡറും നിബ്ബും സംഘടിപ്പിച്ചു. ഒരിക്കൽ പേനയുടെ നിബ് വളഞ്ഞുപോയി. ഇതോടെ മനുബെന്നിനോട് പുതിയ ഒരു നിബ് വാങ്ങികൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഓരോ സമയവും വിലപ്പെട്ടതായിരുന്നു ഗാന്ധിക്ക്. അൽപ്പസമയം വൈകിയാൽപോലും ഒരു ദിവസത്തെ മുഴുവൻ സമയക്രമവും തെറ്റും. മനുബെൻ മടങ്ങിയെത്തിയപ്പോൾ മരത്തടിയുടെ മറ്റേ അറ്റം മൂർച്ച കൂട്ടുന്ന ബാപ്പുവിനെയാണ് കണ്ടത്. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അവൾ ചോദിക്കുകയും ചെയ്തു. അങ്ങനെ ചെയ്താൽ നിബിന്റെ പോയിന്റ് ഒരിക്കലും വളയുകയില്ല. പണ്ടൊക്കെ ഇത്തരം പേനകൾ ആളുകൾ എഴുത്ത് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അതിലൂടെ കൈയക്ഷരം മികച്ചതാക്കുകയും ചെയ്തു. പൈസ ചിലവാകുകയുമില്ല എന്നായിരുന്നു ബാപ്പുവിന്റെ മറുപടി. ആ പേന ഉപയോഗിച്ച് ഗാന്ധി ആദ്യമായി കത്ത് എഴുതിയത് ആർക്കായിരുന്നുവെന്ന് അറിയാമോ​? മൗണ്ട്ബാറ്റൺ പ്രഭുവിന്.

ഗാന്ധിയുടെ പത്രവായന

ലണ്ടനിൽ പഠിക്കുന്ന സമയത്താണ് ഗാന്ധിജി പുതിയൊരു ശീലത്തിന് തുടക്കം കുറിക്കുന്നത്. പത്രങ്ങൾ ദിവസവും വായിക്കുക എന്നതായിരുന്നു ആ നല്ല ശീലം. ദ് ഡെയിലി ന്യൂസ്, ദ് ഡെയിലി ടെലഗ്രാഫ് തുടങ്ങിയ പത്രങ്ങളെല്ലാം അദ്ദേഹം ദിവസവും വായിച്ചു. അങ്ങനെ ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങളും അദ്ദേഹം അറിഞ്ഞു. പിന്നീട് രാജ്യം ഉറ്റുനോക്കിയ ഒരു പത്രാധിപരും പ്രസാധകനുമായി ഗാന്ധി മാറി. ഇന്ത്യൻ ഒപ്പീനിയൻ, യങ് ഇന്ത്യ, നവജീവൻ, ഹരിജൻ തുടങ്ങിയവയായിരുന്നു ആ പത്രങ്ങൾ.


കേരളം ഗാന്ധിയെ കണ്ടു

  • 1920 ആഗസ്​റ്റ്​ 18

ഖിലാഫത്ത് പ്രസ്​ഥാനത്തിന് പിന്തുണ നൽകുന്നതിനായി, ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ വേരോട്ടം ആരംഭിച്ച കോഴിക്കോട്ട് 1920 ആഗസ്​റ്റ്​ 18ന് ഉച്ചക്ക് ട്രെയിനിറങ്ങിയ ഗാന്ധിജി അവിടെയുള്ള നേതാക്കന്മാരുമായി ചർച്ചനടത്തി. ഇന്ത്യയിൽ മുസ്​ലിംകളുടെയും ഹിന്ദുക്കളുടെയും ഐക്യമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. റൗലത്ത്​​ ആക്ടിനെതിരെ നടത്തിയ നിസ്സഹകരണ പ്രസ്​ഥാനത്തിന് ജനങ്ങളുടെ പിന്തുണ തേടാനാണ് ഗാന്ധിജി കേരളത്തിൽ എത്തിയത്. കോഴിക്കോട് കടപ്പുറത്ത് 20,000ത്തോളം ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്​ഥലങ്ങൾ സന്ദർശിച്ച് ഗാന്ധിജി മടങ്ങി.

  • 1925 മാർച്ച് 8–19

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരളസന്ദർശനം. 1925 മാർച്ച് എട്ടു മുതൽ 19വരെയായിരുന്നു അത്​. ഈ സന്ദർശനവേളയിൽ അദ്ദേഹം കേരളത്തിലെ നിരവധി നേതാക്കന്മാരുമായി ചർച്ചകൾ നടത്തി. ആലപ്പുഴ, കൊല്ലം തുടങ്ങി സ്​ഥലങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പ്രസംഗിച്ചശേഷം വർക്കല ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു. ശിവഗിരി മഠത്തിലാണ് ഗാന്ധിജി തങ്ങിയത്. തിരുവിതാംകൂർ റീജൻറ് റാണി സേതുലക്ഷ്മിബായിയെയും ഗാന്ധിജി സന്ദർശിച്ചു. അഹ്​മദാബാദിലെ സബർമതി ആശ്രമത്തിലെ സെക്രട്ടറിയായിരുന്ന ടൈറ്റസ്​ തേവർതുണ്ടിയിലിനെ കോഴഞ്ചേരിക്കു സമീപത്തുള്ള മാരാമണിൽ പോയി കണ്ടതിനുശേഷം ഗാന്ധിജി മാർച്ച് 15ന് ആറന്മുള ക്ഷേത്രദർശനവും നടത്തി. ആലുവ, പരവൂർ വഴി തൃശൂർ എത്തിയ അദ്ദേഹം മാർച്ച് 19ന് മടങ്ങി.

  • 1927 ഒക്ടോബർ 9–15

മൂന്നാമത്തെ കേരളസന്ദർശനത്തിന്റെ ഭാഗമായി തൃശൂരിൽ എത്തിയ ഗാന്ധിജി കുട്ടികളെ പ്രചോദിപ്പിക്കുകയും സ്വയംപര്യാപ്തത നേടുന്നതിനെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളും വസ്​ത്രം നെയ്യുന്നതുകണ്ട് അദ്ദേഹം സന്തോഷവാനായി. ചില സ്​കൂളുകൾ കുട്ടികൾക്കായി ചർക്കയിൽ തുണി നെയ്യുന്ന മത്സരവും സംഘടിപ്പിച്ചു. തിരുവിതാംകൂർ മഹാരാജാവിനെയും റാണിയെയും കണ്ട അദ്ദേഹം സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെക്കുറിച്ച് അവരുമായി ചർച്ചനടത്തി. തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലും അദ്ദേഹം സംസാരിച്ചു. പാലക്കാടു​വെച്ച് ശങ്കരാചാര്യരുമായി നടത്തിയ സംഭാഷണങ്ങൾക്കുശേഷം അദ്ദേഹം മടങ്ങി.

  • 1934 ജനുവരി 10–22

ജനുവരി 10ന് ഗാന്ധിജിയെ ഒലവക്കോട് റെയിൽവേ സ്​റ്റേഷനിൽ വൻ ജനാവലി സ്വീകരിച്ചു. ശബരി ആശ്രമത്തിൽ എത്തിയ അദ്ദേഹം സ്വാമിജിയെയും അവിടെയുള്ള അന്തേവാസികളെയും സന്ദർശിച്ചു. അധഃസ്​ഥിത വർഗത്തിനുള്ള ഫണ്ട് ശേഖരണം ലക്ഷ്യമിട്ടാണ് അദ്ദേഹം ഈ സന്ദർശനം നടത്തിയത്. ജനുവരി 14ന് വടകരയിലെ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് കൗമുദി എന്ന പെൺകുട്ടി, അവരുടെ ആഭരണങ്ങൾ ഗാന്ധിജിക്ക് സംഭാവന നൽകിയത്. പയ്യന്നൂരിൽ അദ്ദേഹം ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിക്കുകയും ചെയ്തു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സാമൂതിരിയെയും സന്ദർശിച്ചു. തുടർന്ന് തൃശൂർ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ സംസാരിച്ചശേഷം ജനുവരി 20ന് വർക്കല ശിവഗിരിയിൽ എത്തി.

  • 1937 ജനുവരി 12–21

ഗാന്ധിജിയുടെ അവസാനത്തെ കേരളസന്ദർശനമായിരുന്നു ഇത്​. ഈ യാത്രയെ അദ്ദേഹം തീർഥയാത്ര എന്നാണ് വിശേഷിപ്പിച്ചത്. തിരുവിതാംകൂറിൽ മാത്രമായിരുന്ന ഈ യാത്രക്കിടെയാണ് അദ്ദേഹം അയ്യങ്കാളിയെ കാണുന്നത്. ജനുവരി 21ന് അദ്ദേഹം കൊട്ടാരക്കരയിൽ എത്തുകയും അവിടെയുള്ള കെ.എം.എം. നാരായണൻ നമ്പൂതിരിപ്പാടിന്റെ ക്ഷേത്രം എല്ലാവിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുകയും ചെയ്തു.


മഹാത്മാഗാന്ധി ജീവിതരേഖ

  • 1869 ഒക്ടോബർ രണ്ട് ഗുജറാത്തിലെ പോർബന്തറിൽ ജനനം

മാതാവ് - പുത് ലിഭായി ഗാന്ധി

പിതാവ് - കരംചന്ദ് ഗാന്ധി

  • 1883 മേയ്‌ കസ്തൂർബ ഗാന്ധിയുമായി വിവാഹം
  • 1893 ഏപ്രിൽ വക്കീൽ ജോലിക്കായി ദക്ഷിണാഫ്രിക്കയിലേക്ക്
  • 1907 ജൂൺ ഏഷ്യാറ്റിക് രജിസ്ട്രേഷൻ ആക്ടിനെതിരെ സത്യഗ്രഹം
  • 1908 ജനുവരി സത്യഗ്രഹത്തിന്റെ പേരിൽ ആദ്യത്തെ ജയിൽവാസം
  • 1917 ജൂൺ സബർമതി ആശ്രമം രൂപവത്കരിക്കുന്നു
  • 1920 ആഗസ്റ്റ് നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം
  • 1921 സെപ്റ്റംബർ വിദേശവസ്ത്രം ബഹിഷ്കരിച്ച് ഖാദിയിലേക്ക്
  • 1930 ഉപ്പുനിയമം ലംഘിച്ച് ദണ്ഡിയിൽ സമരം
  • 1947 ആഗസ്റ്റ് ഇന്ത്യ സ്വതന്ത്രമാകുന്നു. ഗാന്ധി പ്രാർഥനയും ഉപവാസവുമായി കൽക്കട്ടയിൽ
  • 1948 ജനുവരി 30 നാ​ഥു​റാം ഗോ​ദ്സെ ഗാ​ന്ധി​ക്കു​നേ​രെ നി​റ​യൊ​ഴി​ച്ച് കൊലപ്പെടുത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiGandhi Jayantinonviolence movement
News Summary - Gandhi Jayanti Mahatma Gandhi nonviolence movement
Next Story