ഭൂമിയിൽ പറക്കാം സീറോ ഗ്രാവിറ്റിയിൽ
text_fieldsബഹിരാകാശനിലയത്തിനുള്ളിൽ സഞ്ചാരികൾ പറന്നുനടക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ കാണാത്തവരുണ്ടാവില്ല. സീറോ ഗ്രാവിറ്റി മുൻകൂട്ടി പരിശീലിക്കാതെ സഞ്ചാരികൾക്ക് ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കാനാകുമോ? നിലയത്തിനകത്തെ സീറോ ഗ്രാവിറ്റി എങ്ങനെയാണ് സഞ്ചാരികളെ യാത്രക്കു മുമ്പ് പരിശീലിപ്പിക്കുക? ഇതിനായി ഭൂമിയിൽ എങ്ങനെയാണ് സീറോ ഗ്രാവിറ്റി കൃത്രിമമായി തയാറാക്കുക?
സീറോ ഗ്രാവിറ്റി കൃത്രിമമായി ഉണ്ടാക്കാം
വസ്തുക്കളെ ഭൂമി ആകർഷിക്കുന്നതുകൊണ്ടാണല്ലോ അവക്ക് ഭാരമുണ്ടാകുന്നത്. ഭൂമിയുടെ ആകർഷണം മൂലം നിർബാധം താഴേക്കു വീഴുന്ന (free fall) വസ്തുക്കൾക്കുണ്ടാകുന്ന ത്വരണം (Acceleration due to gravity) സെക്കൻഡിൽ 9.8 മീറ്ററാണ്. ഇതേ ത്വരണത്തോടെ ഒരു വസ്തുവിനെ നിയന്ത്രണവിധേയമായി വീഴ്ത്തിയാലും വീഴുന്ന സമയത്ത് അതിന് ഭാരമില്ലായ്മ അനുഭവപ്പെടും. അപ്പോൾ മനുഷ്യൻ കയറിയ ഒരു വാഹനത്തെ ഭൂമിയുടെ അന്തരീക്ഷത്തിൽ പരമാവധി മുകളിൽ എത്തിച്ച് അവിടെനിന്ന് ഏതാനും കിലോമീറ്റർ താഴേക്കു വീഴ്ത്താനായാൽ, ഈ വീഴ്ചക്കിടയിൽ അവർക്ക് സീറോ ഗ്രാവിറ്റി എന്ന അനുഭവം ലഭിക്കും.
എങ്ങനെ വീഴ്ത്തും?
നിർബാധവീഴ്ച (free fall) സാധ്യമാക്കാനായി പരിശീലനാർഥികളെ ഒരു ജെറ്റ് വിമാനത്തിൽ കയറ്റി 20 കിലോമീറ്റർ മുകളിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്ന് വിമാനം പെട്ടെന്ന് 10 കിലോമീറ്റർ താഴേക്ക് നിർബാധം വീഴ്ത്തുന്നു. വീണ്ടും 20 കിലോമീറ്റർ മുകളിലേക്കുയർത്തി 10 കിലോമീറ്റർ താഴേക്കു വീഴ്ത്തുന്നു. ഇത് പലതവണ ആവർത്തിക്കുന്നു. മലയാളത്തിലെ 'ഗ' എന്ന അക്ഷരം എഴുതുന്ന രീതിയിലായിരിക്കും ഈ വിമാനത്തിെൻറ ഏകദേശ ചലനരീതി എന്നു പറയാം. ഈ വീഴ്ചകൾക്കിടയിൽ ഓരോ തവണയും ലഭിക്കുന്ന 20 മുതൽ 25 സെക്കൻഡ് വരെയുള്ള സമയത്താണ് ഭാരമില്ലായ്മ സഞ്ചാരികളെ പരിശീലിപ്പിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജെറ്റ് വിമാനം ഇതര വിമാനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. അതിെൻറ പിൻഭാഗത്ത് കുറെ കസേരകളുണ്ടാകും. മുൻഭാഗം വീതി കുറഞ്ഞ് നീണ്ട ഒരു ഹാൾ പോലിരിക്കും. ഇതിെൻറ തറയിലും ചുവരുകളിലും ഫോം പിടിപ്പിച്ചിരിക്കും. ഈ ഭാഗത്തുവെച്ചാണ് പരിശീലനം.
കൂട്ടിന് പരിശീലകരും മെഡിക്കൽ സംഘവും
എട്ടു മുതൽ പന്ത്രണ്ടു വരെ സഞ്ചാരികളെയാണ് ഒരു പരിശീലന ബാച്ചിൽ ഉൾപ്പെടുത്തുക. ഇവരെ നാലുപേർ വീതമുള്ള ഗ്രൂപ്പുകളാക്കും. ഓരോ ഗ്രൂപ്പിനും ഓരോ പരിശീലകനുമുണ്ടാകും. ഒപ്പം മെഡിക്കൽ സംഘവും. പലതവണ വിമാനം താഴേക്കു വീഴുമ്പോൾ മിക്കവരും ഛർദിയും മറ്റു പ്രയാസങ്ങളും അനുഭവിക്കും. അവരെ സഹായിക്കാനാണ് മെഡിക്കൽ സംഘം. ഛർദിസാധ്യത കുറക്കാനായി ജ്യൂസ് പോലുള്ള ലഘുഭക്ഷണങ്ങൾ മാത്രമാണ് യാത്രക്കുമുമ്പ് നൽകുക. ഛർദി പ്രതീക്ഷിക്കുന്നവർക്ക് ചില മരുന്നുകൾ മുൻകൂട്ടി നൽകുകയും ചെയ്യും. സ്പേസ് സ്യൂട്ടിലുള്ള സിബ്ബുള്ള ഒരു ബാഗിലേക്കാണ് ഛർദിക്കുക.
പരിശീലന വിശേഷങ്ങൾ
പരിശീലനസമയത്ത് എല്ലാവരും പ്രത്യേകയിനം സ്പേസ് സ്യൂട്ട് ധരിച്ചിരിക്കും. ശരീരത്തിൽനിന്നും ഷൂ, വാച്ച്, പേന തുടങ്ങിയ അപകടമുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളെല്ലാം അഴിച്ചുമാറ്റും. വിമാനം പറന്നുയരുമ്പോൾ എല്ലാവരും സാധാരണ വിമാനത്തെപ്പോലെ സ്വന്തം സീറ്റുകളിലിരിക്കും. മുകളിലെത്തിയാൽ വിമാനത്തിെൻറ മുൻഭാഗത്തുള്ള ഫോം വിരിച്ച തറയിൽ മലർന്നു കിടക്കും. വീഴ്ചക്കുള്ള മുന്നറിയിപ്പെന്ന നിലയിൽ സൈറൺ മുഴങ്ങും. പിന്നീട് അതിഭീകരമായ വീഴ്ചയാണ്. ഈ വീഴ്ചക്കിടയിൽ തറയിൽ കിടക്കുന്നവർ പതുക്കെ ഉയർന്നുതുടങ്ങും. ഒരു അപ്പൂപ്പൻതാടിപോലെ പറക്കാൻ തുടങ്ങും. ഇതിനിടയിൽ പലരും തമ്മിൽ കൂട്ടിയിടിക്കും. എന്നാൽ, ഭാരമില്ലാത്തതിനാൽ വേദന അനുഭവപ്പെടില്ല.
വിമാനം വീണ്ടും ഉയരുമ്പോൾ നഷ്ടപ്പെട്ട ഭാരം തിരിച്ചുകിട്ടും. ഈ സമയം സഞ്ചാരികൾ വിമാനത്തിനകത്തെ വായുവിൽ മുകൾഭാഗത്താണെങ്കിൽ ചക്ക വെട്ടിയിട്ടപോലെ താഴെ വീഴും. ഈ അപകടം ഒഴിവാക്കാനായി ഒരു വീഴ്ചക്കുശേഷം വിമാനം ഉയരുന്നതിനുമുമ്പേ വീണ്ടും സൈറൺ മുഴങ്ങും. അപ്പോൾ സഞ്ചാരികൾ താഴേക്ക് ഊളിയിട്ട് ചെന്ന് തറയിൽ പറ്റിച്ചേർന്ന് കിടക്കണം. മുകളിലെത്തിയാൽ അറിയിപ്പിനുശേഷം അടുത്ത വീഴ്ച ആരംഭിക്കുകയായി. ഓരോ വീഴ്ചയിലും സഞ്ചാരികൾ ആവേശത്തോടെ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തും. ചിലർ വെള്ളത്തിലെന്നപോലെ വിമാനത്തിലെ വായുവിൽ നീന്തിനടക്കും. ചിലർ കരണംമറിയും. ഒരു പരിശീലനയാത്രയിൽ വിമാനം നിരവധി തവണ ഇതുപോലെ കൂപ്പുകുത്തി വീഴും. ഇതിനിടയിലാണ് സഞ്ചാരികൾ സീ റോ ഗ്രാവിറ്റി പരിശീലനം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.