അറിഞ്ഞിരിക്കണം ഇൗ ലൈഫ് സ്കില്ലുകൾ
text_fieldsലൈഫ് സ്കിൽസ് അല്ലെങ്കിൽ ജീവിത നൈപുണികൾ എന്നു കേട്ടിട്ടുണ്ടോ? കുട്ടിക്കാലം മുതൽതന്നെ നമ്മൾ അഭിമുഖീകരിക്കുന്ന ജീവിതയാഥാർഥ്യങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്ന അറിവും ശേഷികളുമാണ് ഇവ. മികച്ച ജീവിതം നയിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഫലവത്തായ ആശയവിനിമയത്തിനും സ്വയം കാര്യങ്ങൾ നടത്തുന്നതിനും എല്ലാം നിങ്ങളെ സഹായിക്കുന്നവയാണ് ഇവ. നിത്യജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള കരുത്ത് നേടാൻ ചെറുപ്രായത്തിൽതന്നെ നിരവധി ലൈഫ് സ്കില്ലുകൾ നേടേണ്ടതുണ്ട്. ആരോഗ്യകരമായ പെരുമാറ്റവും ശീലങ്ങളും അപകടങ്ങൾക്കെതിരെയുള്ള പെരുമാറ്റ പ്രതിരോധ ഔഷധങ്ങൾകൂടിയാണ് ഇവ.
ലോകാരോഗ്യ സംഘടന (WHO) തന്നെ ലോകത്താകമാനമുള്ള കുട്ടികൾ നിർബന്ധമായും കൈവരിച്ചിരിക്കേണ്ടത് എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയ 10 ലൈഫ് സ്കില്ലുകൾ പരിചയപ്പെടാം.
1. നിങ്ങളുടെ തീരുമാനമാണ് നിങ്ങൾ -Decision Making Skill
ഒരു ദിവസം നിങ്ങൾ എത്ര തീരുമാനങ്ങളെടുക്കാറുണ്ട്? രാവിലെ മുതൽ രാത്രി ഉറങ്ങുന്നതുവരെ നൂറുകണക്കിന് തീരുമാനങ്ങൾ എടുക്കാറുണ്ട് അല്ലേ? എന്തു ഭക്ഷണം കഴിക്കണം എന്നതു മുതൽ ഏതു കോഴ്സിന് ചേരണമെന്നതുവരെ. ജീവിതത്തിൽ ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും ഉചിതമായ തീരുമാനം എടുക്കുകയും ഉത്തരവാദിത്തബോധത്തോടെ അത് നടപ്പാക്കുകയും വേണം. നിങ്ങളുടെ തീരുമാനമാണ് നിങ്ങൾ എന്നത് മറക്കരുത്. തീരുമാനങ്ങൾ തെറ്റിയാൽ ജീവിതവും തെറ്റും. സാഹചര്യങ്ങൾക്കനുസരിച്ച് ഒരു തീരുമാനം എടുത്താൽ അതിെൻറ ഫലങ്ങൾ എന്തൊക്കെയാവും എന്ന ബോധം ആദ്യമേ ഉണ്ടാവണം. അതിെൻറ നല്ല വശവും ചീത്ത വശവും വിശകലനം ചെയ്യണം. തീരുമാനമെടുത്താൽ പോരാ അത് നടപ്പാക്കുകയും വേണം.
2. പ്രശ്നങ്ങളുണ്ടോ? പരിഹാരവുമുണ്ട് -Problem Solving Skill
പ്രശ്നങ്ങളില്ലാത്ത ആളുകളില്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർവരെ ദിനേന നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കാറുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്ന ബോധം നമ്മുടെ മനസ്സിനെ പറഞ്ഞുപഠിപ്പിക്കുകയാണ് ആദ്യം വേണ്ടത്. പ്രശ്നം പ്രശ്നം എന്ന് പറഞ്ഞിരിക്കാതെ അതിെൻറ പരിഹാരത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. സ്വന്തമായി പരിഹരിക്കാൻ കഴിയാത്തവ കൂട്ടുകാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി പങ്കുവെക്കാനും മറക്കരുത്.
3. വിമർശനാത്മക ചിന്ത വളർത്താം -Critical Thinking
എന്തു കാണുമ്പോഴും അതെന്താ അങ്ങനെ എന്ന് ചോദിക്കാൻ തോന്നാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇൗ ശേഷിയുണ്ട്. പ്രശ്നങ്ങളും വസ്തുതകളും കാര്യകാരണ സഹിതം തിരിച്ചറിഞ്ഞ് വസ്തുനിഷ്ഠമായ വിശകലനത്തിനുള്ള കഴിവ് ആർജിക്കലാണ് വിമർശനാത്മക ചിന്ത എന്നതുകൊണ്ട് അർഥമാക്കുന്നത്. എന്തു തിരഞ്ഞെടുക്കുമ്പോഴും ഗുണദോഷങ്ങൾ, സാധ്യതകൾ എന്നിവ പരിഗണിക്കണം.
4. സർഗാത്മക ചിന്താശേഷി -Creative Thinking
ഓരോരുത്തരുടെയും ചിന്തകളാണ് അവരവരുടെ ജീവിതത്തിന് വർണങ്ങൾ പകരുന്നത്. ഒരു കഥ പറയാം. പ്രശസ്ത സംഗീതജ്ഞൻ സുബിൻ മെഹ്തയുടെ ഓർക്കസ്ട്ര നടക്കുന്നു. അത് ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ അദ്ദേഹം കഴുത്തിലണിഞ്ഞ മാലയിൽനിന്നും പനിനീർപൂക്കൾ കാൽക്കൽ ചിതറിവീണുകൊണ്ടിരുന്നു. കാണികളിൽ ഒരാൾ ഭാര്യയോട് പറഞ്ഞു: ''ഗാനമേള കഴിയുമ്പോൾ അയാളുടെ കഴുത്തിൽ ഒരു ചരട് മാത്രമേ കാണൂ.'' ഭാര്യയുടെ മറുപടി ഇതായിരുന്നു: ''ആയിരിക്കാം, പക്ഷേ അപ്പോൾ അദ്ദേഹം റോസാദളങ്ങളുടെ ഒരു മെത്തയിൽ ആയിരിക്കുമല്ലോ?'' നിങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ച് സർഗാത്മകമായി ചിന്തിച്ചാൽ ജീവിതത്തിൽ പല മേഖലയിലുമെത്താം. സാധ്യതകളുടെ ഒരു കലയാണ് ജീവിതം.
5. അവനവനെ അറിയാം -Self Awareness
നമ്മൾ ഓരോരുത്തരും വ്യത്യസ്ത കഴിവുകളുമായാണ് ജനിച്ചിരിക്കുന്നത്. നമ്മുടെ ശക്തിയും ദൗർബല്യവും ആദ്യം അറിയേണ്ടത് നാം തന്നെയാണ്. ഓരോ മനുഷ്യരുടെയും ശരീരവും മനസ്സും അസാമാന്യമായ കഴിവുകൾകൊണ്ട് സമ്പന്നമാണ്. അത് കണ്ടെത്തി ഉപയോഗിക്കുമ്പോഴാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നത്. നിങ്ങളിലുള്ള കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കണം. അതോടൊപ്പം പരിമിതികൾ തിരിച്ചറിയുകയും വേണം.
6. അന്യെൻറ സ്വരം സംഗീതംപോലെ -Empathy
അവനവനെ അറിയുന്നതുപോലെ പ്രധാനമാണ് മറ്റുള്ളവരെ അറിയുക എന്നതും. മറ്റുള്ളവരുടെ സുഖദുഃഖങ്ങൾ സ്വന്തം അനുഭവങ്ങളായി കാണണം. നമുക്ക് പലപ്പോഴും മറ്റുള്ളവരോട് അനുകമ്പ (Simpathy) ആണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് അപരനും നമുക്കും ഒരു ഗുണവുമില്ല. എന്നാൽ, അവെൻറ സ്ഥാനത്ത് ഞാനാണെങ്കിൽ എന്ന് മനസ്സിൽ കണ്ട് പ്രവർത്തിക്കുക വഴി എല്ലാവർക്കും നന്മയുണ്ടാകും. മറ്റുള്ളവരുടെ ദുഃഖം നിങ്ങളുടെ ദുഃഖം ആക്കി മാറ്റി അവരെ സഹായിച്ചുനോക്കൂ. മാറ്റം തൊട്ടറിയാം.
7. നന്നായി സംസാരിക്കാം -Effective Communication
പറയാനുള്ളത് മുഴുവനും പറഞ്ഞില്ലല്ലോ, പറഞ്ഞതൊന്നും ശരിയായുമില്ല എന്നൊക്കെ സിനിമയിലെ കഥാപാത്രങ്ങൾ പറയുന്നത് കേൾക്കാറില്ലേ? മനസ്സിൽ വിചാരിച്ച ആശയം മറ്റുള്ളവരോട് പറയുന്നത് ശരിയാവുന്നില്ലെന്ന് തോന്നാറുണ്ട് പലപ്പോഴും.
ആശയവിനിമയത്തിൽ വരുന്ന പോരായ്മകൾ നമ്മുടെ ജീവിതവിജയത്തെ മോശമായി ബാധിക്കും. നമ്മൾ ഉദ്ദേശിച്ചത് ഒന്ന് സുഹൃത്ത് മനസ്സിലാക്കിയത് വേറൊന്ന് എന്നൊക്കെ പറയാറില്ലേ? നല്ല ആശയവിനിമയശേഷി ആർജിച്ചാൽ ബന്ധങ്ങൾ ദൃഢമാകും. വാക്കുകൾ മാത്രമല്ല നിങ്ങളുടെ ശരീരഭാഷയും ഇവിടെ ഏറെ പ്രസക്തമാണ്. ആദ്യം നല്ല കേൾവിക്കാരനാവണം.
8. ബന്ധങ്ങളുറപ്പിക്കാം -Interpersonal Relationship
ചിലരെ കണ്ടിട്ടില്ലേ. എവിടെയെത്തിയാലും കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ചങ്ങാതിമാരെ ഉണ്ടാക്കുന്നവരെ? നിങ്ങൾക്കും ആഗ്രഹമില്ലേ ഇങ്ങനെ ഒരുകൂട്ടം ചങ്ങാതിമാരുടെ ഇഷ്ടം കീശയിലാക്കാൻ? എങ്കിൽ നിങ്ങൾ എങ്ങനെ നല്ല ബന്ധങ്ങൾ ഉണ്ടാക്കാം എന്ന് മനസ്സിലാക്കണം. ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാക്കിയാൽ അത് ഒരാളുടെ ജീവിതത്തിന് വലിയ മുതൽക്കൂട്ടാണ്. മറ്റൊരാളുടെ വികാരങ്ങളും ചിന്തകളും പങ്കുവെക്കുന്നവരാണ് നല്ല സുഹൃത്ത്.
9. വികാരങ്ങളെ മെരുക്കാം -Coping with Emotions
അമ്മ വിളമ്പിത്തന്ന ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അത് ഹോട്ടലിലാണെങ്കിലോ? ദേഷ്യവും സങ്കടവുമൊക്കെ പലപ്പോഴും പൊട്ടിത്തെറിക്ക് വഴിമാറില്ലേ? പിന്നീട് അതൊക്കെ തെറ്റായി പോയെന്നും തോന്നാറുണ്ട്, അല്ലേ? വികാരങ്ങൾ മനുഷ്യസഹജമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അത് നമുക്ക് നിയന്ത്രിക്കാൻ കഴിയാതെ വരാറുണ്ട്. ഈ ശീലം പല മാനസിക സംഘർഷത്തിലേക്കും ബന്ധങ്ങളുടെ ഉലച്ചിലിലും എത്തിക്കുന്നു. മനസ്സിൽ മായാത്ത ക്ഷതങ്ങൾ ഉണ്ടാകുന്നു. ഇത്തരം വികാരപ്രകടനങ്ങളെ നിയന്ത്രിക്കാൻ നാം വിവേകപൂർവം ചിന്തിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് വികാരങ്ങളെ നിയന്ത്രിക്കാനും അതിനെ മെരുക്കാനും ശീലിക്കണം.
10. പിരിമുറുക്കത്തോട് ഗുഡ്ബൈ -Coping with Stress
പരീക്ഷ അടുത്തെത്തുമ്പോൾ പല കുട്ടികൾക്കും പിരിമുറുക്കം അനുഭവപ്പെടാറില്ലേ? അധ്യാപകർ ചോദ്യം ചോദിക്കുമ്പോൾ ചിലർക്കെങ്കിലും വിയർക്കാറും ഹൃദയമിടിപ്പ് കൂടാറുമില്ലേ? നമുക്ക് ഇഷ്ടമില്ലാത്ത സാഹചര്യത്തിൽ എത്തിയാൽ നമ്മൾ മാനസിക സംഘർഷത്തിൽ എത്താറുമുണ്ട്. ജീവിതത്തിൽ പിരിമുറുക്കം ഇല്ലാത്ത ആളുകൾ ഉണ്ടാവില്ലതന്നെ. എന്നാൽ, ഇതെങ്ങനെ മറികടക്കാമെന്നുള്ള പാഠങ്ങളാണ് നാം പഠിക്കേണ്ടത്. സംഗീതം, ധ്യാനം, വിശ്രമം, വ്യായാമം, പൂന്തോട്ടനിർമാണം, സിനിമ കാണൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടാൽ പിരിമുറുക്കത്തിൽനിന്ന് രക്ഷപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.