മേളയൊരുക്കം
text_fieldsകോവിഡിനെ തുടർന്ന് നിർത്തിവെച്ച സ്കൂൾ മേളകൾക്ക് മൂന്നു വർഷത്തെ ഇടവേളക്കുശേഷം വിദ്യാലയങ്ങളിൽ അരങ്ങൊരുകയാണ്. ഒക്ടോബർ മാസത്തിൽ സ്കൂൾതലത്തിലുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ, കായികമേള, കലോത്സവം എന്നിവ പൂർത്തിയാകും. നവംബർ, ഡിസംബർ മാസത്തോടെ ഉപജില്ല, ജില്ല, സംസ്ഥാനമേളകൾ നടക്കും.
ആദ്യം ശാസ്ത്രോത്സവം
മേളകളിൽ കേരള സ്കൂൾ ശാസ്ത്രോത്സവമാണ് ആദ്യം നടക്കുന്നത്. 2019ൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചതിന്റെ മാതൃകയിൽതന്നെ ഈ വർഷവും ശാസ്ത്രമേള നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2009ൽ പരിഷ്കരിച്ച മാന്വലിൽ ചില ക്രമീകരണങ്ങൾ വരുത്തിയാണ് 2019ൽ ശാസ്ത്രോത്സവം നടത്തിയത്.
മേളയുടെ ലക്ഷ്യം
വിദ്യാർഥികളിൽ വൈജ്ഞാനികവും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി അഭിരുചിയും ഗവേഷണതാൽപര്യവും വളർത്തുക.
പഠനത്തിലൂടെ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന് പ്രയോജനപ്പെടുംവിധം വളർത്തിയെടുക്കുക.
കുട്ടികളിലെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കുകയും ഒപ്പം ഇതരമേഖലകളിൽ പ്രായോഗികവൈദഗ്ധ്യം നേടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക.
പുതിയ മാറ്റങ്ങൾ
പഴയ മാന്വലിൽനിന്ന് പൊതുവിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ വർഷം ശാസ്ത്രോത്സവം നടത്തുക. മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ശാസ്ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റച്ചട്ടത്തിന് വിധേയമായിരിക്കും.
എൽ.പി, യു.പി വിഭാഗം മത്സരങ്ങൾ ഉപജില്ലതലത്തിൽ അവസാനിക്കും.
ഉപജില്ല/ജില്ലതലത്തിൽ എ ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർഥികൾക്ക് അടുത്തതലങ്ങളിൽ (ജില്ല/സംസ്ഥാനതല മത്സരത്തിൽ) പങ്കെടുക്കാം.
ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലെ മാറ്റങ്ങൾ
80% - 100% : A Grade
70% - 79% : B Grade
60% - 69% : C Grade
പുതിയ മാന്വൽ പ്രകാരം 60 ശതമാനത്തിൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല.
ശാസ്ത്രോത്സവത്തിൽ ഏതു മേഖലയിലായാലും ഒരു വിദ്യാർഥിക്ക് ഒരിനത്തിൽ മാത്രമേ പങ്കെടുക്കാൻ അവസരമുള്ളൂ.
ഇതു കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.
ലഘു കുറിപ്പ് വേണം
സംസ്ഥാനമേളയിൽ കുട്ടികൾ അവരുടെ ഇനത്തെക്കുറിച്ച് മത്സരസമയത്ത് ലഘു കുറിപ്പ് തയാറാക്കി നൽകണം. ഈ വിവരണത്തോടൊപ്പം ഫോട്ടോകളും ഉൾപ്പെടുത്താം.
അപ്പീൽ കമ്മിറ്റിക്കായി പുതിയ മാന്വലിൽ ഒരു അധ്യായം തന്നെയുണ്ട്. അപ്പീൽ ഫീസും വർധിപ്പിച്ചിട്ടുണ്ട്.
ശാസ്‍ത്രമേളയിലെ മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല. എങ്കിലും അവയുടെ മൂല്യനിർണയ ഉപാധികളിൽ ചെറിയ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
മാറ്റങ്ങൾ ഇങ്ങനെ
1. ഗണിതശാസ്‍ത്രമേളയിൽ എൽ.പി വിഭാഗത്തിൽ നമ്പർ ചാർട്ട് എന്ന മത്സര ഇനം കൂടുതലായി ഉൾപ്പെടുത്തി
2. യു.പി വിഭാഗത്തിൽ ഗെയിം കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്.
3. എൽ.പി ഒഴികെയുള്ള വിഭാഗങ്ങളിൽ Talent Search Examination എന്ന മത്സര ഇനം പുതുതായി ഉൾപ്പെടുത്തി.
4. സാമൂഹ്യശാസ്‍ത്ര മേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികൾ അടങ്ങിയ ടീമിന് പകരം ഒരു കുട്ടി എന്നതാണ് പുതിയ മാറ്റം.
5. പ്രവൃത്തിപരിചയ മേളയിൽ തത്സമയ നിർമാണ മത്സരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ മാറ്റമൊന്നുമില്ല.
6. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പച്ചക്കറി-പഴവർഗ സംസ്കരണം എന്ന മത്സര ഇനവും ചെലവുചുരുങ്ങിയ പോഷകാഹാര വിഭവങ്ങൾ എന്ന മത്സര ഇനവും ചേർത്ത് ഒറ്റമത്സര ഇനമാക്കി മാറ്റി.
അവതരണത്തിൽ വരുത്തിയ മാറ്റങ്ങൾ
അവതരണത്തിലും എണ്ണത്തിലും അളവിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പാവകളിക്കുള്ള പാവനിർമാണം എന്നതിൽ എൽ.പി വിഭാഗത്തിൽ രണ്ട് കൈയുറപ്പാവകൾ മതി.
യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് കൈയുറപ്പാവയും നൂൽപാവയും വേണം.
സ്റ്റേജില്ലാതെ അവതരിപ്പിച്ച് കാണിക്കണം.
വെജിറ്റബിൾ പ്രിന്റിങ് എന്നതിൽ എൽ.പി വിഭാഗത്തിന് ഒരു പില്ലോ കവറും ഒരു ടേബിൾ ക്ലോത്തും വേണം.
യു.പി വിഭാഗത്തിന് രണ്ട് പില്ലോ കവറും ഒരു സിംഗിൾ ബെഡ്ഷീറ്റും വേണം.
സ്കൂൾ വിഭാഗത്തിന് ഒരു സാരിയും ഒരു സിംഗിൾ ബെഡ്ഷീറ്റും വേണം.
ഹയർ സെക്കൻഡറി വിഭാഗത്തിന് ഒരു സാരിയും ഒരു സിംഗിൾ ബെഡ്ഷീറ്റും ഒരു പില്ലോ കവറും വേണം.
ഐ.ടി മേള മാന്വലിലേക്ക്
ഐ.ടി മേള ആദ്യമായി മാന്വലിന്റെ ഭാഗമാകുന്നുവെന്ന പുതുമയുണ്ട് ഇക്കുറി ശാസ്ത്രോത്സവത്തിന്. എങ്കിലും മുൻകാല ഐ.ടി മേളയുമായി താരതമ്യപ്പെടുത്തുമ്പോൾ യു.പി വിഭാഗം മത്സര ഇനങ്ങളിൽ മാറ്റമില്ല.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്‍ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മൾട്ടി മീഡിയ പ്രസന്റേഷന്‍ എന്നത് രചനയും അവതരണവും (പ്രസന്റേഷൻ) എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മലയാളം ടൈപിങ് എന്നത് മലയാളം ടൈപിങ്ങും രൂപകൽപനയും എന്നും മാറ്റിയിട്ടുണ്ട്.
ഐ.ടി പ്രോജക്ട് മത്സരം ഒഴിവാക്കി
കേരള സ്കൂൾ ശാസ്ത്രോത്സവം
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ - ഐ.ടി മേളകൾ എല്ലാം ഒന്നിച്ച് ഒരു മാന്വലിന്റെ കീഴിൽ, കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിലാണ് അറിയപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.