കിളിയും കിളിക്കൂടും
text_fields‘ആറുനാട്ടിൽ നൂറുഭാഷ’ എന്നൊരു പ്രയോഗമുണ്ട്. കേരളത്തെ സംബന്ധിച്ച് അത് ഏറെ ശരിയാണ്. കേരളത്തിൽ പ്രദേശമനുസരിച്ച് വാക്കിനും പ്രയോഗത്തിനും അർഥം മാറുന്നുണ്ട്. അതോടൊപ്പം ഭാഷയിലേക്ക് പുതിയ പദങ്ങൾ കടന്നുവരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
ഭാഷയിലെ ന്യൂജനറേഷൻ പദങ്ങൾ
പ്രസിദ്ധമായ ഒരു കമ്പനിയുടെ ബിസിനസ് എക്സിക്യൂട്ടിവ് ആണ് അപ്പു. എല്ലാദിവസവും ‘ഡെയിലി റിപ്പോർട്ട്’ കമ്പനിക്ക് അയച്ചുകൊടുക്കണം. രാത്രി മണിക്കൂറുകൾ ഇരുന്ന് ലാപ്ടോപ്പിൽ റിപ്പോർട്ട് ടൈപ്പ് ചെയ്ത് ഭ്രാന്തെടുത്തിരിക്കുമ്പോഴാണ് അമ്മയുടെ ഫോൺവിളി. തിരക്കായതിനാൽ അപ്പു ഫോൺ എടുത്തില്ല. അമ്മ തുടരെത്തുടരെ വിളിതന്നെ. അമ്മയല്ലേ ഫോൺ എടുത്തുകളയാമെന്ന് കരുതി. ഫോൺ എടുത്തപ്പോഴോ, അമ്മ പരാതിയോട് പരാതി തന്നെ.
‘അമ്മേ ഞാൻ പിന്നെ വിളിക്കാം.നല്ല തിരക്കിലാ’ എന്ന് പറഞ്ഞിട്ടും പരിഭവം തീരാതെ അമ്മ വർത്തമാനം തുടർന്നപ്പോൾ ഒരൽപം ദേഷ്യത്തിൽ ക്ഷമകെട്ട് അപ്പു പറഞ്ഞു.
‘അമ്മേ ഞാനിവിടെ കിളിയും പോയി കിളിക്കൂടും പോയി അപ്പൂപ്പൻതാടിയായിട്ടിരിക്കുവാ. നാളെ വിളിക്കാം’
മറുതലക്കൽ നിശ്ശബ്ദം. മകന്റെ കിളി പോയതും കിളിക്കൂട് പോയതും ഒന്നുമറിയാതെ അമ്മ ഫോൺ വെച്ചു. ഇവിടെ കിളി, കിളിക്കൂട്, അപ്പൂപ്പൻതാടി എന്നീ പദങ്ങൾക്ക് അർഥതലത്തിൽ ഒരു ബന്ധവുമില്ല. എന്നാൽ, ആ പദം സാഹചര്യത്തിന് അനുസരിച്ച് ധ്വനിപ്പിക്കുന്ന അർഥവ്യാപ്തിക്കാണ് ഏറെ പ്രാധാന്യം.
അതായത് കിളി എന്ന പദത്തിന് പറവ എന്ന പദ അർഥം നഷ്ടപ്പെട്ട് സ്വബോധം എന്ന അർഥത്തിലേക്ക് മാറുന്നു. കിളിക്കൂട്, അപ്പൂപ്പൻ താടി എന്നീ പദങ്ങളും തനത് അർഥതലം വിട്ട് സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തടുത്തിരിക്കുന്ന അവസ്ഥയിലാണ് എന്ന അർഥത്തെ കൊടുക്കുന്നു. കടുത്ത മാനസിക സമ്മർദത്തിലാണ് എന്ന ആശയത്തെ സൂചിപ്പിക്കാൻ വാച്ച്യാർഥത്തിൽ യാതൊരു ബന്ധവുമില്ലാത്ത പദങ്ങൾ കൊണ്ടാണ് സാധിച്ചത്. ആശയ ആവിഷ്കരണത്തിൽ ഭാഷ പലപ്പോഴും അപൂർണമാണ്. പുതിയ ഭാഷാപ്രയോഗങ്ങൾ ഉടലെടുക്കുന്നത് ഇങ്ങനെയാണ്. കാലാനുസൃതമായി ഭാഷക്ക് ഉണ്ടാകുന്ന മാറ്റമാണിത്. ഇതേ സാഹചര്യം കുറച്ചുകാലങ്ങൾക്ക് മുമ്പാണെങ്കിൽ ‘അമ്മേ ഞാൻ ഭ്രാന്ത് പിടിച്ച അവസ്ഥയിലാ’, ‘എനിക്കാകെ വട്ടായിരിക്കുകയാണേ’, ‘ഞാനാകെ പിരി പോയിരിക്കുകയാണേ’, ‘എന്റെ കിളി പോയിരിക്കുകയാണേ’, എന്നിങ്ങനെയൊക്കെ ആയിരുന്നേനെ. ഈ പ്രയോഗങ്ങൾ കൊണ്ടും പ്രകടിപ്പിക്കാൻ പറ്റുന്നതിനപ്പുറത്താണ് തന്റെ മാനസിക സമ്മർദം എന്ന് ബോധ്യപ്പെടുത്താനാണ് ഇവിടെ കിളി മാത്രമല്ല കിളിക്കൂടും പോയി അപ്പൂപ്പൻ താടിയായി പറന്നുനടക്കുന്ന അവസ്ഥയിലാണ് താൻ എന്ന് വ്യക്തമാക്കേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.