Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
poet K. Satchidanandan memories of school life
cancel
Homechevron_rightVelichamchevron_rightStudents Cornerchevron_rightഎന്നെ ഞാനാക്കിയ...

എന്നെ ഞാനാക്കിയ സ്കൂൾകാലം

text_fields
bookmark_border
മലയാളത്തിനും ലോക ഭാഷകൾക്കും ഇടയിലെ പാലമാണ് കവി സച്ചിദാനന്ദൻ. കവിതയുടെ അകമ്പടിയോടെ മലയാള ഭാഷയെ ലോകത്തിന് പരിചയപ്പെടുത്തിയ, പാബ്ലോ നെരൂദ, ഡെറക് വാൽക്കോട്ട് തുടങ്ങി നിരവധി കവികളുടെ സൃഷ്ടികളെ മലയാളികൾക്ക് മൊഴിമാറ്റി വിവിധ മനുഷ്യരെയും സംസ്കാരങ്ങളെയും നാടിനെയും വിളക്കിച്ചേർത്ത ഉലയാത്ത പാലം. സാഹിത്യ അക്കാദമി അധ്യക്ഷന്റെ ഉത്തരവാദിത്തം കൂടിയുള്ള സച്ചിദാനന്ദൻ മാധ്യമം 'വെളിച്ച'ത്തിന് വേണ്ടി സ്കൂൾകാലത്തെ ഓർത്തെടുക്കുന്നു. ആ കാലത്തെ അധ്യാപകരും സഹപാഠികളും നാടും പ്രകൃതിയും എല്ലാം ഓർമയിൽനിന്ന് കവിതപോലെ വാക്കുകളായി ഒഴുകുന്നു...

സ്കൂളോർമയിലെ 'സഹപാഠികൾ'

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ പൂല്ലൂറ്റ് എന്ന നാട്ടിൻപുറത്താണ് എന്റെ ജനനം. പുല്ലൂറ്റിലെ ഗവ. ലോവർ പ്രൈമറി സ്കൂളിലും അവിടെതന്നെയുള്ള ഒരു മാനേജ്മെന്റ് അപ്പർ പ്രൈമറി സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. അഞ്ചുവയസ്സ് തികയാറാകുമ്പോഴാണ് ഒന്നാം ക്ലാസിൽ ചേരുന്നത്. ചുമരുകളൊന്നും ഇല്ലാതെ പട്ടികകൾകൊണ്ട് മറച്ച സാധാരണ സ്കൂളായിരുന്നു അതെല്ലാം. ആ കാലം എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമകളുള്ളതാണ്. വാസു, അബ്ദുൽഖാദർ, ജാനകി തുടങ്ങി ഒരുപിടി നല്ല സുഹൃത്തുക്കൾ, കവിതയിലും മലയാള ഭാഷയിലും താൽപര്യം ജനിപ്പിച്ച മാരാർ മാഷ്, ഇഷ്ടമില്ലാതിരുന്നിട്ടും കണക്കിനോട് ഇണക്കിച്ചേർത്ത പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ സുബ്രഹ്മണ്യൻ മാഷ്, അലിക്കുഞ്ഞ് മാഷ്... അങ്ങനെ ഓർമയിൽ മായാത്ത പേരുകൾ അനവധി. 'സഹപാഠികൾ' എന്ന കവിത ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട് ഞാൻ. കുറച്ചു വയലുകളുള്ള ഒരു കാർഷിക കുടുംബമായിരുന്നു എന്റേത്. ഞാനന്ന് പഠനത്തോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുകയും നോക്കി നടത്തുകയും ചെയ്തിരുന്നു.


വായനലോകത്തേക്ക്

പുല്ലൂറ്റ് അക്കാലത്ത് ഒരു തനി നാട്ടിൻപുറം എന്നു പറയാവുന്ന സ്ഥലമായിരുന്നു. കുഞ്ഞ് കടകളും ചായക്കടകളുമൊക്കെയുള്ള നാട്. അന്ന് രണ്ട് ലൈബ്രറികൾ അവിടെ ഉണ്ടായിരുന്നു. അതിൽ 'കലാകുസുമം' എന്നുപേരുള്ള ലൈബ്രറി വീടിന് അടുത്തു തന്നെയായിരുന്നു. പല വീടുകളിൽനിന്ന് സൗജന്യമായി നൽകിയിരുന്ന പുസ്തകശേഖരമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മറ്റൊന്ന് 'ആശാൻ സ്മാരക ലൈബ്രറി' ആണ്. ഇത് കുസുമം വായനശാലയേക്കാൾ കുറെക്കൂടി വലുതാണ്. ഇവിടങ്ങളിൽ പോയിട്ടാണ് ഞാൻ വാരികകളൊക്കെ വായിച്ചു തുടങ്ങിയത്.

മാതൃഭൂമി, മദിരാശിയിൽനിന്ന് വന്നിരുന്ന ജയകേരളം, ജനയുഗം, നവയുഗം തുടങ്ങിയവയാണ് പ്രധാനമായുണ്ടായിരുന്ന ആനുകാലികങ്ങൾ. ഉറൂബിന്റെ 'ഉമ്മാച്ചു'വും ബഷീറിന്റെയും പൊറ്റേക്കാട്ടിന്റെയും കഥകളുമെല്ലാം ഇവിടെ നിന്നാണ് വായിച്ചത്. പുറമെ ബംഗാളിയിൽനിന്നും ഹിന്ദിയിൽനിന്നുമൊക്കെയുള്ള നോവലുകളുടെ പരിഭാഷയുമൊക്കെ വരാറുണ്ടായിരുന്നു. താരാശങ്കർ ബാനർജി, ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്, യശ്പാൽ, ജൈനേന്ദ്രകുമാർ ഇവരുടെയെല്ലാം എഴുത്തുകൾ കാണുന്നത് ഈ ലൈബ്രറികളിൽനിന്നാണ്. ഇതിൽ യശ്പാലിന്റെ 'നിറം പിടിപ്പിച്ച നുണകൾ' എന്ന നോവൽ ഇന്ത്യ വിഭജന കാലത്ത് മനുഷ്യർ അനുഭവിച്ച ദുരിതങ്ങളാണ് പറയുന്നതാണ്. മനസ്സിലെ വല്ലാതെ അലട്ടിയ രംഗങ്ങളാണ് അതിലുള്ളത്. കിഷൻ ചന്ദറിന്റെ 'നാം കാടന്മാരാണ്' എന്ന നോവലും വിഭജന നോവാണ് പറയുന്നത്. വിഭജനമുണ്ടാക്കിയ മുറിവുകൾ കുട്ടിക്കാലം മുതൽക്കേ എന്റെ മനസ്സിൽ കിടപ്പുണ്ട്. വർഗീയതക്കെതിരെ ഞാൻ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നതിനുള്ള പ്രധാന കാരണം ഈ ബിംബങ്ങളും ചിത്രങ്ങളും വേദനകളും ക്രൂരതകളുമെല്ലാം മനസ്സിൽ നീറി കിടപ്പുള്ളതുകൊണ്ടാണ്. അന്ന് വായനശാല പ്രസ്ഥാനത്തിന്റെ കാലമാണ്. 'ആശാൻ സ്മാരക ലൈബ്രറി' അന്ന് നടത്തിയിരുന്നത് വി.കെ. രാജൻ എന്ന ആളായിരുന്നു. ഈ ജോലിക്ക് ശമ്പളമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ഈ രാജൻ പിന്നീട് കൊടുങ്ങല്ലൂരിൽനിന്ന് സി.പി.ഐയുടെ എം.എൽ.എയും പിന്നീട് മന്ത്രിയുമായി. ചുരുക്കി പറഞ്ഞാൽ ഈ വായനശാലകളാണ് എനിക്ക് ഭാവനാലോകം തുറന്നു തന്നത്.

എഴുത്തിലേക്ക്

അപ്പർ പ്രൈമറി സ്കൂൾ കാലത്താണ് ഞാൻ കവിതകൾ എഴുതാൻ തുടങ്ങുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ കവിത സ്കൂൾ മാസികയിൽ പ്രസിദ്ധീകരിച്ചു. ഈ കാലഘട്ടത്തിൽ എനിക്ക് ഏറ്റവും ഓർമയുള്ള അധ്യാപകനാണ് നീലകണ്ഠദാസ്. അദ്ദേഹം ടി.എൻ. ജോയിയുടെ അച്ഛനായിരുന്നു. മാഷിന് മലയാള ഭാഷയിൽ വളരെ പാണ്ഡിത്യമുള്ളയാളായിരുന്നു. അദ്ദേഹമാണ് കവിതയിലേക്ക് എന്നെ കൈപിടിക്കുന്നത്. വൃത്തത്തെ കുറിച്ചൊക്കെയുള്ള ബോധം എന്നിലുണ്ടാക്കുന്നതിൽ മാഷിന്റെ പങ്ക് വളരെ വലുതാണ്.

കൊടുങ്ങല്ലൂരിലെ ഗവ. ഹൈസ്കൂളിലായിരുന്നു എന്റെ വിദ്യാഭ്യാസത്തിലെ അടുത്ത ഘട്ടം. ഹൈസ്കൂളിലെത്തിയതോടെ കവിത എഴുത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ തുടങ്ങി. അതിന് കാരണക്കാരനായത് രാഘവൻ മാസ്റ്ററാണ്. അതോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽ എനിക്ക് താൽപര്യം വളർത്തിയതിൽ പ്രധാനി ബാലകൃഷ്ണൻ മാസ്റ്ററാണ്. അദ്ദേഹം നേരത്തെ പറഞ്ഞ ടി.എൻ. ജിയുടെ ജ്യേഷ്ഠനും നീലകണ്ഠദാസ് മാഷിന്റെ മൂത്ത മകനുമായിരുന്നു.

എന്നെ രൂപപ്പെടുത്തിയതിൽ സ്കൂൾ കാലഘട്ടത്തിന് മുഖ്യപങ്കുണ്ട്. ആ കാലത്ത് വായിച്ച പുസ്തകങ്ങളുടെയും പഠിപ്പിച്ച അധ്യാപകരുടെയും സ്വാധീനം പിൽകാലത്തും എന്റെ സാഹിത്യ ജീവിതത്തിന് ഊർജമായിട്ടുണ്ട്. കൂടാതെ ഈ സ്കൂളുകളിലൊക്കെ കൂടെ പഠിച്ചിരുന്നത് വളരെ സാധാരണക്കാരും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവരോടൊപ്പമുള്ള സൗഹൃദമാണ് എന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത്. വിശാലമായ അർഥത്തിൽ അതിനെ ഇടതുപക്ഷ മനസ്സ് എന്നു പറയാം. പിന്നീട് കോളജിലെത്തിയപ്പോൾ വായനയുടെ ലോകം വിശാലമായെങ്കിലും എല്ലാത്തിന്റെയും അടിത്തറ സ്കൂൾ കാലം തന്നെയായിരുന്നു.

മൊബൈലിലല്ല, കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് പഠിക്കട്ടെ

പല വിഭാഗത്തിലുംപെട്ട കുട്ടികളായ ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. പാടത്ത് നിറഞ്ഞു കിടക്കുന്ന തോടുകളെല്ലാം കടന്ന് നടന്നു വേണം സ്കൂളിലെത്താൻ. വീട്ടിലുണ്ടായിരുന്ന കിണറിൽ നീന്തൽ പഠിച്ചതിനാൽ വെള്ളം കാണുമ്പോൾ ഭ‍യപ്പെടാറില്ല. വഴിയിലെ മാവിലെ മാങ്ങയിൽ എറിഞ്ഞും പൂക്കളും പഴങ്ങളും കണ്ടും കഴിച്ചും പല വിധത്തിലുള്ള നെല്ലിനങ്ങൾ കണ്ടും അവയുടെ പേര് മനസ്സിലാക്കിയുമൊക്കെയായിരുന്നു സ്കൂളിലേക്കുള്ള യാത്ര. ആ അനുഭവങ്ങളെല്ലാം എന്റെ പല കവിതകളിലും ഞാനെഴുതിയിട്ടുണ്ട്.

കുട്ടിക്കാലത്തെ ആ കളികളുടെയും സൗഹൃദങ്ങളുടെയും പൂക്കളുടെയും ചെടികളുടെയും തോടിന്റെയും കായലിന്റെയും ആ ഗ്രാമീണ ബാല്യം കവി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തം സാമൂഹ്യ മൂല്യങ്ങളാണ് രണ്ട് വർഷങ്ങളായി കോവിഡ് കാരണം കുട്ടികൾക്ക് കിട്ടാതെ പോയത്. ഓൺലൈൻ പഠനത്തിന് അതിന്റേതായ ഗുണങ്ങളില്ല എന്ന് ഞാൻ പറയുന്നില്ല. യാന്ത്രികമായ അറിവുകൾ ലഭിക്കുെമങ്കിലും സമൂഹത്തിൽ ഒരു കുട്ടിയെ ജീവിക്കാൻ പഠിപ്പിക്കുന്നത് സ്കൂളുകളാണ്. പുതിയ കൂട്ടുകാരും അറിവുകളും സ്നേഹവും കൊടുക്കാനും വാങ്ങാനും പഠിക്കുന്നു, ചങ്ങാത്തം രൂപപ്പെടുന്നു. ഇതെല്ലാം സ്കൂളിന്റെ മാത്രം പ്രത്യേകതകളാണ്. ഇത്തവണ പ്രതിസന്ധിയൊന്നുമില്ലാതെ സ്കൂൾ തുറന്ന് അവർ മറ്റുള്ള കുട്ടികളുമായി സ്നേഹത്തോടെ, സമത്വഭാവനയോടെ ഇടപഴകട്ടെ, പ്രകൃതിയുമായി സഹജീവിതത്തിന്റെ പാഠം പഠിക്കട്ടെ. ഇതിലൂടെ കുട്ടികൾക്ക് അവരുടേതായ ലോകം തിരിച്ചു കിട്ടട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K. SatchidanandanSchool Opening 2022
News Summary - poet sachidanandan memories of school life
Next Story