ജവഹർലാൽ നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ
text_fieldsഎഴുത്തുകാരൻ പ്രഭാവർമ ജവഹർലാൽ നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യയെക്കുറിച്ച്. വായനാദിനത്തിൽ പ്രസിദ്ധീകരിച്ചത്
ഇന്ത്യയെ മറ്റൊരു ഇന്ത്യയായി അവതരിപ്പിക്കാൻ ചിലർ സംഘടിതമായി ശ്രമിക്കുമ്പോൾ യഥാർഥ ഇന്ത്യയെ കണ്ടെത്തുന്നതിന് പുതിയ തലമുറയെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ ഏറെ സഹായിക്കും. ഏറ്റവും പ്രതികൂലമായ സാഹചര്യത്തെ എങ്ങനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ കൃതിയുടെ പിറവി.
1942-45 കാലഘട്ടത്തിൽ ജയിലിൽ കിടന്നാണ് നെഹ്റു ഈ കൃതി എഴുതിയത്. മറ്റൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. ആരോടും ചർച്ചചെയ്യാനും കഴിഞ്ഞിരുന്നില്ല. ജയിലിലെ പ്രതികൂലമായ ഇത്തരം സാഹചര്യത്തിൽ നെഹ്റു തന്റെ സംസ്കാരിക അവബോധം കടഞ്ഞുണ്ടാക്കിയ മൗലിക കൃതി എന്ന വലിയ പ്രത്യേകതയാണ് ഇതിനുള്ളത്. രണ്ടാമതായി ചരിത്രം, സംസ്കാരം, മതാത്മകത, തത്ത്വചിന്ത എന്നിവയൊക്കെ അന്ധമായ ആരാധനയുടെയോ അതിരുവിട്ട ഗൃഹാതുരതയുടെയോ കണ്ണടയിലൂടെയല്ല നെഹ്റു കാണുന്നത്. ഈ സമീപനം ഈ കൃതിയെ വസ്തുനിഷ്ഠമായ ചരിത്ര വിലയിരുത്തലാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ വർത്തമാനകാല ഇന്ത്യ നേരിടുന്ന അപായ സൂചനകളിൽ പലതിനെയും നേരിടാനുള്ള ബോധവെളിച്ചം ഈ കൃതിയിലുണ്ട്.
മറ്റു രാജ്യങ്ങളെയും അവരുടെ സംസ്കാരങ്ങളെയും ആദരിക്കുന്ന നിലപാടിനെ അപ്രസക്തമാക്കി തീവ്ര ദേശീയതയുടെ (ജിങ്കോയിസം) നിലപാട് ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ ആദരണീയമായ പാഠമായി മാറുന്ന കൃതിയാണിത്. വർഗീയ ധ്രുവീകരണത്തിന്റെ അപായമണി മുഴങ്ങുന്ന ഈ കാലഘട്ടത്തിൽ ചരിത്രത്തിലെയും സംസ്കാരത്തിലെയും മതനിരപേക്ഷ നിലപാടുകൾ കടഞ്ഞെടുത്ത് മുന്നോട്ടുവെക്കുന്ന ഈ കൃതിയൊരു പാഠമാണ്. ഐതിഹ്യങ്ങളെയും ഊഹാപോഹങ്ങളെയും ചരിത്രമാക്കി മാറ്റുന്ന ഈ ഘട്ടത്തിൽ ചരിത്രത്തോടുള്ള സമീപനം എന്താകണമെന്നതിന്റെ മാതൃക തീർക്കുന്നു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പുനരുജ്ജീവനം മുഖ്യഅജണ്ടയായി മാറിയ പുതിയ കാലത്ത് ആശാബോധത്തിന്റെ തെളിവെളിച്ചം പകർന്നുനൽകുന്നു നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.