ഡാർക്കെടേ...
text_fieldsഡാർക്ക്. ഇരുട്ടാണ്. ഈ ഇരുട്ടിനെ സൂചിപ്പിക്കുന്ന ഡാർക്ക് എന്ന പദത്തെ ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കൂട്ടുകാരെ ശല്യപ്പെടുത്തി, ഫേസ്ബുക്കും വാട്സ്ആപ്പും വഴി ഗൂഗിളിൽ പാതിരാത്രിവരെ സെർച്ച് ചെയ്ത് ഒരു പ്രൊജക്ട് തയാറാക്കി ക്ലാസ് ടീച്ചറെ കാണാൻ രാവിലെതന്നെ ചെന്നതാണ്. പോയപോലെ, അതായത് പോയ വേഗത്തിൽ തന്നെ ലിജോ തിരികെയെത്തി. കൂട്ടുകാർ തിരക്കി: ‘എന്തുപറ്റി... എടാ സബ്മിറ്റ് ചെയ്തോ?’
ലിജോ ഒന്നും മിണ്ടിയില്ല.
‘ഒന്നാമതേ ഡേറ്റ് കഴിഞ്ഞു. ഇനിയിപ്പോ ടീച്ചറ് വേണ്ടെന്നുവല്ലോം പറഞ്ഞോ? അങ്ങനെ പറയാൻ ചാൻസില്ലല്ലോ. ഇന്നലെകൂടി നിന്നോട് പറഞ്ഞതല്ലേ, ഇന്നുരാവിലെ കൊണ്ടുവരാൻ.’
കൂട്ടുകാരിങ്ങനെ വട്ടമിട്ട് പറയാൻ തുടങ്ങിയപ്പോൾ ലിജോ സിംപിളായി കാര്യം അവതരിപ്പിച്ചു.
‘ടീച്ചർ ഡാർക്കായിട്ടിരിക്കുന്നെടേ...’
‘ആണോ’ എന്നാൽ, കുറച്ചുകഴിഞ്ഞ് പോയാൽ മതി.’
അവൻ ക്ലാസിലേക്ക് തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് പ്യൂൺ ചന്ദ്രണ്ണൻ അതുവഴി വന്നത്.
‘ടീച്ചറെ കണ്ടില്ലേ നിങ്ങള്’ എന്ന് ചോദിച്ചതും ‘ഭയങ്കര ഡാർക്കാ... പിന്നെ വരാം’ എന്നുപറഞ്ഞ് കുട്ടികൾ ക്ലാസിലേക്ക് പോയി.
ചന്ദ്രണ്ണൻ സ്റ്റാഫ് റൂമിലേക്ക് നോക്കി. ടീച്ചർ എന്തോ ഗൗരവമായി എഴുതുന്നു. സ്റ്റാഫ് റൂമിൽ ട്യൂബ് നന്നായി കത്തുന്നു. പിന്നെ ഈ പിള്ളേര് ഡാർക്കായി എന്നുപറഞ്ഞത് എന്തോ വിചാരിച്ചിട്ടായിരിക്കും.
ചന്ദ്രണ്ണന് എത്ര ആലോചിച്ചിട്ടും ഡാർക്കിന്റെ അർഥം പിടികിട്ടുന്നില്ല.
ലിജോ പ്രൊജക്ട് സബ്മിറ്റ് ചെയ്യാൻ പോയപ്പോൾ ടീച്ചർ നല്ല മൂഡിലല്ലായിരുന്നു. അതായത്, അത്ര പോസിറ്റീവായിരുന്നില്ല എന്ന് സൂചിപ്പിക്കാനാണ് ഡാർക്കായിരുന്നു എന്ന പദം പ്രയോഗിക്കുന്നത്. ടീച്ചർ മറ്റെന്തോ കാര്യത്തിൽ വ്യാപൃതയായിരുന്നുവെന്നും കുട്ടി ചെന്നപ്പോൾ ടീച്ചറിന്റെ മനസ്സ് അവന് അനുകൂലമല്ലായിരുന്നു എന്നും ഈ പദപ്രയോഗത്തിലൂടെ ലിജോ സൂചിപ്പിക്കുന്നു.
നല്ല മൂഡല്ല, മാനസിക പിരിമുറുക്കത്തിലാണ് പൊട്ടാറായ അഗ്നിപർവതം പോലെയാണ് എന്നൊക്കെ പറയും.
പഴമക്കാർ പറയുന്നൊരു രീതി ഇങ്ങനെയൊന്നുമായിരിക്കില്ല. ‘ഇന്നത്തെ ശകുനം നന്നായില്ല’ ‘ഇന്ന് കാലത്തേ കാഴ്ച കണ്ടത് ശരിയായില്ല’ എന്നൊക്കെയാണ്.
‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്നൊരു പഴമൊഴിയും വേണമെങ്കിൽ ചേർത്ത് വായിക്കാം. മറ്റെന്തോ പ്രശ്നം കാരണം സ്വന്തം മാനസികാവസ്ഥക്ക് സംഭവിച്ച സമ്മർദം. അക്കാരണത്താൽ തന്റെ മുന്നിലെത്തിയ വ്യക്തിയെ വേണ്ടവിധം പരിഗണിക്കാൻ കഴിയാതെ ആ വ്യക്തിയോട് പുലർത്തുന്ന നീരസം. ഇത് താൽക്കാലികമാണ്. ഇത് സൂചിപ്പിക്കാനായി പുതുതലമുറ സൃഷ്ടിച്ച പദമാണ് ഡാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.