കരുത്തേകാം കരുതലോടെ
text_fieldsവിദ്യാർഥിയെന്നാൽ വിദ്യ അർഥിക്കുന്നവനെന്നാണ് അർഥം. ഒരു നല്ല വിദ്യാർഥിക്ക് മാത്രമേ നല്ല പൗരനാകാൻ സാധിക്കൂ. ഓരോ അറിവും വിലപ്പെട്ടതായിരിക്കും. പഠനകാര്യങ്ങളിൽ മാത്രമല്ല, സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയമായും വിദ്യ ആർജിക്കാൻ ഓരോ വിദ്യാർഥിക്കും കഴിയണം.
മാതാപിതാക്കളുടെ ചിറകിനടിയിൽനിന്നു പറന്നുയർന്ന് വിദ്യ തേടി സ്കൂളിലെത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് നല്ല വിദ്യാഭ്യാസം മാത്രമല്ലെന്ന് നമുക്കറിയാം. നല്ല അധ്യാപകരും സുഹൃത്തുക്കളുമായിരിക്കും അവരുടെ സ്കൂൾ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറുക. എന്നാൽ, ഇന്നത്തെ സമൂഹത്തിൽ പലവിധത്തിൽ കുട്ടികൾ ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സുഹൃത്തുക്കളിൽനിന്നും അധ്യാപകരിൽനിന്നും ബന്ധുക്കളിൽനിന്നുമടക്കം നേരിടേണ്ടി വരുന്ന ശാരീരിക-മാനസിക ചൂഷണങ്ങൾ ഇതിൽ ഉൾപ്പെടും. പല കുട്ടികളും രക്ഷകർത്താക്കളെയും അധ്യാപകരെയും ഭയപ്പാടോടെ കാണുന്നതിനാൽ അവ പേടിമൂലം തുറന്നുപറഞ്ഞെന്നു വരില്ല. കുട്ടികളോട് മനസ്സുതുറന്ന് സംസാരിക്കാൻ തയാറാകണം. സ്കൂളിൽ മാത്രമല്ല, സ്കൂളിലേക്കും അവിടെനിന്നു തിരിച്ചുമുള്ള യാത്രകൾ ഉൾപ്പെടെ അവരോട് ചോദിക്കണം. ഒരിക്കലും ദേഷ്യത്തോടെ അവരോട് ചോദിക്കാതിരിക്കുക. നല്ല ചങ്ങാതിമാരായി അവരോട് കാര്യങ്ങൾ ചോദിച്ചറിയണം. നാളത്തെ തലമുറയെ വാർത്തെടുക്കാൻ രക്ഷകർത്താക്കൾക്ക് മാത്രമല്ല സമൂഹത്തിനും വലിയ പങ്കുണ്ട്.
പഠനം പ്രധാനം
കുട്ടികളുടെ പഠനത്തിനായിരിക്കണം ഏറ്റവും അധികം പ്രധാന്യം നൽകേണ്ടത്. പഠനത്തെ രസകരമായി സമീപിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. വായനയിൽ മാത്രം ഒതുക്കാതെ കൂടുതൽ അറിവ് നേടുന്നതിനായി എഴുതാനും വരക്കാനും പഠനവുമായി ബന്ധപ്പെട്ട വിഡിയോകൾ കാണിക്കാനും തയാറാകണം. മുതിർന്ന ക്ലാസുകളിലെ കുട്ടികളാണെങ്കിൽ അവർക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനുള്ള അവസരങ്ങളും സൗകര്യങ്ങളും ഒരുക്കിനൽകണം. പഠിക്കുക എന്നത് ഒരു ഭീകരസംഭവമായി ഉയർത്തിക്കാട്ടാതിരുന്നാൽതന്നെ കുട്ടികളിൽ ആത്മവിശ്വാസമുണ്ടാകും. അവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ സ്വയം പഠിക്കട്ടേ. പ്രയാസമായി തോന്നുന്ന വിഷയങ്ങളിൽ സഹായിക്കുകയും വേണം.
സൗഹൃദം വേണം
കുട്ടികളുടെ അധ്യാപകരുമായും സുഹൃത്തുക്കളുമായും സൗഹൃദം സ്ഥാപിക്കാൻ മാതാപിതാക്കളും തയാറാകണം. കുട്ടിയുടെ സഹപാഠികളുടെ രക്ഷകർത്താക്കളായും ഇടക്ക് സംസാരിക്കുന്നത് നന്നാകും. കുട്ടികളുടെ തെറ്റായ കൂട്ടുകെട്ടുകൾ, ദുശ്ശീലങ്ങൾ തുടങ്ങിയവ എളുപ്പത്തിൽ മനസ്സിലാക്കാനും പരിഹരിക്കാനും ഇതുവഴി സാധിക്കും. സ്കൂളിലെ ആദ്യദിവസവും പ്രത്യേക ആഘോഷ ദിവസങ്ങളിലും നിങ്ങളും പങ്കുചേരുന്നത് നന്നാകും. ശാരീരിക അതിക്രമം, ലൈംഗിക അതിക്രമം, കുറ്റപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയുന്നതിന് എപ്പോഴും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
ശ്രദ്ധ കൂട്ടണം
മാതാപിതാക്കളുടെയോ അധ്യാപകരുടെ കാഴ്ചക്ക് അപ്പുറത്തായിരിക്കും കുട്ടികളുടെ സ്കൂളിലേക്കുള്ള വരവും തിരിച്ചുപോക്കും. സ്കൂളിലേക്ക് കുട്ടിയെ അയക്കുന്നതും തിരികെ കൊണ്ടുവരുന്നതും ഉത്തരവാദിത്തമുള്ള വാഹനങ്ങളിലായിരിക്കണം. സ്കൂൾ ബസായിരിക്കും ചെറിയ കുട്ടികൾക്ക് കൂടുതൽ അനുയോജ്യം. കൂടാതെ, റോഡ് മാർഗം നടന്നുപോകുന്നവരെ ഒന്നോ രണ്ടോ ദിവസം അത് കൃത്യമായി പരിശീലിപ്പിക്കണം. വലതു വശത്തുകൂടി നടക്കുക, വാഹനങ്ങൾ ശ്രദ്ധിക്കുക, റോഡ് ക്രോസ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കണം. മറ്റു വാഹനത്തിൽ വരുന്നവരെയും അപരിചിതരെയും ശ്രദ്ധിക്കണം. അവർ ഓഫർ ചെയ്യുന്ന ലിഫ്റ്റ് നിരസിക്കാൻ കുട്ടികളെ ബോധവത്കരിക്കണം. ചെറിയ ക്ലാസുകളിലെ കുട്ടികളെ സ്റ്റോപ്പിൽ ഇറക്കുമ്പോൾ രക്ഷകർത്താക്കളോ അധികാരപ്പെടുത്തിയിട്ടുള്ളവരോ കുട്ടികളെ കൂട്ടണം. കുട്ടികൾ റോഡിൽ തനിച്ചുനിൽക്കേണ്ടിവരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ ക്ഷേമത്തിനായി പരിശീലനം ലഭിച്ച ഒരാളുടെ സേവനം ഉറപ്പാക്കണം.
അധ്യാപകർ ചോദിച്ചറിയണം
അധ്യാപകർ കുട്ടികളുടെ കൂട്ടുകാരാകാൻ ശ്രമിക്കണം. കുട്ടികൾക്ക് തുറന്നു സംസാരിക്കാൻ ഒരു ടീച്ചറെങ്കിലും ഉണ്ടാകുന്നത് നന്ന്. കുട്ടിയുടെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധിച്ചാൽ അത് കുട്ടികളോട് അപ്പോൾതന്നെ ചോദിച്ചറിയാൻ ശ്രമിക്കണം. ശേഷം മാതാപിതാക്കളോടും ആരായാം.
റോൾ മോഡലാകണം അധ്യാപകർ
- ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും ചൂണ്ടിക്കാട്ടാൻ അധ്യാപകർക്ക് കഴിയണം
- ആരെയാണ് താൻ പഠിപ്പിക്കേണ്ടതെന്നും തന്റെ മുന്നിലിരിക്കുന്ന കുട്ടികൾ ഏതു തരത്തിലുള്ളവരാണെന്നുമുള്ള കാര്യങ്ങൾ തിരിച്ചറിയണം
- പോസിറ്റിവ് മനോഭാവവും ശുഭാപ്തി വിശ്വാസവുമുണ്ടാകണം
- കുട്ടികളോടും സഹപ്രവർത്തകരോടും സമൂഹത്തോടും മാന്യമായി പെരുമാറാൻ അധ്യാപകർക്ക് കഴിയണം. കുട്ടികളുടെ റോൾ മോഡലുകളാണ് അധ്യാപകരെന്ന കാര്യം മറക്കരുത്
- കുട്ടികളുടെ രക്ഷിതാക്കളുമായി നല്ലബന്ധം പുലർത്തണം
- എല്ലാ കുട്ടികൾക്കും ഉയർന്ന മാർക്ക് നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിനു പകരം നല്ല മാർക്കിനൊപ്പം ഗുണനിലവാരമുള്ള ഭാവി തറമുറയെ വാർത്തെടുക്കാനും ശ്രമിക്കണം
- കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് ഭാവിയിലെ പാത തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കണം
- കുട്ടികളുടെ ആവശ്യങ്ങളറിഞ്ഞ് പരിശീലിപ്പിക്കണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവരോട് ഇടപെടാൻ സന്നദ്ധനാകണം
- ആജ്ഞാപിക്കുന്നതിനു പകരം കുട്ടികളോട് സൗഹൃദം സ്ഥാപിച്ചോ സ്നേഹത്തോടെ ഉപദേശിച്ചോ അവരെ തെറ്റിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കണം
- അധ്യാപകനും ഒരു വിദ്യാർഥിയാകണം. ക്ലാസ് മുറിയിലും പുറത്തും കുട്ടികളെ കേൾക്കാൻ തയാറാകണം
ചില പ്രധാന ഫോൺ നമ്പറുകൾ
പൊലീസ് (കൺട്രോൾ റൂം) -100, ഫയർഫോഴ്സ് - 101, ആംബുലൻസ് - 108, ട്രാഫിക് പൊലീസ് 1099, ക്രൈം സ്റ്റോപ്പർ - 1090, സൈബർ സെൽ - 0471 2382600/ 9497975998, ചൈൽഡ് ഹെൽപ് ലൈൻ - 1098/ 1517, പൊലീസ് എസ്.എം.എസ് അലർട്ട് - 9497900000, വനിത ഹെൽപ് ലൈൻ - 1091/9947000100, ഹൈവേ പട്രോൾ -9846100100
ജില്ല കലക്ടർമാരുടെ ഫോൺ നമ്പറുകൾ - തിരുവനന്തപുരം - 0471 2731177, കൊല്ലം - 0474 2794900, പത്തനംതിട്ട -0468 2222505 ആലപ്പുഴ - 0477 2251720, കോട്ടയം -0481 2562001, ഇടുക്കി - 04862 233103, എറണാകുളം - 0484 2423001, തൃശൂർ -0487 2361020, പാലക്കാട് -0491 2533266, മലപ്പുറം -0483 2734355, കോഴിക്കോട് -0495 2371400, വയനാട് -04936 202230, കണ്ണൂർ -0497 2700243, കാസർകോട് -04994 256400.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.