ചന്ദ്രനിൽ വായു ഇല്ലാത്തതെന്താണ്?
text_fieldsനക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം രൂപം കൊണ്ടത് 'നെബുലകൾ' എന്നു പേരുള്ള വൻ വാതകപടലങ്ങളിൽനിന്നാണ്. ഇവയുടെ രൂപവത്കരണശേഷമുള്ള അവശിഷ്ട നെബുലയാണ് അന്തരീക്ഷമായിമാറുന്നത്. അതിനാൽ ആദ്യകാലത്ത് എല്ലാ ആകാശ ഗോളങ്ങൾക്കും അന്തരീക്ഷമുണ്ടായിരുന്നു എന്നും ചില ഗോളങ്ങളുടേത് പിന്നീട് നഷ്ടപ്പെടുകയാണുണ്ടായത് എന്നുമാണ് കരുതുന്നത്.
ആകാശഗോളങ്ങളുടെ അന്തരീക്ഷത്തിൽനിന്ന് വായുകണങ്ങൾ ശൂന്യാകാശത്തേക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ നോക്കാം. ഇവയുടെ അതിവേഗത്തിലുള്ള കറക്കം സൃഷ്ടിക്കുന്ന അപകേന്ദ്രബല (centrifugal force) മാണ് ഒരുകാരണം. കറങ്ങുന്ന വസ്തുക്കളിൽ കറക്കകേന്ദ്രത്തിനെതിരെ അനുഭവപ്പെടുന്ന ബലമാണ് അപകേന്ദ്രബലം. ഒരുകല്ല് ഒരു ചരടിൽകെട്ടി അൽപനേരം കറക്കിയ ശേഷം പിടിവിട്ടാൽ അത് തെറിച്ചുപോകുമല്ലോ. കല്ലിൽ അനുഭവപ്പെടുന്ന അപകേന്ദ്രബലംകൊണ്ടാണത്. ബുധൻ, ചന്ദ്രൻ പോലുള്ള പിണ്ഡം (mass) കുറവുള്ള ആകാശഗോളങ്ങൾക്ക് അപകേന്ദ്രബലം മൂലം വായുമണ്ഡലത്തെ പിടിച്ചുനിർത്താൻ ആവശ്യമായത്ര ഗുരുത്വാകർഷണമുണ്ടാവില്ല. ചന്ദ്രെൻറ ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ആറിലൊന്നേ വരൂ എന്നറിയാമല്ലോ.
അന്തരീക്ഷം നഷ്ടമാകുന്നു
ആകാശഗോളങ്ങളുടെ താപനിലയും വായുമണ്ഡലത്തിെൻറ നിലനിൽപിനെ സ്വാധീനിക്കുന്ന ഘടകമാണ്. മുകളിലേക്ക് പോകുംതോറും ഏതൊരു ഗോളത്തിെൻറയും ഗുരുത്വാകർഷണശക്തി കുറയും. അതിനാൽ അന്തരീക്ഷത്തിെൻറ ഉപരിമണ്ഡലത്തിൽനിന്നും ഗതികോർജം കൂടുതൽ ആർജിച്ച വായുകണങ്ങൾക്ക് ശൂന്യകാശത്തേക്ക് സഞ്ചരിക്കാൻ കഴിയും. ഇത് അന്തരീക്ഷത്തെ കാലക്രമത്തിൽ ക്ഷയിപ്പിക്കുന്നു. സൂര്യനിൽനിന്ന് ലഭിക്കുന്ന താപം, വായുകണങ്ങളുടെ ഗതികോർജം വർധിപ്പിക്കുന്നു. അതിനാൽ താപനില കൂടിയ ഗോളങ്ങളിൽനിന്നും അന്തരീക്ഷം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യത പൊതുവെ കൂടും.
സൂര്യനിൽനിന്ന് ഭൂമിയിലേക്കും ചന്ദ്രനിലേക്കുമുള്ള ദൂരം ഏതാണ്ട് തുല്യമാണ്. അതിനാൽ ഭൂമിയിലും ചന്ദ്രനിലുമെത്തുന്ന സൂര്യെൻറ താപവികിരണങ്ങളും ഏതാണ്ട് തുല്യംതന്നെ. പക്ഷേ, ചന്ദ്രെൻറ ഭ്രമണവേഗം നന്നേ കുറവാണ്. 27.33 ദിവസം വേണം ചന്ദ്രന് സ്വന്തം അക്ഷത്തിൽ ഒന്ന് കറങ്ങാൻ. ഇത് ഒരു പ്രദേശത്ത് തുടർച്ചയായി ഏകദേശം 14 ദിവസം സൂര്യപ്രകാശം ലഭിക്കാൻ ഇടയാക്കുന്നു. ഇത് വായുകണങ്ങളെ ചുട്ടുപഴുപ്പിക്കുകയും അവയുടെ ചലനവേഗം ഗണ്യമായി വർധിപ്പിക്കുകയുംചെയ്യും. അപ്പോൾ ഒരുഗോളത്തിെൻറ ഭ്രമണ വേഗവും അന്തരീക്ഷത്തിെൻറ സാന്നിധ്യത്തെ സ്വാധീനിക്കുന്ന ഒരുഘടകമാണെന്ന് മനസ്സിലായില്ലേ.
വ്യാഴ വർത്തമാനം
ഇങ്ങനെയുള്ള ഓരോ ഘടകത്തിെൻറയും പരിണതഫലമാണ് അന്തരീക്ഷത്തിെൻറ സാന്നിധ്യം നിർണയിക്കുന്നത്. ഉദാഹരണമായി ഏറ്റവും കൂടുതൽ ഭ്രമണവേഗമുള്ള ഗ്രഹമാണ് വ്യാഴം. ഒമ്പതു മണിക്കൂർ 55 മിനിറ്റുകൾകൊണ്ടാണ് ഈ ഗ്രഹഭീമൻ സ്വയംകറങ്ങുന്നത്. ഇവിടെ വായു ചുഴറ്റിയെറിയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, വ്യാഴത്തിെൻറ കൂടിയ ഗുരുത്വാകർഷണ ശക്തിയും സൂര്യനിൽനിന്നുള്ള അകലം, കൂടിയ ഭ്രമണവേഗം എന്നിവ സൃഷ്ടിക്കുന്ന കുറഞ്ഞ താപനിലയും അന്തരീക്ഷത്തെ നഷ്ടപ്പെടാതെ പിടിച്ചുനിർത്താൻ സഹായിക്കുന്നു.
ചന്ദ്രെൻറ ഗുരുത്വാകർഷണബലം ഭൂമിയുടെ ആറിലൊന്നാണെന്ന് പറഞ്ഞല്ലോ. ചന്ദ്രന് ചുറ്റും കുറേ വായു നിറക്കുന്നു എന്ന് സങ്കൽപിക്കുക. എങ്കിലും കാലക്രമത്തിൽ ഈ വായു മുഴുവൻ ബഹിരാകാശത്തേക്ക് ചോർന്നുപോവും. നമ്മുടെ ചന്ദ്രൻ ശനിയുടെയോ യുറാനസിെൻറയോ ഒക്കെ ഉപഗ്രഹമായിരുന്നുവെങ്കിൽ അതിനുചുറ്റും വായുമണ്ഡലം നിലനിൽക്കുമായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.