ആവലാതികൾ വേണ്ട; ജീവിതത്തിരക്കിനിടയിൽ അൽപസമയം മാറ്റിവെച്ചാൽ മതി, പഠിച്ചു മുന്നേറാം
text_fieldsജീവിത തിരക്കുകൾക്കിടയിൽ നമുക്ക് അൽപസമയം നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഒന്നു ചിന്തിച്ചാലോ? പലർക്കും പല ആവലാതികളാവും. പഠിക്കാനുള്ള കഴിവുണ്ടായിരുന്നു... പക്ഷേ വിവാഹം അതിന് ഒരു തടസമായി മാറി, ഫീസ് അടക്കാനുള്ള ബുദ്ധിമുട്ട് കാരണം പഠനം പാതി വഴിയിൽ നിർത്തി, പഠിക്കുവാനുള്ള ആഗ്രഹമുണ്ടെങ്കിലും വീട്, ജോലി, മക്കൾ എന്നിങ്ങനെ തിരക്കുപിടിച്ച ജീവിതത്തിൽ പഠനത്തിനായി സമയം കണ്ടെത്താൻ കഴിഞ്ഞില്ല... എന്നിങ്ങനെ ഒരുപാട് ഉത്തരങ്ങൾക്കുള്ള മറുപടിയാണ് വിദൂര വിദ്യാഭ്യാസം.
ഒഴിവുസമയങ്ങളിൽ ഒരൽപം ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ പഠനം പൂർത്തിയാക്കാം, വളരെ കുറഞ്ഞ പണച്ചെലവിൽ. അതെ വിദൂര വിദ്യാഭ്യാസത്തിെൻറ അനന്ത സാധ്യതകൾ നമുക്ക് മുന്നിലുണ്ട്. ഇഗ്നോവിലൂടെ (ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി) അത് സാധ്യമാക്കാം.
ഇഗ്നോയെ അറിയാം
ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദൂര വിദ്യാഭ്യാസ സർവകലാശാലയാണ് ഇഗ്നോ. രാജ്യത്തുടനീളം ഇഗ്നോയുടെ റിജ്യണൽ സെൻററുകളും സ്റ്റഡി സെൻററുകളും എജ്യുക്കേഷനൽ സ്കൂളുകളും നിലവിലുണ്ട്. സ്കൂൾ ഓഫ് ഹ്യുമാനിറ്റി, സ്കൂൾ ഓഫ് സോഷ്യൽ സയൻസ്,സ്കൂൾ ഓഫ് അഗ്രികൾചർ, സ്കൂൾ ഓഫ് ലോ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. ക്ലാസുകൾ നടത്തുക, കോഴ്സുകളെ കുറിച്ച് അറിവ് നൽകുക, അസൈൻമെൻറ് സ്വീകരിക്കുക, പരീക്ഷ നടത്തുക എന്നിവയെല്ലാം സ്റ്റഡി സെൻററിെൻറ ഉത്തരവാദിത്തമാണ്.
1985ൽ ഇഗ്നോ(IGNOU)പാർലിമെൻറ് ആക്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചു. അന്ന് മുതൽ ഇന്ന് വരെ നാൽപത് ലക്ഷത്തിലധികം പഠിതാക്കൾ ഇഗ്നോവിലൂടെ അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ് തുടങ്ങി പഠിതാക്കൾക്ക് അവരുടെ അഭിരുചിയും താൽപര്യവുമനുസരിച്ച് വിവിധ വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാവുന്നതാണ്. യു.ജി.സിയുടേയും (University grants commission) എ.ഐ.സി.ടി.സിയുടേയും(All India Council of Technical Education) അംഗീകാരമുള്ള ഇഗ്നോക്ക് ഇപ്പോൾ നാക് (National Assessment And Accreditation Council) െൻറ A++ ഗ്രേഡിന് കൂടി അർഹത നേടിയിട്ടുണ്ട്.
കോഴ്സുകൾ
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെൻറ്, ട്രാവൽ ആൻഡ് ടൂറിസം, സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഇഗ്നോ നൽകുന്നുണ്ട്.
മോഡേൺ ഓഫിസ് പ്രാക്ടീസിൽ ഡിപ്ലോമ കോഴ്സും, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും ബി.ബി.എ(സർവീസ് മാനേജ്മെൻറ്)യും ഇഗ്നോ ഓൺലൈൻ ക്ലാസുകളായി നടത്താറുണ്ട്.
ബി.എഡ്, എം.ബി.എ, എം.എഡ് തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശന പരീക്ഷ നിർബന്ധമാണ്. മറ്റ് കോഴ്സുകൾക്ക് ഓൺലൈൻ അഡ്മിഷൻ എടുക്കാവുന്നതാണ്.
ജെ.ഡി.ടി ഇസ്ലാം ഇഗ്നോ സ്റ്റഡി സെൻറർ അസിസ്റ്റൻറ് കോ-ഓർഡിനേറ്ററാണ് ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.