കുസാറ്റിലെ ദുരന്തം: താൽക്കാലിക വി.സിയെ പുറത്താക്കണമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി
text_fieldsതിരുവനനന്തപുരം: കുസാറ്റിലെ ദുരന്തത്തിൽ താൽക്കാലിക വി.സിയെ പുറത്താക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. യൂനിവേഴ്സിറ്റി കാമ്പസുകളിൽ വിദ്യാർഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അനാസ്ഥ കാട്ടിയ കുസാറ്റ് താൽക്കാലിക വൈസ് ചാൻസലർ ഡോ: പി.ജി ശങ്കരനെ തൽ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും, നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാറിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകി.
തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ് കോളജിൽ 2015 ൽ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിനിയായ ഒരു എഞ്ചിനീയറിങ് വിദ്യാർഥിനി മരണപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി നിർദേശങ്ങൾ നൽകിയത്. സർക്കാർ എല്ലാ യൂനിവേഴ്സിറ്റികളിലും കോളജുകളിലും ഉത്തരവ് കർശനമായി നടപ്പിലാക്കാൻ 2015 ൽ തന്നെ നിർദേശവും നൽകിയിരുന്നു. മുൻവർഷങ്ങളിൽ കുസാറ്റിലും ഈ മാർഗ നിർദേശങ്ങൾ അനുസരിച്ച് വി.സി ചുമതലപെടുത്തുന്ന അധ്യാപകരുടെ മേൽനോട്ടത്തിലാണ് കാമ്പസിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
എന്നാൽ കുസാറ്റിൽ ഇപ്പോൾ നടന്ന ടെക് ഫെസ്റ്റിൽ അത്തരത്തിലുള്ള ഒരു മാർഗനിർദേശങ്ങളും പാലിച്ചിരുന്നില്ല. വിദ്യാർഥികളുടെ പരിപാടികൾ കോർ ഡിനേറ്റ് ചെയ്യാൻ ചുമലപെട്ട യൂത്ത് ഫെൽഫയർ ഡയറക്ടർ പി.കെ.ബേബിയെ തന്നെ വി.സി അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കുവാൻ കഴിഞ്ഞ ദിവസം ചുമതല പ്പെടുത്തിയിരിക്കുന്നത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണ്.
മുൻ കാലങ്ങളിലെപോലെ സീനിയർ യൂനിവേഴ്സിറ്റി അധ്യാപകർക്ക് ഫെസ്റ്റിന്റെ മേൽനോട്ടചുമതല നൽകുന്നതിനുപകരം നടത്തിപ്പിന്റെ പൂർണ ചുമതല വി.സി, വിദ്യാർഥി സംഘടനാ നേതാക്കൾക്ക് നൽകുകയായിരുന്നു. കുസാറ്റിന്റെ മുൻ യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ ആയിരുന്ന, അനധ്യാപക തസ്തികയിൽ യൂത്ത് വെൽഫയർ ഡയറക്ടറായി നിയമി ച്ചിരുന്ന പി.കെ. ബേബിയെ സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ അസോസിയേറ്റ് പ്രഫസർ ആയി നിയമിച്ചത് ഏറെ വിവാദമായിരുന്നു.
അനധ്യാപക തസ്തികയിൽ നിയമിക്കപ്പെടുന്ന ഒരാൾക്ക് യു.ജി.സി നിരക്കിൽ ശമ്പളം നൽകുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്. കൊച്ചിയിൽ നിന്നുള്ള ഒരു മന്ത്രിയുടെ പിൻബലത്തിൽ ഇദ്ദേഹത്തെ ഇപ്പോൾ കുസാറ്റിന്റെ സിൻഡിക്കേറ്റ് മെമ്പറായി നിയമിച്ചിട്ടുണ്ട്. 2015 ലെ ഹൈക്കോ ടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കിൽ കുസാറ്റിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തം ഒഴിവാകുമായിരുന്നു.
പരിപാടികളുടെ മേൽനോട്ടത്തിന് അധ്യാപക സാന്നിധ്യം ഉണ്ടാകണമെന്നും രക്ഷാ ചുമതലക്ക് പൊലീസിന്റെയും, വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നു മുള്ള വ്യവസ്ഥകൾ പാലിക്കാൻ വൈസ് ചാൻസിലർ തയാറായില്ല. ഗുരുതരമായ അനാസ്ഥ കാട്ടിയ താൽക്കാലിക വി.സി യെ മാറ്റണമെന്നും, കുസാറ്റിൽ നടന്ന അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും മരണപ്പെട്ടവർക്കും അപകടത്തിൽ പെട്ടവർക്കും സാമ്പത്തിക സഹായം നൽകാനും സർക്കാരിന് നിർദേശം നൽകണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.