വിദ്യാഭ്യാസ വായ്പയെടുക്കാം, കരുതലോടെ
text_fieldsമത്സരാധിഷ്ഠിതമായ പുതിയ കാലത്തിൽ തൊഴിൽ നേടണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയാൽ ജോലി കിട്ടുമെന്ന സാഹചര്യമെല്ലാം മാറിയിരിക്കുന്നു. ഒാരോ മേഖലയിലും വിദഗ്ധരായ തൊഴിലാളികളെ കണ്ടെത്തുന്നതിനായി അതിന് അനുസരിച്ചുള്ള പ്രത്യേക കോഴ്സുകൾ പഠിക്കണം. ഇതിനുവേണ്ടി തയാറാക്കിയിരിക്കുന്ന പല കോഴ്സുകളും പഠിക്കുകയെന്നത് അൽപം പണച്ചെലവേറിയ കാര്യമാണ്. എല്ലാവർക്കും വലിയ കോഴ്സ് ഫീസുകൾ നൽകാൻ സാധിക്കണമെന്നില്ല. ഈയൊരു സാഹചര്യത്തിലാണ് വിദ്യാഭ്യാസ വായ്പകൾ രക്ഷക്കെത്തുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ മറ്റേത് വായ്പയെപോലെ വിദ്യാഭ്യാസ വായ്പകളും ഇന്നും സാധാരണമാണ്. എന്നാൽ, വായ്പ എടുക്കുന്നതിനുമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും.
ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ ഓഫറുകൾ പോലെയാണ് ഇന്ന് വിദ്യാഭ്യാസ വായ്പകൾ. ഒറ്റനോട്ടത്തിൽ എല്ലാം ആകർഷകമായി തോന്നും. ഇതിൽനിന്ന് നല്ലതൊന്ന് തെരഞ്ഞെടുക്കുകയെന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. വിദ്യാഭ്യാസ വായ്പകൾക്കായി കേന്ദ്രസർക്കാറിെൻറ വിദ്യാലക്ഷ്മി പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പകളെ കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ നിന്ന് ലഭ്യമാകും. വായ്പയെടുക്കുന്നതിനുമുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. വായ്പാ തിരിച്ചടവ്, മോറട്ടോറിയം, പലിശനിരക്ക് എന്നിവയെല്ലാം പരിഗണിച്ചുവേണം വായ്പയെടുക്കാൻ.
വായ്പ അപേക്ഷ
കേന്ദ്ര സർക്കാറിെൻറ വിദ്യാലക്ഷ്മി പോർട്ടൽ വഴിയാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്. വ്യക്തിഗത വിവരങ്ങൾ നൽകിയാൽ പോർട്ടലിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. 24 മണിക്കൂറിനകം ഈ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്ത് വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം. വിവിധ ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകൾ വിദ്യാലക്ഷ്മി പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അപേക്ഷ പൂരിപ്പിക്കുേമ്പാൾ
വിദ്യാഭ്യാസ വായ്പക്കുള്ള അപേക്ഷ പൂരിപ്പിക്കുേമ്പാൾ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും വേണം.
പാൻകാർഡ്, ആധാർ കാർഡ് ഉൾെപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ
സേവിങ്സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
പ്രവേശനം നേടിയ സ്ഥാപനത്തിെൻറയും കോഴ്സിെൻറയു വിവരങ്ങൾ- ഏതു വർഷം പ്രവേശനം കിട്ടി, കോഴ്സിെൻറ ഫീസ്, മറ്റു ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
സാമ്പത്തിക ഉറവിടം- രക്ഷിതാക്കളുടെ ജോലി, ഭൂസ്വത്ത് വിവരങ്ങൾ എന്നിവയെല്ലാം(ആവശ്യമെങ്കിൽ മാത്രം നൽകിയാൽ മതി)
വായ്പ സെക്യൂരിറ്റി വിവരങ്ങൾ-ഏഴു ലക്ഷത്തിനു മുകളിൽ മാത്രം സെക്യൂരിറ്റി നൽകിയാൽ മതി.
തിരിച്ചടവ് കാലാവധിയെ സംബന്ധിച്ച വിവരങ്ങൾ. നാല് പാസ്പോർട്ട് സൈസ് ഫോട്ടോ
പലിശനിരക്ക്
വിദ്യാഭ്യാസ വായ്പകൾ എടുക്കുേമ്പാൾ പ്രഥമ പരിഗണന നൽകേണ്ടത് പലിശനിരക്കിനാണ്. ഓരോ ബാങ്കിനനുസരിച്ചും പലിശ നിരക്കിൽ മാറ്റം വരാം. ഇത് പരിഗണിച്ചാവണം വിദ്യാഭ്യാസ വായ്പ തെരഞ്ഞെടുക്കാൻ. പ്രതിവർഷം 11.5 ശതമാനമാണ് ഇന്ത്യയിലെ വിദ്യാഭ്യാസ വായ്പകളുടെ ശരാശരി പലിശ നിരക്ക്. ചില ബാങ്കുകളിൽ ഇത് 15 ശതമാനം വരെ ഉയരും. വായ്പയുടെ യോഗ്യത, വായ്പ തുക, വായ്പ കാലയളവ് എന്നിവയനുസരിച്ച് പലിശയിൽ മാറ്റം വരാം. തിരിച്ചടവ് കാലയളവ് കൂടുകയാണെങ്കിൽ സ്വാഭാവികമായും പലിശനിരക്ക് ഉയരും. ചില ബാങ്കുകളിൽ കോഴ്സിെൻറ ഡിമാൻഡും പലിശനിരക്കിനെ സ്വാധീനിച്ചേക്കാം. ഡിമാൻഡില്ലാത്ത കോഴ്സുകൾക്ക് ഉയർന്ന പലിശ ചുമത്തുന്ന പതിവും നിലനിൽക്കുന്നുണ്ട്.
വായ്പകാലാവധി
പരമാവധി എട്ട് മുതൽ 15 വർഷംവരെയാണ് ഇന്ത്യയിൽ വായ്പകളുടെ തിരിച്ചടവ് കാലാവധി. ഇതിൽ ആറു മാസം മൊറട്ടോറിയം കാലാവധിയും നൽകാറുണ്ട്. മൊറട്ടോറിയം സമയത്ത് വിദ്യാർഥികൾ വായ്പയുടെ ഇ.എം.ഐ അടക്കേണ്ടതില്ല. എന്നാൽ, മൊറട്ടോറിയം കാലത്ത് ഇ.എം.ഐ അടക്കാതിരിക്കുേമ്പാൾ സ്വാഭാവികമായും അതിനുശേഷം ഇം.എം.ഐയുടെ നിരക്ക് ഉയർന്നിരിക്കും.
വായ്പതുക
ഒരു ബാങ്കും വിദ്യാഭ്യാസത്തിന് വരുന്ന മുഴുവൻ തുകയും വായ്പയായി നൽകാറില്ല. ഉദാഹരണമായി 20 ലക്ഷമാണ് ആകെ കോഴ്സ് ഫീ എങ്കിൽ ചിലപ്പോൾ 16 ലക്ഷമായിരിക്കും ബാങ്ക് അനുവദിക്കുക. ഈ തുകയുടെ തോത് ഓരോ ബാങ്കിനനുസരിച്ചും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് കോഴ്സിെൻറ ഫീസുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്കിൽ സമർപ്പിച്ചാൽ എത്രത്തോളം വായ്പ കിട്ടുമെന്നത് കൃത്യമായി അന്വേഷിക്കണം. അതുപോലെ കോഴ്സ് ഫീസിനു പുറമേ ഹോസ്റ്റൽ ഫീസ്, മറ്റു ചെലവുകൾ എന്നിവയെല്ലാം വായ്പ തുകയിൽ ഉൾപ്പെടുമോ എന്നും ബാങ്കുകളോട് തിരക്കണം.
മൊറട്ടോറിയം പിരിയഡ്
വിദ്യാഭ്യാസ വായ്പകൾക്ക് ബാങ്കുകളെല്ലാം പൊതുവെ മൊറട്ടോറിയം പിരിയഡ് അനുവദിക്കാറുണ്ട്. ആറു മാസം മുതൽ ഒരു വർഷം വരെയായിരിക്കും മൊറട്ടോറിയം പിരിയഡ്. ഇക്കാലയളവിൽ വായ്പയുടെ തിരിച്ചടവ് നടത്തേണ്ടതില്ല. വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം വിദ്യാർഥി ജോലി നേടി വായ്പ തിരിച്ചടവ് തുടങ്ങുന്നതിന് ബാങ്കുകൾ അനുവദിക്കുന്ന സാവകാശമാണ് മൊറട്ടോറിയം പിരിയഡ്. ബാങ്കുകൾക്കനുസരിച്ച് മൊറട്ടോറിയം കാലാവധിയിൽ മാറ്റം വരാം.
വിദേശരാജ്യങ്ങളിലെ പഠനത്തിനുള്ള വായ്പ
വിദേശരാജ്യങ്ങളിലെ പഠനത്തിന് ബാങ്കുകൾ വായ്പകൾ അനുവദിക്കാറുണ്ട്. പക്ഷേ, കർശനമായ വ്യവസ്ഥകൾ വിദേശരാജ്യങ്ങളിലെ പഠനത്തിനായി നൽകുന്നതിനുള്ള വായ്പകളുണ്ട്. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന കോഴ്സും സ്ഥാപനവും പരിഗണിച്ച് മാത്രമായിരിക്കും ബാങ്കുകൾ പഠനത്തിന് വായ്പ അനുവദിക്കുക. ടെക്നിക്കൽ കോഴ്സുകൾക്കാവും വിദേശവായ്പകൾ കൂടുതലായി അനുവദിക്കുക. അപേക്ഷയോടൊപ്പം പാസ്പോർട്ട് വിവരങ്ങൾ, വിദേശ യൂനിവേഴ്സിറ്റിയിൽ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം എന്നിവയിൽഅഡ്മിഷൻ കിട്ടയതിനുള്ള തെളിവ്, ജി.ആർ.ഇ, ജിമാറ്റ്, ടി.ഒ.ഇ.എഫ്.എൽ, ഐ.ഇ.എൽ.ടി.എസ് എന്നിവയുടെ സ്കോർ ഷീറ്റ്, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്, വരുമാനം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയെല്ലാം വായ്പ അപേക്ഷയോടൊപ്പം നൽകേണ്ട സുപ്രധാന രേഖകളാണ്.
വിദ്യാലക്ഷ്മി പോർട്ടൽ
വിദ്യാഭ്യാസ വായ്പകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഏകജാലക പോർട്ടലാണ് വിദ്യാലക്ഷ്മി . എൻ.സി.ഡി.എൽ ഇ-ഗവേണൻസുമായി സഹകരിച്ചാണ് പോർട്ടൽ അവതരിപ്പിച്ചത്. പോർട്ടൽ ഉപയോഗിച്ച് വിദ്യാർഥികൾക്ക് വായ്പകൾക്കായി അപേക്ഷ നൽകാനും അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനും സാധിക്കും. വ്യക്തിഗത വിവരങ്ങൾ നൽകിയാൽ വിദ്യാലക്ഷ്മി പോർട്ടലിൽ ലോഗിൻ ഐ.ഡിയും പാസ്വേർഡും ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്തതിനുശേഷം വിവിധ വായ്പ സ്കീമുകളിൽ നിന്ന് വിദ്യാർഥിക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. വായ്പ സ്കീമുകൾ വിദ്യാലക്ഷ്മി പോർട്ടലിൽ തെരഞ്ഞെടുക്കുേമ്പാൾ താഴെപറയുന്ന നാലു കാര്യങ്ങൾ ശ്രദ്ധിക്കുക
1. കൂടുതൽ വായ്പത്തുക
2. കുറഞ്ഞ പലിശനിരക്ക്
3.തിരിച്ചടവ് കാലയളവ്
4. മൊറട്ടോറിയം.
ഈ നാല് കാര്യങ്ങൾ പരിഗണിച്ചുവേണം ഏത് വായ്പയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാൻ. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പിന്തുണക്കുന്ന കോമൺ ലോൺ അപ്ലിക്കേഷൻ ഫോമും വിദ്യാലക്ഷ്മി പോർട്ടൽ വായ്പക്കായി അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.