ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ചെവിക്ക് പിടിച്ച് ജാതി സെൻസസ് നടത്തിക്കും -ലാലു പ്രസാദ്
text_fieldsപട്ന: ജാതി സെൻസസ് വിഷയത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. സെൻസസ് നടത്താൻ നിർബന്ധിതരാകാൻ പ്രതിപക്ഷം സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശേഖരിക്കുന്ന വിവരങ്ങൾ രാഷ്ട്രീയ കാരണങ്ങൾക്കല്ല, അധഃസ്ഥിതരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ ജാതി സെൻസസിനെ പിന്തുണക്കൂ എന്ന് ആർ.എസ്.എസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
‘ആർ.എസ്.എസിനെയും ബി.ജെ.പിയെയും ഞങ്ങൾ ചെവിയിൽ പിടിക്കും. അവരെ കുത്തിയിരുത്തും. ജാതി സെൻസസ് നടത്തിക്കുകയും ചെയ്യും. ജാതി സെൻസസ് നടത്താതിരിക്കാൻ അവർക്ക് എന്ത് അധികാരമുണ്ട്? ഞങ്ങളതിന് അവരെ നിർബന്ധിക്കും. ദലിതരും പിന്നാക്കക്കാരും ആദിവാസികളും ദരിദ്രരും ഐക്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ലാലു പ്രസാദ് ഹിന്ദിയിൽ പോസ്റ്റ് ചെയ്തു. സിംഗപ്പൂരിലെ പതിവ് വൈദ്യപരിശോധനക്കു ശേഷം പട്‌നയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഇത്. ലാലുവിന്റെ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ 2022 ഡിസംബറിൽ സിംഗപ്പൂരിൽ വിജയകരമായി നടത്തിയിരുന്നു.
രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്നും ബിഹാറിന്റെ ക്വോട്ട വർധന ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്തംബർ ഞായറാഴ്ച ആർ.ജെ.ഡി സംസ്ഥാന വ്യാപകമായി ഏകദിന ഉപരോധം സംഘടിപ്പിച്ചിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന എൻ.ഡി.എ സർക്കാർ സമൂഹത്തിലെ അവശ വിഭാഗങ്ങൾക്കുള്ള സംവരണത്തിനും ജാതിസെൻസസിനും എതിരാണെന്ന് പട്‌നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ഭരണഘടനയുടെ ഷെഡ്യൂളിൽ ബിഹാറിലെ നിരാലംബരായ ജാതിക്കാർക്കുള്ള വർധിപ്പിച്ച സംവരണം ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്‍റിനെയും ജനങ്ങളെയും കേന്ദ്രം തെറ്റിദ്ധരിപ്പിച്ചുവെന്നും യാദവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.