പാലക്കാട് മെഡിക്കൽ കോളജ് എന്നാണ് ശരിയാവുക?
ഒരു ദശാബ്ദമാകുന്നു പാലക്കാട് മെഡിക്കൽ കോളജ് യാഥാർഥ്യമായിട്ട്. എന്നാൽ, ഇന്നും മതിയായ സൗകര്യമോ സംവിധാനങ്ങളോ ഇവിടെയില്ല. സംവരണം തുടർച്ചയായി അട്ടിമറിക്കപ്പെടുന്നു. എന്താണ് പാലക്കാട് മെഡിക്കൽ കോളജിന്റെ അവസ്ഥ? എന്താണ് സ്ഥിതി മെച്ചപ്പെടുത്താൻ വേണ്ടത്?
ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ കാലത്ത്, 2014ലാണ് പാലക്കാട് മെഡിക്കൽ കോളജ് യാഥാർഥ്യമാവുന്നത്. അന്ന് സാമൂഹികക്ഷേമ മന്ത്രിഎ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ ഈ ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുൻകൈയെടുത്തതിനാലാണ് കോളജ് വന്നത്. സുബ്ബയ്യ ഐ.പി.എസ്, മുൻ എം.എൽ.എ ഷാഫി പറമ്പിൽ, ഉദ്യോഗസ്ഥരായിരുന്ന സി.പി. ഭാസ്കരൻ, സ്പെഷൽ ഗവൺമെന്റ് പ്ലീഡർമാരായ അഡ്വ. പി.കെ. ശാന്തമ്മ, അഡ്വ. ലാലി വിൻസെന്റ് ഉൾപ്പെടെ പലരുടെയും സേവനം ഈ ആശയത്തെ പ്രാവർത്തികമാക്കാൻ സഹായകമായിരുന്നു.
100 ശതമാനം എസ്.സി ഫണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ കോളജാണിത്. അതിന്റെ 70 ശതമാനം സംവരണവും ആ സമൂഹത്തിൽനിന്നുള്ള വിദ്യാർഥികൾക്കുവേണ്ടി മാറ്റിവെക്കുന്നു. ഇതിനു കാരണമുണ്ട്. രാജ്യത്ത് നിരവധി സ്വകാര്യ-സ്വാശ്രയ വിദേശ മെഡിക്കൽ കോളജുകളുണ്ട്. പലപ്പോഴും പണമില്ലാത്തതിനാൽ എസ്.സി/ എസ്.ടി വിഭാഗം വിദ്യാർഥികൾക്ക് അവിടെ പ്രവേശനം ലഭിക്കാതെ വരുന്നു. ഈ അന്തരം പരിഹരിക്കുക എന്നതായിരുന്നു പാലക്കാട് മെഡിക്കൽ കോളജിന്റെ ലക്ഷ്യം. 70 ശതമാനം എസ്.സി വിഭാഗത്തിനും 10 ശതമാനം എസ്.ടി വിഭാഗത്തിനും മെഡിക്കൽ പഠനത്തിനുള്ള സീറ്റ് എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ, ഈ ലക്ഷ്യം കാലാകാലങ്ങളായി അട്ടിമറിക്കപ്പെടുന്നതിന്റെ ചരിത്രമാണ് നാം കാണുന്നത്.
2020ലെ വിദ്യാർഥികളുടെ അവകാശ സമരം
2020ലാണ് പാലക്കാട് മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒരു സമരം ജനശ്രദ്ധയിൽ വരുന്നത്. അന്ന് കോവിഡ് കാലമായിരുന്നു. അതിനുമുമ്പ് 2018ൽ പാലക്കാട് മെഡിക്കൽ കോളജ് പൂർണസജ്ജമായി പ്രവർത്തനം ആരംഭിക്കണമെന്നും വിദ്യാർഥികളുടെ പഠനം സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ മറ്റൊരു സമരം നടത്തിയിരുന്നു. ഗ്രാന്റുകളും മറ്റും വർഷങ്ങളോളം മുടങ്ങുന്ന പശ്ചാത്തലത്തിലാണ് 2020ലെ ഈ സമരം. വിദ്യാർഥികൾ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമായിരുന്നു. അതുപോലെ മതിയായ അധ്യാപകർ ഉണ്ടായിരുന്നില്ല.
2020ലാണ് ഈ അവസ്ഥ പൊതുസമൂഹം അറിയുന്നതും തുറന്ന സമരമായി മാറിത്തീരുന്നതും. അന്ന് പി.ടി.എ കമ്മിറ്റി അംഗമായ ഡോ. എൻ.പി. ബാബുരാജിന്റെ മുൻകൈയിൽ ഒരു സമിതി രൂപവത്കരിക്കുകയും സാഹോദര്യ സമത്വ സംഘം എന്ന കൂട്ടായ്മയുമായി സഹകരിച്ചുകൊണ്ട് കേരളത്തിലെ എല്ലാ എസ്.സി/എസ്.ടി സാമുദായിക പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി മൂന്ന് ഓൺലൈൻ മീറ്റിങ്ങുകൾ നടത്തി.. പ്രസ്തുത മീറ്റിങ്ങിൽ വിദ്യാർഥികളുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി സോണൽ മീറ്റിങ്ങുകളെത്തുടർന്ന് ഒരു സംരക്ഷണ സമിതി വിപുലമായി രൂപപ്പെടുത്തുകയും ചെയ്തു. എം.എൽ.എ ഷാഫി പറമ്പിൽ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സബ്മിഷൻ ഉന്നയിച്ചു. ഇതേത്തുടർന്ന് പാലക്കാട് മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാന്റുകളും മറ്റും വകയിരുത്തി വകുപ്പുമന്ത്രിയുടെ പ്രസ്താവന വന്നു. മെഡിക്കൽ കോളജ് നേരിടുന്ന വിഷയങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പ്രവർത്തനം സുഗമമാക്കാൻ അധികാരികൾക്കു സാധിച്ചില്ല.
സമിതി ചെയർമാൻ ഡോ. എൻ.പി. ബാബുരാജിന്റെയും സാഹോദര്യ സമത്വ സംഘത്തിന്റെയും മുൻകൈയിൽ ഈ വിഷയം കേരള ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമമുണ്ടായി എന്നാണ് അവർ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു അവകാശ കൺവെൻഷൻ നടത്തി. ഈ ഘട്ടത്തിൽ വിദ്യാർഥികൾ ഉന്നയിച്ചിരുന്ന മറ്റൊരു പ്രധാന പ്രശ്നം അവർക്ക് ക്ലിനിക് വിസിറ്റിനുള്ള സംവിധാനത്തിന്റെ അപര്യാപ്തത സംബന്ധിച്ചുള്ളതായിരുന്നു. അമ്പത് ഏക്കർ ഭൂമിയാണ് ഈ മെഡിക്കൽ കോളജിനായി മാറ്റിെവച്ചത് എങ്കിൽ അതിൽനിന്നും അഞ്ചേക്കർ ഭൂമി സാംസ്കാരിക വകുപ്പിന് നൽകിക്കൊണ്ട് ഭൂമിയുടെ നഷ്ടം ഉണ്ടാക്കാനും അധികാരികൾക്ക് കഴിഞ്ഞു. അതോടൊപ്പം വിവിധ എസ്.സി/ എസ്.ടി കൂട്ടായ്മകളും ദലിത് സംഘടനകളും മെഡിക്കൽ കോളജിന് നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുവേണ്ടി നിയമയുദ്ധമാരംഭിച്ചു. എങ്കിലും അധികാരികളിൽനിന്നും അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെട്ടില്ല.
നഴ്സിങ് വിദ്യാർഥികളുടെ പ്രവേശനവും സംവരണ അട്ടിമറിയും
ഈ ഘട്ടത്തിലാണ് നഴ്സിങ് വിദ്യാർഥികളുടെ അഡ്മിഷൻ പാലക്കാട് മെഡിക്കൽ കോളജിൽ ആരംഭിക്കുന്നത്. ഇതിനായി നിലവിലെ ലക്ഷ്യത്തെ മറികടന്ന് ഒരു നഴ്സിങ് കോളജ് ആരംഭിച്ചു. നിലവിലെ ലക്ഷ്യവും ബൈലോയും അനുസരിച്ച് 70 ശതമാനം സീറ്റുകൾ എസ്.സി വിഭാഗത്തിനും എസ്.ടി വിഭാഗത്തിനും ലഭിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഫണ്ട് ലഭ്യമാകുന്നത്. എന്നാൽ, അത് അട്ടിമറിക്കപ്പെട്ടു. വെറും 8 ശതമാനം സീറ്റ് മാത്രം എസ്.സി വിഭാഗത്തിനും 2 ശതമാനം സീറ്റ് എസ്.ടി വിഭാഗത്തിനും പരിമിതപ്പെടുത്തിയാണ് അട്ടിമറി നടത്തിയത്. മാത്രവുമല്ല, 10 ശതമാനം എസ്.ടി മെഡിക്കൽ സീറ്റ് ഒഴിവാക്കുകയും 2 ശതമാനം മെഡിക്കൽ സീറ്റിലേക്ക് പരിമിതിപ്പെടുത്തുകയുംചെയ്തു. ഇതാകട്ടെ ദേശീയതലത്തിൽ എസ്.ടി മെഡിക്കൽ വിദ്യാർഥികൾക്കുള്ള അവസരം നഷ്ടപ്പെടുത്തുന്ന തീരുമാനമായി മാറി. ഇത്തരം പ്രവർത്തനങ്ങൾ ഒരു തുറന്ന സംവരണ അട്ടിമറിയായി മാറിത്തീർന്നു.
എസ്.സി വകുപ്പിന്റെ പണം ചെലവഴിക്കുന്ന സ്ഥാപനത്തിന്റെ ബൈലോയിൽ എസ്.സി/എസ്.ടി മെഡിക്കൽ വിദ്യാർഥികൾക്കാണ് സംവരണം എന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, എസ്.സി/ എസ്.ടി നഴ്സിങ് വിദ്യാർഥികളുടെ അഡ്മിഷനിൽ സംവരണം പറഞ്ഞിട്ടില്ല എന്ന വാദം ഉയർത്തി 2023 ബാച്ചിൽ ജനറൽ സ്വഭാവത്തിൽ അഡ്മിഷൻ നടത്തി. അങ്ങനെ 80 ശതമാനം സംവരണം എസ്.സി/എസ്.ടി വിഭാഗത്തിന് നഷ്ടമാക്കിയത് അധികാരികളുടെയും വകുപ്പിന്റെയും ശ്രദ്ധയിൽപെടുത്തി. അപ്പോൾ അവർ അടുത്തഘട്ടത്തിൽ തിരുത്താൻ ശ്രമിക്കാം എന്ന നിലപാട് സ്വീകരിച്ചതെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമാവുന്നു. എന്നാൽ, നാളിതുവരെ ഈ കാര്യത്തിൽ തിരുത്തൽ വരുത്തിയിട്ടില്ല.
എന്തുകൊണ്ട് അട്ടിമറി?
ഇവിടെ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വകാര്യ, സ്വാശ്രയ മാനേജ്മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ പ്രസ്തുത മാനേജ്മെന്റുകളുടെ താൽപര്യം ലംഘിക്കാറുണ്ടോ? ഇല്ല എന്നാവും ഉത്തരം. അത്തരം സംവിധാനങ്ങളിൽ അതത് മാനേജ്മെന്റുകളും സമുദായങ്ങളും അവരുടെ താൽപര്യങ്ങൾ യഥാസമയം നിലനിർത്തിവരുന്നു. എന്നാൽ, 100 ശതമാനം എസ്.സി ഫണ്ടുകൊണ്ട് പ്രവർത്തിക്കുന്നതും 100 ശതമാനം എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് ഗുണകരമാകേണ്ടതുമായ ഈ സ്ഥാപനത്തിന്റെ ഓരോ ഘട്ടത്തിലും സംവരണ അട്ടിമറി നടക്കുന്നു. നഴ്സിങ് വിദ്യാർഥികളുടെ അഡ്മിഷന്റെ കാര്യത്തിൽ ഇതാണ് നടന്നത്.
അധികാരികൾ പറഞ്ഞ ന്യായങ്ങളിലൊന്ന് വിചിത്രമാണ്. ബൈലോയിൽ മെഡിക്കൽ വിദ്യാർഥികൾക്ക് 100 ശതമാനം എസ്.സി/ എസ്.ടി റിസർവേഷൻ എന്നേ പറയുന്നുള്ളൂ , എസ്.സി/ എസ്.ടി നഴ്സിങ് വിദ്യാർഥികളുടെ കാര്യം പറയുന്നില്ല എന്നാണ്. ഇനി അടുത്ത ഘട്ടത്തിൽ ഇതുപോലെ നിരവധി പഴുതുകൾ സൃഷ്ടിച്ചുകൊണ്ട് പാലക്കാട് മെഡിക്കൽ കോളജിന്റെ പ്രഖ്യാപിത ലക്ഷ്യം അട്ടിമറിക്കാൻ സാധിക്കും. ഇവിടെ സംവരണം അട്ടിമറിക്കാൻ ലഭിച്ച പഴുത് അധികാരികൾ ഭംഗിയായി ഉപയോഗിച്ചു.. വകുപ്പ് തലവന്മാരും കലക്ടറും ജനപ്രതിനിധികളും ഉൾപ്പെടുന്ന സമിതി എന്തുകൊണ്ട് എസ്.സി/എസ്.ടി വിഭാഗത്തിലെ നഴ്സിങ് വിദ്യാർഥികളുടെ പഠനം എന്നനിലയിൽ ഇവിടെ ബൈലോയിൽ പുതിയ കൂട്ടിച്ചേർക്കൽ നടത്തുകയും, അതിലൂടെ എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് അനുകൂലമാക്കിമാറ്റുകയും ചെയ്യുന്നില്ല എന്ന ചോദ്യം പ്രസക്തമായി അവശേഷിക്കുന്നു. അധ്യാപക നിയമനങ്ങളിലും ഇതേ റിസർവേഷൻ അട്ടിമറി പലപ്പോഴും കാണാൻ കഴിയും.
സീവേജ് പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങളും പ്രതിഷേധവും
ഇതിനിടയിലാണ് 2022 വർഷത്തിൽ വിദ്യാർഥികൾക്ക് വീണ്ടും സമരം ചെയ്യേണ്ടിവന്നത്. പാലക്കാട് നഗരത്തിലെ മാലിന്യങ്ങൾ ഡംപ് ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്ന സീവേജ് പ്ലാന്റ് ഈ കാമ്പസിൽ കൊണ്ടുവരാനുള്ള നീക്കമായിരുന്നു അത്. ആയിരക്കണക്കിന് ജനങ്ങൾ വന്നുപോകുന്നതും ഭാവിയിൽ വികസിക്കേണ്ടതുമായ ഒരു മെഡിക്കൽ കോളജ് കാമ്പസിലാണ് നഗരമാലിന്യം കൊണ്ടിറക്കുന്ന ഒരു സ്ഥലമാക്കാൻ അധികാരികൾ ശ്രമിച്ചത്. .2024 ജൂണിലും വിദ്യാർഥികൾക്ക് വീണ്ടും സമരം ചെയ്യേണ്ടിവന്നു.
ലക്ഷങ്ങൾ മുടക്കി പൂർത്തിയാക്കിയ കെട്ടിടങ്ങൾ, ആശുപത്രി ഉപകരണങ്ങൾ ഇവയൊക്കെയും ഇപ്പോഴും ഉപയോഗശൂന്യമാണ്. ഇന്നും പാലക്കാട് നിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ കോയമ്പത്തൂരിലേക്കോ തൃശൂരിലേക്കോ പോകേണ്ടിവരുന്ന അവസ്ഥ. അതേസമയം, ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ടുന്ന മെഡിക്കൽ കോളജ് അധികാരികളുടെ താൽപര്യക്കുറവ് ഒന്നുകൊണ്ടു മാത്രം ലക്ഷ്യത്തിലെത്താതെ നിൽക്കുന്നു. ഈ ഘട്ടത്തിലാണ് വിദ്യാർഥികൾ വീണ്ടും സമരത്തിനിറങ്ങിയത്. പൂർണമായി പ്രവർത്തനസജ്ജമാക്കി, മെഡിക്കൽ കോളജ് ജനങ്ങൾക്കായി ഉപയോഗപ്രദമാക്കുക എന്ന കർത്തവ്യമാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് എന്ന് വിദ്യാർഥികൾ പറയുന്നു.
ആവശ്യത്തിന് അധ്യാപകരെ നിയോഗിക്കുക, ഓപറേഷൻ തിയറ്റർ, അത്യാഹിതവിഭാഗം, കിടത്തിചികിത്സാ വാർഡ്, റേഡിയോളജി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് പാലക്കാട് ജില്ലയിലെയും മറ്റു പരിസര പ്രദേശത്തെയും ജനങ്ങൾക്ക് പ്രയോജനകരമാക്കുന്ന ഒരു മികച്ച സ്ഥാപനമായി പാലക്കാട് മെഡിക്കൽ കോളജിനെ മാറ്റുകയുമാണ് വേണ്ടത്. അതുപോലെ നഴ്സിങ് കോളജിന്റെ പ്രവേശനത്തിലും 70 ശതമാനം എസ്.സി/ എസ്.ടി സംവരണം ഉറപ്പാക്കേണ്ടതുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ സുരക്ഷിതത്വം നൽകാനും നമ്മുടെ ഭരണസംവിധാനം ജാഗരൂകത പാലിക്കേണ്ടതുണ്ട്. പാലക്കാട് മെഡിക്കൽ കോളജിൽ 50 ശതമാനം തൊഴിൽ സംവരണവും എസ്.സി/ എസ്.ടി മെഡിക്കൽ-നഴ്സിങ് ഉദ്യോഗാർഥികൾക്ക് ലഭിക്കാൻ ഉതകുന്ന തീരുമാനവും അതിന്റെ ബൈലോയിൽ എഴുതിച്ചേർക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതിന്റെ ലക്ഷ്യം പൂവണിയൂ.