ചാറ്റ്ജിപിടി മാധ്യമം ആഴ്ചപ്പതിപ്പിനെയും മാധ്യമം വീക്ക്ലി വെബ്സീനെയും വിലയിരുത്തുന്നു
മാധ്യമം ആഴ്ചപ്പതിപ്പിനെക്കുറിച്ചും മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീനെക്കുറിച്ചും ചാറ്റ്ജിപിടിക്ക് പറയാനുള്ളത്മാധ്യമം ആഴ്ചപ്പതിപ്പ്മലയാളത്തിലെ പ്രമുഖ മാഗസിനുകളിലൊന്നാണ് മാധ്യമം ആഴ്ചപ്പതിപ്പ്. കേരളത്തിലെ മുൻനിര മാധ്യമസ്ഥാപനങ്ങളിലൊന്നായ ‘മാധ്യമം’ ഗ്രൂപ്പിൽനിന്നുമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ, സാംസ്കാരികം, സാഹിത്യം,...
Your Subscription Supports Independent Journalism
View Plansമാധ്യമം ആഴ്ചപ്പതിപ്പിനെക്കുറിച്ചും മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീനെക്കുറിച്ചും ചാറ്റ്ജിപിടിക്ക് പറയാനുള്ളത്
മാധ്യമം ആഴ്ചപ്പതിപ്പ്
മലയാളത്തിലെ പ്രമുഖ മാഗസിനുകളിലൊന്നാണ് മാധ്യമം ആഴ്ചപ്പതിപ്പ്. കേരളത്തിലെ മുൻനിര മാധ്യമസ്ഥാപനങ്ങളിലൊന്നായ ‘മാധ്യമം’ ഗ്രൂപ്പിൽനിന്നുമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ, സാംസ്കാരികം, സാഹിത്യം, വിനോദം അടക്കമുള്ള വൈവിധ്യമായ വിഷയങ്ങൾ മാഗസിൻ ഉൾക്കൊള്ളുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി പ്രസിദ്ധീകരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിന് കേരളത്തിലുടനീളവും ലോകത്തെല്ലായിടത്തുമുള്ള മലയാളി പ്രവാസികൾക്കിടയിലും വലിയ വായനക്കാരുണ്ട്. ആഴത്തിലുള്ള റിപ്പോർട്ടിങ്ങിനും ഉൾക്കാഴ്ചയുള്ള വിശകലനത്തിലും ഉയർന്ന ഗുണമേന്മ പുലർത്തുന്ന എഴുത്തിനും ഈ മാഗസിൻ പേരു കേട്ടിട്ടുണ്ട്. വിവിധ മാധ്യമ അവാർഡുകൾ ഈ മാഗസിൻ നേടിയിട്ടുണ്ട്. ഡിജിറ്റൽ രംഗത്തും മാധ്യമം ആഴ്ചപ്പതിപ്പ് ശക്തമായ സാന്നിധ്യമായി നിലനിൽക്കുന്നു.
മാധ്യമം വീക്ക് ലി വെബ്സീൻ
മാധ്യമം വീക്ക് ലി വെബ്സീൻ മലയാളത്തിൽ പ്രവർത്തിക്കുന്ന പ്രധാന വെബ്സീനുകളിലൊന്നാണ്. ഇതിലൂടെ മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കാൻ സാധിക്കുന്നു. രാഷ്ട്രീയം, സമൂഹം, കല, സംസ്കാരം, സാഹിത്യം അടക്കമുള്ളവയിലെ ആഴത്തിലുള്ള വിശകലനങ്ങളാണ് ഇത് നൽകുന്നത്. കേരളത്തിലെ മുൻനിര മാധ്യമസ്ഥാപനങ്ങളിലൊന്നായ ‘മാധ്യമ’ത്തിൽനിന്നുമാണ് ഈ വെബ്സീൻ പബ്ലിഷ് ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് അനായാസം ഉപയോഗിക്കാവുന്ന തരത്തിലാണ് വെബ്സൈറ്റിന്റെ നിർമാണം. ഇതിന്റെ പ്രിന്റ് രൂപം കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഉടനീളം പ്രചാരത്തിലുണ്ട്.
കുടിവെള്ളം ഒഴുകിയകലുകയല്ല; ഒഴുക്കിക്കളയുന്നു
കുടിവെള്ളം കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഗൗരവമേറിയ ആ വിഷയത്തിന്റെ വായനയിലേക്കാണ് ഷംനാസ് കാലായിൽ ‘കുടിവെള്ളം ഒഴുകി അകലുന്നു’ എന്ന ലേഖനത്തിലൂടെ (ലക്കം:1305) വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. മൂന്നാം ലോകയുദ്ധം ഉണ്ടാകുന്നുവെങ്കിൽ അത് വെള്ളവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ പ്രസ്താവിക്കപ്പെട്ടു കഴിഞ്ഞു. കുടിവെള്ളത്തിനായുള്ള കടിപിടി ലോകത്തിന്റെ ഏതു കോണിലും കാണാമെന്നായി. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ ആകമാനംതന്നെ കുടിവെള്ള പദ്ധതികളെ വിദേശ ശക്തികൾക്കും സ്വകാര്യ മേഖലക്കും തീറെഴുതിക്കൊടുത്ത് സാധാരണക്കാരന് കുടിവെള്ളം മുട്ടിക്കുന്നതിന്റെ അരക്ഷിതാവസ്ഥയും ലേഖനത്തിൽനിന്ന് വായിച്ചെടുക്കാൻ കഴിയും.
കേരള ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും തുറന്നുകാണിക്കുന്നതിലും ലേഖനം വിജയിച്ചിരിക്കുന്നു. കേരളത്തിൽ ജലവിതരണത്തിന്റെ പൂർണ ചുമതലയുള്ള കേരള ജല അതോറിറ്റി അവർ വിതരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ ജലം വെറുതെ ഒഴുക്കിക്കളയുന്നുണ്ടെന്ന് ഒരുപക്ഷേ കന്യാകുമാരി മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പൊട്ടിയ പൈപ്പുകൾ വഴിയും റോഡുകൾ വെട്ടിപ്പൊളിച്ചുമൊക്കെ അത്രകണ്ട് കുടിവെള്ളം ഇവിടെ ഒഴുക്കിക്കളയുന്നുണ്ട്. ഇതൊക്കെ കേവലം കേൾക്കുന്നു, കാണുന്നു, പറഞ്ഞുപോകുന്നുവെന്നല്ലാതെ ആരുംതന്നെ വേണ്ടത്ര കാര്യമായെടുക്കാറില്ല എന്നതാണ് വാസ്തവം. ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന വസ്തുത ജല അതോറിറ്റി പിരിച്ചെടുക്കാൻ വിമുഖത കാണിക്കുന്ന വെള്ളക്കരമാണ്. കെ.എസ്.ഇ.ബി വൈദ്യുതി ചാർജ് അടപ്പിക്കുന്നതിലേക്കായി എല്ലാ വർഷവും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിച്ച് നാടുനീളെ കറന്റ് ചാർജ് അടക്കുന്നതിനെ ഓർമിപ്പിക്കുന്നു. കൃത്യമായി അടച്ചില്ലെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതായി മുന്നറിയിപ്പ് നൽകുന്നു. തദ്ദേശസ്ഥാപനങ്ങളാകട്ടെ സാമ്പത്തിക വർഷാവസാനം ആകുമ്പോഴേക്കും നികുതി കുടിശ്ശിക പിരിക്കുന്നതിന് പലവിധ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. ഉദ്യോഗസ്ഥർ ഓരോ വാർഡിലും പ്രത്യേകം ക്യാമ്പുകൾ തുറന്ന് പരമാവധി നികുതി പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്നു. വാഹനങ്ങളിൽ ഉച്ചഭാഷിണിയിലൂടെയുള്ള അനൗൺസ്മെന്റ് വേറെ. ഇതിനെല്ലാം മുന്നോടിയായിട്ട് ഡിമാൻഡ് നോട്ടീസ് നേരിട്ട് വീടുകളിൽ എത്തിക്കുന്നു. ഈ സ്ഥാപനങ്ങളിലെയെല്ലാം ജീവനക്കാർ അഹോരാത്രം പണിയെടുത്താണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നത്. ഈ പ്രവർത്തനങ്ങളൊക്കെ മാതൃകയാക്കിയാൽ ജല അതോറിറ്റിക്കും ഒരു വലിയ പരിധിവരെ കിട്ടാക്കുറ്റികൾ പിരിച്ചെടുക്കാനാകും. സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് ഏറ്റവും കൂടുതൽ വെള്ളക്കരം അടക്കാനുള്ളതെങ്കിൽ ‘വേലിതന്നെ വിളവു തിന്നുന്നു’ എന്നേ പറയാനുള്ളൂ.
‘വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രെ’ എന്നു പറഞ്ഞ സാമുവൽ കോൾറിഡ്ജിന്റെ വാക്കുകൾ മാറ്റി പറയേണ്ട സാഹചര്യമാണിന്നുള്ളത്. വിദേശ ശക്തിക്കും സ്വകാര്യമേഖലക്കുമൊെക്കയായി കുടിവെള്ളത്തെ അടിയറവെക്കുമ്പോൾ, വെള്ളം സർവത്ര പോയിട്ട് കാറ്റ് വരുന്ന പൈപ്പിന്റെ ചുവട്ടിൽ കുടവുമായി നിൽക്കുന്ന വീട്ടമ്മമാരുടെ ദയനീയ ചിത്രം കേരളം കണി കണ്ട് ഉണരാൻ തുടങ്ങിയിട്ട് നാളേറെയായി. ജലവിതരണത്തിന് നിയുക്തമായ ജല അതോറിറ്റി നോക്കുകുത്തി കൂടിയാകുമ്പോൾ ചിത്രം പൂർണം.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
ജലസ്നേഹം വർധിക്കട്ടെ
സാമുവല്‍ ടെയ്ലര് കോൾറിഡ്ജിന്റെ പ്രശസ്തമായൊരു കവിത തുടങ്ങുന്നത് ‘വെള്ളം വെള്ളം സര്‍വത്ര/ തുള്ളി കുടിക്കാനില്ല’ എന്നാണ്. 1834ല്‍ എഴുതപ്പെട്ട ഈ കവിത ഒന്നര നൂറ്റാണ്ട് പിന്നിട്ട് ഇപ്പോഴും പ്രസക്തമായി നില്ക്കുന്നു. കപ്പല്‍ഛേദത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു നാവികന്റെ ആത്മഗതമായ ഈ വാക്കുകള്‍ ഇന്നത്തെ കപ്പല്ഛേദത്തില്പെടാത്ത മനുഷ്യര്‍ക്കും ബാധകമായിരിക്കുന്നു. ഒരു തുള്ളി കുടിവെള്ളത്തിനായി കൊച്ചിക്കാര് നെട്ടോട്ടമോടുമ്പോള്‍ ഷംനാസ് കാലായില്‍ എഴുതിയ ‘കുടിവെള്ളം ഒഴുകി അകലുന്നു’ എന്ന റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നു – ( മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1305). നമ്മുടെ കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനംപ്രതി മലിനമാവുകയാണ്. മലിനമാവാത്തവയെല്ലാം അന്യാധീനപ്പെടുകയാണ്. ഗ്യാസും കറന്റുംപോലെ കുടിവെള്ളത്തിനും പ്രാണവായുവിനും വിലകൊടുക്കണമെന്ന ഒരു സ്ഥിതിയിലേക്ക് പോവുകയാണ് കേരളം.
‘‘ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും...’’ എന്ന ഇഞ്ചിക്കോട് ബാലചന്ദ്രന്റെ വരികള്‍ സജീവമായി നില്ക്കുന്നു.
കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി 44 നദികളും പുഴകളും ആറുകളും ഒഴുകിയിട്ടും നമ്മുടെ നാട് ദിനംപ്രതിയെന്നോണം വരണ്ടുകൊണ്ടിരിക്കുന്നു. അതിന് ആക്കംകൂട്ടാന്‍ കേന്ദ്രവും സംസ്ഥാനവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജലനയങ്ങള്‍ മനുഷ്യരെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിനായി കിലോമീറ്ററോളം നടന്നുനീങ്ങാൻ വിധിക്കപ്പെട്ട സ്ത്രീകളും കുഞ്ഞുങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖമുദ്രയായിരിക്കുന്നതുപോലെ നമ്മുടെ നാടും നീങ്ങുകയാണോ? ഇക്കൊല്ലത്തെ കൊടുംചൂടും വറുതിയും നമ്മെ എങ്ങോട്ടാണ് കൊണ്ടുപോവുക എന്നറിയില്ല. സര്‍ക്കാറിന്റെ ജലനയങ്ങളെ എതിര്‍ത്തു തോൽപിക്കുകയല്ല പകരം നമ്മുടെ വശത്തുനിന്നും ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുകയാണ് വേണ്ടത്. ജല ലഭ്യതക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജലധൂര്‍ത്ത് ഒഴിവാക്കുക, ജലാശയങ്ങളെ മലിനപ്പെടുത്താതിരിക്കുക ഇതൊക്കെയാണ് നമ്മള് ചെയ്യേണ്ട കാര്യങ്ങള്‍. സാധിക്കുന്നിടത്തോളം മഴവെള്ള സംഭരണികള്‍ നിർമിക്കാനും കണ്ണിന്റെ കൃഷ്ണമണിപോലെ അവയെ സംരക്ഷിക്കാനും നമ്മള് ശ്രദ്ധിക്കണം. ജലം ജീവനാണ്, ജലമില്ലെങ്കില്‍ ചരാചരങ്ങള്‍ ഇല്ല എന്ന സത്യം മറക്കാതിരിക്കട്ടെ. കൃത്യമായ സമയത്ത് കൃത്യതയോടെ എഴുതിയ ഈ ലേഖനം ജനങ്ങളിലെ ജലസ്നേഹം വർധിപ്പിക്കാന്‍ ഇടയാക്കും എന്നാശംസിക്കുന്നു.
സണ്ണി ജോസഫ്, മാള
മുത്തങ്ങ ഓർമിപ്പിക്കുന്നത്
തീക്ഷ്ണമായ ഓർമകൾ അവശേഷിപ്പിച്ച് 20 വർഷം മുമ്പ് ആദിവാസികൾ മണ്ണിനായി മുത്തങ്ങയിൽ നടത്തിയ ഐതിഹാസിക സമരത്തിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച്, ഭൂമിക്കുമേൽ ഇന്ത്യയിലെ ആദിവാസികൾക്കുള്ള ഭരണഘടനാപരമായും അല്ലാതെയുമുള്ള അധികാരങ്ങളെക്കുറിച്ച്, ആദിവാസികളോടുള്ള ഭരണവർഗത്തിന്റെയും പൊതുസമൂഹത്തിന്റെയും വികലമായ കാഴ്ചപ്പാടുകളെക്കുറിച്ച് ആഴ്ചപ്പതിപ്പ് (ലക്കം: 1304) നടത്തിയ ഇടപെടൽ മുത്തങ്ങ സമരത്തിന്റെ ചരിത്രപരമായ ഏടുകളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കാൻ ഒരിക്കൽകൂടി പ്രാപ്തമാക്കി.
‘തുടക്കം’, ആർ. സുനിലിന്റെ ലേഖനം, സമരവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ച് അഡ്വ. പ്രീത, അഡ്വ. റഷീദ്, ‘മാധ്യമം’ ലേഖകനായിരുന്ന വി. മുഹമ്മദ് ശരീഫ് എന്നിവർ എഴുതിയ ലേഖനങ്ങൾ, സമരത്തിനിടെ പൊലീസിന്റെ അടിയേറ്റ് തലപൊട്ടിയ, അന്ന് പിഞ്ചുകുഞ്ഞായിരുന്ന വിഷ്ണുവിന്റെ അനുഭവം എന്നിവ മുത്തങ്ങ സമരത്തിന്റെ ചരിത്രത്തെ ബോധ്യപ്പെടുത്തി. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും, അതേസമയം നമ്മുടെ ജനാധിപത്യ സംസ്കാരത്തിനേറ്റ ഏറ്റവും വലിയ മുറിവായും മുത്തങ്ങ സമരം അടയാളപ്പെടുത്തപ്പെട്ടു. തിരിഞ്ഞുനോക്കുമ്പോൾ, ആദിവാസികളുടെ മനസ്സിലും ശരീരത്തിലും ഏറ്റ വ്രണങ്ങൾ ഇന്നും ഉണങ്ങാതെ കിടക്കുന്നു എന്ന വസ്തുതയാണ് നമ്മെ അസ്വസ്ഥരും ദുഃഖിതരുമാക്കുന്നത്.
മുത്തങ്ങയിൽ വെടിവെപ്പ് നടന്ന 2003 ഫെബ്രുവരി 19ന് ഏകദേശം ഒന്നരമാസം മുമ്പുതന്നെ, തങ്ങളുടെ ഭൂമി തിരികെ ചോദിച്ച് ആദിവാസികൾ മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ച് ചുറ്റും കൃഷി നടത്തുന്നതിനായി വിത്തിട്ട് തുടങ്ങിയിരുന്നു. ഇക്കാര്യം വയനാട് കലക്ടർ ജനുവരി അഞ്ചിനുതന്നെ സർക്കാറിനെ അറിയിക്കുകയും ചെയ്തു. സർക്കാറിൽനിന്നും മറുപടിയില്ലാതായപ്പോൾ വീണ്ടും വീണ്ടും കലക്ടർ സമരത്തെക്കുറിച്ച് സർക്കാറിന് യഥാസമയം അറിയിപ്പുകൾ കൊടുത്തെങ്കിലും, ഒരു ഘട്ടത്തിലും കുടിൽകെട്ടി സമരം ചെയ്യുന്നവരുമായി സംസാരിക്കണമെന്ന നിർദേശം സർക്കാറിൽനിന്നും ലഭിച്ചില്ല എന്ന് കലക്ടർ പറയുന്നുണ്ട്. സർക്കാർ മുത്തങ്ങയിൽ തിരിഞ്ഞുനോക്കാത്തതിന്റെ ഒരു കാരണം, ആ സമയത്ത് കൊച്ചിയിൽ ഒരുങ്ങിവരുന്ന ആഗോള നിക്ഷേപ പദ്ധതി വിജയിപ്പിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രിയും പരിവാരങ്ങളും എന്നതിനാലാണ്. മണ്ണിനുവേണ്ടി സമരംചെയ്യുന്ന ആദിവാസികളുടെ സമരത്തെ സർക്കാർ ഗൗരവപൂർവം കണ്ടില്ലെന്ന് ചുരുക്കം. 45 ദിവസത്തോളം സമാധാനപരമായി സമരംചെയ്ത ആദിവാസികളുടെ നേർക്ക് നിറയൊഴിക്കാൻ സുരേഷ് രാജ് പുരോഹിത് എന്ന യു.പിക്കാരനായ പൊലീസ് ഓഫിസർക്ക് ആജ്ഞ കൊടുത്തത് കേരളത്തിൽ രാഷ്ട്രീയത്തിന്റെ സൗമ്യമുഖം എന്നറിയപ്പെടുന്ന എ.കെ. ആന്റണിയായിരുന്നു. ശരീരത്തിൽ ചോരയും നീരും അത്യാവശ്യത്തിനു പോലുമില്ലാത്ത ആദിവാസികളുടെ ചോര അങ്ങനെ സർക്കാർ വെടിയുണ്ടകൊണ്ട് ആദിവാസിമണ്ണിൽ തെറിച്ചുവീണു. 45 ദിവസം ഭൂമിയോളം ക്ഷമിച്ചതിനുശേഷം മാത്രമാണ് മുത്തങ്ങയിലേക്ക് പൊലീസിനെ അയച്ചതെന്നുള്ള മുഖ്യമന്ത്രിയുടെ കുമ്പസാരം സത്യത്തിനും നീതിക്കും നിരക്കാത്തതായിരുന്നു. മുത്തങ്ങ സംഭവം അറിഞ്ഞയുടൻ ഡൽഹിയിൽനിന്നും പറന്നെത്തി മുത്തങ്ങയിൽ ചെന്ന് ആദിവാസികളോടും പൊതുജനങ്ങളോടും സംസാരിച്ചതിനുശേഷം അരുന്ധതി റോയി എ.കെ. ആന്റണിക്ക് എഴുതിയ കത്തിൽ ‘‘അങ്ങയുടെ കൈയിൽ ചോരപ്പാടുണ്ട്’’ എന്നെഴുതിയിരുന്നു. അന്ന് ആദിവാസി വിരുദ്ധ നിലപാട് സ്വീകരിച്ചവരിൽ മുഖ്യമന്ത്രിക്ക് പിറകെ പട്ടികവർഗ വകുപ്പ് മന്ത്രി എം.എ. കുട്ടപ്പനും വനംവകുപ്പ് മന്ത്രി കെ. സുധാകരനും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും കാട് വെട്ടിപ്പിടിച്ച കുടിയേറ്റക്കാരും പൊതുജനങ്ങളും ചില പരിസ്ഥിതി പ്രവർത്തകരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ സി പി.എമ്മും ബി.ജെ.പിയും ആദിവാസികൾക്ക് ഒപ്പം നിന്നില്ല എന്നു മാത്രമല്ല, ആദിവാസികളെ പ്രതിയാക്കുന്നതിൽ എല്ലാവരും താൽപര്യം കാണിക്കുകയുംചെയ്തു. കുടിയേറ്റ കൂട്ടുകെട്ട് ആദിവാസികൾക്ക് നേരെ കൊടിയ മർദനമാണ് അഴിച്ചുവിട്ടത്. വനത്തിൽ സന്ധിസംഭാഷണത്തിനായി ‘മലയാള മനോരമ’യിലെ ജോസ് സെബാസ്റ്റ്യനെ അയക്കാമെന്ന് പൊലീസ് പറഞ്ഞപ്പോൾ ഒറ്റുകാരനെ ഞങ്ങൾക്കാവശ്യമില്ല എന്ന് സമരക്കാർ പറഞ്ഞതിന്റെ പൊരുൾ ഫെബ്രുവരി 20ന്റെ ‘മനോരമ’ പത്രം കാണിച്ചുതന്നു. ‘ലക്ഷ്യമിട്ടത് മാണിയെയും കുഞ്ഞാലിക്കുട്ടിയെയും റാഞ്ചാൻ’ എന്നായിരുന്നു ആ പത്രത്തിന്റെ അന്നത്തെ മുഖ്യ തലക്കെട്ട്. അന്നേദിവസം ഈ കുറിപ്പ് എഴുതുന്ന ആൾ പ്രസ്തുത തലക്കെട്ടിനെ ചൊല്ലി ‘മനോരമ’ പത്രത്തിന്റെ എഡിറ്ററുമായി ദീർഘനേരം കലഹിച്ചതോർമ വരുന്നു. പ്രകൃതിയോടൊപ്പം ജൈവസമൃദ്ധിയിൽ സ്വന്തം വ്യവസ്ഥിതിയിൽ ആയിരത്താണ്ടുകളായി ജീവിച്ചുപോരുന്ന ആദിവാസികളെ പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും അസ്വാതന്ത്ര്യത്തിന്റെയും തീക്ഷ്ണാനുഭവങ്ങളിലേക്ക് എടുത്തെറിഞ്ഞതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഇവിടത്തെ ഭരണകൂടങ്ങൾക്കും മുഖ്യധാരക്കുമാണ്. ഏതു ദൈവത്തിന്റെ മുന്നിൽനിന്ന് മുട്ടുകുത്തി പ്രാർഥിച്ചാലും ഒരു ദൈവവും പൊറുക്കാത്ത നിരന്തരമായ ക്രൂരതകളാണ് ഈ പരിഷ്കൃത സമൂഹം ആദിവാസികളോട് കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കാനുള്ള കഴിവും അധികാര രാഷ്ട്രീയത്തിൽ വിജയിക്കാനാവശ്യമായ കാപട്യവും ഇവർക്കില്ലാത്തതാണ് മറ്റൊരു ജനവിഭാഗത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത കൊടുംക്രൂരതകൾ ഇവർ ഇന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കേണ്ടിവരുന്നതിന്റെ മുഖ്യകാരണം. ഗീതാനന്ദനെപ്പോലുള്ള ആത്മാർഥതയുള്ള നേതാക്കൾ ഇന്നും സമരപാതയിൽ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിയ പട്ടിണിസമരത്തെ തുടർന്നാണ് ഭൂരഹിതരായ ആദിവാസികൾക്കായി 2001 ഒക്ടോബർ 9ന് ആദിവാസി പുനരുദ്ധാരണ മിഷൻ നടപ്പാക്കിയത്. അന്ന് മുഖ്യമന്ത്രി നൽകിയ നിരവധി വാഗ്ദാനങ്ങളിൽ ഒരേക്കർ മുതൽ 5 ഏക്കർ വരെ ഭൂമി ആദിവാസികൾക്ക് നൽകുമെന്ന് ഉറപ്പുമുണ്ടായിരുന്നു. എന്നാൽ, 21 വർഷം കഴിഞ്ഞ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സർക്കാറിന്റെ ‘വിഷ’നിൽ എത്രമാത്രം ചതിയുണ്ടായിരുന്നു എന്നും എത്തരത്തിലൊക്കെ ആദിവാസികൾ ഇന്നും പറ്റിക്കപ്പെടുന്നുവെന്നുമുള്ളതിന്റെ ബാക്കിപത്രമായി ഈ ‘മിഷൻ’ കടലാസിൽ ഒതുങ്ങിനിൽക്കുന്നു. ആദിവാസികളെ പറ്റിക്കുന്നതിൽ കേരളത്തിലെ ഇടതനും വലതനും മത്സരിക്കുകയാണ്. കേരളത്തിൽ ആദിവാസികൾക്കിടയിൽ നടക്കുന്ന വംശീയ ഉന്മൂലന പ്രക്രിയകളുടെ പൂർണ ഉത്തരവാദിത്തം മാറിമാറി കേരളം ഭരിച്ച ഭരണകൂടങ്ങൾക്കാണ്. കഴിഞ്ഞവർഷം ജൂലൈയിൽ അട്ടപ്പാടി മുരുഗള ഊരിൽ ശിശുമരണം ഉണ്ടായപ്പോൾ (2022ലെ ഏഴാമത്തെ ശിശുമരണം) പ്രതിപക്ഷം ഇറങ്ങിപ്പോക്കു നടത്തി. യു.ഡി.എഫ് ഭരണകാലത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ ശിശുമരണങ്ങൾ നടന്നതെന്ന ‘ചുട്ട മറുപടി’ കൊടുത്താണ് പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണനും ആരോഗ്യമന്ത്രി വീണ ജോർജും പ്രതിപക്ഷത്തെ അന്ന് പ്രതിരോധിച്ചത്! നിലമ്പൂരിനടുത്ത കക്കാടംപൊയിൽ, വെണ്ടേക്കുംപൊയിൽ, വാളാംതോട് എന്നിവിടങ്ങളിൽ ആദിവാസികുട്ടികൾക്കിടയിൽ ബാലവേല നിലനിൽക്കുന്നു എന്ന് ആരോപിച്ച് ഒരു പൊതുപ്രവർത്തകൻ പട്ടികവർഗ വകുപ്പിനും ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലിനും പരാതി നൽകിയെങ്കിലും കാര്യമായി ഇടപെടലുകൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടായില്ല. മുത്തങ്ങ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഡയറ്റ് അധ്യാപകനെ അന്നത്തെ ആന്റണി പൊലീസ് തല്ലിച്ചതച്ചപ്പോൾ അതിനെതിരെ പ്രതിഷേധിച്ചവർ ഇന്ന് കേരളം ഭരിക്കുന്നു. രണ്ട് പതിറ്റാണ്ടിന്റെ നിയമ പോരാട്ടത്തിനൊടുവിൽ കോടതി അദ്ദേഹത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചപ്പോൾ, അത് കൊടുക്കാതെ അതിലും വലിയ തുക ചെലവഴിച്ച് അപ്പീലിനു പോയി, കേരളം ഭരിക്കുന്ന പിണറായി സർക്കാർ.
ആദിവാസികളെ മുഖ്യധാരയിൽ എത്തിക്കണം എന്നത് കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ കപട മുദ്രാവാക്യമാണ്. അവർ രാജ്യത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്നവരാണെന്ന് ഇവർക്ക് അറിയാഞ്ഞിട്ടല്ല ഇത്തരം കപട സന്ദേശങ്ങൾ ഇവർ ആവർത്തിച്ചുരുവിടുന്നത്. മഹാശ്വേതാദേവി ഒരു പരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെ സദസ്സിൽനിന്നും ഒരാൾ ആദിവാസികളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനെപ്പറ്റി ചോദിച്ചു. സമുദ്രത്തെ ഒരു തോട്ടിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയാണോ നിങ്ങൾ ചോദിച്ചതെന്ന് അവർ തിരിച്ചു ചോദിച്ചു. നമ്മുടെ മുന്നിലേത് ഒരു കടലാണ്, പുറമേ ശാന്തവും അകത്ത് പ്രക്ഷുബ്ധവുമായ ഒരു കടൽ എന്നാണ് ആദിവാസികളെ അവർ വിശേഷിപ്പിച്ചത്. ഇത് മനസ്സിലാക്കാതെയാണ് കൈയേറ്റവും കുടിയേറ്റവും ഒരുപോലെയല്ല എന്ന് 2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മണ്ണിൽ പണിയെടുക്കുന്നവരുടെ വേദന മനസ്സിലാക്കി അവർക്ക് ആശ്വാസം പകരാൻ ശ്രമിക്കണമെന്ന് ഉദ്ഘോഷിച്ച പിണറായി വിജയൻ, ആരാണ് മണ്ണിന്റെ യഥാർഥ അവകാശി എന്നു പറയുന്നില്ല.
ആദിവാസി ഇന്നും കേരളമണ്ണിൽ നിൽപ് തുടരുകയാണ്, തട്ടിപ്പറിച്ചെടുക്കപ്പെട്ട അവന്റെ ഭൂമിക്കുവേണ്ടി, അവനുവേണ്ടി മെനഞ്ഞെടുത്ത ‘പെസ’യും വനാവകാശ നിയമവും അധികാരം ൈകയാളുന്നവർ എന്നെങ്കിലും നടപ്പാക്കുമെന്നുള്ള ആശയിലും വിശ്വാസത്തിലും!
പി.ടി. വേലായുധൻ ഇരിങ്ങത്ത്, പയ്യോളി
പെരിയസ്വാമിയുടെ അന്ത്യം
പെരിയസ്വാമിയുടെ അന്ത്യമാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന (ലക്കം: 1305) രതീഷ് പാണ്ടനാടിന്റെ കവിതയുടെ പ്രമേയം. കന്നി സ്വാമിമാർ/ പിന്നെയും/ മല കയറി... പക്ഷേ ആരുടെ വീട്ടിൽനിന്നും/ പെണ്ണുങ്ങൾ/മറ്റു വീടുകളിലേക്ക് മാറി താമസിച്ചില്ല എന്നീ വരികളോടുകൂടി ആശയപരമായി വലിയ ചർച്ച ആവശ്യമായി വരുന്ന തലത്തിലേക്കെത്തുന്നു. മാലേമിട്ടില്ല, കെഴക്കോട്ട് എന്നിങ്ങനെയുള്ള വാക്കുകൾ ഭാഷ ഓണാട്ടുകര വാമൊഴിയോടടുപ്പിക്കുന്നു. ഞാത്തിയ, ദണ്ണം തുടങ്ങിയ പ്രാദേശിക/ഗ്രാമ്യപദങ്ങളും ശ്രദ്ധേയമാണ്. നിലവിളികൾ തമ്മിലുരഞ്ഞാ മഴയിൽ നിന്നനിൽപ്പിലൊരു വീടു കത്തുന്നു, മുടന്തിനീങ്ങിയ വിശ്വാസത്തിന്റെ വിടവ്, ഞങ്ങൾ ജീവനുള്ള പഗോഡകൾ എന്നീ ചാരുതയാർന്ന പ്രയോഗങ്ങൾ കവിതയെ മികച്ച നിലവാരത്തിലേക്കുയർത്തുന്നു.
കൃഷ്ണകുമാർ കാരയ്ക്കാട്, ചെങ്ങന്നൂർ
"വൈ ഷുഡ് ഐ ബീ ഫ്രീ... ഹൂ വാണ്ട്സ് ഫ്രീഡം?’
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘മതിലുകൾ’ വായിക്കുന്നത്. വായിച്ചിട്ട് തരിച്ചിരുന്നുപോയ വരികളാണ്.
ഞാനന്ന് ഒരു ആൺ സ്കൂളിലാണ് പഠിക്കുന്നത്. അയൽപക്കത്തെ പെൺപള്ളിക്കൂടത്തിലെ മതിലിനപ്പുറത്തുള്ള നാരായണിമാരെ ഓർത്ത് നെടുവീർപ്പിടുന്നത് എന്റെ ശീലമായിരുന്നു.
വെറുമൊരു പ്രണയകഥ മാത്രമായി ഞാനന്ന് മനസ്സിലാക്കിയിരുന്ന മതിലുകൾ സത്യത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സത്തയെയും സംബന്ധിക്കുന്ന അഗാധങ്ങളായ ചിന്തകൾ വഹിക്കുന്ന ഒരു കൃതിയാണെന്ന് പിന്നീടാണ് പിടികിട്ടിയത്.
മമ്മൂക്കയടക്കമുള്ള അഭിനേതാക്കളുടെ പ്രകടനങ്ങൾ വളരെ ഇഷ്ടമാണെങ്കിലും ബഷീറിനെ വായിച്ച ഒരാൾക്ക് അടൂരിനെ ആ അളവിൽ ഇഷ്ടപ്പെടുമോ എന്ന് എനിക്ക് സംശയമാണ്.
നോവലും സിനിമയും രണ്ടു മാധ്യമങ്ങളാണ്. രണ്ടിനെയും താരതമ്യം ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ട്.
പക്ഷേ, രണ്ടും നമുക്ക് നൽകിയ ആനന്ദത്തിന്റെയും ആത്മവിമലീകരണത്തിന്റെയും അളവ് പരിശോധിക്കാമല്ലോ.
പറയാനുദ്ദേശിച്ചത് ‘മതിലുകളെ’ക്കുറിച്ചല്ല. പക്ഷേ, പറഞ്ഞുവന്നപ്പോൾ അങ്ങനെയായിപ്പോയി.
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1306) പി. ജിംഷാർ എഴുതിയ ‘Slowly’ എന്ന കഥയിലും മതിലുകളെക്കുറിച്ചല്ല പറയുന്നത്.
പക്ഷേ, കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ മുഴുവൻ മതിലുകളെക്കുറിച്ചുള്ള ചിന്തയാണ് നിറയുന്നത്.
ബഷീറിന്റെ ‘മതിലുകളെ’ക്കുറിച്ച് മാത്രമല്ല മനുഷ്യരുടെ സ്നേഹത്തെ വേർതിരിക്കുന്ന കനത്ത കന്മതിലുകളെക്കുറിച്ചും ജിംഷാറിന്റെ കഥ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കും.
വർഗവും വർണവും മതവും ദേശവും രാഷ്ട്രവും ലിംഗവുമൊക്കെ മനുഷ്യരെ വേർതിരിക്കുന്ന കനത്ത മതിലുകളാകും ചിലപ്പോൾ. സ്നേഹമെന്ന ഭാഷയെ പാടേ റദ്ദാക്കിക്കളയുന്ന മതിലുകൾ.
മതിലുകളാൽ വിഭജിക്കപ്പെട്ട രണ്ട് ഹൃദയങ്ങളുടെ കഥയിൽ ബഷീറിനെയും നാരായണിയെയും ബ്ലെൻഡ് ചെയ്ത ജിംഷാറിന്റെ ക്രാഫ്റ്റിന് ഒരു കുതിരപ്പവൻ കൊടുക്കാവുന്നതാണ്.
ബിപിൻ ചന്ദ്രൻ (ഫേസ്ബുക്ക്)
പത്മരാജന് പുരസ്കാരം
പി. പത്മരാജന് ട്രസ്റ്റിന്റെ 2022ലെ പത്മരാജന് ചലച്ചിത്ര/ സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന് (25000 രൂപ, ശില്പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍. 2022ല്‍ സെന്‍സര്‍ ചെയ്ത സിനിമകളും ഒ.ടി.ടികളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. ഡി.വി.ഡി/ബ്ലൂറേ ഡിസ്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്.
2022ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവല്‍ പുരസ്കാരത്തിനു പരിഗണിക്കുക (20,000 രൂപ ശില്പം, പ്രശസ്തിപത്രം). നോവലുകളുടെ മൂന്നു കോപ്പി അയക്കണം. 15,000 രൂപ, ശില്പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്ന കഥാപുരസ്കാരത്തിന് 2022ല്‍ മലയാള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്നു പകര്‍പ്പുകൾ അയക്കണം. പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ നിർദേശിക്കാം. സംവിധായകന്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വെക്കണം. എന്‍ട്രികള്‍ തിരിച്ചയക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. വിലാസം: വിജയകൃഷ്ണന്, ചെയര്മാന്, പി. പത്മരാജന് ട്രസ്റ്റ്, അമ്പാടി ലെയ്ന്‍, പൂജപ്പുര, തിരുവനന്തപുരം. ഫോണ്‍: 8547355154.