വിദേശ വാർത്തകളിൽ കാണാത്തത്
എന്തുകൊണ്ടാണ് അമേരിക്കൻ മാധ്യമങ്ങൾ ഫലസ്തീൻ വാർത്ത തമസ്കരിക്കുന്നതെന്ന അന്വേഷണം എത്തിച്ചത്, ആ മാധ്യമങ്ങൾക്കുമേൽ ഇസ്രായേലി ലോബിയുടെ സ്വാധീനത്തെപ്പറ്റിയുള്ള ബോധ്യത്തിലാണ്.
മാർച്ച് 7ലെ പത്രങ്ങളിൽ ധാരാളം വിദേശ വാർത്തകൾ കണ്ടു. മാർച്ച് 6ലെ സംഭവങ്ങൾ. റഷ്യൻ കൂലിപ്പട്ടാളം, ബെലറൂസ് പ്രതിപക്ഷ നേതാവിന് തടവ്, പാകിസ്താനിൽ ചാവേർ സ്ഫോടനം, ഈജിപ്തിലെ ക്രിപ്റ്റോ തട്ടിപ്പ്, ഇന്തോനേഷ്യയിലെ മണ്ണിടിച്ചിൽ, ഇംറാൻഖാന് മാധ്യമവിലക്ക്, റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം, തായ്വാൻ പുനരേകീകരണം, ഇന്ത്യൻ വംശജ യു.എസിൽ ജഡ്ജി, കുവൈത്ത് പ്രധാനമന്ത്രി തുടരും, ദുബൈയിൽ ഡെലിവറി ജീവനക്കാർക്ക് വഴിയോര വിശ്രമകേന്ദ്രം, ദോഹയിൽ അവികസിത രാജ്യങ്ങളുടെ സമ്മേളനം, കൊറിയൻ പ്രധാനമന്ത്രിയുടെയും ഇറാൻ നേതാവ് ഖാംനഇയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെയും പ്രസ്താവനകൾ, അഫ്ഗാൻ പെൺകുട്ടികൾക്ക് സർവകലാശാല വിലക്ക് തുടരും... വിവിധ പത്രങ്ങളിൽ ചെറുതും വലുതുമായ അനേകം വിദേശ വാർത്തകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അസർബൈജാൻ വെടിവെപ്പ്, ഘാനയിൽ ബസും ട്രക്കും ഇടിച്ച് 22 പേർ മരിച്ചത്, മലേഷ്യയിൽ വെള്ളപ്പൊക്കം തുടങ്ങി കുറെ ദുരന്തവാർത്തകളും കാണാം.
എത്ര തിരഞ്ഞാലും കാണാത്ത ഒരു വാക്കുണ്ട് – ഫലസ്തീൻ. വാർത്ത ഇല്ലാത്തതുകൊണ്ടാകുമോ അത്?
മാർച്ച് 6ന് ഫലസ്തീനിൽ നടന്ന സംഭവങ്ങളിൽ ചിലത് ഇതാ: ഇസ്രായേലി പട്ടാളം ഫലസ്തീൻകാരുടെ കൃഷിഭൂമി ബുൾഡോസർ ഉപയോഗിച്ച് തകർത്തു, ഇസ്രായേലി കുടിയേറ്റക്കാർ 80 ഒലിവ് തൈകൾ പിഴുതുകളഞ്ഞു, ഏഴ് വീടുകൾ തകർത്തു, ഒരു കുട്ടി ഉൾപ്പെടെ 10 ഫലസ്തീൻകാരെ ഇസ്രായേലി പട്ടാളം തട്ടിക്കൊണ്ടുപോയി...
ഫലസ്തീൻകാരെ കൊല്ലുന്നത് നിത്യസംഭവമാണ്. മാർച്ച് 2 വരെയുള്ള കണക്കനുസരിച്ച് 2023ൽ ഇസ്രായേലികൾ കൊന്ന ഫലസ്തീൻകാരുടെ എണ്ണം 66ഓ അതിൽ കൂടുതലോ ആണ് – ഇതിൽ 13 പേർ കുട്ടികളാണ്.
ഇസ്രായേലിൽ നെതന്യാഹു സർക്കാറിനെതിരെ പ്രക്ഷോഭം നടക്കുന്നു. ഇസ്രായേലിന്റെ സയണിസ്റ്റ് ഭീകരതക്കെതിരെ പലരും രംഗത്തു വരുന്നുണ്ട്. മാർച്ച് നാലിന് നോം ചോംസ്കി പറഞ്ഞത്, ‘‘ഇസ്രായേലിന്റേത് അപാർതൈറ്റിനേക്കാൾ ഭീകരമാണ്.’’ ഇതൊന്നും വാർത്തകളിൽ കണ്ടില്ല.
വാർത്തകളിലെ ഈ അസ്വാഭാവികതതന്നെ വലിയ വാർത്തയാകേണ്ടതല്ലേ? ആ വഴിക്ക് അന്വേഷണം നടത്തി, സ്വന്തമായി വെബ്സൈറ്റ് ഇതിനായി തുടങ്ങിയ ഒരു അമേരിക്കൻ വനിതയുണ്ട് – ആലിസൺ വെയർ.
അവരുടെ വെബ്സൈറ്റിന്റെ പേരുതന്നെ, അമേരിക്കക്കാർ നേരറിഞ്ഞിരുന്നെങ്കിൽ ഇസ്രായേലിനെ തുണക്കുമായിരുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ്. ലോകത്ത് പലരും ഇസ്രായേലിനെ പിന്തുണക്കുന്നത് യാഥാർഥ്യം അറിയാത്തതുകൊണ്ടുതന്നെ. ഈ അറിവില്ലായ്മ എങ്ങനെ ഉണ്ടായി, ആരുണ്ടാക്കി എന്നും ആലിസൺ അന്വേഷിച്ചു.
അറിയാതിരിക്കുക എന്ന നയം
22 വർഷം മുമ്പ് വരെ ആലിസൺ വെയർ കാലിഫോർണിയയിൽ ഒരു പ്രാദേശിക പത്രത്തിന്റെ ലേഖികയായിരുന്നു. അതിനിടക്ക്, 2000ൽ ഫലസ്തീൻ ജനത നടത്തുന്ന ‘രണ്ടാം ഇൻതിഫാദ’ പ്രക്ഷോഭം വാർത്തകളിൽ വന്നത് അവർ ശ്രദ്ധിച്ചു. മറ്റു ഫലസ്തീൻ വാർത്തകൾപോലെ ഇതും അമേരിക്കൻ പത്രങ്ങളിൽനിന്ന് അതിവേഗം കാണാതായെങ്കിലും ആലിസന്റെ മനസ്സിൽ അത് ജിജ്ഞാസയുണർത്തി.
കാര്യമെന്തെന്നറിയാനായി അവർ, കിട്ടിയ എല്ലാ അമേരിക്കൻ മാധ്യമങ്ങളിലും ഇൻതിഫാദയുമായി ബന്ധപ്പെട്ട വാർത്തകൾ പരതി. അപ്പോഴാണ് ഒരു വസ്തുത അവരുടെ ശ്രദ്ധയിൽപെടുന്നത്: അമേരിക്കൻ മാധ്യമങ്ങളിലെ ഫലസ്തീൻ വാർത്തകൾ മിക്കവാറും എല്ലാംതന്നെ ഏകപക്ഷീയമാണ് – ഇസ്രായേൽ പക്ഷ വാർത്തകളാണ് മഹാഭൂരിപക്ഷവും. ഫലസ്തീന്റെ പക്ഷം വാർത്തയിലെത്തുന്നില്ല; വന്നാൽതന്നെ നന്നേ കുറച്ചു മാത്രം.
കൂടുതൽ വിവരത്തിനായി അവർ ഇന്റർനെറ്റിൽ വിശദമായി തിരഞ്ഞു. അവരുടെ അമ്പരപ്പ് വർധിച്ചു. ഇസ്രായേൽ സൈന്യം പതിവായി ഫലസ്തീനിലെ നിരായുധരായ മനുഷ്യരെ (സ്ത്രീകളെയും കുട്ടികളെയും അടക്കം) കൊന്നുകൊണ്ടിരിക്കുന്നു. തലക്ക് വെടിയേറ്റു മരിച്ച കുഞ്ഞുങ്ങൾ തന്നെ നിരവധി.
ഇസ്രായേൽ പക്ഷത്തും മരണമുണ്ടെങ്കിലും അത് കൊല്ലപ്പെടുന്ന ഫലസ്തീൻകാരുമായി തട്ടിച്ചാൽ നന്നേ കുറവ്. മാത്രമല്ല, ഇസ്രായേലികൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ എല്ലാംതന്നെ നടന്നത് അനേകം ഫലസ്തീനികൾ കൊല്ലപ്പെട്ടതിനുശേഷം മാത്രം. 90ലധികം ഫലസ്തീനി കുട്ടികൾ കൊല്ലപ്പെട്ട ശേഷമാണ് ഒരു ഇസ്രായേലി കുട്ടി കൊല്ലപ്പെടുന്നത് എന്ന് കണ്ടു. സ്വന്തം നാട്ടിൽ ഇസ്രായേലി വെടിയുണ്ടകളേറ്റ് 140ൽപരം ഫലസ്തീൻകാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേലിൽ ആരെങ്കിലും കൊല്ലപ്പെടുന്നത്. എന്നാലോ, അമേരിക്കൻ മാധ്യമങ്ങൾ നൽകുന്ന ധാരണ ഇതല്ല.
ദിവസം 80 ലക്ഷം ഡോളർ എന്ന തോതിൽ അക്കാലത്തുതന്നെ അമേരിക്ക ഇസ്രായേലിന് ‘സഹായം’ നൽകുന്നുണ്ടായിരുന്നു (ആ തുക പിന്നീടുള്ള വർഷങ്ങളിൽ കൂടിവന്നിട്ടേയുള്ളൂ. ഇന്ന് ഓരോ ദിവസവും ഒരു കോടി 10 ലക്ഷം ഡോളർ എന്നതോതിൽ ഇസ്രായേലിന് അമേരിക്കൻ ധനസഹായമെത്തുന്നുണ്ട്). തങ്ങളുടെ നികുതിപ്പണംകൊണ്ട് അമേരിക്ക നൽകുന്ന ഈ ‘സഹായ’മുപയോഗിച്ച് ഇസ്രായേൽ കാട്ടിക്കൂട്ടുന്ന അനീതി എത്ര വലുതാണെന്ന് അമേരിക്കക്കാർ അറിയുന്നില്ല. ഈ അറിവില്ലായ്മ അമേരിക്കൻ മാധ്യമങ്ങൾ ബോധപൂർവം സ്വീകരിച്ച അജണ്ടയാണെന്ന് ആലിസൺ തിരിച്ചറിഞ്ഞു. ‘അമേരിക്കക്കാരെങ്ങാനും അറിഞ്ഞാൽ’ (If Americans Knew) എന്ന പേരിൽ അവർ വെബ്സൈറ്റ് തുടങ്ങാൻ കാരണം അതാണ് (ifamericansknew.org). അമേരിക്കക്കാരെ അറിയിക്കൽ തന്റെ ദൗത്യമായി അവർ അങ്ങനെ ഏറ്റെടുത്തു. ലാഭം ലക്ഷ്യമാക്കാത്ത, പൊതു സംഭാവനകൾകൊണ്ട് നടത്തപ്പെടുന്ന വെബ്സൈറ്റാണ് ‘ഇഫ് അമേരിക്കൻസ് ന്യൂ’.
എന്തുകൊണ്ടാണ് അമേരിക്കൻ മാധ്യമങ്ങൾ ഫലസ്തീൻ വാർത്ത തമസ്കരിക്കുന്നതെന്ന അന്വേഷണം അവരെ എത്തിച്ചത്, അമേരിക്കൻ വാർത്താമാധ്യമങ്ങൾക്കും ഏജൻസികൾക്കും മേൽ (അതുവഴി ആഗോള മാധ്യമങ്ങൾക്കുമേലും) ഇസ്രായേലി ലോബിയുടെ അസാധാരണമായ സ്വാധീനത്തെപ്പറ്റിയുള്ള ബോധ്യത്തിലാണ്.
റിപ്പോർട്ടർമാർ മുതൽ എഡിറ്റർമാർ വരെ, അസംഖ്യം മാധ്യമപ്രവർത്തകർക്ക് ഇസ്രായേലി ഭരണകൂടവുമായും സൈന്യവുമായും ലോബിയുമായും നേരിട്ടുള്ള (ഒളിഞ്ഞതും തെളിഞ്ഞതുമായ) ബന്ധങ്ങളുണ്ടെന്ന് അവർ കണ്ടെത്തി. ഈ യു.എസ് ജേണലിസ്റ്റുകളിൽ ഒരുപാട് പേർ ഇസ്രായേലി പൗരന്മാരാണ് – വേറെ കുറെ പേർ ഇസ്രായേലി പൗരന്മാരെ വിവാഹം ചെയ്തവരും. ഇതവർ വെളിപ്പെടുത്താറില്ല.
ഫലസ്തീൻ-ഇസ്രായേൽ മേഖലയിലെ വാർത്തകൾ മിക്കവാറുമെല്ലാം അസോസിയേറ്റഡ് പ്രസ് (എ.പി) വാർത്താ ഏജൻസി നൽകുന്നതാണ്. എ.പി ഓഫിസ് ഇസ്രായേലിലാണെന്ന് മാത്രമല്ല, അതിലുള്ളവർ ഇസ്രായേലി (മിക്കവാറും ജൂത) ജേണലിസ്റ്റുകളുമാണ്. മാത്രമല്ല, ഈ ജേണലിസ്റ്റുകളിൽ ഒട്ടെല്ലാവരും ഇസ്രായേലി പട്ടാളത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്നവരുമാണ്.
മാധ്യമങ്ങളിലെ ഇസ്രായേൽ ലോബി
ആലിസൺ വെയർ ന്യൂയോർക് ടൈംസ് ജേണലിസ്റ്റുകളെപ്പറ്റി പഠിച്ചു. ഇസ്രായേലി-ഫലസ്തീൻ ഏറ്റുമുട്ടലുകളെപ്പറ്റി റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ബ്യൂറോ മേധാവിയുടെ മകൻ ഇസ്രായേലി പട്ടാളക്കാരനാണ്. മകൻ അടങ്ങുന്ന പട്ടാളത്തിന്റെ ക്രൂരതകളെപ്പറ്റി റിപ്പോർട്ട് ചെയ്യേണ്ടത് ആ പട്ടാളക്കാരന്റെ അച്ഛനാണ്! യു.എസ് മാധ്യമങ്ങൾക്കെല്ലാം ഇങ്ങനെ ഇസ്രായേലി പട്ടാളവുമായി വ്യക്തിപരവും വൈകാരികവുമായ ബന്ധമുണ്ടെന്നും ആലിസൺ കണ്ടെത്തി.
അതു മാത്രവുമല്ല, ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടറായിരിക്കെതന്നെ ടൈംസ് ജീവനക്കാരനായും പ്രവർത്തിച്ച ഒരാളെയെങ്കിലും അവർ കണ്ടുപിടിച്ചു. 40 വർഷമായി മേഖലയിൽനിന്ന് യു.എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് എന്ന പത്രത്തിന് വാർത്തകൾ അയച്ചുകൊടുത്ത ഒരാളുണ്ടായിരുന്നു. അയാളുടെ മകൻ ഇസ്രായേലി സൈന്യത്തിൽ പ്രവർത്തിക്കുമ്പോഴും അയാൾ റിപ്പോർട്ടുകളയച്ചു.
പത്രങ്ങളിലും ടി.വി ചാനലുകളിലും ‘മധ്യ പൗരസ്ത്യ’ വിശകലനം നടത്തിവന്ന ജെഫ്രി ഗോൾഡ്ബെർഗ്, മുമ്പ് ഇസ്രായേലി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഇസ്രായേലി പൗരനാണ്. ഇസ്രായേലി സൈനികനായും പിന്നീട് ലോബിയിസ്റ്റായുമൊക്കെ പ്രവർത്തിച്ച വൂൾഫ് ബ്ലിറ്റ്സർക്ക് സി.എൻ.എൻ വാർത്താ അവതാരകനാകാനും തടസ്സമൊന്നുമുണ്ടായില്ല. എൻ.പി.ആർ റിപ്പോർട്ടറായി ദീർഘകാലം ജോലിചെയ്ത വനിതയുടെ ഭർത്താവ് ഇസ്രായേൽ സൈനികനായിരുന്നു. ടൈം മാഗസിന്റെ ബ്യൂറോ മേധാവി ഇസ്രായേൽ പൗരനായിരുന്നു.
അന്ന് മാത്രമല്ല, ഇന്നും ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. ഫലസ്തീൻകാരുടെ ശബ്ദം കേൾക്കാതാകുന്നതും ഇസ്രായേലിലെ സയണിസ്റ്റ് സർക്കാറിന്റെ ശബ്ദം പതിന്മടങ്ങ് ഉച്ചത്തിൽ കേൾക്കുന്നതും ഇതുകൊണ്ടാണെന്ന് ആലിസൺ കണ്ടു.
അവർ ചില സ്ഥിതിവിവരക്കണക്കുകൾ നോക്കി. ഈ ധാരണ ശരിയാണെന്ന് അവയും സ്ഥിരീകരിച്ചു. രണ്ട് ഉദാഹരണങ്ങൾ: കൊല്ലപ്പെടുന്നവരെപ്പറ്റിയുള്ള വാർത്തകളിൽ ന്യൂയോർക് ടൈംസ് അടക്കം പ്രകടമായ വിവേചനം കാട്ടുന്നു. ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെടുന്ന വാർത്തക്ക് നൽകുന്നതിന്റെ ഏഴിരട്ടി പ്രാധാന്യം ഇസ്രായേലി കുട്ടികളുടെ മരണത്തിന് ടൈംസ് നൽകുന്നു. വാർത്താ ചാനലുകളിലെ പ്രൈം ടൈം ന്യൂസിലെത്തുമ്പോൾ ഈ വിവേചനം പിന്നെയും കൂടും: ഫലസ്തീനി കുട്ടികൾക്ക് നൽകുന്നതിന്റെ 14 ഇരട്ടി പ്രാധാന്യമാണ് ഇസ്രായേലികൾക്ക് നൽകുന്നത്.
അമേരിക്കൻ ജനതയിൽനിന്ന് യഥാർഥ വാർത്തകൾ മറച്ചുപിടിക്കുന്ന മാധ്യമങ്ങളാണ് മേഖലയിലെ അന്യായങ്ങൾക്ക് മുഖ്യകാരണമെന്ന് ആലിസൺ കരുതുന്നു. രണ്ടു പതിറ്റാണ്ടായി അവരുടെ വെബ്സൈറ്റായ ifamericansknew.org പാശ്ചാത്യ മാധ്യമങ്ങൾ മറച്ചുവെക്കുന്ന വാർത്തകൾ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുന്ന ജോലിയിലാണ്. യു.എസ് മാധ്യമങ്ങളിലെ ഇസ്രായേലി സ്വാധീനവും അവയുടെ ഇസ്രായേലി ചായ്വും മറച്ചുവെക്കുന്ന സത്യങ്ങൾ.
ഫലസ്തീൻ വാർത്തകൾക്കായി പാശ്ചാത്യ വാർത്താ ഏജൻസികളെ ആശ്രയിക്കുന്നത് നിർത്തുകയാണ് നമ്മുടെ മാധ്യമങ്ങൾക്ക് ചെയ്യാവുന്നത്. ഇന്റർനെറ്റ് മാധ്യമങ്ങളിലാണ് ഫലസ്തീനെ കാണാനാവുക. അവിടെനിന്നുവേണം ആധികാരികമായ ഫലസ്തീൻ വാർത്തകൾ കണ്ടെത്താൻ. അപ്പോഴാണ് നെയ്മറിന്റെ കണങ്കാൽ പരിക്കിനേക്കാൾ വാർത്താപ്രാധാന്യം ഫലസ്തീനിലെ വംശഹത്യക്ക് ഉണ്ടല്ലോ എന്ന തിരിച്ചറിവ് മാധ്യമങ്ങൾക്കുണ്ടാവുക.