കോവിഡിയറ്റുകളുടെ മഹാഭാരതം
രാജ്യത്താകെ കോവിഡ് വ്യാപനം ശക്തമാകുേമ്പാൾ പ്രധാനമന്ത്രി േമാദിയും ഭരണാധികാരികളും എന്തുചെയ്യുകയാണ്? ആരാണ് ഇൗ മരണത്തിന് ഉത്തരവാദികൾ? രോഗത്തിന് എതിരെ എന്തുതരം പ്രതിരോധമാണ് നടക്കുന്നത്? -വിശകലനം.
നമ്മുടെ സമീപചരിത്രത്തിലെ ഒരു ടൈംലൈൻ ഈയിടെ ഒരു ചങ്ങാതി ക്രോഡീകരിച്ചു തന്നു:
2013 -ഹിന്ദുരാഷ്ട്ര് ബനായേംഗേ
2014 -അഖണ്ഡഭാരത് ബനായേംഗേ (ഇന്ത്യ + പി.ഒ.കെ)
2015 -ഡിജിറ്റൽ ഇന്ത്യ ബനായേംഗേ
2016 -കാഷ്ലെസ് ഇന്ത്യ ബനായേംഗേ
2017 -ബുള്ളറ്റ് ട്രെയിൻ വഹി ബനായേംഗേ
2018 -സ്റ്റാച്യു ഓഫ് യൂനിറ്റി ബനായേംഗേ
2019 -സെൻട്രൽ വിസ്ത ബനായേംഗേ
2020 -മന്ദിർ വഹി ബനായേംഗേ
ചങ്ങാതി ചോദിച്ചു, ഈ ദേശീയ നിർമാണ ഘോഷത്തിൽ എപ്പോഴെങ്കിലും ഒരാശുപത്രിയോ പള്ളിക്കൂടമോ പണിയുമെന്ന ഭീഷണി കേട്ടിട്ടുണ്ടോ? ഇല്ലേയില്ല. കാരണം; ഭാരതീയർ വികാസ്പുരുഷിന് വോട്ടുചെയ്തത് ആരോഗ്യരക്ഷക്കോ വിദ്യാഭ്യാസത്തിനോ വേണ്ടിയല്ല. അപ്പോൾപിന്നെ 2021ൽ ആശുപത്രിക്കിടക്ക കിട്ടുന്നില്ല, ഓക്സിജൻ സിലിണ്ടർ കിട്ടുന്നില്ല, ശവമടക്കാൻ ആറടി ഇടമില്ല എന്നൊക്കെ നിലവിളിക്കാൻ പൗരാവലിക്ക് എന്തു യോഗ്യത? കുറെ ജില്ലകളിൽ മാത്രം കോവിഡ് -19 മുഖം കാട്ടിയവാറെ ഒരു മുന്നറിയിപ്പും ആലോചനകളുമില്ലാതെ പൗരാവലിയെ ഒന്നടങ്കം കൂട്ടിലടച്ച ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചവർ, നിത്യം രണ്ടും മൂന്നും ലക്ഷം എന്ന കണക്കിന് വൈറസിെൻറ രണ്ടാം തരംഗം കൊടുമ്പിരിക്കൊണ്ടപ്പോൾ ങ ഞ ണ ന മ പറയുന്നു. ആരു ചോദിക്കാൻ, ഈ അടച്ചുപൂട്ടലും തുടർന്നുള്ള ഇടവേളയും ഉപയോഗപ്പെടുത്തി പ്രതീക്ഷിത രണ്ടാംവരവിനെ നേരിടാനുള്ള ചുറ്റുവട്ടമെന്തേ ഒരുക്കിയില്ല? ചോദിക്കാൻ പൗരാവലിക്ക് യോഗ്യതയില്ല. കാരണം, അച്ചുകുത്തുമരുന്ന് കയറ്റി അയച്ച് ലോകവേദിയിൽ ആരോഗ്യ സൂപ്പർ പവർ കളിച്ചപ്പോൾ നെഞ്ചുവിരിച്ച് ദേശാഭിമാനം വിജൃംഭിപ്പിച്ചവരാണ്. പാട്ട കൊട്ടിയും ചെരാത് തെളിച്ചും കൊറോണ -ഗോ മന്ത്രം ചൊല്ലിയും ഹേർഡ് ഇമ്യൂണിറ്റി ആർജിച്ചവരാണ്. ഈ ദിവ്യസാങ്കേതികത്വം കണ്ടുപിടിച്ച വികാസ്പുരുഷ് ആൻഡ് ടീം ഒരുത്തരവും നൽകില്ല. കാരണം, ഇപ്പറഞ്ഞ ഇടക്കാലയളവിൽ അവരുടെ മുഴുവൻ യന്ത്രവും ഉൗർജവും വിനിയോഗിച്ചത് രണ്ടേ രണ്ടു വികാസ യജ്ഞങ്ങൾക്കാണ്. ഒന്ന്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ അധികാരം കവരാൻ. രണ്ട്: പ്രതിയോഗികൾ ഭരിക്കുന്നിടങ്ങളിലെ അട്ടിമറിക്ക്.
ഗുണപാഠം: പൗരാവലിക്ക് വേണ്ടതെന്തോ അതിനാണ് വോട്ടിട്ടത്. ആയതിനാൽ, കിട്ടേണ്ടതെന്തോ അതൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നു, മലയാള പരിഭാഷ: യഥാ പ്രജ, തഥാ രാജ.
അപ്പോൾപിന്നെ, ലക്ഷണമൊത്ത ചക്കീ-ചങ്കരന്മാരായ ഈ രാജാക്കളും പ്രജകളും കൂടി ഇന്നിപ്പോൾ നെട്ടോട്ടമോടുന്നതെന്തേ? പ്രതികളെ രാജാക്കൾ കണ്ടുപിടിച്ചുകഴിഞ്ഞു. പുണ്യമഹാത്മാവായ യോഗി ആദിത്യനാഥിെൻറ സ്വന്തം ആരോഗ്യമന്ത്രി ബ്രജേഷ് പാഠക് തെൻറ ആരോഗ്യ സെക്രട്ടറിക്ക് ഒരിണ്ടാസു വിട്ടു -ഉദ്യോഗസ്ഥരാകെ പിണ്ണാക്കുമാടന്മാരാണെന്ന്. അതുകൊണ്ട് തലസ്ഥാനമായ ലഖ്നോവിൽപോലും വേണ്ടത്ര ടെസ്റ്റ് കിറ്റില്ല, ടെസ്റ്റ് ചെയ്താൽത്തന്നെ ഫലം കിട്ടാൻ ആറേഴുനാൾ പിടിക്കുന്നു; ആംബുലൻസില്ല, ഉള്ളവതന്നെ വിളിച്ചാൽ എത്തുക അഞ്ചുമണിക്കൂർ കഴിഞ്ഞ്. പ്രശസ്ത എഴുത്തുകാരൻ യോഗേഷ് പ്രവീൺ വൈറൽപനി പിടിച്ച് കുഴപ്പത്തിലായിരിക്കുന്നു, ഉടൻ ആംബുലൻസ് വേണം -ആരോഗ്യമന്ത്രി നേരിട്ടു വിളിക്കുന്നു, സാക്ഷാൽ യോഗീശ്വരനെ. യോഗി സമാധിയിലൊന്നുമായിരുന്നില്ല, പക്ഷേ, ശകടമെത്താൻ നാഴിക നാലുകഴിഞ്ഞ വകയിൽ സാഹിത്യകേസരി സമാധിയായി.
മധ്യപ്രദേശിൽ പഴിയത്രയും ചീഫ് സെക്രട്ടറിക്ക്. അവിടത്തെ മരണസംഖ്യ ഉദ്യോഗസ്ഥർ കുറച്ചുകാട്ടുന്നെന്ന് മുൻമന്ത്രി അജയ് വിഷ്ണോയുടെ ആക്രോശം. തലപ്പത്തിരിക്കുന്നത് ടിയാെൻറ സംഘചാലക്. ഇതൊരു സ്ഥിരംപംക്തിയാണെന്നും ഉന്നതശീർഷരുടെ കൽപന അനുസരിക്കലാണ് തെൻറ ധർമമെന്നും മറുവാക്ക് ചൊല്ലാൻ ഉദ്യോഗസ്ഥഭൃത്യനാവുമോ? വികാസ് പുരുഷെൻറ കാരുണ്യത്താൽ വേറിട്ട വികസിത റിപ്പബ്ലിക്കായിപ്പോയ ഗുജറാത്തിൽ കാര്യങ്ങൾ കൂടുതൽ കേമമായി. പനിക്കുള്ള കേവല ഗുളികയായ പാരസെറ്റമോൾ ഉറപ്പാക്കാൻ ഹൈകോടതിയുടെ കൽപന. മോദി ജന്മഭൂമിയായ അഹ്മദാബാദിൽ പ്രാണവായുക്ഷാമം. സംസ്ഥാന ബി.ജെ.പി മൂപ്പൻ സി.ആർ. പാട്ടീൽ നേരിട്ട് മരുന്നുവാങ്ങി രോഗികൾക്കു കൊടുക്കാനിറങ്ങുന്നു. അത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പിടിക്കുന്നില്ല. ഈ ഓണത്തിനിടക്കാണ് കേന്ദ്ര ശിങ്കിടിമന്ത്രി മുരളീധരെൻറ പുല്ലാങ്കുഴൽ വായന -കേരള മുഖ്യമന്ത്രി കോവിഡിയറ്റെന്ന്. പ്രത്യേകിച്ചൊരു പണിയുമില്ലാതെ തെക്കുവടക്കു ടൂറടിക്കാൻ ഭാഗ്യമുള്ളതുകൊണ്ട് ഇമ്മാതിരി പടക്കങ്ങൾ കൂടക്കൂടെ പൊട്ടിച്ചുകളിക്കുന്നു, പണിയെടുക്കുന്നവരെ ഭള്ളു വിളിച്ചു രസിക്കുന്നു. ചുരുക്കത്തിൽ, ഇപ്പോഴത്തെ അലമ്പിന് കാരണക്കാർ രാജ്യത്തെ ഉദ്യോഗസ്ഥരും പ്രതിപക്ഷ രാഷ്ട്രീയക്കാരും മാത്രമാണെന്നാണ് കേന്ദ്ര ഭരണകക്ഷി ഉദ്ഘോഷിക്കുന്നത്. വികാസ്പുരുഷെൻറ അമര തേജസ്സിെൻറ അച്ചുതണ്ടിൽ തങ്ങൾ നടത്തിവരുന്ന ബുദ്ധിപരമായ പദ്ധതികൾ ഇപ്പറഞ്ഞ ഇഡിയറ്റുകൾ കാരണം വെള്ളത്തിലാവുന്നു എന്ന് സാരം.
തരംഗം ഒന്ന് -ശ്രീധരൻപിള്ള ലൈൻ
കോവിഡ് ഇന്ത്യയിലിറങ്ങിയ നേരത്തു തുടങ്ങിയതാണ് ഈ ബൗദ്ധിക അധ്വാനം. ഏതാണ്ട് രണ്ടര മാസമെടുത്തു കേന്ദ്രബുജികൾക്ക് ഗോളമൊന്നു തിരിഞ്ഞുവരാൻ. അങ്ങനെയാണ് പാട്ടകൊട്ടലും ലോക്ഡൗണുംപോലുള്ള മഹാതന്ത്രങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. ആദ്യമേ തന്നെ, ശ്രീധരൻപിള്ള ലൈൻ അവലംബിച്ചു -ഇതൊരു 'സുവർണാവസര'മാണ്. അധികാരകേന്ദ്രീകരണം ചുളുവിലാക്കാനും സംസ്ഥാനങ്ങളെ വരച്ചവരയിൽ നിർത്താനും ആരോഗ്യം സംസ്ഥാന വിഷയമാണെന്നതൊക്കെ ഗ്രന്ഥപ്പശു. നാട്ടിൽ വൈറസിറങ്ങുേമ്പാൾ ടി ഗോമാതാവിനെ കേന്ദ്രതൊഴുത്തിൽ തളച്ചാൽ രാഷ്ട്രീയമേനി എടങ്ങേറില്ലാതെ കൊയ്യാം.
ദേശീയ ദുരന്തനിയമത്തിെൻറ ദണ്ഡും ഐ.സി.എം.ആർ എന്ന കയറുംകൊണ്ട് രാജ്യത്തെ ഒറ്റത്തൊഴുത്തിലാക്കി. പിന്നീടിങ്ങോട്ട് വികാസ്പുരുഷെൻറ സ്ഥിരം വിലാസലീല. ടിയാൻ രാഷ്ട്രീയ നേതാവു മാത്രമല്ല, വൈദ്യഗുരുവും ശാസ്ത്രജ്ഞനും സവർണനുമൊക്കെയായിക്കളയും. ഓരോ ചരിത്രസന്ധിക്കും ഓരോരോ കുപ്പായങ്ങൾ. അമേരിക്കക്ക് മരുന്നു കയറ്റി അയച്ചുകൊണ്ടാണ് തുടക്കം. അതുപിന്നെ 'ലോകത്തിെൻറ ഫാർമസി'യാണ് ഇന്ത്യ എന്ന വിളംബരത്തിലേക്ക് വിപുലപ്പെടുത്തി. കോവിഡ് പ്രതിരോധ വാക്സിൻ ആദ്യം കണ്ടുപിടിക്കുക ഈ ഫാർമസിയാകുമെന്ന ഭീഷണിയും മുഴക്കി. ഇതിനിടെ കേന്ദ്ര ഇഡിയറ്റുകളുടെ ബൗദ്ധിക പ്രവർത്തനം ചടുലമായ വകയിൽ നഗരങ്ങളിൽനിന്നുള്ള കൂട്ടപലായനങ്ങളും പോണവഴിക്കുള്ള ദാരുണമരണങ്ങളും പെരുകി വന്നു. ഗ്രാമങ്ങളിൽ പട്ടിണി പടർന്നു. പുരയിലടച്ചിട്ട പൗരാവലിക്ക് നിന്നുപെഴക്കാൻ കാശെത്തിക്കണമെന്ന മുറവിളി അന്തർദേശീയമായപ്പോൾ ധനമന്ത്രിണി മഹാപാക്കേജുകളിറക്കി. വാചാടോപംകൊണ്ട് നാട്ടാരുടെ കണ്ണു മഞ്ഞളിപ്പിച്ചു.
അനന്തരം കൂട്ടിക്കിഴിച്ചുനോക്കിയപ്പോൾ 95 ശതമാനം സഹായക്കിഴിയും വായ്പകളാണെന്ന് കുറച്ചുപേർക്ക് പിടികിട്ടി. എന്നുെവച്ചാൽ കോവിഡിെൻറ മറയിലുള്ള വായ്പാ മേള. അപ്പോൾപിന്നെ സംസ്ഥാനങ്ങളുടെ മാത്രം ബാധ്യതയായി പൗരസേവ. കേന്ദ്രം കൂടക്കൂടെ പ്രോട്ടോക്കോളിറക്കും, പുതുക്കും. വികാസ്പുരുഷ് സംസ്ഥാന മുഖ്യന്മാരെ വിഡിയോ വഴി ഉപദേശിക്കും. നാട്ടാരെ റേഡിയോ വഴിയും. ഏതായാലും ഒന്നാംതരംഗം കഴിഞ്ഞ സെപ്റ്റംബറോടെ തൽക്കാലമടങ്ങി -ഒരു ആദ്യതരംഗംകൊണ്ടു സാധിക്കാവുന്ന പണിയൊക്കെ വൈറസ് എടുത്തു. പിന്നെ തലേന്നുവരെയുള്ള ചരിത്രം അപ്പാടെ തൂത്തുമായ്ച്ച് വീണിടം വിദ്യയാക്കുന്ന പതിവു കലാപരിപാടിതന്നെയായി അരങ്ങത്ത്. ''നാമിതാ കോവിഡിെൻറ അന്ത്യം കുറിക്കുന്നു.'' പഠിച്ച വൈദ്യൻകൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിക്കുകയായി. അനുപല്ലവി പാടിയത് വൈദ്യഗണംപോലുമല്ല, സാക്ഷാൽ റിസർവ് ബാങ്കാണ്: ''We sent it like Beckam.'' എന്നുെവച്ചാൽ പഴയ ഇംഗ്ലീഷ് ഫുട്ബാളർ ഡേവിഡ് ബക്കാം പ്രസിദ്ധമാക്കിയ ആ മാജിക്കൽ ഫ്രീകിക്കുണ്ടല്ലോ -അതുമാതിരി കോവിഡ് കേർവിനെ ഭാരതീയ മജീഷ്യന്മാർ വളച്ചൊടിച്ചു വലയിലാക്കിയിരിക്കുന്നു. നോട്ട് നിരോധനത്തിെൻറ മുഹൂർത്തംതൊട്ട് ഈ ഓശാനപ്പണിയാണല്ലോ റിസർവ് ബാങ്കിന്.
അങ്ങനെ സെപ്റ്റംബറോടെ കോവിഡ് ഭീകരനെ തുരത്തി വിജയശ്രീലാളിതരായ വിദ്വാന്മാരാണ് ആറുമാസത്തിനിപ്പുറംനിന്നു നക്ഷത്രമെണ്ണുന്നത്. ഭീകരൻ വീണ്ടുമിറങ്ങിയ വകയിൽ തട്ടിപ്പോവുന്നവരുടെ എണ്ണം പെരുകുന്നു. ഒന്നാം തരംഗത്തിലില്ലാതിരുന്ന ഒരാനുകൂല്യം ഇപ്പോഴുണ്ടുതാനും -വാക്സിൻ. എന്നിട്ടും രോഗനിരക്കും മരണനിരക്കും അതിവേഗം ഇരട്ടിക്കുന്നു. ആദ്യറൗണ്ടിലെ പ്രഖ്യാപിത 'വിജയ'ത്തിെൻറ ക്രെഡിറ്റ് പിടിച്ചടക്കിയ കേന്ദ്രം രണ്ടാംറൗണ്ടിെൻറ വരവിൽ ആദ്യമേ തന്നെ ലൈൻ മാറ്റുന്നു -മുഴുവൻ കുറ്റവും തങ്ങളൊഴികെയുള്ളവർക്ക്. ദോഷം പറയരുതല്ലോ, വൈറസ് ഭീകരന് പ്രകൃതവ്യതിയാനമുണ്ടായതാണ് അലമ്പിന് കാരണമെന്ന മറ്റൊരു ശാസ്ത്രീയ ജാമ്യമെടുക്കുന്നുണ്ട്. ലോകത്തെങ്ങും ഇമ്മാതിരി വ്യതിയാനങ്ങളുണ്ടെന്നും മിക്കയിടത്തും രണ്ടാംതരംഗമുണ്ടെന്നുമുള്ള വസ്തുത കേട്ടിരുന്നില്ലേ? ക്ഷമിക്കണം, ആർഷഭാരതത്തിൽ വസ്തുതക്കല്ല സ്ഥാനം, പുരാണത്തിന്.
പ്രശ്നം, പ്രതിസന്ധി മുതലാക്കിയും രാഷ്ട്രീയ ലാഭം കൊയ്യാനിറങ്ങിയിടത്താണ്. പകർച്ചവ്യാധിക്ക് രാഷ്ട്രീയമൊന്നുമില്ല. എന്നാൽ, അധികാരവ്യാധിക്ക് അതുണ്ട്. എന്തിനേയും ഏതിനെയും ആ ചക്കിലാട്ടി നീരെടുക്കുക ടി രാഷ്ട്രീയത്തിെൻറ നൈസർഗികതയാണ്. അപ്രമാദിത്വമാണ് അതിെൻറ മുഖമുദ്ര. നോക്കൂ, ഇന്നോളം ഏതൊരു വീഴ്ചയാണ് വീഴ്ചയായി ഇത്തരക്കാർ സമ്മതിച്ചിട്ടുള്ളത്. തങ്ങൾക്കു പിഴക്കില്ല, മറ്റുള്ളവർക്കേ പിഴക്കൂ. ഇൗ മനോഭാവത്തിെൻറ മൂർത്തീകരണമാണ് രാഷ്ട്രീയത്തിലെ വിരാട് പുരുഷ കൽപന.
സെപ്റ്റംബറിനു ശേഷമുള്ള കലാപരിപാടി ഓർക്കുക. 'അച്ചുകുത്തിന്മേലായിരുന്നു' ഇന്ത്യ ഭരിക്കുന്നവരുടെ അടുത്ത വീമ്പിളക്കം. ഓക്സ്ഫഡ് ഗവേഷണത്തിെൻറ ഫലമായ കോവിഷീൽഡ് പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കി. തികച്ചും സ്വദേശി എന്ന ലേബലിൽ ഭാരത് ബയോടെകിെൻറ കൊവാക്സിന് ഇതിനൊപ്പം വിതരണാനുമതി കൊടുക്കുന്നു. ഏതു വാക്സിനും മൂന്നുഘട്ടങ്ങളുള്ള ട്രയൽ പിന്നിട്ട് ഇൗ ഘട്ടങ്ങളിലെ ഫലങ്ങൾക്കിടയിലൂടെ നടത്തുന്ന ഒരു നിർണായക വിലയിരുത്തലുണ്ട്. ബ്രിഡ്ജ് ട്രയൽ എന്നു പറയും. അതുകൂടി കഴിച്ചാലേ ഒരു വാക്സിെൻറ ശേഷി തിട്ടപ്പെടുത്താനാവൂ. നമ്മുടെ സ്വദേശി ഇപ്പറഞ്ഞ സേതുബന്ധനം നടത്തിയിട്ടില്ല. നവംബറിലാണ് അപൂർണ ട്രയലിെൻറ ഫലം എന്നപേരിൽ 'ലാൻസെറ്റി'ൽ ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്. അപ്പോൾപോലും ശരിയായ ശേഷി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഇന്ത്യ ഭരിക്കുന്ന പുംഗവന്മാർക്കും അവരുടെ കുഞ്ഞാടുകളായിരിക്കുന്ന ഐ.സി.എം.ആറിനും കൂസലൊന്നുമില്ല കൊവാക്സിൻ നാട്ടാർക്കു കൊടുക്കാൻ. പകരം പുതിയൊരു തന്ത്രമിറക്കി -കയറ്റുമതി.
'ലോകത്തിെൻറ ഫാർമസി'യാവുേമ്പാൾ അതിനൊത്ത ഉദാരശിരോമണികൂടിയാവണമല്ലോ. ആറുകോടി ഡോസ് ലോകരാഷ്ട്രങ്ങൾക്കായി കയറ്റുമതി ചെയ്യുന്നു. ഇതിെൻറ ഉള്ളുകള്ളിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 5.6 കോടി ഡോസ് കോവിഷീൽഡും ഒരുകോടി ഡോസ് കൊവാക്സിനും മോദിയുടെ കീശഫണ്ടായ പി.എം കെയേഴ്സ് ഉപയോഗിച്ച് തരപ്പെടുത്തുന്നതാണ് ആദ്യ റൗണ്ട് -കോവിഷീൽഡ് യൂനിറ്റൊന്നിന് 210 രൂപക്കും കൊവാക്സിൻ യൂനിറ്റൊന്നിന് 319.75 രൂപക്കും വിലവെച്ച്. ഇങ്ങനെ മൊത്തം 6.6 കോടി ഡോസ്. ഇതിൽ കഴിഞ്ഞ മാർച്ചിൽ ആറുകോടി ഡോസ് 1486 കോടി ചെലവഴിച്ച് വാങ്ങി കയറ്റുമതി ചെയ്തു. പി.എം കെയേഴ്സ് എന്നാൽ പ്രധാനമന്ത്രിയുടെ 'സ്വകാര്യ' ഫണ്ടാണെന്നാണ് കോടതിയിൽ പറഞ്ഞിട്ടുള്ളത്. അതിെൻറ സ്വകാര്യതകൊണ്ടാവണം രാജ്യത്തിനകത്ത് ആവശ്യമുള്ള വാക്സിനുവേണ്ടി അതിൽനിന്ന് നയാപൈസ എടുത്തിട്ടില്ല. പകരം കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലക്കായി നീക്കിവെച്ചിട്ടുള്ള തുകയിൽനിന്ന് ഇപ്പറഞ്ഞ രണ്ടു വാക്സിനും വാങ്ങുന്നു. 157.50 രൂപ നിരക്കിൽ 10 കോടി ഡോസ് കോവിഷീൽഡും രണ്ടുകോടി ഡോസ് കൊവാക്സിനും ഈ 12 കോടി ഡോസ്െവച്ചാണ് പ്രധാനമന്ത്രി ഘോഷിച്ച 'ടിക്കാ ഉത്സവ്' നടമാടുന്നത്. ആഭ്യന്തരാവശ്യത്തിെൻറ കാൽക്കഴഞ്ചുപോലും പരിഹരിക്കാതെ 1486 കോടി മുടക്കി കയറ്റുമതി ചെയ്യുന്നതിലെ കച്ചോടവിരുത് ഗംഭീരം തന്നെ. അന്താരാഷ്ട്ര ഞെളിയലിനുള്ള ഈ വാക്സിൻ നയതന്ത്രത്തിെൻറ ബാലിശതയും ധൂർത്തും നിൽക്കട്ടെ. ദരിദ്രരാഷ്്ട്രങ്ങൾക്കുള്ള സംഭാവന എന്നപേരിൽ കയറ്റിവിട്ട ഉരുപ്പടിയിൽ മ്യാൻമർ മാത്രമാണ് കൊവാക്സിൻ ഭിക്ഷ കൈപ്പറ്റിയത്. വെറും രണ്ടുലക്ഷം ഡോസ്. ബാക്കിയുള്ള ദരിദ്രർക്കുപോലുംവേണ്ട, ഭാരതീയ സ്വദേശിയെ. അത്രക്കുണ്ട് സംഗതിയുടെ വിശ്വാസ്യത. മ്യാൻമർ തന്നെ ഈ വാക്സിൻ കൊടുത്തത് അവരുടെ പട്ടാളക്കാർക്ക്. നിർബന്ധിത സേവകരല്ലേ, എതിർവാക്കുണ്ടാവില്ലല്ലോ.
ബർമക്കാരെ വിടാം. സ്വന്തം നാട്ടിലുണ്ടോ വിശ്വാസം? ഛത്തിസ്ഗഢിലെ ആരോഗ്യമന്ത്രി ഈ ഉഡായിപ്പു മരുന്നിൽ പരസ്യമായി സംശയം പ്രകടിപ്പിച്ചു. ഉടനെ കേന്ദ്ര ആരോഗ്യമന്ത്രി ചൊടിക്കുന്നു: ''അടങ്ങിയിരുന്ന്, തന്നിട്ടുള്ള വാക്സിൻ കൊടുപ്പിച്ചാൽ മതി.'' അല്ലാതെ ഇപ്പറഞ്ഞ സംശയം നീക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ല. അതെങ്ങനെ, ഹർഷവർധനുണ്ടോ സംഗതിയുടെ ഗുട്ടൻസ് തിരിയുന്നു? ഡോക്ടറാണെന്നുവെച്ച് മന്ത്രിക്ക് ശാസ്ത്രീയതയുണ്ടാവുമോ? പണ്ട് ദേശീയ ശാസ്ത്ര കോൺഗ്രസിൽ പുഷ്പക് വിമാനത്തിെൻറ സ്പെയർ പാർട്സ് നിരത്താൻ കൽപന കൊടുത്ത വിദ്വാനാണ്.
കോവിഷീൽഡ് ഉൽപാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പുലികളിയിൽ വാലുപിടിച്ചത്. ദിനംപ്രതി രണ്ടുദശലക്ഷം ഡോസുണ്ടാക്കുന്ന സ്ഥാപനത്തിന് ഉൽപാദനത്തിന് പണം തീരെയില്ലാതായി. ആരോഗ്യാടിയന്തരാവസ്ഥയുടെ പേരിൽ കേന്ദ്രം കൽപിക്കുന്നപോലെ മാത്രമേ ഉൽപാദനവും വിൽപനയും പറ്റൂ. ആ ഓച്ചാനപ്രക്രിയ വഴി വാക്സിെൻറ ഉപജ്ഞാതാക്കളായ ബ്രിട്ടീഷ് കമ്പനിയുമായുള്ള കരാർ ലംഘിക്കപ്പെട്ടിരിക്കുന്നു, അവർ വിരട്ടുതുടങ്ങിയിട്ടുണ്ട്്. അതേസമയം, സർക്കാറിന് സർക്കാർ പറഞ്ഞ കുറഞ്ഞവിലയ്ക്ക് നൽകാം, പിടിച്ചുനിൽക്കാൻ സ്വകാര്യമേഖലക്ക് ലേശം കൂടിയ നിരക്കിൽ കൊടുത്തോട്ടെ എന്ന ചോദ്യം കേന്ദ്രം ഗൗനിച്ചില്ല. ഗത്യന്തരമില്ലാതെ 3000 കോടി രൂപ കേന്ദ്രത്തോട് ഇരക്കുകയാണ് സെറം മേധാവി അഡാർ പൂനാവാല ചെയ്തത്.
ഇവ്വിധം സ്വയം അലമ്പാക്കിയെടുത്ത 'ടിക്കാ ഉത്സവ്' കോവിഡിെൻറ രണ്ടാംതരംഗത്തോടെ രാജ്യത്തെ ചെകുത്താനും നടുക്കടലിനുമിടക്കാക്കി. അച്ചുകുത്തിന് ഐ.സി.എം.ആർ അനുമതി നൽകിയതുതന്നെ ഡിസംബറിലാണ്. എന്നിട്ടും ആദ്യ കുത്തിവെപ്പെടുക്കാൻ വീണ്ടുമെടുത്തു മൂന്നാഴ്ച. ആരോഗ്യം സംസ്ഥാന പട്ടികയിലാണെങ്കിലും അച്ചുകുത്തുമരുന്ന് നേരിട്ടുവാങ്ങാൻ അവക്ക് അനുവാദമില്ല. കോവിഡ്യുദ്ധം കേന്ദ്രത്തിെൻറ കുത്തകയാണ്.
ബാലിശമായ ഈ കുത്തകവത്കരണത്തിെൻറ സ്വാഭാവികമായ അനന്തരപടിയാണ് കുത്തക കൈയാളുന്നവരുടെ രോഗാതുരത താഴേക്ക് സംക്രമിക്കുക എന്നത്. പരീക്ഷണം അപൂർണമാക്കിയ സ്വദേശി വാക്സിനുവേണ്ടി ഐ.സി.എം.ആർ എന്ന വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനം നടത്തിയ വിടുപണി നോക്കുക. ആദ്യമേതന്നെ കൊവാക്സിൻ പ്രമോട്ട് ചെയ്തു. ഇതേസമയം, ഗവേഷണ കടമ്പകളെല്ലാം കടന്ന് ലോകവ്യാപകമായി പച്ചക്കൊടി ലഭിച്ച ഫൈസറിെൻറയും ജോൺസൺ ആൻഡ് ജോൺസെൻറയും വിതരണാപേക്ഷ അയുക്തികമായി പിടിച്ചുവെച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ വാക്സിൻ ഇറങ്ങുമെന്ന് മാസങ്ങൾക്കുമുേമ്പ ബഡായി മുഴക്കിയ വിദ്വാനാണല്ലോ ഭരണത്തലപ്പത്ത്. ഇമ്മാതിരി ദേശാഭിമാനജ്വരത്തിന് സർവാത്മനാ കീഴ്പ്പെടുകയാണ് രാജ്യത്തെ ഏറ്റവും മുന്തിയ വൈദ്യഗവേഷണ അധികാരി. ഐ.സി.എം.ആർ ചൊൽപടിയിലായാൽപ്പിന്നെ രാജ്യത്തെ വൈദ്യഗണം അതിനൊപ്പിച്ച് വരിയിൽനിന്നോളും. അതുതന്നെയാണ് സംഭവിച്ചതും. കൊവാക്സിൻ നിരാകരിച്ച ദില്ലിയിലെ റാംമനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ പിന്നീട് വാ തുറന്നില്ല. കേരളത്തിലെ ഭിഷഗ്വരവൃന്ദം പിന്നെ കടുത്ത പ്രോട്ടോകോൾ വിശ്വാസികളാണല്ലോ. ഡബ്ല്യു.എച്ച്.ഒ, ഐ.സി.എം.ആർ എന്നൊക്കെ കേട്ടാലുടൻ അറ്റൻഷനാവും, സല്യൂട്ടടിക്കും. കമാന്നു ചോദിക്കില്ല.
ഉൽപാദനം തൊട്ട് വിതരണംവരെ വാക്സിനുമേലുള്ള സമ്പൂർണ നിയന്ത്രണത്തിൽ കേന്ദ്ര ഭരണകൂടത്തിെൻറ ഉന്നം ലളിതമായിരുന്നു. ഇന്ത്യയിലെ നിർമാതാക്കൾ തങ്ങൾ കൽപിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിൽനിന്ന് ചരക്കുൽപാദിപ്പിച്ച് കേന്ദ്രത്തിനു മാത്രം നൽകുക. സംസ്ഥാനങ്ങൾ അടിയാളൻമാരായി ഓച്ചാനിച്ചുനിന്ന് കേന്ദ്രം തരുന്ന അളവിൽ, തരുന്ന മുറക്ക് ചരക്കു കൈപ്പറ്റുക. ഈ ടോട്ടൽ കമാൻഡിൽ ചോദ്യാത്തരങ്ങളില്ല. ജനാധിപത്യവും സുതാര്യതയും ശാസ്ത്രീയതയുമൊക്കെ കേന്ദ്രം െചാല്ലുംവിധം, െചാല്ലുന്ന ഡോസിൽമാത്രം. ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വങ്ങളും കാര്യഗൗരവമില്ലായ്മയും വീക്ഷണരാഹിത്യവും ഒത്തുചേർന്നാൽ എന്താവുമോ അതുതന്നെ ഇവിടെയും സംഭവിച്ചു. രാജ്യത്തിെൻറ സമ്പദ്മേഖലയിൽ കഴിഞ്ഞ അഞ്ചാറുകൊല്ലായി കണ്ടുവരുന്ന ദുര്യോഗത്തിെൻറ ഫോട്ടോസ്റ്റാറ്റ്.
ഹിറ്റ്വിക്കറ്റ്
ഇനിയാണ് ഈ മനോനിലയുടെ പ്രായോഗിക പരിണതികൾ. ഭൂഗോളത്തിലെ ഏറ്റവും വലിയ കളിക്കളം എന്ന കൊട്ടിഗ്േഘാഷത്തോടെ അഹ്മദാബാദിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം 75,000 കളിഭ്രാന്തർക്കായി തുറന്നുകൊടുത്തു. ലക്ഷണമൊത്ത പ്രകടനമായിരുന്നു, അരങ്ങത്ത്. കളി, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും കഥാകാലക്ഷേപം മറ്റൊന്നായിരുന്നു. സ്റ്റേഡിയം നരേന്ദ്രമോദിയുടെ പേരിൽ. ഉദ്ഘാടനം, പ്രോട്ടോകോൾ പ്രകാരം പ്രധാനമന്ത്രിക്കും മീതെയാണെങ്കിലും ജീവനോടിരിക്കെ ഇമ്മാതിരി സ്മാരകഭാഗ്യമില്ലാത്ത രാഷ്ട്രപതി വക. ബൗൾ ചെയ്യുന്ന രണ്ടറ്റങ്ങൾക്ക് സാർഥകമായ നാമധേയങ്ങൾ -അംബാനി എൻഡ്, അദാനി എൻഡ്. മോദിസ്തംഭത്തെ താങ്ങിനിർത്തുന്ന അതേ രണ്ട് കോർപറേറ്റ് തൂണുകൾ. ചെറിയൊരു നോട്ടപ്പിഴ മാത്രം. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയം ഇപ്പോഴും പ്യോംഗ്യാംഗ് മേയ് സ്റ്റേഡിയം തന്നെ. എങ്കിലും ആ നോട്ടപ്പിഴക്കുള്ളിലൂടെ അരിച്ചിറങ്ങുന്ന ഒത്തുപൊരുത്തം അർഥപൂർണമായി -ഉത്തരകൊറിയയോടാണ്. 'മഹാഭാരത'ത്തിെൻറ സാജാത്യം. കിം ഉൽസുംഗിെൻറ ബനിയാ താവഴികൊണ്ടുള്ള ഗുണം ക്ഷിപ്രമായിരുന്നു -ക്രിക്കറ്റ് രോമാഞ്ചം കോവിഡങ്ങ് ഏറ്റുവാങ്ങി, അഹ്മദാബാദിനെ രണ്ടാം തരംഗം വിഴുങ്ങി.
ഒന്നാംതരംഗം ഒന്നടങ്ങുകയും വാക്സിൻ വന്നുകയറുകയും ചെയ്തതോടെ ഈ രാജ്യം അനുവർത്തിച്ച ദേശീയമനോഭാവത്തിെൻറ ചെറിയൊരു പരിച്ഛേദം മാത്രമാണിത്. ട്വീറ്റും മൈതാനമൈക്കും വഴി വാചാടോപത്തെ ആയുധമാക്കുന്ന പ്രധാനമന്ത്രിയുടെ ആരാധകലക്ഷങ്ങളാണ് നാടുനീളെ. സ്വാഭാവികമായും ആരാധ്യപുരുഷൻ പുറപ്പെടുവിക്കുന്ന മനോഭാവം ഈ വൃന്ദത്തിനു പകർന്നുകിട്ടും. കോവിഡ്കാലത്തെ മഹാഭാരത് അതിജീവിച്ചെന്ന പ്രതീതി പരത്തിയതിെൻറ ഒന്നാംപ്രതി ഈ കഥാപാത്രമാണ്. അങ്ങനെയൊരു പ്രതീതി ടിയാനും കൂട്ടർക്കും അത്യാവശ്യമായിരുന്നു -രാജ്യരക്ഷക്കല്ല. ആസന്നമായിക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്. കൊച്ചു കേരളത്തിൽപോലും കേന്ദ്ര വിദ്വാന്മാരുടെ വരത്തുപോക്ക് എത്രവട്ടമുണ്ടായെന്നോർക്കുക. മോദിയും ഷായും തൊട്ട് കേന്ദ്രഭരണകക്ഷിയുടെ നീർക്കോലികൾ വരെ നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ ദേശത്തും വിളങ്ങിയാടി. റോഡ്ഷോയായിരുന്നു ഐറ്റം നമ്പർ. ദോഷം പറയരുതല്ലോ രാഹുൽഗാന്ധിയും പെങ്ങൾ ഗാന്ധിയും തൊട്ട് പിണറായി വിജയൻവരെ ഈ പകൽപ്പൂരം പകർത്തി. അല്ലെങ്കിൽത്തന്നെ ജയിച്ചുകയറുന്ന ധർമടത്ത് എന്തിനാണീ തിണ്ണമിടുക്കെന്ന് പിണറായിക്കാരനുപോലും തോന്നിയില്ല. അത്രക്കാണ് മേപ്പടി ദേശീയ മനോഭാവത്തിെൻറ രോഗപ്പടർച്ച. കൊറോണ വൈറസിന് അരങ്ങുറപ്പിക്കാൻ പറ്റിയ അന്തരീക്ഷം ഒരുക്കിക്കൊടുത്തു ഭരണകൂടവും പൗരാവലിയും. വൈറസല്ല ഇന്ത്യയെ ചതിച്ചത്, പരിണാമോപാധിയായ ജനിതക വ്യതിയാനംപോലുമല്ല, ഇന്ത്യക്കാർ തന്നെയാണ്. കേന്ദ്രഭരണകൂടം അതിനറിയാവുന്ന പണിയെടുത്തു -കാര്യബോധമില്ലായ്മ. പൗരാവലി അതിനറിവുള്ള പതിവെടുത്തു -ഭരണകൂടത്തെ കണ്ണടച്ചു വിശ്വസിക്കുക. പരസ്പരപൂരകമായ ഈ തോന്ന്യാസലീലയുടെ നക്കൽചിത്രമാണ് ഏറ്റവുമൊടുവിൽ അരങ്ങേറിയ ദേശീയഭ്രാന്ത് -കുംഭമേള. 12 കൊല്ലത്തിലൊരിക്കലാണ് ഈ ചടെങ്ങന്നാണ് കേട്ടിട്ടുള്ളത്. ഒടുവിൽ മേള നടന്നത് 2010ൽ. കണക്കുപ്രകാരം അടുത്ത എഡിഷൻ വരേണ്ടത് 2022ലാണ്. പിെന്നങ്ങനെ കൃത്യമായി കോവിഡ് പൂരത്തിനിടെ ഈ ഭ്രാന്ത് ഒരു കൊല്ലം മുേമ്പ അരങ്ങേറി? ഹരിദ്വാറിലെ ചില ജ്യോതിഷികളുടെ നിശ്ചയമായിരുന്നു ഈ കാലുമാറ്റം. അതിന് റാൻമൂളിയ ശൂലദണ്ഡപാണികളുമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തിയത്. അവരായിരുന്നു കോവിഡ്കാലത്തെ സബ്ജക്ട് എക്സ്പേർട്സ്. അവരുടെ നിശ്ചയ പ്രകാരം മേള കുളിച്ച് ഭക്തർ മടങ്ങിയപ്പോൾ വൈറസിെൻറ കുംഭമേള കുശാൽ. ആൻറിക്ലൈമാക്സ് ഇനിയാണ്.
രണ്ടാം തരംഗം -ബനിയാ ലൈൻ
രണ്ടാംതരംഗം രൂക്ഷത നേടിയതോടെയാണ് കേന്ദ്ര ഭരണകൂടത്തിെൻറ പിടിപ്പുകേട് കൂടുതൽ സുതാര്യമാവുന്നത്. വാക്സിനുമേലുള്ള ബാലിശമായ കുത്തക മനോഭാവം തിരിഞ്ഞുകുത്താൻ തുടങ്ങി. ജീവഭയം വ്യാപകമായപ്പോൾ വാക്സിനുവേണ്ടി ജനം തിടുക്കംകൂട്ടി. ഡിമാൻഡിെൻറ പത്തിലൊന്ന് സപ്ലൈക്കുപോലും പൂനാ കമ്പനികൾക്കു കഴിവില്ല. മറ്റ് വാക്സിനുകളെ ബോധപൂർവം തടഞ്ഞുവെച്ചതിെൻറ കെണി ഇപ്പോൾ മാത്രമാണ് നമ്മുടെ കുത്തകവിദ്വാന്മാർക്ക് തിരിഞ്ഞത്. റഷ്യയുടെ സ്പുട്നിക് വാക്സിൻ മൂന്നുമാസം മുമ്പു നൽകിയ അപേക്ഷ ബ്രിഡ്ജ് ട്രയൽ നടത്തിയിട്ടില്ലെന്ന ന്യായം പറഞ്ഞാണ് ഐ.സി.എം.ആർ അനുമതി നിഷേധിച്ചത്. ഇതേ ട്രയൽ നടത്തിയിട്ടില്ലാത്ത കൊവാക്സിന് പച്ചക്കൊടി കാട്ടിയ അതേ കൂട്ടരാണ് ഈ ന്യായം പറഞ്ഞതെന്നോർക്കണം. അത്തരം ന്യായങ്ങൾപോലും പറയാനില്ലാത്തിടത്ത് അപേക്ഷകൾ ചവിട്ടിപ്പിടിക്കുന്ന ബ്യൂറോക്രാറ്റിക് കുതന്ത്രമാണിവർ പയറ്റിയത് -ഫൈസറിെൻറയും ജോൺസൺ ആൻഡ് ജോൺസണിെൻറയും കാര്യത്തിൽ. ഇതെല്ലാം കേന്ദ്ര കൽപനപ്രകാരമായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. രണ്ടാംതരംഗം പല സംസ്ഥാനങ്ങളെയും രാഷ്ട്ര തലസ്ഥാനത്തെയും അലമ്പാക്കിയതുകൊണ്ടു മാത്രമാണ് കേന്ദ്രം നയംമാറ്റുന്നത്. പൂനാ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി ധനസഹായം, വിദേശ വാക്സിനുകൾ ഇറക്കുമതി ചെയ്യാൻ അനുവാദം, സർവോപരി ആഭ്യന്തര വാക്സിനുകളുടെ മേലുള്ള കുത്തക അവസാനിപ്പിക്കുകയും. വൈകി വന്ന വിവേകം എന്ന് കരുതാൻ വരട്ടെ. അത്തരം മേലങ്കിക്കുള്ളിലും കുടിലതതന്നെയാണ് ഉള്ളിലിരിപ്പ്. പണഞെരുക്കമുള്ള പൂനാ കമ്പനിക്ക് ഇനിമേൽ 600 രൂപക്ക് സ്വകാര്യമേഖലയിൽ ചരക്കുവിൽക്കാൻ അനുമതി കൊടുത്തിട്ട് സംസ്ഥാനങ്ങളെ കൈവിടുകയാണ്. അനുപല്ലവി: 400 രൂപക്ക് സംസ്ഥാനങ്ങൾക്ക് ചരക്കു നേരിട്ടു വാങ്ങാമെന്ന്. പൗരാവലിക്ക് സൗജന്യവാക്സിൻ എന്ന വാഗ്ദാനം ഭംഗ്യന്തരേണ വിഴുങ്ങുന്നിടത്താണ് ഈ പുതിയ നയത്തിെൻറ മർമം. കോവിഡുകാലത്തെ കടുത്ത സാമ്പത്തിക ഞെരുക്കമുള്ള സംസ്ഥാനങ്ങൾ സ്വാഭാവികമായും പരുങ്ങലിലാവുമല്ലോ.
അവർക്ക് സ്വകാര്യമേഖലയോട് മത്സരിക്കേണ്ടി വരുന്നു. പൗരാവലിക്ക് സൗജന്യമായല്ലാതെ വാക്സിൻ കൊടുക്കാൻ നിവൃത്തിയില്ലതാനും. വിദേശവാക്സിനുകൾ കൂടി എത്തുന്നതോടെ സ്വകാര്യമേഖലക്ക് കളി എളുപ്പമാവും. കേരളംപോലെ മധ്യവർഗത്തിനു മുൻതൂക്കമുള്ളിടങ്ങളിൽ വാക്സിൻ നയത്തിലെ ഈ വാണിഭലാക്ക് ചെലവാകും. പിന്നാക്ക സംസ്ഥാനങ്ങളിലോ? സ്വകാര്യ വിപണിയെ മാത്രം ആശ്രയിക്കുന്ന പക്കാ മുതലാളിത്ത രാഷ്ട്രങ്ങൾപോലും (അമേരിക്ക അടക്കം) വാക്സിൻ വാങ്ങി പൗരാവലിക്ക് സൗജന്യമായി കൊടുക്കുന്ന മഹാമാരിക്കാലത്താണ് ഇന്ത്യ ഭരിക്കുന്നവരുടെ ഈ വിപണിസൂത്രം. ഇൗ ജനവിരുദ്ധതയിൽ ബോധപൂർവമായ ഒരു കബളിപ്പിക്കൽകൂടി ഉള്ളടങ്ങിയിട്ടുണ്ടെന്നതാണ് തിരിച്ചറിയേണ്ടത്. നിർമല സീതാരാമൻ അവതരിപ്പിച്ച ഒടുവിലത്തെ കേന്ദ്ര ബജറ്റിൽ വാക്സിനുവേണ്ടി മാത്രം നീക്കിവെച്ചത് 35,000 കോടി രൂപയാണ്. അതിൽനിന്ന് ചെലവഴിച്ചത് പൂനാ കമ്പനിയിൽനിന്ന് ആദ്യഗഡുവായ 12 കോടി ഡോസിനുള്ള പണമാണ്. രണ്ടാം ഗഡു വാങ്ങിയത് വാക്സിൻ നയം മാറ്റിക്കഴിഞ്ഞ ഏപ്രിൽ രണ്ടാംവാരമാണ്. എന്നുെവച്ചാൽ 35,000 കോടിയുടെ പത്തിലൊന്നുപോലും കേന്ദ്രം ചെലവിടുന്നില്ല എന്നു സാരം. ഇനി അല്ലറചില്ലറ തുക കൂടി ഈ വിഷയത്തിൽ ചെലവിടും. എങ്കിൽപ്പിന്നെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഒരു ദേശീയ നുണയായിരുന്നോ? നുണ ഒരു രാഷ്ട്രീയായുധമാക്കിയവർക്ക് അതൊന്നും പ്രശ്നമല്ല. സ്വകാര്യലോബികൾക്കുവേണ്ടി പൗരാവലിയെ തരാതരം വസൂലാക്കുന്ന വലതുപക്ഷരാഷ്ട്രീയം മഹാമാരിക്കാലത്തുപോലും നിർലജ്ജം അവലംബിക്കുന്നു എന്നർഥം. ഇതാണ് പ്രസിദ്ധമായ ബനിയാ ലൈൻ. സംഭാവനയായി കിട്ടുന്ന ചരക്കുവരെ കച്ചവടമടിക്കും. ഒാക്സ്ഫഡിെൻറ വാക്സിന് സെനക്കാ കമ്പനി പേറ്റൻറ് ഒഴിവാക്കി കൊടുക്കുകയും വാക്സിൻ പ്ലാൻറുകൾക്കായി ഗണ്യമായ പൊതുസംഭാവനകൾ കൈപറ്റുകയുംചെയ്ത പൂന സിറം കമ്പനിക്ക് നൂറു രൂപയുടെ ചരക്ക് നാനൂറിനും അറുനൂറിനും വിൽക്കാൻ കൊടുത്ത അനുമതി. ലോകം മുഴുവൻ അച്ചുകുത്ത് സാർവത്രിക സൗജന്യമായിരിക്കേ 18 കഴിഞ്ഞ ഇന്ത്യൻ യുവതയോട് സ്വകാര്യപീടികയിൽ കാശു മുടക്കി കുത്തിവെക്കാനുള്ള കൽപന. ഇൗ ബനിയ വൈഭവമാണ് രണ്ടാം തരംഗത്തിൽ സുതാര്യമായി പോയത്. ഭരണകക്ഷിയുടെ ബുദ്ധികേന്ദ്രങ്ങൾക്ക് പറ്റിയ അബദ്ധമോ വിവരക്കേേടാ അല്ലിത്. അക്കൂട്ടരുടെ രാഷ്ട്രീയത്തിെൻറ കാതലായ ആന്തരിക പ്രകൃതം മാത്രമാണ്.
അധികാരവും നിശ്ചയങ്ങളും പ്രധാനമന്ത്രിയുടെ കോക്കസിൽ കേന്ദ്രീകരിച്ചപ്പോൾ അഭൂതപൂർവമായ ഒരു രോഗമാരണത്തിനു മുന്നിൽ രാഷ്ട്രം അടിയറവു പറഞ്ഞു തുടങ്ങി. അതോടെ ചുക്കാൻ പിടിച്ചവർ, സൂത്രത്തിൽ പഴി താഴേക്കു തള്ളിവിടുന്നു. ഏതു സർവാധിപത്യഭരണകൂടവും തുറുങ്കൻ ഘട്ടങ്ങളിൽ നടത്താറുള്ള അതേ കൈകഴുകൽ. അഹന്തയും ഡംഭും ആരാധനാ ഭ്രാന്തും മാറ്റിെവച്ച് വസ്തുനിഷ്ഠമായി നോക്കിയാൽ ഈ ഗതികേടിൽ നാം എങ്ങനെ എത്തിപ്പെട്ടു എന്നതിെൻറ മർമം കാണാൻ കഴിയും. 2014ൽ അധികാരമേറ്റപ്പോൾ മോദി പറഞ്ഞു, കേന്ദ്ര ഭരണകൂടത്തിനു ചുറ്റിലും ഖത്തികളാണ് (കന്നുകാലിത്തീറ്റയിടാനുള്ള കുഴി). അവിടങ്ങളിലാണ് അധികാരം കേന്ദ്രീകരിക്കുന്നത്, അതെല്ലാം തകർക്കുകയാണ് തെൻറ ലക്ഷ്യം.
തുടർന്ന് ഏഴുകൊല്ലമായി വികാസ്പുരുഷ് വാഴുന്നു. തനിക്കുചുറ്റിലും കൂടുതൽ കന്നാലിക്കുഴികൾ കുഴിച്ചുകൊണ്ട്. തുടക്കത്തിൽ സൂചിപ്പിച്ച ടൈംലൈനിൽ വിട്ടുപോയതും ആ വാഗ്ദാനമാണ് -ഹം ഖത്തി ബനായേംഗേ, വഹി ബനായേംഗേ.