വായനക്കാർ എഴുതുന്നു
പി.ടി. നാസർ മുതൽ ഇങ്ങോട്ട്വരച്ച കുറെ കാൻവാസുകളും സ്കെച്ചു പുസ്തകങ്ങളുമായി മുംെബെയിൽനിന്ന് നാട്ടിലേക്ക് തിരിച്ചു വന്നതിന് ശേഷമായിരുന്നു വെള്ളിമാട്കുന്നിലെ 'മാധ്യമം' ഓഫിസിൽ പോകുന്നതും പി.ടി. നാസർക്കയോട് വരക്കാനെന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുന്നതും. സത്യത്തിൽ അന്ന് വരക്കാൻ കിട്ടിയാൽ അഡ്വാൻസായി കുറച്ച് പൈസയും വാങ്ങിക്കാമല്ലോ എന്നു കരുതി ഓഫിസിന്റെ മുകളിലേക്ക് കയറിച്ചെല്ലുമ്പോൾ കട്ടിക്കണ്ണടവെച്ച് താടിയുള്ള ഒരു മനുഷ്യൻ...
Your Subscription Supports Independent Journalism
View Plansപി.ടി. നാസർ മുതൽ ഇങ്ങോട്ട്
വരച്ച കുറെ കാൻവാസുകളും സ്കെച്ചു പുസ്തകങ്ങളുമായി മുംെബെയിൽനിന്ന് നാട്ടിലേക്ക് തിരിച്ചു വന്നതിന് ശേഷമായിരുന്നു വെള്ളിമാട്കുന്നിലെ 'മാധ്യമം' ഓഫിസിൽ പോകുന്നതും പി.ടി. നാസർക്കയോട് വരക്കാനെന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുന്നതും. സത്യത്തിൽ അന്ന് വരക്കാൻ കിട്ടിയാൽ അഡ്വാൻസായി കുറച്ച് പൈസയും വാങ്ങിക്കാമല്ലോ എന്നു കരുതി ഓഫിസിന്റെ മുകളിലേക്ക് കയറിച്ചെല്ലുമ്പോൾ കട്ടിക്കണ്ണടവെച്ച് താടിയുള്ള ഒരു മനുഷ്യൻ കോണിപ്പടി ഇറങ്ങിവരുന്നു. അരികിൽ ചെന്ന് നാസർക്കയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ പുഞ്ചിരിച്ചുകൊണ്ട് പരിചയക്കാരനെപ്പോലെ അദ്ദേഹം എന്നോട് സംസാരിച്ചു. ഓഫിസിന് പുറത്ത് വന്ന് ചായ കുടിച്ച് അദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് കുറച്ച് പൈസയും എന്റെ പോക്കറ്റിൽ വെച്ചുതന്നു. വരക്കാനുള്ള കഥകൾ കിട്ടി തിരിച്ചുപോരുമ്പോൾ 'മാധ്യമം ആഴ്ചപ്പതിപ്പ്' എന്റെ ജീവശ്വാസംപോലെ ഞാൻ കൂടെ കൂട്ടിയിരുന്നു. വീണ്ടും ജീവിത പ്രാരബ്ധംകൊണ്ട് കേരളത്തിനു പുറത്ത് പോയി പണിയെടുക്കുന്ന സമയത്താണ് കേരള ലളിതകലാ അക്കാദമിയുടെ പെയിൻറിങ്ങിനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. പുരസ്കാരം വാങ്ങിക്കാൻ നാട്ടിലെത്തിയപ്പോൾ അഭിനന്ദനമറിയിച്ചുള്ള ആദ്യത്തെ കത്ത് എഡിറ്റർ ഒ. അബ്ദുറഹ്മാൻ സാറിൽനിന്നായിരുന്നു.
പിന്നീട് കുറച്ച് ഇടവേളക്ക് ശേഷം വീണ്ടും ഞാൻ 'മാധ്യമ'ത്തിൽ വരച്ചുതുടങ്ങി. ബിജുരാജ് കഥകൾ വരക്കാൻ അയച്ചുതന്നു. തുടർന്ന് ഇപ്പോൾ നോവലിലും വരക്കാനുള്ള അവസരമായി. 'ആഴ്ചപ്പതിപ്പി'ൽ വരച്ച ചിത്രങ്ങളോ എഴുതിയവയോ ഇന്നുവരെ എഡിറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതുകൊണ്ടും, മുഖ്യധാരയിലെ മറ്റു മാധ്യമങ്ങൾ അരികുവത്കരിക്കപ്പെട്ടവരുടെ സൃഷ്ടികൾ ബോധപൂർവം ഒഴിവാക്കുമ്പോൾ അത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ കാണിച്ച 'മാധ്യമ'ത്തിന്റെ രാഷ്ട്രീയ നിലപാടായിരുന്നു എന്നെ പോലുള്ള ചിത്രകാരന് 'ആഴ്ചപ്പതിപ്പി'ൽ വരക്കാനും എഴുതാനുമുള്ള ഊർജംതന്നത്. സാഹിത്യത്തെപ്പോലെ സമകാലിക ചിത്രകലയിലെ ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും സൃഷ്ടികൾ വെളിച്ചം കാണുന്നതിൽ 'മാധ്യമ'ത്തിനുള്ള പങ്ക് നിസ്തുലമാണ്.
തോലിൽ സുരേഷ്
എവിടെ ശാസ്ത്രം?
മലയാള മാധ്യമങ്ങളും ആഴ്ചപ്പതിപ്പുകളും മിക്കപ്പോഴും ശാസ്ത്രത്തോട് മുഖം തിരിഞ്ഞാണ് നിൽക്കുന്നത്. ശാസ്ത്രസംബന്ധമായ വാർത്തകളോ ലേഖനങ്ങളോ കുറിപ്പുകളോ ഒന്നും പലപ്പോഴും കാണാറില്ല. എന്തോ ഒരു വിമുഖത. ലോകത്ത് നിത്യേന ശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾ നടക്കുന്നുണ്ട്. ഓരോ ദിവസവും ശാസ്ത്രം വളരുന്നുണ്ട്. പലപ്പോഴും റോക്കറ്റ്, മിസൈലുകൾ സംബന്ധിച്ച കാര്യങ്ങളല്ലാതെ കാര്യപ്പെട്ട വാർത്തപോലും സാങ്കേതിക മുന്നേറ്റത്തെപ്പറ്റി ഉണ്ടാവാറില്ല. അതെന്തുകൊണ്ടാണ്?
എനിക്ക് തോന്നുന്നത് ശാസ്ത്ര കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിയാത്തതാവും. സാങ്കേതിക കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉൾക്കൊള്ളാൻ പാടാണ്. അതാവണം മാധ്യമങ്ങൾ ശാസ്ത്രത്തിന് പിന്നാലെ അധികം പോകാത്തത്. ശാസ്ത്രം വളരെ രസകരമായ വിഷയമാണ്. അത് പക്ഷേ ലളിതമായി പറയാനും കഴിയണം. കടുത്ത സാങ്കേതിക പദങ്ങൾ ഒഴിവാക്കിയും മറ്റും ലളിതമായി പറഞ്ഞാൽ അത് എല്ലാവർക്കും മനസ്സിലാകും. ശാസ്ത്രാഭിരുചി എല്ലാവരിലും വളരും. മുൻകാലങ്ങളിൽ അങ്ങനെയായിരുന്നു. ഇത് കേരളത്തിന് ഇടക്കുെവച്ച് നഷ്ടമായതാണ്.
പറഞ്ഞുവന്നത് എന്തുകൊണ്ട് 'മാധ്യമം ആഴ്ചപ്പതിപ്പ്' ശാസ്ത്രവിഷയം അധികം കൈകാര്യം ചെയ്യുന്നില്ല എന്ന് ചോദിക്കാനാണ്. ഒരു ശാസ്ത്രപംക്തി തുടങ്ങുകയാണ് വേണ്ടത്. അല്ലെങ്കിൽ തുടർച്ചയായി തന്നെ ശാസ്ത്ര ലേഖനങ്ങളും മറ്റും കൊടുക്കണം. ജനങ്ങളിൽ ശാസ്ത്രീയ ചിന്ത വളർത്താൻ അതുപകരിക്കും. ശാസ്ത്രവിഷയം കൈകാര്യം ചെയ്യുന്നവർ കുറവാണ് എന്ന ന്യായം പറഞ്ഞ് ഈ ശ്രമത്തിൽനിന്ന് 'മാധ്യമം' പിൻവാങ്ങരുത്. ശാസ്ത്ര ലേഖനങ്ങൾ വരുന്നത് എന്നെപ്പോലെ ശാസ്ത്രതൽപരരും സയൻസ് വിദ്യാർഥികളുമായ നിരവധിപേർക്ക് പ്രയോജനം ചെയ്യും. എന്റെ അപേക്ഷ ഗൗരവമായി പത്രാധിപസമിതിയിലുള്ളവർ പരിഗണിക്കണം.
ദിയ, തിരുവനന്തപുരം
ഇതാണോ കവിത?
അറുപത്തിയെട്ട് വയസ്സുണ്ട് എനിക്ക്. കണ്ണിന് ചില പ്രശ്നങ്ങളുണ്ട്. എന്നാലും മലയാളത്തിലെ കുറഞ്ഞത് മൂന്ന് മാസികകളെങ്കിലും തുടർച്ചയായി വായിച്ചുവരുന്നയാളാണ് ഞാൻ. എന്റെ ചോദ്യം 'മാധ്യമ'ത്തിലൊക്കെ അച്ചടിച്ചുവരുന്നത് കവിതകളാണോ എന്നാണ്. ആളുകൾ സംസാരിക്കുന്നതുപോലെ എഴുതിവെക്കുന്നതാണ് ഇപ്പോൾ കവിത. ഗദ്യകവിതയെന്ന് പറഞ്ഞ് എന്തും എഴുതാം. വൃത്തവും വേണ്ട, കാവ്യഭംഗിയും വേണ്ട. കാവ്യ സാധനയെന്നൊന്നുണ്ട്. ചിലർ കവിതകളിൽ സംഭാഷണം എഴുതിവെക്കുന്നു. എനിക്ക് മനസ്സിലാവുന്നില്ല. ഇതാണോ കവിത?
വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും പാലാ നാരായണൻ നായരുടെയും ഒക്കെ കവിതകൾ വായിച്ചാണ് എന്നെപ്പോലുള്ളവർ കവിതയുടെ ഇഷ്ടക്കാരായത്. അതിൽ വൃത്തമുണ്ടായിരുന്നു. കാവ്യഭംഗിയുണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. തോന്നുന്നത് എഴുതിവെക്കുന്നു. 'മാധ്യമം' പോലുള്ള പ്രസിദ്ധീകരണങ്ങൾ അത് തുടർച്ചയായി അച്ചടിച്ചുവിടുന്നു. നിങ്ങൾ പത്ത് ഗദ്യത്തിലെ കവിത കൊടുത്താൽ ഒരെണ്ണമെങ്കിലും വൃത്ത കവിത കൊടുക്കേണ്ടേ? എന്തിനാണ് വൃത്ത കവിതകളോട് അലർജി? വൃത്തിയായി പറഞ്ഞാൽ എനിക്ക് നിങ്ങളുടെ കവിത മടുത്തു. ഇപ്പോൾ ഞാൻ കവിതകൾ മനസ്സിരുത്തി വായിക്കാറേയില്ല. മറിച്ചുനോക്കും.
നല്ല കവികളെ നിങ്ങൾ േപ്രാത്സാഹിപ്പിക്കണം. വൃത്തവും വൃത്തിയുമുള്ള കവിതകൾ പ്രസിദ്ധീകരിക്കണം.
പി. കൃഷ്ണചന്ദ്രൻ മൂവാറ്റുപുഴ
വ്യത്യസ്തതയുടെ വര്‍ഷങ്ങള്‍
'മാധ്യമം ആഴ്ചപ്പതിപ്പ്' രജതജൂബിലിയിലേക്ക് കടക്കുന്ന വേളയില്‍ അതിന്റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുക എന്നത് സാംസ്കാരിക കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടം തന്നെയാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു അന്വേഷണത്തിന് ഇവിടെ മുതിരുന്നില്ല. പകരം 'മാധ്യമം' എങ്ങനെയെല്ലാം വായനയുടെ ലോകത്ത് ഇടപെട്ടു എന്ന് വളരെ ഹ്രസ്വമായി ആലോചിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനും എന്നെ സംബന്ധിച്ച് പരിമിതികള്‍ ഏറെയാണ് എന്ന് അറിയിക്കട്ടെ.
വാര്‍ത്താമാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ് എന്ന മുഖവുരയുമായി തുടങ്ങിയ 'മാധ്യമം' പത്രത്തിന്റെ വാര്‍ഷിക പതിപ്പുകളാണ് ആദ്യം ഓര്‍മയില്‍ വരുന്നത്. സാമൂഹിക, സാംസ്കാരിക ലോകത്തെ പ്രഗല്ഭര് അണിനിരന്ന പ്രസിദ്ധീകരണങ്ങളായിരുന്നുവല്ലോ അവ. സുകുമാര്‍ അഴീക്കോട്, ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, ഡോ. എം. ഗംഗാധരന്, ഫാ. അടപ്പൂര്, എം.എന്‍. കാരശ്ശേരി തുടങ്ങിയ എഴുത്തുകാരും ഒ.വി. വിജയന്, ആനന്ദ്, ടി. പത്മനാഭന്, എം. മുകുന്ദന്, സി. രാധാകൃഷ്ണന്, സക്കറിയ, സുഗതകുമാരി, സച്ചിദാനന്ദന് തുടങ്ങിയ കഥാകാരന്മാരും കവികളും 'മാധ്യമം വാര്ഷികപ്പതിപ്പു'കളില്‍ ഇടം നേടിയിരുന്നു. കെ.എ. കൊടുങ്ങല്ലൂര്‍, ജമാല്‍ കൊച്ചങ്ങാടി തുടങ്ങിയവരുടെ സാരഥ്യത്തിലാണ് ആദ്യകാലങ്ങളില്‍ വാര്‍ഷിക പതിപ്പുകള്‍ ഇറങ്ങിയിരുന്നത്.
അതിന്റെ തുടര്‍ച്ചയായാണ് 1998 ഫെബ്രുവരിയില്‍ മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങുന്നത്. ഒ. അബ്ദുറഹ്മാന്, പി.കെ. പാറക്കടവ് തുടങ്ങിയ എഡിറ്റര്‍മാര്‍ ആഴ്ചപ്പതിപ്പിനെ വായനക്കാര്‍ക്ക് പ്രിയമുള്ളതാക്കി തീര്‍ത്തു. അരികുവത്കരിക്കപ്പെടുന്ന സമൂഹത്തിനുവേണ്ടി 'മാധ്യമം ആഴ്ചപ്പതിപ്പ്' നിരന്തരം ശബ്ദിച്ചു. ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ശബ്ദം മുഖ്യധാരയില്‍ കേള്‍പ്പിക്കാന്‍ ശ്രമം നടന്നു. അതുകൊണ്ടുതന്നെ പ്രിയമായ കാര്യങ്ങള്‍ക്കൊപ്പം അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാനുള്ള ബാധ്യതയും 'മാധ്യമം ആഴ്ചപ്പതിപ്പ്' ഏറ്റെടുത്തു. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പി.കെ. പാറക്കടവ് പിരിയോഡിക്കല്‍ എഡിറ്ററായി ഏറെക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് വി. മുസഫര്‍ അഹമ്മദ് ആ ചുമതല നിര്‍വഹിച്ചു.
മറ്റുള്ളവര്‍ കാണാതെ പോവുന്ന അഥവാ കണ്ടില്ലെന്ന് നടിക്കുന്ന സംഭവങ്ങളും വ്യക്തികളും 'മാധ്യമ'ത്തില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നു എന്നത് സന്തോഷകരമാണ്. ആദിവാസികളുടെ ജീവിതം, ഭരണകൂടം വെടിവെച്ചുകൊന്ന മാവോവാദികളുടെ ജനാധിപത്യാവകാശം, ചെങ്ങറ സമരം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം, കെ-റെയില്‍ പ്രക്ഷോഭം ഇങ്ങനെ എത്രയോ വിഷയങ്ങള്‍ 'ആഴ്ചപ്പതിപ്പ്' കൈകാര്യം ചെയ്യുകയുണ്ടായി.
സിനിമാലോകത്തെ സാംസ്കാരിക വിനിമയം എത്രമേല്‍ ആരോഗ്യപ്രദമാണ് എന്ന ചര്‍ച്ചയും 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ പരിഗണനയില്‍ വന്നു. കലാഭവന്‍ മണി, സലിംകുമാര്‍, വിനായകന് തുടങ്ങിയവരുടെ ഇന്റര്‍വ്യൂകളും അവരെ സംബന്ധിച്ചുള്ള ലേഖനങ്ങളും മറ്റും സിനിമാലോകത്തെ വര്‍ണവിവേചനത്തിന്റെ കയ്പ്പുറ്റ ചിത്രങ്ങള്‍ വരച്ചിട്ടിട്ടുണ്ട്. ഡെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ് എന്നീ തിരക്കഥാകൃത്തുക്കളുടെ ആത്മകഥകള്‍ അടുത്തകാലത്താണ് 'ആഴ്ചപ്പതിപ്പി'ല്‍ വന്നത്.
കഥകള്‍ക്കും കവിതകള്‍ക്കും 'ആഴ്ചപ്പതിപ്പ്' നല്കുന്ന ഇടം എടുത്തുപറയേണ്ടതാണ്. സച്ചിദാനന്ദന് മുതല്‍ പുതിയ കവികള്‍വരെ എഴുതുന്നുണ്ട്. ഓരോ ലക്കത്തിലും അഞ്ചും ആറും കവിതകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കഥകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിഭിന്നമായ പ്രമേയങ്ങളിലൂടെ കഥകള്‍ വായനക്കാരെ ആവേശംകൊള്ളിക്കുന്നു. കെ.ആര്. മീരയുടെ ആരാച്ചാര്‍, ഘാതകന്, ടി.ഡി. രാമകൃഷ്ണന്റെ മാമാ ആഫ്രിക്ക എന്നീ നോവലുകള്‍ വായനക്കാരെ ഏറെ ആകര്‍ഷിക്കുകയുണ്ടായി.
ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുത്വവാദികളുടെ ഇന്ത്യന്‍ രാഷ്ട്രീയ ഇടപെടല്‍ പ്രമേയമാക്കിയ '9 എം.എം ബെരേറ്റ' എന്ന വിനോദ്കൃഷ്ണയുടെ നോവല്‍ ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിന്റെ കൊടിയടയാളമായി ആ നോവല്‍ പ്രസിദ്ധീകരണത്തെ കാണേണ്ടതാണ്. എം.കെ. പ്രസാദ്, ഇര്ഫാന് ഹബീബ് തുടങ്ങിയവരുടെ അഭിമുഖങ്ങള്‍ അടുത്തകാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പരിസ്ഥിതി, ന്യൂനപക്ഷ വിഷയങ്ങളില്‍ 'ആഴ്ചപ്പതിപ്പി'ന്റെ നിലപാടുകള്‍ മാറിയിട്ടില്ല എന്നതിന്റെ വിളംബരംകൂടിയായിരുന്നു അവ.
'മീഡിയാസ്കാന്‍' എന്ന വ്യത്യസ്തമായ പംക്തി 'ആഴ്ചപ്പതിപ്പി'ന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ ആവില്ല. പ്രഫ. യാസീന്‍ അശ്റഫ് എത്ര സൂക്ഷ്മമായും നിശിതമായുമാണ് മാധ്യമലോകത്തെ വീക്ഷിക്കുന്നത്! ആഗോളതലത്തില്‍ മാധ്യമരംഗത്തുണ്ടാവുന്ന ചലനങ്ങള്‍ മുതല്‍ മലയാളത്തിലെ വാര്ത്താവതരണത്തിലെയും കണ്ടെത്തലുകളുടെയും പ്രശ്നങ്ങള്‍ വരെ ഇതില്‍ ചര്‍ച്ചചെയ്യുന്നു. മലയാളത്തിലെ മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മൂല്യനിര്‍ണയ സംവിധാനമാണ് ഈ പംക്തിയിലൂടെ നിര്‍വഹിക്കപ്പെടുന്നത്. 'ആഴ്ചപ്പതിപ്പി'ന് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണിത്.
അവസാന പേജില്‍ 'പൊരുള്വര' എന്ന വി.ആര്. രാഗേഷിന്റെ കാര്‍ട്ടൂണ്‍ ഇന്ത്യന്‍ അവസ്ഥകളുടെ ചിരിയും ചിന്തയും ചാലിച്ച് നല്‍കുന്നതാണ്. സഞ്ജയന് എന്ന പേരില്‍ കാര്‍ട്ടൂണിസ്റ്റ് വേണു കൈകാര്യം ചെയ്ത ഒടുക്കം എന്ന പംക്തിയും ശ്രദ്ധേയമായിരുന്നു. ഇത്തരത്തില്‍ കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ അവസ്ഥകള്‍ എല്ലാംതന്നെ സൂക്ഷ്മമായി വിലയിരുത്തുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന് വായനക്കാര്‍ക്കിടയില്‍ പ്രത്യേകം ഇടമുണ്ട് എന്ന് നിസ്സംശയം പറയാം. കഥകള്‍ക്കും കവിതകള്‍ക്കും നല്കുന്ന ഇലസ്ട്രേഷന് അവയുടെ ലേഔട്ട് എന്നിവയും ആകര്‍ഷകമാകാറുണ്ട്. പോരായ്മകള്‍ പരിഹരിച്ചും പുതിയ ചിന്താപദ്ധതികള്‍ ആവിഷ്കരിച്ചും 'ആഴ്ചപ്പതിപ്പി'ന് മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വാസുദേവൻ കുപ്പാട്ട്
എഴുത്തുകാരൻ എന്ന ഐഡന്റിറ്റി
കേരളത്തിൽ എപ്പോഴും ജാഗ്രത്തായ ഒരു പ്രതിപക്ഷമായാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' പ്രവർത്തിച്ചിട്ടുള്ളത്. കലയിലും സാഹിത്യത്തിലും മറ്റു മുഖ്യധാരാ മാധ്യമങ്ങൾ തീണ്ടാപ്പാടകലെ നിർത്തിയവരെ 'മാധ്യമം' കൈപിടിച്ച് വെളിച്ചത്തു നിർത്തി. കഴിഞ്ഞ 24 വർഷങ്ങൾ ഭരണകൂട ഭീകരതക്കെതിരെയും അഴിമതിക്കെതിരെയും മനുഷ്യാവകാശ പ്രശ്നങ്ങൾക്കുവേണ്ടിയും നിലകൊണ്ടു. ഒരു വാരികയെ സംബന്ധിച്ച് 24 വർഷം ഒരു ചെറിയ കാലയളവ് ആണെങ്കിലും അത് കടന്നുപോയ കാലവും രാഷ്ട്രീയ കാലാവസ്ഥയും അത്ര നല്ലതായിരുന്നില്ല. എന്നിട്ടും വളരെ ബോൾഡ് ആയ നിലപാട് സ്വീകരിക്കുകയും അത്തരം കണ്ടന്റ് നൽകിപോരുകയും ചെയ്യുന്നു. ഈ വ്യതിരിക്തതയാണ് എന്നെ എപ്പോഴും 'മാധ്യമം' വീക്കിലിയോട് അടുപ്പിച്ചുനിർത്തിയിട്ടുള്ളത്.
എന്റെ മിക്ക കഥകളും 'മാധ്യമ'ത്തിൽ പിൽക്കാലത്ത് അച്ചടിച്ചു വന്നപ്പോൾ അഭിമാനിക്കാൻ ഇരട്ടി കാരണമായി. 'മാധ്യമ'ത്തിൽ കഥകൾ പ്രകാശിതമായതോടെയാണ് ഒരു എഴുത്തുകാരൻ എന്ന ഐഡന്റിറ്റി എനിക്ക് കൈവന്നത്. ഇപ്പോൾ നോവലും വരുന്നു. മുമ്പ് 'മാധ്യമ'ത്തിൽ വന്ന നോവലുകൾ എല്ലാംതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവരൊക്കെ വലിയ എഴുത്തുകാരായി അറിയപ്പെടുകയും ഉണ്ടായി. ഇങ്ങനെ പ്രതിഭകളെ വാർത്തെടുക്കുന്ന ഒരു ക്രിയാത്മക ഇടമായി 'ആഴ്ചപ്പതിപ്പ്' മാറുന്നു.
പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രകാശനങ്ങൾക്ക് വലിയ ഇടം 'മാധ്യമം' നൽകുന്നു. കവർപേജിൽ talcam ചിത്രങ്ങൾ മാത്രം കണ്ടുവളർന്ന നമ്മുടെ ബോധത്തിലേക്ക് കറുപ്പിന്റെ രാഷ്ട്രീയം മുഖചിത്രമായി എത്തി. ഇങ്ങനെ വിപ്ലവകരമായ പലതും വീക്കിലി ശീലമാക്കി. ഓരോ പതിപ്പും സമകാലിക വ്യവസ്ഥയോടുള്ള കലഹം പേറി. അതൊരു വലിയ കാര്യമായി എനിക്ക് തോന്നുന്നു. എഡിറ്റോറിയലുകൾ ഒരു ആക്ടിവിസംപോലെ മൂർച്ചയുള്ളതായി. ഇനി ഒരു വായനക്കാരന്നെന്ന നിലക്ക് ഞാൻ ആഗ്രഹിക്കുന്ന മാറ്റം കളർ സൈക്കോളജി അടിസ്ഥാനമാക്കിയുള്ള ഒരു ലേഔട്ട് മാറ്റമാണ്. കൂടുതൽ യുവ വായനക്കാരെ ആകർഷിക്കാനും അവരിലൂടെ ഒരു തുടർച്ച ലഭിക്കാനും ഇതിടയാക്കും.
ക്രിയാത്മകമായ കുറെ ആളുകളെ കണ്ടെത്തി അവരെ സമൂഹത്തിന്റെ spokes persons ആക്കി മാറ്റുന്നതിൽ 'മാധ്യമം' വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതാണ് കഴിഞ്ഞ 24 വർഷക്കാലം കൊണ്ട് 'മാധ്യമം' മലയാളി ഭൂമികക്ക് നൽകിയ സോഷ്യൽ അസ്സറ്റ്. അതിനെ പ്രതിലോമകരമായ രാഷ്ട്രീയംകൊണ്ടോ മനുഷ്യ വിരുദ്ധമായ ഐഡിയോളജികൊണ്ടോ തകർക്കാനാവില്ല.
Iffk പതിപ്പുകൾ, വേൾഡ് സോഷ്യൽ ഫോറത്തെ പറ്റിയുള്ള ലേഖനങ്ങൾ, മേതിലിന്റെ കോളം, ആഗോളീകരണ വിരുദ്ധ സമരങ്ങളെ പറ്റിയുള്ള റിപ്പോർട്ടുകൾ ഒക്കെ ഇന്നും ഓർമയിൽ നിൽക്കുന്നു.
വിനോദ് കൃഷ്ണ
നിങ്ങൾ വികസന വിരോധികൾ
'മാധ്യമം ആഴ്ചപ്പതിപ്പ്' മുടങ്ങാതെ വായനശാലയിൽനിന്ന് വായിക്കുന്ന ഒരാളാണ്. ഇപ്പോൾ വായനക്കാരേ എഴുതൂവെന്ന അറിയിപ്പ് കണ്ടപ്പോൾ എന്റെ അഭിപ്രായം പറയണമെന്ന് കരുതുന്നു. ഇത് അച്ചടിച്ചുവരണമെന്നൊന്നും എനിക്കില്ല. നിങ്ങളുെട നിലപാട് എന്നും കേരളത്തിന്റെ വികസനത്തിന് എതിരാണ്. നാടേ വികസിക്കരുതെന്ന മട്ട്. ഒരു ടി.വി ചാനൽചർച്ചയിൽ സി.ആർ. നീലകണ്ഠനോട് ഒരു പാനലിസ്റ്റ് ചോദിച്ച ചോദ്യം നിങ്ങളോടുംകൂടിയാണ്. ഇതുവരെ നിങ്ങൾ അനുകൂലിച്ച ഒരു പദ്ധതി ഏതാണ്?
കൊച്ചിയിൽ വിമാനത്താവളം വന്നപ്പോൾ എതിർത്തു. മെേട്രാ റെയിൽ വന്നപ്പോൾ അത് നഷ്ടമാകുമെന്ന് പറഞ്ഞ് എതിർത്തു. എക്സ്പ്ര സ് ഹൈവേ വരുന്നതിനെ എതിർത്തു. ഇപ്പോഴിതാ കെ-റെയിൽ പദ്ധതിക്കെതിരെ ഉറഞ്ഞുതുള്ളുന്നു. രണ്ട് ലക്കം മുമ്പ് നോക്കിയപ്പോൾ ഇതുവരെ വ്യക്തമായ ഒരു പദ്ധതിയും അവതരിപ്പിക്കാത്ത വയനാട്ടിലെ തുരങ്കപാതക്ക് എതിരെയും രംഗത്ത് വന്നിരിക്കുന്നു.
നമ്മൾ ജീവിക്കുന്നത് 21 ാം നൂറ്റാണ്ടിലാണ്. ലോകം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇൗ വികസിച്ച ലോകത്തേക്ക് കേരളത്തിൽനിന്നുള്ളവരെല്ലാം താമസം മാറ്റുകയാണ്. ജോലിക്കുവേണ്ടിയും നല്ല ജീവിതത്തിനുവേണ്ടിയും. പക്ഷേ, നമ്മുടെ നാട് മാത്രം വികസിക്കാൻ പാടില്ല. നമ്മളിപ്പോഴും കാളവണ്ടിയുഗത്തിൽ ജീവിച്ചോളണം. ഇൗ സമീപനം പുതിയ തലമുറയിലെ കുട്ടികൾ അംഗീകരിക്കില്ല. വേഗതയാണ് പുതിയ ലോകത്തിന്റെ മുദ്രാവാക്യം. നിങ്ങൾക്ക് വേഗത്തിൽ കാര്യങ്ങൾ ചെയ്യണം, വേഗത്തിൽ യാത്ര ചെയ്യണം.
ഇനിയെങ്കിലും എല്ലാ വികസനത്തിനും എതിരെ നിലകൊണ്ട് വികസന വിരോധികളുടെ മുഖപത്രമാകരുത്. പദ്ധതികൾക്ക് എതിരല്ല, അതുമൂലമുണ്ടാകുന്ന നാശത്തിനും നഷ്ടത്തിനുമൊപ്പമാണ് എന്നു പറഞ്ഞ് നിങ്ങൾക്ക് ന്യായീകരിക്കാം. പക്ഷേ, നിങ്ങളുടെ എതിർപ്പ് അവസാനം എത്തുന്നത് എല്ലാത്തരം പദ്ധതികൾക്കും എതിരായാണ്. ഏത് പദ്ധതി തുടങ്ങിയാലും കുറച്ചൊക്കെ പരിസ്ഥിതി നാശം ഉണ്ടാകും. അത് എത്രയും കുറച്ച് നടത്തണം. അല്ലാതെ മൊത്തം പദ്ധതികളെയും എതിർക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണം.
േജാസഫ് കുര്യൻ ചങ്ങനാശ്ശേരി
ശാസ്ത്രനയം അനിവാര്യം
'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ പ്രസിദ്ധീകരണം കാൽനൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ, ഒരുപക്ഷേ, വായനക്കാർ ഏറ്റവും ഒാർമിക്കുക അതിന്റെ പലവിധ ഇടപെടലുകളായിരിക്കും. കേരളത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ, പരിസ്ഥിതി മേഖലകളിൽ 'ആഴ്ചപ്പതിപ്പി'ന്റെ ശബ്ദം ആർക്കും അവഗണിക്കാനാവാത്തവിധം ശക്തമായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. പരിസ്ഥിതി സംബന്ധമായി 'മാധ്യമം' മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വൈകിയെങ്കിലും കേരളീയ സമൂഹത്തിന്റെ പൊതുവായ അജണ്ടയായി മാറിയതിനും മലയാളക്കര സാക്ഷിയാണ്. പതിനഞ്ച് വർഷം മുമ്പ്, എക്സ്പ്രസ് ഹൈവേ വിഷയത്തിൽ 'ആഴ്ചപ്പതിപ്പ്' മുന്നോട്ടുവെച്ച പാരിസ്ഥിതികമായ ആശങ്കകൾ ഇപ്പോൾ കെ- റെയിലിന്റെ കാര്യത്തിലും ആവർത്തിക്കപ്പെടുന്നു. അന്നത് ഒറ്റപ്പെട്ട ശബ്ദമായിരുന്നുവെങ്കിൽ ഇപ്പോൾ കേരളം മുഴുക്കെ അത് ഏറ്റെടുത്തിരിക്കുന്നു. കെ- റെയിൽ വിരുദ്ധ സമരങ്ങൾ വലിയ ജനകീയ പ്രക്ഷോഭങ്ങളായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
രാഷ്ട്രീയവും സാംസ്കാരികവുമായ മേഖലകളിലും 'ആഴ്ചപ്പതിപ്പി'ന്റെ ഈ ഇടപെടലുകൾ കാണാം. പ്രസ്തുത വിഷയങ്ങളിലെല്ലാം തന്നെ 'ആഴ്ചപ്പതിപ്പ്' മൗലികമായ ചില കാഴ്ചപ്പാടുകൾ വെച്ചുപുലർത്തിയതുകൊണ്ടാണ് ഇത് സാധ്യമായത്.
എന്നാൽ, ശാസ്ത്രസംബന്ധമായ കാര്യങ്ങളിൽ ഇങ്ങനെയൊരു കാഴ്ചപ്പാട് 'മാധ്യമം ആഴ്ചപ്പതിപ്പി'നുണ്ടോ എന്ന കാര്യം സംശയമാണ്. വളരെ അപൂർവമായി ചില ശാസ്ത്ര ലേഖനങ്ങൾ വരുമെന്നല്ലാതെ മേൽസൂചിപ്പിച്ചതുപോലുള്ള മൗലിക ചിന്തകൾ പങ്കുവെക്കുന്ന സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിൽ 'ആഴ്ചപ്പതിപ്പി'ന്റെ പത്രാധിപ സമിതി പരാജയപ്പെടുന്നുവെന്ന് പറയാതെ വയ്യ. പത്രാധിപ സമിതി അടിയന്തരമായി ശ്രദ്ധപതിപ്പിക്കേണ്ട വിഷയമാണിതെന്ന് തോന്നുന്നു. പല കാരണങ്ങളാൽ, ഇത്തരം മാസികകളിൽ ഏറെ പ്രാധാന്യത്തോടോ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട കാലംകൂടിയാണിത്. ഒന്നാമതായി, മഹാമാരിയുടെ കാലത്താണ് നാം ജീവിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുക എന്നതായിരുന്നു ആഗോളതലത്തിൽതന്നെ ശാസ്ത്രസമൂഹം കൈക്കൊണ്ട തീരുമാനം. ഇതിനർഥം, എല്ലാം വിധിക്കുവിട്ടുകൊടുത്തുള്ള ഒരു 'ജൈവിക ജീവിതം' നയിക്കുക എന്നല്ലല്ലോ. മറിച്ച്, ആധുനിക ശാസ്ത്രം ആർജിച്ച അറിവുകളുടെയും കൈവരിക്കപ്പെട്ടിട്ടുള്ള സാങ്കേതിക വിദ്യയുടെയും പിൻബലത്തോടെ കോവിഡിനെതിരായ പ്രതിരോധം സാധ്യമാക്കുക എന്നതുതന്നെയാണ്. ഇതിനായി സമൂഹത്തെ സജ്ജമാക്കണമെങ്കിൽ പ്രാഥമികമായി അവരിൽ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ചെയ്യേണ്ടത്. ഈ ദൗത്യം നിർവഹിക്കാൻ സാധിക്കുക ഇതുപോലുള്ള മാധ്യമങ്ങൾക്കാണ്. അത്തരത്തിൽ ശാസ്ത്രാവബോധം വളർത്തണമെങ്കിൽ, വ്യക്തമായൊരു ശാസ്ത്ര കാഴ്ചപ്പാടും ശാസ്ത്രീയമായ സമീപനവും 'ആഴ്ചപ്പതിപ്പ്' മുന്നോട്ടുവെക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ, അത്തരം ശാസ്ത്രനയങ്ങൾ സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെ പടിക്കുപുറത്താണ്. 'മാധ്യമ'വും അതേ ഗണത്തിൽതന്നെയാണ്.
കാലാവസ്ഥാ വ്യതിയാനം മനുഷ്യകുലത്തെ തന്നെ കീഴടക്കാൻ വെമ്പിനിൽക്കുന്ന കാലംകൂടിയാണിത്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികളെ എങ്ങനെ തടയാമെന്നത് ശാസ്ത്രസമൂഹത്തിന്റെ ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നാണ്. ഇതുസംബന്ധിച്ച് നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു; അനേകം ഉടമ്പടികൾ തയാറാക്കപ്പെട്ടിരിക്കുന്നു. ഈ കാര്യങ്ങളൊന്നും നമ്മുടെ മാധ്യമങ്ങളിൽ വലിയ വാർത്തകളാവാറില്ല. ഇതേക്കുറിച്ച വിശകലന റിപ്പോർട്ടുകളും അപൂർവമായേ വെളിച്ചംകാണാറുള്ളൂ. നമ്മെ സംബന്ധിച്ച്, ഇത്തരം പ്രതിഭാസങ്ങളത്രയും മറ്റേതോ രാജ്യത്ത് നടക്കുന്ന ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളാണ്. തുടർച്ചയായ വർഷങ്ങളിൽ നമ്മുടെ സംസ്ഥാനത്തുണ്ടായ പ്രളയവും ഉരുൾപൊട്ടലുമൊന്നും ഈ പ്രതിഭാസത്തോട് ചേർത്തുവായിക്കാൻ നാം ഇനിയും പഠിപ്പിച്ചിട്ടില്ല. മാധ്യമങ്ങൾ അത്തരമൊരു അറിവ് ഇനിയും പകർന്നു നൽകിയിട്ടില്ല എന്നതാണ് വാസ്തവം.
ഇക്കാര്യങ്ങളിലെല്ലാം പുതിയൊരു ദിശാമാറ്റത്തിന് 'മാധ്യമം ആഴ്ചപ്പതിപ്പി'ന് തുടക്കംകുറിക്കാനാകും. മലയാള മാധ്യമ ചരിത്രത്തിൽ പുതിയ പല പ്രവണതകളും ഭാവുകത്വങ്ങളും കൊണ്ടുവന്ന 'ആഴ്ചപ്പതിപ്പ്', അതിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് ഈ ദൗത്യംകൂടി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.
ശാഹുൽ ഹമീദ് വട്ടിയൂർകാവ്
ഹാദിയയെ മറന്ന ആഴ്ചപ്പതിപ്പ്
മലയാളത്തിലെ ഇതര സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽനിന്ന് 'മാധ്യമം ആഴ്ചപ്പതിപ്പി'നെ വ്യതിരിക്തമാക്കുന്നത് മനുഷ്യാവകാശ വിഷയങ്ങളിൽ അതുയർത്തിപ്പിടിക്കുന്ന കരുത്തുറ്റ നിലപാടുകൾതന്നെയാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ എണ്ണമറ്റ ഇടപെടലുകൾ 'ആഴ്ചപ്പതിപ്പ്' നടത്തിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് അതിന്റെ നേട്ടവുമുണ്ടായി. പലപ്പോഴും മുഖ്യധാരാ സമൂഹം അവഗണിച്ച എത്രയോ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ 'മാധ്യമം' വിജയിച്ചിട്ടുണ്ട്. ഭരണതലത്തിൽ നടക്കുന്ന അഴിമതി, സ്വജനപക്ഷപാതം, പരിസ്ഥിതി ചൂഷണം, ഭൂമി കൈയേറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം ആത്യന്തികമായി മനുഷ്യാവകാശ പ്രശ്നങ്ങൾ തന്നെയാണല്ലോ. ഇതിനുപുറമെ, ഫാഷിസത്തിനും ഏകാധിപത്യത്തിനുമെതിരായി ശക്തമായി നിലകൊള്ളാനും 'മാധ്യമ'ത്തിന് സാധിച്ചിട്ടുണ്ട്.
എന്നാൽ, ഇടപെടലുകളിൽ ചില വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഹാദിയ വിഷയം. ഇസ്ലാമോഫോബിയയെക്കുറിച്ചും ലവ് ജിഹാദ് കുപ്രചാരണത്തെക്കുറിച്ചുമെല്ലാം നിരന്തരമായി സമൂഹത്തെ ഓർമപ്പെടുത്തിയ 'ആഴ്ചപ്പതിപ്പ്' ഹാദിയ വിഷയത്തിൽ കാര്യമായി ഇടപെട്ടില്ലെന്ന് തോന്നുന്നു. ആരുടെ കൂടെ ജീവിക്കണം, ഏത് വിശ്വാസ പ്രകാരം ജീവിക്കണം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ തീരുമാനമെടുത്ത വിദ്യാസമ്പന്നയായ ഒരു യുവതിയെ സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾ 'തടഞ്ഞു'വെച്ചപ്പോൾ അതിനെതിരെ ശബ്ദിക്കാൻ കഴിയാതെപോയത് 'മാധ്യമ'ത്തിന്റെ പരാജയമാണ്. ഈ 'തടഞ്ഞു'വെപ്പിന് പലർക്കും പല കാരണങ്ങളായിരുന്നു. വീട്ടുകാരെ സംബന്ധിച്ച് ആദ്യം അതൊരു കുടുംബ പ്രശ്നമായിരുന്നു. സംഘ്പരിവാർ ഇടപെട്ടപ്പോൾ അതിെൻ സ്വഭാവം തന്നെയും മാറി. ലവ് ജിഹാദ് ആരോപണവും നിർബന്ധിത മതംമാറ്റവുമെല്ലാം തികഞ്ഞ അജണ്ടയോടെ ചർച്ചയാക്കുന്നതിൽ സംഘ്പരിവാർ വിജയിച്ചു. കേരളത്തിലെ ലിബറൽ സമൂഹത്തിൽനിന്ന് ഹാദിയക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഹാദിയക്കും ഭർത്താവ് ഷെഫിൻ ജഹാനും പിന്നിലുള്ള സംഘടനയെ ഏറെ സംശയത്തോടെയാണ് അവർ നോക്കിയത്. ഈ 'നോട്ട'ത്തിനിടയിൽ ബലികഴിക്കപ്പെട്ടത് ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശം തന്നെയാണ്. ഏറ്റവുമൊടുവിൽ, സുപ്രീംകോടതി തന്നെ വേണ്ടിവന്നു കാര്യത്തിലൊരു തീർപ്പിലെത്താൻ. ഇതിനിടയിൽ കേരളക്കരയിൽ നടന്ന വാദകോലാഹലങ്ങൾക്ക് കൈയുംകണക്കുമില്ല. ഈ കാലമത്രയും 'ആഴ്ചപ്പതിപ്പ്' നിശ്ശബ്ദത പാലിച്ചതിന്റെ കാരണം ഇനിയും വ്യക്തമല്ല. കഴിഞ്ഞ 24 വർഷത്തെ 'മാധ്യമം ആഴ്ചപ്പതിപ്പ്' മറിച്ചുനോക്കിയാൽ, പുതുനൂറ്റാണ്ടിലെ കേരളത്തിന്റെ ചരിത്രംതന്നെയാണതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ ഇവിടെ നടന്ന പ്രധാനപ്പെട്ട സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഭവങ്ങളെല്ലാം 'ആഴ്ചപ്പതിപ്പി'ന്റെ താളുകളിൽ കാണാം. അത്തരത്തിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട ഒന്നായിരുന്നു ഹാദിയയുടെ ജീവിത കഥയും. നിർഭാഗ്യവശാൽ, ആ 'ചരിത്ര രചന'യിൽനിന്ന് ഹാദിയ പുറന്തള്ളപ്പെട്ടു.
മുഹമ്മദ് നബീൽ കായംകുളം
സിനിമകളെ ചർച്ചയാക്കുന്നതിന് നന്ദി
സിനിമയെ ഗൗരവമായി ചർച്ചചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ നിലവിലില്ല എന്നുതന്നെ പറയാം. അൽപ്പം ഗോസിപ്പും നായികമാരുടെ മോഡലിങ് ചിത്രവും ചേർത്ത് പുറത്തിറങ്ങിയിരുന്ന സിനിമാവാരികകളുടെയും കാലം ഏതാണ്ട് അവസാനിച്ചുവെന്ന് തോന്നുന്നു. എത്രയോ തലമുറകളെ സിനിമ വായിപ്പിച്ച 'ചിത്രഭൂമി' അടക്കമുള്ള പ്രസിദ്ധീകരണങ്ങൾ പുത്തൻ രൂപത്തിലേക്കും ഭാവത്തിലേക്കും മാറിയിട്ട് വർഷങ്ങളായി. എന്നാൽ സിനിമയുടെ കാഴ്ചകളും കാഴ്ചക്കപ്പുറവുമുള്ള വിശേഷങ്ങളും അണിനിരത്തുന്ന 'മാധ്യമം ആഴ്ചപ്പതിപ്പ്' സിനിമയുടെ ഗൗരവമുള്ള വായന ഇപ്പോഴും സമ്മാനിക്കുന്നു.
കമൽ, ഡെന്നീസ് ജോസഫ്, കലൂർ ഡെന്നീസ്, ത്യാഗരാജൻ എന്നിവരുടെയെല്ലാം ജീവിതമെഴുത്ത് ഏറെ ആവേശപൂർവമാണ് വായിച്ചിരുന്നത്. ഇപ്പോൾ തുടർന്നുവരുന്ന ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകളും ചലച്ചിത്ര വായന ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവം നൽകുന്നു. കൂടാതെ 'മാധ്യമം' സിനിമകളെ സമീപിക്കുന്ന രീതി സിനിമകളോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്നതിന് കാരണമായിട്ടുണ്ട്. സിനിമകളിലെ ജാതി, വംശീയത, ഇസ്ലാമോഫോബിയ, അപരവത്കരണം തുടങ്ങിയവയെയെല്ലാം പ്രശ്നവത്കരിക്കുന്ന എത്രയോ ലേഖനങ്ങളും പഠനങ്ങളുമാണ് 'മാധ്യമ'ത്തിൽ വന്നുപോയത്. സമൂഹമാധ്യമങ്ങൾ സിനിമകളുടെ പൊളിറ്റിക്കൽ കറക്ട്നസും സോഷ്യോ പൊളിറ്റിക്കൽ വിമർശനവുമെല്ലാം ചർച്ചയാക്കുന്നതിനും എത്രയോ മുമ്പുതന്നെ 'മാധ്യമം' ഇതിനെല്ലാം വഴിവെട്ടിയിരുന്നു എന്നതാണ് സത്യം. സൂക്ഷ്മമായ വിലയിരുത്തലുകളും അഭിപ്രായങ്ങളും ചേരുന്ന അഭിമുഖങ്ങളും ഗംഭീരമാകാറുണ്ട്.
വിവിധ സാമൂഹിക വിഷയങ്ങളോട് ചേർത്ത് സിനിമകളെ ബന്ധിപ്പിക്കാനുള്ള എഡിറ്റോറിയൽ ടീമിന്റെ കഴിവും അഭിനന്ദനം അർഹിക്കുന്നു. ഹലാൽ ഫുഡ് പ്രത്യേക പതിപ്പിൽ ഭക്ഷണത്തെയും സിനിമകളെയും ബന്ധിപ്പിച്ച് അനിറ്റ ഷാജി എഴുതിയ ലേഖനം ഇതിനുള്ള സമീപകാല ഉദാഹരണമാണ്. സിനിമ എന്ന ജനപ്രിയ കലയെ 'മാധ്യമം' പത്രം ഇപ്പോഴും തമസ്കരിക്കുന്നുണ്ടെന്ന് തോന്നുന്നു. 'വാരാദ്യമാധ്യമ'ത്തിനപ്പുറത്തേക്ക് പത്രത്താളുകളിൽ സിനിമകളും പരസ്യവും ബോക്സോഫിസ് വിശേഷങ്ങളുമൊന്നും അധികം കടന്നുവരാറില്ല. അപ്പോഴാണ് ഈ ജനപ്രിയ കലയെ 'മാധ്യമം ആഴ്ചപ്പതിപ്പ്' വേറൊരു തലത്തിലേക്ക് ഉയർത്തുന്നത്. തുടരുക, ആശംസകൾ.
സാജിദ് മലപ്പുറം
നിലപാട് പറയുക, നിവർന്നുനിന്ന്
മോദി ഭരണകാലത്തെ മാധ്യമസ്വാതന്ത്ര്യം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്ന വേളയിലാണ് മാധ്യമം ആഴ്ചപ്പതിപ്പ് 24 വർഷങ്ങൾ പൂർത്തിയാക്കുന്നത്. ഭരണകൂടത്തെ വിമർശിക്കുന്ന പൗരാവകാശ പ്രവർത്തകർ , അക്കാദമിഷ്യന്മാർ, മാധ്യമ പ്രവർത്തകർ, ന്യൂനപക്ഷ സംഘടനകൾ എന്നിവരെല്ലാം നിശ്ശബ്ദമാക്കപ്പെടുകയോ തടവറക്കുള്ളിലാക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ സമാന്തരമായി സംഘ്പരിവാറിന്റെ ആശയപ്രചാരണവും നുണപ്രചാരണവും തകൃതിയിൽ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സാംസ്കാരിക രംഗത്തും മാധ്യമരംഗത്തും സൈബർ സ്പേസിലുമെല്ലാം അതിവേഗത്തിലാണ് സംഘ് ആശയങ്ങൾ പടർന്നുകയറുന്നത്. അതിനെ ചെറുക്കേണ്ട ചുമതലയുള്ള മാധ്യമങ്ങളാകട്ടെ, അതിനൊപ്പം നീങ്ങുന്നു.
ദേശീയ മാധ്യമങ്ങളിൽ ഏറിയ പങ്കും മോദിയുടെ വരവിന് മുന്നേതന്നെ മുട്ടുകുത്തിക്കഴിഞ്ഞവരാണ്. അവശേഷിച്ചവരിൽ ചിലരാകട്ടെ സത്യാനന്തര കാലത്തോടും വാർത്തകളോടും പൊരുത്തപ്പെട്ടുകഴിഞ്ഞു. നിവർന്നുനിന്നവരെല്ലാം നിശ്ശബ്ദമാക്കപ്പെടുന്നു. ഗൗരി ലങ്കേഷ്, സിദ്ദീഖ് കാപ്പൻ, റാണ അയ്യൂബ് എന്നിവരെല്ലാം ഉദാഹരണങ്ങൾ മാത്രം. 'മാധ്യമം' കുടുംബത്തിൽനിന്നുതന്നെയുള്ള 'മീഡിയവൺ' ചാനലിന്റെ നാവരിയാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരുന്നു.
വേട്ടക്കാർ കഴുകനെപ്പോലെ മുകളിലൂടെ റാകിപ്പറക്കുമ്പോഴും 'മാധ്യമം ആഴ്ചപ്പതിപ്പ്' നിവർന്നുനിന്ന് അതിന്റെ നിലപാട് പറയുകതന്നെയാണ്. വംശീയ രാഷ്ട്രീയത്തെയും വിദ്വേഷ രാഷ്ട്രീയത്തെയുമെല്ലാം ചരിത്രവും വർത്തമാനവും ഭാവിയും നിരത്തിവെച്ച് തെളിവുകൾ സഹിതം തുറന്നുകാട്ടുന്നു, ഒട്ടും വിട്ടുവീഴ്ചയില്ലാതെ. അതുകൊണ്ടുതന്നെ വിയോജിപ്പുകൾക്കും രാഷ്ട്രീയ വ്യത്യാസങ്ങൾക്കും അപ്പുറത്ത് 'ആഴ്ചപ്പതിപ്പി'നോടൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. സത്യസന്ധമായും നിർഭയമായും സ്വതന്ത്രമായും മാധ്യമപ്രവർത്തനം ചെയ്യാൻ കഴിയാത്ത ഭരണവ്യവസ്ഥയെ ജനാധിപത്യം എന്ന് വിളിക്കാൻ കഴിയില്ലല്ലോ.
ആലിയ അഷ്റഫ്, കൊല്ലം
മീഡിയാ സ്കാൻ: മാധ്യമസാക്ഷരതക്കൊരു മാനിഫെസ്റ്റോ
'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ തുടക്കംമുതലേയുള്ള വായനക്കാരനാണ് ഞാൻ. അന്നുതൊട്ട്, ആഴ്ചപ്പതിപ്പ് കൈയിൽ കിട്ടിയാൽ ആദ്യം വായിക്കുക പ്രഫ. യാസീൻ അശ്റഫിന്റെ 'മീഡിയാ സ്കാൻ' എന്ന പംക്തിയാണ്. മലയാളികൾക്ക് മാധ്യമസാക്ഷരത പകരുന്നതിൽ നിർണായക പങ്കുവഹിച്ച പംക്തിയാണത്. ഒരുപക്ഷേ, കൃഷ്ണൻ നായരുടെ 'സാഹിത്യ വാരഫല'ത്തോടൊപ്പമൊക്കെ ചേർത്തുവെക്കാവുന്ന പംക്തി.
കേവലം സിദ്ധാന്തങ്ങളിലൂന്നിയുള്ള എഴുത്തായിരുന്നില്ല യാസീൻ അശ്റഫിന്റേത്. നമ്മുടെ കൺമുന്നിലിരിക്കുന്ന മാധ്യമങ്ങളിലെ വരികളിലൂടെ സഞ്ചരിച്ച് അതിന്റെ മേന്മകളും കുറവുകളും ആർക്കും എളുപ്പത്തിൽ ബോധ്യപ്പെടുംവിധമുള്ള രചനകളായിരുന്നു അവയെല്ലാം. മാർഷൽ മക്ലുഹന്റെ പ്രശസ്തമായ 'മീഡിയം ഈസ് ദി മെസേജ്' എന്ന സിദ്ധാന്തം വർത്തമാനകാല മാധ്യമങ്ങളിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്ന് ഓരോ ആഴ്ചയും 'മീഡിയാസ്കാൻ' വായനക്കാർക്കു മുമ്പിൽ എത്തിക്കുന്നു. മാധ്യമങ്ങൾ സ്വയം വാർത്തയാകുന്നതിന്റെ രാഷ്ട്രീയവും മാധ്യമങ്ങൾ സ്വയം സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതുമെല്ലാം അതിൽ വായിക്കാം.
ഒരു സംഭവത്തെ ഓരോ മാധ്യമവും ഓരോ തരത്തിൽ നോക്കിക്കാണുന്നതിന്റെ രാഷ്ട്രീയം മലയാളികൾക്ക് ബോധ്യപ്പെടുത്തിയത് ഈ പംക്തിയായിരിക്കും. ഓരോ മാധ്യമത്തിനും ഓരോ രാഷ്ട്രീയമുണ്ട്. അതുപോലെ, ചിലർ സ്റ്റേറ്റിന്റെ തന്നെ ഉപകരണങ്ങളാകുന്നതിന്റെ അനവധി ഉദാഹരണങ്ങളും 'മീഡിയാ സ്കാനി'ൽ വായിക്കാം. സോഷ്യൽ മീഡിയയുടെ പുതിയ കാലത്ത്, ആ മേഖലയിലേക്കുകൂടി 'മീഡിയാ സ്കാൻ' കടന്നുവെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കഴിഞ്ഞ പത്ത് വർഷത്തെ 'മീഡിയാ സ്കാൻ' നോക്കിയാൽ ഇക്കാര്യം മനസ്സിലാക്കാം. സൈബർ മീഡിയകൾ ലോകത്ത് എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.
ഒരർഥത്തിൽ, കൃത്യമായി ഡോക്യുമെന്റ് ചെയ്യേണ്ട 'പാഠ'ങ്ങളാണ് 'മീഡിയാസ്കാൻ'. മാധ്യമത്തിന്റെ പുസ്തക പ്രസാധന സംരംഭത്തിൽ നിർബന്ധമായും ഉൾച്ചേരേണ്ട ഒന്ന്. പതിനഞ്ച് വർഷം മുമ്പ്, കോഴിക്കോട് ഫാറൂഖ് കോളജിലെ പ്രസാധന വിഭാഗം 'മീഡിയ സ്കാൻ' പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. 'മീഡിയാ സ്കാനി'ന്റെ ആദ്യ അഞ്ച് വർഷത്തെ ലേഖനങ്ങൾ എഡിറ്റ് ചെയ്തായിരുന്നു അങ്ങനെയൊരു പുസ്തകം സാധ്യമാക്കിയത്. ഇപ്പോഴും ആ പുസ്തകം പ്രസക്തമായി നിൽക്കുന്നു. ആ നിലയിൽ ചിന്തിക്കുമ്പോൾ കാൽനൂറ്റാണ്ടുകാലത്തെ മാധ്യമ വിശകലനം ഒരു പുസ്തകമാവുക എന്നാൽ, മികച്ചൊരു റഫറൻസ് ഗ്രന്ഥം പുറത്തിറക്കുക എന്നുതന്നെയാണ് അതിന്റെ അർഥം. മാധ്യമ വിദ്യാർഥികൾക്കും ഗവേഷകർക്കും മലയാളത്തിൽ ലഭിക്കാവുന്ന ഏറ്റവും മൂല്യമേറിയൊരു പുസ്തകംതന്നെയാകുമത് എന്നതിൽ സംശയമില്ല.
പ്രമോദ് മംഗലാട് വള്ളിക്കുന്ന്
കായികലോകത്തെ അടയാളപ്പെടുത്തണം
'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. മലയാളത്തിലെ സാംസ്കാരിക മാസികകൾ പൊതുവിൽ കായിക സംബന്ധമായ വിഷയങ്ങൾക്ക് അധികം പ്രാധാന്യം നൽകാറില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായിരുന്നു 'മാധ്യമ'ത്തിന്റെ തുടക്കം. ആദ്യകാലത്ത് സ്ഥിരമായി വിംസിയുടെ കായിക വിശകലന കോളം അതിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് അത് നിലച്ചു. അതിനുശേഷം, സ്ഥിരമായൊരു കായിക പംക്തി 'മാധ്യമ'ത്തിൽ വന്നിട്ടില്ല. വളരെ അപൂർവമായി ചില സന്ദർഭങ്ങളിൽ (ഒളിമ്പിക്സ്, ലോകകപ്പ് ഫുട്ബാൾ തുടങ്ങി ഏതെങ്കിലും കായിക മാമാങ്കങ്ങളുടെ പശ്ചാത്തലത്തിൽ) മാത്രമാണ് പിന്നീട് കായികലോകത്തെ അടയാളപ്പെടുത്താൻ 'ആഴ്ചപ്പതിപ്പ്' തയാറായത്.
വാസ്തവത്തിൽ, 'മാധ്യമം'പോലൊരു സാംസ്കാരിക പ്രസിദ്ധീകരണത്തിന്റെ സ്ഥിരം വിഭവങ്ങളുടെ കൂട്ടത്തിൽ കായികമേഖലയും ഉൾപ്പെടുത്തേണ്ടതാണ്. കളി വെറും കളിയല്ല എന്ന കാര്യം എല്ലാവരും സമ്മതിക്കുന്ന യാഥാർഥ്യമാണ്. ഓരോ കായിക ഇനവും കായിക മേളകളും സവിശേഷമായ സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. സാംബാ താളത്തെ അവഗണിച്ചുകൊണ്ട് നമുക്ക് ബ്രസീലിന്റെ ഫുട്ബാൾ ശൈലിയെപ്പറ്റി പറയാനാകുമോ? ഏതൊരു കളിക്കുമുണ്ട് ഇങ്ങനെയൊരു സാംസ്കാരിക പശ്ചാത്തലം. അതുപോലെത്തന്നെയാണ് കളിയുടെ രാഷ്ട്രീയവും. വിഖ്യാതമായ 'സോക്കർ വാർ' ആർക്കാണ് മറക്കാനാവുക? അതിലും സംഭവബഹുലമായിരുന്നു 2011ലെ ക്രിക്കറ്റ് ഡിപ്ലോമസി. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് അതിന് വേദിയായത്. ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടുന്നത് 'ചിരവൈരികളാ'യ ഇന്ത്യയും പാകിസ്താനും. മുംബൈ ഭീകരാക്രമണത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധമൊക്കെ അറ്റുപോയതിൽപിന്നെ പരസ്പരമുള്ള ക്രിക്കറ്റ് പര്യടനങ്ങളൊന്നും വർഷങ്ങളായി നടന്നിട്ടില്ല. എന്തിന്, െഎ.പി.എല്ലിൽ പോലും ഒരൊറ്റ പാകിസ്താനിയുണ്ടായിരുന്നില്ല. അപ്പോഴാണ് ഇങ്ങനെയൊരു മത്സരം. ആ 'ഏറ്റുമുട്ടലി'നെ ഒരു സുവർണാവസരമാക്കാൻ പ്രധാനമന്ത്രി മൻമോഹൻ തീരുമാനിക്കുന്നതോടെ, കളിയാകെ മാറി. മൻമോഹന്റെ ക്ഷണം സ്വീകരിച്ച് മത്സരം വീക്ഷിക്കാൻ പാക് പ്രധാനമന്ത്രി യൂസുഫ് റസ ഗീലാനിയെത്തി. ഗീലാനിയും അവസരത്തിനൊത്ത് ക്രീസിലിറങ്ങിയതോടെ അതൊരു ചരിത്രനിമിഷമായി പരിണമിച്ചു. ഇരുനേതാക്കളും ഗ്രൗണ്ടിലെത്തി കളിക്കാരെ അഭിവാദ്യംചെയ്യുേമ്പാൾ ഗാലറിയിൽ രണ്ടു രാജ്യങ്ങളുടെയും പതാകകൾ കൂട്ടിക്കെട്ടി കാണികൾ െഎക്യാരവം മുഴക്കി. മത്സരത്തിൽ ഇന്ത്യ വിജയിച്ചു ഫൈനലിലെത്തി. അതിനേക്കാൾ കാലം ഓർത്തുവെക്കുക ഇരു നേതാക്കളും ഗ്രൗണ്ടിലിറങ്ങി സമാധാന പ്രക്രിയകൾക്ക് തുടക്കംകുറിച്ചതാകും. ഔദ്യോഗിക ഡിപ്ലോമാറ്റിക് ചർച്ചകൾക്ക് കഴിയാത്തത് പലപ്പോഴും ഗാലറികൾക്കും ഗ്രൗണ്ടുകൾക്കും സാധിക്കും. ഫാഷിസത്തിന്റെയും വിദ്വേഷത്തിന്റെയും പുതിയകാലത്ത് ഇത് വളരെ പ്രധാനമാണ്. ഇക്കാര്യം വേണ്ടത്ര 'ആഴ്ചപ്പതിപ്പി'ന്റെ പത്രാധിപസമിതി ഉൾക്കൊണ്ടിട്ടുണ്ടോ?
അതേസമയം, ശ്രദ്ധേയമായ പല കായിക ലേഖനങ്ങളും 'ആഴ്ചപ്പതിപ്പി'ൽ വന്നതും മറക്കുന്നില്ല. തുടക്കത്തിൽ വിംസിയും പിന്നീട് നരേന്ദ്രനും എഴുതിയ ലേഖനങ്ങളൊക്കെ ആർക്കും മറക്കാനാവില്ല. ഫുട്ബാൾ ഗാനങ്ങളെക്കുറിച്ച് മനോജ് കുറൂർ എഴുതിയ ലേഖനം ഏറെ പഠനാർഹമായിരുന്നു. മുഹമ്മദ് അശ്റഫിന്റെ എഴുത്തുകളും എടുത്തുപറയേണ്ടതാണ്. അതിനുശേഷം, യദു കോട്ടക്കൽ എഴുതിയ പരമ്പരയും (ഡെഡ്ബാൾ) മികച്ച റഫറൻസുകളിലൊന്നാണ്. ഇതിനിടയിൽ ഐ.എം. വിജയൻ അടക്കമുള്ള കായികപ്രതിഭകളുടെ ജീവിതവും 'ആഴ്ചപ്പതിപ്പ്' രേഖപ്പെടുത്തി. ഇപ്പോൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സനിൽ പി. തോമസിന്റെ കായികയാത്രയും മലയാള മാധ്യമചരിത്രത്തിലെ അപൂർവതകളിലൊന്നാണ്. അപ്പോഴും കളിയെഴുത്തിനെ ഒരു ശീലമായി ഏറ്റെടുക്കാൻ 'ആഴ്ചപ്പതിപ്പി'ന് കഴിഞ്ഞിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. പുതിയ കാലം അതാവശ്യപ്പെടുന്നുണ്ട് എന്നു മാത്രം ഓർമപ്പെടുത്തട്ടെ. അതുവഴി, പുതിയൊരു വായനസമൂഹത്തിലേക്കുകൂടി 'ആഴ്ചപ്പതിപ്പ്' എത്തിച്ചേരട്ടെ.
രാജേഷ് കുമാർ വട്ടോളി തിരുവല്ല
സത്യത്തിന്റെയും നീതിയുടെയും ജിഹ്വയായി 'മാധ്യമം' നിലനിൽക്കണം
മുഖ്യധാരാ എഴുത്തിടങ്ങളിൽനിന്നും പ്രസിദ്ധീകരണങ്ങളിൽനിന്നും വ്യത്യസ്തമായി അചഞ്ചലമായ നീതിബോധത്തോടെ പാർശ്വവത്കൃതരും കീഴാളസമൂഹങ്ങളും നേരിടുന്ന സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രശ്നങ്ങളെ ആഴത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള എഴുത്തിടമാണ് 'മാധ്യമം'.
ഇന്ത്യൻ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്ന നിലീനഭരണകൂടമായ ഹിന്ദുത്വബ്രാഹ്മണ്യ വ്യവഹാരങ്ങളെ അൽപംപോലും ഭയമില്ലാതെ വിമർശ വിചാരങ്ങൾക്ക് വിധേയമാക്കുന്ന പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാൻ 'മാധ്യമം' പ്രകടിപ്പിക്കുന്ന നീതിബോധവും ഉറച്ച സ്ഥൈര്യവും മറ്റു മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽനിന്നും പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നീതിക്കായുള്ള അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദം കേൾപ്പിക്കാനുള്ള ഒരു ചാലകമായികൂടിയാണ് 'മാധ്യമം' പ്രവർത്തിച്ചു വരുന്നത്. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിയടരായ സംവരണാവകാശങ്ങളെ മുൻനിർത്തി ഗഹനമായ ആലോചനകൾ പ്രസിദ്ധീകരിക്കാൻ 'മാധ്യമം' പ്രകടിപ്പിച്ച ധന്യാത്മകമായ വശങ്ങളെ പ്രാതിനിധ്യ ജനാധിപത്യത്തെ അംഗീകരിക്കുന്ന ആർക്കും നിഷേധിക്കാൻ കഴിയുന്ന ഒന്നല്ല. 'മാധ്യമ'ത്തിന്റെ വായന, വായനക്കാരനെ സുഖകരമായ സുഷുപ്തിയിലേക്കല്ല ആനയിക്കുന്നത്. മറിച്ച്, കലങ്ങിയതും സംഘർഷം നിറഞ്ഞതുമായ ഒരു പിടി ആകുലതകൾ അതു സമ്മാനിക്കുന്നു. കാരണം സാമൂഹികനീതിക്കായി നിലകൊള്ളുന്ന സുമനസ്സുകളുടെ ഹൃദയം പൊള്ളിക്കുന്ന സാമൂഹിക യാഥാർഥ്യങ്ങളുടെ നേരവതരണങ്ങളാണ് 'മാധ്യമ'ത്തിന്റെ എഴുത്തിടത്തെ സജീവമാക്കുന്നത്.
കാലങ്ങളായി മറ്റു പലരും പറയാൻ മടിച്ച സത്യങ്ങൾ ഉറക്കെ വിളിച്ചുപറയാൻ 'മാധ്യമം' കാണിക്കുന്ന സവിശേഷമായ സാമൂഹികപ്രതിബദ്ധതയും ആർജവവുംതന്നെയാണ് അതിന്റെ ഊർജകേന്ദ്രവും. അസമത്വ സാമൂഹിക വ്യവസ്ഥയെ സാധൂകരിച്ച് സ്തുതി പാടുന്നവർ ഭരണകൂട ശക്തിയായും, അത് ജനജീവിതത്തെ ബാധിക്കുന്ന നിലീനഭരണ കേന്ദ്രമായും തുടരുമ്പോൾ നിരന്തര പ്രതിപക്ഷമായി സത്യത്തിന്റെയും നീതിയുടെയും ജിഹ്വയായി 'മാധ്യമം' നിലനിൽക്കേണ്ടത് തീർത്തും അനിവാര്യമാണ്. അതാണ് 'മാധ്യമ'ത്തിന്റെ കരുത്തും.
ഡോ. ടി.എസ്. ശ്യാംകുമാർ
മലയാളി പൗരബോധ്യത്തിന് ഇരുപത്തിനാലു വർഷം
ഒരു പ്രസിദ്ധീകരണത്തിന് ഇരുപത്തിനാലുവർഷം എന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിലെ സ്ഥിരത മാത്രമല്ല, പകരം കേരളത്തിൽ ഒരു സമാന്തര മുഖ്യധാരയെ കൂടി സൃഷ്ടിച്ചു എന്നത് മറ്റൊരു പ്രസിദ്ധീകരണത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്. ആദ്യകോപ്പിയിലെ നിഖിൽ ചക്രവർത്തിയുടെ അഭിമുഖം ഇന്നും ഓർത്തെടുക്കാൻ കഴിയുന്നത് ആ അഭിമുഖത്തിൽ അദ്ദേഹം മുന്നോട്ട് െവച്ച നിരീക്ഷണങ്ങൾ ഇരുപത്തിയഞ്ചാം വർഷത്തിനപ്പുറവും പ്രസക്തമാണ് എന്നതുകൊണ്ടുകൂടിയാണ്. കേരളത്തിലെ മുഖ്യധാരാ എന്നാൽ സാമൂഹിക മത ജാതി അധികാരത്തെ നിയന്ത്രിക്കുന്ന ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുന്ന ഒന്നാണ്. ഈ കേരളത്തിൽ ഘടനാപരമായി തന്നെ പുറന്തള്ളപ്പെട്ട ജനതക്കോ, സാമൂഹിക പരിസരത്തിനോ ഇടം കിട്ടുക സാധ്യമല്ല. പൗരസമൂഹം എന്നാൽ മുഖ്യധാരക്ക് പുറത്തുനിൽക്കുന്ന ഒന്നായിട്ടാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾപോലും കരുതിയിരുന്നത്. പൗരസമൂഹം എന്നാൽ രാഷ്ട്രീയ ഇടപെടലുകൾക്ക് കാരണമായിത്തീരുന്ന ഒന്നായി കേരളം അറിഞ്ഞുതുടങ്ങിയത് 'മാധ്യമ'ത്തോടൊപ്പമാണ് എന്നത് ഒരു പ്രസിദ്ധീകരണം എന്നനിലക്ക് അഭിമാനിക്കാവുന്നതാണ്. സമാന്തര മുഖ്യധാര എന്നത് കേവലം ഒരാശയം മാത്രമല്ല കേരളത്തിൽ ഒരു യാഥാർഥ്യംകൂടിയാണ്.
കേന്ദ്രീകൃത സ്വഭാവം ഇല്ലാത്തതുകൊണ്ടും സമൂഹംതന്നെ വിവിധങ്ങളായ ആശയംകൊണ്ട് സമ്പന്നമാകുന്നതുകൊണ്ടും മുഖ്യധാരാ എന്നത് അധികാരത്തിന്റെ കുത്തകവത്കരണമായും, ഫാഷിസമായും ഒക്കെ രൂപപ്പെടുന്നത് നമ്മൾ കാണുന്നതാണ്. ജനാധിപത്യത്തെ അപ്രസക്തമാക്കുന്ന ഭരണകൂടവാദം സാമൂഹികവും സാമ്പത്തികമായും അസമത്വം അനുഭവിക്കുന്ന ഒരു സമൂഹത്തെ കൂടുതൽ പിന്നാക്കം കൊണ്ടുപോകും എന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തിൽ വേണം 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ ഇരുപത്തിനാലു വർഷത്തെ വിലയിരുത്തേണ്ടത്.
നവ ഉദാരവത്കരണത്തിന്റെ സമകാലിക ചരിത്രം പഠിക്കുന്നവർക്ക് ഒരുപക്ഷേ ഇത്തരം നയങ്ങൾ ഉണ്ടാക്കിയ സാമൂഹിക ആഘാതം മനസ്സിലാക്കാൻ കഴിഞ്ഞ ഇരുപത്തിനാലുവർഷം 'മാധ്യമം ആഴ്ചപ്പതിപ്പ്' ചർച്ചചെയ്ത വിഷയങ്ങൾ തന്നെ നോക്കിയാൽ മതി. ആദിവാസി സമൂഹത്തിന്റെ സാമൂഹിക നിലനിൽപിനെ കൃത്യമായി രേഖപ്പെടുത്തിയ പ്രസിദ്ധീകരണം 'മാധ്യമം ആഴ്ചപ്പതിപ്പ്' തന്നെയാണ്. ഇന്നും ഈ വിഷയത്തിൽ കൃത്യമായ വിവരങ്ങളും പഠനങ്ങളും പുറത്തുവരുത്തുന്നത് 'മാധ്യമം' വഴിയാണ് എന്നത് ഗൗരവമായ ഒന്നാണ്. മലയാളി പൗരസമൂഹം എന്താണ് എന്ന് തിരിച്ചറിയുന്നതിന് കാരണമായി എന്ന ഒറ്റ കാരണം മാത്രം 'മാധ്യമം ആഴ്ചപ്പതിപ്പി'നെ സാമൂഹിക ചരിത്രത്തിൽ അടയാളപ്പെടുത്താൻ കഴിയും. ഇത്തരം ലേഖനങ്ങളെ അക്കാദമി/ സൗന്ദര്യശാസ്ത്ര രീതികൊണ്ട് വിശകലനം ചെയ്യേണ്ടതല്ല. 'മാധ്യമ'ത്തിലൂടെ വായനക്കാർ അറിഞ്ഞ/ മനസ്സിലാക്കിയ പ്രത്യയശാസ്ത്രം അധികാരത്തിന്റെ രീതിശാസ്ത്രത്തെ തിരസ്കരിക്കുക എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലുവർഷം എന്നാൽ രാഷ്ട്രീയ സമരങ്ങൾ സംഘടിത രാഷ്ട്രീയ പാർട്ടികൾ മറികടന്നുകൊണ്ട് ഉണ്ടായ ഒരു കാലംകൂടിയാണ്. ഇത്തരം ജീവിതസമരങ്ങൾ പലപ്പോഴും തികച്ചും പ്രാദേശികവും അതത് ജനതയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതുംകൂടിയാകാം. അതിനുള്ളിലെ ജനാധിപത്യത്തെ തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ നേട്ടവും സംഭാവനയും. വരും കാലങ്ങളിലും ഇത് തുടരും എന്ന് പ്രത്യാശിക്കുന്നു.
ഡോ. എസ്. മുഹമ്മദ് ഇർഷാദ്
നവീന ഭാവനകളുടെ അക്ഷരവിരുന്ന്
യാഥാർഥ്യങ്ങളെ ഇഴചേർത്തിയ നവീന ഭാവനകളുടെ അക്ഷരവിരുന്ന് തന്നെയാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'ൽ പതിയുന്ന കവിതകളും നോവലുകളും.
നൗഷാദ് പൂന്തോട്ടം പൂക്കാട്ടിരി
കവിതകൾ അൽപം കൂടുതലല്ലേ എന്നൊരു സംശയം
'മാധ്യമം ആഴ്ചപ്പതിപ്പ്' തുടക്കം മുതൽ വായിക്കുന്നു. ആരംഭത്തിൽ ഓരോ ലക്കത്തിലെയും പ്രതിപാദ്യവിഷയം നോക്കിയായിരുന്നു തിരഞ്ഞെടുത്ത് വാങ്ങിച്ചിരുന്നത്. എങ്കിലും കോളജ് ലൈബ്രറിയിൽനിന്ന് സ്ഥിരമായി ആഴ്ചപ്പതിപ്പ് വായിച്ചിരുന്നു. ഇപ്പോൾ 'മാധ്യമം ആഴ്ചപ്പതിപ്പ്' സ്ഥിരമായി വാങ്ങിച്ച് വായിക്കുന്നു.
ഇനി 'ആഴ്ചപ്പതിപ്പി'ന്റെ പ്രതിപാദ്യത്തിലേക്ക് വരാം. ലേഖനങ്ങളാണ് 'ആഴ്ചപ്പതിപ്പി'ന്റെ മുഖമുദ്ര. ശ്രദ്ധേയമായ പല കാര്യങ്ങളും ലേഖനത്തിന് വിഷയങ്ങളാകുന്നു. മറ്റു പലരും കൈവെക്കാൻ മടിക്കുന്ന പല വിഷയങ്ങളും 'ആഴ്ചപ്പതിപ്പ്' സധൈര്യം ഏറ്റെടുക്കുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കർഷകസമരം, കെ -റെയിൽ, ആദിവാസി പ്രശ്നങ്ങൾ ഇവയെല്ലാം അത്തരം ഇടപെടലുകളിലെ ചില സമീപകാല ഉദാഹരണങ്ങൾ മാത്രം. ചില പ്രത്യേകവിഷയങ്ങളിൽ 'ആഴ്ചപ്പതിപ്പ്' കൈക്കൊള്ളുന്ന നിലപാടുകളും സുധീരംതന്നെ.
കഥകളും കവിതകളും ഏതൊരാഴ്ചപ്പതിപ്പിന്റെയും അലങ്കാരംതന്നെ. എങ്കിലും 'ആഴ്ചപ്പതിപ്പി'ൽ കവിതകൾ അൽപം കൂടുതലല്ലേ എന്നൊരു സംശയം. ചില ലക്കങ്ങളിൽ തുടക്കത്തിൽ തന്നെ പേജുകളോളം കവിതകളാണ്, മൊഴിമാറ്റ കവിതകൾ ഉൾപ്പെടെ. കഥകളും ഏറക്കുറെ അങ്ങനെ തന്നെ. ഈയിടെ 'ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിച്ച ഒരു ചെറുകഥ പേജുകളോളം വരുന്നതായിരുന്നു. ഇത്തരത്തിലുള്ള രചനകൾ ചെറുകഥയുടെ ചുറ്റുപാട് ഇല്ലാതാക്കുന്നതല്ലേ എന്നു ചിന്തിച്ചുപോകുന്നു. ഇതൊരു കുറ്റപ്പെടുത്തലല്ല; ഇത്തരം കാര്യങ്ങളിൽ ചെറിയൊരു ശ്രദ്ധ വേണമെന്ന നിർദേശം മാത്രം.
ചരിത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' മറ്റേതൊന്നിനേക്കാളും ഏറെ മുന്നിലാണ്. ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഒരു നിർദേശം മുന്നോട്ട് വെക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം സമഗ്രമായും നിഷ്പക്ഷമായും അവതരിപ്പിക്കുന്ന ഒരു പരമ്പര പ്രസിദ്ധീകരിച്ചാൽ 'ആഴ്ചപ്പതിപ്പി'ന്റെ ചരിത്രത്തിലെ കനപ്പെട്ട ഒരധ്യായമായി മാറുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഈ വിഷയത്തിൽ ഏറെ താൽപര്യമുള്ള ഒരു വായനക്കാരൻ എന്ന നിലയിൽ 'ആഴ്ചപ്പതിപ്പി'ന് എന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തുതരാൻ തൽപരനാണെന്നും സ്നേഹത്തോടെ അറിയിക്കുന്നു.
ദിലീപ് വി. മുഹമ്മദ് കാലാമ്പൂര്, മൂവാറ്റുപുഴ
തുടക്കം മുതൽ ഒടുക്കം വരെ
രജതജൂബിലി ആഘോഷിക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന് ശതകോടി ആശംസകള്‍ നേരുന്നതിനോടൊപ്പം ഇനിയുമിനിയും കൂടുതല്‍ ഔന്നത്യത്തിലേക്കെത്താന്‍ സാധ്യമാറാകട്ടെ എന്നുകൂടി പ്രാർഥിക്കുന്നു.
മലയാള സാഹിത്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളില്‍ നവ ചൈതന്യം പൊഴിക്കാനായി പ്രതിജ്ഞയെടുത്തുകൊണ്ട് 1998ല്‍ പുറത്തിറങ്ങിയ ഈ പ്രസിദ്ധീകരണം ഇന്ന് ലക്ഷോപലക്ഷം വായനക്കാരുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്നത് ചെറിയൊരു കാര്യമല്ല. വിദേശത്തെ ജോലിയില്‍നിന്ന് വിരമിച്ച ഞാന്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയതില്‍ പിന്നെയാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' കാണുന്നതും, വായന തുടങ്ങുന്നതും. പത്രാധിപര്‍ക്ക് കത്തുകള്‍ എഴുതി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ കയറുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന എന്റെ ഹോബിയാണ് വായനയും എഴുത്തും. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇറങ്ങുന്ന മുഖ്യധാരാ ആനുകാലികങ്ങളില്‍ ഇതിനകം 3500നുമേല്‍ കത്തുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ 200ഓളം 'മാധ്യമ'ത്തിലൂടെയാണ് അച്ചടിമഷി പുരണ്ടതെന്ന് നന്ദിപൂര്‍വം സ്മരിക്കുന്നു.
ഞാന്‍ 'മാധ്യമം' വായിക്കാന്‍ തുടങ്ങുന്ന കാലത്ത് അതില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലായിരുന്നു കെ.ആര്. മീരയുടെ 'ആരാച്ചാര്‍'. അതിന്റെ തുടക്കത്തില്‍ തന്നെ ഞാനെഴുതിയ കത്ത് മീരക്ക് പ്രോത്സാഹനമായിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. കത്തില്‍ ഞാന്‍ പ്രവചിച്ചിരുന്നതുപോലെതന്നെ മലയാള നോവല്‍ സാഹിത്യത്തില്‍ 'ആരാച്ചാര്‍' ചലനങ്ങള്‍ ഉണര്‍ത്തിയെന്നു മാത്രമല്ല നിരവധി അവാര്‍ഡുകളും അതിനെ തേടിയെത്തിയെന്നത് ചരിത്രം. ഞാനെഴുതുന്ന നിരവധി കത്തുകള്‍ 'മാധ്യമ'ത്തിലും മറ്റു വാരികകളിലും പ്രസിദ്ധീകരിക്കപ്പെടുന്നത് കണ്ടിട്ട് 'മാധ്യമ'ത്തില്‍ 'മീഡിയാസ്കാന്‍' എഴുതിക്കൊണ്ടിരിക്കുന്ന യാസീന്‍ അശ്റഫ് ഒരിക്കല്‍ - ''സണ്ണി ജോസഫിന്റെ കത്തുകള്‍ കാണാതെ ഒരാഴ്ചയും കടന്നുപോകാറില്ല'' എന്നു കുറിച്ചിട്ടതാണ് എനിക്കിതുവരെ ലഭിച്ച ഏറ്റവും വലിയ അംഗീകാരം. അതിനും 'മാധ്യമം' തന്നെ സാക്ഷി.
'തുടക്കം' എന്ന എഡിറ്റോറിയലില്‍നിന്നും 'ഒടുക്കം' എന്ന ആക്ഷേപഹാസ്യ രചനയില്‍ അവസാനിപ്പിക്കുന്ന ഈ പ്രസിദ്ധീകരണം സ്ത്രീ പുരുഷ സമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം എന്നിവക്ക് പ്രാധാന്യം നല്കുന്നു. 'മാധ്യമ'ത്തിന് ചില പ്രത്യേകതകളുള്ളതായി എനിക്ക് തോന്നിയിട്ടുള്ളതില്‍ ഒന്നാണ് അതിന് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നിലപാടെടുത്ത് കൃത്യമായ മീറ്ററില്‍, അക്ലിഷ്ടമായ ഭാഷയില്‍ പ്രതികരിക്കുക എന്നത്. ആരുടെ മുമ്പിലും സധൈര്യം അതവര് പറയും. 'തുടക്ക'മെന്ന എഡിറ്റോറിയല്‍ മുഖം കണ്ടാല്‍ അവരുടെ മനസ്സ് വായിച്ചറിയാം.
ആദ്യമൊക്കെ ലളിതമായ റിയലിസ്റ്റിക് കഥകള്‍ക്കും ഭാവനാസമ്പന്നമായ കവിതകള്ക്കുമായിരുന്നു ഇടം നല്കിയിരുന്നതെങ്കില് പിന്നീടത് ആധുനികതക്കും അത്യാധുനികതക്കും അവസരം നല്കി കാലത്തിനൊപ്പം ചുവടുെവച്ചു. 300ഓളം കഥാകൃത്തുക്കളും അത്രയും തന്നെ കവികളും ഈ പ്രസിദ്ധീകരണത്തിലൂടെ വായനക്കാര്‍ക്ക് സുപരിചിതരായി. സച്ചിദാനന്ദന്റെ കവിതകളോ വിവര്‍ത്തനങ്ങളോ ഇല്ലാതെ വാരികയുടെ ഒരു മാസക്കാലം കടന്നുപോകാറില്ല. അതിലൂടെ അന്യഭാഷകളിലെ മണിമുത്തുകളും നമ്മുടെ ആസ്വാദനഗരിമക്ക് പൊലിമ കൂട്ടി. ചിത്രീകരണവും ലേ ഔട്ടുമാണ് 'മാധ്യമ'ത്തിന്റെ പ്രത്യേകതകളായി എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. സുധീഷ് കോേട്ടമ്പ്രം, സുനില്‍ അശോകപുരം, ഇപ്പോള്‍ '9 MM ബെരേറ്റ'ക്കു വേണ്ടി ബ്രഷ് ചലിപ്പിക്കുന്ന തോലില്‍ സുരേഷ് വരെ ഉള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ 'മാധ്യമ'ത്തിന് ആടയാഭരണങ്ങള്‍ ചാര്‍ത്തി സുസ്മേരവദനയാക്കി പുറത്തിറക്കുന്നു. പുതിയ ഭാവുകത്വങ്ങള്‍ക്കും പുതിയ ആശയങ്ങള്‍ക്കും പുതിയ ചിന്തകള്‍ക്കും വളര്‍ന്നു പന്തലിക്കാനൊരു ഭൂമിക - അതേ, അതാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്'. അതോടൊപ്പം ഭാഷയുടെയും സാഹിത്യത്തിന്റെയും മാറ്റ് കൂട്ടിക്കൊണ്ടിരിക്കുന്ന ഈ പ്രസിദ്ധീകരണം ബഹുസ്വരതയുടെയും വേദിയാണെന്നുകൂടി പറയാന്‍ സന്തോഷമുണ്ട്.
അൽപം മേമ്പൊടി: പത്രക്കെട്ട് മാളയില്‍ എത്താഞ്ഞതിനാല്‍ എന്റെ കത്ത് പ്രസിദ്ധീകരിച്ചു വന്ന ലക്കം കിട്ടിയില്ല. ഒന്നു രണ്ടു ദിവസം കൂടി കാത്തിരുന്നെങ്കിലും നിഷ്ഫലം! ഒടുവില്‍ ക്ഷമകെട്ട് ഞാന്‍ കോഴിക്കോട്ടേക്ക് വിളിച്ചു. പേരു പറഞ്ഞപ്പോള്‍ തന്നെ ഫോണെടുത്ത ആള്‍ക്ക് എന്നെ മനസ്സിലായി. ''ആഴ്ചപ്പതിപ്പില്‍ കത്തെഴുതുന്ന സണ്ണി ജോസഫല്ലേ'' എന്ന ചോദ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. വാരിക കിട്ടിയില്ലെന്നറിയിച്ചപ്പോള് ''വിഷമിക്കേണ്ട, കോപ്പി മാളയില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരിക്കും'' എന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ചു. പിറ്റേന്ന് രാവിലെ മാളയിലെ 'മാധ്യമം' ബ്യൂറോക്കാര്‍ എനിക്കത് വീട്ടില്‍ കൊണ്ടുവന്നു തന്നു. ഇത്തരം കാര്യങ്ങളാണ് 'മാധ്യമ'ത്തെ വ്യത്യസ്തമാക്കുന്നതും എന്നെപ്പോലുള്ള എഴുത്തുകാര്‍ ഇഷ്ടപ്പെടുന്നതും. ആംഗലത്തില്‍ ഇതിനെ Such special care makes Madhyamam Weekly different from others as different as Chalk from Cheese എന്ന് വിശേഷിപ്പിക്കാം.
സണ്ണി ജോസഫ്, മാള
'മാധ്യമം' വഹിച്ച പങ്ക് വളരെ വലുത്
'മാധ്യമം ആഴ്ചപ്പതിപ്പ്' സാംസ്കാരിക, സാഹിത്യ രംഗത്ത് നടത്തുന്ന ഇടപെടൽ വളരെ വലുതാണ്. നവ മാധ്യമങ്ങളെ മാത്രം ആശ്രയിച്ച് എഴുതിവന്നിരുന്ന ഞാനടക്കമുള്ള പുതിയ തലമുറ എഴുത്തുകാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ 'മാധ്യമം' വഹിച്ച പങ്ക് വളരെ വലുതാണ് . എഴുത്തുകാരന്റെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ കണ്ടന്റുകളിലെ വൈവിധ്യവും ഊടും മാത്രം പരിശോധിച്ച് പ്രസിദ്ധീകരിക്കുന്ന 'മാധ്യമ'ത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലേക്കുള്ള ചുവടുവെപ്പിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ...
ജോസിൽ സെബാസ്റ്റ്യൻ
ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഒച്ചവെച്ച രണ്ടര പതിറ്റാണ്ട്
സാഹിത്യത്തിലും സംസ്കാരത്തിലും അധീശപരവും വരേണ്യവുമായ ഭാവുകത്വം അടയാളപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്താണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' പ്രത്യക്ഷപ്പെടുന്നത്. ഇരുപത്തിയഞ്ച് സംവത്സരങ്ങൾ ഒരു പ്രസിദ്ധീകരണത്തെ വിലയിരുത്താൻ മതിയായ കാലയളവ് തന്നെയെങ്കിൽ 'മാധ്യമ'ത്തെ സംസ്കാരത്തിന്റെ ദിശാസൂചി എന്ന് വിളിക്കാം. ഇക്കാലയളവിനിടയിൽ, ഇതിനു മുമ്പൊരിക്കലും ഉയർന്നുകേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത പതിതരുടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ഒച്ച ഉച്ചത്തിൽത്തന്നെ മുഴങ്ങിക്കേട്ടത് 'മാധ്യമം ആഴ്ചപ്പതിപ്പി'ലൂടെയാണ്. ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും മാത്രമല്ല, ആദിവാസികളുടെയും ജീവിതപരിസരത്തേക്ക് മലയാളി ഭാവുകത്വത്തെ കൂട്ടിക്കൊണ്ടുപോയത് 'മാധ്യമ'മാണ്. അവരുടെ ജീവിതപരിസരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക മാത്രമല്ല, അവരുടെ ഭാഷക്കും സാഹിത്യത്തിനും 'മാധ്യമം' ഇടം നൽകുകയും ചെയ്തു എന്നത് എടുത്തു പറയേണ്ടതുതന്നെയാണ്. ആദിവാസി ഊരുകളിലും സാഹിത്യമുണ്ടെന്നും അവരുടെയിടയിലും കവിതയും കവികളുമുണ്ടെന്നും 'ആഴ്ചപ്പതിപ്പ്' കാണിച്ചു തന്നു. വരേണ്യരും അവരുടെ ജീവിതവും സാഹിത്യത്തിന്റെ ഉമ്മറക്കോലായിൽ കസേരയിട്ടിരിക്കുമ്പോഴാണ് പണിയരുടെയും ഇരുളരുടെയും ജീവിതത്തിനും അവരുടെ കവിതകൾക്കും സാഹിത്യത്തിൽ ഇടമുണ്ടെന്ന് 'മാധ്യമം' നമുക്കു കാണിച്ചു തന്നത്.
സംഘപരിവാരം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം പിടിച്ചെടുത്തതോടെ മാധ്യമങ്ങൾക്ക് സംഭവിച്ച ഭാവമാറ്റം വ്യക്തമായിരുന്നു. എന്നാൽ ആ ഭാവമാറ്റത്തോട് രാജിയാവാതെ പിടിച്ചുനിന്ന, നിൽക്കുന്ന അപൂർവം പ്രസിദ്ധീകരണങ്ങളിലൊന്നാണ് 'മാധ്യമം'. മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ച ഒട്ടേറെ സ്റ്റോറികൾ 'മാധ്യമ'ത്തിലൂടെ വെളിച്ചം കണ്ടു. പുതിയ പുതിയ മേഖലകൾ പൊതുസംവാദ വേദിയിൽ അവതരിപ്പിച്ചു. ഉദാഹരണങ്ങൾ ഒരുപാടുണ്ട്. നക്സൽ വർഗീസ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന സർക്കാർ ഭാഷ്യത്തെ വർഗീസിനെ വെടിവെച്ചുകൊന്ന രാമചന്ദ്രൻ നായർ എന്ന പൊലീസുകാരന്റെ തുറന്നുപറച്ചിലിലൂടെ പൊളിച്ചത് 'മാധ്യമം ആഴ്ചപ്പതിപ്പാ'ണ്. രാമചന്ദ്രൻനായരുടെ കുറ്റസമ്മത മൊഴി 'ആഴ്ചപ്പതിപ്പ്' പുറത്തു കൊണ്ടുവന്നപ്പോൾ ഭരണകൂട ഭീകരത മാത്രമല്ല വെളിവായത്, സർക്കാർ കരുതലിൽ സുരക്ഷിതരായിക്കഴിഞ്ഞ ലക്ഷ്മണയെപ്പോലുള്ള പ്രതികൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥകൂടിയായിരുന്നു. പവിത്രൻ തീക്കുനിയുടെ മത്സ്യക്കച്ചവടം സ്റ്റോറിയാക്കി, ആ കവിയിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധ പതിയാൻ കാരണമായതും 'ആഴ്ചപ്പതിപ്പു' തന്നെ.
സാഹിത്യത്തിൽ പുതിയ ഭാവുകത്വം 'ആഴ്ചപ്പതിപ്പ്' കൊണ്ടുവന്നു. പുതിയ പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തി. ഇന്ത്യക്കകത്തും പുറത്തുമുള്ള പല പ്രമുഖരെയും (ഉദാ: സൽമ, സിൽവിയാ പ്ലാത്ത്) ഞാനടക്കമുള്ള സാധാരണ വായനക്കാർ പരിചയപ്പെട്ടത് 'മാധ്യമ'ത്തിലൂടെയാണ്. ജി.ആർ. ഇന്ദുഗോപൻ, ടി.ഡി. രാമകൃഷ്ണൻ, കെ.ആർ. മീര, സുസ്മേഷ് ചന്ത്രോത്ത്, കെ.പി. രാമനുണ്ണി തുടങ്ങിയവരുടെ മികച്ച നോവലുകൾ പ്രകാശിപ്പിച്ചു. ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും മാമാ ആഫ്രിക്കയുമൊക്കെ 'മാധ്യമം' പ്രസിദ്ധീകരിച്ചതിലൂടെ നോവൽ വായനയുടെ ചാലുതന്നെയാണ് മാറ്റി വരച്ചത്. കെ.ആർ. മീരയുടെ ആരാച്ചാർ എന്ന നോവൽ 'മാധ്യമം' പ്രസിദ്ധീകരിച്ചപ്പോൾ ഓരോ ആഴ്ചയിലും അതിന്റെ തുടർ ഭാഗങ്ങൾ വായിക്കാൻ കാത്തിരുന്നത് ഓർത്തു പോകുന്നു. അത്രക്കും ശക്തമായിരുന്നു അതിന്റെ വശീകരണ ശക്തി. അവരുടെ തന്നെ ഘാതകൻ എന്ന നോവലാകട്ടെ മറ്റൊരു അക്ഷരസ്ഫോടനമായിരുന്നു! എം. മുകുന്ദന്റെ 'കുട നന്നാക്കുന്ന ചോയി'യിലൂടെ വടക്കേ മലബാറിൽ അന്യംനിന്നുപോയ സംസാരഭാഷയിലെ പല പദങ്ങളും ഓർമയിലെത്തി. കെ.പി. രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകം' അപൂർവ വായനാനുഭവങ്ങളിൽ ഒന്നായിരുന്നു. ആനുകാലികങ്ങളിലെ വാർഷികപ്പതിപ്പുകൾ പലപ്പോഴും അലസ വായനയെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നെങ്കിൽ 'മാധ്യമ'ത്തിന്റെ വാർഷികപ്പതിപ്പുകൾ കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചെക്കടുത്ത് ഗൗരവവായനയിലേക്ക് വായനക്കാരെ കൊണ്ടുപോയി. പുതുവർഷപ്പതിപ്പ് 'മാധ്യമം' കൊണ്ടുവന്ന പുതുമയാണ് എന്ന് തോന്നുന്നു. ഒരാഴ്ചപോലും മുടങ്ങാതെ വരുന്ന ഡോ. യാസീൻ അശ്റഫിന്റെ 'മീഡിയാസ്കാൻ', ഓരോ ആഴ്ചയിലും മീഡിയകളിൽ വന്നു നിറയുന്ന സ്റ്റോറികളിലെ നെല്ലും പതിരും തിരിച്ചറിയാൻ വായനക്കാരനെ സഹായിക്കുന്ന സമാനതകളില്ലാത്ത പംക്തിയാണ്.
ഇലസ്ട്രേഷനിലും 'മാധ്യമം ആഴ്ചപ്പതിപ്പ്' കാലത്തിനു മുമ്പേ നടന്നു എന്നു പറയാം. കെ. ഷരീഫ്, ഭാഗ്യനാഥ് പോലുള്ള ചിത്രകാരന്മാരെയും ഒട്ടേറെ പുതു തലമുറക്കാരെയും 'ആഴ്ചപ്പതിപ്പ്' പരിചയപ്പെടുത്തി. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ ലയിച്ചു ചേർന്ന് അതിനെ ഗുണപരമായി സ്വാധീനിച്ച ആനുകാലികമായാകും 'മാധ്യമ'ത്തെ ചരിത്രം രേഖപ്പെടുത്തുക.
എം.പി.കെ. അഹമ്മദ് കുട്ടി പേരാമ്പ്ര
വായനയോട് വേഗത്തിൽ പ്രണയത്തിലാകുന്ന രീതി
ഡിഗ്രി പഠനകാലം മുതലാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' സ്ഥിരമായി വായിച്ചുതുടങ്ങുന്നത്. വായനയോട് താൽപര്യമുള്ള ഏതൊരാളും വേഗത്തിൽ പ്രണയത്തിലാകുന്ന രീതിയിലായിരുന്നു 'ആഴ്ചപ്പതിപ്പി'ന്റെ ഉള്ളടക്കം ഒരുക്കിയിരുന്നത്. ഒരു സാഹിത്യ വിദ്യാർഥിയായ എന്റെ അഭിരുചികളെ രൂപവത്കരിക്കുന്നതിൽ ഈ വായനകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കഥകളും കവിതകളും വിമർശനങ്ങളുമെല്ലാം എന്നെ 'ആഴ്ചപ്പതിപ്പി'ലോട്ട് അടുപ്പിച്ചു. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർക്കുപോലും 'മാധ്യമ'ത്തിലെ ലേഖനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നു എന്നിടത്താണ് 'ആഴ്ചപ്പതിപ്പി'ന്റെ വിജയം. സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ വ്യവഹാരങ്ങളെയും പ്രശ്നങ്ങളെയും വ്യക്തമായി അവതരിപ്പിക്കാനും അത് വായനസമൂഹത്തിൽ ആഴത്തിൽ പതിപ്പിക്കാനും 'മാധ്യമ'ത്തിനായി.
ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശങ്ങളെ തുറന്നെതിർക്കാനും ഭരണകൂടങ്ങളെ തിരുത്താനും കോർപറേറ്റുകളെ തുറന്നുകാണിക്കാനും 'മാധ്യമം' മുന്നിട്ടിറങ്ങി. ഒരാഴ്ചത്തെ പത്രവാർത്തകൾ ശ്രദ്ധിക്കാത്തവർക്ക് പോലും 'ആഴ്ചപ്പതിപ്പ്' വായിച്ചാൽ സാമൂഹിക-സാംസ്കാരിക രാഷ്ട്രീയത്തെ വിലയിരുത്താൻ കഴിയും എന്നതാണ് എന്റെ ഭാഷ്യം. നിലപാടുകളിൽ കൃത്യമായ പക്ഷമുള്ളപ്പോഴും വസ്തുതകളെ വസ്തുതകളായി കാണുന്നതിൽ 'മാധ്യമം' കണിശത പുലർത്തി. സാഹിത്യകൃതികളെ വിലയിരുത്തുന്നതിലും പുതിയ എഴുത്തുകാരെ സൃഷ്ടിക്കുന്നതിലും അവരെ വളർത്തുന്നതിനുമുള്ള വേദി 'മാധ്യമം' തുറന്ന് കൊടുത്തിട്ടുണ്ട്. പുതിയ എഴുത്തുകാരെ സൃഷ്ടിക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും അൽപ്പം കൂടി 'ലിബറൽ' ആകണമെന്ന അഭിപ്രായമുണ്ട്. ആശംസകൾ.
ശീതൾ പി പെരിന്തൽമണ്ണ
വലിയ സാംസ്കാരിക ഇടപെടലുകൾ
കേരളീയ സാംസ്കാരിക മാറ്റങ്ങൾക്ക് സാംസ്കാരിക പ്രസിദ്ധീകരണങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. നേരത്തേ ഒരു പ്രത്യേക വിഭാഗത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള മാസികകൾ ആയിരുന്നു അച്ചടിച്ചു വിറ്റു പോന്നിരുന്നത്. സമാന്തര പ്രസിദ്ധീകരണങ്ങൾ ആണ് ഈ ആശയങ്ങളെ എതിർത്തുകൊണ്ടിരുന്നത്.1990കളിൽ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലും അതുവരെ ഇല്ലാതിരുന്ന പല ഇടങ്ങളെയും കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. പരിസ്ഥിതി, സ്ത്രീ, ദലിത് പ്രശ്നങ്ങൾ മുഖ്യധാരയിൽ എത്തിച്ചത് 'മാധ്യമം ആഴ്ചപ്പതിപ്പാ'ണ്. അത് 'മാധ്യമം' പത്രം തുടങ്ങിെവച്ച ആരും കാണാത്ത സ്ഥലങ്ങളുടെ, വ്യക്തികളുടെ സൂക്ഷ്മ രാഷ്ട്രീയം വേറൊരു തരത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നു. കവിത, കഥ, നോവൽ, ചിത്രകല തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിലെ മാറ്റങ്ങളും ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിക്കാൻ ഇന്നും 'മാധ്യമം ആഴ്ചപ്പതിപ്പ്' ശ്രമിച്ചുകൊണ്ടിരിക്കുന്നു. സത്യസന്ധമായ പ്രവർത്തനങ്ങളുടെ കാൽ നൂറ്റാണ്ട് വലിയ സാംസ്കാരിക ഇടപെടലുകളുടേതായിരുന്നു. ആ ഇടപെടലുകൾ, കേരളീയ രാഷ്ട്രീയ- സാമൂഹിക-പാരിസ്ഥിതിക മേഖലകളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ്. 25 വർഷം വായനയിൽ പുതുമയും അസ്വസ്ഥതകളും സൃഷ്ടിക്കുന്ന പ്രിയപ്പെട്ട പ്രസിദ്ധീകരണത്തിന് ആശംസകൾ.
അക്ബർ, നേര്യമംഗലം
വല്ലാതെ വലത്തോട്ട് ചായുന്നതായി സംശയം ബലപ്പെടുന്നു
തുടക്കം മുതൽ ഇന്നുവരേയും 'ആഴ്ചപ്പതിപ്പ്' സ്വന്തമായി വാങ്ങി വായിക്കുന്നു. പത്തു വർഷങ്ങൾക്കു മുമ്പ് വരേയും പൂർണമായും നിഷ്പക്ഷ രാഷ്ട്രീയ അഭിപ്രായങ്ങൾ സധൈര്യം പ്രകടിപ്പിച്ചിരുന്നു; സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ അചഞ്ചലമായ നിലപാടുകളും കൈക്കൊണ്ടിരുന്നു. അതിലൊക്കെത്തന്നേയും ഞാനും എന്നെപ്പോലുള്ളവരും സംതൃപ്തി കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ, പ്രത്യേകിച്ചും അഞ്ചു വർഷത്തോളമായി വല്ലാതെ വലത്തോട്ട് ചായുന്നതായുള്ള സംശയം ശരിക്കും ബലപ്പെടുന്നു.
സാഹിത്യ സാംസ്കാരിക സിനിമാ വിഷയങ്ങളിൽ ഇപ്പോഴും അനൽപമായ സന്തോഷവും സംതൃപ്തിയുമുണ്ടെന്നതും ചാരിതാർഥ്യജനകംതന്നെ.
പുറം ചട്ടയും അച്ചടി സംവിധാനവും, ചിത്രരചനകളും കേമം. പ്രശസ്തരായ എഴുത്തുകാരുടെ ഖണ്ഡശഃ നോവലുകളും മറ്റു സ്ഥിരം പംക്തികളുമെല്ലാം അഭിനന്ദനാർഹമാണ്.
വിമർശനങ്ങളും, നിർദേശങ്ങളും സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതല്ലേ നല്ലത്.
പ്രതീക്ഷകൾ അസ്തമിക്കുന്നില്ല; തുടരുകതന്നെയാണ്.
കുട്ടി, മണ്ണാർക്കാട്