വിക്ടോറിയ ഹോംസ്റ്റേ
ചിത്രീകരണം: തോലിൽ സുരേഷ്പൂർത്തിയാക്കാനാവാതെ പതിനഞ്ചോളം ചാപ്റ്ററുകളിൽവെച്ച് നിർത്തേണ്ടിവന്ന ഒരു നോവലിന്റെ ബാക്കിഭാഗം എഴുതിത്തീർക്കാനാണ് കടൽത്തീരത്തെ തീർഥാടനകേന്ദ്രത്തിലേക്ക് പോകാൻ അയാൾ തീരുമാനമെടുത്തത്. ആത്മീയതയുടെ മറവിലൊരു യാത്ര. ഹോംസ്റ്റേ നടത്തുന്ന സ്റ്റാൻലി പെരേരയോട് അതേക്കുറിച്ച്...
Your Subscription Supports Independent Journalism
View Plansചിത്രീകരണം: തോലിൽ സുരേഷ്
പൂർത്തിയാക്കാനാവാതെ പതിനഞ്ചോളം ചാപ്റ്ററുകളിൽവെച്ച് നിർത്തേണ്ടിവന്ന ഒരു നോവലിന്റെ ബാക്കിഭാഗം എഴുതിത്തീർക്കാനാണ് കടൽത്തീരത്തെ തീർഥാടനകേന്ദ്രത്തിലേക്ക് പോകാൻ അയാൾ തീരുമാനമെടുത്തത്. ആത്മീയതയുടെ മറവിലൊരു യാത്ര. ഹോംസ്റ്റേ നടത്തുന്ന സ്റ്റാൻലി പെരേരയോട് അതേക്കുറിച്ച് പറഞ്ഞു. മുമ്പ് അവിടെ ഒരാഴ്ച താമസിച്ചിട്ടുണ്ട്.
''ഇപ്പോൾ സീസണല്ല. ഇവിടെയിരുന്ന് എഴുതാം. സണ്ണി വരുന്നത് എനിക്കും സന്തോഷം.''
സ്ലീപ്പർ ക്ലാസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. തിരിച്ചുള്ള യാത്ര എന്നെന്ന് തീരുമാനിച്ചിട്ടില്ലാത്തതുകൊണ്ട് അവിടന്ന് ബുക്ക്ചെയ്യാമെന്ന് കരുതി. എ.സി കോച്ചിലെ യാത്ര അയാൾക്ക് ഇഷ്ടമല്ല. കൊട്ടിയടച്ച ഒരു ഇരുട്ടുമുറിയിലെ വീർപ്പുമുട്ടൽ. കാഴ്ചയും ഭാവനയും തമ്മിലുള്ള ഒരു എഡിറ്റിങ് യാത്രക്കിടയിൽ സാധ്യമാകുന്നത് ജാലകക്കാഴ്ചകളിലൂടെയാണ്. അതൊരു ശീലമായിത്തീർന്നിരിക്കുന്നു.
നോവലിന്റെ എഴുതിയവസാനിപ്പിച്ച ചാപ്റ്റർ വായിച്ച് തിരികെ ബാഗിൽവെച്ച് തുടർന്ന് എഴുതേണ്ടതിനെക്കുറിച്ച് തലപുകഞ്ഞ് പുറംകാഴ്ചകൾ കണ്ടിരുന്നു. െട്രയിനിലെ ഭക്ഷണം കഴിക്കണ്ട എന്നു പറഞ്ഞ് ഉച്ചക്കും രാത്രിയിലേക്കുമുള്ള ചപ്പാത്തിയും ചിക്കൻപൊരിച്ചതും പാക്ക് ചെയ്തുതന്നത് മരുമകളാണ്. അപ്പൂപ്പൻ കുറച്ചുദിവസം മാറിനിൽക്കുന്നുവെന്നറിഞ്ഞ മകന്റെ അഞ്ചുവയസ്സുകാരിക്ക് വിഷാദഭാവമായിരുന്നുവെന്നും വീട്ടിൽനിന്ന് ഒരാൾ യാത്രപോകുമ്പോൾ കിടന്ന മുറി നെടുവീർപ്പിടുന്നുണ്ടെന്നും അയാൾക്ക് തോന്നി. ബന്ധങ്ങളെക്കുറിച്ച് വിലപിച്ചിരുന്നാൽ കാഴ്ചയിൽനിന്ന് എഴുത്തിലേക്ക് യാത്ര കടന്നുപോവില്ലെന്നറിഞ്ഞപ്പോൾ അയാൾ ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും കഴിച്ച് ഗുളിക വിഴുങ്ങി, മീതെ വെള്ളം കുടിച്ച് സീറ്റിൽ നടുനിവർത്തി. പെരുന്നാൾ കഴിഞ്ഞതുകൊണ്ട് െട്രയിനിൽ തിരക്ക് കുറവായിരുന്നു. ഇടക്ക് സ്റ്റാൻലിയുടെ വിളി വന്നു. തമിഴ്നാട്ടിലേക്ക് കടന്നുവെന്നും പുലർച്ചെ അവിടെ എത്തുമെന്നും പറഞ്ഞ് ഫോൺ വെച്ചു.
സ്റ്റാൻലി പെരേരയുമായുള്ള ബന്ധത്തെക്കുറിച്ച് ആലോചിച്ച് ഉറങ്ങാതെ ഏറെനേരം കിടന്നു. ചിന്തക്ക് െട്രയിനിന്റെ ശബ്ദം താളംപിടിച്ചു. കാക്കിക്കുപ്പായം ധരിച്ച് ഗമയോടെ മുന്നിൽ നിൽക്കുന്ന സ്റ്റാൻലിയും മർഗോവയിലെ തെരുവുകളും മനസ്സിലൂടെ കടന്നുപോയി.
അമ്മയെ ചേട്ടന്റെ വീട്ടിലാക്കിയായിരുന്നു ആദ്യത്തെ ഗോവയാത്ര. കേരളത്തിന് പുറത്ത് കുറെ ശാഖകൾ തുറക്കുന്നതുകൊണ്ട് പുറത്തേക്ക് പോകേണ്ടിവരുമെന്ന് ഇന്റർവ്യൂ നടത്തിയവരിലൊരാൾ പറഞ്ഞു. എന്താണ് പറയേണ്ടതെന്നും അമ്മ ഒറ്റക്കാവും എന്നും വാക്കുകളെ മിനുക്കി. തൊണ്ടയിൽ തടഞ്ഞ വാക്കുകൾക്ക് വേലികെട്ടി തലയാട്ടാനാണ് േപ്രരിപ്പിച്ചത്.
ആസാമിലേക്കാവുമെന്ന് കരുതിയ പോസ്റ്റിങ് ഗോവയിലാണെന്നു പറഞ്ഞപ്പോൾ അമ്മ പറഞ്ഞു.
''നല്ല ജോലിയല്ലെ. മാസത്തിലൊരിക്കൽ വരാലോ മോനെ. മൂന്ന് കൊല്ലം പെട്ടെന്നങ്ങനെ പോകും.''
അമ്മയുടെ വാക്കുകൾക്ക് വിധി തടയിട്ടു. രണ്ടു കൊല്ലം തികയും മുമ്പ് അമ്മ മരണത്തിന് കീഴടങ്ങി. ഇളയമകനെ പെണ്ണുകെട്ടിച്ച് കുട്ടികളെ വളർത്തണമെന്ന് അമ്മ പറയുമായിരുന്നു.
ക്യാഷിന്റെ ചാർജ് ആയിരുന്നു ആ ശാഖയിൽ. വേറെയും മൂന്ന് മലയാളികൾ. അതിൽ രാജു തോമസും അയാളും ഒരേ കോളേജിൽ പഠിച്ചവർ. അയാൾ ഒരു കൊല്ലം സീനിയർ. ജോസുകുട്ടി അക്കൊല്ലം പാസായ തൊടുപുഴക്കാരൻ. ഗോവയിൽപെട്ടത് ഒരു എലിക്കെണിപോലെയായി. മറ്റൊരു ജോലിക്കും അപേക്ഷിക്കാനാവാത്ത അവസ്ഥ. ഒരുപാട് ബാങ്കുകളിൽ വേക്കൻസി ഉള്ള കാലഘട്ടം. നാട്ടിലായിരുന്നെങ്കിൽ ഏതെങ്കിലും നാഷനലൈസ്ഡ് ബാങ്കിൽ കയറിക്കൂടാമായിരുന്നു. എല്ലാംകൊണ്ടും അതാണ് ഭേദം. ൈപ്രവറ്റ് ബാങ്കാവുമ്പോൾ മാനേജ്മെന്റിന്റെ കൃപയും കടാക്ഷവും ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാനാവൂ.
ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്ക വികാരി ഫാദർ കാമിലസ് കോസ്റ്റയെ പരിചയപ്പെട്ടത് അവിടെ കുർബാനക്ക് പോയ ഒരു ഞായറാഴ്ചയായിരുന്നു. രാജുവും ജോസുകുട്ടിയും സംഘവും അൻജുന ബീച്ചിൽ ഹിപ്പികളോടൊപ്പം ചുറ്റിയടിക്കാൻ പോയി. ബീച്ച് നഗ്നതയുടെ സങ്കേതമാണെന്ന് ബോധ്യപ്പെട്ടിരുന്നു. മണൽത്തരികൾപോലും നാണിക്കുന്ന നഗ്നത. നദിപോലെ മദ്യമൊഴുകുന്ന ബീച്ചുകൾ.
ജസ്യൂട്ട് ആശ്രമത്തിലേക്ക് ഫാദർ കാമിലസ് അയാളെ ക്ഷണിച്ചു. കേരളത്തിൽ പരിചയമുള്ള കുറേ ഈശോ സഭ വൈദികരുടെ പേര് പറഞ്ഞപ്പോൾ അയാൾക്കവരെ അറിയില്ലെന്ന് പറഞ്ഞു.
''ഫാദർ അടപ്പൂരിനെ അറിയുമോ? ഞങ്ങൾ മംഗലാപുരത്ത് ബാച്ച്മേറ്റ്സ് ആയിരുന്നു.''
''അടപ്പൂരച്ചൻ ഞങ്ങളുടെ നാട്ടുകാരനാണ്. എഴുത്തുകാരനാണ്.'' അയാൾ ഭവ്യതയോടെ പറഞ്ഞു.
കുറുകിയ പാൽപാട പൊങ്ങിക്കിടക്കുന്ന കാപ്പി നൊട്ടിനുണഞ്ഞ് ചുണ്ടിൽ തടഞ്ഞ നെയ്മയം വിരൽകൊണ്ട് തുടച്ച് മേൽച്ചുണ്ടിൽ പരത്തി അയാൾ പിലാറിലെ ജസ്യൂട്ട് കേന്ദ്രത്തെക്കുറിച്ച് ചോദിച്ചു.
''പിലാറിൽ ഒരു പേർഷ്യൻ കുരിശ് കണ്ടെടുത്തിട്ടുണ്ടല്ലോ. ഞാനൊരു പത്രത്തിൽ വായിച്ചിരുന്നു.''
''കേരളത്തിലുമുണ്ടല്ലോ ഒമ്പതാം നൂറ്റാണ്ടിലെ പാഹ്ലവി കുരിശുകൾ. സണ്ണി അവ കണ്ടിട്ടുണ്ടോ?'' ഫാദർ കാമിലസ് ആകാംക്ഷാപൂർവം ചോദിച്ചു.
അവ കണ്ടിട്ടില്ലെന്ന് പറഞ്ഞ് അയാൾ എഴുന്നേറ്റു.
''സണ്ണിക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. ബാങ്ക് കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോൾ. ബോറടി തോന്നുമ്പോൾ. ഇവിടെ നല്ലൊരു ലൈബ്രറിയുണ്ട്. ഓൾഡ്ഗോവ തന്നെ മൊത്തത്തിലൊരു മ്യൂസിയമല്ലേ?'' ഫാദർ കാമിലസ് പറഞ്ഞു.
''ഭക്ഷണം സ്വയം പാചകം ചെയ്യുന്നതുകൊണ്ട് ഒന്നിനും സമയം കിട്ടാറില്ല. ഞായറാഴ്ച പുറത്തുനിന്നാ. അന്നു മാത്രം ഒഴിവു കാണും.''
തുരുമ്പ് പോരാടി ജയിച്ച, എണ്ണകണ്ട കാലംമറന്ന വിക്കറ്റ് ഗേറ്റ് തുറന്ന് അയാൾ കരിങ്കല്ല് പാകിയ ബസിലിക്ക മുറ്റത്തേക്ക് നടന്നു. അലഞ്ഞുനടക്കുന്ന കന്നുകാലികൾ കയറാതിരിക്കാൻ ഗേറ്റ് കടക്കുന്നിടത്ത് വിടവിട്ട് ഇരുമ്പ്പൈപ്പ് പാകിയിട്ടുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ കാലികളുടെ കുളമ്പിനു പകരം മനുഷ്യന്റെ ഉപ്പൂറ്റിയാകും അകപ്പെടുക. ആഞ്ഞ് നടന്ന് സേ കത്തീഡ്രലിന്റെ ഓരംപറ്റി ലോഡ്ജിലേക്ക് നടന്നു. ദൂരെ പരിക്കുപറ്റിയ ശിരസ്സില്ലാത്ത പോർചുഗീസ് ഭടനെപ്പോലെ നിലകൊള്ളുന്ന സെന്റ് അഗസ്റ്റിൻ ടവർ. വെയിലും മഴയുമേറ്റ് ഇടിഞ്ഞുവീഴാറായ കൽക്കെട്ട്. ചരിത്രാവശിഷ്ടമായി നിലകൊള്ളുന്ന ജീർണിച്ച ഗോപുരം പതിനാറാം നൂറ്റാണ്ടിലെ പള്ളിയുടേതാണ്.
ആയിടക്കാണ് ബാങ്കിൽ പണയംവെച്ച ഒരു ഉരുപ്പടി മുക്കുപണ്ടമാണെന്ന് വെളിപ്പെട്ടത്. വളകളായിരുന്നു അതിൽ കൂടുതലും. പിന്നെ ഒരു കട്ടി ചെയിനും. ആളെ കണ്ടപ്പോൾ മാന്യനാണെന്ന് തോന്നിയതുകൊണ്ടും അക്കൗണ്ട് ഉള്ളതുകൊണ്ടും തൂക്കിനോക്കി ഇരുപത്തി അയ്യായിരം രൂപ കൊടുത്തു. ഉരച്ചുനോക്കാൻ മെനക്കെട്ടതുമില്ല. മൂന്നു മണിക്ക് ജോയിന്റ് കസ്റ്റോഡിയനായ മാനേജർ കൃഷ്ണമൂർത്തി ആഭരണങ്ങൾ തൂക്കംപരിശോധിച്ച് സീലടിച്ച് വെക്കാനായി സണ്ണിയുടെ മുന്നിലിരുന്നു. തമിഴ്നാട്ടുകാരനാണ് കൃഷ്ണമൂർത്തി.
വള കൈയിലെടുത്ത് വായുവിലേക്ക് പൊക്കിയിട്ട് മാജിക്കുകാരന്റെ ഭാവമണിഞ്ഞ് മാനേജർ പറഞ്ഞു:
''ഇതിന് വെയിറ്റ് കുറവാണല്ലോ സണ്ണി. പെട്ടുവെന്നാ തോന്നുന്നേ. ഉരച്ച് ആസിഡ് ടെസ്റ്റ് നടത്തിനോക്കൂ.''
ഉരക്കുന്നതിനിടയിൽ വെളിവായ വെള്ളിത്തിളക്കത്തിൽ കുറുക്കൻ കണ്ണ് തറപ്പിച്ച് മാനേജർ കത്തിക്കയറി.
''പെട്ടുവെന്നാ തോന്നുന്നേ. സണ്ണി, ഇവയെല്ലാം സ്പൂരിയസാണല്ലോ തമ്പി. ഉള്ളി തൊലി പൊളിച്ച പോലെയായല്ലോ. ചരിത്രം പഠിച്ചവന് ബാങ്കിലെ പണി പറ്റില്ല.'' തെല്ലുനിർത്തി ശബ്ദത്തിൽ ഗൗരവം കലർത്തി പൊലീസ് ഗമയിൽ മാനേജർ തുടർന്നു.
''ഹെഡ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടിവരും. അല്ലെങ്കിൽ പൈസ കയ്യിൽനിന്നെടുത്ത് ക്ലോസ് ചെയ്താൽ തടിയൂരാം. ഏതായാലും ഒരു ഇൻക്രിമെന്റ് കട്ട് ചെയ്യും. പ്രമോഷനെ ബാധിക്കും.''
മാനേജർ വാക്കിനെ ചേറ്റിക്കൊഴിക്കുന്നവനായതുകൊണ്ട് പതിരുകളഞ്ഞ സംസാരം ശീലിച്ചിരുന്നു സണ്ണി. തലപെരുക്കത്തോടെ വിയർത്ത് അയാൾ മാനേജരോട് പറഞ്ഞു.
''യൂണിയൻ സെക്രട്ടറിയെ വിളിക്കട്ടെ. അവർ എന്ത് പറയുന്നുവെന്ന് നോക്കട്ടെ.''
ലാൻഡ് ലൈനിൽ സെക്രട്ടറിയെ കിട്ടി. സംഭവം വിവരിച്ചപ്പോൾ സെക്രട്ടറി പറഞ്ഞു:
''അവിടെ അൈപ്രസർ ഇല്ലല്ലോ. കേസ് ചാർജ് ചെയ്യാൻ പറയൂ. എങ്ങനെ വരുമെന്ന് നോക്കട്ടെ.'' മാനേജർക്ക് ഫോൺ കൈമാറാൻ സെക്രട്ടറിയാണ് പറഞ്ഞത്. അവർ തമ്മിൽ സംസാരിച്ചതെന്തെന്ന് സണ്ണിക്ക് വ്യക്തമായില്ല.
അഞ്ചു മണിയായപ്പോൾ ഓൾഡ് ഗോവ സ്റ്റേഷനിൽനിന്നും ഒരു ഫയൽവാന്റെ ആകാരഭംഗിയുള്ള കാക്കിവസ്ത്രധാരിയായ എസ്.ഐ എത്തി. കാക്കി യൂനിഫോമും ബൂട്ട്സും അണിഞ്ഞ അയാൾ സണ്ണിയെ ഏറെനേരം ചോദ്യംചെയ്തു. പിന്നീട് കേസ് ചാർജ് ചെയ്യുംമുമ്പ് സണ്ണിയോട് പറഞ്ഞു:
''എന്നോടൊപ്പം വരൂ. അവന്റെ വീട് കണ്ടുപിടിക്കാം. മിരാമർ ബീച്ചിനരികിലാണ്. പൈസ അടപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ.''
എസ്.ഐയോടൊപ്പം പൊയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ മാനേജർ അയാളോട് ചോദിച്ചു:
''ഞാനും കൂടി വരണോ?''
എസ്.ഐ പറഞ്ഞു: ''വേണ്ട, എല്ലാവരും വരണ്ട. ഞാൻ സണ്ണിയെ കൊണ്ടുപൊയ്ക്കൊള്ളാം.''
എസ്.ഐ അയാളുടെ അഡ്രസ് അടിച്ച വിസിറ്റിങ് കാർഡ് മാനേജരെ ഏൽപിച്ചു.
''സ്റ്റാൻലി പെരേര. ഓൾഡ് ഗോവ സ്റ്റേഷൻ.'' മാനേജർ സണ്ണി കേൾക്കെ വായിച്ചു. പാരമ്പര്യമഹിമ അടയാളമായി പേരിൽ ഒളിഞ്ഞുകിടക്കുന്നുവെന്നും മാന്യനായ ഒരുമനുഷ്യനാണ് ആ പൊലീസുകാരനെന്നും സണ്ണിക്ക് തോന്നി. പോർചുഗീസുകാരുടെ പിന്മുറക്കാരായ പെരേര.
ജീപ്പിലിരിക്കുമ്പോൾ സ്റ്റാൻലി പെരേര അയാളെ ആശ്വസിപ്പിക്കാൻ പറഞ്ഞു:
''ഇവിടെ ഇതൊക്കെ സാധാരണമാണ്. ടൂറിസ്റ്റു കേന്ദ്രമല്ലേ. പൈസ തിരിച്ചടപ്പിക്കുന്ന കാര്യം ശ്രമിക്കാം. എന്താ പേര്?''
''സണ്ണി.''
''അതല്ല. പണയംവെച്ചവന്റെ? അനിയന്റെ പേര് എനിക്കറിയാം.''
''ന്യൂട്ടൺ.''
''നാടെവിടെയാ. ആദ്യ ബ്രാഞ്ചാണോ?''
ആരെയോ കണ്ടുപിടിക്കാനുള്ള ചോദ്യങ്ങളാണ് പിന്നീട് വന്നത്.
''ഗോവയിൽ ആരെങ്കിലുമുണ്ടോ?''
''ഇല്ല, ഞങ്ങൾ കേരളീയരാ.''
''ചെറുപ്പം മുതൽ അവിടെ ആയിരുന്നെന്നോ?'' സ്റ്റാൻലി ചോദിച്ചു.
എന്താ കാര്യമെന്ന് ശങ്കിച്ച് സണ്ണി പറഞ്ഞു:
''എന്താണ് അങ്ങനെ ചോദിച്ചത്?''
എന്തോ ഒളിക്കും മട്ടിൽ സ്റ്റാൻലി പെരേര വിഷയം മാറ്റി. ''ചോദിച്ചുവെന്നേയുള്ളൂ.''
കാറ്റ് ചീറിയടിക്കുന്നുണ്ടായിരുന്നു. ചൂളമടിച്ച് തെങ്ങിൻതോപ്പുകളിലൂടെ ഇരച്ചുവരുന്ന മഴ. ജീപ്പിനുള്ളിലേക്ക് നിപതിക്കുന്ന ജലശരങ്ങൾ. രാക്ഷസൻ വലിച്ചിട്ട ചുരുട്ടുേപാലെ കടൽത്തീരത്ത് നിലകൊള്ളുന്ന പീരങ്കികൾക്കിടയിൽ ജീപ്പ് നിർത്തി. നനഞ്ഞുകുളിച്ച് സ്റ്റാൻലി മുന്നിലും അയാൾ പിന്നിലും ആഞ്ഞുപിടിച്ചു. പൊലീസ് വേഷത്തിലൊരാൾ മഴനനഞ്ഞു തിടുക്കത്തോടെ നടന്നുപോകുന്നതു കണ്ടപ്പോൾ ആളുകൾ ശങ്കിച്ചു നോക്കിനിന്നു.
കണ്ണാടിക്കൂട്ടിലെ പലഹാരങ്ങൾപോലെ നഗ്നമേനികൾ മഴയിൽ കുളിച്ചുകിടക്കുന്ന മണൽപരപ്പ്. തിമിർത്തുപെയ്യുന്ന മഴയിൽ കടൽപത പാറക്കെട്ടിൽ നുരയിട്ടു. ഊടുവഴിയിലൂടെ കടന്ന് നിരയിട്ട ഓലപ്പുരകളുടെ ഇടയിലെ പെട്ടിക്കടക്ക് മുന്നിലെത്തി സ്റ്റാൻലി തട്ടുകടക്കാരനോട് എന്തോ സംസാരിച്ചുനിന്നു. കൊങ്ങിണിയിലായതുകൊണ്ട് അയാൾക്കൊന്നും മനസ്സിലായില്ല. മഴ പെട്ടെന്ന് പെയ്തൊഴിഞ്ഞു. തണുത്തകാറ്റ് വീശിക്കൊണ്ടിരുന്നു.
അസ്തമയത്തിൽ ബീച്ചിന്റെ മൺതിട്ടയിൽ നിന്നാൽ ഹിപ്പികൾ കൂട്ടമായി മയങ്ങുന്ന മണലോരം കാണാം.
നിരയിട്ട കുടിലുകളൊന്നിൽനിന്ന് വാതിൽ തുറന്ന് ഒരു മധ്യവയസ്ക സ്റ്റാൻലിയുടെ മുന്നിലെത്തി.
മുക്കുപണ്ടം പണയംവെച്ചവന്റെ അമ്മയാണ്. ആ സ്ത്രീയുടെ മുഖത്തും കഴുത്തിലും ഇളകിപ്പൊളിയുന്ന മൊരിച്ചുണങ്ങ് ഉണ്ടായിരുന്നു. അവർ അകത്തേക്ക് കയറി ഒരു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. അവളുടെ ഒക്കത്ത് ഒരു കുഞ്ഞുണ്ടായിരുന്നു.
മുക്കുപണ്ടം പണയംവെച്ച കഥ സ്റ്റാൻലി വിവരിച്ചു. ഏറെ വിശദീകരിക്കാതെതന്നെ പെൺകുട്ടിക്ക് കാര്യം ബോധ്യമായെന്നുതോന്നി. അവളുടെ പക്കൽ പൈസവല്ലതും ഏൽപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അയ്യായിരം രൂപ തന്നിട്ടുണ്ടെന്ന് പറഞ്ഞു. വളയും മാലയും അവളുടേതല്ലെന്ന് സ്ഥിരീകരിച്ചു. ഇരുപതിനായിരം രൂപ കൊടുത്താൽ ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അമ്മ പറഞ്ഞു. ആരാണ് ഏജന്റെന്നോ ഭർത്താവ് എങ്ങോട്ട് പോയെന്നോ അറിയില്ലെന്ന് പറഞ്ഞ് അവൾ അയ്യായിരം രൂപ സ്റ്റാൻലിയെ ഏൽപിച്ചു. എണ്ണിനോക്കി തുക സണ്ണിക്ക് കൈമാറി സ്റ്റാൻലി പറഞ്ഞു:
''അക്കൗണ്ടിലടച്ചോളൂ. അത്രയും ലയബിലിറ്റി കുറഞ്ഞുകിട്ടി. ഇന്നുതന്നെ അടക്കണം. എഫ്.ഐയാറിൽ ചേർത്താൽ കേസിന് ബലമായി.''
ജീപ്പിൽ കയറുമ്പോൾ സ്റ്റാൻലി ചോദ്യങ്ങൾ ആരംഭിച്ചു.
''നിങ്ങൾ എങ്ങിനെയുള്ളവരുടെ ഗോൾഡാണ് എടുക്കുന്നത്. അക്കൗണ്ട് ഉള്ളവരുടേതല്ലേ.''
അയാൾ തലയാട്ടി. ''അക്കൗണ്ട് പരിചയപ്പെടുത്തിയത് മുമ്പുണ്ടായിരുന്ന ഒരു പ്യൂൺ ആണ്. അയാളിപ്പോൾ പനാജി ബ്രാഞ്ചിലുണ്ട്. മങ്കേഷ്. ഗോവക്കാരനാണ്.''
ഒരുമാസം കഴിഞ്ഞപ്പോൾ കേസ് ചാർജ് ചെയ്ത് കോടതിയിലെത്തി. പ്രതി ഹാജരായില്ല. ഇരുപത്തി അയ്യായിരത്തിൽ അയ്യായിരം കഴിച്ച് ഇരുപതിനായിരം രൂപ ബാധ്യതയായി.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ന്യൂട്ടന്റെ ഭാര്യ ബ്രാഞ്ചിലെത്തി. പൈസ ആറുമാസത്തിനുള്ളിൽ അടച്ചുകൊള്ളാമെന്നും കേസിനുപോയാൽ വിസ കിട്ടില്ലെന്നും പറഞ്ഞ് അവൾ വാവിട്ട് കരഞ്ഞു. ഒക്കത്തിരുന്ന കുട്ടിയുടെ കരച്ചിൽ മാറുന്നില്ലെന്ന് കണ്ടപ്പോൾ മാനേജർ അവളെ ബ്രാഞ്ചിൽനിന്നും ഇറക്കിവിട്ടു.
ബസിലിക്കയിലെ കുർബാന കഴിഞ്ഞപ്പോൾ ഫാദർ കാമിലസ്കോസ്റ്റ സണ്ണിയെ തേടിവന്നു. മുക്കുപണ്ടം പണയം എടുത്തതിനെക്കുറിച്ച് ഫാദർ അറിഞ്ഞിരുന്നു. ന്യൂട്ടന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾക്ക് തടയായി പൈസ അടക്കാമെന്ന് ഫാദർ പറഞ്ഞപ്പോൾ സണ്ണി അത് നിരസിച്ചു.
''കേസ് നടക്കട്ടെ. അവർ അടയ്ക്കും.'' ഫാദർ കാമിലസ് തുടർന്നു. ''നമുക്ക് കാത്തിരിക്കാം.''
സെമിത്തേരി സന്ദർശനം കഴിഞ്ഞ് സ്റ്റാൻലി പെരേരയും ഭാര്യയും നടന്നുവരുന്നത് കണ്ടു. ഫാദർ കാമിലസിന്റെ അടുത്തെത്തി സ്തുതി കൊടുത്ത് അയാൾക്ക് നേരെ നോക്കി സ്റ്റാൻലി ചോദിച്ചു:
''ഇതാരാ സണ്ണിയോ. പിന്നെ അതേക്കുറിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലല്ലോ?''
''ഇല്ല.'' സണ്ണി പറഞ്ഞു.
ഫാദർ കാമിലസിനോടായ് സ്റ്റാൻലി പറഞ്ഞു:
''ബ്രിട്ടോയാണ് ഇവനെന്ന് എനിക്ക് തോന്നുന്നു. എന്റെ അനിയൻ.''
''അതിനു കാരണമുണ്ട്. ഒരേ മുഖച്ഛായ. കവിളിലെ മറുക്. എനിക്കും അങ്ങനെ തോന്നി.'' സ്റ്റാൻലിയുടെ ഭാര്യ പറഞ്ഞു.
''ബ്രിട്ടോയെ കാണാതെ പോയിട്ട് എത്ര വർഷമായി?''
''പതിനഞ്ച്. അന്നവന് വയസ്സ് എട്ട്.'' സ്റ്റാൻലി പറഞ്ഞു.
''ആരാണ് ബ്രിട്ടോ?'' സണ്ണി ആകാംക്ഷാപൂർവം തിരക്കി.
''എന്റെ അനിയൻ. അവൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിസിങ്.''
''പിന്നെ ഒരു വിവരവുമില്ലല്ലേ?'' സണ്ണി ചോദിച്ചു.
''മഡ്ഗാവിൽനിന്നും മൈസൂർ െട്രയിനിൽ കയറിപ്പോയത് കണ്ടവരുണ്ട്. എവിടേക്കാണെന്നോ ആരാണ് കൂടെയുള്ളതെന്നോ ആർക്കും അറിയില്ല. കടലിൽപെട്ട് മരിച്ചതല്ല. ആരോ തട്ടിക്കൊണ്ടുപോയതാണ്. നിേന്റതുപോലെ ഇടതുകവിളിൽ കണ്ണിനു താഴെയൊരു മറുകുണ്ട്.''
ഫാദർ കാമിലസ് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:
''സണ്ണിയുടെ വീട്ടിൽ ആരൊക്കെയുണ്ട്?''
''ഞങ്ങൾ ആറുപേർ. ഞാൻ ഇളയത്. രണ്ടു പെങ്ങന്മാർ.''
''ഏതായാലും സണ്ണിയെ അനിയനായി കാണാനാണ് എനിക്കിഷ്ടം. ബ്രിട്ടോ പെരേര.''
സ്റ്റാൻലി നടക്കുമ്പോൾ സണ്ണിയോടായി പറഞ്ഞു.
''ഇടയ്ക്ക് കാണണം. എന്ത് ആവശ്യമുണ്ടായാലും പറയാൻ മടിക്കണ്ട.''
അവർ നടന്നുമറഞ്ഞപ്പോൾ ജസ്യൂട്ട് ഹൗസിലേക്ക് ഫാദർ കാമിലസും സണ്ണിയും നടന്നു.
ഫാദർ കാമിലസ് ചോദിച്ചു.
''ആർക്കും ആ ഗോൾഡ് ലോൺ ക്ലോസ് ചെയ്യാൻ പറ്റുമോ. ഐ മീൻ കാഷ് അടയ്ക്കാൻ. എനിക്ക് ആ ഫാമിലിയെ പരിചയമുള്ളതാ. ഞങ്ങളവിടെ സോഷ്യൽവർക്ക് ചെയ്യുന്നുണ്ട്.''
''കേസും കോടതിയുമൊക്കെയായതുകൊണ്ട് മുതലും പലിശയും കോടതിയിൽ കെട്ടിവയ്ക്കണം. അക്കൗണ്ടിൽ അടയ്ക്കാനാവില്ല.''
''ഇരുപതിനായിരവും പലിശയും അല്ലേ?'' നടകൾ കയറുമ്പോൾ ഫാദർ കാമിലസ് സംശയനിവൃത്തി വരുത്തി.
പിലാറിലേക്ക് പോകുന്നതിനെക്കുറിച്ച് ഫാദർ കാമിലസ് പറഞ്ഞു:
''ഞങ്ങളുടെ ഒരു പ്രീസ്റ്റ് ഹോം അവിടെയുണ്ട്. വയസ്സായവർ താമസിക്കുന്നു. സണ്ണിയും പോരെ. വലിയ ദൂരമില്ല. എങ്കിലും, അവിടെ ഒരുദിനം തങ്ങാം.''
സണ്ണി തലയാട്ടി സമ്മതമറിയിച്ചു.
തിങ്കളാഴ്ച ബ്രാഞ്ച് തുറന്നപ്പോൾ ജോസ്കുട്ടിക്ക് ഡബോളിം ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആയെന്നു ഫാക്സ് വന്നു. വീണ്ടും അയാളും രാജുവും മാത്രമായി ലോഡ്ജിൽ. പ്രഷർകുക്കറിൽ ഒരു കപ്പ് പച്ചരിയിട്ട് വേവിച്ചാൽ രണ്ടു നേരത്തേക്കായി. പരിപ്പും തക്കാളിയും ചാറ്കറിയായി. മുട്ടകൊണ്ട് ഓംലറ്റുണ്ടാക്കും. വല്ലപ്പോഴും ഹോട്ടലിൽനിന്ന് കഴിക്കും.
പിറ്റേമാസം ആദ്യവാരം പള്ളിയിൽവെച്ച് കണ്ടപ്പോൾ സ്റ്റാൻലി വിശേഷങ്ങൾ തിരക്കി. ഒപ്പം മക്കളായ ഡയാനയും വില്യമും ഉണ്ടായിരുന്നു. ക്രിസ്മസ് അവധിക്ക് അവർ ഹോസ്റ്റലിൽനിന്ന് വന്നതാണെന്നും പറഞ്ഞു. ഗോവ യൂനിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന വിക്ടോറിയ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽനിന്നാണ് ഇവിടേക്കു വന്നത്. പോർചുഗീസുകാരുടെ കോളനിവാഴ്ചയാണ് അവരുടെ വിഷയം. ഡാനിഷ് കോളനിയായ തരംഗംപാടിയിലാണ് അവരുടെ താവഴി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ കോടതിയിൽ പൈസ കെട്ടിവെച്ചെന്നും ഇനി കേസ് വിളിക്കില്ലെന്നും സ്റ്റാൻലി വിളിച്ചറിയിച്ചു. അന്നുതന്നെ ന്യൂട്ടന്റെ ഭാര്യയും അമ്മയും അതിന്റെ രസീതുമായി ബാങ്കിലെത്തി. സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ച് കരച്ചിലടക്കാൻ പാടുപെട്ട് ന്യൂട്ടന്റെ അമ്മ പറഞ്ഞു:
''എങ്ങനെയും രക്ഷപ്പെടാനാണ് അവൻ ഇങ്ങനെ ചെയ്തത്. സാറ് ക്ഷമിക്കണം. ആള് ഖത്തറിലെത്തി ജോലിയിൽ കയറി.''
വികാരം ഏതുമില്ലാതെ ന്യൂട്ടന്റെ ഭാര്യ അവിടെ ഇരിപ്പുണ്ടായിരുന്നു. ശംഖിനുള്ളിലെ കാറ്റ്പോലെ വിങ്ങുന്ന ഹൃദയവുമായി സണ്ണി മാനേജരുടെ മുന്നിലെത്തി രസീത് കാണിച്ചു.
തുരങ്കത്തിൽപെട്ട പൂച്ചയെപ്പോലെ ഞെളിപിരികൊണ്ട് മാനേജർ പെൺകുട്ടിയുടെ മുന്നിലെത്തി.
''എവിടന്നാ പൈസ കിട്ടിയത്. വല്ല കളവുമുതലുമാണെങ്കിൽ ഇനി അതിന്റെ പിന്നാലെ നടക്കണം.'' അമ്മ എഴുന്നേറ്റ് മാനേജറുടെ മുന്നിലെത്തി. മുരടനക്കി അവർ പറഞ്ഞു:
''ഫാദർ കാമിലസ് ഞങ്ങടെ ബന്ധുവാ. അങ്ങേര് തന്നു.''
തൊണ്ടയിൽ മുള്ള് തടഞ്ഞപോലെ മുക്കിയും മൂളിയും എന്തോ പറഞ്ഞ് മാനേജർ ക്യാബിനിലേക്ക് കയറിപ്പോയി. അക്കൗണ്ട് ക്ലോസ് ചെയ്തതിൽ കൃഷ്ണമൂർത്തിക്ക് ദുഃഖമുണ്ടെന്ന് തോന്നി. കുളം കലക്കി മീൻ പിടിക്കുന്ന വിദ്യ പക്ഷേ, ചീറ്റിപ്പോയതു സണ്ണിക്കു ബോധിച്ചു.
അമ്മ മരിച്ചത് പെട്ടെന്നായിരുന്നു. കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നെന്നും അയാൾ ചെന്നിട്ടേ അടക്കുണ്ടാകുകയുള്ളൂവെന്നും അറിയിച്ചു. ഗോവയിൽനിന്നും ബാംഗ്ലൂർ ഫ്ലൈറ്റിൽ അവിടെയെത്തി കൊച്ചിയിലെത്തിയപ്പോൾ പിറ്റേന്ന് പ്രഭാതമായി. മകനെക്കുറിച്ച് ഒരമ്മ കണക്കുകൂട്ടിയതൊക്കെ തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്. പ്രിയപ്പെട്ടവരുടെ ദർശനം ലഭിക്കുമ്പോഴുണ്ടാകുന്ന ആനന്ദംപോലെയായിരുന്നു മകന്റെ വരവെന്ന് അറിയിക്കും മട്ടിൽ അമ്മയുടെ മുഖത്ത് വേദന നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു. സണ്ണിയുടെ മക്കളെ വളർത്തിവലുതാക്കിയിട്ടേ ദൈവം വിളിക്കൂ എന്ന് അമ്മ വിശ്വസിച്ചിരുന്നു. അന്തിമവിധിനാളിൽ ഭൂമികുലുക്കത്തിൽ കല്ലറ തുറന്ന് ആളുകൾ എഴുന്നേറ്റു നടക്കുമ്പോൾ തന്റെ കൈപിടിച്ച് അമ്മയുണ്ടാകുമെന്ന് സണ്ണിക്ക് തോന്നി. പിന്നീട് ആറുമാസം കഴിഞ്ഞ് പുതിയ ബാച്ച് വന്നപ്പോൾ അയാൾക്ക് നാട്ടിലേക്ക് മാറ്റമായി. എന്തോ ഒരു ഔദാര്യം ചെയ്യുന്ന മട്ടിലായിരുന്നു ബാങ്കിന്റെ നടപടി.
നാട്ടിലേക്ക് മടങ്ങുംമുമ്പ് സ്റ്റാൻലിയുടെ വീട്ടിൽ ഒരു വിരുന്നൊരുക്കിയിരുന്നു. ഫാദർ കാമിലസും ഒപ്പമുണ്ടായിരുന്നു. സ്റ്റാൻലിയും ബ്രിട്ടോയും ഒരുമിച്ചുനിൽക്കുന്ന ഒരു കറുപ്പും വെളുപ്പും ചിത്രം കണ്ടത് അന്നാണ്. പൗരാണിക കാലത്തെ കടുത്തനീല ചിത്രപ്പണികളുള്ള വസ്തിയിൽ കൊഞ്ചും നെയ്മീനും ആട്ടിറച്ചിയും വിളമ്പി. ഗോവൻവിഭവമായ പോർക്ക് വിന്താലു കഴിച്ചത് ആ വിരുന്നിലാണ്. ഫെനിയും വൈനും ബിയറുമടക്കം പലതരം മദ്യങ്ങൾ. തുടക്കത്തിൽ ഫാദർ കാമിലസിന്റെ പ്രാർഥന. സ്റ്റാൻലിയും വിക്ടോറിയയും വിഷാദ ഈണമുള്ള ഒരു ഗോവൻ ഭക്തിഗാനം ആലപിച്ചു. ആനക്കൊമ്പ് പിടിയിട്ട കത്തികൊണ്ടാണ് അന്ന് ആപ്പിൾ മുറിച്ചുതിന്നതെന്ന് അയാൾ ഓർക്കുന്നു. ബ്രാണ്ടിക്കുപ്പി കാലിയാക്കിയത് സ്റ്റാൻലി ആയിരുന്നു.
കൃഷ്ണമൂർത്തിയെ പങ്കെടുപ്പിക്കാമായിരുന്നുവെന്ന് സണ്ണി സൂചിപ്പിച്ചപ്പോൾ സ്റ്റാൻലി പറഞ്ഞു: ''നമ്മടെ നോൺവെജും ബ്രാണ്ടിയുമൊന്നും അക്കൂട്ടർക്ക് ചേരില്ല. മാനും പുലിയും ഒരു പാത്രത്തിൽനിന്ന് കഴിക്കുമോ. മാത്രമല്ല, അങ്ങനെയൊരു വിരുന്നിൽ അയാളുടെ മുന്നിൽവെച്ച് നമുക്കൊന്നും തിന്നാനൊക്കില്ല.''
ശബ്ദംതാഴ്ത്തി സ്റ്റാൻലി തുടർന്നു: ''ഞാനെന്റെ അനിയനെയാണ് വിരുന്നിന് വിളിച്ചത്.''
രാജുവും ഫാദർ കാമിലസും സ്റ്റാൻലിയും ഫോൺവിളിയിലെ ശബ്ദത്തിലൊടുങ്ങി. കാലം കടന്നുപോയപ്പോൾ, കുടുംബവും കുട്ടികളുമായപ്പോൾ പ്രമോഷന്റെ പിറകെ ഓടാതെ നാട്ടിൽതന്നെ ചുറ്റിപ്പറ്റി നിന്നു. ഫാദർ കാമിലസിന് വല്ലപ്പോഴുമൊക്കെ കത്തെഴുതുമായിരുന്നു. ആയിടക്കാണ് സ്റ്റാൻലി വിളിച്ച് ഫാദർ കാമിലസിന്റെ മരണവാർത്ത അറിയിച്ചത്. പീലാറിലെ പ്രീസ്റ്റ് ഹോമിലായിരുന്നുവെന്നും തളർന്നുകിടക്കുകയായിരുന്നുവെന്നും പറഞ്ഞ കൂട്ടത്തിൽ സ്റ്റാൻലി ചോദിച്ചു:
''സണ്ണി ഞങ്ങളെയൊക്കെ മറന്നോ?''
എന്താണ് പറയേണ്ടതെന്നറിയാതെ അയാൾ വിഷയംമാറ്റാൻ ഒരുചോദ്യമെറിഞ്ഞു.
''സാറിന്റെ റിട്ടയർമെന്റ് ലൈഫ് എങ്ങനെ പോകുന്നു?''
''ഞങ്ങൾ വേളാങ്കണ്ണിയിലേക്ക് താമസം മാറ്റുന്നു. അവിടെ ഒരു വില്ല വാങ്ങി. വിക്ടോറിയയുടെ ആഗ്രഹം അതാണ്. നടക്കട്ടെ.''
അഞ്ച് വർഷം കഴിഞ്ഞപ്പോൾ വിക്ടോറിയയുടെ മരണം എല്ലാം തകിടം മറിച്ചു. അതിനുശേഷമാണ് വീട് ഹോംസ്റ്റേ ആക്കിയത്. ആരെങ്കിലുമൊക്കെ വന്നാൽ ബോറടിമാറുമല്ലോ എന്ന് സ്റ്റാൻലി കരുതി. പപ്പക്ക് കൂട്ടുവേണമെന്ന് പറഞ്ഞാണ് മകനെ വേളാങ്കണ്ണിയിൽ പിടിച്ചുനിർത്തിയത്. വിക്ടോറിയക്കു പകരം താൻ മരിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് സ്റ്റാൻലി പറഞ്ഞതോർക്കുന്നു. സ്വയം നഷ്ടപ്പെടുമ്പോഴാണ് ദൈവങ്ങൾ ശരണമാകുന്നതെന്നും എങ്ങോട്ടോ പോയ അനിയൻ തിരിച്ചുവരുമെന്ന ആശ കെട്ടുവെന്നും പറഞ്ഞ സ്റ്റാൻലിയുടെ മനസ്സ് വ്യാകുലപ്പുഴയിൽ മുങ്ങിക്കിടക്കുകയാണെന്നു അയാൾക്ക് തോന്നി. പ്രഭാതത്തിൽ െട്രയിൻ തിരുവാരൂരിൽ ഏറെനേരം കിടന്നു. മൈലാടുംതുറയിലേക്ക് പോകുന്ന പാസഞ്ചർ െട്രയിൻ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ കിടക്കുന്നുണ്ടായിരുന്നു. അടുത്തത് നാഗപട്ടണം പിന്നെ വേളാങ്കണ്ണി. ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റാൻലിയുടെ വിളിവന്നു. ഒരു മണിക്കൂറിനുള്ളിൽ എത്തുമെന്നറിയിച്ച് ഫോൺ കട്ട്ചെയ്തു.
ഹോംസ്റ്റേയിൽ ഓട്ടോറിക്ഷയിലെത്തുമ്പോൾ സ്റ്റാൻലി കാത്തുനിന്നിരുന്നു. സ്റ്റാൻലിക്ക് വാർധക്യം തോന്നിക്കുകയും ലേശം വളവുണ്ടാവുകയും ചെയ്തു. താങ്ങായും തണലായും ഒപ്പം ജീവിച്ച ജീവിതപങ്കാളിയുടെ വേർപാട് സ്റ്റാൻലിയെ ആകെ തകർത്തിരുന്നു. ബാഗ് വാങ്ങി ഹാളിലേക്ക് കയറിയ സ്റ്റാൻലിയോടൊപ്പം അയാളും അകത്തേക്ക് നടന്നു. മുകളിലാണ് അയാൾക്കുള്ള മുറി. ജനൽ തുറന്നിട്ടാൽ സെമിത്തേരിയാണ് കാഴ്ച. അതിനകത്താണ് വിക്ടോറിയയുടെ കല്ലറ. മാവും പേരയും വളർന്നുനിൽക്കുന്ന തൊടി. ഉണക്കുതട്ടിയ ചെറിയോരു പച്ചക്കറി തോട്ടം. പടലവിരിയായ വാഴക്കുലകൾ. പക്ഷേ, അവയൊക്കെ അലങ്കോലമായി കിടക്കുന്നു. അപൂർവയിനം ജലസസ്യങ്ങളുണ്ടായിരുന്ന, വർണമത്സ്യങ്ങൾ പുളച്ചുനടന്ന അക്വേറിയത്തിലെ ജലരാശി കൽഗോളങ്ങളുള്ള മരുതലത്തിനു വഴിമാറി. ശൂന്യമായിക്കിടക്കുന്ന ലവ്ബേഡ്സിന്റെ കൂട്. കഴിഞ്ഞതവണ വന്നപ്പോൾ ഒരുപറ്റം കന്യാസ്ത്രീ കിളികളെ അതിൽ കണ്ടതോർമിക്കുന്നു. വാതിൽ തുറന്നിട്ട ഒഴിഞ്ഞ കോഴിക്കൂട്. പണ്ടിതിൽ വിലസുന്ന പൂവനും പത്തിരുപത് പിടകളും കിടന്നിരുന്നു. പള്ളിയിലേക്ക് പോകാൻ ചുറ്റിവളഞ്ഞ് വെള്ളാറിൻ തീരത്തുകൂടി നടക്കുമ്പോൾ സംഭവിച്ച താളപ്പിഴകൾ സ്റ്റാൻലി വിശദീകരിച്ചു.
''പെൻഷൻ കിട്ടുന്നതുകൊണ്ട് പണത്തിന് ബുദ്ധിമുട്ടില്ല. വിക്ടോറിയ മരിച്ചതിനുശേഷം കുറേ ഡെപ്പോസിറ്റുള്ളത് പേരിലേക്ക് മാറ്റിയിരുന്നു. പുത്രദുഃഖമാണ് ഇപ്പോൾ അലട്ടുന്നത്. മകൾ വിവാഹിതയായി ഹൈദരാബാദിലൊരു സോഫ്റ്റ്വെയർ കമ്പനിയിലുണ്ട്. അവളുടെ ഭർത്താവ് ബാങ്കിൽ. മകൻ പഠിക്കാൻ മോശമായിരുന്നു. വിചാരിച്ച നിലയിലെത്തിയില്ല അവൻ. കല്യാണം കഴിച്ച പെണ്ണ് അവനെ ഉപേക്ഷിച്ച് പോയി. മയക്കുമരുന്നു കമ്പനികൾ. ചീത്ത കൂട്ടുകെട്ടുകൾ. ഇവിടെ വന്നതിനുശേഷം പലതിലും പണം മുടക്കിയിരുന്നു. ഒടുവിലൊരു ട്രാവൽ ഏജൻസി. അതും താറുമാറായി. ബാങ്ക് ലോൺ ഞാൻ അടച്ചുതീർത്തു. ഇപ്പോൾ നാഗപട്ടണത്തൊരു സീഫുഡ് യൂനിറ്റ് വാങ്ങണമെന്നു പറയുന്നു. അതിന് പണംമുടക്കാൻ എന്നെ കിട്ടില്ല.''
അധികം സംസാരിക്കുന്ന പ്രകൃതം സ്റ്റാൻലിയിൽനിന്നും കൈമോശം വന്നതുപോലെ. പള്ളിയിലേക്ക് കടന്നപ്പോൾ സ്റ്റാൻലി മുന്നിലേക്ക് നടന്ന് അവിടെ മുട്ടുകുത്തി. ചൂളയിലിട്ട് പൊരിച്ചമട്ടിലായിരുന്നു സ്റ്റാൻലിയുടെ മുഖഭാവമെന്ന് അയാൾക്കു തോന്നി.
''എന്തുവേണം എന്ന ആധിവിട്ട് മനോബലം വീണ്ടെടുക്കുകയാണ് പോംവഴി. ഇതാണ് ശരിയായ സമയം.'' തിരിച്ചുനടക്കുമ്പോൾ സണ്ണി പറഞ്ഞു.
നോവലെഴുത്ത് രണ്ടാഴ്ചകൊണ്ട് പുരോഗമിച്ചു. വൈകീട്ട് സ്റ്റാൻലിയുമൊത്ത് പള്ളിപരിസരത്ത് ചുറ്റിക്കറങ്ങും. വെള്ളയാറിന്റെ കരയിലെ മുസ്ലിം ദർഗയിലും ബീച്ചിലും ചുറ്റിയടിക്കും. മുഖത്ത് തെല്ലുഗൗരവം വരുത്തി സ്റ്റാൻലി പറഞ്ഞു. ''മമ്മിയുടെ പേരിൽ കിടക്കുന്ന ഡെപ്പോസിറ്റുകൾ കൊടുക്കണമെന്ന് ഭീഷണിപ്പെടുത്തുന്നു. എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും. പ്രായപൂർത്തിയായ മക്കൾക്ക് പപ്പ കൊടുത്താൽ കിട്ടും. അല്ലാതെ വകുപ്പൊന്നുമില്ല. സണ്ണിക്കറിയോ, ഞങ്ങൾ തമ്മിൽ അത്രക്ക് അകന്നിരുന്നു.''
രാവിലെ പള്ളിയിൽനിന്ന് എത്തുമ്പോൾ ഒരു ആൾക്കൂട്ടം ഹോംസ്റ്റേയെ പൊതിഞ്ഞിരുന്നു. നിശ്ശബ്ദതയെ ഭേദിക്കുന്ന ഭയാനകമായ കരച്ചിൽ സ്റ്റാൻലിയുടേതായിരുന്നു. ഹാളിൽനിന്ന് ഇറങ്ങിവരുന്ന രണ്ടു പൊലീസുകാർക്കൊപ്പം വിലങ്ങുവെച്ച വില്യമും ഉണ്ടായിരുന്നു. കറുത്തനിറത്തിലുള്ള ടീഷർട്ടും ഷോർട്സുമാണ് അവൻ അണിഞ്ഞിരുന്നത്. കുതറിയോടാൻ ശ്രമിക്കുന്നതിനിടയിൽ സ്റ്റാൻലിതന്നെയാണ് മകന്റെ കൈയിൽനിന്ന് റിവോൾവർ തിരിച്ചുവാങ്ങിയത്. വെള്ളിനിറമുള്ള റിവോൾവർ പിടിച്ചുനിൽക്കുന്ന സ്റ്റാൻലിക്കു സമീപമെത്തിയ സണ്ണിയെ വട്ടംപിടിച്ച് കരഞ്ഞുകൊണ്ട് സ്റ്റാൻലി പറഞ്ഞു: ''മക്കളാണ് ഏറ്റവും വലിയ ശത്രുക്കൾ.'' വിട്ടുമാറാത്ത ഭയത്തിൽനിന്നാണ് വാക്കുകൾ വന്നതെന്നു തോന്നി.
അന്ന് നാലുമണിക്കുള്ള െട്രയിനിലാണ് സണ്ണി മടക്കയാത്രക്കുള്ള ടിക്കറ്റ് റിസർവ് ചെയ്തിരുന്നത്. വസ്ത്രങ്ങൾ ബാക്ക്പാക്കിൽ കുത്തിനിറച്ച് യാത്രക്കു തയാറെടുക്കുകയായിരുന്ന സണ്ണിയുടെ മുറിയിലെത്തി നിറകണ്ണുകളോടെ സ്റ്റാൻലി പറഞ്ഞു: ''ഞാനൊന്ന് ബാലൻസ്ഡ് ആവട്ടെ. കുറച്ചുദിവസംകഴിഞ്ഞു പോയാൽ മതി. പ്ലീസ്.''
നാലുമണി വണ്ടി പോകുന്നത് നോക്കി സണ്ണിയും സ്റ്റാൻലിയും പ്ലാറ്റ്ഫോമിലൂടെ കടൽത്തീരത്തേക്കു നടന്നു. തുരുമ്പെടുത്ത് കാവിനിറംപൂണ്ടിരുന്ന ഒരു ബാർജ് കടലിലൂടെ വടക്കോട്ട് പോകുന്നുണ്ടായിരുന്നു. ബീച്ചിന്റെ തെക്കുഭാഗത്ത് വെള്ളയാർ കടലിൽചേരുന്ന, തിരകൾ തല്ലിയൊടുങ്ങുന്ന ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോൾ പോക്കറ്റിൽനിന്ന് റിവോൾവർ പുറത്തെടുത്ത് സ്റ്റാൻലി തിരകളിൽ ഇറങ്ങിനിന്നു. സൂനാമി ചിതറിത്തെറിപ്പിച്ച കൽക്കെട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കടൽ ആർത്തലച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഭീതിയിൽ അയാൾ സ്റ്റാൻലിയുടെ അരികിലെത്തി. സൂര്യരശ്മികൾ തിളങ്ങുന്ന റിവോൾവർ നെഞ്ചിനു നേരെയാക്കി സ്റ്റാൻലി പറഞ്ഞു: ''ഇനിയിതിന്റെ ആവശ്യമില്ല. അല്ലെങ്കിലും ഒരുതോക്കിന് ജീവിതത്തിലെന്താണ് പ്രസക്തി.''
കടലിന്റെ ആഴങ്ങളിലേക്ക് തോക്ക് വലിച്ചെറിഞ്ഞ് സ്റ്റാൻലി മണൽത്തിട്ടയിലേക്കു കയറി. ബീച്ചിലൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ സ്റ്റാൻലി പറഞ്ഞു: ''റിട്ടയർ ചെയ്യുമ്പോൾ ഒരു െപ്രാട്ടക്ഷനായിട്ടാണ് തോക്ക് ലൈസൻസ് സംഘടിപ്പിച്ചത്. ഇലക്ഷൻ നടക്കുമ്പോൾ സറണ്ടർ ചെയ്തത് തിരിച്ചുവാങ്ങി അലമാരയിൽ വെച്ചിരുന്നതാ. അതവന്റെ കയ്യിലെത്തി.''
''അകന്നുപോയ സ്നേഹബന്ധത്തിന്റെ ഓട്ടയടച്ചതുകൊണ്ട് ഫലമില്ല. കളിപ്പാട്ടമല്ല തോക്ക്.'' സണ്ണി ഉള്ളുകുത്തലോടെ പറഞ്ഞു. പള്ളിമുറ്റത്തുകൂടി നടക്കുമ്പോൾ സണ്ണി തുടർന്നു:
''ഇതാണ് വിക്ടോറിയ ഹോംസ്റ്റേ എന്ന എന്റെ നോവലിന്റെ അവസാനത്തെ ചാപ്റ്റർ.''
തിരിച്ചു പോരുമ്പോൾ സെമിത്തേരിയിലേക്ക് കടന്ന് ഭാര്യയുടെ കല്ലറക്കു മുന്നിൽനിന്ന് സ്റ്റാൻലി കരയുന്നതു കണ്ടു. വിക്ടോറിയ ഹോംസ്റ്റേയിലെത്തി തലപെരുകുംവരെ വിസ്കി മോന്തി അവർ ഏറെനേരമിരുന്നു. ഗോവയിലെ മുക്കുപണ്ടവും ഫാദർ കാമിലസും സംഭാഷണത്തിൽ കടന്നുവന്നു. ആരോടെന്നില്ലാതെ സ്റ്റാൻലി എന്തൊെക്കയോ പിറുപിറുത്തു. ''എന്റെ അനിയനാണ് നീ. ബ്രിട്ടോ പെരേര.'' കണ്ണിനു താഴെയുള്ള മറുകിൽ തടവി ശബ്ദം പുറത്തുവരാതെ കരഞ്ഞു സ്റ്റാൻലി.
വീട് പൂട്ടി റോഡിലേക്കിറങ്ങി പള്ളിമൈതാനത്തിലെ മനുഷ്യച്ചാകരയിൽ ലയിച്ചുചേരുമ്പോൾ സ്റ്റാൻലിയുടെ പിടി അയാളുടെ കൈയിൽ മുറുകിയിരുന്നു. മഴ ചാറുന്നുണ്ടായിരുന്നു. വേപ്പുമരത്തിന്റെ ചോട്ടിലേക്ക് അവർ ഓടിക്കയറി. തല നനയാതിരിക്കാൻ സണ്ണിയുടെ മൂർധാവിൽ കൈകൾ വിരിച്ചുപിടിച്ച് അയാളെ നെഞ്ചോട് ചേർത്ത് സ്റ്റാൻലി നിന്നു.
●