മിണ്ടാമഠം
ചിത്രീകരണം: സന്തോഷ് ആർ.വിമിണ്ടാമഠത്തിലെ ഏകാന്തതയില്‍ സിസ്റ്ററമ്മ മരിച്ചു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും വിശുദ്ധയായിതന്നെ സ്വർഗപ്രാപ്തി നേടി. തീര്‍ച്ചയായും സിസ്റ്റര്‍ ക്ലെയര്‍ എന്ന സിസ്റ്ററമ്മ സ്വർഗത്തില്തന്നെ എത്തിച്ചേരും. ഏവുപ്രേസാമ്മയെപ്പോലെ, ആവിലായിലെ പുണ്യവതിയായ അമ്മയെപ്പോലെ, അല്ഫോണ്സാമ്മയെപോലെ മഹതിയായ പുണ്യവതിയായി സിസ്റ്ററമ്മ എന്റെ മനസ്സില്‍ മെഴുകുതിരിനാളംപോലെ പ്രകാശിക്കുന്നു. മരണവിവരമറിഞ്ഞ്...
Your Subscription Supports Independent Journalism
View Plansചിത്രീകരണം: സന്തോഷ് ആർ.വി
മിണ്ടാമഠത്തിലെ ഏകാന്തതയില്‍ സിസ്റ്ററമ്മ മരിച്ചു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും വിശുദ്ധയായിതന്നെ സ്വർഗപ്രാപ്തി നേടി. തീര്‍ച്ചയായും സിസ്റ്റര്‍ ക്ലെയര്‍ എന്ന സിസ്റ്ററമ്മ സ്വർഗത്തില്തന്നെ എത്തിച്ചേരും. ഏവുപ്രേസാമ്മയെപ്പോലെ, ആവിലായിലെ പുണ്യവതിയായ അമ്മയെപ്പോലെ, അല്ഫോണ്സാമ്മയെപോലെ മഹതിയായ പുണ്യവതിയായി സിസ്റ്ററമ്മ എന്റെ മനസ്സില്‍ മെഴുകുതിരിനാളംപോലെ പ്രകാശിക്കുന്നു. മരണവിവരമറിഞ്ഞ് ഞങ്ങള്‍ ചുരമിറങ്ങിത്തുടങ്ങി. എസ്റ്റേറ്റ് വഴിയിലൂടെ മിണ്ടാമഠത്തിലേക്ക് പോകാനായി ജീപ്പിലിരിക്കുമ്പോള്‍ സിസ്റ്ററമ്മ തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ മരിച്ചവര്‍ക്കായുള്ള പ്രാർഥന ചൊല്ലി.
റബര്‍തോട്ടത്തിലെ മൂടല്‍മഞ്ഞ് മാറി വഴിതെളിഞ്ഞ് വരുന്നതുപോലെ സിസ്റ്ററമ്മയെക്കുറിച്ച് ഞാന്‍ പലതുമോര്‍ത്തു കരഞ്ഞു. പഴയ കാര്യങ്ങള്‍ ഒന്നാകെ മനസ്സിലേക്ക് ഓടിയെത്തി. അമ്പത്തിയെട്ടാമത്തെ വയസ്സിലാണ് വിയോഗം. നല്ല പോര് പൊരുതി. ഓട്ടം തികച്ചു. വണക്കമാസത്തിലെ ഒന്നാം ശനിയാഴ്ച കാപ്പിച്ചെടികളെ ഉലച്ചുവന്ന പടിഞ്ഞാറന്‍ കാറ്റിന് തിരുവസ്ത്രത്തിന്റെ മണമുള്ളതായി തോന്നി. മലയടിവാരത്തേക്ക് നീണ്ട നോട്ടമയച്ചുകൊണ്ട് ഞങ്ങള്‍ ചുരമിറങ്ങി.
ഈ വഴിയിലൂടെയാണ് ഈശോ മറിയം ഔസേപ്പേ മന്ത്രംപോലെ ഉരുവിട്ട് ജപമണി കൈകളില്‍ തലോടി ഭൂമിയെ നോവിക്കാതെ പാദങ്ങള്‍ വെച്ച് സിസ്റ്ററമ്മ വരുന്നത്. തോളില്‍ നരച്ച് നിറം മങ്ങിയ നീലനിറത്തിലുള്ള സ്വർണക്കടയുടെ ട്രാവല്‍ ബാഗുണ്ടാകും. മിണ്ടാമഠത്തില്‍നിന്നും ഇറങ്ങി ഞങ്ങളുടെ വീടെത്തും വരെ ഒരു വാക്കുപോലും ആരോടും മിണ്ടില്ല. ബസില്‍ കയറുമ്പോള്‍ സ്ഥലം എഴുതിയ ഒരു കടലാസ് കയ്യില്‍ സൂക്ഷിക്കും. ഞങ്ങളുടെ വീടെത്തുംവരെ ഒരു തുള്ളി വെള്ളം കുടിക്കില്ല.
അല്‍ഫോണ്‍സാമ്മയുടെ തിരുസന്നിധിയില്‍ പോയിട്ടുവന്നപ്പോള് കൊണ്ടുവന്ന വിശുദ്ധമോതിരത്തില് ഞാന്‍ മുത്തമിട്ടു. അമ്മയുടെ ഏറ്റവും ഇളയവളായ ലില്ലി. ഈസ്റ്റര്‍ ലില്ലി എന്നാണ് വിളിപ്പേര്. ഈസ്റ്റര്‍ മാസത്തില്‍ വയല്തീരങ്ങളിലും കാട്ടുവഴികളിലും പാതയോരങ്ങളിലും പറ്റംപറ്റമായി വളര്ന്നുനില്ക്കുന്ന വാഴച്ചെടികളാണ് ഈസ്റ്റര്‍ ലില്ലി. മഠത്തില്‍ ചേര്‍ന്നപ്പോള്‍ സിസ്റ്ററമ്മക്ക് പുതിയ പേര് കിട്ടി. സിസ്റ്റര്‍ ക്ലെയര്‍. മഠത്തില്‍ ചേരുമ്പോള്‍ എന്തിനാണ് വലിയ ഇംഗ്ലീഷ് പേരുകള്‍ നല്‍കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ സിസ്റ്ററമ്മയോട് ചോദിച്ചു. മധുരമായ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. ചുരമിറങ്ങുന്ന ജീപ്പിന്റെ ഹെഡ് ലൈറ്റ് വെട്ടത്തില്‍ മഞ്ഞ് ഒഴുകിമാറുന്നു. പാതയില്‍ ജീപ്പിന്റെ ടയറുകള്‍ ഉരയുന്നതിന്റെയും മോട്ടോറിന്റെയും ശബ്ദം ഉയരുന്നുണ്ട്.
സിസ്റ്ററമ്മയെപ്പോലെ ആരോടും ഒന്നും മിണ്ടാതെ ദിവസങ്ങള്‍ കടത്തിവിടുന്ന കാര്യം പണ്ട് എനിക്ക് ആലോചിക്കാനേ കഴിയില്ലായിരുന്നു. എനിക്ക് സംസാരിക്കണം. മെല്‍വിനും ഞാനും സിസ്റ്ററമ്മ എന്നാണ് വിളിക്കുന്നത്. ആ പേര് അമ്മയാണ് ഞങ്ങളെ പഠിപ്പിച്ചത്.
''ഇവള് ഒരു കുറുമ്പിയാണല്ലോ ചേച്ചി'' എന്ന് സിസ്റ്ററമ്മ എന്നെക്കുറിച്ച് പറയും. വീട്ടില്‍ വരുമ്പോള്‍ താമസിക്കുന്നത് എരുത്തിലിനോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ്. ഞാന്‍ പത്താം ക്ലാസില്‍ കയറിയ വര്‍ഷം അപ്പന് ആ മുറി തന്നു. സിസ്റ്ററമ്മ താമസിക്കുന്ന മുറിയായതുകൊണ്ടുതന്നെ വൃത്തിയിലും വെടുപ്പിലും മുറി സൂക്ഷിക്കണം. പരിശുദ്ധമായ കുന്തിരിക്കത്തിന്റെയും അകിലിന്റെയും തിരുവസ്ത്രത്തിന്റെയും മണം മുറിയില്‍ നിറഞ്ഞുനില്ക്കും. തീർഥാടന യാത്രകള്‍ കഴിഞ്ഞുവരുമ്പോള്‍ സിസ്റ്ററമ്മ കൊണ്ടുവരുന്ന സമ്മാനങ്ങള്‍ ഓരോന്നായി ഞാന്‍ മേശമേല്‍ നിരത്തിവെക്കും. ക്രൂശിതരൂപങ്ങള്‍, ജപമാലകള്‍, പ്രാർഥനാമണികള്, വിശുദ്ധമാരുടെ ജീവിതം പ്രതിപാദിക്കുന്ന ചെറിയ കൈപ്പുസ്തകങ്ങള്‍ അങ്ങനെ എല്ലാം. സിസ്റ്ററമ്മയുടെ വരവില്‍ ഞങ്ങളുടെ വീടും ഒരുതരം മടുപ്പിക്കുന്ന മൗനത്തിലേക്ക് നീങ്ങും. ചക്ക അരിയുമ്പോഴും കപ്പ വേവിക്കുമ്പോഴും അമ്മയും സിസ്റ്ററമ്മയും അടുക്കളയില്‍ ഒന്നും മിണ്ടാതെ പരസ്പരം നോക്കി ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും.
കാപ്പിച്ചെടി പൂത്ത കാലത്ത് ഒരിക്കല്‍ സിസ്റ്ററമ്മ വന്നു. ആ വെളുത്ത പൂക്കളെക്കുറിച്ച് കാവ്യാത്മകമായി എന്തോ ചിലത് എന്നോട് പറഞ്ഞു. പൂത്തു കുലച്ചു കിടക്കുന്ന റോബസ്റ്റ് കാപ്പിച്ചെടികള്‍ക്ക് മുകളില്‍ തേനീച്ചകള്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ശിരോ വസ്ത്രമൂരി ആ കാപ്പിപ്പൂക്കള്‍ മണത്തുകൊണ്ട് സിസ്റ്റമ്മ നില്‍ക്കുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
ആത്മാവിന്റെ ഹര്‍ഷങ്ങള്‍ ശരീരത്തില്‍ തിരിച്ചറിയുമ്പോള്‍ ദൈവത്തിന് നന്ദി പറയണമെന്ന് സിസ്റ്ററമ്മ എപ്പോഴും പറയും. 'വത്സലപുത്രി' എന്നാണ് എന്നെ പലപ്പോഴും വിളിക്കുന്നത്. അനുചിന്തന പ്രാർഥനയോടെ ആനന്ദാനുഭൂതി പ്രദാനംചെയ്യുന്ന ദൈവത്തിന്റെ കാരുണ്യത്തെ കാപ്പിപ്പൂ മണത്തുകൊണ്ട് സിസ്റ്ററമ്മ സ്തുതിച്ചു.
ഒരിക്കല്‍ വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞുവന്നപ്പോള്‍ നിറം മങ്ങിയ നീല ട്രാവല്‍ ബാഗില്‍നിന്നും സിസ്റ്ററമ്മ വിശുദ്ധ മരുന്നുവെള്ളം കൊണ്ടുവന്നു. മെല്വിന് അക്കാലത്ത് വല്ലാത്ത വയറൊഴിച്ചില്‍ ആയിരുന്നു. സിസ്റ്ററമ്മതന്നെയാണ് ആ മരുന്നുവെള്ളം തുള്ളിയായി അവന്റെ വായില്‍ ഇറ്റിച്ചുനല്കിയത്. ആ സമയത്ത് ഞങ്ങളുടെ അമ്മയെപ്പോലെ ഒരു മാതൃഭാവമാണ് ആ മുഖത്ത് നിറഞ്ഞുനിന്നത്. മെല്വിന് ആ മരുന്ന്ജലം നുണഞ്ഞിറങ്ങിയപ്പോള് നിറഞ്ഞുതുളുമ്പിയ ഭാവം സ്നേഹമായിരുന്നു.
കുട്ടിക്കാലത്ത് ഈസ്റ്റര്‍ ലില്ലി എന്ന സിസ്റ്ററമ്മ ഭയങ്കര വായാടിയായിരുന്നു. അമ്മ പറഞ്ഞു തന്ന കഥകളിലെ ലില്ലി സിസ്റ്ററമ്മയല്ല. അത് വേറെയാരോ. ചുണയത്തിയായ ഒരുവള്‍. അമ്മ പറയും. അവള്... ലില്ലി... ഭയങ്കര വര്‍ത്തമാനമാണ്. കലപില കലപില വര്‍ത്തമാനമാണ്. ആട്ടിന്കുട്ടികളോടും പശുവിനോടും മുറ്റത്തെ റോസയോടും ചെടികളോടും മരങ്ങളോടും എല്ലാം വര്‍ത്തമാനം പറയും. റോഡിലൂടെ പോകുന്ന ഒരു മനുഷ്യനെപ്പോലും വെറുതെ വിടില്ല. വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ അവള് ആത്മഗതം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. അപ്പനും അമ്മയും അവളെ വഴക്കു പറയുമായിരുന്നു. ചിലപ്പോള്‍ അവള് പഞ്ഞിക്കായ കൈയിലെടുത്ത് മൈക്കാക്കി കമ്യൂണിസ്റ്റ് പൊന്തകളോട് പ്രസംഗിക്കുന്നത് കാണാം. പറന്നുപോകുന്ന പക്ഷിയോട് പുരപ്പുറത്ത് കയറിനിന്ന് ദൈവത്തിനുള്ള സന്ദേശം ഉറക്കെ പറയുന്നത് കേട്ടാല്‍ ചിരിച്ചുപോകും. വെള്ളം കോരുമ്പോള്‍ കപ്പി ഉരയുന്ന ശബ്ദത്തിനൊപ്പം വെള്ളത്തിനോടും തൊട്ടിയോടും സംസാരിക്കും. ജീവനില്ലാത്ത വസ്തുക്കള്‍പോലും അവള് പറയുന്നത് അനുസരിക്കുന്നതായി തോന്നും. തുടര്‍ച്ചയായി കേടായിക്കൊണ്ടിരുന്ന എന്റെ തയ്യല്മെഷീന് അവള് വഴക്കു പറഞ്ഞതിനുശേഷം നന്നായി ഓടാന്‍ തുടങ്ങി. വേവില്ലാത്ത അരി അവള് കഴുകി കലത്തിലിട്ടാല്‍ അനുസരണയോടെ വെന്ത് മലര്‍ന്ന് വരുന്നതു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നിസ്സാരമെന്ന് കരുതുന്ന എല്ലാത്തിലും അവള് സന്തോഷം കണ്ടെത്തി. ഒരു മരം കേറിയായിരുന്നു അവള്. അഴിച്ചുവിട്ട ആട്ടിന്‍കുട്ടിയെപ്പോലെ കാടും മേടും കയറി പോകും. എല്ലാ വീട്ടിലും പോകും. ഒരിക്കല്‍ മലയിലെ ഒരു വീട്ടില്‍ പോയിട്ട് വന്നപ്പോള്‍ കീശയില്‍നിന്ന് ഒരു പൂച്ചക്കുഞ്ഞിനെ മെല്ലെ വെളിയില്‍ എടുത്തു. ആരോ വഴിയില്‍ ഉപേക്ഷിച്ചുപോയ പൂച്ചക്കുഞ്ഞായിരുന്നു അത്. പിന്നെ അവളുടെ പുറകെയായി അത്. സ്കൂളില്‍പോലും ചില സമയത്ത് പൂച്ചക്കുഞ്ഞിനെ കൊണ്ടുപോകും. അവള് എവിടെ പോയാലും അത് പിന്നാലെ ഉണ്ടാകും. ലില്ലിക്ക് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് എനിക്ക് അന്നേരമൊക്കെ തോന്നുമായിരുന്നു.''
അമ്മ പറയുന്ന കഥകളില്‍നിന്ന് ഞാന്‍ സിസ്റ്ററമ്മയെ വായിച്ചെടുക്കാന്‍ ശ്രമിക്കുമായിരുന്നു.
എസ്റ്റേറ്റ് റോഡ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിനടുത്തുള്ള ഹോട്ടലില്‍ ചായ കുടിക്കുന്നതിനായി ജോമോന് ജീപ്പൊതുക്കി. ഞാന്‍ ജീപ്പില്തന്നെയിരുന്നു. മലഞ്ചരക്കുമായി വരുമ്പോള്‍ ജോമോന് സ്ഥിരമായി ചായ കുടിക്കുന്നത് ഇവിടെനിന്നായിരിക്കും. ജോമോന് ചൂടുചായ നിറഞ്ഞ കുപ്പിഗ്ലാസ് എനിക്ക് നേരേ നീട്ടി. ഞാന്‍ കരയുകയായിരുന്നു. വെളുത്ത് കൊലുന്ന മുഖത്ത് നിറയെ പ്രകാശമുള്ള സിസ്റ്ററമ്മ. ഈശോയുടെ നേര്‍ക്കുള്ള പ്രണയത്താല്‍ എരിയുന്ന ഒരു മെഴുകുതിരി നാളംപോലെ തോന്നുന്ന മുഖം. വേദ പാരംഗതയുടെ കണ്ണുകള്‍. ചുവന്ന ചുണ്ടുകള്‍, തുടുത്ത മുഖം, ശിരോവസ്ത്രം മാറ്റുമ്പോള്‍ ചെറിയൊരു വെള്ളച്ചാട്ടംപോലെ ഉതിര്‍ന്നുവീഴുന്ന മുടി, വേദപുസ്തകം വായിക്കുമ്പോള്‍ സിസ്റ്ററമ്മ പലപ്പോഴും കരയുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തീവ്രമായ സ്നേഹത്തിന്റെ പ്രകാശനമായിരുന്നു ആ കണ്ണുനീര്. പലപ്പോഴും ആ വേദപാരംഗതയുടെ പ്രാർഥനാവേളകള് പുണ്യപൂർണതയോടെയുള്ള ആ സമര്‍പ്പണം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കര്‍ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്‍. ദൈവൈക്യത്തിനായുള്ള ഒരുക്കവും ആത്മാവിന്റെ ആനന്ദാനുഭൂതികള്ക്കുവേണ്ടിയുള്ള മൗനപ്രാർഥനകളും ശരീരത്തെ അവഗണിക്കാന്‍ പഠിപ്പിച്ചിരുന്നു. സിസ്റ്ററമ്മ അതീവസുന്ദരിയായിരുന്നു. ആ ഇരിപ്പ്, നടപ്പ്, ചെറുചിരി, കണ്ണുകള്‍ ഒരു പ്രത്യേകരീതിയില്‍ ചിമ്മുന്നത്, ചുവന്ന ചുണ്ടുകള്‍, നെറ്റിയിലൂടെ ശിരോവസ്ത്രം മാറ്റുമ്പോള്‍ വാര്ന്നുവീഴുന്ന മുടി, എല്ലാം എത്ര സുന്ദരം. ഒരുതരം മഞ്ഞള്നിറമാണ് സിസ്റ്ററമ്മക്ക്. വെളുപ്പില്‍നിന്നും മഞ്ഞയിലേക്ക് കയറുന്ന നിറം.
ചിലപ്പോള്‍ പ്രാർഥനക്കിടയില്‍ സിസ്റ്ററമ്മ ധ്യാനത്തില്‍ ആണ്ടുപോകും. ആ നേരം ആ മുഖം വളരെ സുന്ദരമാണ്. സിസ്റ്ററമ്മയുടെ ആത്മാവ് ശരീരത്തില്നിന്നുമുയര്ന്ന് വേറെ എവിടെയോ അലയാന്‍ പോയതായി തോന്നും. ഒരിക്കല്‍ ഞങ്ങളുടെ പശു പ്രസവിച്ചപ്പോള്‍ സിസ്റ്ററമ്മ വീട്ടില്‍ വന്നിരുന്നു. തലേരാത്രി പശുവിന്റെ നിറവയറില്തൊട്ട് സിസ്റ്ററമ്മ സുഖപ്രസവത്തിനുള്ള പ്രാർഥന ചൊല്ലിയിരുന്നു. പുലര്‍ച്ചെയാണ് പശു പ്രസവലക്ഷണം കാണിച്ചുതുടങ്ങിയത്. വീട്ടില്‍ പിന്നെ ഒരു ബഹളംതന്നെയായിരുന്നു. എല്ലാവരും എരുത്തിലേക്ക് ഓടി. അയല്പക്കത്തെ രാധ ചേച്ചിയും ആശാനും വന്നു. അമ്മക്ക് ആധിയും വെപ്രാളവും തുടങ്ങി. പശുവിനെ അമ്മ എന്നെക്കാളും സ്നേഹത്തോടെയാണ് നോക്കുന്നത്. മോളേ... മോളേ എന്ന് വിളിച്ച് അമ്മ കരഞ്ഞു. അപ്പന് അമ്മയെ വഴക്കു പറഞ്ഞു. പശു പ്രസവം കഴിഞ്ഞ് കിടാവിനെ നക്കിത്തുടക്കുമ്പോഴാണ് സിസ്റ്ററമ്മ ധ്യാനത്തില്നിന്നുമുണര്ന്നത്. ഇത്രയും വായാടിയായ ഈസ്റ്റര്‍ ലില്ലി എങ്ങനെയാണ് മിണ്ടാതായതെന്നും മഠത്തില്‍ ചേര്‍ന്നതെന്നും ഞാന്‍ അമ്മയോട് പലവട്ടം ചോദിച്ചിട്ടുണ്ട്. അമ്മ എന്തോ ഒളിക്കുന്നതായി എനിക്ക് തോന്നി. സിസ്റ്ററമ്മ വന്നാല്‍ എനിക്ക് കഥകള്‍ പറഞ്ഞുതരും. ബുദ്ധഭഗവാന്റെ കഥകള്‍ പറയുന്നതിലായിരുന്നു സിസ്റ്ററമ്മക്ക് ഇഷ്ടം. യേശുവിന്റെ കഥകളൊക്കെയും എനിക്ക് അറിയാവുന്നതുകൊണ്ടാവാം.
ഒരിക്കല്‍ ഗോവയിലെ വിശുദ്ധന്റെ പള്ളിയിലേക്ക് കാല്‍നടയായി പോയപ്പോള്‍ ഒരു ബുദ്ധസന്യാസിയെ കണ്ട കാര്യം എപ്പോഴും പറയുമായിരുന്നു. വിശുദ്ധനാടുകളില്‍ പോയി വന്നശേഷം ആ നാടുകളില്‍ കണ്ട പുണ്യ കാഴ്ചകളുടെ വിശേഷങ്ങള്‍. സഭയുടെ ഒരു മാസികയില്‍ സിസ്റ്ററമ്മ എഴുതിയിരുന്നു. മനോഹരമായ ആ യാത്രാവിവരണ ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ആ ഭാഷയുടെ ലയവും താളവും എന്നെ അത്ഭുതപ്പെടുത്തി. ഒന്നും മിണ്ടാതെ മൗനത്തിലേക്ക് പോയ ഒരാള്‍ വാക്കുകളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അത്ഭുതമായി. 'ജറുസലേമിലെ വീഥികളില്‍' എന്ന ലേഖനം ആയിടക്ക് ഞങ്ങളുടെ വീട്ടില്‍ വന്നപ്പോഴാണ് സിസ്റ്ററമ്മ എഴുതിയത്. എന്റെ ഈ സംശയത്തിന് കടലാസില്‍ മറുപടി എഴുതിത്തരുകയാണ് ചെയ്തത്. ''രാജാവ് തന്റെ വീഞ്ഞറയില് എന്നെ കൊണ്ടുവന്നു. ഉത്തമഗീതത്തിലെ വരികളാ വത്സലപുത്രി
എന്റെ വാക്കുകള്‍ ആ വീഞ്ഞറയില്നിന്നും ഞാന്‍ കട്ടെടുക്കുന്നതാണ്. ഈശോയ്ക്ക് നന്ദി.''
ജോമോന് ചായക്കാശ് കൊടുത്തിട്ട് തിരികെ വന്ന് ജീപ്പില്‍ കയറി. ചുണ്ടില്‍ എരിയുന്ന സിഗരറ്റ്. സിഗരറ്റ് മണം എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ അപ്പനും സിഗരറ്റ് വലിക്കുമായിരുന്നു. പനാമ സിഗരറ്റ്. ജോമോന്റെ മൂക്കില്‍നിന്നും വായില്‍നിന്നും പുറത്തേക്ക് വരുന്ന സിഗരറ്റ് പുകയുടെ വെളുപ്പാണ് സിസ്റ്ററമ്മയുടെ കുപ്പായത്തിന്. ഞാന്‍ പെട്ടെന്ന് സിസ്റ്ററമ്മയെക്കുറിച്ചുള്ള മറ്റൊരു ഓർമയിലേക്ക് വഴുതിവീണു.
സിസ്റ്ററമ്മ മഠത്തില്‍നിന്നും വീട്ടില്‍ വന്ന ഒരു രാത്രി. ഏകദേശം രണ്ടുമണി വരെ നീലബാഗില്‍ സൂക്ഷിക്കുന്ന കറുത്ത ഡയറിയില്‍ തുരുതുരെ എഴുതിക്കൊണ്ടിരുന്നു. സ്വർണ നിറത്തിലുള്ള ആ ഡയറിയുടെ നാട ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പത്താം ക്ലാസിലെ പരീക്ഷ അടുത്തിരുന്നതിനാല്‍ ഞാനും പാതിരാത്രി വരെ പഠിച്ചതിനുശേഷം കണ്ണടച്ച് ഉറങ്ങാൻ കിടന്നു. എഴുതി തളര്‍ന്ന് മേശപ്പുറത്ത് തലവെച്ച് സിസ്റ്ററമ്മ ഉറങ്ങിപ്പോയി. പശുവിനെ കറക്കാന്‍ അമ്മക്ക് കൂട്ടുചെല്ലാന്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് കറുത്ത ഡയറിയില്‍നിന്നും പറന്ന് താഴെ നിലത്ത് കിടന്ന ഒരു ഫോട്ടോ കണ്മുന്നില്പെടുന്നത്. ഉറക്കത്തിലേക്ക് വഴുതിവീണപ്പോള്‍ ഡയറി നന്നായി അടച്ചുവെക്കാന്‍ മറന്നതാവാം.
നിറം മങ്ങിയ ഫോട്ടോയില്‍ ചുരുളന്മുടിയുള്ള ചുവന്ന കടലാസ് പൂക്കളുടെ മുമ്പില്‍ ബെല്‍ബോട്ടം പാന്റും നീണ്ട കോളറുള്ള ഉടുപ്പുമിട്ട് ചിരിച്ചുകൊണ്ടു നില്ക്കുന്ന ഒരു യുവാവ്. ആ ഫോട്ടോയില്‍ നോക്കി ഞാന്‍ നില്ക്കുമ്പോള് സിസ്റ്ററമ്മ പെട്ടെന്നുണരുകയും അമ്പരപ്പോടെ ചുറ്റും നോക്കുകയും ചെയ്തു. ഉറക്കെ പ്രാർഥനകളില്‍ ഒന്ന് ചൊല്ലുകയും ചെയ്തു. ''സ്വസഹോദരിയും പുത്രിമാരായവരും ആയവരേ ലോകം, ജഡം, പിശാച് എന്ന ത്രിവിധ ശത്രുക്കളെയും വെളിയില്‍ നിര്‍ത്തി അവയെ സര്‍പ്പം, അണലി എന്നീ വിഷജന്തുക്കളെന്ന് കരുതി പിശാചിന്റെ വിദ്വേഷത്തില്‍നിന്നും ഒഴിഞ്ഞ് നില്ക്കുകയത്രെ പുണ്യവതികളുടെ പ്രാർഥന'' എന്ന് പിറുപിറുത്തുകൊണ്ട് സിസ്റ്ററമ്മ ആ ഫോട്ടോ എന്റെ കൈയില്‍നിന്നും തട്ടിപ്പറിച്ചു. ആ നേരത്ത് എന്നെ ശാസിക്കുകയും ചെയ്തു.
''നീ ഒരു മടിച്ചിയാണ്. മോഷ്ടാവ്. പെണ്‍കുട്ടിയായിരുന്നപ്പോള്‍ ഞാനും നിന്നെപ്പോലെ നാണംകുണുങ്ങിയായിരുന്നു. നശിപ്പിച്ചു. ആത്മാവിനെ രക്ഷിക്കാന്‍ നോക്ക്. ആത്മാവിനെ രക്ഷിക്കാന്‍ നോക്ക്...''
എരുത്തിലില്നിന്നും അമ്മ വിളിച്ചതുകൊണ്ട് സിസ്റ്ററമ്മയുടെ മുമ്പില്‍നിന്നും ഞാന്‍ രക്ഷപ്പെട്ടു. ദേഷ്യംകൊണ്ട് എരിയുന്ന ആ കണ്ണുകളില്‍നിന്ന് ദൂരേക്ക് ഓടിപ്പോകാന്‍ ഞാന്‍ കൊതിച്ചു. പശുവിനെ കറക്കുന്ന അമ്മക്ക് കൂട്ടുനില്ക്കുന്നതിനിടയില് ഞാന്‍ എരുത്തിലിലൂടെ മുറിയിലെ പ്രകാശത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സിസ്റ്ററമ്മയെ നോക്കി.
അമ്മയോടൊപ്പം എരുത്തിലില്നിന്നും പുറത്തിറങ്ങി പരിയമ്പുറത്തെ കോഴിക്കൂട് തുറന്നുവിട്ടതിനുശേഷം കിണറ്റില്‍നിന്നും അടുക്കള ആവശ്യത്തിനുള്ള വെള്ളം കോരി നിറച്ചു. കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വെള്ളം നിറച്ചുവെച്ചു. തോട്ടത്തില്‍ ചപ്പിലക്കിളികള്‍ ഉണര്‍ന്നു കരയുന്നുണ്ടായിരുന്നു. പൊഴിഞ്ഞുവീണ റബര്‍ ഇലകള്‍ നീളന്‍ ചൂലുകൊണ്ട് തൂത്തു. അങ്ങനെ സിസ്റ്ററമ്മയെ നേരിടാനാവാതെ പതിവിലും കൂടുതല്‍ നേരമെടുത്ത് ഞാന്‍ അന്ന് വീട്ടുപണികള്‍ ചെയ്തുകൊണ്ട് നടന്നു.
ഒടുവില്‍ ഗത്യന്തരമില്ലാതെ അടുക്കളയില്‍ അമ്മക്കൊപ്പം നില്ക്കുന്ന സിസ്റ്ററമ്മയുടെ മുന്നിലെത്തി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. വായ് എന്തോ പറയാന്‍ വെമ്പുന്നതുപോലെ. പക്ഷേ വാക്കുകള്‍ എവിടെയോ തറഞ്ഞുനില്ക്കുന്നതുപോലെ. മിണ്ടാമഠത്തിന്റെ കരിങ്കല്‍ ഭിത്തികളില്‍ തട്ടി ചതഞ്ഞ വാക്കുകള്‍ മൗനത്തില്‍ വീണുകിടക്കുന്നതുപോലെ. പക്ഷേ സിസ്റ്ററമ്മയുടെ മനസ്സ് ഏതോ അതീതകാല സ്മൃതിയില്‍ ആണ്ടിരുന്നതായി എനിക്ക് തോന്നി. കണ്ണുകളില്‍നിന്നും കണ്ണുനീര് ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നും മിണ്ടാതെ ചായ ഊതിക്കുടിച്ചതും ഞാനോര്‍ക്കുന്നു.
ആ ദിവസം മുഴുവന്‍ ഞങ്ങള്‍ അങ്ങനെ മൗനത്തിലൂടെ കടന്നുപോയി. സിസ്റ്ററമ്മക്ക് മിണ്ടാതിരിക്കുന്നത് ശീലമാണ്. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല. ചെറിയ ചെറിയ സംശയങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്നും കണ്ടെത്തി. ഞാന്‍ സിസ്റ്ററമ്മയോട് മിണ്ടി. ഒടുവില്‍ വളരെ കഷ്ടപ്പെട്ട് സിസ്റ്ററമ്മ വായ് തുറന്നു.
''നോക്കൂ... കുഞ്ഞേ... സംസാരം നമ്മളെ വലിയ കുഴപ്പങ്ങളില്‍ കൊണ്ടുചാടിക്കും. നന്നായി മനസ്സിരുത്തി പഠിക്കൂ... വത്സല സഹോദരിയുടെ മകളാണ് എനിക്ക് നീ. ഇന്നലെ മുഴുവന്‍ ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുകയായിരുന്നു. അവിടുന്ന് എന്നിലൂടെ സംസാരിക്കുമ്പോള്‍ സാധാരണ മനുഷ്യസ്ത്രീ എന്ന എന്റെ പരിമിതികളെ എനിക്ക് മറികടക്കാന്‍ കഴിയും. വിശുദ്ധ അമ്മ ത്രേസ്യയെപ്പോലെ പെണ്ണിന്റെ ശരീരവും മനസ്സും ആഭ്യന്തര ഹര്മ്യമാണ്. ആഴമായ ആധ്യാത്മിക പരീക്ഷണങ്ങളിലൂടെ ശരീരത്തെയും മനസ്സിനെയും നമുക്ക് ജയിക്കാന്‍ കഴിയും.''
പിന്നീട് സിസ്റ്ററമ്മ എന്നോട് ഒന്നും സംസാരിച്ചില്ല. ആരോടും സംസാരിച്ചില്ല. മിണ്ടാമഠത്തിലെ ജീവിതംപോലെ മൗനം തുടര്‍ന്നു.
പിറ്റേന്നു രാവിലെ നീലബാഗും തോളില്‍ തൂക്കി ഒതുക്കുകല്ലുകള്‍ ഇറങ്ങി മഠത്തിലേക്ക് യാത്രയാവുകയും ചെയ്തു. പക്ഷേ പതിവില്ലാത്ത വിധത്തില്‍ എന്തോ ഒരു വേദന ആ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു. എന്റെ കല്യാണമായപ്പോഴാണ് സിസ്റ്ററമ്മ പിന്നീട് ആ സംഭവത്തിനുശേഷം മിണ്ടിയത്. കര്‍ത്താവിന്റെ മണവാട്ടി എന്നനിലയില്‍ പരിശുദ്ധമായ ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള ചില ഉപദേശങ്ങള്‍ തരാനായി വാക്കുകള്‍ തപ്പിയെടുത്തു.
''വത്സലപുത്രി, അപാരമായ വിശ്വാസവും ഭക്തിമാധുര്യവും എരിയുന്ന മനസ്സില്‍നിന്നു മാത്രമേ യഥാർഥ സ്നേഹം ജ്വലിക്കുകയുള്ളൂ. അനേകം അറകളുള്ള ഒരു വലിയ വീടാണ് ദാമ്പത്യം. ഇരുട്ടു വീഴാവുന്ന, ചെറിയ സര്‍പ്പങ്ങള്‍ ഒളിച്ചിരിക്കുന്ന ഗുഹകള്‍ അതിലുണ്ട്. അവിടെയെല്ലാം സ്നേഹം എന്ന പ്രകാശത്തിന്റെ വെളിച്ചം നിനക്ക് തെളിക്കാന്‍ കഴിയട്ടേ.''
കല്യാണം ഉറപ്പീരിന് ജോമോന് വീട്ടില്‍ വന്നപ്പോഴും സിസ്റ്ററമ്മ എല്ലാത്തിനും സാക്ഷിയായി തിരുവസ്ത്രമൗനവുമായി ഒരു കസേരയിലിരുന്നു. സന്തോഷമോ സന്താപമോ എന്തായിരുന്നു ആ മുഖത്തെ വികാരമെന്ന് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
ഒന്നും മിണ്ടാതെ പൂട്ടിയ വായകള്പോലെ ഷട്ടറിട്ടുകിടക്കുന്ന കടകളുടെ നീണ്ട നിരകള്‍ക്കിടയിലൂടെ ജീപ്പ് കോട്ടയം പട്ടണത്തിലേക്ക് കടന്നു. ഡയറിയില്‍നിന്നും പറന്നു വീണ ആ ഫോട്ടോ ഞാന്‍ കണ്ടതിനുശേഷം സിസ്റ്ററമ്മക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞിരുന്നതായി എനിക്ക് തോന്നി. മെല്‍വിനും ഭാര്യയും പിള്ളാരും അമ്മയും മഠത്തില്‍ എത്തി. ജീപ്പൊതുക്കി ജോമോന് മൊബൈലിലൂടെ വലിയ വായെ സംസാരിക്കുന്നത് കേട്ടു. ജോമോന് പതിയെ മിണ്ടാറില്ല. ഉറക്കെയുള്ള വര്‍ത്തമാനമാണ്. തൊട്ടുമുമ്പിലുള്ള ആളുടെ ചെവി തുളഞ്ഞുപോകും. ഒരുപക്ഷേ മലകളില്‍ താമസിക്കുന്ന മനുഷ്യരുടെ ശീലമായി രൂപപ്പെട്ടതാവാം. ഈസ്റ്റര്‍ ലില്ലി എന്ന സിസ്റ്ററമ്മയും പെണ്‍കുട്ടിക്കാലത്ത് ഉറക്കെ സംസാരിക്കുന്നവളായിരുന്നു. അവള് മിണ്ടാത്ത ജീവനില്ലാത്ത വസ്തുക്കളോടുപോലും മിണ്ടിയിരുന്നു. അപൂർണമായ ഒരു സംഭാഷണംപോലെ പകുതിയില്‍ നിര്‍ത്തിയ ഒരു മിണ്ടാട്ടം. മിണ്ടാമഠത്തിന്റെ തണുത്ത കരിങ്കല്‍ ചുമരുകളില്‍ തട്ടി സിസ്റ്ററമ്മയുടെ വാക്കുകള്‍ ചിതറി വീണിട്ടുണ്ടാവും. സമയത്തിന്റെ ഓരോ വിനാഴികയിലും ജപമണികളുടെ മന്ത്രത്തിലൂടെ കടന്നുപോവുമ്പോള്‍ വാക്കുകള്‍ വായില്‍നിന്നും പുറത്തുചാടാന്‍ വെമ്പിനിന്നിട്ടുണ്ടാവും.
ജോമോന്റെ വീട്ടിലേക്ക് ഒറ്റത്തവണ മാത്രമേ സിസ്റ്ററമ്മ വന്നിട്ടുള്ളൂ. അന്നും നീല ട്രാവല്‍ ബാഗുണ്ടായിരുന്നു. ഏതോ തീർഥാടനയാത്ര കഴിഞ്ഞ് ചുരം കയറിയെത്തിയ കെ.എസ്.ആര്.ടി.സി ബസില്‍ സിസ്റ്ററമ്മ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ സമയമായിരുന്നതുകൊണ്ട് എന്റെ ബന്ധുക്കളെ സ്വീകരിക്കുന്നതിന് ജോമോന് വലിയ ഉത്സാഹമായിരുന്നു. ജീപ്പെടുത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും കൂട്ടിക്കൊണ്ടുവന്നു. ജോമോനും ചാച്ചനും അമ്മച്ചിയും പെങ്ങളും പലതവണ മിണ്ടിയിട്ടും സിസ്റ്ററമ്മ ഒരു വാക്കുപോലും മിണ്ടിയില്ല. ചോദ്യങ്ങള്‍ക്ക് കടലാസില്‍ ഉത്തരം എഴുതിനല്‍കി. അതിനുശേഷം എന്നോടും ഒന്നും മിണ്ടിയിട്ടില്ല. പൂർണമായ മൗനത്തിലേക്ക് പിന്‍വാങ്ങി.
തണുത്ത പാലപ്പത്തിനും മുട്ടക്കറിക്കും മുമ്പിലിരുന്നപ്പോഴും ഞാന്‍ കരയുകയായിരുന്നു. കോട്ടയത്തെത്തിയാല്‍ ജോമോന് പാലപ്പവും മുട്ടക്കറിയും കഴിക്കണം. മഠത്തിലെ ത്തിയാല് പിന്നെ ഒന്നും കിട്ടില്ല. ചരമശുശ്രൂഷ കഴിഞ്ഞ് എപ്പോള്‍ മടങ്ങിവരാന്‍ കഴിയുമെന്നും പറയാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് ജോമോന് ഹോട്ടലിന് മുമ്പില്‍ ജീപ്പൊതുക്കിയത്.
ദൈവത്തില്‍നിന്നു വരുന്ന ആനന്ദാനുഭൂതിയെക്കുറിച്ചും പ്രശാന്തമായ പ്രാർഥനയെക്കുറിച്ചും സിസ്റ്ററമ്മ എനിക്ക് പറഞ്ഞുതന്നത് ഓര്‍ക്കുകയായിരുന്നു ഞാന്‍. മിണ്ടാമഠത്തില്‍ എത്രയോ വര്‍ഷങ്ങളായി ഒരു വാക്കുപോലും മിണ്ടാതെ പ്രാർഥനയും ധ്യാനവുമായി സിസ്റ്ററമ്മ കഴിഞ്ഞു. ഒടുവില്‍ ഒടുവില്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാതായി.
റാന്നിയിലെ അമ്മാച്ചനൊപ്പം കോട്ടയത്ത് ഒരു കല്യാണത്തിന് വന്നപ്പോഴാണ് അവസാനമായി സിസ്റ്ററമ്മയെ കണ്ടത്. മുഖം തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ വാക്കുകള്‍ മറന്ന് വറ്റിവരണ്ടിരുന്നു. കണ്ണുകള്‍ അഗാധമായ ദുഃഖത്തെ ഒളിപ്പിച്ചപോലെ. കുറച്ചുനേരം എല്ലാവരെയും നോക്കി വെറുതെ നിന്നശേഷം മഠത്തിനുള്ളിലേക്ക് പൊയ്ക്കളഞ്ഞു. അന്നാണ് ഞാന്‍ സിസ്റ്ററമ്മയെ അവസാനമായി കണ്ടത്. മഠത്തിനുള്ളിലേക്ക് ചെറിയ ചുവടുകള്‍വെച്ച് നടന്നുപോകുന്ന വേദപാരംഗതയുടെ നിശ്ശബ്ദമായ യാത്ര ഞാന്‍ നോക്കിനിന്നു. ആത്മാവിന്റെ അചഞ്ചലമായ പ്രശാന്തതയില്‍ തീര്‍ത്ത മൗനമോ, അതോ ജീവിതനൈരാശ്യങ്ങളുടെ മടുപ്പോ..? എനിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല. പക്ഷേ ഒരു കാര്യത്തില്‍ സിസ്റ്ററമ്മയോട് എനിക്ക് നന്ദിയുണ്ട്. വാക്കുകള്‍ വായില്‍ വരുന്നതുപോലെ വെറുതെ പറയാനുള്ളതല്ലെന്ന് സിസ്റ്ററമ്മ എന്നെ പഠിപ്പിച്ചു. വായില്‍ വരുന്ന എല്ലാ വാക്കുകളും പുറത്തേക്ക് തൂവാനുള്ളതല്ല. ഞാന്‍ ഈയിടെയായി ഒട്ടും സംസാരിക്കാറില്ലെന്നാണ് ജോമോന്റെ പരാതി. ചാച്ചന്റെയും അമ്മച്ചിയുടെയും പരിഭവവും അതുതന്നെയാണ്. സത്യത്തില്‍ എന്താണ് ഇത്ര സംസാരിക്കാനുള്ളത്..? സിസ്റ്ററമ്മയുടെ മൗനം എന്നില്‍ മുഴങ്ങുന്നുണ്ട്. പുറത്തേക്ക് പറയുന്ന വാക്കുകള്‍ക്ക് എത്ര വലിയ ശക്തിയുണ്ട്. വായാടിയായിരുന്ന എന്റെ വാക്കുകളെയും സിസ്റ്ററമ്മ വരിഞ്ഞുകെട്ടി. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരങ്ങള്‍ക്കായി ഒരുപാട് നേരം ഞാന്‍ ഇപ്പോള്‍ ഉള്ളില്‍ പരതുന്നു. ജോമോന് പലപ്പോഴും ദേഷ്യം വരും. ആ നേരങ്ങളില്‍ സിസ്റ്ററമ്മയെപോലെ ഒരു ചെറുചിരി എന്റെ ചുണ്ടത്ത് വിരിയും. എന്റെയുള്ളിലും ഒരു മിണ്ടാമഠം വളര്‍ന്നുവരുന്നുണ്ട്.
മിണ്ടാമഠത്തിന്റെ എടുപ്പിന് മുമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് ജോമോന് ജീപ്പൊതുക്കി. മിണ്ടാത്ത സങ്കടങ്ങള്‍, പരസ്പരം കൈമാറാത്ത വാക്കുകള്‍പോലെ നെടുങ്കന്‍ കരിങ്കല്‍ ഭിത്തികളില്‍ തട്ടി ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ദുഃഖങ്ങള്‍ ഒളിപ്പിച്ച സിസ്റ്ററമ്മയുടെ മുഖം മറയ്ക്കുന്ന തിരശ്ശീലപോലെ. പുണ്യവതിയുടെ സ്വർഗപ്രാപ്തി കാണാനായി ഒന്നും മിണ്ടാതെ ഞാന്‍ ജോമോന്റെ കൈപിടിച്ച് നടന്നു.