ആവർത്തന വിരസത
ചിത്രീകരണം: മറിയം ജാസ്മിൻ'സത്യത്തിൽ, മഴയുടെ ശബ്ദം കേട്ടാണ് ഉണർന്നത്. എഴുന്നേറ്റിരുന്നപ്പോൾ അതൊരു തോന്നലായി മാറി. പൂർത്തിയാവാത്ത സ്വപ്നത്തിന്റെ കഷണമാണെന്ന് ആശ്വസിച്ച് പിന്നെയും കിടക്കാൻ തുടങ്ങുമ്പോഴാണ് തേങ്ങൽ കേട്ടത്. പതിയെ ജനൽ തുറന്നു. ആകെയുള്ള നോട്ടത്തിൽ പ്രത്യേകിച്ചൊന്നും കണ്ടില്ല. ശബ്ദത്തെ കണ്ടുപിടിച്ച് ചുഴിഞ്ഞ് നോക്കിയപ്പോൾ മുറ്റത്തിന്റെ ഇടത്തേ അറ്റത്ത് കൊച്ചുപേരയുടെ ചുവട്ടിലിരുന്ന് തേങ്ങുന്ന നിഴൽരൂപത്തെ കണ്ടു. അത്...
Your Subscription Supports Independent Journalism
View Plansചിത്രീകരണം: മറിയം ജാസ്മിൻ
'സത്യത്തിൽ, മഴയുടെ ശബ്ദം കേട്ടാണ് ഉണർന്നത്. എഴുന്നേറ്റിരുന്നപ്പോൾ അതൊരു തോന്നലായി മാറി. പൂർത്തിയാവാത്ത സ്വപ്നത്തിന്റെ കഷണമാണെന്ന് ആശ്വസിച്ച് പിന്നെയും കിടക്കാൻ തുടങ്ങുമ്പോഴാണ് തേങ്ങൽ കേട്ടത്. പതിയെ ജനൽ തുറന്നു. ആകെയുള്ള നോട്ടത്തിൽ പ്രത്യേകിച്ചൊന്നും കണ്ടില്ല. ശബ്ദത്തെ കണ്ടുപിടിച്ച് ചുഴിഞ്ഞ് നോക്കിയപ്പോൾ മുറ്റത്തിന്റെ ഇടത്തേ അറ്റത്ത് കൊച്ചുപേരയുടെ ചുവട്ടിലിരുന്ന് തേങ്ങുന്ന നിഴൽരൂപത്തെ കണ്ടു.
അത് എന്നേയും കണ്ടു.
തേങ്ങൽ കരച്ചിലായി. തലമുടി വലിച്ച് അലറിക്കരഞ്ഞു. കൊച്ചുപേരയുടെ കമ്പിൽപിടിച്ച് രൂപം എഴുന്നേറ്റു. ഷാജിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന് പിടിപ്പിച്ച പേരത്തൈ ആണ്. ഞാൻ അത് മനസ്സിൽ കരുതിയ നിമിഷം തേങ്ങിക്കരഞ്ഞയാൾ പേരക്കൊമ്പിൽ നിന്ന് പിടിവിട്ടു. ആകെയൊന്നുലഞ്ഞ് പേരയും അയാളും നിവർന്നു. എന്റെ നേർക്ക് നടന്നു.
മുറ്റത്തെ വെളിച്ചത്തിലെത്തിയിട്ടും ആളെ പിടികിട്ടിയില്ല. അത് അവിടെ നിന്ന് എന്നെ നോക്കിച്ചിരിക്കാൻ ശ്രമിച്ചു. കണ്ണീരും ചളിയും കൂടിക്കുഴഞ്ഞ മുഖത്തെ വെളുത്ത പാട് കണ്ട് ഞെട്ടിയ ഞാൻ പൊടുന്നനെ ജനലടച്ചു.
അനീഷാണ്. പുരയ്ക്കലെ കോളനിയിലെ അനീഷ്. ജനിച്ചകാലം തൊട്ടറിയാം. അവസാനം കണ്ടത് ഷാജിയുടെ തോട്ടത്തിന്റെ അതിരിലുള്ള മാവിൽവെച്ചാണ്. അതിന്റെ കണക്കുവെച്ച് നോക്കിയാലും ഇവനിപ്പം ചീഞ്ഞ് ഒരു പരുവമായിക്കാണണം. പോസ്റ്റ്മോർട്ടം ചെയ്തതുകൊണ്ട് പ്രത്യേകിച്ചും.'
''നല്ല ബെസ്റ്റ് തുടക്കം.''
ഞാൻ വായിക്കാൻ കൊടുത്ത കഥാരംഭം മേശപ്പുറത്ത് വെച്ച് ബ്രൂക്കോഫിയുടെ കപ്പ് കൈയിലെടുത്ത് അനഘ പറഞ്ഞു.
എന്താ കുഴപ്പമെന്ന് ചോദിക്കാതെ ചോദിച്ച് ഞാൻ ഒരു കവിൾ കാപ്പി ഇറക്കി.
''എജ്ജാതി ക്ലീഷേ, രാത്രിയിലെ ഞെട്ടിയുണരല്, േപ്രതത്തെ കാണല്, പോടി.''
ഞാൻ ഒന്നും മിണ്ടാതെ അവളുടെ കാലിൽ എന്റെ കാലുകൊണ്ടൊന്ന് തൊട്ടു.
''ദേ ഇതിലും ക്ലീഷേ ഒന്ന് മാറ്റിപ്പിടിക്കെടെ.''
പെണ്ണ് ചിരിക്കുകയാണ്. എനിക്ക് സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
''ക്ലീഷേ എന്നത് അത്ര മോശം വാക്കൊന്നുമല്ല. സത്യത്തിൽ ജീവിതത്തിൽ മുക്കാൽ പങ്കും ക്ലീഷേയല്ലേ.''
''ആണോ?''
''ആണ്.''
''നമ്മളോ?''
''പക്കാ ക്ലീഷേ. കാമുകൻ എഴുതുന്ന കഥ കാമുകിക്ക് വായിക്കാൻ കൊടുക്കുന്നു. അതും ബീച്ചിന് സൈഡിലുള്ള കോപ്പിഷോപ്പിൽവെച്ച്. അവൾ അത് വായിച്ച് വിമർശിക്കുന്നു. ക്ലീഷേയോട് ക്ലീഷേയല്ലേ മോളെ.''
''എന്നാലേ, എനിക്കീ ക്ലീഷേ തുടരുന്നതിൽ താൽപര്യമില്ല.''
അവൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു.
ബീച്ചിലെ തിരക്കാണ് തിരക്ക്.
കുറേ നേരം കടൽ നോക്കിയിട്ടും ഒന്നും പറയാതെ നിന്ന അവളെ കണ്ടപ്പോൾ വല്ലായ്മ തോന്നി.
''അനീഷ് മനസ്സിൽ കേറീട്ടാ.''
''അത് ശരി, ക്ലീഷേയാന്ന് പറഞ്ഞിട്ട്.''
''പക്ഷേല്, അവൻ ശരിക്കും വന്നതല്ലേ.''
അവളുടെ നോട്ടം, ഞാൻ കടലിലേക്ക് അതെടുത്ത് എറിഞ്ഞു. കടലിലേക്ക് നോക്കിക്കൊണ്ട് തലയാട്ടി.
''അവൻ വന്നിരുന്നു. ഇനിയും വരും.''
സൂര്യൻ താഴ്ന്നിട്ടാണ് മടങ്ങിയത്.
''സൂക്ഷിച്ചോ, ഇനി ഈ സീറ്റീൽ അനീഷ് വന്നിരുന്നെന്ന് വരും.''
ഹോസ്റ്റലിന്റെ മുന്നിൽ ഇറങ്ങുന്നതിനിടെ അവൾ പറഞ്ഞു.
''സന്തോഷമേ ഉള്ളൂ പെണ്ണേ, അവനെ കൊണ്ടോയി റഹ്മത്തീന്ന് ഒരു ബിരിയാണി വാങ്ങിക്കൊടുക്കും.''
വലിയ കാര്യത്തിൽ പറഞ്ഞെങ്കിലും തിരക്കില്ലാത്ത വഴികളിലെത്തിയപ്പോൾ തോളിൽ ഒരു കൈ വന്നുവീഴുന്നുണ്ടോ എന്ന് സംശയിച്ചു. ഒന്ന് രണ്ട് തെരുവ് നായ്ക്കളെ ഇടിച്ച് തെറിപ്പിക്കേണ്ടതായിരുന്നു. ഒരു വിധമാണ് വാടകവീട്ടിലെത്തിയത്. ഓടിച്ചൊന്ന് കുളിച്ചു. വെള്ളം കുടിച്ച് കിടന്നു. ജഗ് കൈയകലത്തിൽനിന്ന് മാറ്റിവെച്ചിരുന്നു. ഇന്നലെ കൈതട്ടിവീണതാണ്. മുറി നിറയെ വെള്ളം തെറിച്ചു. കഷ്ടപ്പെട്ട് പോയി. ഉറക്കം പിടിച്ചു തുടങ്ങിയപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ടു. പതിയെ കണ്ണു തുറന്നു. അനീഷ് അടുത്തുനിന്ന് ജഗിലെ വെള്ളം കുടിക്കുകയാണ്. അസാധാരണമായ ശബ്ദം, മേത്തും നിലത്തുമൊക്കെ വെള്ളം.
പേടിച്ചില്ല.
''വാ.''
അവന്റെ വിളി.
ഒരു നിമിഷംകൊണ്ട് ആ കുടിലിന്റെ മുന്നില്,
അനീഷ് അകത്തിരുന്ന് കഞ്ഞി കുടിക്കുകയാണ്. മുത്തി വിളമ്പിക്കൊടുക്കുന്നുണ്ട്. പെട്ടെന്ന് ആരോ വന്ന് അത് തട്ടിത്തെറുപ്പിച്ച് അവനെ പിടിച്ചുകൊണ്ടുപോയി.
മുത്തി അലറിക്കരഞ്ഞു. കഞ്ഞി ചിതറി.
''ഇങ്ങളല്ലേ പറഞ്ഞേ ബിരിയാണി വാങ്ങിത്തരാന്ന്. വെശക്ക്ന്ന്, ബിരിയാണി താ.''
അനീഷ് പല്ലു മുഴുവൻ കാട്ടി ചിരിച്ചു. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
ഞെട്ടിയുണർന്നു. വല്ലാതെ വിയർത്തിരുന്നു. മൂക്കുമുട്ടെ തിന്ന്, ബൈക്കിലും കറങ്ങി േപ്രമിച്ച കാമുകിയോട് കൊഞ്ചിപ്പറഞ്ഞ ഒരു വളിപ്പോർത്ത് അപ്പോൾ പശ്ചാത്താപം തോന്നി.
''ബിരിയാണി വാങ്ങിത്താ...''
അനീഷിന്റെ ശബ്ദം മുറിവിട്ട് പോയിരുന്നില്ല.
കുറേനേരം അന്തിച്ചിരുന്നതിനുശേഷമാണ് അനഘയെ വിളിച്ചത്.
''കുറച്ച് സീരിയസാണല്ലോടോ. ആന്റപ്പൂപ്പൻ വന്നതുപോലൊന്നുമല്ല ഇത്.''
മരിച്ചതിന്റെ അന്ന് വൈകുന്നേരംതന്നെ ആന്റപ്പൂപ്പൻ വന്നിരുന്നു. പ്രത്യേകിച്ചൊന്നുമില്ല. വിശേഷങ്ങൾ പറഞ്ഞ് പോയി. ഇടക്കിടെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് കണ്ടില്ല.
''ഞാനിപ്പം എന്താടി ചെയ്യണ്ടെ?''
''നമുക്ക് ഒരു സൈക്കോളജിസ്റ്റിനെ കാണാം.''
''വേണ്ട.''
''ജോത്സ്യൻ ഓർ മന്ത്രവാദി?''
''പോടി.''
''എന്നാ നമുക്ക് അനീഷിന്റെ അടുത്തേക്ക് പോകാം. അവനെ ഇങ്ങോട്ട് വരുത്താതെ.''
പിറ്റേന്ന് വൈകിട്ടാണ് കയറിയത്. ചുരം കഴിയുവോളവും അനഘ പുറത്തേക്കു തന്നെ നോക്കിയിരുന്നു. ഇടക്കിടെ ബ്ലോക്കുണ്ടായിരുന്നു. ചുരത്തിലും പുറത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നാട്.
ആകെയൊരുത്സവം.
അനഘയെ അമ്മ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. രണ്ടാമത്തെ തവണയാണ് അവൾ വീട്ടിൽ വരുന്നത്. രാത്രിയിൽ തണുപ്പ് കൂടി. അനഘ തൊട്ടടുത്ത മുറിയിലുണ്ട്. പലതരം ആലോചനകളിലേക്ക് പോയെങ്കിലും അതൊന്നും നടപ്പിലാക്കാനാവാതെ, എപ്പോഴോ ഉറങ്ങിപ്പോയി.
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.
സമയം നോക്കി. രണ്ടര കഴിഞ്ഞിരുന്നു.
പ്രതീക്ഷിച്ചതുപോലെ അനഘയായിരുന്നു.
''നീ അവസാനമായി അനീഷിനെ കണ്ടത് എവിടെ വെച്ചാ?''
''കശുമാവിൻ തോട്ടത്തിൽ.''
''അങ്ങോട്ട് പോവാം.''
''ഈ നേരത്തോ?''
സത്യം പറഞ്ഞാൽ പേടിയായിരുന്നു. അവൾ കൂടെയുണ്ടെന്ന ധൈര്യത്തിൽ നടന്നു.
ഷാജിയുടെ തോട്ടമാണ്. ഫോൺ ലൈറ്റിന്റെ വെളിച്ചത്തിൽ കിഴക്കേ അതിരിലെത്തി.
''ദാ ഇതിലായിരുന്നു.''
ഞാൻ കൈചൂണ്ടിയ മാവിലേക്ക് അനഘ നോക്കി. ''രാവിലെ വന്നാപ്പോരായിരുന്നോ പെണ്ണേ.''
''പോരാ. അവന് നേരിട്ട് വരണമെങ്കിൽ വന്നോട്ടെ.
പറയാനുള്ളതെല്ലാം പറയട്ടെ.''
''എന്നാലും ഈ ചത്തുപോയവരൊക്കെ എന്തിനാ എന്റെ പിറകെ നടക്കുന്നതെന്നാ!''
''നീയൊരു ശവമായതുകൊണ്ട്.''
അനഘയുടെ കവിളിലൊന്ന് നുള്ളി. അന്തരീക്ഷം മാറാതിരിക്കാൻ ഞാനും അവളും ബോധപൂർവം ശ്രമിച്ചിരുന്നു. ഞങ്ങൾ മരച്ചുവട്ടിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഇടത്തേ പുൽപ്പടർപ്പ് ഒന്നനങ്ങി. അനഘ എന്നെ മുറുക്കിപ്പിടിച്ചു. വടി കുത്തിപ്പിടിച്ച രൂപം ''മോനേ''ന്നു വിളിച്ചുകൊണ്ട് നടന്നുവന്നു.
''കാരിമൂപ്പനാടി.''
''ഞാൻ പേടിച്ചുപോയി. അനീഷാണെന്ന് കരുതി.''
''അതുശരി, അവനെ കാണാനല്ലേ നീയെന്നേം കൂട്ടി വന്നത്?''
''അതിപ്പോ.''
അനഘ പരുങ്ങി.
''നല്ല ധൈര്യം.''
''എനിക്ക് ധൈര്യമുണ്ട്. പെട്ടെന്നൊന്ന് നെർവെസ് ആയെന്ന് മാത്രം.''
''എന്നാലൊരു കാര്യം പറയട്ടെ, നീ പേടിക്കുമോ?''
''ഇല്ല.''
''എന്റെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ അന്നാണ് ഈ കാരിമൂപ്പൻ മരിച്ചത്.''
അനഘ എന്റെ പിന്നിലേക്ക് ചാടി, കൈയിൽ മുറുക്കിപ്പിടിച്ചു നിന്നു. ഞാൻ ചിരിച്ചു.
''ഞാനൊന്നും ചെയ്യുന്നില്ല കൊച്ചേ.''
അവൾ പേടിച്ചു വിറക്കുകയായിരുന്നു.
''അനീഷ് വരത്തില്ല. ഈ പെങ്കൊച്ചും കൂടെയുള്ളതുകൊണ്ട്.''
''അപ്പൂപ്പാ ഞാനൊരു കാര്യം നേരിട്ട് ചോദിക്കുവാ. അവനെക്കൊന്ന് കെട്ടിത്തൂക്കിയതല്ലേ?''
''അതെ മോനെ, അേത്രള്ളൂ.''
അനഘ ഒന്ന് അയഞ്ഞിരുന്നു. അവൾ മുന്നോട്ടു നിന്നു.
''ഷാജി തന്നല്ലേ?''
''എന്താ സംശയം.''
''കാര്യം?''
മൂപ്പൻ എന്റെ കൈപിടിച്ചു. തഴമ്പിന്റെ കനം. ഞാൻ അനഘയുടെ കൈ പിടിച്ചു. ഞങ്ങൾ നടന്നു.
തോട്ടം കഴിഞ്ഞ് ഇടവഴിയെത്തി. പാമ്പും പഴുതാരയും വഴിമാറി. ഇലക്ട്രിക് പോസ്റ്റിലേക്ക് മൂപ്പൻ ചൂണ്ടി. അനീഷിന്റെ അമ്മ ചൂലിയുടെ ചിത്രം പതിച്ച തെരഞ്ഞെടുപ്പ് പോസ്റ്റർ.
''ഇതാ കാരണം.''
പിന്നൊന്നും കേൾക്കാൻ മൂപ്പൻ കാത്തു നിന്നില്ല.
രാവിലെ ഉണർന്നപ്പോൾ തലവേദന തോന്നി. എനിക്കും അനഘക്കും.
''അനീഷിന്റെ അമ്മയെ ഞാൻ പോയി കാണാം.''
''ഈ ബഹളത്തിനിടയിലോ?''
''സാരമില്ല.''
അനഘ ഒറ്റക്കാണ് പോയിവന്നത്. വീട്ടിലെത്തിയ ഉടനെ എന്നേയും കൂട്ടി മുറിയിൽ കയറി. അവൾ പറഞ്ഞതു മുഴുവൻ കേട്ട് തിരിച്ചിറങ്ങുമ്പോൾ ശ്വാസം മുട്ടുംപോലെ തോന്നി.
''കഥ പൂർത്തിയാക്ക്.''
ഒരു പകൽ മുഴുവൻ മിണ്ടാതിരുന്ന ശേഷം അവൾ പറഞ്ഞു. അവസാനഭാഗം കൂടിയേ ചേർക്കാനുള്ളൂ. അവൾ വിവരിച്ച ഭാഗം.
''എഴുതുന്നില്ല.''
''വൈ?''
''മരണകഥ എഴുതുന്ന ആളും കാമുകിയും,
ഗ്രാമത്തിലെ മരണം, അന്വേഷണം ക്ലൈമാക്സ്.
സർവത്ര ക്ലീഷേ.''
''ഞാൻ പറഞ്ഞ കാര്യങ്ങളോ?''
എഴുതിയതത്രയും കീറിയെറിയാതിരിക്കുന്നത് അത് ഓർത്തു മാത്രമാണ്.
''ക്ലീഷേ കഥാകാരാ, ഇന്ന് രാത്രിയും നമുക്കൊരു യാത്രയുണ്ട്. അതിനുമുമ്പ് ഞാൻ പറഞ്ഞ കാര്യങ്ങൾ നീയെഴുതണം. നിന്റെ അനീഷിനെ അടുത്തിരുത്തി എഴുതണം.''
അനഘയുടെ കണ്ണിൽ നോക്കിയപ്പോൾ നേരിയ ഭയം തോന്നി.
രാത്രി ഒരുമണി കഴിഞ്ഞ് അവൾ എന്നെയും കൂട്ടി ഇറങ്ങി. എന്റെ വീടും പരിസരവുമെല്ലാം വല്ലാത്തൊരു അടുപ്പത്തിൽ അവളെ ചേർത്തുനിർത്തി.
എന്നേക്കാൾ പരിചയത്തിൽ അവയോടെല്ലാം അവൾ സംസാരിച്ചു.
എന്നെ അവൾ വഴിനടത്തി.
ചെന്നുനിന്നത് അനീഷിനെ കുഴിച്ചിട്ട സ്ഥലത്തായിരുന്നു.
''വായിക്ക്.''
ഞാൻ പോക്കറ്റിൽനിന്നും കടലാസ് എടുത്ത് നിവർത്തി.
അവൾ മൊബൈൽ ലൈറ്റ് അടിച്ചുതന്നു.
മോനൂട്ടന്റെ ഷർട്ടിനു കുത്തിപ്പിടിച്ചുനിന്ന ഷാജിയെ പിടിച്ചുമാറ്റിയത് വർക്കിച്ചായനായിരുന്നു.
''ആറാം വാർഡ് ഞാൻ ഒഴിയില്ല.''
''നന്ദി കെട്ട പന്നി.''
ഷാജി തിളച്ചുമറിഞ്ഞു. രണ്ടു തവണയായി സുഖമായി ജയിച്ചുകയറിയ ഏഴാം വാർഡിൽ ഇത്തവണ നിൽപ് സാധ്യമല്ല. അത് സംവരണ സീറ്റായി മാറി. പിന്നെ എന്തുചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ആറാം വാർഡ് മുന്നിൽ തെളിഞ്ഞത്. മോനൂട്ടന് കഴിഞ്ഞ വട്ടം സീറ്റ് വാങ്ങിക്കൊടുത്തതും ജയിപ്പിച്ചതുമെല്ലാം ഷാജിയാണ്. അതുകൊണ്ട് ഉറപ്പിച്ചാണ് ചോദിച്ചത്. പേക്ഷ, മോനൂട്ടൻ തനിക്കൊണം കാണിച്ചു.
''നന്ദികെട്ട പന്നി.''
ഷാജിക്ക് തികട്ടിവന്നു.
''ആരും നിനക്കുവേണ്ടി മാറിനിൽക്കില്ല. എന്നാ ചെയ്യും?''
''ഈ ഏഴാം വാർഡ് എനിക്കുതന്നെ ഭരിക്കണം.''
തോട്ടം മുഴുവൻ വിഴുങ്ങാൻ തോന്നി ഷാജിക്ക്.
പിറ്റേന്ന് വൈകീട്ട് കൂലി വാങ്ങാൻ കൈനീട്ടി നിന്ന അനീഷിനോട് പഴയ കുരുമുളക് ഗോഡൗണിലേക്ക് വരാൻ പറഞ്ഞ് ഷാജി മുന്നിൽ നടന്നു.
''നീ നാമനിർദേശ പത്രിക കൊടുക്കണം.''
അനീഷ് ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്നു.
''തലയാട്ടാത്തതെന്താടാ?''
''അവന് മനസ്സിലായിക്കാണത്തില്ല ഷാജി.''
വർക്കിച്ചൻ വന്ന് കാര്യങ്ങൾ വിശദീകരിച്ചു.
''നാളെത്തന്നെ എല്ലാം ചെയ്യണം.''
ഷാജി ആജ്ഞാപിച്ചു.
''ഇല്ല.''
വർക്കിച്ചനും ഷാജിയും കണ്ണുമിഴിച്ചു പോയി. ഷാജി ചുവന്നുതുടുത്തു.
''പന്നി.''
ഷാജിയുടെ ചവിട്ടുകൊണ്ട അനീഷ് തെറിച്ചുവീണു. അവൻ പിടഞ്ഞെഴുന്നേറ്റോടി.
പിറകെ ഓടാൻ തുടങ്ങിയ ഷാജിയെ വർക്കിച്ചൻ തടഞ്ഞു.
ഞാൻ വായന നിർത്തി.
''നാടകീയത കുറച്ചുകൂടി.''
''എല്ലാം സത്യമല്ലേ.''
''അതെ. അനീഷ് ഇതെല്ലാം അവന്റെ അമ്മയോട് പോയി പറഞ്ഞിരുന്നു. ഷാജി തന്നാ അവരെ നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയത്. സഹതാപം കൂടുമല്ലോ.
അവര് ജയിച്ചാലും മെമ്പർ ഷാജി തന്നാണല്ലേ!''
തണുത്ത കാറ്റ് വീശാൻ തുടങ്ങിയിരുന്നു. ഞാൻ അനഘയുടെ കൈപിടിച്ചു. ഞങ്ങൾ കുറേനേരം കശുമാവിൻ ചുവട്ടിലിരുന്നു.
''അനീഷ് എന്തുകൊണ്ടായിരിക്കും പറ്റില്ലെന്ന് പറഞ്ഞത്.''
''അറിയില്ല. അത് സമ്മതിപ്പിക്കാനാവും അവനെ തല്ലിയേ. അതിനിടയിൽ ആയിരിക്കും...''
''ഷാജിയാണ് വില്ലനെന്ന് നീ ആദ്യമേ മനസ്സിലാക്കി.''
''ഓർമവെച്ച കാലം മുതൽക്ക് കാണുന്നതല്ലേ.''
''ഇനി അനീഷ് വരുമ്പം ചോദിക്കണം. അവനെന്താ ഇലക്ഷനിൽ നിൽക്കാൻ സമ്മതിക്കാത്തതെന്ന്.''
ഞാൻ ഒന്നും മിണ്ടിയില്ല.
''നീ ചോദിക്കില്ലേ?''
''ചോദിക്കും. കഥ തീർക്കണ്ടേ...''
ഉറക്കം പിടിച്ചപ്പോൾ വെളുപ്പാൻകാലമായി.
ഇലക്ഷൻ റിസൽട്ട് വരുന്ന ദിവസമായിരുന്നു. അനീഷിന്റെ അമ്മ ചരിത്ര ഭൂരിപക്ഷത്തിൽ ജയിച്ചു. ഷാജി അവരേയുംകൊണ്ട് വണ്ടിയിൽ കറങ്ങി.
''ആ രാഹുലായിരുന്നു ജയിക്കേണ്ടിയിരുന്നത്. ഇതിപ്പം മകൻ ആത്മഹത്യചെയ്തു, ആരുമില്ല എന്നെല്ലാം പറഞ്ഞ് ആ ഷാജി പിടിച്ച വോട്ടിന്റെ ഫലമാ.''
അച്ചൻ പറഞ്ഞതുകേട്ട് ഞാനും അനഘയും പരസ്പരം നോക്കി.
''പൊട്ടൻ.''
അവൾ പിറുപിറുത്തു. സത്യമാണ്. ഞാനൊരു പൊട്ടൻതന്നെ. രാഹുൽ എന്ന എതിർസ്ഥാനാർഥിയെപ്പറ്റി ഇതുവരെ ഓർത്തില്ല. അവനെയും അറിയുന്നതാണ്.
''അനീഷും രാഹുലും കൂട്ടുകാരായിരുന്നെന്ന് അമ്മ പറഞ്ഞല്ലോ...''
''അതെ. ഏഴാം ക്ലാസിലെ ഗ്രൂപ് ഫോട്ടോയിൽ അവർക്കു രണ്ടുപേർക്കും ഇടയിൽ നിന്നത് ഞാനായിരുന്നു.''
''മിടുക്കൻ.''
അനഘയുടെ മുഖത്തെ പുച്ഛം എന്നെ ഉരുക്കി.
പിറ്റേന്ന് മടങ്ങും മുമ്പ് ഒരിക്കൽക്കൂടി അനീഷിന്റെ അടുത്തു ചെന്നു.
''ഇനി ഇവൻ വരുമെന്ന് തോന്നുന്നില്ല.''
''അവന് പറയാനൊന്നും ബാക്കിയില്ലല്ലോ.''
ഞാൻ വെറുതെ ഒന്ന് മൂളി. തിരിച്ചുനടക്കുമ്പോൾ കശുമാവിൻ കൊമ്പിലേക്ക് നോക്കി, കാപ്പിപ്പൂവിലേക്ക് നോക്കി, കരിഞ്ഞു തുടങ്ങിയ കുരുമുളക് കൊടിയിലേക്ക് നോക്കി.
എന്റെയൊപ്പം ചുരമിറങ്ങാതെ അവൻ ഇവിടെത്തന്നെ കഴിഞ്ഞുകൊള്ളും.
എനിക്കിനി സുഖമായി ഉറങ്ങാം. അടുത്ത ചാവ് കാണുന്നതു വരെ.
l