ഒറ്റയാന്
പ്രമോദ് കൂവേരി
ചിത്രീകരണം: വിനീത് എസ്. പിള്ളഒന്ന് 1981 മാര്‍ച്ച് 14. പയ്യാമ്പലത്ത് രമേശന്റെ ചിതയിലെ കനലൊളി കണ്ണിലും നെഞ്ചിലുമേന്തി പ്രതിഷേധപ്രകടനത്തോടെ ഒരുകൂട്ടം നടന്ന് ബസ് സ്റ്റാൻഡിന്റെ മൂലയില്‍ ഒത്തുകൂടി. മെലിഞ്ഞ ശരീരം ജുബ്ബയില്‍ തൂക്കി നേതാവ് സ. ജോണി അവരുടെ മുന്നിലേക്ക് വന്നുനിന്നു. ചുറ്റും കൂടിനില്ക്കുന്നവരുടെ...
Your Subscription Supports Independent Journalism
View Plansചിത്രീകരണം: വിനീത് എസ്. പിള്ള
ഒന്ന്
1981 മാര്‍ച്ച് 14.
പയ്യാമ്പലത്ത് രമേശന്റെ ചിതയിലെ കനലൊളി കണ്ണിലും നെഞ്ചിലുമേന്തി പ്രതിഷേധപ്രകടനത്തോടെ ഒരുകൂട്ടം നടന്ന് ബസ് സ്റ്റാൻഡിന്റെ മൂലയില്‍ ഒത്തുകൂടി.
മെലിഞ്ഞ ശരീരം ജുബ്ബയില്‍ തൂക്കി നേതാവ് സ. ജോണി അവരുടെ മുന്നിലേക്ക് വന്നുനിന്നു. ചുറ്റും കൂടിനില്ക്കുന്നവരുടെ കണ്ണുകളിലേക്ക് അരവട്ടം നോക്കി. തൊണ്ടഞരമ്പ് വലിഞ്ഞുപൊട്ടി. ഇടിനാദം മൈക്കിലൂടെ മുഴങ്ങി.
''ഈ ചോരക്കടം നമ്മള് വീട്ടും.''
രണ്ട്
പാഴ്സല്‍ സർവീസിലെ ജോലി കഴിഞ്ഞ് വരാന്‍തന്നെ രമേശന് ഒത്തിരി വൈകിയിരുന്നു. പോരുന്നവഴി ഒന്നുരണ്ടിടത്ത് കേറാനുള്ളതാ. കേറിയില്ല. ജനകീയ സാംസ്കാരികവേദിയുടെ മീറ്റിങ്ങിന് പോണ്ടതുണ്ട്. ഉടുപ്പുമാറിയിറങ്ങുമ്പോള് ഭാര്യ ആവര്‍ത്തി പറഞ്ഞു.
''എപ്പാ വരാനാ..! കഴിച്ചിട്ട് പോ. ചോറായിനി.''
രമേശന് നിന്നില്ല. ഇരുട്ടുവീണ് നിലംപൊത്തിത്തുടങ്ങുന്നു. ഇടവഴിയിലൂടെ നടന്നു. കല്ലില്‍തട്ടി ചെരുപ്പിന്റെ വാറഴിഞ്ഞത് എളുപ്പത്തില്‍ ഇട്ടു. വീണ്ടും അഴിയാതിരിക്കാന്‍ നടത്തത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി.
പോന്ന വക്കിലെ കൂരയില്‍നിന്ന് പതുങ്ങിയ കരച്ചില് കേട്ട് രമേശന് മറനീക്കി അകത്ത് ധൃതിയിലൊന്ന് കേറിനോക്കി. ചിമ്മിനിവെട്ടത്തിന് മുന്നില്‍ ഒരു സ്ത്രീയിരിക്കുന്നു. അവര്‍ക്ക് എതിരെയിരുന്ന് സ്കൂള്പ്രായമുള്ള ഒരു ബാലന് നിലത്തെ മണ്‍കൂന തല്ലിത്താഴ്ത്തുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ അവന്റെ കണ്ണുകളിലെ ഭയം രമേശന്റെ ദേഹത്തേക്ക് തെറിച്ചു.
രമേശന് ചുറ്റിലും നോക്കി. ചുവരില്‍ ഒരു മണ്‍വെട്ടി ചാരിവെച്ചിട്ടുണ്ട്. അതിന്റെ വക്കില്‍ മണ്‍കട്ട പറ്റിപ്പിടിച്ചിട്ടുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങള്‍ ചത്ത വാവലുകളായി തൂങ്ങിനില്‍ക്കുന്നുണ്ട്. വക്കൊടിഞ്ഞ പാത്രങ്ങളുടെ ഇരുണ്ട ഗുഹ.
''എന്താ ഇവ്ടെ ചെയ്യ്ന്ന്..?''
കിളച്ച മണ്ണിലേക്ക് കൈകുത്തി മറക്കാന്‍ ശ്രമിച്ച് കരഞ്ഞോണ്ടിരുന്ന സ്ത്രീ വിതുമ്പി. എത്ര ശമിച്ചാലും പഴയതുപോലെ അമര്‍ത്താന്‍ പറ്റാതെ കൂന അവര്‍ക്കിടയിലൂടെ വെളിപ്പെട്ടു.
ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ സ്ത്രീ ഗത്യന്തരമില്ലാതെ പറഞ്ഞു.
''ന്റെ കുഞ്ഞിനെ കുയ്ച്ചിട്ടതാ മോനേ... ആരോടും പറയല്ലേ...''
വറ്റിയ കണ്ണുകളില്‍നിന്ന് ഒരു കടല്‍ തേവി.
ഭൂമിയുടെ ഗര്‍ഭങ്ങളാണ് ഓരോ ശവക്കൂനകളുമെന്ന് രമേശന് തോന്നി.
''കുഞ്ഞിനെന്തു പറ്റിയതാ?''
പയ്യനോട് രമേശന് താടിയാട്ടി. പേടിച്ചരണ്ടുപോയ കണ്ണുകളുമെടുത്ത് അവന് എഴുന്നേറ്റു. രമേശന് അവന്റെ ശരീരത്തിലേക്ക് നോക്കി.
മൂന്ന്
ടൗണിലും പ്രാന്തപ്രദേശങ്ങളിലും തമ്പോല ചൂതാട്ടം വ്യാപകമായി നടന്നുകൊണ്ടിരുന്ന കാലം. സാധാരണ കുടുംബത്തിലെ അത്താണിക്കാര് അവിടത്തെ സ്ഥിരം ബലിയാടുകളായിരുന്നു. വൈകുന്നേരംവരെ പണിയെടുത്ത്, കിട്ടുന്ന തുട്ട് മുഴുവന്‍ ചൂതാട്ടത്തില്‍ എറിഞ്ഞുതുലച്ചാണ് ഓരോരുത്തരുടെയും തിരിച്ചുപോക്ക്. പ്രതീക്ഷയോടെ കാത്തുകിടക്കുന്ന വീട്ടിലെ വിശന്ന വയറുകള്‍ പട്ടിണിത്തറയില്‍ പതിവുപോലെ കിടന്നുറങ്ങും.
രാവിലെയെഴുന്നേറ്റ് ജോലിക്ക് പോകുന്നവരുടെ മുമ്പില്‍ രാത്രി മുഴുവന്‍ തിളച്ചുതൂവിയത് കണ്ണുകളില്‍ ആറിത്തണുത്തിരിക്കുന്നത് കാണാം. അതൊന്നും എവിടെയും നനഞ്ഞില്ല. വൈകുന്നേരത്തിന്റെ എല്ലാവഴികളും വളഞ്ഞൊടിഞ്ഞ് തമ്പോലയില്തന്നെ തലകുത്തി.
പോലീസ് മൈതാനിയാണ് പ്രധാന ചൂതാട്ടകേന്ദ്രം. കുല്ക്കിപ്പത്ത്, പുള്ളിമുറി, ഏറ്, മുച്ചീട്ട്, വരയില്കുത്ത്, പമ്പരം ഇവയൊക്കെയാണ് തമ്പോലയിലെ വൈവിധ്യങ്ങള്‍. ഓരോ വെപ്പിലും നൂറ് പ്രതീക്ഷയാണ്. വാശികൂട്ടാന് കള്ളത്തിരുപ്പുകള് വേറെ. പരിചയമില്ലാത്തവരെ, പണമില്ലാത്തവരെ, എതിര്‍ക്കുന്നവരെ, അലമ്പുന്നവരെ ചോരതുപ്പിച്ച് നിലക്ക് നിര്‍ത്താന്‍ ചട്ടരാജനും സംഘവും.
''വിശന്നു മരിച്ച കുഞ്ഞിന് ഇനിയൊരു കൂട്ടുണ്ടാകരുത്.''
മീറ്റിങ്ങില്‍ രമേശന് ശക്തമായി ഉന്നയിച്ച ആവശ്യം ഏകകണ്ഠേന അംഗീകരിക്കപ്പെട്ടു. കോളനിയിലെ കൂരയില്‍ ചെന്നിരുന്ന് ആവുംവിധം എല്ലാവരെയും ബോധവത്കരിച്ചു. പാവങ്ങള്‍, എല്ലാത്തിനും തലയാട്ടി. പക്ഷേ, പിറ്റേന്നും അതിന്റെ പിറ്റേന്നും തുടര്‍ച്ചയായും ഒരു മാറ്റവുമുണ്ടായില്ല.
ഒരുദിവസം രാത്രി തമ്പോലക്ക് തീപിടിച്ചു.
കത്തിക്കരിഞ്ഞ വാരിക്കഷണങ്ങളില്നിന്ന് പ്രതികാരത്തിന്റെ പുകയുയര്‍ന്നു.
ജോലി കഴിഞ്ഞ് മടങ്ങുംവഴി രമേശനെ തടഞ്ഞുനിര്‍ത്തി ചട്ടരാജന് താളിന്റെ തണ്ട് വെട്ടണപോലെ അത് നടത്തി.
നാല്
നേതാവിന്റെ തീപ്പൊരിക്ക് ശേഷം, നെയ്ത്തു കമ്പനിയിലെ നൂല്മാറാലയില് കുടുങ്ങിയ മനുഷ്യരൊക്കെ അപ്രത്യക്ഷരായ ശേഷം, അതിന്റെ ഇരുണ്ട മൂലയില്‍ ഘടകം ചേര്‍ന്നു.
പരസ്പരം കാണാത്ത ഇരുട്ടിന് ചോരമണം.
''ചോരക്കടം മാത്രമല്ല, ഇത് ജനതയുടെ തിരിച്ചെടുപ്പ് കൂടിയാണ്.''
ജില്ലാ കമ്മിറ്റി നിർദേശിച്ച പ്രകാരം കമ്മിറ്റിയിലെ ഒരാള്‍ മാത്രമറിഞ്ഞ് സ്ക്വാഡ് രൂപീകരിക്കപ്പെട്ടു. ഹരീന്ദ്രനാണ് ചുമതല. അറിയിപ്പ് കിട്ടിയവര്‍ സംഘം ചേര്‍ന്നു.
ഹരീന്ദ്രന്‍ ഓപറേഷന് വിശദീകരിച്ചു.
''ജാമ്യത്തിലിറങ്ങാന്‍ കോടതിയില്‍ ഹാജരാക്കും. മറ്റൊരു ലോകം അവനിനി കാണറ്. എറങ്ങുമ്പോ, അവിടെവെച്ച് തീര്‍ക്കണം. ചട്ടരാജനെപ്പോലത്തെ ഒരുത്തനെ കൊല്ലുക എളുപ്പമല്ല. കാട്ടുപോത്ത് കുടയുന്നതുപോലെ കുടഞ്ഞുകളയും. അതിനുള്ള സാവകാശത്തിന് നിന്നാല്‍ നമ്മള് കൊല്ലപ്പെട്ടേക്കാം. പക്ഷേ, ഭയക്കരുത്. പിടിക്കപ്പെട്ടാലും ഭയക്കരുത്. ഭയം തോല്‍വിയുടെ പേരാണ്. ജീവപര്യന്തം കിട്ടിയേക്കാം. ജീവപര്യന്തമെന്നുവെച്ചാല് ജീവിതാവസാനം വരെ. നമ്മള്‍ക്കായി മാത്രമുള്ള നിയമമാണ്. ചിലപ്പോ തൂക്കുകയര്‍. ചാകാന്‍ തയ്യാറായാല്‍ ആരെയും കൊല്ലാം.''
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുറ്റത്ത് അവര്‍ നിന്നു. ഉടുപ്പിനുള്ളില്‍ വാളിന്റെ മൂര്‍ച്ച മുറിയുന്നു.
ഹരീന്ദ്രന്‍ അവരെ നാലുഭാഗത്ത് നിര്‍ത്തുന്നതിന് മുമ്പ് ഓർമിപ്പിച്ചു.
''കവാടം കടന്ന് അവന് ആളുകളെ കണ്ട് കൈവീശും മുമ്പ് മിന്നലുപോലെ പാഞ്ഞുകേറണം. കാഴ്ചക്കാര്‍ പെട്ടെന്നൊന്ന് പതറും. അത് മാറുംമുമ്പ് മറഞ്ഞോണം. പാളിപ്പോയാല്‍, വീണ്ടും ശ്രമിക്കരുത്. അതപകടാ. കാര്യം കഴിഞ്ഞാ രണ്ടുപേര്വെച്ച് കീച്ചേരി വരെയും താഴെചൊവ്വ വരെയും ഓടണം. അവിടെ ആളുണ്ടാവും.''
ജാമ്യമെടുക്കാന്‍ വന്ന ചട്ടരാജന്റെ അച്ഛന് ബീഡി കത്തിക്കാന്‍ മാറിനില്‍ക്കുന്നതിനിടെ മുഴച്ചുനില്‍ക്കുന്ന ഷര്‍ട്ടിട്ട ഹരീന്ദ്രനെ കണ്ട് എങ്ങോട്ടോ മുങ്ങി. ജാമ്യക്കാരനില്ലാതെ ചട്ടരാജന്റെ റിമാൻഡ് നീട്ടി.
ആയുസ്സും.
അഞ്ച്
ആദ്യത്തെ ഓപറേഷന് പരാജയപ്പെട്ടതിന്റെ ഭാഗമായി ചൂതാട്ട മാഫിയ ജാഗ്രത്താവുകയും ചട്ടരാജനെ ജാമ്യത്തിലിറക്കി കുറേക്കാലം ഒളിവില്‍ താമസിപ്പിക്കുകയും ചെയ്തു. പരസ്യമായി ജയിലിന്റെ മുറ്റത്തുവെച്ച് തീര്‍ക്കുകയെന്ന തീരുമാനം അനുചിതമായെന്നും അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ പ്രസ്ഥാനത്തെ മറ്റൊരു അർഥത്തില്‍ മുദ്രകുത്തുമെന്നും ജില്ലാ കമ്മിറ്റി വിമര്‍ശനരേഖ പുറത്തുവിട്ടു. ഇനി വേറെ എവിടേലുംവെച്ച് ചട്ടരാജന് കൊല്ലപ്പെട്ടാലും അത് തങ്ങള്‍ക്കെതിരെ ഭരണകൂടത്തിന് വടികൊടുക്കുന്നതുപോലെയാണ്. മാത്രമല്ല, കൂട്ടത്തിലുള്ളവര്തന്നെ അവനെ തീര്‍ത്ത് പ്രസ്ഥാനത്തെ പ്രതിരോധത്തിലാക്കാനും സാധ്യതയുണ്ട്. അതിനാലും ഒരു വര്‍ഷത്തിനുള്ളില്‍ ചട്ടരാജനെ കൈയോടെ കിട്ടാത്തതിനാലും ഓപറേഷന്റെ കാര്യത്തില്‍ മന്ദഗതി ക്രമേണ രൂപപ്പെട്ടു.
ചട്ടരാജനെ പാര്‍ട്ടി മറന്നു.
ചട്ടരാജന് പാര്‍ട്ടിയെ മറന്നു.
നീണ്ട എട്ടുവര്‍ഷങ്ങൾക്കിടയില്‍ പ്രവര്‍ത്തകരില്‍ വന്‍തോതിലുള്ള ഉദാസീനതയും ആള്‍ബലവും കോമ്രേഡ്, പ്രേരണ തുടങ്ങിയ മാസികകളുടെ വരിയും പകുതിയായി. അതിന്റെ നിജമറിയാന് ഒരു ഏകാംഗ കമീഷനെ സംസ്ഥാന കമ്മിറ്റി വെച്ചു. വൈസ് പ്രസിഡന്റിനായിരുന്നു ചുമതല. പ്രവര്‍ത്തകരെ നേരിട്ട് കണ്ടും കോളനി കേറിയും അടിസ്ഥാനജനവിഭാഗത്തിന്റെ ജീവസുരക്ഷയിലോ പൊതുമുതല്‍ കയ്യേറ്റങ്ങളിലെ അലംഭാവത്തിലോ മറ്റോ പ്രസ്ഥാനത്തിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് കമീഷന് അന്വേഷിച്ചു. സ്വന്തം ഉള്ളിലേക്കും സ്വന്തം ജനതയുടെ മൗനത്തിലേക്കും ധീരമായി നോക്കാനാവാത്ത വിപ്ലവം എങ്ങുമെത്തില്ലെന്നും തോറ്റ ജനതയാണെന്നും എത്തിപ്പിടിക്കാനാവാത്ത രാഷ്ട്രീയ സ്വപ്നമാണെന്നും ബോധ്യപ്പെട്ടുകഴിഞ്ഞോ എന്നൊക്കെ കമീഷന് അന്വേഷിച്ചു.
അതൊന്നുമായിരുന്നില്ല.
ജില്ലാ കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ച കമീഷനില്‍ പറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു.
ചോരക്കടം.
ആറ്
1988 ആഗസ്റ്റ് 12, രാത്രി 7 മണി.
തണുപ്പ് കേറിത്തുടങ്ങി. നൂല്മഴപോലെയെന്തോ വന്ന് തൊട്ടുപോകുന്നേരത്ത് നാലുപേര്‍ ഒത്തുകൂടി. പവിത്രന്, അബ്ദുള്ള, ഗണേശന്, ഭാസ്കരന്. നാലുപേരും നാല് ഭാഗത്തുള്ളവര്‍.
''ഓടിപ്പോകാന്‍ പഴയതുപോലെ പറ്റില്ല. വണ്ടി സംഘടിപ്പിക്കണം. കൊറേ മൊതലാളിത്ത രോഗങ്ങളൊക്കെ കേറീട്ട്ണ്ട്.'' പവിത്രന് കുടവയറ് തടവി.
നിലവില്‍ ആരുടെ കൈയിലും വണ്ടിയില്ല. ടൗണ്‍വരെ നടന്നാല്‍ എന്തെങ്കിലും കിട്ടും. അതുപിടിച്ച് പോകാമെന്ന് ഒരഭിപ്രായം വന്നു.
''അപ്പോഴേക്കും നേരം വെളുക്കും. രമേശനെ കൊന്നതിന് രണ്ട് ദിവസം മുന്നേയെങ്കിലും തീര്‍ക്കണം. ഇന്നാണ് പറ്റിയ ദെവസം.''
പവിത്രന് ഒരു ബീഡി കത്തിച്ചു. വലിച്ച പുക വിഴുങ്ങി.
''സഖാവിന് ഡ്രൈവിങ് അറിയ്യാ..?''
തീപ്പെട്ടിക്ക് കൈനീട്ടി അബ്ദുള്ള ചോദിച്ചു.
''ഇല്ല.''
''എനക്കുമറിയില്ല.''
ഗണേശന് മറ്റ് രണ്ടുപേരെയും നോക്കി.
''സൈക്കിള്‍ പോലും അറിയില്ല.''
നാലുപേരും ബീഡി കത്തിച്ച് അസ്വസ്ഥതയുടെ ഇരുട്ടത്ത് വെട്ടം മിന്നിച്ചു.
''വണ്ടിയല്ല മുഖ്യം. അത് സംഘടിപ്പിക്കാ. പരിചയൂള്ള ഡ്രൈവറ് വേണം. ഇണ്ടാ..?''
എല്ലാവരുടെയും മനസ്സിലൂടെ കുറേ വണ്ടികള്‍ ഇരമ്പി. ഒന്നുമാറി കുത്തിയിരുന്ന് മൂത്രമൊഴിച്ച് കുടഞ്ഞുകൊണ്ട് ഗണേശന് ഓർമയില്‍നിന്ന് ഒരുത്തനെ കൊണ്ടുവന്നു.
''ഒരുത്തന്ണ്ട്.''
ബീഡി അടുത്തുള്ള മുരിക്കിന് കുത്തിക്കെടുത്തി പവിത്രന് വായില്‍ അവശേഷിച്ച പുകയൂതി.
''സഖാവാണോ?''
''ആണെന്നോ അല്ലെന്നോ നിശ്ചയൂല്ല.''
ഹരീന്ദ്രനോടുള്ള വിമര്‍ശനം മനസ്സില്‍വെച്ച് ഭാസ്കരന് ആദ്യംമുതലേ തന്റെ കൃത്യത വെളിപ്പെടുത്തിക്കൊണ്ടിരുന്നു.
''അബദ്ധം പറ്റരുത്.''
''പണ്ട് രാവുണ്ണിയേട്ടന് കോങ്ങാട് നാരായണന് നായരെ കേസില്‍ ജയിലുചാടി വന്നപ്പം രണ്ടുദിവസം അവന്റെ കൂരയിലാ താമസിപ്പിച്ചേ.''
പവിത്രന് മുണ്ട് മടക്കിക്കുത്തി നടപ്പ് തുടങ്ങി. പിന്നാലെ മറ്റുള്ളവരും. വിശ്വാസം വർധിപ്പിക്കാനായി ഗണേശന് പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
''അതുകഴിഞ്ഞ് അമ്പായത്തോട് വഴി വയനാട് വണ്ടികയറ്റിവിട്ട ഓർമയാണ്. പിന്നെ പല പരിപാടിയിലും അവന്റെ മുഖം കണ്ടിട്ടുണ്ടോന്ന് സംശയം. ''
''അത് മതി.''
''പക്ഷേ, ഇതുവരെ മിണ്ടിയിട്ട് കേട്ടിട്ടില്ല.''
''നന്നായി. തത്ത്വം പറഞ്ഞ് പേടിപ്പിക്കില്ലല്ലോ...''
റോഡിന് തെന്നിയുള്ള കാട്ടുപാതയിലൂടെ ഗണേശന്റെ നിർദേശപ്രകാരം വിയര്‍ത്തുകുളിച്ച് അവര്‍ ഉദ്ദേശ്യസ്ഥലത്തെത്തി. വലിയൊരു കുന്നിൻ മുകളില്‍നിന്ന് അവര്‍ താഴോട്ട് നോക്കി. ഓലകള്‍ ദ്രവിച്ച കൂരകള്‍. അതിനിടയിലൂടെ ചോരച്ചാലിളകിയ മണ്ണ്, ആനകള്‍ ചവിട്ടിമെതിച്ച കൃഷിയിടത്തില്‍നിന്ന് രക്ഷപ്പെട്ടവ തലയുയര്‍ത്താന്‍ ശ്രമിക്കുന്നു. തെഴുത്തുപടര്ന്ന ചീനിമരങ്ങള്ക്കിടയിലൂടെ അവസാനത്തെ സൂര്യരശ്മിയും മടങ്ങി.
''ഞാന്‍ നോക്കീട്ടുവരാം.''
ഗണേശന് കുത്തനെയുള്ള ഇടവഴിയിലൂടെ ചാടിച്ചാടി പോയി.
പിന്നില്‍ കാട്ടാനക്കൂട്ടം നില്‍ക്കുന്നമാതിരി ഇരുട്ട്. ഉള്‍ക്കാട്ടിലെവിടെയോ തെറമ്പിയ നിലവിളികള്‍ക്കൊപ്പം മരണത്തിന്റെ ഗന്ധം. അവര്‍ക്കിടയിലൂടെ ഒരു സൂചിമുഖി വാളൊലിപോലെ വഴിതെറ്റി പറന്നു.
പോയതിനേക്കാള്‍ വേഗത്തില്‍ ഗണേശന് ആളെയും കൊണ്ടുവന്നു.
''ഡ്രൈവര്‍ റെഡി.''
വന്നവന്റെ മുഖം സൂക്ഷ്മമായി കാണാന്‍ പവിത്രന് രണ്ട് തീപ്പെട്ടിക്കമ്പ് ഒന്നിച്ചുപിടിച്ച് കത്തിച്ചു. ഉള്ളിലേക്ക് താഴ്ന്ന രണ്ട് കണ്ണുകളിലെ ചോരഞരമ്പുകള്‍ നോക്കിനില്‍ക്കെ പവിത്രന്റെ കൈപൊള്ളി കോല് കളഞ്ഞു.
''കാര്യം പറഞ്ഞോ..?''
ഗണേശനെ മാറ്റനിര്‍ത്തി പവിത്രന് ചോദിച്ചു.
''അവനൊന്നും ചോദിച്ചില്ല. വിളിച്ചപാടെ വന്നു.''
''എന്നാലും കാര്യം പറയണ്ടേ..?''
''കാര്യംകേട്ട് വന്നില്ലെങ്കിലോ... അത് പ്രശ്നല്ലേ..!''
''അത് പ്രശ്നാന്ന്...''
പവിത്രന് തിരിച്ചുവന്ന് അവന്റെ മുഖത്തേക്ക് കുറച്ചുനേരം കൂടി നോക്കി.
''താക്കോലില്ലാതെ ജീപ്പ് സ്റ്റാര്ട്ടാക്കാനറിയ്യാ..?''
ഏഴ്
നാലഞ്ച് ക്വാറികള്‍ നടത്തിവരുന്ന ഐപ്പിന്റെ ഷെഡ്ഡില്‍ വണ്ടിയുണ്ട്. ചട്ടരാജന്റെ ആദ്യത്തെ കളരിയായിരുന്നു ഐപ്പിന്റെ ക്വാറി. അവിടെ ജോലിക്കുവരുന്ന പെണ്ണുങ്ങളുടെ ചെറ്റപൊന്തിച്ചാണ് ചട്ടരാജന്റെ രാത്രികാല വനവാസം. ചില അസമയങ്ങളില്‍ ഐപ്പും രാജനും തമ്മില്‍ കണ്ടുമുട്ടി. ചട്ടരാജനെ ഐപ്പ് ആളെവെച്ച് തല്ലിയോടിച്ചു.
''ഐപ്പിന്റെ എച്ചില് തിന്നാമതി നായി...''
അന്നിറങ്ങിയതാണ് ചട്ടരാജന്. പോന്നേരം ഒരു വെല്ലുവിളികൂടി നടത്തി.
''വേണെങ്കില്‍ നിന്റെ വീട്ടിക്കേറിയും രാജന് പണ്ണും.''
കരിങ്കല്‍ ചീളുകള്‍ക്കിടയിലൂടെ അവര്‍ പതുങ്ങിനടന്നു. നിലാവില് പാറ വെള്ളപുതച്ചുകിടക്കുന്നു. ഒരു വെടിമരുന്ന് പൊട്ടിത്തെറിക്കാന്‍ പോകുന്ന മൂകത. കാലുകള്‍ക്കിടയില്‍ പാറച്ചീള് ഞരുങ്ങി.
''പട്ടി കാണും.''
ഗണേശന് പറഞ്ഞുകഴിയുമ്പോഴേക്കും ചെറ്റയുടെ തൂണിനടിയില്‍ ഒരു യമണ്ടന്‍ കിടന്നു മുരണ്ടു. നാലുപേരും നിന്നു. അവന് മാത്രം മുന്നോട്ട് നടന്നു. പട്ടി അവനെ വന്ന് മണപ്പിച്ച് വാലാട്ടി.
അവരെ ജീപ്പിനടുത്തേക്ക് മാടിവിളിച്ച് ഡ്രൈവിങ് സീറ്റില്‍ കേറിയിരുന്ന് പതുക്കെ തള്ളാന്‍ ആംഗ്യമിട്ടു.
ക്വാറിയില്‍നിന്ന് കുറച്ചകലെവരെ ജീപ്പ് ഉന്തിയെത്തിച്ചു. ഡ്രൈവര്‍ പുറത്തിറങ്ങി ജീപ്പിന്റെ ബോണറ്റ് ഉയര്‍ത്തി കൊളുത്തിവെച്ചു. ബോക്സിലുണ്ടായിരുന്ന വയറിന്റെ കഷണമെടുത്ത് രണ്ടറ്റവും കടിച്ച് തുപ്പി. സെല്‍ഫ് വയറിലേക്ക് ബാറ്ററിയില്‍നിന്ന് കണക്ഷന് കൊടുത്തപ്പോള്‍ ജീപ്പ് സ്റ്റാര്‍ട്ടായി. എല്ലാവരും ജീപ്പിലേക്ക് ചാടിക്കേറി. ഇരുട്ടിലേക്ക് വെളിച്ചം തുറിച്ചു. പിന്നില്‍ പട്ടികളുടെ പകര്‍ച്ചവ്യാധി പിടിച്ച കുര തുടങ്ങി.
എട്ട്
''പേരെന്താ..?''
വിദഗ്ധമായി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് അനായാസമായി ഓടിക്കുന്ന അവനോട് മുന്സീറ്റിലരിക്കുന്ന പവിത്രന് ബഹുമാനം തോന്നി. ഇഷ്ടം തോന്നി.
അവന് പേര് പറഞ്ഞില്ല.
തന്റെ പേരെന്താണ്, പവിത്രന് ഓര്‍ത്തു. അകത്തൊരു പേര്, പുറത്തൊരു പേര്. യാത്രയുടെ അവസാനമാകുമ്പോഴേക്കും ഇവനും എന്തെങ്കിലും ഒരു പേര് വീഴും.
''ഇമ്മാതിരി സൂത്രപ്പണികളും ആവശ്യത്തിന് പഠിക്കണം സഖാവേ...''
പിന്നില്‍നിന്ന് ഭാസ്കരന് തങ്ങളുടെ കഴിവുകേടുകളെ കൊള്ളിച്ചപ്പോള്‍ പറഞ്ഞതാരാണെന്ന് ഡ്രൈവര്‍ തിരിഞ്ഞുനോക്കി.
കൊടിയ വളവും കുത്തനെയുള്ള കയറ്റിറക്കങ്ങളും താണ്ടുന്നതിനിടെ വയറ്റില്‍ ഒന്നും കടക്കാതെ ഗ്യാസ്കേറി പവിത്രന് ഏമ്പക്കം വിട്ടു.
ജീപ്പ് കണ്ണൂരിലേക്ക് ലക്ഷ്യംവെച്ചു.
റോഡിലെ ചളിവെള്ളത്തില്നിന്ന് തവളകള്‍ ജീപ്പിന്റെ വെളിച്ചത്തിലേക്ക് ചാടിച്ചാടി വരുന്നത് കണ്ട് ഡ്രൈവര്‍ ടയറൊഴിച്ചുപിടിച്ചു.
ജീപ്പ് കുറേനേരം ഓടിയപ്പോള്‍ പവിത്രന് തല വെളിയിലിട്ട് ഡ്രൈവറുടെ കൈയില്‍ തൊട്ടു. അവന് വണ്ടി സൈഡാക്കി. പവിത്രന് ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി.
ഇറങ്ങിപ്പോയ ഇരുട്ടിലേക്ക് ജീപ്പിനുള്ളിലുള്ളവര് നൂണുനോക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നില്‍ മെലിഞ്ഞ ഒരാളുമായി പവിത്രന് പ്രത്യക്ഷപ്പെട്ടു. തോളില്‍ ചാക്കുകെട്ടുണ്ട്. ജീപ്പിന്റെ പിന്നില്‍ വലിയ ഇരുമ്പ് ശബ്ദത്തോടെ ചാക്കുകെട്ടിട്ട് അയാളും വണ്ടിയില്‍ കയറി. ജീപ്പ് നീങ്ങി.
ചാക്കില്‍നിന്ന് ആയുധങ്ങള്‍ ഓരോന്നെടുത്ത് ഓരോരുത്തരെ പിടിപ്പിച്ച് ചാക്ക് നാലായി മടക്കി അയാള്‍ കക്ഷത്തിലിറുക്കി. കൈയില്‍ കിട്ടിയ ആയുധം എവിടെ ഒളിപ്പിക്കണമെന്നറിയാതെ അവര്‍ കുലുങ്ങുന്ന വണ്ടിയില്‍ ബുദ്ധിമുട്ടി.
മറ്റൊരിടത്ത് അയാളിറങ്ങി.
''അവനെ എവിടെ കിട്ടും സഖാവേ..? വല്ല വിവരൂണ്ടോ..?''
വണ്ടിയുടെ പിന്നിലേക്ക് കൈയിട്ട് പവിത്രന് ഒരായുധം കൈപ്പറ്റി അതിന്റെ മൂര്‍ച്ച നോക്കി.
''തപ്പണം.''
ദിവസങ്ങള്‍ കഴിഞ്ഞാല്‍ ചോര്‍ന്നുപോകാന്‍ സാധ്യതയുള്ള ആവേശം ജീപ്പിനുള്ളില്‍ ശ്വാസംമുട്ടി.
''രണ്ടുദിവസേ മുന്നിലുള്ളൂ. ഇന്നോ നാളെയോ.''
ജീപ്പ് ഒരു ഖട്ടറില്‍ വീണ് ആടിയുലഞ്ഞു. ഡ്രൈവര്‍ പവിത്രനെ നോക്കുന്നതുകണ്ട് ഗണേശന് അവന്റെ ചുമലില്‍തട്ടി സമാധാനിപ്പിച്ചു.
''നീ പേടിക്കേണ്ട, കൊല്ലാനൊന്നല്ല... ഒരാളെ തല്ലാനാ...''
ഗണേശനു നേരെ കവിളിലേക്ക് കയറ്റിയ ഒരു ചിരി ചിരിച്ച് ഡ്രൈവര്‍ വണ്ടിയുടെ ഗീര്‍ തട്ടി. പച്ചജീവനിലേക്ക് കൂര്‍ത്ത വാള്‍മുന കയറുന്നതുപോലെ ജീപ്പ് അതിവേഗം ഇരുട്ടു തുളച്ചു.
''അഥവാ തീര്ന്നുപോയാ ഐപ്പിന്റെ പെരടിക്കിടണം. തീരുമാനാ. അതിനാ ജീപ്പ് പൊക്കിയത്. ചട്ടരാജനെന്ന പട്ടിയെ കൊന്നതിനൊന്നും പ്രവര്‍ത്തകരെ വിട്ടുകൊടുക്കാനില്ല. ആളെണ്ണത്തിന് ഇപ്പൊ ഗ്രൂപ്പാ.''
പവിത്രന് കീശയില്‍നിന്ന് ഒരു ബീഡിയെടുത്ത് കടിച്ച് തീപ്പെട്ടി ഉരച്ചു. കോലിന് തീപ്പിടിക്കാന്‍ ഡ്രൈവര്‍ വേഗത കുറച്ചുകൊടുത്തു.
''പത്ത് മണി കഴിഞ്ഞാല്‍ ആളെ പള്ളിക്കുന്നില്‍ കിട്ടും. ഓനവിടെ ഒരു പായയും കീറുമുണ്ട്.''
''കീറോ..?''
അബ്ദുള്ളയുടെ സംശയത്തിലേക്ക് ആരും തുടര്‍ന്നില്ല. ആലോചിച്ചപ്പോള്‍ സംഗതി മനസ്സിലായി. അത്തരമൊരു ഭാഷ ഉപയോഗിക്കാന്‍ പാടുള്ളതാണോയെന്ന് അബ്ദുള്ള കുറേനേരം ആലോചിച്ചു.
പഴയ കെട്ടിടങ്ങളുടെ ഉറക്കച്ചടവുകള്ക്കിടയില്നിന്ന്, വണ്ടിത്താവളങ്ങളിലെ മുഷിഞ്ഞ അടിയുടുപ്പുകള്ക്കിടയില്നിന്ന്, ചൂതാട്ടകേന്ദ്രത്തിലെ ക്ഷയിച്ച വെളിച്ചത്തില്‍നിന്ന് അയാള്‍ ഇറങ്ങിവരുന്നതും കാത്ത് അവരിരുന്നു. സൂചന ലഭിച്ച സ്ഥലങ്ങളിലൊക്കെ ചുറ്റിക്കറങ്ങി ജീപ്പ് നഗരചത്വരത്തില്‍ കേറി. പലപ്പോഴായി ഇതിനകം ചട്ടരാജനെ അവര്‍ വരച്ചുവെച്ചിരുന്നു. കൈമുട്ടിന് മേലെ മുറുക്കത്തില്‍ തെറുത്തുവെച്ച ഷര്‍ട്ട്. നെഞ്ചില്‍ അഴിച്ചിട്ട കുടുക്കുകള്‍. മടക്കിക്കെട്ടിയിട്ട കള്ളിലുങ്കി. പാതി കയറിയ ചപ്രക്കഷണ്ടി. പാറപ്പുല്ല് പോലെ അറ്റം നരച്ച മുറ്റിയമീശ. വിരിഞ്ഞ പുറം. എല്ലുകള്‍ മുഴച്ചുനില്‍ക്കുന്ന മുഖത്തെ കുഴികളില്‍ ഉപ്പന്റെ കണ്ണ്. കയറുപൊട്ടിച്ച കൂറ്റനെപ്പോലെ നടത്തം. റോഡില്‍ കാണുന്ന ഓരോരുത്തരിലേക്കും അവര്‍ ചട്ടരാജനെ പരകായപ്പെടുത്തി.
പള്ളിക്കുന്നിലെത്തി. നരച്ച വെളിച്ചം. വെളിച്ചത്തിന് ചുറ്റും നഗരത്തിലെ അവശേഷിച്ച മനുഷ്യരെപ്പോലെ പാറ്റകള്‍. പവിത്രന്റെ നിർദേശപ്രകാരം ഡ്രൈവര്‍ ജീപ്പ് സൈഡാക്കി. ദൂരെ ഇരുട്ടില്‍നിന്ന് ഒരു രൂപം ആടിയാടി വരുന്നത് പവിത്രന് കണ്ടു.
ഇര അടുത്തെത്തിയതുപോലെ അവര്‍ക്ക് മണം.
ആയുധപ്പിടിയിലേക്ക് ചോരയിറങ്ങി.
നെഞ്ചിടി കൂടി.
ജീപ്പിന്റെ ഗ്ലാസിലൂടെ അവര്‍ നൂണുനോക്കി.
പവിത്രന്റെ തോളിലേക്ക് പിന്നില്‍നിന്ന് കൈയമര്‍ന്നു. വെട്ടിനുറുക്കപ്പെട്ട രമേശന്റെ പച്ചമാംസത്തില്‍ പതിഞ്ഞ ആക്രോശം. കണ്ണീര്ച്ചരടില് തൂങ്ങിജീവിക്കുന്ന രമേശന്റെ ഭാര്യയുടെ വരണ്ട ചിരി. ചൂതാട്ടത്തില്‍ ജീവിതം തകര്‍ന്ന കുടുംബങ്ങളുടെ ദുർബലമായ പക.
ചട്ടരാജന് നടന്നുവരുന്നു.
ആദ്യത്തെ വെട്ട് കൊണ്ടില്ലെങ്കില് തെറമ്പി ഓടാനുള്ള അവന്റെ കാലിന്റെ വേഗത. പരാജയപ്പെട്ട് അക്രമിയെ തിരിച്ചറിഞ്ഞാല്‍ രമേശനെപ്പോലെ വഴിയോരത്തെവിടെയെങ്കിലും വെട്ടിനുറുക്കപ്പെടുന്ന തങ്ങളുടെ ശരീരം. രമേശന്റെ ചോരതെറിച്ച അവന്റെ കണ്ണുകള്‍.
പിന്നിലുള്ളവര്‍ ഇറങ്ങി ജീപ്പിന്റെ മറപറ്റി ഒരുങ്ങിനിന്നു. പവിത്രന് ഇടങ്കാല് പുറത്തേക്കിട്ട് ഇറങ്ങുന്നതിന് മുമ്പേ ഡ്രൈവറോട് പറഞ്ഞു:
''ഓഫാക്കണ്ട.''
ഒന്നുമറിയാതെ നടന്നടുത്തടുത്തുവരുന്ന ചട്ടരാജനെ ഡ്രൈവര്‍ നോക്കി. ഒരാള്‍ മരിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പുള്ള നിമിഷത്തിലെ ഭയമാണ് അവനെ വിശുദ്ധനാക്കുന്നതെന്ന് ഡ്രൈവര്‍ക്ക് തോന്നി. ആ മുഹൂര്‍ത്തത്തിലേക്ക് അവന് കണ്ണ് കൂര്‍പ്പിച്ചു.
അവര്‍ പാഞ്ഞടുക്കുന്നത് കേള്‍ക്കാനും ചട്ടരാജന്റെ ആദ്യത്തെ നിലവിളി കേള്‍ക്കാനും ഡ്രൈവര്‍ വണ്ടി ഓഫ് ചെയ്ത് പുറത്തിറങ്ങി. പച്ചമാംസം തറിക്കുന്ന ശബ്ദം. നിലവിളി. ഇറങ്ങുമ്പോള്‍ കാലില്‍ തട്ടിയ കരിങ്കല്ച്ചീളെടുത്ത് അതിന്റെ കൂര്‍ത്ത മുന നോക്കി ഡ്രൈവര്‍ ബോണറ്റില്‍ അമര്‍ത്തി കുത്തിക്കുറിച്ചു.
ഉടുപ്പില്‍ ചോരതെറിച്ച് നാലുപേരും കിതച്ചുകൊണ്ട് ജീപ്പിനടുത്തേക്ക് ഓടിയെത്തി.
''വണ്ടിയെടുക്കെടാ...'' പവിത്രന് അലറി.
അവന് ബോണറ്റില്‍ എഴുതിക്കഴിഞ്ഞിരുന്നില്ല. പിന്നില്‍നിന്ന് അവനെ പിടിച്ചുവലിച്ചു. ഷര്‍ട്ട് കീറിയതല്ലാതെ അവനനങ്ങിയില്ല.
റോഡില്‍ ഉടന്‍ ആള്‍ക്കൂട്ടം പ്രത്യക്ഷപ്പെടും. പോലീസെത്തും. അതിനുമുമ്പ് വലിയണം. വണ്ടിയെവിടെയെങ്കിലും ഉപേക്ഷിച്ച് രക്ഷപ്പെടണം.
എല്ലാ മരണത്തിനും ഒരു ഉത്തരവാദി വേണം. അത് രോഗമാകട്ടെ, ദാരിദ്ര്യമാകട്ടെ, ശത്രുവാകട്ടെ, അവനവന്തന്നെയാകട്ടെ. ഉത്തരവാദി വേണം.
ഡ്രൈവര്‍ ബോണറ്റില്‍ എഴുതിക്കൊണ്ടിരുന്നു.
''ഓടിക്കോ...''
കൊന്നിട്ടും ഒളിച്ചോടുന്നതാണ് യഥാർഥ പക.
ഒമ്പത്
''അവനെന്താ ബോണറ്റില്‍ എഴുതിക്കോണ്ടിരുന്നേ..? സഖാവ് കണ്ടിനാ?''
ഓടുന്നതിനിടെ അബ്ദുള്ള പവിത്രനോട് ചോദിച്ചു.
''ഉം.''
''നമ്മടെ പേരാ..?''
''അല്ല.''
''പിന്നെ?''
''അവന്റെ പേര്'', പവിത്രന് കിതച്ചുകൊണ്ട് പറഞ്ഞു.
പത്ത്
അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് ഗണേശന് രാത്രി വിളിച്ചിറക്കി കൊണ്ടുപോകുമ്പോള്‍ അവന് അമ്മയെ തിരിഞ്ഞുനോക്കി. പുതപ്പിന്റെ ഉയരം താണുതാണ് അമ്മ അലിഞ്ഞില്ലാതാകുന്നു. കണ്ണിലേക്ക് പോള വന്നുകൂടുന്നു.
തല്ലിപ്പഴുപ്പിച്ചിട്ടും അവന് പോലീസിനോട് ഒന്നും പറഞ്ഞില്ല. ഇത്രയും വര്‍ഷം ജയിലില്‍ ഘോരപ്രതിയായിട്ടും അവന് വാ തുറന്നില്ല.
അവനിന്ന് പുറത്തിറങ്ങുകയാണ്.
പഴയ കുപ്പായത്തില്‍ ശരീരം ഇപ്പോഴും പാകം.
അസിസ്റ്റന്റ് സൂപ്രണ്ട് അവനെ വെരിഫൈ ചെയ്തു. അവന്റെ മുമ്പെ റെേക്കാര്‍ഡ് തുറന്നുവെച്ച് ഒപ്പിടാന്‍ അയാള്‍ വിരല്‍ കുത്തി.
ഓഫീസ് ചുവരിലെ വീതിയുള്ള ടി.വിയില്‍ നിന്ന് പരിചയമുള്ള ശബ്ദം മുഴങ്ങുന്നത് കേട്ട് അവന് ഒപ്പിടുന്നതിനിടെ കുറച്ചുനേരം തിരിഞ്ഞുനോക്കി.
''ഒപ്പിട്.''
അസിസ്റ്റന്റ് സൂപ്രണ്ട് കണ്ണടക്കിടയിലൂടെ അവന്റെ മുഖം സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോളവന്റെ മുഖത്ത് ഒരു ചിരി പടരുന്നത് ലവലേശം അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എഴുതുമ്പോള്‍ തെളിവു കുറയാതിരിക്കാന്‍ പേന നല്ലവണ്ണം കുടഞ്ഞ് അവന് എഴുതി ഒപ്പിട്ടു.
ഒറ്റയാന്
പട്ടിണിത്തറ
ഭൂമിപ്പുറം
ഒപ്പ്.
l