യാനം
ചിത്രീകരണം: എം. കുഞ്ഞാപ്പകുറേനേരം കഴിഞ്ഞപ്പോഴാണ് എനിക്കത് മനസ്സിലായത്. തേടിവന്ന പുറംകാഴ്ചകളിലല്ല, പകരം എന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലാണ് എന്റെ കണ്ണും മനസ്സും അത്രയും ഉടക്കിനിൽക്കുന്നത്. ബോട്ട് കോടിമത ജെട്ടിയിൽനിന്ന് പുറപ്പെട്ടിട്ട് ഇപ്പോൾ അരമണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം. ആദ്യം ആവേശത്തോടെ ഇരു കരകളിലുമുള്ള മുളങ്കൂട്ടങ്ങളെയും ഓളങ്ങളോട് മുട്ടിയുരുമ്മിനിൽക്കുന്ന പേരറിയാത്ത മരപ്പച്ചകളെയും കൊക്കുമുണ്ടികളെയും...
Your Subscription Supports Independent Journalism
View Plansചിത്രീകരണം: എം. കുഞ്ഞാപ്പ
കുറേനേരം കഴിഞ്ഞപ്പോഴാണ് എനിക്കത് മനസ്സിലായത്. തേടിവന്ന പുറംകാഴ്ചകളിലല്ല, പകരം എന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലാണ് എന്റെ കണ്ണും മനസ്സും അത്രയും ഉടക്കിനിൽക്കുന്നത്. ബോട്ട് കോടിമത ജെട്ടിയിൽനിന്ന് പുറപ്പെട്ടിട്ട് ഇപ്പോൾ അരമണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം. ആദ്യം ആവേശത്തോടെ ഇരു കരകളിലുമുള്ള മുളങ്കൂട്ടങ്ങളെയും ഓളങ്ങളോട് മുട്ടിയുരുമ്മിനിൽക്കുന്ന പേരറിയാത്ത മരപ്പച്ചകളെയും കൊക്കുമുണ്ടികളെയും നീർകാക്കകളെയും എരണ്ടകളെയും താറാവിൻപറ്റങ്ങളെയും അവിടവിടെ ചൂണ്ടയിട്ടിരിക്കുന്നവരെയും പോളത്തഴപ്പുകൾ പൊതിഞ്ഞ വെള്ളത്തെ വകഞ്ഞുമാറ്റി കൊച്ചുവള്ളങ്ങളിൽ ഓരോരോ സാധനങ്ങളുമായി യാത്രചെയ്യുന്നുവരെയുമെല്ലാം കണ്ണിമക്കാതെ നോക്കിയിരുന്നു. എത്രയോ കാലമായി കാത്തിരുന്ന യാത്ര ഒടുവിലിന്ന് സാധ്യമായപ്പോൾ, ഈ സഞ്ചാരത്തിന്റെ ഒരുനിമിഷത്തെ കാഴ്ചാകൗതുകംപോലും പാഴായിപ്പോകരുതെന്ന നിർബന്ധമുണ്ട്.
എന്നാൽ, തോടിന്റെയും കായലിന്റെയും അത്തരം കാഴ്ചകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണല്ലോ ഇയാൾ എനിക്കുമുന്നിൽ അവതരിച്ചിരിക്കുന്നത്. ബോട്ടിന്റെ നടുഭാഗത്ത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് അയാൾ ഇരിപ്പിനും കിടപ്പിനും മധ്യേയുള്ള ഒരു നിലയിൽ വിരാജിച്ചുകൊണ്ടിരിക്കുന്നത്.
ബോട്ടിൽ വളരെ കുറച്ച് ആളുകളേയുള്ളൂ. തികച്ചും വിനോദയാത്രയുടെ മൂഡിലുള്ള കൊച്ചുകുട്ടികൾ അടങ്ങുന്ന രണ്ട് ഇടത്തരം കുടുംബങ്ങൾ. പിന്നെ മൂന്നാല് സാധാരണ യാത്രക്കാർ എന്ന മട്ടിൽ ഉള്ള മനുഷ്യർ. കടുത്ത ഈ വേനൽച്ചൂടിനെ കായൽക്കാറ്റിനാൽ ശമിപ്പിച്ച് ഉച്ചനേരത്തെ ഒരു വിനോദയാത്രക്ക് വേമ്പനാട്ട് കായലിലൂടെ സാദാ സർക്കാർലൈൻ ബോട്ടിൽ ആരും അങ്ങനെ താൽപര്യപ്പെടുന്നുണ്ടാവില്ല.
യാത്ര ആരംഭിച്ച് കുറേ മിനിറ്റുകൾ കഴിഞ്ഞപ്പോഴാണ് അയാൾ എന്റെ ശ്രദ്ധയെ വലിച്ചടുപ്പിക്കാൻ തുടങ്ങിയത്. തന്റെ ജീൻസിന്റെ പോക്കറ്റിൽനിന്ന് മൊബൈൽഫോൺ എടുത്ത് അയാൾ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയതു മുതൽ.
''ആ മോനേ, ഞാനിപ്പോൾ ഒരു ഗംഭീര യാത്രയിലാടാ. ഫ്രം കോട്ടയം റ്റു ആലപ്പുഴ. വേമ്പനാട്ട് കായലിലൂടെ. ഒരു സൂപ്പർ റോയൽ ട്രിപ്പ്... ബഹുത് മജാ.''
ങ്എ? ഇത് ആരോടെങ്കിലും വിളിച്ചുപറയാനുണ്ടായിരുന്നെങ്കിൽ, അങ്ങനെ പറയുന്നത് കേൾക്കാൻ താൽപര്യമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ പറയേണ്ട വാക്കുകൾ അല്ലേ... ഞാൻ സൂക്ഷ്മമായി അയാളെ നോക്കി.
പ്രായം അമ്പതിനുമേൽ. അത് എവിടെവരെ പോകുമെന്ന് എളുപ്പം തിട്ടപ്പെടുത്താനാവില്ല. ആറടിയെങ്കിലും പൊക്കം വരുന്ന കുറച്ച് മെലിവുള്ള ശരീരം. ശകലം മുഷിഞ്ഞതെന്ന് തോന്നിക്കുന്ന ഒരു നീളൻ ക്രീം നിറ ജൂബായും നരച്ച നീല ജീൻസുമാണ് വേഷം. വലതുകൈത്തണ്ടയിൽ എന്തോ പച്ചകുത്തിയിട്ടുണ്ട്. ഒതുക്കമില്ലാതെ കാറ്റിൽ ഇളകിയാടുന്ന നീണ്ട നര കയറിയ മുടിയിഴകളും താടിയും. പക്ഷേ, മൊത്തത്തിലുള്ള ഈ തെല്ല് ക്ഷീണിത ഭാവത്തിന് മേലേ നിൽക്കുന്ന ഉത്സാഹവും സന്തോഷവുമാണ് അയാളുടെ സംസാരത്തിലും ശരീരചലനങ്ങളിലും ഓളം വെട്ടുന്നത്.
അയാളുടെ വാക്കുകൾ വളരെ ആവേശത്തിൽ ഉയർന്നുകൊണ്ടിരുന്നു.
''ഏയ്, സ്പെഷ്യൽ ബോട്ടൊന്നുമില്ല. സാദാ ലൈൻ ബോട്ട്. വെറും ഇരുപത്തൊമ്പത് രൂപാ മാത്രമാണ് റേറ്റ്. ഫോർ ത്രീ അവേഴ്സ് ട്രിപ്പ്. ചീപ്പ് ആൻഡ് ബെസ്റ്റ്. അതേ മോനേ, മൂന്നു മണിക്കൂർ വേമ്പനാട്ട് കായലിലൂടെ റോയലായി യാത്രചെയ്യാൻ വെറും റ്റ്വന്റിനയൻ റുപ്പീസ്. ലോകത്ത് വേറെവിടെ കിട്ടും ഇങ്ങനൊരു അനുഭവം! എത്രകാലമായി ഈ ട്രിപ്പിനെക്കുറിച്ച് കേൾക്കുന്നു. ഒടുവിൽ ഇന്ന്...'', അയാളുടെ ശബ്ദം വാക്കുകൾക്കും ചിരിക്കുമിടയിലേക്ക് തുഴഞ്ഞു.
അതേ, ഞാനും എത്രകാലമായി സ്വപ്നം കണ്ടിരുന്ന യാത്രയാണിത്. കുറേ വർഷങ്ങൾക്കപ്പുറം ഈ കായൽസവാരിയെക്കുറിച്ച് അറിയുമ്പോൾ, അന്ന് പതിനൊന്ന് രൂപ മാത്രമായിരുന്നു ടിക്കറ്റ് നിരക്ക്. ഞാൻ ജീവിക്കുന്ന പരക്കത്താനം എന്ന ഉൾനാടൻ ഗ്രാമവും കോട്ടയവുമായുള്ള ദൂരം രണ്ട് മണിക്കൂർ മാത്രം വരുന്ന ബസ്യാത്രയാണ്. പക്ഷേ, ആ ദൂരവും ടിക്കറ്റ് നിരക്കും എന്റെ ജീവിതത്തിന് എത്തിപ്പെടാനാവാത്ത വളരെ വളരെ അകലങ്ങളിലാണ് എന്ന് കാലം പോകുംതോറും ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. എന്റെ മേലേയുള്ള ചങ്ങലകൾ... വേണ്ട, ഈ കുറേ നിമിഷങ്ങളിലെങ്കിലും ബലംപിടിച്ച് ഞാൻ അതൊക്കെ മറന്നേ പറ്റൂ.
അയാളെ തന്നെ ഉറ്റുനോക്കിക്കൊണ്ട്, ഈ മനുഷ്യൻ ആരാണ് എന്താണ് എന്ന് സങ്കൽപിക്കാൻ ഞാൻ ശ്രമിച്ചുനോക്കി.
അയാളുടെ പക്കലുള്ളത് എന്റെകൂട്ട് ഒരു പഴഞ്ചൻ തീപ്പെട്ടിക്കൂട് മൊബൈലാണ്. സ്മാർട്ട് ഒന്നുമല്ലാത്ത ഇനം. എല്ലാംകൊണ്ടും എന്നെപ്പോലെ തന്നെ ജീവിതം തോൽപിച്ചുകളഞ്ഞ അല്ലെങ്കിൽ സ്വയം തോൽക്കാൻ നിന്നുകൊടുത്ത ഒരുവൻ. എന്നാൽ, എന്നെപ്പോലെ പരക്കത്താനവും അങ്ങേയറ്റം മല്ലപ്പള്ളിയോ കോഴഞ്ചേരി വരെയോ ആയി ജീവിതം കുടുങ്ങിക്കിടക്കുന്ന ഒരുത്തനല്ല ഇയാൾ.
ഇയാൾ കുറച്ചൊക്കെ ലോകം ചുറ്റിക്കണ്ടവനാണ്. ഉത്തരേന്ത്യയിലെ ഏതൊക്കെയോ ഉൾനാടൻ പട്ടണങ്ങളിൽ ഇയാൾ ഒത്തിരിക്കാലം ജീവിച്ചിട്ടുണ്ട്. അങ്ങേയറ്റം പരുക്കനായ, കഠിനമായ ജീവിതസാഹചര്യങ്ങൾ അവിടയൊക്കെ അയാൾ താണ്ടിയിട്ടുണ്ട്. തരിമ്പും ദയയില്ലാത്ത മഹാമുഷ്കന്മാരായ ഓരോ കോൺട്രാക്ടർമാരുടെ കീഴിൽ എല്ലുമുറിയെ പണിയെടുത്താണ് അയാൾ ജീവിച്ചത്. പക്ഷേ, അത്രയും മല്ലിട്ടിട്ടും അയാൾക്ക് ജീവിതം ഒന്നും തിരികെ നൽകിയില്ല.
മോനേ എന്ന് ആരെേയാ അയാൾ വിളിക്കുന്നത് സ്വന്തം മകനെയാകാൻ ഒരു തരവുമില്ല. സത്യത്തിൽ, മറുഭാഗത്ത് ആരെങ്കിലും ഉണ്ടോ എന്നുതന്നെ സംശയം തോന്നുന്നുണ്ട്. ഫോൺ ചെവിയിലേക്ക് ചേർത്തുവെച്ച് വെറുതെ സ്വയം അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കാമല്ലോ. ചില സന്ദർഭങ്ങളിൽ ഞാൻതന്നെ ഇങ്ങനെ ചെയ്തിട്ടുള്ളതല്ലേ!
ഈ ഒരുദിവസവും യാത്രയും അയാൾ എങ്ങനെയോ സ്വരുക്കൂട്ടിയെടുത്തതാണ്. ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ഏതാനും മണിക്കൂറുകൾ...
അപ്പോൾ അയാൾതന്നെ അത് പറയുന്നത് കേട്ടു, ''എടാ മോനേ എന്തൊരു സുഖകരമായ കാറ്റാണെന്നോ നമ്മടെ മൊഖത്തും ദേഹത്തും വന്ന് തട്ടുന്നത്. സ്വർഗത്തിലെ കാറ്റ്. അപ്പുറോം ഇപ്പുറോം കരകളില് നെൽപാടങ്ങൾ... ങാ, പിന്നെ എന്നോ അസുഖം വന്ന് മണ്ടപോയ തലയില്ലാ തെങ്ങുകളുടെ വിശാലമായ തോപ്പുകൾ. പുല്ലിന്റെ വലിയ പരപ്പുകളും തിട്ടകളും... ഇവിടുന്നെല്ലാം കാറ്റിങ്ങിറങ്ങി വരുകാ. ഒരു തിരക്കുമില്ലാതെ ഈ ബോട്ടിന്റെ സൈഡ്സീറ്റിലിരുന്ന് ഈ കാറ്റങ്ങോട്ട് കൊള്ളുന്നേന്റെ സുഖം... ബഹുത്ത് മജ... എന്റെ ജീവിതത്തില് ഞാനിത്രേം സുഖമറിഞ്ഞിട്ടില്ലടാ... ഓ, പെണ്ണുങ്ങള്. ഒരുത്തിയെക്കൊണ്ടും ഇത്രേം സുഖംതരാൻ പറ്റുകേലടാ. നേര് പറഞ്ഞാ, തുണിയൊന്നുമുടുക്കാതെ ഈ ബോട്ടിലിങ്ങനെ ഇരിക്കണം, എന്നിട്ട് കാറ്റിന് നമ്മളെ മൊത്തത്തിലങ്ങ് വിട്ടുകൊടുത്തോണം. കാറ്റ് ബാക്കി പണി എടുത്തോളും... ഹ... ഹ.... ഹ...ഹ...''
അയാൾ ഉന്മാദലഹരിയിലെന്നോണം ഉച്ചത്തിൽ ചിരിച്ചു.
സത്യമാണ് അയാൾ പറയുന്നതത്രയും. തന്റെ തോന്നലുകൾ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുകൂവാൻ കഴിയുന്ന അയാളോട് എനിക്ക് ശകലം അസൂയ തോന്നി.
ഞാൻ ബോധപൂർവം അയാളിൽനിന്ന് ശ്രദ്ധ തിരിച്ച് പുറംകാഴ്ചകളിൽ കണ്ണും മനസ്സും നടാൻ ശ്രമം നടത്തി. സത്യത്തിൽ, ഇപ്പോഴാണ് ബോട്ട് വിശാലമായ കായൽപരപ്പിലേക്ക് എത്തുന്നത്. ആഴം പേറുന്ന ഓളങ്ങൾക്കുമേലെ ബോട്ടിനും പുതിയൊരു ഊർജം വന്നതുപോലെ. ഇതേവരെയുണ്ടായിരുന്ന പോളക്കൂട്ടങ്ങളുടെ ശല്യവും ഒഴിഞ്ഞിരിക്കുന്നു.
ബോട്ട് ഏതോ ചെറിയ ജെട്ടിയിലേക്ക് അടുത്തു. അവിടെ നാട്ടിൻപുറത്തുകാർ എന്നുതോന്നുന്ന പ്രായംചെന്ന ഒരു പുരുഷനും സ്ത്രീയും കാത്തുനിൽപുണ്ട്. ബോട്ട് ജീവനക്കാർ അനായാസം വടം ജെട്ടിയിലെ തൂണിൽ എറിഞ്ഞുപിടിപ്പിച്ച് ബോട്ടിനെ അങ്ങോട്ടേക്ക് അടുപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ടുപേർ അവിടെ ഇറങ്ങി. കാത്തുനിന്നവർ അകത്തുകയറുകയും ചെയ്തു. വീണ്ടും ബോട്ട് നീങ്ങിത്തുടങ്ങി.
പുതിയതായി പ്രവേശിച്ചവർക്ക് ടിക്കറ്റ് മുറിച്ചുകൊടുത്ത ശേഷം കണ്ടക്ടർ വീണ്ടും ഡ്രൈവറും മറ്റു ജോലിക്കാരും ഉള്ള പിൻഭാഗത്തേക്ക് പോയി.
കാറ്റ് അതിന് നൽകാൻ കഴിയുന്ന സുഖദലഹരിയുടെ അങ്ങേയറ്റം നൽകിക്കൊണ്ട് ബോട്ടിലേക്ക് പതഞ്ഞൊഴുകി. ഇതിനേക്കാൾ സ്വച്ഛതയുള്ള, സ്വതന്ത്രമായ, ആനന്ദകരമായ ഒരനുഭവം എന്റെ ജീവിതത്തിൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഈ കാറ്റത്രയും കായലത്രയും എനിക്ക് ഉള്ളിലേക്കെടുക്കണം. ഒരു തുള്ളിപോലും, ഒരു കണികപോലും നഷ്ടപ്പെടാതെ...
പക്ഷേ, അധികനേരം എനിക്കങ്ങനെ അയാളെ അവഗണിച്ചുകൊണ്ട് ഇരിക്കാനായില്ല. അപ്പോഴേക്കും മൊബൈലിലേക്കുള്ള അയാളുടെ സംസാരം എല്ലാറ്റിനും മേലേ എന്റെയും ഉള്ളിലേക്ക് ശക്തിയോടെ അടിച്ചുകയറി.
''അരേ ബയ്യാ, ഇപ്പം ഞാനനുഭവിക്കുന്ന ഒരു സുഖമുണ്ടല്ലോ, അത് പറഞ്ഞുതരാനൊന്നും പറ്റില്ല. സത്യം പറയാലോ, ഇപ്പം ഈ നിമിഷം മരിച്ചുപോയാൽ അതിനേക്കാൾ വലിയൊരു ഭാഗ്യമില്ല. സന്തോഷത്തിന്റേം സുഖത്തിന്റേം അവസാനത്തെ അതിരിലാണ് ഞാനിപ്പോൾ. ഓ, ഇപ്പഴങ്ങ് മരിച്ചാ മതിയാരുന്നു.'' ഞാൻ അൽപം വേവലാതിയോടെ ചുറ്റിലും ശ്രദ്ധിച്ചു. ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ! നടുക്കായലിൽ ബോട്ടിലിരുന്ന് ഇപ്പോൾ മരിക്കാൻ പ്രാർഥിക്കുന്ന ഇയാളെ ഇതുകേട്ട് ആരെങ്കിലും കൈ വെച്ചില്ലെങ്കിൽ ഭാഗ്യമെന്നേ പറയാനാകൂ.
എന്നാൽ, മറ്റു യാത്രക്കാരെല്ലാം ബോട്ടിന്റെ മുൻപാതിയിലാണ്. അവരാരും ഇത് ശ്രദ്ധിക്കുന്നതേ ഇല്ല. ബോട്ട് ജീവനക്കാരാകട്ടെ പിന്നിലുമാണ്. ആശ്വാസം!
ഉച്ചവെയിലിൽ ആഴത്തിന്റെ കരുത്തോതി കായൽവെള്ളം ഓളംവെട്ടി കറുത്ത് കിടക്കുന്നു. ഓളങ്ങളുടെ താരാട്ടിൽ, ഒരമ്മയുടെ സ്നേഹം ഊറുന്ന തൊട്ടിലാട്ടിലിൽ എന്നപോലെ ബോട്ട് കുറുകിയ ശബ്ദത്തോടെയും കൊഞ്ചലാട്ടത്തോടെയും മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഒപ്പം കാറ്റിന്റെ താരാട്ടും ചേർന്നു.
എപ്പോഴാണ് ഞാൻ നല്ലൊരു മയക്കത്തിലേക്ക് വഴുതിവീണതെന്ന് ഒരുപിടിയും കിട്ടുന്നില്ല. എങ്ങനെയോ ഇപ്പോൾ ഞെട്ടി ഉണർന്നിരിക്കുന്നു.
ബോട്ട് കായൽപരപ്പിലൂടെ താളത്തിൽ മുന്നേറുകതന്നെയാണ്. ഇപ്പോൾ പലയിടത്തും ഹൗസ്ബോട്ടുകൾ ചുറ്റിനും കാണുന്നുണ്ട്. ഇവിടെ ബോട്ടിൽ, ഏതാനും ആളുകൾകൂടി ഏതോ ജെട്ടികളിൽനിന്ന് കയറിയിട്ടുണ്ടെന്ന് തോന്നുന്നു.
അടുത്തനിമിഷം അതെന്റെ ശ്രദ്ധയിൽപെട്ടു. ആ മനുഷ്യൻ അയാളുടെ സീറ്റിൽ ഇല്ല. ങ്ങേ... അയാൾ ഇതെവിടെ പോയിരിക്കുന്നു. മുൻഭാഗത്ത് എങ്ങുമില്ല. പിന്നിൽ എൻജിൻഭാഗത്തേക്ക് നോക്കിയെങ്കിലും ഒറ്റനോട്ടത്തിൽ കണ്ടില്ല.
പക്ഷേ, എൻജിനോട് ചേർന്നുള്ള ഒരു വലിയ തട്ടിന് പിന്നിലുള്ള ഭാഗം ഇവിടെയിരുന്ന് നോക്കിയാൽ കാണാനാവില്ല. ഒരുപക്ഷേ, അയാൾ വെറുതെ അങ്ങോട്ട് പോയിട്ടുണ്ടാകും എന്ന് ചിന്തിച്ച് ഞാൻ കായൽക്കാഴ്ചകളിൽ മുഴുകാൻ ശ്രമിച്ചു. ഹൗസ്ബോട്ടുകളിൽ പണക്കാരായ അതിഥികളുടെ പലതരം ഉല്ലാസങ്ങൾ തെഴുത്തുമറിയുന്നത് നിമിഷകാഴ്ചകളായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ആൺകുട്ടികൾ മാത്രമടങ്ങുന്ന മദ്യപാന സംഘങ്ങൾ, പ്രായമായവരും കുട്ടികളും അടങ്ങുന്ന കുടുംബസവാരിക്കാർ, പാതി നഗ്നതയും പുറത്ത് കാണുംവിധം വേഷവിധാനങ്ങളോടുകൂടി പെൺകുട്ടികൾ ഉൾപ്പെട്ട യുവസംഘങ്ങൾ, മിഥുനങ്ങൾ, പാട്ടിനൊത്തുള്ള അവരുടെ നൃത്തം... മയക്കത്തിന് മുമ്പുണ്ടായിരുന്ന കായൽക്കാഴ്ചകൾ അല്ല ഇപ്പോൾ.
എട്ടുപത്തു മിനിറ്റ് ഇങ്ങനെ ഇരുന്നെങ്കിലും പിന്നെ എനിക്കിരിപ്പുറച്ചില്ല. ഞാൻ എഴുന്നേറ്റ് പിൻഭാഗത്തേക്ക് നടന്നു.
പക്ഷേ, അയാൾ അവിടെയും ഇല്ലായിരുന്നു. ഡ്രൈവർ ഉൾപ്പെടെയുള്ള നാല് ബോട്ട് ജോലിക്കാർ മാത്രമാണ് അവിടെയുള്ളത്. ഒരാൾ ഡ്രൈവറുമായി വർത്തമാനത്തിലാണ്. കണ്ടക്ടറും മറ്റേയാളും തങ്ങളുടെ മൊബൈലുകളിൽ സംസാരത്തിലാണ്.
അപ്പോൾ...
അയാൾ ഈ ബോട്ടിലെവിടെയുമില്ല.
ഞാൻ വെറുതെയിങ്ങനെ പിന്നിൽ വന്ന് നിൽക്കുന്നത് ശ്രദ്ധിച്ചിട്ടാവണം, കണ്ടക്ടർ തെല്ല് ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി. ചെറുതായി ഒന്ന് ചിരിച്ചിട്ട് ഞാൻ എന്റെ സീറ്റിലേക്ക് നടന്നു.
പക്ഷേ, കായലിലേക്കും ഓരങ്ങളിലേക്കും നോക്കിയിരുന്നെങ്കിലും ഒരു പൊറുതികേട് എന്നിൽ പെരുകി. ആലപ്പുഴയിലേക്ക് യാത്ര തിരിച്ചയാളാണ് ആ മനുഷ്യൻ, അതും അത്രമേൽ ഓരോ നിമിഷവും കോരിക്കുടിച്ചാസ്വദിച്ചുള്ള കായൽയാത്ര. അങ്ങനെ ഒരാൾ ഇടക്ക് ഏതെങ്കിലും ജെട്ടിയിലിറങ്ങി യാത്ര അവസാനിപ്പിക്കുക എന്നത് അചിന്തനീയമാണ്.
അങ്ങനെയെങ്കിൽ...
മുന്നേ അയാൾ പറഞ്ഞ വാക്കുകൾ എനിക്ക് ചുറ്റിനും അലയടിച്ചു.
''...സത്യം പറയാലോ, ഇപ്പം ഈ നിമിഷം മരിച്ചുപോയാൽ അതിനേക്കാൾ വലിയൊരു ഭാഗ്യമില്ല. സന്തോഷത്തിന്റേം സുഖത്തിന്റേം അവസാനത്തെ അതിരിലാണ് ഞാനിപ്പോൾ. ഓ, ഇപ്പോഴങ്ങ് മരിച്ചുപോയാ മതിയാരുന്നു....''
പൊടുന്നനെ, കായൽവെള്ളത്തിലെ മീൻകുതിപ്പ് പോലെ എന്റെ ചിന്ത ഒന്ന് കുതിച്ചു.
അതേ, അയാൾ കായലിൽ സ്വയം തന്റെ ജീവനൊടുക്കിയിരിക്കുന്നു, ആരുടെയും ശ്രദ്ധയിൽപെടാതെ. ആകെ തോറ്റുപോയ തന്റെ ജീവിതത്തിൽ ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ആ നിലക്ക് ഏറ്റവും വലിയ സന്തോഷത്തിന്റെ, സുഖത്തിന്റെ ഉച്ചിയിൽവെച്ച് അയാൾ തന്റെ ജീവൻ ഒടുക്കാൻ തീരുമാനിച്ചു... അതേ, ഇതല്ലാതെ ഇപ്പോൾ അയാൾ ഈ ബോട്ടിൽ ഇല്ലാത്തതിന് മറ്റൊരുത്തരമില്ല.
പക്ഷേ, അങ്ങനെ സംഭവിക്കണമെങ്കിൽ ബോട്ടിനകത്തെ അവസ്ഥ അതിന് ചേർന്നുവരണം!
ഞാൻ ഏറെ ശ്രദ്ധയോടെ ചുറ്റുപാടും നോക്കി. നടുഭാഗത്തെ വാതിലിനിടനാഴിക്ക് പിന്നിൽ ഞാനല്ലാതെ മറ്റാരും ഇപ്പോഴും ഇല്ല. മുൻഭാഗത്തുള്ള യാത്രക്കാർ ചിലർ തമ്മിൽ സംസാരിക്കുന്നുണ്ട്. മറ്റുള്ളവർ മയക്കത്തിലോ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്ന മട്ടിലോ ആണ്. അവരുടെയൊന്നും കാഴ്ചയോ ശ്രദ്ധയോ പിന്നിലേക്കില്ല.
ഇനിയുള്ളത് നാല് ബോട്ട് ജീവനക്കാരാണ്. അവരിൽ, ഡ്രൈവർ ഒഴികെ മൂന്നുപേരും ഇടക്ക് ഓരോ ആവശ്യത്തിന് മുന്നിലേക്ക് വരേണ്ടവരാണ്. എന്നാൽ, ഇപ്പോഴെന്നതുപോലെ അവർ പിന്നിൽതന്നെ തങ്ങുന്ന കുറേ വേളകളുമുണ്ട്.
ഡ്രൈവർ ചക്രത്തിൽ കൈവെച്ച് മുന്നോട്ട് ആഞ്ഞാണ് നിൽക്കുന്നതെങ്കിലും ഇടക്ക് അയാളുടെ ശ്രദ്ധയും മാറിപ്പോകാനുള്ള അവസരങ്ങളുണ്ടാകില്ലേ! ഇതാ, ഇപ്പോൾ അയാൾ അൽപമൊന്ന് ചരിഞ്ഞ് തന്റെ മൊബൈലിൽ സംസാരത്തിലാണ്. ബോട്ട് തടസ്സം കൂടാതെ ഓടുന്നതിനപ്പുറം ഉള്ള ഒരു ശ്രദ്ധ പൂർണമായി മുന്നിലേക്കുണ്ടാകുമോ... മറ്റു മൂന്നുപേരുടെയും മുന്നിലേക്കുള്ള കാഴ്ച നന്നായി മറയാനുള്ള വക പിന്നിലുണ്ടുതാനും.
അങ്ങനെ, എല്ലാം ഒത്തുവരുന്ന ഒരു മുഹൂർത്തത്തിൽ ആ മനുഷ്യന് വാതിലിനോടുള്ള സീറ്റിൽനിന്ന് ശാന്തമായി എഴുന്നേറ്റ് വാതിൽപടിയുടെ കെട്ടിലിരുന്ന ശേഷം സാവധാനം വെള്ളത്തിലേക്ക് ഊർന്നുവീഴാവുന്നതേയുള്ളൂ. ഏതാനും നിമിഷങ്ങേള ആകെ വേണ്ടൂ. അതിനകം ആരുടെയെങ്കിലും ശ്രദ്ധ പതിയും മുന്നേ അയാൾക്ക് തന്റെ ലക്ഷ്യം സാധിച്ചിരിക്കാം.
എന്നാലും ബോട്ടുജീവനക്കാരോട് ഒന്ന് സംസാരിച്ച് ഉറപ്പുവരുത്തിയാലോ... ഒന്നാലോചിച്ചിട്ട് ഞാൻ വീണ്ടും പിന്നിലേക്ക് നടന്നു.
കണ്ടക്ടർക്ക് സമീപമെത്തി ഞാൻ ചോദിച്ചു: ''സാറേ, അവിടെ വാതിലിനടുത്ത് ആലപ്പുഴ വരെ പോകാനുള്ള ഒരാൾ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആൾ ഇതിലില്ല...'' ബാക്കി എനിക്ക് ഒന്നുംപറയാനാവാതെ വന്നു.
കണ്ടക്ടർ പിടികിട്ടായ്മയോടെ എന്നെ നോക്കി. ''അല്ല, അങ്ങേര് എവിടെപ്പോയെന്നു മനസ്സിലാവുന്നില്ല. മൊൈബലിക്കൂടെ ആരോടോ ഭയങ്കര ജോളിയായിട്ട് ആലപ്പുഴ വരെയുള്ള ബോട്ട് യാത്രയെക്കുറിച്ച് വർത്തമാനം പറയുന്നുണ്ടാരുന്നു. അതുകൊണ്ടാ'' ഞാൻ ചെറുതായി വിശദീകരിച്ചു.
ഇപ്പോൾ കണ്ടക്ടറും മറ്റു രണ്ടുപേരും പരസ്പരം ഒന്ന് നോക്കുന്നത് ഞാൻ കണ്ടു.
മൂവരിൽ പ്രായം കൂടുതൽ തോന്നിക്കുന്ന ഒരാൾ ചോദിച്ചു: ''അങ്ങനാണേല് പിന്നെ അയാള് എന്നാ ചെയ്തെന്നാ പറേന്നത്?''
ഇനി ആ സംശയം തുറന്നുപറയുക എന്നത് മാത്രമാണ് അടുത്ത പടി. ഒന്ന് ശ്വാസമെടുത്തിട്ട് ഞാൻ പറഞ്ഞു: ''സാറേ, കൊറച്ച് മുന്നേ മൊബൈലിക്കൂടെ അയാള് ഒരുകാര്യം പറയുന്നത് കേട്ടാരുന്നു. അങ്ങേയറ്റം സന്തോഷമുള്ള ഈ നിമിഷം അങ്ങ് മരിച്ചാൽ അതിനേക്കാൾ വല്യ ഭാഗ്യമില്ല എന്നതരം വർത്തമാനം. അത് കഴിഞ്ഞ് ഞാനൊന്ന് മയങ്ങി. പിന്നെ നോക്കുമ്പം ആളില്ല. അങ്ങനെ വന്നപ്പം ഒരു സംശയം... ആരും കാണാതെ പുള്ളിക്കാരൻ കായലിലോട്ട് ചാടിയോന്ന്!''
ഇത്രയും പറഞ്ഞുതീർന്നതും മൂവരുടെയും മുഖത്ത് ആകെ അന്തംവിട്ട ഭാവം നിറഞ്ഞു. എന്നാൽ, അത് അധികനേരം നീണ്ടുനിന്നില്ല. പിന്നൊരു കൂട്ടച്ചിരിയായിരുന്നു.
അപ്പോൾ ഡ്രൈവറുടെ സ്വരം ഉയർന്നു.
''ഏ എന്നതാ അവിടെ വല്യ ഒരു തമാശ!''
''കിടിലൻ സംഭവമാ. ദാ പറയാം'' എന്ന് ഉച്ചത്തിൽ പറഞ്ഞിട്ട് ഏറ്റവും പ്രായം കുറഞ്ഞ ബോട്ട്ജോലിക്കാരൻ ഡ്രൈവർക്കടുത്തേക്ക് ചെന്ന് കാര്യങ്ങൾ വിശദീകരിച്ചു. അതോടെ ഡ്രൈവറും ആ ചിരിയിലേക്ക് പങ്കുചേർന്നു.
ഡ്രൈവർ അൽപം പിന്നിലേക്ക് വലിഞ്ഞുനിന്നിട്ട് എന്നോട് ചോദിച്ചു: ''സഹോദരാ, രണ്ടെണ്ണം സ്വയമ്പൻ വല്ലോ വിട്ടിട്ടാണോ ബോട്ടേൽ കയറിയത്?''
അത് കേട്ടതും ഞാൻ ഒന്ന് തർക്കിക്കാൻ മുതിർന്നു. എല്ലാവരോടുമായി ഞാൻ ചോദിച്ചു: ''അങ്ങനെയെങ്കിൽ ആ മനുഷ്യൻ ഏതേലും ജെട്ടീലിറങ്ങുന്നത് നിങ്ങളാരെങ്കിലും കണ്ടോ?''
കണ്ടക്ടറാണ് മറുപടി നൽകിയത്. ''അതിപ്പം ഓരോ യാത്രക്കാരനും കൃത്യം എവിടെ ഇറങ്ങി എന്നൊന്നും ഞങ്ങള് ശ്രദ്ധിച്ചെന്ന് വരുകേലാ. പലര് വന്നു കയറുന്നു, ഇറങ്ങുന്നു. അതിനെടേല് ആരെങ്കിലും ഒരാള് ഏതെങ്കിലും ജെട്ടീല് ഇറങ്ങിയാല് ആരറിയുന്നു.''
ഡ്രൈവർ വീണ്ടും ഇടപെട്ടു: ''എന്റെ പൊന്നു സഹോദരാ, ഞങ്ങളാരുടേം കണ്ണിൽപെടാതെ നിങ്ങള് പറയുന്നതുപോലെ ആർക്കും ഇതീന്ന് വെള്ളത്തിലേക്ക് ചാടാനൊന്നും പറ്റുകേല. ഏതാണ്ട് 30 വർഷമായി ഞാൻ സ്രാങ്ക് പണി തുടങ്ങിയിട്ട്. ഈശ്വരാധീനംകൊണ്ട് നാളിതുവരെ ഒരപകടോം പറ്റീട്ടില്ല. നിങ്ങള് ദയവുചെയ്ത് സ്വസ്ഥമായിട്ട് സീറ്റേല് പോയിരിക്ക്.''
അപ്പോൾ പ്രായം ചെന്ന ജീവനക്കാരൻ പറഞ്ഞു: ''അയാള് ആലപ്പുഴ വരെ പോകാൻ തന്നെയായിരുന്നിരിക്കും. പക്ഷേ, മനുഷ്യന്റെ കാര്യമല്ലേ, കരേലിറങ്ങണ്ട വല്ല അത്യാവശ്യം വന്നുകാണും. ചിലപ്പം തൂറാൻമുട്ടിക്കാണും...''
വീണ്ടും ചിരിയുടെ അലകൾ ഉയർന്നു.
ഇനി ഇവരോട് സംസാരിച്ച് നിന്നിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നും മിണ്ടാതെ മുന്നിലേക്ക് നടക്കാൻ തിരിഞ്ഞു.
അപ്പോഴാണ് കണ്ടക്ടർ അത് പറഞ്ഞത്.
''അയാള് ആരും ശ്രദ്ധിക്കാത്തവിധം ആത്മഹത്യ ചെയ്ത് കാണുമെന്ന് ഭായ് പറയുന്നു. അങ്ങനെ എങ്കി ആരും ശ്രദ്ധിക്കാത്ത തക്കം നോക്കി ഭായി അയാളെ വെള്ളത്തിലോട്ട് തള്ളി തട്ടിക്കളഞ്ഞതാണെന്ന് പറഞ്ഞാലോ!''
നിന്നനിൽപിൽ ഞാൻ ഒരു നിമിഷം പുകഞ്ഞുപോയി. വീണ്ടും കൂട്ടച്ചിരി ഉയരുമ്പോൾ, ഞാൻ സീറ്റിലേക്ക് നടന്നു.
യാത്രയുടെ അവസാനമായിത്തുടങ്ങുകയാണ്. കായലിന്റേതായ ആനന്ദങ്ങളെല്ലാം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇപ്പോൾ പ്രത്യേകതകളൊന്നുമില്ലാത്ത പുറംകാഴ്ചകൾ മാത്രം.
എനിക്കിപ്പോൾ ഉറപ്പ് തന്നെയുണ്ട്. ബോട്ടുകാര് പറയുന്നത് പോലെയൊന്നുമല്ല. കായൽയാത്ര തന്ന ആനന്ദത്തിന്റെ കൊടുമുടിയിൽ വെച്ചുതന്നെ അയാൾ എല്ലാം അവസാനിപ്പിച്ചതാണ്.
അപ്പോൾ വല്ലാത്ത നിസ്സഹായതയോടെയും ആത്മനിന്ദയോടെയും ഒരു ചിന്ത എന്നിൽ മുളപൊട്ടി. അത് തന്നെയല്ലേ ഞാനും ചെയ്യേണ്ടിയിരുന്നത്. ഈ കായൽയാത്രയുടെ നിമിഷങ്ങൾ നൽകിയ ആനന്ദമോ സാന്ത്വനമോ ജീവിതത്തിൽ മറ്റൊന്നിലും എനിക്ക് കാണാൻ കഴിയുന്നില്ല. ഈ അനുഭവത്തിന്റെ നെറുകയിൽ ജീവിതം തീരേണ്ടതായിരുന്നു.
ബോട്ടുകാരുടെ ഒരുതരം കളിയാക്കൽ നോട്ടങ്ങളും ചിരികളും വാക്കുകളും അവഗണിച്ച് ആലപ്പുഴ ജെട്ടിയിൽ മറ്റു യാത്രക്കാർക്കൊപ്പം ഞാനും ഇറങ്ങി. ഇനി വേഗം ബസ് സ്റ്റാൻഡിലേക്ക് നടന്ന് അവിടെനിന്ന് നാട്ടിലെത്താനുള്ള ബസ് പിടിക്കണം. ശൂന്യമായ മനസ്സോടെ അൽപം നടന്നുകഴിഞ്ഞപ്പോഴാണ് ഇരുപതോ ഇരുപത്തിയൊന്നോ വയസ്സുള്ളപ്പോൾ ഞാൻ എഴുതിയ ഒരു കഥയുടെ അവസാന വരികൾ എന്നെ വന്നുതൊട്ടത്.
അന്ന് ശകലം മിച്ചം പണം ഉണ്ടാക്കി അടുത്ത ഒരു കൂട്ടുകാരനുമൊത്ത് കുമരകം വരെ പോയിരുന്നു. അത് വിനോദസഞ്ചാര കച്ചവടമൊക്കെ കുമരകത്തേക്ക് ആർത്തലച്ച് വരുന്നതിനുമുമ്പുള്ള കാലമായിരുന്നു. കായലോരത്തെ സായ്പിന്റെ പഴയ ബംഗ്ലാവും ദേശാടനപ്പക്ഷികൾ എമ്പാടും കൂടുകൂട്ടുന്ന സായ്പിന്റെ റബർത്തോട്ടവും കായലും കണ്ട്, ഒരു ഷാപ്പിൽനിന്ന് നല്ലിളംകള്ളും കപ്പയും കൊഞ്ചുകറിയും ഒക്കെ കഴിച്ചർമാദിച്ച ഒരു നല്ല ദിവസമായിരുന്നു അത്. പകൽവെളിച്ചം മങ്ങിത്തുടങ്ങുമ്പോൾ, കായലിനരികെയുള്ള വിശാലമായ പാടശേഖരത്തുവെച്ചാണ് ആ കാഴ്ച കണ്ടത്.
പാടങ്ങൾക്ക് നടുവിലൂടെ നീണ്ടുകിടക്കുന്ന ഒരു വരമ്പിലൂടെ ഒരു പെൺകുട്ടി ഒറ്റക്ക് നീളൻപാവാടത്തുമ്പ് കൈകൊണ്ട് അൽപം ഉയർത്തിപ്പിടിച്ച് നടന്നുപോകുന്നു. അവൾ നടന്നുപോകുന്നതിനപ്പുറം വീടുകളൊന്നും കാണാനേ ഉണ്ടായിരുന്നില്ല. ഒരു ഭാഗത്ത് അസ്തമനത്തിന്റെ ചുവപ്പ് ഏറ്റുവാങ്ങാൻ തുടങ്ങി ഓളംമെടയുന്ന കായൽ.
ആ വരമ്പും പെൺകുട്ടിയുടെ നടത്തവും ഏതോ അനന്തതയിലേക്ക് നീളുന്നതുപോലെ തോന്നി.
തിരിച്ച് പരക്കത്താനത്തെ കുന്നിൻചരിവിലുള്ള എന്റെ ചെറിയ പാവം വീടിന്റെ മൂലയിലിരുന്ന്, ആ രാത്രിതന്നെ മൂട്ടവിളക്കിന്റെ വെളിച്ചത്തിൽ ഞാൻ ആ കഥ എഴുതിത്തുടങ്ങി.
കഥ തുടങ്ങുമ്പോഴേ പേര് എനിക്ക് തിട്ടമായിരുന്നു.
'ഭൂമിയുടെ അതിരിൽ'
ആ കഥ മറ്റു പലതിനുമൊപ്പം എന്നിൽനിന്ന് എന്നേ നഷ്ടമായിപ്പോയിരുന്നു. പക്ഷേ, എത്രയോ കാലത്തിനുശേഷം അവസാന വരികൾ ഇപ്പോഴും നന്നായി ഓർമവന്നിരിക്കുന്നു.
-ഇത് ഭൂമിയുടെ അതിരാണ്. പകലിന്റെ മട മുറിഞ്ഞുതുടങ്ങുകയാണ്. ഇരുളിപ്പോൾ കുത്തിയൊലിച്ച് വരും. അതിനുമുമ്പായുള്ള സ്വർണവെളിച്ചം അതിരിൽ പടരുമ്പോൾ പെൺകുട്ടി അങ്ങോട്ടേക്ക് നടക്കുകയാണ്. അതിനപ്പുറം മറ്റേതോ ജലരാശിയാണ്. അവിടെ നൈർമല്യവും സ്നേഹവും സന്തോഷവും മാത്രം അലയടിക്കുന്നു.
അവൾക്കൊപ്പം എനിക്കും അങ്ങോട്ട് പോകാനായെങ്കിൽ. ഇല്ല, അതിന് കഴിയുന്നില്ല. എനിക്കത് വിധിച്ചിട്ടില്ല. ഭൂമിയുടെ അതിരിനപ്പുറം പെൺകുട്ടി നടന്നുമറയുന്നത് ഞാൻ നോക്കിനിന്നു. ഇരുൾ ആർത്തലച്ച് വരുകയായി.
മുപ്പതിന് മേലേ വർഷങ്ങൾക്കപ്പുറത്ത് എഴുതിയ ഈ കഥക്കുശേഷം പിന്നീടൊരിക്കലും ഒന്നും എനിക്ക് എഴുതാൻ കഴിഞ്ഞിട്ടില്ല.
ബസ് സ്റ്റാൻഡ് എത്തിയിരിക്കുന്നു. അതിനുള്ളിലേക്ക് കടക്കാൻ തുടങ്ങിയതും കായൽവാരത്തുനിന്ന് ഓടിവന്ന ശകലം തണുപ്പുള്ള ഒരു കാറ്റ് എന്നെ ഒന്ന് ചുറ്റിപ്പിടിച്ചു.
l