രണ്ടു പതിറ്റാണ്ടിന്റെ കുടിലതകൾ, കള്ളങ്ങൾ
ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയിട്ട് മാർച്ച് 19ന് 20 വർഷം തികഞ്ഞു. അധിനിവേശം ‘മാധ്യമ’ത്തിനായി റിപ്പോർട്ട് ചെയ്ത, നയതന്ത്ര നീക്കങ്ങൾ അടുത്തുനിന്നറിഞ്ഞ ലേഖകൻ അതേപ്പറ്റി എഴുതുന്നു.
ഇറാഖിൽ യാങ്കികൾ കടന്നുകയറിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഒരായിരം നുണകൾ, കുടിലനീക്കങ്ങൾ, ഒടുവിൽ അധിനിവേശം. ഒന്നും ഓർമകളിൽനിന്ന് മാഞ്ഞിട്ടില്ല. യുദ്ധം ആരംഭിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് ബഹ്റൈനിൽനിന്ന് കുവൈത്തിൽ എത്തിയിരുന്നു. ആരുടെെയങ്കിലും നയതന്ത്രനീക്കം വിജയം കണ്ടേക്കുമെന്നും അതിലൂടെ യുദ്ധം ഒഴിവാകുമെന്നും നേർത്ത പ്രതീക്ഷ മാത്രം.
എന്നാൽ, കുവൈത്തിലെ യു.എസ് സൈനിക ചുവടുകൾ എല്ലാം ഉറപ്പിച്ചുതന്നെയായിരുന്നു. ഗൾഫിലെ വ്യോമ, നാവിക താവളങ്ങളിലേക്ക് അസംഖ്യം സൈനികരും സന്നാഹങ്ങളും വന്നുകൊണ്ടിരുന്നു. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ എന്നതിൽ മാത്രം ലക്ഷ്യം ഒതുങ്ങില്ല എന്നുകൂടി വ്യക്തമായിരുന്നു. ഇറാഖിനെ പൂർണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക. അതാണ് സൈനിക മുറികളിൽ പാകപ്പെട്ട പദ്ധതിയെന്ന് തെളിഞ്ഞു. കുവൈത്തിലെത്തിയ പടിഞ്ഞാറൻ മാധ്യമപ്രവർത്തകർക്ക് അക്കാര്യത്തിൽ െതല്ലും സംശയം ഉണ്ടായിരുന്നില്ല.
മാർച്ച് 19ന്റെ പിറവിയിൽ ഇറാഖിനു നേർക്ക് ബോംബർ വിമാനങ്ങൾ ചീറി. അതിർത്തികളിലെ സുരക്ഷാ സംവിധാനങ്ങൾ തകർന്നു. ഒന്നു രണ്ടു നാൾക്കകംതന്നെ അതിർത്തി ഇല്ലാതായി. ഒരു രാജ്യത്തിന്റെ സുരക്ഷക്കൊപ്പം സ്വത്വവും വെല്ലുവിളി നേരിട്ട തീക്ഷ്ണ ദിനങ്ങളായിരുന്നു പിന്നീട് നേരിൽ കണ്ടതത്രയും.
സൈനിക ധാർഷ്ട്യം, രാഷ്ട്രീയ ലക്ഷ്യങ്ങൾ
സെപ്റ്റംബർ 11ന്റെ ഭീകരാക്രമണം എല്ലാ കടന്നാക്രമണങ്ങൾക്കുമുള്ള അടിസ്ഥാന ന്യായമായി മാറി. അഫ്ഗാനെ ആദ്യം കൈപ്പിടിയിൽ ഒതുക്കി. സെപ്റ്റംബർ 11 പല ലക്ഷ്യങ്ങളിലേക്കുള്ള വഴിനടത്തം കൂടിയായിരുന്നു അമേരിക്കക്ക്. ആയുധ, എണ്ണ വിപണികൾ സജീവമാക്കി നിർത്താനുള്ള അവസരം. ലോകത്തുടനീളമുള്ള 140ഓളം സൈനികതാവളങ്ങളുടെ ബലത്തിൽ നടന്ന ചുരമാന്തലായിരുന്നു ലോകം കണ്ടത്. ഇറാഖ് എല്ലാംകൊണ്ടും യാങ്കികൾക്ക് പാകമായി നിന്ന സമയം. വ്യാഴവട്ടം നീണ്ട ഉപരോധം. അതിലൂടെ തളർന്ന ഇറാഖ് സമ്പദ്ഘടനയും ജീവിതങ്ങളും. അന്തർദേശീയതലത്തിൽ രൂപപ്പെടുത്തിയ സമ്മർദതന്ത്രവും ഉപജാപക സംഘങ്ങളുടെ കുടിലനീക്കങ്ങളും യാങ്കികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഏറ്റവും വലിയ സൈനിക ക്യാമ്പായി ഇറാഖിനെ മാറ്റിയെടുക്കുക. ഇതായിരുന്നു അധിനിവേശത്തിലൂടെ അമേരിക്ക മുന്നിൽകണ്ട ലക്ഷ്യങ്ങളിലൊന്ന്. സ്ഥിരം വൈരിയായ ഇറാനെ പ്രതിരോധിക്കാൻ ഇറാഖിന്റെ സ്വാധീനം പ്രയോജനപ്പെടുത്തുക എന്നത് അനുബന്ധ ലക്ഷ്യവും. സദ്ദാം ഭരണത്തെ കടപുഴക്കി എന്നതിലപ്പുറം ഇറാഖിൽ ഒന്നും നടന്നില്ല.
യു.എൻ രക്ഷാസമിതിക്കു മുമ്പാകെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ പറഞ്ഞു: ‘‘സദ്ദാമിന്റെ പക്കൽ ഒന്നും രണ്ടുമല്ല, ഒരായിരം കൂട്ടനശീകരണായുധങ്ങൾ അവശേഷിക്കുന്നു. ഞങ്ങളുടെ പക്കൽ അതിനു വിശ്വസനീയമായ തെളിവുകൾ തന്നെയുണ്ട്.’’ ലോകം കൈയടിച്ചു.
2002 സെപ്റ്റംബർ 19ന് സദ്ദാം ഹുസൈൻ ഇറാഖ് വിദേശകാര്യ മന്ത്രി നാജി സബ് രി മുഖേന യു.എന്നിന് കത്ത് കൈമാറി. ഒരു നശീകരണായുധവും ഇല്ലെന്നായിരുന്നു സദ്ദാമിന്റെ സത്യവാങ്മൂലം. യു.എൻ രക്ഷാസമിതി പക്ഷേ, അതു പരിഗണിച്ചതേയില്ല. അത്രയും ശക്തമായിരുന്നു എതിർ വാദമുഖങ്ങൾ.
ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി ഉച്ചകോടിക്ക് ഖത്തർ വേദിയായി. യുദ്ധം തടയാനുള്ള അവസാന സന്ദർഭം ആയിരുന്നു അത്. ബഹ്റൈനിൽനിന്ന് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ ഖത്തറിൽ ചെന്നു. അവിടെ ഇറാഖിനുവേണ്ടി ശബ്ദിക്കാൻ ആരും ഉണ്ടായിരുന്നില്ല. സദ്ദാം അധികാരം ഒഴിയണം. അല്ലാതെയുള്ള പ്രശ്നപരിഹാരം സാധ്യമല്ലെന്ന യു.എസ് നിലപാട് ശരിവെക്കുകയായിരുന്നു മിക്ക അംഗരാജ്യങ്ങളും.
സദ്ദാം വിരോധം മാറി, പകരം യു.എസ് വിരോധം
2003 മാർച്ച് 19ന് രണ്ടാം ഗൾഫ് യുദ്ധം തുടങ്ങി. പേരിൽ തന്നെ എല്ലാം അടങ്ങിയിരുന്നു: ‘ഒാപറേഷൻ ഇറാഖി ഫ്രീഡം’. ഇറാഖിൽ ഉടനീളം യു.എസ് കവചിതവാഹനങ്ങളുടെ നീണ്ടനിര. സഫ്വാൻ എന്ന ഇറാഖ് ഗ്രാമത്തിലായിരുന്നു ആദ്യം ചെന്നെത്തിയത്. ഭക്ഷണവും വെള്ളവും മുടങ്ങിയ ഗ്രാമവാസികളുടെ ദൈന്യത നിറഞ്ഞ ഭാവങ്ങൾ. അതിനിടയിലും യു.എസ് പട്ടാളക്കാർക്കു നേരെ ഇറാഖി ജനതയുടെ മുഖങ്ങളിൽ നിറയുന്ന രൂക്ഷനോട്ടം ഉള്ളിൽ തറച്ചു. സദ്ദാം വിരോധികളായ വിഭാഗങ്ങൾപോലും അമേരിക്കൻ സൈന്യത്തോട് കലഹിക്കുന്ന ദൃശ്യങ്ങൾ ദക്ഷിണ ഇറാഖിൽ പലേടങ്ങളിലും കണ്ടു.
സദ്ദാം ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ജനത തങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ സ്വാതന്ത്ര്യത്തെ വീടുകളിലും തെരുവുകളിലും കൊണ്ടാടും എന്ന പ്രതീക്ഷ തെറ്റി. ദക്ഷിണ ഇറാഖിലെ ബസറയിലും നാസരിയ്യയിലും യു.എസ് സൈനിക നടപടികൾ ആളുകളെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഇറാഖ് സൈനികരോട് മാത്രമല്ല, പാവങ്ങളോടും ക്രൂരത നടന്നു. ദിവസങ്ങൾക്കുള്ളിൽ പ്രദേശം മുഴുക്കെ യു.എസ് സൈനിക നിയന്ത്രണത്തിലായിട്ടും ദക്ഷിണ ഇറാഖിൽ എന്തുകൊണ്ട് വെടിയൊച്ചകൾ എന്ന ചോദ്യം ഉയർന്നു. ഭാവിപ്രതിരോധത്തിന്റെ കൃത്യമായ സൂചനകൂടിയായിരുന്നു ആ വെടിയൊച്ചകൾ. ബഗ്ദാദിന്റെ വീഴ്ച എളുപ്പം യാഥാർഥ്യമായി. സ്വന്തം ആൾക്കാരെ മുന്നിൽ നിർത്തി പാവസർക്കാർ രൂപവത്കരണ നീക്കങ്ങൾ നടന്നത് ദക്ഷിണ ഇറാഖ് കേന്ദ്രീകരിച്ച്.
വിപ്രവാസ ഘട്ടത്തിൽ യു.എസിനുവേണ്ടി വിടുപണി ചെയ്ത അഹ്മദ് ശലബിയെയും മകളെയും അടുത്ത അനുയായികളെയും കണ്ടത് നാസരിയ്യയിലെ ക്യാമ്പിൽവെച്ചാണ്. യു.എസ് വിമാനത്തിലായിരുന്നു ഇവരെ അവിടെ കൊണ്ടുവന്നത്. പ്രാദേശിക ഗോത്രപ്രമുഖരുടെ പിന്തുണ തേടാൻ ശലബിയെ മുന്നിൽനിർത്തി യാങ്കി കളംനിറഞ്ഞു കളിച്ചു. ഡോളർ കെട്ടുകളും മേത്തരം സമ്മാനങ്ങളും ഗോത്രപ്രമുഖർക്ക് കൈമാറി. ഭാവി ഇറാഖിന്റെ അധികാരത്തിലെത്തിയ പ്രതീതിയായിരുന്നു അന്ന് കണ്ടപ്പോൾ അഹ്മദ് ശലബിയുടെ മുഖത്ത്.
യുദ്ധം ബാക്കിവെച്ചത് വേദനകൾ
പരിക്കേറ്റവരാൽ നിറഞ്ഞ ആശുപത്രികളും കബന്ധങ്ങളാൽ തിങ്ങിനിറഞ്ഞ മോർച്ചറികളും യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തി. ആശുപത്രികൾക്കു മുന്നിൽ അമേരിക്കയെയും ബുഷിനെയും പേരെടുത്തു പറഞ്ഞ് ശപിക്കുന്ന വൃദ്ധസ്ത്രീകളുടെ വിലാപങ്ങൾ. നജഫും കർബലയും താരതമ്യേന ശാന്തമായിരുന്നു. ബഗ്ദാദിൽ പക്ഷേ, യാങ്കിക്രൂരത എല്ലാ അതിരുകളും ലംഘിച്ചു.
അജ്ഞാത മൃതദേഹങ്ങളുമായി ശ്മശാനങ്ങളിലേക്ക് നീങ്ങുന്ന ടാക്സി വാഹനങ്ങൾ ആയിരുന്നു ആ ദിവസങ്ങളിലെ സങ്കടകരമായ ബഗ്ദാദ് കാഴ്ച. സ്ത്രീകളുടെ, കുട്ടികളുടെ, പ്രായമുള്ളവരുടെ ജഡങ്ങൾ ഒരു കഫൻതുണിയുടെ തണൽപോലും ഇല്ലാതെ ആശുപത്രികളുടെ അകത്തും പുറത്തും അലക്ഷ്യമായി കിടന്നു. വ്യാഴവട്ടം നീണ്ട ഉപരോധത്തിലൂടെ വേദനസംഹാരി മരുന്നുകൾവരെ വിലക്കി തീർത്തും ദരിദ്രമാക്കപ്പെട്ട ഒരു ജനതയെ യാങ്കി ‘മോചിപ്പിക്കുന്ന’ നേർദൃശ്യങ്ങളായി ഇന്നും ഉള്ളിൽ വിങ്ങലോടെ നിൽപുണ്ട് ആ ചിത്രങ്ങൾ.
താരിഖ് അയ്യൂബും റോബർട്ട് ഫിസ്കും
പൗരാണിക നഗരത്തിന്റെ സംസ്കൃതിക്കു മുകളിലൂടെ ഇരമ്പിയാർക്കുകയായിരുന്നു യു.എസ് സൈനിക വാഹനങ്ങൾ. ഏതോ പ്രാകൃത പക തീർത്തതിന്റെ സായുജ്യം സൈനികരുടെ മുഖങ്ങളിൽ തെളിഞ്ഞു.
അൽജസീറയുടെ താരിഖ് അയ്യൂബിന്റെ ജീവനെടുത്ത ക്രൂരതയും മറക്കാനാവില്ല. ഇറാഖിലേക്ക് തിരിക്കും മുെമ്പ ഉറപ്പിച്ചതാണ്, അവനെ കണ്ട് അഭിമുഖം തയാറാക്കണമെന്ന്. ഫാറൂഖ് കോളജിൽ കൂടെയുണ്ടായിരുന്ന ഫലസ്തീൻ വിദ്യാർഥികളിൽ ഒരാൾ. പിന്നീട് ഫലസ്തീനിൽ ഇസ്രായേലിന്റെ കൊടുംക്രൂരതകളെ കുറിച്ച് നിരന്തരം അൽജസീറയിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ ധീരൻ. കൊളോണിയലിസത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഒരു ജനത കരുവാകുന്നതിനെ കുറിച്ചു തന്നെയായിരുന്നു മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആ പാതിരാവിലും താരിഖിന് വിളിച്ചുപറയാനുണ്ടായിരുന്നത്. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് ഒരു ചാക്കിൽ പ്രിയ സഹപ്രവർത്തകന്റെ ചിതറിയ മൃതദേഹ തുണ്ടുകൾ വാരിയെടുക്കവെ താൻ തളർന്നുപോയെന്ന് അൽജസീറ ലേഖകൻ തൈസീർ അല്ലൂനി പറഞ്ഞു. അപ്പോൾ ആ കണ്ണുകളിൽ തിരയടിച്ച രോഷവും സങ്കടവ്യാപ്തിയും വലുതായിരുന്നു. താരിഖ് അയ്യൂബിന്റെ ഓർമകളിൽ വിങ്ങി ഫലസ്തീൻ ഹോട്ടലിനു പുറത്തേക്ക് നടക്കവെയാണ് റോബർട്ട് ഫിസ്കിനെ കണ്ടത്. തിരക്കിന്റെ ലോകത്തായിരുന്നു ഫിസ്ക് അപ്പോഴും. ആദരവോടെ മുഴുവൻ മാധ്യമപ്രവർത്തകരും ഫിസ്കിനെ വലയം ചെയ്തുനിന്നു. പതിറ്റാണ്ടുകളായി മനുഷ്യപക്ഷത്തു നിന്ന് അറബ് ലോകത്തെ വരച്ചിട്ട ഫിസ്കും വിടവാങ്ങി. അന്ന് മാധ്യമപ്രവർത്തകരോട് ഫിസ്ക് പറഞ്ഞ ഒന്നുണ്ട്: ‘‘ഈ യുദ്ധത്തിന്റെ പ്രധാന ഗുണഭോക്താവ് ഇറാനായിരിക്കും. അമേരിക്ക തുറന്നു സമ്മതിച്ചില്ലെങ്കിൽ തന്നെയും.’’ എത്ര കൃത്യമായിരുന്നു ആ നിരീക്ഷണം.
അധിനിവേശത്തിന്റെ ആസൂത്രണം
തൊണ്ണൂറുകളിൽ ബിൽ ക്ലിന്റൺ ഭരണകൂടം നീണ്ട 12 വർഷം നീണ്ട ഉപരോധം ഇറാഖിനുമേൽ അടിച്ചേൽപിച്ചതും സദ്ദാമിനെ മാറ്റി സാമന്ത ഭരണകൂടത്തെ അധികാരത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഉപരോധത്തിലൂടെ ചുരുങ്ങിയത് അരലക്ഷം കുഞ്ഞുങ്ങളെങ്കിലും ഇറാഖിൽ മരിച്ചു. ഭരണമാറ്റത്തിന് അതും ആക്കംകൂട്ടും എന്നായിരുന്നു 1996ൽ യു.എന്നിലെ യു.എസ് അംബാസഡർ മെഡ്ലൈൻ ആൾബ്രൈറ്റ് പറഞ്ഞത്. സദ്ദാമിനെ പുതിയ ഹിറ്റ്ലർ ആയും വിശേഷിപ്പിച്ചു. ഇറാനെതിരെ 1980ൽ യുദ്ധം പ്രഖ്യാപിച്ച സദ്ദാമിന് സൈനിക, രാഷ്ട്രീയ പിന്തുണ നൽകുകയായിരുന്നു അമേരിക്ക. 1998 യു.എസ് കോൺഗ്രസ് ഇറാഖ് ലിബറേഷൻ ആക്ട് പാസാക്കി. ‘‘സദ്ദാം ഹുസൈൻ ഭരണത്തെ പുറന്തള്ളി ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാനുള്ള എല്ലാ നീക്കങ്ങളെയും അമേരിക്കൻ കോൺഗ്രസ് പിന്തുണക്കും’’ എന്നായിരുന്നു പ്രഖ്യാപനം. അതോടെയാണ് അധിനിവേശത്തിന്റെ മുന്നൊരുക്കങ്ങൾ ശക്തിയാർജിച്ചതും.
സമ്പന്നമായ പൈതൃകം പേറുന്ന ബഗ്ദാദിനെ അധിനിവേശം മുച്ചൂടും നശിപ്പിച്ചു. മാരകശേഷിയുള്ള ബോംബുകളാൽ തകർന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ അസ്ഥിപഞ്ജരംപോലെ ഉരുക്കുകവചങ്ങൾ എല്ലുന്തി നിന്നു. ബഗ്ദാദിലെ പ്രധാന കേന്ദ്രങ്ങളൊക്കെയും വ്യോമാക്രമണത്തിലൂടെ തകർത്തായിരുന്നു കവചിത വാഹനങ്ങളിൽ യു.എസ് സൈനികരുടെ പടയോട്ടം. ഏറ്റവും മികച്ച മൂല്യം ഉണ്ടായിരുന്ന ഇറാഖി ദീനാറുകൾ ആർക്കും വേണ്ടാത്ത ഒന്നായി.
ഭരണസംവിധാനം തകരുേമ്പാൾ അരാജകത്വം സ്വാഭാവികം. അധിനിവേശ നാളുകളിൽ ബഗ്ദാദിലും പരിസര പ്രദേശങ്ങളിലും അതു നേർക്കുനേർ കണ്ടു. തസ്കര സംഘങ്ങളും ക്രിമിനൽ ഗാങ്ങുകളും ആരെയും കൂസാതെ എല്ലാം കവർന്ന് തിമർത്താടി. അവർക്ക് ഒത്താശചെയ്ത് അധിനിവേശ സൈന്യവും. ഏതാനും ദിവസങ്ങളുടെ അരക്ഷിതാവസ്ഥ. അതോടെ എല്ലാ എതിർപ്പും കെട്ടടങ്ങും എന്നായിരുന്നു പെന്റഗൺ നേതൃത്വം വിവരിച്ചത്. ഇറാഖിനെ മുച്ചൂടും നശിപ്പിക്കുന്നതിൽ യാങ്കി വിജയിച്ചു. പക്ഷേ, നിനച്ചതല്ല തിരിച്ചുകിട്ടിയത്. സൈനികനാശവും തിരിച്ചടിയും കൂടിയപ്പോൾ പിൻവാങ്ങാൻ നിർബന്ധിക്കപ്പെടുകയായിരുന്നു അമേരിക്ക. അയ്യായിരത്തിലേറെ യു.എസ് സൈനികർ ഇറാഖിന്റെ മണ്ണിൽ കൊല്ലപ്പെട്ടതാണ് പുനരാലോചനക്ക് അമേരിക്കൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. വിയറ്റ്നാം പാഠം വലിയതോതിൽ അല്ലെങ്കിലും ഇറാഖിലും ആവർത്തിക്കുകയായിരുന്നു.
സദ്ദാം സുഹൃത്തും ശത്രുവും
അമേരിക്കക്ക് എല്ലാം ഒരുക്കിനൽകിയ അഹ്മദ് ശലബി ഉൾപ്പെടെയുള്ളവർക്ക് കുറച്ചു കാലംപോലും ഇറാഖിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 1937 ഏപ്രിൽ 28ന് തിക് രീതിലെ ദരിദ്രകുടുംബത്തിൽ ജനിച്ച, അധികാര, സൈനിക ധാർഷ്ട്യത്തിന്റെ ആൾരൂപമായ സദ്ദാമിന്റെ പിഴവുകളിൽനിന്നാണ് യാങ്കി ഇറാഖ് അധിനിവേശം എളുപ്പമാക്കിയത്. 1980 സെപ്റ്റംബർ 22ന് ഇറാനു നേരെ ഇറാഖ് മിസൈൽ ആക്രമണം നടത്തുന്നു. 1988 വരെ നീണ്ടുനിന്ന യുദ്ധത്തിന്റെ നാന്ദിയായിരുന്നു അത്. അന്നൊക്കെ യാങ്കിയുടെ മാനസപുത്രനാണ് സദ്ദാം.
1982ൽ ദുജൈ കൂട്ടക്കൊലയുടെ കറുത്ത അധ്യായത്തിനുപോലും സംരക്ഷണത്തിന്റെ കവചം തീർത്തത് യാങ്കിയാണ്. അന്നത്തെ യു.എസ് പ്രസിഡന്റ് റെയ്ഗന്റെ ദൂതനായി ബഗ്ദാദിൽ ഒാടിയെത്തിയത് ഡോണൾഡ് റംസ് ഫെൽഡ്. സദ്ദാമിനെ ഹസ്തദാനം ചെയ്തശേഷം റംസ് ഫെൽഡ് പറഞ്ഞതായി വന്ന റിപ്പോർട്ട് ഇങ്ങനെ: ‘‘Don't worry about all the talk coming from the United States about your human rights violations. We're going to support you, and we are going to offer you backup in your conflict with Iran.’’
വേണമെങ്കിൽ കുവൈത്തിലേക്ക് അധിനിവേശം നടത്തിയ ഒന്നാം ഗൾഫ് യുദ്ധഘട്ടത്തിൽതന്നെ സദ്ദാമിനെ അമർച്ച ചെയ്യാൻ സീനിയർ ബുഷിന് കഴിയുമായിരുന്നു. ഏതോ ഡീലിന്റെ പുറത്തായിരുന്നു അന്നത്തെ യു.എസ് മൗനം എന്നു കരുതുന്നവർ ഏറെ.
രണ്ടു പതിറ്റാണ്ടിന്റെ ബാക്കിപത്രം
ബ്രൗൺ യൂനിവേഴ്സിറ്റിയിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഇറാഖ് അധിനിവേശം കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം അഞ്ചരലക്ഷത്തിനും അഞ്ച് ലക്ഷത്തി എൺപതിനായിരത്തിനും ഇടക്കാണ്. കള്ളങ്ങളുടെ പുറത്ത് ഒരു രാജ്യത്തെ മുഴുവൻ ശിഥിലമാക്കിയ അധിനിവേശം.
ആഭ്യന്തര സമസ്യകളും സംഘർഷങ്ങളും ഇന്നും ഇറാഖിൽ തുടർക്കഥ. സംഭവിച്ചത് ‘അബദ്ധം’ മാത്രമെന്ന് ആണയിടുകയാണ് ടോണി ബ്ലെയറും മറ്റും. ആസൂത്രിത കുറ്റകൃത്യമാണ് നടന്നത്. മനുഷ്യവംശത്തോടു തന്നെയുള്ള കൊടിയ അപരാധം.
സദ്ദാം ഭരണത്തെ അട്ടിമറിക്കാൻ മെനഞ്ഞെടുത്ത ലക്ഷണമൊത്ത ഒരു കഥ മാത്രമായിരുന്നു ഇറാഖിലെ കൂട്ടനശീകരണായുധം എന്ന പ്രചാരണം. ഇറാഖ് അധിനിവേശം നടന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രതികളിൽ ആരും ശിക്ഷിക്കപ്പെട്ടില്ല. യുെക്രയ്നിൽ ഒരാണ്ട് പിന്നിടുന്നേയുള്ളൂ, റഷ്യൻ ആക്രമണം. പ്രസിഡന്റ് പുടിനെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.
തകർന്നത് ഇറാഖ്, രാഷ്ട്രീയനേട്ടം ഇറാന്
സദ്ദാം ഭരണത്തിനു കീഴിൽ ഇറാഖ് നേരിടുന്ന അസ്ഥിരത, അഴിമതി, വംശീയ വിഭജനം, സാമ്പത്തിക പ്രതിസന്ധി, ഭരണരാഹിത്യം, ഭീകരത എന്നിവ തുടച്ചുനീക്കാൻ അധിനിവേശം ആവശ്യമാണെന്നായിരുന്നു വാദം. അഹ്മദ് ശലബിയെ പോലുള്ളവരെ മുൻനിർത്തി യാങ്കി ഇതിനാണ് മൂർച്ചകൂട്ടിയതും.
എഴുപതുകൾ മുതൽ ഇറാനെ ഒതുക്കാൻ നടന്ന അമേരിക്കൻ നീക്കങ്ങൾ നാം കണ്ടതാണ്. എട്ടു വർഷം നീണ്ട ഇറാൻ, ഇറാഖ് യുദ്ധം ആരുടെ സൃഷ്ടി ആയിരുന്നുവെന്നും അറിയാം. യാങ്കിയുടെ ഇറാഖ് അധിനിവേശത്തിന്റെ യഥാർഥ ഗുണഭോക്താക്കളായി പക്ഷേ, ഇറാൻ മാറി. ഇറാൻ പിന്തുണയുള്ള സായുധ ശിയാ വിഭാഗവും അമേരിക്കൻ സൈനികരെ ഉന്മൂലനംചെയ്യാൻ രംഗത്തുണ്ടായിരുന്നു. ഇറാനും ശിയാ വിഭാഗത്തിനും ലഭിച്ച രാഷ്ട്രീയ ഉണർവ് കൂടിയായിരുന്നു യാങ്കിയുടെ ഇറാഖ് അധിനിവേശം. ഇറാഖിലെ ശിയാ സൈനികവിഭാഗവും രാഷ്ട്രീയധാരയും ഇന്നും അമേരിക്കയുടെ ഉറക്കംകെടുത്തുകയാണ്. സദ്ദാം ഇല്ലാതായതിൽ സന്തോഷിച്ച ഇറാൻ നേതൃത്വം അതിർത്തിയിൽ അമേരിക്കൻ സാന്നിധ്യം സൃഷ്ടിക്കുന്ന അപകടം കൃത്യമായി തിരിച്ചറിഞ്ഞു. ഇറാഖിന്റെ മണ്ണിൽ സായുധ മിലീഷ്യകളെ വളർത്താൻ തെഹ്റാൻ പ്രവർത്തിച്ചു. ഇറാൻ സൈനിക കമാൻഡറെ ഇറാഖിൽ അമേരിക്ക വധിച്ചെങ്കിലും സായുധ മിലീഷ്യകളുടെ സ്വാധീനം തളർത്താൻ കഴിഞ്ഞില്ല. സത്യത്തിൽ സദ്ദാമാനന്തര ഇറാഖിനെ കുറിച്ച ചിത്രം രൂപപ്പെടുത്തുന്നതിൽ കൊളോണിയൽ ശക്തികൾ തീർത്തും പരാജയപ്പെട്ടു. അതാണ് ഇന്നും തുടരുന്ന ഇറാഖിന്റെ രാഷ്ട്രീയ, ഭരണ, സാമൂഹിക പ്രതിസന്ധിയുടെ അടിത്തറയും.